India

ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപായ എണ്ണക്കപ്പല്‍ കടല്‍കൊള്ളക്കാര്‍ വിട്ടയച്ചു. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലും അതിലെ ജീവനക്കാരെയുമാണ് വിട്ടയച്ചത്. രണ്ട് മലയാളികള്‍ അടക്കം 22 ഇന്ത്യക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. ഫെബ്രുവരി ഒന്ന് കാണാതായ എം.ടി മറൈന്‍ എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിലെ ജീവനക്കാരെയാണ് വിട്ടയച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പലും ജീവനക്കാരും മോചിപ്പിക്കപ്പെട്ടത്. കപ്പലിലെ എല്ലാ ജീവനക്കാരും സുരക്ഷിതരാണെന്ന് ആംഗ്ലോ-ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനി ട്വീറ്റില്‍ വ്യക്തമാക്കി. കപ്പല്‍ മോചിപ്പിക്കപ്പെട്ടതായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു. സഹകരണത്തിന് നൈജീരിയ, ബെനിന്‍ സര്‍ക്കാരുകള്‍ക്ക് നന്ദി അറിയിക്കുന്നതായും അവര്‍ ട്വിറ്ററില്‍ വ്യക്തമാക്കി. കപ്പല്‍ കണ്ടെത്തുന്നതിന് എല്ലാ ശ്രമങ്ങളും നടത്തിവരികയാണെന്ന് സുഷമ സ്വരാജ് ഞായറാഴ്ച വ്യക്തമാക്കിയിരുന്നു. കപ്പല്‍ കണ്ടെത്തുന്നതിനായി ഇന്ത്യ നൈജീരിയ അടക്കമുള്ള രാജ്യങ്ങളുടെ സഹായംതേടിയിരുന്നു.

22 ജീവനക്കാരും 52 കോടി രൂപ (8.1 മില്ല്യണ്‍ ഡോളര്‍) മൂല്യമുള്ള ഇന്ധനവുമായി പോയ ചരക്കു കപ്പലാണ് ബെനിനില്‍ നിന്നും കാണാതായത്. 13,500 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കാസര്‍കോട് ഉദുമ പെരിലവളപ്പിലെ ശ്രീ ഉണ്ണിയും കോഴിക്കോട് സ്വദേശിയായ ജീവനക്കാരനുമടക്കം രണ്ട് മലയാളികളും കപ്പലില്‍ ഉണ്ടായിരുന്നു.

ജനുവരി 31-നാണ് എം.ടി. മറൈന്‍ എക്സ്പ്രസില്‍ നിന്നുള്ള സിഗ്‌നല്‍ അവസാനമായി ലഭിച്ചത്. ആ സമയം ബെനിനിലെ കോട്ടോനോവിലായിരുന്നു കപ്പല്‍ ഉണ്ടായിരുന്നത്. അടുത്ത ദിവസം പുലര്‍ച്ചെ 2.36 ഓടെ ഉപഗ്രഹങ്ങളില്‍നിന്നും കപ്പല്‍ അപ്രത്യക്ഷമായി. രാജ്യത്തുടനീളം നാവിക പരിശീലന കേന്ദ്രങ്ങളുള്ള മുംബൈയിലെ ഈസ്റ്റ് അന്ധേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആംഗ്ലോ ഈസ്റ്റേണ്‍ ഷിപ്പ് മാനേജ്മെന്റ് കമ്പനിയുടെ ജീവനക്കാരാണ് കാണാതായ കപ്പലിലുണ്ടായിരുന്ന എല്ലാ ഇന്ത്യക്കാരും.

വീടിനു മുന്‍പില്‍ നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ഗുണ്ടകള്‍ അക്രമിക്കുന്നത് കണ്ട നിന്ന ഭാര്യ തോക്കുമായി എത്തി അക്രമികളെ വിരട്ടിയോടിച്ചു. സ്വന്തം കണ്‍മുന്നില്‍ ഭര്‍ത്താവിനെ ആക്രമിച്ചവരെയാണ് യുവതി സാഹസികമായി നേരിട്ടത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ഇതിനോടകം വൈറലായി കഴിഞ്ഞിട്ടുണ്ട്. ലക്‌നൗവിലാണ് സംഭവം

വീടിന് മുന്‍പില്‍ ഒരാളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ഭര്‍ത്താവിനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. വടി ഉപയോഗിച്ച് ഇയാളെ ക്രൂരമായി തല്ലിച്ചതക്കുന്നതിനിടയിലാണ് ഭാര്യ തോക്കുമായി എത്തിയത്. തോക്ക് കണ്ടതോടെ പേടിച്ച അക്രമികള്‍ ഓടി രക്ഷപ്പെട്ടു. വീഡിയോയില്‍ ഉള്ള ദമ്പതികളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വീഡിയോ കാണാം;

ആര്‍എസ്എസ് ആക്രമിച്ച കവി കുരീപ്പുഴ ശ്രീകുമാറിനെ അധിക്ഷേപിച്ച് ബിജെപി നേതാവ് കെ. സുരേന്ദ്രന്‍. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കുമെന്നും അതിക്രമത്തെ ന്യായീകരിച്ചുകൊണ്ട് കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള കുരീപ്പുഴയുടെ തന്ത്രത്തിന്റെ ഭാഗമായിട്ടാണ് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ക്കുന്നതെന്ന് കെ.സുരേന്ദ്രന്‍ പറയുന്നു. പ്രശസ്തനാവാന്‍ വേണ്ടിയുള്ള എളുപ്പ മാര്‍ഗം മോദി വിമര്‍ശകനാവുകയെന്നതാണ്. പെരുമാള്‍ മുരുകനെതിരെ നടന്ന ആര്‍എസ്എസ് അക്രമം വെറും പബ്ലിസിറ്റി നേടാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു. കെട്ടികിടക്കുന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ വിറ്റു പോവാനുള്ള അടവായിരുന്നു നടന്നതൊക്കെയെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

അജ്ഞാതനായ ഒരാള്‍ ടെലിഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തി എന്നു പറഞ്ഞാണ് പെരുമാള്‍ മുരുകന്‍ എഴുത്തുനിര്‍ത്തല്‍ വിളംബരം നടത്തിയത്. പിന്നെ പ്രതിഷേധമായി ബഹളമായി മോദി മറുപടി പറഞ്ഞേ അടങ്ങൂ എന്നായി ജീവിതത്തില്‍ ഇതാരാണെന്നു പോലും അറിയാത്തവരും അദ്ദേഹത്തിന്റെ കൃതികളിലൊന്നുപോലും കണ്ടിട്ടില്ലാത്തവരും ആര്‍. എസ്. എസിന്റെ ഫാസിസത്തിനെതിരെ സാഹിത്യസമ്മേളനങ്ങളും പുരസ്‌കാരം മടക്കലും. തന്റെ നാട്ടിലെ പെണ്ണുങ്ങള്‍ പലരും രാത്രിയില്‍ ക്ഷേത്രങ്ങളിലെ ഉല്‍സവത്തിനുപോകുന്നത് വ്യഭിചരിക്കാനാണെന്ന് മുരുകന്‍ പറഞ്ഞതാണ് പ്രകോപനത്തിനു കാരണമായത്. മുരുകന്റെ നാട്ടില്‍ ആര്‍. എസ്. എസും ബി ജെ പിയും കഷായത്തില്‍ കൂട്ടാന്‍ പോലുമില്ല. അവസാനം പോലീസ് കേസ്സായി അന്വേഷണമായി. ഒരിടത്തും ആര്‍. എസ്. എസുമില്ല ബി. ജെ. പിയുമില്ല. ആര്‍. എസ്. എസിനെ പിടിക്കാനായില്ലെങ്കിലും മുരുകന്‍ എഴുതിയതും ആരും തിരിഞ്ഞുനോക്കാതെ കെട്ടിക്കിടന്നിരുന്നതുമായ ചവറുകള്‍ പലതും വിററുപോയി. ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന എഴുത്തുകാരനുമായി. പ്രശസ്തനാവാനും കെട്ടിക്കിടക്കുന്ന പുസ്തകങ്ങള്‍ വിററഴിക്കാനുമുള്ള എളുപ്പ വഴി താന്‍ മോദിയുടെ വിമര്‍ശകനാണെന്നും എനിക്ക് ആര്‍. എസ്. എസ് ആക്രമണ ഭീഷണിയുണ്ടെന്നും വരുത്തിത്തീര്‍ക്കുക എന്നതാണ്. കുരീപ്പുഴ ഇന്നുമുതല്‍ ആഗോളപ്രശസ്തനായിക്കഴിഞ്ഞു. കെട്ടിക്കിടക്കുന്ന പുസ്തകങ്ങളൊക്കെ എളുപ്പത്തില്‍ വിററു തീരും. മിനിമം ആറുമാസത്തേക്ക് എല്ലാ ചാനലുകളിലും എന്നും മുഖം കണ്ടുകൊണ്ടേയിരിക്കും. കര്‍ണ്ണാടകയില്‍ ഒരുത്തന്‍ സിനിമയെല്ലാം പൂട്ടിപ്പോയിട്ടും എന്നും മോദിയെ ചീത്ത വിളിച്ച് മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ഇവിടേയും മാതൃകയാക്കാവുന്നതാണ്.

പ്രമുഖ വ്യവസായിയും മുഖ്യപര്യവേഷകനുമായ സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെ കായല്‍ കയ്യേറ്റ ആരോപണം. കോട്ടയം, വൈക്കത്തെ കേരള പാലസ് റിസോര്‍ട്ടിനെതിരെയാണ് പരാതി. വൈക്കത്ത് നിര്‍മ്മിച്ചിരിക്കുന്ന റിസോര്‍ട്ട് കായല്‍ കയ്യേറിയാണ് നിർമിച്ചിരിക്കുന്നത് എന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയ്ക്കെതിരെയുള്ള ആരോപണം.

കായൽ കയ്യേറ്റം സ്ഥിരീകരിച്ച കളക്ടറും തഹസില്‍ദാരും തുടർ നടപടിക്ക് നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ ആരോപണം ഉയർന്നിട്ടും വിഷയത്തിൽ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് തയാറായിട്ടില്ലെന്ന് ആരോപണം ഉയർന്നു.

അതേസമയയം പരാതി അടിസ്ഥാനരഹിതമാണെന്നാണ് സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ പ്രതികരണം.

സഞ്ചാരം ട്രാവലോഗ് പരിപാടിയിലൂടെ ശ്രദ്ധേയനായ സന്തോഷ് ജോര്‍ജ്, ഇന്ത്യയിലെ ആദ്യത്തേതും ഒരേയൊരു പര്യവേഷകചാനലുമായ സഫാരി ടിവിയുടെ സ്ഥാപകനും , ലേബര്‍ ഇന്ത്യ തുടങ്ങിയ സ്ഥാപനങ്ങളുടെ മേധാവിയാണ്.

അബുദാബി രാജ്യാന്തര വിമാനത്താവളത്തിന്റെ ടിക്കറ്റ് നറുക്കെടുപ്പില്‍ മലയാളിക്ക് വന്‍തുക സമ്മാനം. ഏവരും കാത്തിരുന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് ഒരു പ്രവാസി മലയാളി വിജയിയായത്. ഇത് കൂടാതെ നറുക്കെടുപ്പിൽ വിജയികളായ ആദ്യ പത്ത് പേരും ഇന്ത്യക്കാരാണ് എന്ന പ്രത്യേകതയും വിജയത്തെ വേറിട്ടതാക്കുന്നു.

 

സുനില്‍ മാപ്പാറ്റ കൃഷ്ണന്‍ കുട്ടി നായര്‍ എന്ന മലയാളിയാണ് ഏറ്റവും വലിയ സമ്മാനമായ 10 മില്യണ്‍ ദിര്‍ഹം (ഏകദേശം 17.44 കോടി ഇന്ത്യന്‍ രൂപ) നേടിയത്. ബിഗ് 10 മില്യണ്‍ 188 സീരീസിലെ 016299 എന്ന ടിക്കറ്റ് നമ്പറാണ് സുനിലിനെ വിജയിയാക്കിയത്.

ട്രാന്‍സ്‌ജെന്ററുകള്‍ അക്രമിക്കപ്പെടേണ്ടവരല്ലെന്ന് ഡോ.ഷിംമ്‌ന അസീസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ.ഷിംമ്‌നയുടെ പ്രതികരണം. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കണമെന്ന് ഷിംമ്‌ന തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആയ ആളുകളെ ഒറ്റപ്പെടുത്തുന്നത് മനുഷ്യാവകാശലംഘനമാണെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു.

വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥയാണ് ട്രാന്‍സ്‌ജെന്ററും ഇന്റര്‍സെക്‌സുമായ ആളുകള്‍ അനുഭവിക്കുന്നതെന്നും ഷിംമ്‌ന ഫേസ്ബുക്കില്‍ കുറിച്ചു

ഷിമ്‌ന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

സെക്കന്‍ഡ് ഒപീനിയന്‍ – 012

വീടിന് പുറത്ത് വെച്ച് മൂത്രമൊഴിക്കാന്‍ ടോയ്ലറ്റില്‍ കയറുന്നതിന് മുന്‍പ് പല തവണ ചിന്തിക്കേണ്ടി വരുന്ന പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍. പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ളതില്‍ കയറിയാല്‍ മനസാക്ഷിയെ വഞ്ചിക്കണം, സ്ത്രീകളുടേതില്‍ കയറിയാല്‍ തല്ല് കൊള്ളണം. രണ്ടായാലും പീഡനം. വീട്ടിലിരുന്നാല്‍ കുടുംബത്തിന്റെ പേര് കളയാന്‍ ജനിച്ചു എന്ന മട്ടില്‍ ശാപവാക്കുകള്‍, ഭ്രാന്തിനുള്ള ചികിത്സ, ശാരീരികപീഡനം വരെ എത്തുന്ന ദുരവസ്ഥ. നമുക്കു ചുറ്റും നിശ്ശബ്ദം ഇവരെല്ലാം അനുഭവിക്കുന്ന വേദനകള്‍ ചെറുതല്ല. ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കും ഇന്റര്‍സെക്‌സുകള്‍ക്കും ഇടയില്‍ അവരോട് ചേര്‍ന്ന് നിന്ന് കൊണ്ടാണിന്നത്തെ #ടലരീിറഛുശിശീി നിങ്ങളോട് സംസാരിക്കുന്നത്.

പുരുഷന്‍, സ്ത്രീ എന്നീ രണ്ട് നിര്‍വചനങ്ങള്‍ക്കുള്ളില്‍ വരാത്ത ഒരുപാട് ആളുകള്‍ ഈ ലോകത്തുണ്ട്. ഇവര്‍ പുരുഷനു സ്ത്രീയും കലര്‍ന്നവരാവാം, പുരുഷന്റെയും സ്ത്രീയുടെയും ഒരു സൂചനകളും ഇല്ലാത്തവരാവാം, പുരുഷ-സ്ത്രീ സ്വഭാവങ്ങള്‍ക്കിടയിലൂടെ തുടര്‍ച്ചയായ ചാഞ്ചാട്ടം സംഭവിച്ചുകൊണ്ടിരിക്കുന്നവരാവാം. ഇങ്ങനെ ഒരുപാട് തരത്തിലുള്ളവരുണ്ടെങ്കിലും പൊതുവെ ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും ആണ് ഇവരില്‍ നമുക്കേറേ പരിചയമുള്ളത്.

ജനിക്കുമ്പോള്‍ ഉള്ള ലിംഗാവസ്ഥയോട് മാനസികമായി പൊരുത്തപ്പെടാന്‍ പറ്റാത്തവരാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍. പുരുഷന്റെ ശരീരത്തില്‍ സ്ത്രീയുടെ മനസ്സുമായും, അതുപോലെ സ്ത്രീയുടെ ശരീരത്തില്‍ പുരുഷന്റെ മനസ്സുമായും ജീവിക്കുന്ന വ്യക്തികളാണിവര്‍. ഒപ്പം ഇത് രണ്ടുമല്ലാതെ മൂന്നാംലിംഗം ആയി ജീവിക്കുന്നവരുമുണ്ട്. നമ്മള്‍ക്ക് പ്രകൃതി തന്ന ഔദാര്യം മാത്രമാണ് നമ്മുടെ ജെന്‍ഡര്‍. അത്തരത്തിലൊന്നാണ് ആത്മാവ് കൊണ്ട് മറ്റൊരു ജെന്‍ഡറായി ശരീരത്തെ മനസ്സോട് ചേര്‍ക്കാനാകാത്ത ട്രാന്‍സ്ജെന്‍ഡറും. അവര്‍ ഒരു യാഥാര്‍ഥ്യമാണ്.

ക്രോമസോം വ്യതിയാനം കൊണ്ട് പുരുഷന്‍ (തഥ) അല്ലെങ്കില്‍ സ്ത്രീ(തത) ആയി ജനിക്കാതെ പകരം തതഥ അല്ലെങ്കില്‍ തഥഥ, അതുമല്ലെങ്കില്‍ അതു പോലുള്ള മറ്റു ക്രോമസോമുകളുമായി ജനിക്കുന്നവരാണ് ‘ഇന്റര്‍സെക്‌സ്’ എന്നറിയപ്പെടുന്നത്. ഇവരുടെ ശരീരഘടന പുരുഷന്റെയോ സ്ത്രീയുടെയോ സാധാരണ പ്രത്യുല്‍പ്പാദന അവയവ ഘടനയില്‍ നിന്നും വ്യത്യാസപ്പെട്ടിരിക്കും. ഇത് പുറം കാഴ്ചയില്‍ നിന്ന് വിപരീതമായ ശരീരഘടനയാവാം, ഒന്നിലധികം ഘടനകള്‍ കൂടിച്ചേര്‍ന്നതുമാവാം.

പലരും കരുതും പോലെ ട്രാന്‍സ്ജെന്ററോ ഇന്റര്‍സെക്‌സോ ആവുക എന്നത് ഒരു ചോയ്‌സ് അല്ല. അതൊരിക്കലും ‘തല്ല് കൊള്ളേണ്ട സൂക്കേടുമല്ല’. ഞാന്‍ സ്ത്രീയായി ജനിച്ചത് എന്റെ തീരുമാനമല്ല, നിങ്ങള്‍ സ്ത്രീയോ പുരുഷനോ ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് നിങ്ങളുടെ തീരുമാനവുമല്ല. അതൊരു മാനസികമോ ശാരീരികമോ ആയ നിലയാണ്. തിരുത്തലില്ലാത്ത പ്രകൃതിയുടെ തീരുമാനമാണ്. അവരെ ഉള്‍ക്കൊള്ളാത്തിടത്തോളം അഭിമാനകരമായ സ്വന്തം സ്ത്രീത്വത്തെ കുറിച്ചോ പൗരുഷത്തിന്റെ ഔന്നത്യത്തെ കുറിച്ചോ ഒക്കെ വാചാലരാകാന്‍ അതിന് വേണ്ടി യാതൊന്നും ചെയ്തിട്ടില്ലാത്ത നമുക്കവകാശമില്ല.

അവര്‍ക്ക് ആര്‍ത്തവമുണ്ടോ, രതിമൂര്‍ച്ഛ ഉണ്ടോ, അവരുടെ സ്വകാര്യ അവയവം എങ്ങനെയിരിക്കും, ലിംഗമാറ്റശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം തിരക്കാനും പറഞ്ഞ് ചിരിക്കാനും നമുക്ക് ഉത്സാഹം കൂടുതലാണ്. സിനിമയിലും മറ്റും ഇവരെ അവഹേളിക്കുന്ന രംഗങ്ങള്‍ക്ക് കയ്യും കണക്കുമില്ല. എന്നാല്‍ ഒരു ട്രാന്‍സ്ജെന്‍ഡറിനോടൊപ്പം ഇരിക്കാനോ അവര്‍ക്ക് ജോലിസ്ഥലത്ത് നേരിടുന്ന വിവേചനത്തിനെതിരെ സംസാരിക്കാനോ അവരെ യാതൊരു കാര്യവുമില്ലാതെ ശാരീരികമായി കൈയ്യേറ്റം ചെയ്യുന്നതിനെതിരെ ശബ്ദിക്കാനോ നമ്മളില്‍ ഭൂരിഭാഗവുമില്ല.

ഈ അവസ്ഥ മാറിയേ മതിയാവൂ. ഇവരെന്തെന്ന് മനസ്സിലാക്കാനും ഇവരെയെല്ലാം നമ്മിലൊരാളായി കാണാനും നമ്മള്‍ തയ്യാറായേ തീരൂ. ട്രാന്‍സ്‌ജെന്‍ഡറുകളെയും ഇന്റര്‍സെക്‌സുകളെയും പൂര്‍ണ്ണമായും മനസ്സിലാക്കുന്നുവെന്നും, അവരുടെ കൂടെയാണ് ഞാനെന്നും ഉറക്കെ പ്രഖ്യാപിക്കാന്‍ കൂടി ഞാനിന്നത്തെ സെക്കന്‍ഡ് ഒപ്പീനിയന്‍ ഉപയോഗിക്കുകയാണ്. ഒത്തിരി സ്‌നേഹം, ഐക്യദാര്‍ഢ്യം…

.
വാല്‍ക്കഷ്ണം : ജോലിസ്ഥലത്തും പൊതുഗതാഗതം ഉപയോഗിക്കുന്നിടത്തും ചടങ്ങുകളിലും എന്ന് വേണ്ട സകലയിടത്തും ഇവര്‍ക്ക് വിവേചനം അനുഭവിക്കേണ്ടി വരുന്നു. അവര്‍ പെണ്ണാകുന്നതോ ആണാകുന്നതോ അനാശ്യാസത്തിനു വേണ്ടിയുള്ള മറയാണെന്ന് ആരോപിക്കുന്നു, അതിക്രമിക്കുന്നു! അരുത്. ആണും പെണ്ണുമാകുന്നത് യോഗ്യതയല്ല. ട്രാന്‍സ്ജെന്‍ഡറോ ഇന്റര്‍സെക്സോ ആകുന്നത് അയോഗ്യതയുമല്ല. വിശപ്പും ദാഹവുമുള്ള പച്ചമനുഷ്യരെ അങ്ങനെ തന്നെ കാണാന്‍ പഠിക്കുക. അവരെ ഒറ്റപ്പെടുത്തുന്നതിന് ഒരേയൊരു പേരേയുള്ളൂ- മനുഷ്യാവകാശലംഘനം. നമുക്കു ചുറ്റുമുള്ള ഭൂരിഭാഗവും ആണോ പെണ്ണോ ആയത് പോലെത്തന്നെയാണ് ഇവര്‍ ട്രാന്‍സ്‌ജെന്‍ഡറുകളും ഇന്റര്‍സെക്‌സും ഒക്കെ ആയത്. ഇത് മനസ്സിലാക്കുക ഇവരുടെ കൂടെ നില്‍ക്കുക.

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്വീകരണമൊരുക്കി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍. അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയിരുന്ന ഇവരെ തിരിച്ചെടുത്തതാണ് സ്‌കൂള്‍ അധികൃതര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ കേക്ക് മുറിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളാണ് പറത്തുവന്നത്.

വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികശളായ ഇവര്‍ ഹൈക്കോടതി ജാമ്യത്തിലാണ് കഴിയുന്നത്. ഇരുവരും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. അതിനിടെയാണ് ഇരുവരെയും സ്‌കൂള്‍ ആഘോഷമായി തിരിച്ചെടുത്തത്. കുട്ടികളെ സ്വാധീനിച്ച് അനുകൂലമായ സാക്ഷിമൊഴി സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു.

സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നത്. ഇത് വേദനയുണ്ടാക്കിയെന്നും പ്രസന്നകുമാര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നതിന്റെ തെളിവാണ് ആഘോഷമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി വി.ടി.ബല്‍റാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞു മുറുക്കുന്ന ആ പിതാവിനൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ

രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.

ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് ചാടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.

ഇടുക്കി: അര്‍ദ്ധരാത്രിയില്‍ മേല്‍ക്കൂര പൊളിച്ച് വീടിനുള്ളിലേക്ക് എന്തെങ്കിലും വീണാലുണ്ടാകാവുന്ന പരിഭ്രാന്തി എപ്രകാരമായിരിക്കുമെന്ന് വിവരിക്കാനാകില്ല. എന്നാല്‍ വീഴുന്നത് ഒരു കാട്ടുപോത്താണെങ്കിലോ? ഇടുക്കി മറയൂരിലുണ്ടായ സംഭവം ഇങ്ങനെയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് വിരണ്ട കാട്ടുപോത്ത് വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടി വീണത്. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമ രാംകുമാറും ഭാര്യ മേനകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഷീറ്റ് മേഞ്ഞ വീടിനു മുകളില്‍ ചാടിവീണ പോത്ത് മേല്‍ക്കൂര തകര്‍ത്ത് നേരെ താഴെയുള്ള മുറിയിലേക്ക് പതിച്ചു. വീട്ടിലെ ടിവിയും പാത്രങ്ങളും മറ്റ് വസ്തുക്കളും പോത്തിന്റെ പരാക്രമത്തില്‍ തകര്‍ന്നിട്ടുണ്ട.് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി. എന്നാല്‍ പോത്തിനെ തുറന്നു വിടാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.

വീടിനുണ്ടായ കേടുപാടുകള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ പോത്തിനെ തുറന്നു വിടാനാകൂ എന്ന നിലപാടിലായിരുന്നു അവര്‍. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് സാധാരണ സംഭവമാണ്.

RECENT POSTS
Copyright © . All rights reserved