India

ന്യൂഡല്‍ഹി:ശത്രുഘ്‌നന്‍ സിന്‍ഹയും ആം ആദ്മിയിലേയ്‌ക്കോ ? ആശങ്കപ്പെടേണ്ട കാര്യമില്ല, സത്യം ജയിക്കുമെന്ന് പറഞ്ഞുകൊണ്ട് ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി ബി ജെ പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹ രംഗത്ത്. ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് പിന്നാലെ സമ്മര്‍ദ്ദത്തിലായ ആം ആദ്മി പാര്‍ട്ടിയേയും അധ്യക്ഷന്‍ അരവിന്ദ് കെജ്രിവാളിനേയും പിന്തുണച്ച് മുതിര്‍ന്ന ബിജെപി നേതാവ് ശത്രുഘ്നന്‍ സിന്‍ഹ.
നിലവിലെ പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ ശത്രുഘ്നന്‍ സിന്‍ഹ സ്ഥാപിത താല്‍പര്യങ്ങളുള്ള രാഷ്ട്രീയ കളികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ടു. എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ വിഷമിക്കേണ്ടതില്ലെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. ട്വിറ്ററിലൂടെയായിരുന്നു ശത്രുഘ്നന്‍ സിന്‍ഹയുടെ പ്രതികരണം.

എല്ലായിടത്തും നിങ്ങളാണിപ്പോള്‍ ചര്‍ച്ചാ വിഷയം, പിന്നെന്തുകൊണ്ടാണ് നിങ്ങള്‍ ആശങ്കാകുലരാവുന്നത്. എത്രയും പെട്ടന്ന് ആം ആദ്മിക്ക് നീതി ലഭിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ചില രാഷ്ട്രീയക്കളികള്‍ക്ക് തങ്ങള്‍ ഇരകളായി എന്നതിന്റെ ഫലമാണ് ആം ആദ്മി എംഎല്‍എമാര്‍ അയോഗ്യരാക്കപ്പെട്ടതെന്ന് കഴിഞ്ഞ ദിവസം ആം ആദ്മി നേതൃത്വം ആരോപിച്ചതിന് പിന്നാലെയാണ് പാര്‍ട്ടിയെ പിന്തുണച്ച് ശത്രുഘ്നന്‍ സിന്‍ഹ രംഗത്തെത്തിയത്.

ഇരട്ടപ്പദവി ആരോപണത്തെ തുടര്‍ന്നാണ് എഎപിയുടെ ഡല്‍ഹിയിലെ 20 എംഎല്‍എമാരെ അയോഗ്യരാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തത്. കമ്മീഷന്റേത് ഏകപക്ഷീയവും പക്ഷാപാത പരവുമാണെന്നും പാര്‍ട്ടിയുടെ ഭാവി ജനങ്ങള്‍ തീരുമാനിക്കുമെന്നുമായിരുന്നു കമ്മീഷന്‍ നടപടിയോട് ആം ആദ്മി നേതൃത്വത്തിന്റെ പ്രതികരണം. നീതി തേടി ഞങ്ങള്‍ ജനങ്ങളിലേക്ക് തന്നെയാണ് ഇറങ്ങുന്നത്, തിരഞ്ഞെടുപ്പിനെ ഞങ്ങള്‍ ഭയക്കുന്നില്ലെന്നും എഎപി നേതാവ് ഗോപാല്‍ റായ് പ്രതികരിച്ചു.

ചാവക്കാട്: കേരളത്തിലെ ഗാര്‍ഹിക പീഡനക്കേസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുകയാണ് ചാവക്കാട് സ്വദേശിയായ നഴ്‌സിന് കോടതി വിധിച്ചത്. രണ്ടുകോടി രൂപയാണ് നഷ്ടപരിഹാരത്തുകയായി ഭര്‍ത്താവ് നല്‍കേണ്ടത്. ഏറെക്കാലം വിദേശത്ത് ജോലി ചെയ്ത നഴ്‌സ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് അനുകൂല വിധിയുണ്ടായത്. ഗാര്‍ഹിക പീഡനത്തിന് പുറമേ തന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിച്ചിരുന്നത്. ചാവക്കാട് വെങ്കിടങ്ങ് പാടൂര്‍ പുത്തല്ലത്ത് സുപാലിതന്റെ മകള്‍ ഷീലയും പ്രായപൂര്‍ത്തിയാകാത്ത മകളും സ്ത്രീകളുടെ സംരക്ഷണനിയമപ്രകാരം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചാവക്കാട് ജൂഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വിധി പുറപ്പെടുവിച്ചത്.

കോട്ടയം, കുറുവിലങ്ങാട് കല്ലകത്ത് ജോര്‍ജ് 1995ല്‍ ആണ് ഷീലയെ വിവാഹം കഴിക്കുന്നത്. നേരത്തെ വിവാഹിതനായിരുന്ന ജോര്‍ജ്ജ് ഇക്കാര്യം മറച്ചുവച്ചാണ് ഷീലയെ വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ ഒരു മകളും ജനിച്ചു. ആദ്യം വിയന്നയില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന ജോര്‍ജ് ഇപ്പോള്‍ സ്വിറ്റ്‌സര്‍ലന്‍ഡിലാണ് ജോലി ചെയ്യുന്നത്. വിയന്നയില്‍ ജോലി ചെയ്യുമ്പോഴാണ് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ നഴ്‌സായിരുന്ന ഷീലയെ വിവാഹം ചെയ്യുന്നത്. ഇതിനു ശേഷം ഷീലയെ രാജിവെപ്പിച്ച് വിയന്നയിലേക്ക് കൊണ്ടുപോയി. സര്‍ക്കാര്‍ ജോലി രാജിവെച്ച് ഭര്‍ത്താവിനൊപ്പം പോയ ഷീലയ്ക്ക് അവിടെ ജോലിയും ലഭിച്ചു. എന്നാല്‍, പിന്നീടങ്ങോട്ട് ഇവര്‍ക്കിടയില്‍ അസ്വസ്ഥതകള്‍ വളര്‍ന്നു വന്നു.

ഭാര്യയെ ജോലിക്ക് വിട്ട് ഭര്‍ത്താവ് പണം തട്ടിയെടുക്കുന്നത് പതിവായി മാറി. ശമ്പളമായും മറ്റും ഷീലക്ക് ലഭിച്ചിരുന്ന തുക മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തി. വിദേശത്തുള്ള സമ്പാദ്യം മുഴുവനും ജോര്‍ജ്ജ് കൈവശപ്പെടുത്തിയെന്നാണ് യുവതി പരാതിയില്‍ ബോധിപ്പിക്കുന്നത്. ജോര്‍ജിന്റെ സഹോദരങ്ങളും അമ്മയും ഇതിനു കൂട്ടുനില്‍ക്കുകയും മാനസികവും ശാരീരികവുമായി പീഡനങ്ങള്‍ക്ക് വിധേയമാക്കുകയും ചെയ്‌തെന്നും ഷീല കോടതിയില്‍ ബോധിപ്പിച്ചു. സമ്പാദ്യമൊന്നുമില്ലാത്ത തന്നെയും മകളെയും 2003 ഓഗസ്റ്റില്‍ നാട്ടില്‍ കൊണ്ടുവന്ന് ഉപേക്ഷിച്ചു.

മറ്റൊരിക്കലും വിദേശത്തു പോകാന്‍ സാധിക്കാത്ത വിധത്തില്‍ പാസ്‌പോര്‍ട്ടും വിസയും അടക്കമുള്ള രേഖകളുമായി ജോര്‍ജ്ജ് സ്വിറ്റ്‌സര്‍ലാന്‍ഡിലേക്ക് കടന്നു കളയുകയായിരുന്നു. ഇത് വഴി തനിക്ക് കോടികളുടെ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് യുവതി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.ജോര്‍ജിന്റെ ബന്ധുക്കള്‍ ഷീലയെയും മകളെയും വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇതേത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. വരുമാനനഷ്ടം, നഷ്ടപരിഹാരം, പ്രതിമാസച്ചെലവ് എന്നീ ഇനങ്ങളിലായാണ് പലിശസഹിതം ഷീലയ്ക്കും മകള്‍ക്കും രണ്ടുകോടി രൂപ നല്‍കാന്‍ കോടതി ഉത്തരവിട്ടത്.

കൊച്ചി: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ പ്രൊബേഷണറി എസ്.ഐ ടി.ഗോപകുമാറിന്റെ ആത്മഹത്യ മേലുദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമെന്ന് ആത്മഹത്യാക്കുറിപ്പ്. തൂങ്ങിമരിച്ച ലോഡ്ജ് മുറിയില്‍ നിന്നാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തത്. എറണാകുളം ടൗണ്‍ നോര്‍ത്ത് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.ജെ പീറ്റര്‍, എസ്ഐ വിപിന്‍ദാസ് എന്നിവര്‍ ജീവിക്കാന്‍ കഴിയാത്ത വിധം മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശമുള്ളത്.

പ്രമോഷന്‍ ലഭിച്ചതിനു ശേഷം കഴിഞ്ഞ ഒരാഴ്ച്ചയായി ഗോപകുമാര്‍ തൃപ്പൂണിത്തുറയിലെ ക്രൈം ബ്രാഞ്ച് ഓഫീസില്‍ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം കണ്ടെടുത്ത നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുറിയിലാണ് കഴിഞ്ഞ ആറുമാസമായി ഇദ്ദേഹം താമസിച്ചു വരുന്നത്. ആത്മഹത്യയെക്കുറിച്ച് വീട്ടുകാര്‍ക്ക് സൂചനയൊന്നും ലഭിച്ചിരുന്നില്ല.

ഇന്നലെ രാവിലെ ഭാര്യ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വന്നപ്പോള്‍ നോര്‍ത്ത് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയിലെത്തിയ നോര്‍ത്ത് സ്റ്റേഷനിലെ പൊലീസുകാരാണ് മൃതദേഹം കണ്ടെടുത്തത്. തന്റെ മൃതദേഹം പോലും വിപിന്‍ ദാസിനെയും പീറ്ററിനെയും കാണിക്കരുതെന്ന് ആത്മഹത്യാക്കുറിപ്പില്‍ ഗോപകുമാര്‍ പറഞ്ഞിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും.

കൊച്ചി: നടി അക്രമിക്കപ്പെട്ട കേസില്‍ ദൃശ്യങ്ങളിലെ ചില സംഭാഷണ ശകലങ്ങള്‍ ഉദ്ധരിച്ച് ദിലീപ് വീണ്ടും നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതായി അന്വേഷണ സംഘം. കേസിലെ പ്രധാന തെളിവായി പ്രോസിക്യൂഷന്‍ ഹാജരാക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ദിലീപ് നടിയെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. നേരത്തെ തെളിവായി ഹാജരാക്കിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു.

നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയായ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കരുതെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് പൊലീസ് എതിര്‍ സത്യവാങ്മൂലം നല്‍കും. നിയമപ്രകാരം നടിയെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ തനിക്ക് ലഭിക്കേണ്ടതാണെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. പൊലീസ് സുനിയുടെ ഫോണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്ന ഈ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവാണ്.

നിലവില്‍ പൊലീസ് കണ്ടെടുത്ത വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ നടിയെ വീണ്ടും അപമാനിക്കാന്‍ ലക്ഷ്യം വെച്ചാണ് ദിലീപ് ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് പൊലീസ് വാദം. ദൃശ്യത്തിലെ സംഭാഷണ ശകലങ്ങള്‍ അടിസ്ഥാനപ്പെടുത്തി ദീലിപ് നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമിക്കുകയാണെന്നും പൊലീസ് പറയുന്നു.

ദൃശ്യങ്ങളില്‍ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്ത് മാറ്റിയിട്ടുണ്ടെന്നും ഇവര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ ഇടയ്ക്ക് കേള്‍ക്കാനാവുമെന്നുമാണ് ദിലീപ് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ പറയുന്നത്. ഈ വാദം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്ന് പൊലീസ് പറയുന്നു. കുറ്റപത്രം ചോര്‍ത്തിയെന്നാരോപിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ കോടതി പൊലീസിനെ താക്കീത് ചെയ്തിരുന്നു.

ന്യൂഡല്‍ഹി: ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കാനുള്ള തെരെഞ്ഞടുപ്പ് കമ്മീഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി ഒപ്പുവച്ചു. 20 എംഎല്‍എ മാരെ അയോഗ്യരാക്കാനുള്ള ശുപാര്‍ശയിലാണ് രാഷ്ട്രപതി ഒപ്പുവെച്ചിരിക്കുന്നത്. ഒഴിവ് വന്ന 20 മണ്ഡലങ്ങളില്‍ ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കും.

20 എം.എല്‍.എമാരെ അയോഗ്യരായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിയമസഭയിലുള്ള ആം ആദ്മി എം.എല്‍.എമാരുടെ എണ്ണം 46 ആയി. ഇരട്ടപ്പദവി വഹിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇരുപത് എം.എല്‍.എമാരേയും അയോഗ്യരാക്കിയത്. 2015 മാര്‍ച്ചിലാണ് 21 പേരെ പ്രതിഫലം പറ്റുന്ന പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിമാരായി നിയോഗിച്ചത്. ഇതിനെതിരെ പ്രതിപക്ഷവും സുപ്രീം കോടതിയിലെ ഒരു മുതിര്‍ന്ന് അഭിഭാഷകനുമാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ പരാതിയുമായി സമീപിച്ചത്. 70അംഗ നിയമസഭയില്‍ 4 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്, ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാലും സര്‍ക്കാരിനെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗത്തില്‍ ആരോപണവിധേയരായ എം.എല്‍.എ മാരെ അയോഗ്യരാക്കാന്‍ തീരുമാനമെടുത്തിരുന്നു. ദല്‍ഹി രാജ്യസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷമാണ് കമ്മീഷന്‍ ഈ നടപടിയിലേക്ക് കടന്നത്.

ദുംക: ജാര്‍ഖണ്ഡിലെ ദൂംകയില്‍ ട്രക്ക് ടാറ്റാ സുമോയില്‍ ഇടിച്ച് എട്ടുപേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ദുംക റാസിക്പൂരില്‍ നിന്നുള്ളവരാണ് മരണപ്പെട്ടത്. ടാറ്റാ സുമോ യാത്രികരാണ് കൊല്ലപ്പെട്ടത്.

മത്സര പരീക്ഷയില്‍ പങ്കെടുക്കാനായി ടാറ്റാ സുമോയില്‍ ദേവ്ഘറിലേക്ക് പുറപ്പെട്ടവരാണ് അപകടത്തില്‍പ്പെട്ടത്. അതിവേഗതയിലെത്തിയ ട്രക്ക് കാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഏഴുപേര്‍ സംഭവസ്ഥലത്തുവെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. അപകടം നടന്നയുടന്‍ ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുന്നുണ്ട്.

രാവിലെയുള്ള കനത്ത മൂടല്‍ മഞ്ഞാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. അതിവേഗതയിലെത്തിയ ട്രക്ക് കാറിലിടിക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജമ്മുവില്‍ മരിച്ച ജവാന്‍ സാം എബ്രഹാമിന്‍റെ അമ്മയുടെ കണ്ണീരിന് മുന്നില്‍ തേങ്ങിക്കരഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്‍റെ അമ്മയായ സാറാമ്മയുടെ നെഞ്ചുപൊട്ടുന്ന വേദന കണ്ടാണ് കളക്ടറും കരഞ്ഞത്. പാകിസ്ഥാന്‍ നടത്തിയ വെടിവയ്പ്പിലാണ് സാം എബ്രഹാം വീരമൃത്യു വരിച്ചത്.

മകനെ സംബന്ധിച്ച ഓര്‍മകള്‍ പങ്കുവയ്ക്കുന്നതിനിടെ സാറാമ്മ കരയുകയായിരുന്നു. ഇത് കണ്ടാണ് കളക്ടറും വികാരഭരിതയായത്. പിന്നീട് അമ്മയെ ആശ്വസിപ്പിച്ചു. അമ്മ ധൈര്യമായിരിക്കണം. മകന് വേണ്ടി ബാക്കിയുള്ള കാര്യങ്ങള്‍ ചെയ്യാമെന്നും ടി. വി. അനുപമ പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ധീരജവാന്‍റെ വീട്ടിലെത്തിയ കളക്ടര്‍ അച്ഛന്‍ എബ്രഹാമിനെ ആശ്വസിപ്പിച്ചു. പിന്നീട് അമ്മയുടെ അടുത്തെത്തി.

ജമ്മുവില്‍ മരിച്ച ജവാൻ സാം എബ്രഹാമിന്‍റെ മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കും. രാത്രി 8 മണിയോടെ തിരുവനന്തപുരത്തെത്തിക്കും. നാളെ രാവിലെ മാവേലിക്കരയിലേക്ക് കൊണ്ടുപോകും. സാം എബ്രഹാം പഠിച്ച ബിഷപ്പ് ഹോഡ്ജസ് സ്കൂളിലും വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും..

കൊച്ചി: വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ നടക്കുന്ന ജനകീയ സമരം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരി, അനന്തു രാജഗോപാല്‍ ആശ എന്നിവരെയാണ് രാമമംഗലം പൊലീസ് അന്യായമായി കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ കൂടാതെ സമരത്തില്‍ പങ്കെടുത്ത 7 ഓളം പേരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അറസ്റ്റ് ചെയ്തവരെ രാമമംഗലം പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു വരികയാണ്. മാധ്യമ പ്രവര്‍ത്തകരായ അഭിലാഷ് പടച്ചേരിയും അനന്തു രാജഗോപാല്‍ ആശയും മാവോയിസ്റ്റ് ബന്ധമുള്ളവരാണെന്ന് പൊലീസ് ആരോപിച്ചു. എന്നാല്‍ ന്യൂസ് പോര്‍ട്ട് എന്ന ഓണ്‍ലെന്‍ പത്രത്തിന്റെ എഡിറ്ററും റിപ്പോര്‍ട്ടറുമാണ് അറസ്റ്റ് ചെയ്യപ്പെട്ട അഭിലാഷും അനന്തുവും.

വടയമ്പാടി ഭജന മഠത്ത് എന്‍.എസ്.എസ്സിന്റെ ഭൂമികയ്യേറ്റത്തിനെതിരെ ദലിത് ഭൂ അവകാശമുന്നണിയുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. സമരം ചെയ്യുന്നവരെ മാവോയിസ്റ്റാക്കാന്‍ പൊലീസ് ശ്രമമുണ്ടെന്ന് നേരത്തെ സമര സ്മിതി ആരോപിച്ചിരുന്നു. പുലര്‍ച്ചെ 5.30 വന്‍ പൊലീസ് സന്നാഹവുമായി എത്തിയ റവന്യൂ അധികാരികള്‍ സമര പന്തല്‍ പൊളിച്ചു മാറ്റിയിരുന്നു.

കൊച്ചി: എറണാകുളം നോര്‍ത്ത് പോലീസ് സ്‌റ്റേഷനിലെ എസ്‌ഐയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പ്രൊബേഷണണി എസ്‌ഐ ഗോപകുമാറിനെ(40) ആണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്.

തിരുവനന്തപുരം സ്വദേശിയാണ്. ജനുവരി ആദ്യം കടവന്ത്ര പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ജോലി സമ്മര്‍ദ്ദം മൂലം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുത്തത്. രാവിലെ മുറി തുറക്കാതിരുന്നതിനെത്തുടര്‍ന്ന് പോലീസില്‍ അറിയിക്കുകയും പോലീസെത്തി പൂട്ട് പൊളിച്ച് അകത്തു കയറിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. ഗോപകുമാറിന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

തിരുവനന്തപുരം: കമ്യൂണിസ്റ്റ് നേതാവ് എ.കെ ഗോപാലനെക്കുറിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു തരത്തില്‍ ഉര്‍വശീ ശാപം പോലെയായി. വിവാദം കത്തിപ്പടര്‍ന്നതോടെ കൂടുതല്‍ പേര്‍ എകെജിയെ അറിയാനും വായിക്കാനും ശ്രമങ്ങളാരംഭിച്ചതോടെ എകെജിയുടെ ആത്മകഥയും ജീവചരിത്രവുമെല്ലാം ചൂടപ്പം പോലെയാണ് വിറ്റു പോയത്. എന്തായാലും ഇതുവഴി കൂടുതല്‍ പേരിലേക്ക് എകെജി എത്തുകയും ചെയ്തു. എകെജിയുടെ ആത്മകഥയെ അടിസ്ഥാനമാക്കിയാണ് ബലറാം വിവാദപരാമര്‍ശം നടത്തിയത് എന്നതിനാല്‍ എകെജിയുടെ ആത്മകഥയായ എന്റെ ജീവിതകഥ വന്‍തോതിലാണ് പോയ ദിവസങ്ങളില്‍ വിറ്റു പോയത്.

ദേശാഭിമാനിയുടെ പബ്ലിഷിംഗ് വിഭാഗമായ ചിന്തയാണ് എന്റെ ജീവിതകഥയുടെ പ്രസാധകര്‍. വിവാദം ചൂടുപിടിച്ചതോടെ എന്റെ ജീവിതകഥയുടെ പതിമൂന്നാം പതിപ്പ് മുഴുവന്‍ വിറ്റു പോയെന്നും കേരളത്തിലെവിടെയും ഈ പുസ്തകത്തിന്റെ കോപ്പിയിപ്പോള്‍ ലഭ്യമല്ലെന്നും ചിന്ത പബ്ലിക്കേഷന്‍സ് ജനറല്‍ മാനേജര്‍ ശിവകുമാര്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തോടായി പറഞ്ഞു. തന്റെ ജീവിതസഖിയായ സുശീലയെ അവര്‍ക്ക് 14 വയസ്സ് പ്രായമുള്ളപ്പോള്‍ ആണ് എകെജി കണ്ടുമുട്ടുന്നത്. സുശീലയുടെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു എകെജിയപ്പോള്‍. പതിനാലുകാരിയായ പെണ്‍കുട്ടിയോട് തനിക്ക് തോന്നിയ പ്രണയവും അതിലെ ശരിതെറ്റുകളെക്കുറിച്ചുമെല്ലാം ആത്മകഥയില്‍ എകെജി വിശദീകരിക്കുന്നുണ്ട്. പിന്നീട് ഒന്‍പത് വര്‍ഷത്തിന് ശേഷം എകെജി സുശീലയെ വിവാഹം കഴിക്കുകയും ചെയ്തു.

ബലറാമിന്റെ പരാമര്‍ശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വരെ വാര്‍ത്തയാക്കിയതോടെയാണ് എകെജി വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത്. ലോക്‌സഭയിലെ ആദ്യപ്രതിപക്ഷനേതാവ് കൂടിയായിരുന്ന എകെജിയുടെ ജീവിതമെന്തെന്നറിയാന്‍ കേരളത്തിനു പുറത്തുള്ളവരും താത്പര്യപ്പെടുന്നുവെന്നാണ് ചിന്തയുടെ പ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ‘എന്റെ ജീവിതകഥയുടെ ഇംഗ്ലീഷ് പതിപ്പ് ആവശ്യപ്പെട്ട് പലരും ഈ ദിവസങ്ങളില്‍ ഞങ്ങളെ സമീപിക്കുകയുണ്ടായി. എന്തായാലും ആത്മകഥയുടെ പുതിയ പതിപ്പ് ഇറക്കുന്നതിനോടൊപ്പം തന്നെ ഇംഗ്ലീഷ് വിവര്‍ത്തനവും പ്രസിദ്ധീകരിക്കാനാണ് ഞങ്ങളുടെ തീരുമാനം. എകെജിയെ ഇതുവരെ വായിക്കാത്തവര്‍ പോലും അദ്ദേഹത്തെ ഇപ്പോള്‍ ആവേശത്തോടെ അറിയാന്‍ ശ്രമിക്കുന്നുണ്ട്.

യുവസഖാക്കളടക്കം ഒരുപാട് പേര്‍ എന്റെ ജീവിതകഥ തേടി ചിന്തയുടെ സ്റ്റോറുകളില്‍ വരുന്നുണ്ട്. മുന്‍പെങ്ങുമില്ലാത്ത വിധം ശക്തമായി എകെജി വീണ്ടും വായിക്കപ്പെടുകയാണ്. അതിന്റെ പേരില്‍ വി.ടി.ബലാറാമിനോട് ഞങ്ങള്‍ക്ക് നന്ദിയുണ്ട്’ ശിവകുമാര്‍ പറയുന്നു.

Copyright © . All rights reserved