India

മാങ്ങാട് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി രണ്ടുപേര്‍ മരിച്ചു. മാങ്ങാട് സ്വദേശികളായ അഫ്‌റ(16), അബ്ദുള്‍ ഖാദര്‍(58) എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരിക്കേറ്റു. തലശ്ശേരിയില്‍ നിന്നും പരിയാരത്തേക്ക് പോവുകയായിരുന്ന  കാര്‍ ബസ്‌റ്റോപ്പിലേക്ക് ഇടിച്ചുകയറുകയും പിന്നീട് ഇലക്ടിക് പോസ്റ്റിന് ഇടിക്കുകയുമായിരുന്നു. ശനിയാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. കല്യാശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് അഫ്‌റ. സ്‌കൂളിലെ സ്‌പെഷല്‍ ക്ലാസിന് പോകാനായി ബസ് കാത്തു നില്‍ക്കുകയായിരുന്നു.  മൃതദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.

മലയാറ്റൂര്‍ കുരിശുമുടി റെക്ടര്‍ ഫാദര്‍ സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയാണ് മുന്‍ കപ്യാര്‍ ജോണി കുത്തിയതെന്ന് പൊലീസ്. അതിനുവേണ്ടിയാണ് കുരിശുമല കയറിയതും കത്തി കരുതിയതെന്നും പോലീസ് വ്യക്തമാക്കി. കുരിശുമുടിയുടെ ആറാം സ്ഥലത്തു വച്ച് വാക്കുതര്‍ക്കമുണ്ടാകുകയും ജോണി ആക്രമിക്കുകയുമായിരുന്നു. പുരോഹിതന്റെ വയറ്റില്‍ കുത്താനായിരുന്നു ശ്രമമെങ്കിലും നിരപ്പായ സ്ഥലമല്ലാത്തതിനാല്‍ ഈ ശ്രമം പാളി. അങ്ങനെയാണ് ഫാ.സേവ്യറിന്റെ കാലിനു കുത്തേറ്റതെന്നും പൊലീസ് വ്യക്തമാക്കി.

പുരോഹിതനെ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയ കപ്യാര്‍ ജോണിയെ ഇന്നലെയാണ് പിടികൂടിയത്. കുരിശുമുടി പാതയില്‍ കാട്ടില്‍ നിന്നാണു പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയത്. ഇയാളെ പൊലീസ് കളമശേരി എആര്‍ ക്യാംപില്‍ ചോദ്യം ചെയ്തു. ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാണ് കൊലപാതകത്തിന് കാരണമെന്ന് ജോണി മൊഴി നല്‍കി. പരമ്പരാഗതമായി മലയാറ്റൂര്‍ പള്ളിയിലെ ജീവനക്കാരാണ് ജോണിയുടെ കുടുംബം. തിരിച്ചെടുക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെയാണു കൊലപ്പെടുത്തിയതെന്നും പൊലീസ് പറയുന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു കുരിശുമുടി ഇറങ്ങി വരുകയായിരുന്ന ഫാ. സേവ്യറിനെ പ്രതി തടഞ്ഞു നിര്‍ത്തി ഇടതു തുടയില്‍ കുത്തിയത്. നാട്ടുകാര്‍ ഉടന്‍ തന്നെ അദ്ദേഹത്തെ ചുമന്നു താഴ്വാരത്ത് എത്തിച്ച ശേഷം ആശുപത്രിയിലേക്കു കൊണ്ടു പോയെങ്കിലും രക്തം വാര്‍ന്നു മരിക്കുകയായിരുന്നു.

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടരയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാമത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പിണറായിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം അദ്ദേഹത്തിന്റെ പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് ആശുപത്രിയിലെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അപ്പോളോ ആശുപത്രി അധികൃതര്‍ ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

പുലര്‍ച്ചെ രണ്ടരയോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പാകത്തിന് മുഖ്യമന്ത്രിക്ക് എന്താണ് അസുഖമെന്നത് വ്യക്തമായിട്ടില്ല. സാധാരണ പരിശോധനകളുടെ ഭാഗമാണെങ്കില്‍ പുലര്‍ച്ചെ എന്തിന് ആശുപത്രിയിലെത്തിച്ചുവെന്ന് നവ മാധ്യമങ്ങളില്‍ വന്ന പോസ്റ്റുകളില്‍ ആളുകള്‍ ചോദിക്കുന്നു.

റഷ്യയും ഇന്ത്യയും ബംഗ്ലാദേശും സിവില്‍ ആണവ സഹകരണം സംബന്ധിക്കുന്ന ത്രിരാഷ്ട്ര ആണവ കരാറില്‍ ഒപ്പുവെച്ചു. ഇന്ത്യയുടെ ആണവ മേഖലയില്‍ നിര്‍ണായകമായേക്കാവുന്ന കരാറിനാണ് വ്യാഴാഴ്ച തുടക്കം കുറിച്ചിരിക്കുന്നത്. റഷ്യന്‍ സഹായത്തോടെ ഇന്ത്യ ബംഗ്ലാദേശില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കും. ആണവ നിലയങ്ങള്‍ക്കാവിശ്യമായ ഉപകരണങ്ങളും വസ്തുക്കളും റഷ്യയായിരിക്കും നല്‍കുക. ആണവ നിലയങ്ങളുടെ നിര്‍മ്മാണത്തില്‍ പ്രധാന പങ്ക് വഹിക്കുക ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (എന്‍പിസിഐഎല്‍) ആയിരിക്കും. വിദേശ മണ്ണില്‍ ഇത്തരമൊരു പദ്ധതിയുടെ ഭാഗമാകുന്നത് ഇന്ത്യ ഇതാദ്യമാണ്. ബംഗ്ലാദേശി ശാസ്ത്രജ്ഞര്‍ക്ക് പദ്ധതിയുടെ നടത്തിപ്പിന് ആവശ്യമായി പരിശീലനം സഹായവും ഇന്ത്യ നല്‍കും. പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങളും ശാസ്ത്ര തലത്തിലുള്ള സഹകരണങ്ങളും പൂര്‍ണമായും നല്‍കുന്നത് ഇന്ത്യയായിരിക്കും.

കഴിഞ്ഞ ദിവസം മോസ്‌കോയില്‍ വെച്ചാണ് കരാറില്‍ മൂന്ന് രാജ്യങ്ങളും ഒപ്പുവെച്ചിരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് റോസ്‌റ്റോം (സിവില്‍ ന്യൂക്ലിയര്‍ ബോഡി) നിക്കോളായ് സ്പാസ്‌കി, റഷ്യയിലെ ബംഗ്ലാദേശ് അംബാസിഡര്‍ എസ്.എം സൈഫുള്‍ ഹഖ്, റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ശരണ്‍ എന്നിവര്‍ കരാര്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ പങ്കെടുത്തു. നിലവില്‍ റഷ്യ ബംഗ്ലാദേശില്‍ കരാര്‍ അടിസ്ഥാത്തില്‍ ആണവ നിലയം നിര്‍മ്മിക്കുന്ന പദ്ധതിയുടെ ഭാഗമാണ്. ആണവ നിലയം നിര്‍മ്മിക്കുന്നതിന് ആവശ്യമായ ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് റഷ്യയാണ്. സ്വന്തമായി ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിലും പ്രവര്‍ത്തിപ്പിക്കുന്നതിലും ഇന്ത്യക്ക് പരിചയസമ്പത്തുണ്ട്. റഷ്യന്‍ സഹായത്തോടെയാണ് തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം ഇന്ത്യ പൂര്‍ത്തീകരിച്ചത്.

ആണവ മേഖലയിലെ പ്രവൃത്തി പരിചയമാണ് പദ്ധതിയുടെ ഭാഗമാകാന്‍ ഇന്ത്യയെ പ്രേരിപ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ബംഗ്ലാദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ആണവ നിലയത്തിന്റെ നിര്‍മ്മാണത്തില്‍ പങ്ക് ചേരാന്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് സാധിക്കും. നോണ്‍-ക്രിട്ടിക്കല്‍ കാറ്റഗറി ഉപകരണങ്ങളുടെ വിതരണം, ജോലിയുടെ മേല്‍നോട്ടം, ഇന്‍സ്റ്റാലേഷന്‍, നിര്‍മ്മാണം തുടങ്ങിയ രംഗത്ത് ഇന്ത്യക്ക് സഹകരിക്കാനാവും. ബംഗ്ലാദേശിന്റെ ചരിത്രത്തിലെ ആദ്യത്തെ ന്യൂക്ലിയര്‍ പവര്‍ പ്ലാന്റാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ന്യൂക്ലിയര്‍ വ്യവസായ മേഖലയ്ക്കും കൂടാതെ ഇരു രാജ്യങ്ങള്‍ക്കും ഇതൊരു വലിയ തീരുമാനം ആയിരിക്കുമെന്നും ഈ രംഗത്ത് കൂടുതല്‍ സഹകരണങ്ങള്‍ തുടരാനുള്ള നീക്കം നടത്തുമെന്നും സ്പാസ്‌കി പറഞ്ഞു. ഇന്ത്യയില്‍ ആണവ നിലയങ്ങള്‍ നിര്‍മ്മിക്കുന്നതിനാവിശ്യമായ ഉപകരണങ്ങളുടെ നിര്‍മ്മാണം ആരംഭിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പുതിയ കരാര്‍ വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

മലയാറ്റൂര്‍ പള്ളിയുടെ കുരിശടിയുടെ റെക്ടര്‍ ആയിരുന്ന റവ. ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി നാട്ടുകാരുമായി സംസാരിക്കുന്ന വീഡിയോ പുറത്ത്. തനിക്ക് അബദ്ധം പറ്റിയതാണ് എന്ന് ജോണി വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യാനും ജോണി ശ്രമിച്ചതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. മുണ്ട് എവിടെ എന്ന ചോദ്യത്തിന് മറുപടി ആയാണ് തൂങ്ങാന്‍ ശ്രമിച്ചു എന്ന് ജോണി പറയുന്നത്.

ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പിന്നീട് അന്വേഷണ സംഘത്തോടും ജോണി വെളിപ്പെടുത്തി.  തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പിടിയിലായ വേളയില്‍ ജോണി നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.  വ്യാഴാഴ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.

ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കി മടങ്ങവേ മലയാറ്റൂര്‍ ആറാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീഡിയോ കാണാം

കൊച്ചി : മലയാറ്റൂരില്‍ വൈദീകനായ സേവ്യര്‍ തേലക്കാട്ട് കൊല്ലപ്പെട്ട വാര്‍ത്തയുടെഞെട്ടലില്‍ കഴിയുമ്പോഴും വൈദീകനെ കുത്തിയ കപ്യാര്‍ ജോണിയെ കുറിച്ച് നാട്ടുകാര്‍ക്ക് പറയാനുള്ളത് നല്ലതുമാത്രം. അതുകൊണ്ടു തന്നെ വൈദീകന്റെ കൊലപാതകം വിരല്‍ചൂണ്ടപ്പെടുന്നതും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നതും യാതൊരു അവകാശങ്ങളും ഇല്ലാത്ത പള്ളികളിലെ കപ്യാര്‍ തൊഴിലിലേയ്ക്കാണ്.

ജോണി 18-ആം വയസിലാണ് കപ്യാരായത്. ഭാര്യയും രണ്ട് പെണ്‍മക്കളും അടങ്ങുന്ന കുടുംബം. 30 വര്‍ഷത്തോളം കുരിശുമല കയറി കപ്യാര്‍ പണി ചെയ്തു. നാളിതുവരേയ്ക്കും ജോലിയിലോ വ്യക്തി ജീവിതത്തിലോ ജോണിക്കെതിരെ മോശപ്പെട്ട ആരോപണങ്ങള്‍ ഒന്നും ഉയര്‍ന്നിട്ടുള്ളതായി നാട്ടുകാര്‍ക്ക് ആര്‍ക്കും തന്നെ അറിവില്ല.

ഇതിനിടെ, പെണ്‍മക്കളില്‍ ഒരാള്‍ അന്യജാതിക്കാരനെ വിവാഹം കഴിച്ചതില്‍ ജോണി അതീവ ദു:ഖിതനായിരുന്നു. ഈ ദു:ഖം മറയ്ക്കാനായി ജോണി അഭയം പ്രാപിച്ചത് മദ്യത്തിലായിരുന്നു. എന്നിരുന്നാലും തന്റെ ജോലിയോട് അതീവ ആത്മാര്‍ത്ഥത പ്രകടിപ്പിച്ചിരുന്ന ജോണി ജോലയില്‍ യാതൊരു വീഴ്ചയും വരുത്തിയിരുന്നില്ല.

ഒരു മകള്‍ കൂടി വിവാഹിതയാകാനുണ്ടെന്നിരിക്കെ സാമ്പത്തികമായും മാനസികമായും തളര്‍ന്നിരിക്കെയാണ് ജോണിയെ ഫാ.സേവ്യര്‍ തേലക്കാട്ട് അപ്രതീക്ഷിതമായി കപ്യാര്‍ ജോലിയില്‍ നിന്നും പുറത്താക്കിയത്. അര്‍ഹമായ ആനുകൂല്യങ്ങളൊന്നും നല്‍കാതെയുള്ള ഈ പിരിച്ചുവിടല്‍ ജോണിയെ കൂടുതല്‍ തളര്‍ത്തി. ഇതാണ് വൈദീകനോടുള്ള വൈരാഗ്യത്തിനു പിന്നില്‍. എന്നാല്‍, വൈദീകനെ കൊല്ലുക എന്നൊരു ലക്ഷ്യം ജോണിക്ക് ഉണ്ടായിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.

നിയമവും മനശാസ്ത്രവും പഠിച്ചിട്ടുള്ള ഫാ.സേവ്യര്‍ ജോണിയെ മന:ശാസ്ത്രപരമായും സാമൂഹ്യശാസ്ത്രപരമായും മാറ്റിയെടുക്കുന്നതിന് പകരം ശത്രുതാ മനോഭാവത്തോടെ സമീപിച്ചതാണ് ഇപ്പോള്‍ ഉണ്ടായ ദുരന്തത്തിലേയ്ക്ക് നയിച്ചതെന്ന് ജോണിയെ അടുത്തറിയുന്ന നാട്ടുകാര്‍ പറയുന്നു. ഫാദര്‍ സേവ്യറെ കൊല്ലുകയായിരുന്നു ജോണിയുടെ ലക്ഷ്യമെങ്കില്‍ കഴുത്തിലോ, നെഞ്ചിലോ, വയറ്റിലോ ഒക്കെയാണ് കുത്തേണ്ടിയിരുന്നത്. എന്നാല്‍, ഫാ.സേവ്യറിന്റെ തുടയിലാണ് ജോണിയുടെ കുത്തേറ്റിരിക്കുന്നത്.

ജീവിതം വഴിമുട്ടിയ സാഹചര്യത്തില്‍ ജോണിയുടെ ഭാഗത്തു നിന്നും ഉണ്ടായ നീക്കത്തിലൂടെ കപ്യാര്‍ തൊഴില്‍ തന്നെ ചര്‍ച്ചയാക്കപ്പെട്ടിരിക്കുകയാണ്.

 

കൊച്ചി: തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശം. തോമസ് ചാണ്ടിക്ക് നല്‍കിയ നോട്ടീസിലെ സര്‍വേ നമ്പര്‍ മാറിപ്പോയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. തോമസ് ചാണ്ടിക്കെതിരെ ആദ്യം നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ ആയിരുന്നു. ഇത് ബോധ്യപ്പെട്ടതോടെ രണ്ടാമതും നോട്ടീസ് നല്‍കി. അതിലും സര്‍വേ നമ്പര്‍ തെറ്റിപ്പോയി. തെറ്റ്് സമ്മതിച്ചുകൊണ്ട് കലക്ടര്‍ക്ക് വേണ്ടി സ്‌റ്റേറ്റ് അറ്റോര്‍ണി ജനറല്‍ കോടതിയില്‍ ഇന്ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. സ്വമേധയാ നോട്ടീസ് പിന്‍വലിക്കുന്നതായി അറ്റോര്‍ണി അറിയിച്ചു.

തനിക്ക് നല്‍കിയ നോട്ടീസ് മറ്റൊരാളുടെ സര്‍വേ നമ്പറിലുള്ളതാണെന്ന് ചൂണ്ടിക്കാട്ടി തോമസ് ചാണ്ടിയാണ് ​കോടതിയെ സമീപിച്ചത്. ഈ ഘട്ടത്തിലാണ് കോടതി ശക്തമായ ഭാഷയില്‍ കലക്ടറെ വിമര്‍ശിച്ചത്.

ജില്ലാ കലക്ടറുടെ കസേരയില്‍ ഇരുന്ന് ഇത്തരത്തില്‍ നിരുത്തരവാദപരമായ സമീപനം സ്വീകരിക്കരുത്. അര്‍ഹതയില്ലാതെയാണോ ആ കസേരയില്‍ ഇരിക്കുന്നത്. ജില്ലാ കലക്ടര്‍ക്ക് കാര്യപ്രാപ്തിയില്ല. കലക്ടറുടെ കസേരയില്‍ ഇരിക്കുന്നത് വിദ്യാര്‍ത്ഥിയാണോ എന്നും കോടതി വിമര്‍ശിച്ചു. ഒരു വ്യക്തിക്ക് മറ്റൊരാളുടെ സര്‍വേ നമ്പറില്‍ എങ്ങനെ നോട്ടീസ് നല്‍കാന്‍ കഴിയുമെന്നും കോടതി ആരാഞ്ഞു.

തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തില്‍ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ സാധുത വരെ ചോദ്യം ചെയ്യപ്പെടുന്നതാണ് കോടതിയില്‍ നിന്നുണ്ടായ ഇന്നത്തെ വിമര്‍ശനം.

 

ഹിമാചല്‍ പ്രദേശിലെ ബിലാസ്പുര്‍ ജില്ലയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ എട്ടുപേര്‍ മരിച്ചു. കുളുവിലെ പ്രമുഖ സിക്ക് ആരാധനാലയമായ മണികരണ് സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.  ചണ്ഡിഗഡ്-മണാലി ദേശീയ പാതയില്‍വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരെല്ലാം പഞ്ചാബിലെ അമൃത്സര്‍ സ്വദേശികളാണ്. അപകടത്തില്‍ രക്ഷപ്പെട്ട ഒരാള്‍ ചികിത്സയിലാണ്. പരിധിയില്‍ അധികം ആളുകള്‍ വാഹനത്തില്‍ കയറിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ പൊങ്കാല ഇടാനെത്തിയ സ്ത്രീകളുടെ മാല മോഷ്ടിച്ചു. പൊങ്കാലയിടാനെത്തിയ പലര്‍ക്കും വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വെഞ്ഞാറമൂട് സ്വദേശിനി രമ, കണ്ണൂര്‍ സ്വദേശിനി മനോറാണി എന്നിവരുടെ രണ്ടു പവന്‍ വീതം വരുന്ന സ്വര്‍ണ മാല കവര്‍ന്നതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.

രാവിലെ പൊങ്കാല ചടങ്ങുകളുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് സ്ത്രീകളുടെ മാല മോഷണം പോയിരിക്കുന്നത്. സംഭവത്തില്‍ ഫോര്‍ട്ട് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പഴവങ്ങാടിയില്‍ പൊങ്കാല ഒരുക്കങ്ങള്‍ നടക്കുന്നതിടയിലാണ് രമയുടെ മാല മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. പുത്തരിക്കണ്ടം മൈതാനത്ത് വെച്ചാണ് മനോറാണിയുടെ മാല നഷ്ടമായത്.

ഉത്സവ പറമ്പുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും ലക്ഷ്യവെച്ച് മോഷണം നടത്തുന്ന സംഘങ്ങള്‍ നിരവധിയാണ്. ശബരി മലയില്‍ ഇത്തരം മോഷണ സംഘങ്ങള്‍ ആളുകളുടെ പണവും ആഭരണങ്ങളും കവരുന്നത് നിത്യ സംഭവമാണ്. ഇത്തരം സംഘങ്ങള്‍ ആറ്റുകാല്‍ പൊങ്കാലെയ്ക്ക് എത്തിയിട്ടുണ്ടോയെന്ന് പോലീസിന് സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഇന്ത്യയുടെ സബ്മറൈന്‍ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ അദമ്യ പുറത്തിറങ്ങി. പുതിയ ഓട്ടോണമസ് അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ പ്രതിരോധ രംഗത്തിന് മുതല്‍ക്കുട്ടാകുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു. അദമ്യ എയുവികള്‍ സബ്മറൈന്‍ ടോര്‍പീഡോ ട്യൂബുകളില്‍ നിന്ന് വിക്ഷേപിക്കാന്‍ സാധിക്കും. അന്തര്‍വാഹിനികളില്‍ നിലവിലുള്ള ടാര്‍പീഡോ ട്യൂബുകളില്‍ ഇതിനായി പുതിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. ഷിപ്പുകളുടെ മുകളിലെ പ്രതലങ്ങളിലും നിന്നും വിക്ഷേപിക്കാന്‍ കഴിയുന്ന വിധത്തിലാണ് അദമ്യ എയുവികള്‍ നിര്‍മ്മിച്ചിട്ടുള്ളത്. റിക്കവറി സിസ്റ്റവും ഉള്‍പ്പെടുന്നതാണ് അദമ്യ എയുവി പാക്ക്. അഞ്ച് മീറ്റര്‍ നീളമുള്ള ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിള്‍ സമുദ്രത്തിനടിയിലുള്ള ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായിട്ടാണ് നിര്‍മ്മിച്ചിട്ടുള്ളത്. സമുദ്ര നിരപ്പിനുള്ളില്‍ വലിയ ദൗത്യങ്ങള്‍ നിറവേറ്റാന്‍ ഇന്ത്യന്‍ നേവിയെ സഹായിക്കാന്‍ അദമ്യയ്ക്ക് കഴിയും.

വെള്ളത്തിനടിയില്‍ 8 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷനുകള്‍ നയിക്കാന്‍ അദമ്യക്ക് കഴിയുമെന്ന് നിര്‍മ്മാതാക്കളായ എല്‍ ആന്റ് ടി അവകാശപ്പെടുന്നു. സമുദ്ര നിരപ്പില്‍ നിന്നും ഏതാണ്ട് 1500 ഫീറ്റ് ഉള്‍ത്തട്ടിലെത്താന്‍ ഇവയ്ക്ക് കഴിവുണ്ട്. 4 നോട്ടിക്കല്‍ വേഗതയിലാവും ഇവ സഞ്ചരിക്കുക. അദമ്യയ്ക്ക് സമുദ്രത്തിനുള്ളിലെ നിരവധി ഓപ്പറേഷനുകള്‍ നയിക്കാനുള്ള കഴിവുണ്ട്. ഹൈഡ്രോഗ്രാഫിക് സര്‍വേ, വെള്ളത്തിനടിയിലെ ബോംബുകളെ കണ്ടെത്തുക അവ നിര്‍വീര്യമാക്കുന്നതിനാവിശ്യമായ പ്രവര്‍ത്തനങ്ങള്‍, സമുദ്രാന്തര നിരീക്ഷണങ്ങള്‍, സമുദ്ര തീരങ്ങളുടെ സുരക്ഷ സംബന്ധിച്ച ഓപ്പറേഷനുകള്‍, ആന്റി സബ്മറൈന്‍ ഓപ്പറേഷനുകള്‍ തുടങ്ങി അദമ്യ ഉപയോഗിച്ച് നിര്‍വ്വഹിക്കാന്‍ കഴിയുന്ന ദൗത്യങ്ങള്‍ ഏറെയാണ്.

ഏതാണ്ട് 50 കിലോഗ്രാം വരെയുള്ള സാമഗ്രികള്‍ അദമ്യയില്‍ കയറ്റാന്‍ കഴിയും. മുന്‍ ഭാഗത്ത് സോനാര്‍ യന്ത്രവും അതുപോലെ ജലത്തിനടിയില്‍ പ്രവര്‍ത്തിക്കുന്ന ക്യാമറകളെയും ഉള്‍ക്കൊള്ളാന്‍ ഈ അണ്ടര്‍ വാട്ടര്‍ വെഹിക്കിളിന് പ്രാപ്തിയുണ്ട്. ദൗത്യങ്ങളുടെ ആവശ്യങ്ങളനുസരിച്ച് സാമഗ്രികള്‍ ലോഡ് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് അദമ്യയുടെ നിര്‍മ്മാണം. എയുവികള്‍ എല്‍ ആന്റ് ടിയില്‍ നിന്ന് വാങ്ങിക്കാന്‍ ഇന്ത്യന്‍ നേവിക്ക് ഇതുവരെ സര്‍ക്കാരില്‍ അനുവാദം ലഭിച്ചിട്ടില്ല. പലതരം സമുദ്രാന്തര ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ലോകത്തിലെ എല്ലാ നാവിക സേനയുടെ പക്കലും ഇത്തരം അണ്ടര്‍ വാട്ടര്‍ വെഹിക്കിളുകള്‍ ഉണ്ട്. വൈകാതെ തന്നെ ഇവ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകുമെന്നാണ് കരുതുന്നത്.

RECENT POSTS
Copyright © . All rights reserved