India

നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. മുഖത്തിന് താൽക്കാലികമായി കോടല്‍ ഉണ്ടാക്കുന്ന ബെല്‍സ് പാൾസി എന്ന രോഗം ബാധിച്ചാണ് മിഥുൻ ആശുപത്രിയിൽ ചികിത്സ തേടിയത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

‘‘വിജയകരമായി അങ്ങനെ ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകള്‍ ആയിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ.

ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടുണ്ട്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിൽ എത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്.’’–’’–മിഥുൻ പറഞ്ഞു.

കോവിഡ് മുക്തി നേടിയവരിൽ ഇപ്പോൾ ഈ രോഗാവസ്ഥ കണ്ടുവരാറുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ബീന ആന്റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു.

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കുടുങ്ങിയ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിലേതല്ലെന്ന ആരോഗ്യവകുപ്പ് അന്വേഷണ റിപ്പോർട്ടിന് എതിരെ കോഴിക്കോട് സ്വദേശി ഹർഷിന. തന്റെ വയറ്റിൽ പിന്നെ ത്രിക എങ്ങനെ എത്തിയെന്നാണ് ഹർഷിന ചോദിക്കുന്നത്. വർഷങ്ങളോളം സമാനതകളില്ലാത്ത വേദനയാണ് ഹർഷിന അനുഭവിച്ചത്. പിന്നീടാണ് വയറ്റിനുള്ളിൽ കത്രിക കുടുങ്ങിയെന്ന് കണ്ടെത്തിയതും പരാതിയുമായി രംഗത്തെത്തിയതും.

എന്നാൽ ഹർഷിനയുടെ വയറ്റിനുള്ളിൽ നിന്നും കണ്ടെടുത്ത കത്രിക മെഡിക്കൽ കോളേജിന്റേതല്ലെന്നാണ് വിദഗ്ധസംഘം റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് സമർപ്പിച്ചിരിക്കുന്നത്.

എന്നാൽ, അന്വേഷണം അട്ടിമറിക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് ആരോപിച്ച ഹർഷിന കത്രിക താൻ സ്വയം വിഴുങ്ങിയതാണോയെന്നും ചോദിക്കുന്നു. അതേസമയം, കോഴിക്കോട് മെഡിക്കൽ കോളേജിന് മുൻപിൽ ഹർഷിന നടത്തുന്ന സമരം നാലാംദിനം കഴിഞ്ഞും തുടരുകയാണ്. അഞ്ചുവർഷം താൻ സഹിച്ച വേദനയ്ക്ക് ഉത്തരം കിട്ടുംവരെ പോരാട്ടം തുടരുമെന്നു ഹർഷിന വ്യക്തമാക്കി.

തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും, തൃശൂർ ജില്ല ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് ആരോഗ്യവകുപ്പിന് വേണ്ടി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.

2017ലാണ് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസേറിയൻ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന് ജന്മം നൽകിയത്. അതേസമയം, ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ റജിസ്റ്റർ പരിശോധിച്ച് കത്രിക നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയതായി റിപ്പോർട്ടിൽ പറയുന്നു. 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്, എന്നാൽ അക്കാലത്ത് ഇൻസ്ട്രുമെന്റ് റജിസ്റ്റർ ഇല്ലാത്തതിനാൽ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോർട്ട്.

ആരോഗ്യവകുപ്പിലും നീതി നൽകുമെന്ന് ഫോൺവിളിച്ച് ഉറപ്പ് തന്ന ആരോഗ്യമന്ത്രിയിലും വിശ്വാസം നഷ്ടപ്പെട്ടതായി ഹർഷിന പ്രതികരിച്ചു. പോലീസ് അന്വേഷണത്തിലാണ് ഇനി പ്രതീക്ഷ.

ബോളിവുഡിലെ പ്രമുഖ താരവും മുൻ ലോകസുന്ദരിയുമായ സുഷ്മിത സെന്നിന്റെ പുതിയ വെളിപ്പെടുത്തലിന്റെ ഞെട്ടലിലാണ് ആരാധകർ. ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നാണ് സുഷ്മിതയുടെ വെളിപ്പെടുത്തൽ.

ഹൃദയാഘാതം സംഭവിച്ച തനിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തുവെന്നും ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണെന്നും താരം സോഷ്യൽമീഡിയയിലൂടെ അറിയിച്ചു. പിതാവ് സുബീർ സെന്നിനൊപ്പമുള്ള ചിത്രവും സുഷ്മിത ഇൻസ്റ്റഗ്രാം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

സന്തുഷ്ടിയോടെയും ധൈര്യത്തോടെയും നിന്റെ ഹൃദയത്തെ സൂക്ഷിക്കുക, ആവശ്യമുള്ള ഘട്ടത്തിൽ അത് ഉപകരിക്കും എന്ന് പിതാവ് പറഞ്ഞ വാക്കുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്.

കൂടാതെ, ഈ വിഷമഘട്ടത്തിൽ കൂടെ നിന്നവർക്ക് താരം നന്ദിയും അറിയിച്ചിട്ടുണ്ട്. ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും സുസ്മിത സെൻ കുറിച്ചു. അതേസമയം, ഫിറ്റ്നസിന് ഏറെ പ്രാധാന്യം കൊടുക്കുന്ന താരമായ സുഷ്മിതയുടെ ഈ അസുഖവിവരം ആരാധകരെ ആശങ്കയിലാക്കിയിരിക്കുകയാണ്.

സ്ഥിരമായി വർക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെക്കാറുണ്ട്. താരം ഒരു ഇടവേളയ്ക്ക് ശേഷം ‘ആര്യ’ എന്ന സീരിസിലൂടെയാണ് അഭിനയത്തിലേക്ക് തിരിച്ചുവന്നിരുന്നു.

ആലുവയിൽ മദ്യലഹരിയിലെത്തിയ യൂട്യൂബർ ഓട്ടോ ഡ്രൈവർമാരെ മർദിച്ചതായി പരാതി. ഓട്ടോ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനൊടുവിലാണ് ആക്രമണമുണ്ടായത്. ഓട്ടോ പാർക്ക് ചെയ്തതിനെ ചോദ്യം ചെയ്ത യൂട്യൂബർ മധ്യവയസ്കനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച മറ്റ് ഓട്ടോ ഡ്രൈവർമാരേയും യൂട്യൂബർ മർദിച്ചതായി പരാതിയിൽ പറയുന്നു.

അതേസമയം നേരത്തെ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിക്കാനെത്തിയ അതെ യൂട്യൂബർ പ്രതികാര ബുദ്ധിയോടെ എത്തി ബോധപൂർവം പ്രശ്‌നം ഉണ്ടാക്കി മർദിക്കുകയായിരുന്നെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു. പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെത്തിയ യുട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞിരുന്നു.

അഞ്ചോളം ആളുകളുമായാണ് യൂട്യൂബർ എത്തിയതെന്നും പോലീസ് എത്തിയതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടെന്നും ഓട്ടോ ഡ്രൈവർമാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ആലുവയിൽ ഓട്ടോ ഡ്രൈവർമാർ പ്രതിഷേധ പ്രകടനം നടത്തി.

ഐഡിയ സ്റ്റാർ സിംഗർ സീസൺ ഏഴിൽ മൽസരാർത്ഥിയായി എത്തി പ്രേക്ഷകർക്കിടയിൽ സുപരിചിതയായ താരമാണ് ലക്ഷ്മി ജയൻ. മികച്ച ഗായിക എന്നതിലുപരി വയലിനിസ്റ്റ്, റേഡിയോ ജോക്കി, ടെലിവിഷൻ അവതാരക എന്നീ നിലകളിലും ലക്ഷ്മി അറിയപ്പെടുന്നു. ചെറിയ പ്രായത്തിൽ തന്നെ തന്റെ കരിയർ ജീവിതം ആരംഭിച്ച താരം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ മത്സരത്തിയായി എത്തിയപ്പോൾ നടത്തിയ ചില തുറന്നു പറച്ചിലുകളിലൂടെ ശ്രദ്ധ നേടിയിരുന്നു. വ്യത്യസ്തമായ ശബ്ദങ്ങളിലൂടെ ഗാനമാലപിക്കാനുള്ള കഴിവ് ലക്ഷ്മിക്കുണ്ട്. ചെറിയ പ്രായത്തിൽ വിവാഹിതയായ താരത്തിന്റെ വിവാഹ ജീവിതം പരാജയമായിരുന്നു. ഇപ്പോൾ മകനും അമ്മയ്ക്കുമൊപ്പമാണ് താരം കഴിയുന്നത്.

തന്റെ ജീവിതത്തിലേക്ക് ഭർത്താവ് വന്നത് ഒരുപാട് നന്മകൾകൊണ്ടായിരുന്നെന്ന് ലക്ഷ്മി പറയുന്നു. അയാൾ തന്റെ ജീവിതത്തിലേക്ക് വന്നില്ലായിരുന്നെങ്കിൽ ഇന്നു കാണുന്ന താൻ ഉണ്ടാകില്ലായിരുന്നു. താൻ കലാരംഗത് നിൽക്കുന്നത് അയാൾക്ക് ഇഷ്ടമായിരുന്നില്ല. താൻ നല്ലൊരു പാട്ടുകാരിയാണെങ്കിൽ ചിത്രച്ചേച്ചിയെ പോലെ സ്റ്റേജിൽ നല്ല പാട്ടുകൾ പാടി കഴിവ് തെളിയിക്കണം എന്നായിരുന്നു അയാൾ തന്നോട് പറഞ്ഞത്. തന്നെ സപ്പോർട്ട് ചെയ്യാൻ വേണ്ടിയാണ് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് താൻ ആദ്യം കരുതിയിരുന്നത്. അങ്ങനെ താൻ ഭർത്താവിനെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി പാട്ടൊക്കെ പാടി തുടങ്ങി. അങ്ങനെ തനിക്ക് ഒരു റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം കിട്ടിയെന്ന് ലക്ഷ്മി പറയുന്നു.

അതിനുശേഷമാണ് അയാൾ ആദ്യമായി തനിക്ക് വക്കീൽ നോട്ടീസ് അയക്കുന്നത്. അതിൽ എഴുതിയിരിക്കുന്നത് വെറും അനാവശ്യമായിട്ടുള്ള കാര്യങ്ങളായിരുന്നു. താൻ കുഞ്ഞിനെ കളയാൻ ശ്രമിച്ചു. ഛായ ഇട്ടുകൊടുത്തില്ല അങ്ങനെയുള്ള ചെറിയ കാര്യങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്. അത് കണ്ടാൽ തോന്നും ചൂരലിൽ രണ്ടെണ്ണം കൊടുക്കാൻ. ആ സമയത്ത് തനിക്ക് ഡിപ്രെഷൻ വന്നുവെന്ന് താരം പറയുന്നു. ഭാഗ്യത്തിന് തനിക്ക് തന്നെ തിരിച്ചറിയാൻ പറ്റിയിരുന്നു. പക്ഷെ ആരോടും മിണ്ടാൻ സാധിച്ചിരുന്നില്ല. ഇതിനിടെ ആ വയലിനെടുത്തു വായിക്കാൻ തന്റെ ചിറ്റ പറഞ്ഞു.

അങ്ങനെ താൻ വയലിൻ വായിച്ചു തുടങ്ങുകയും പ്രോഗ്രാമുകൾ ചെയ്യാനും തുടങ്ങി. പിന്നീട് എല്ലാം നല്ലതായി തുടങ്ങി. തന്റെ ജീവിതത്തിലേക്ക് ആ മനുഷ്യൻ വന്നില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നെന്ന് ലക്ഷ്മി പറയുന്നു. ഇപ്പോൾ തനിക്ക് ഒറ്റയ്ക്ക് ജീവിക്കാനും യാത്ര ചെയ്യാനും ഏത് കാര്യവും നേരിടാനും സാധിച്ചു. അതിനാൽ അദ്ദേഹത്തോട് താൻ വളരെയധികം കടപ്പെട്ടിരികുനെന്നു താരം പറയുന്നു.

പനയ്ക്കപ്പാലം പ്ലാശനാൽ റൂട്ടിൽ വാഹനാപകടം. പിക്കപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപക‌ടം ഉണ്ടായത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഒരാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. തലപ്പലം സ്വദേശിയായ അനന്തു(19) ആണ് മരിച്ചത്.ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പനക്കപ്പാലം പ്ലാശനാൽ റൂട്ടിൽ സെൻറ് ജോർജ് തടി മില്ലിന് സമീപമാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.15-ഓടെ ആയിരുന്നു അപകടം.

റോഡിലെ വളവിൽ കോഴിത്തീറ്റയുമായി പോവുകയായിരുന്ന പിക്കപ്പ് ലോറിയിലാണ് ബൈക്ക് ഇടിച്ചത്.അപകടത്തിൽപ്പെട്ട യുവാക്കളിൽ ഒരാൾ പൂഞ്ഞാർ മുരിങ്ങപ്പുറം സ്വദേശിയാണ്. മൃതദേഹം മേരിഗിരിയിലെ സ്വകാര്യ ആശുപത്രിയിൽ.

മേഘാലയയില്‍ നടന്ന വാഹനാപകടത്തില്‍ വൈദികനും കന്യാസ്ത്രീയും ഡീക്കനും ഉള്‍പ്പടെ ആറു പേര്‍ മരിച്ചു. ബരാമ ഇടവക വികാരിഫാ. മാത്യുദാസ്, ബരാമ ഫാത്തമ കോണ്‍വെന്റിലെ സിസ്റ്റര്‍ മെലഗ്രീന്‍ ഡാന്റ്‌സ്,സിസ്റ്റര്‍ പ്രൊമീള ടിര്‍ക്കിസ സിസ്റ്റര്‍ റോസി നോന്‍ഗ്ര്, ഡീക്കന്‍ മെയ്‌റാന്‍ എന്നിവരും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. ട്രക്ക് ഡ്രൈവറും സഹായിയും ഗുരുതരമായിപരിക്കേറ്റ് ചികിത്സയിലാണ്.

അമിതവേഗത്തില്‍ വന്ന ട്രക്ക് കാറിലിടിക്കുകയായിരുന്നു.കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മേഘാലയയിലെ സുമേറിലായിരുന്നു അപകടം. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്കായിരുന്നു അപകടം. ഷില്ലോംഗില്‍ നിന്ന് സിമന്റുമായി ഗോഹട്ടിയിലേക്ക് പോകുകയായിരുന്നു ട്രക്ക്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഷില്ലോംഗ് സിവിൽ ആശുപത്രിയിലേക്കു മാറ്റി. അപകടത്തിൽ ട്രക്ക് ഡ്രൈവർക്കും സഹായിക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ചികിത്സയിലാണ്.

1970 ഫെബ്രുവരി 10ന് ജനിച്ച ഫാ. ദാസ് 2005 നവംബർ 20നാണ് വൈദികനായി അഭിഷിക്തനായത്. 1985-ൽ തേസ്പൂർ രൂപതയുടെ കീഴിൽ ഒരു മിഷനായിട്ടാണ് അദ്ദേഹം സേവനം ചെയ്തുക്കൊണ്ടിരിന്ന ബരാമ ഇടവക ആരംഭിച്ചത്. ഫാത്തിമ സന്യാസിനികള്‍ ഇടവകയിൽ പെൺകുട്ടികളുടെ ഹോസ്റ്റലും ഒരു തൊഴിൽ പരിശീലന കേന്ദ്രവും ഒരു ഡിസ്പെൻസറിയുമായി സേവനം ചെയ്തു വരികയായിരിന്നു. ദാരുണമായ സംഭവത്തിൽ ബൊന്‍ഗായിഗാവ് ബിഷപ്പ് തോമസ് പുല്ലോപ്പിള്ളിൽ അതീവ ദുഃഖം രേഖപ്പെടുത്തി.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ നനഞ്ഞ തുടക്കമാണ് കേരള സ്‌ട്രൈക്കേഴ്‌സിന്റെത്. നടന്ന രണ്ട് മത്സരങ്ങളിലും കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടിരുന്നു. ജയ്പൂരിലായിരുന്നു കേരള സ്‌ട്രൈക്കേഴ്‌സിന്റ കഴിഞ്ഞ മത്സരം. മത്സരത്തിന് ശേഷമുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത്.

കുഞ്ചാക്കോ ബോബനോട് ഓട്ടോഗ്രാഫ് ചോദിക്കുന്ന ആരാധകരുടെ വീഡിയോയാണ് വൈറലാകുന്നത്. മത്സരം ജയ്പൂരിലായത് കൊണ്ടു തന്നെ ‘എന്നെ നിങ്ങള്‍ക്കറിയാമോ’ എന്ന് ചോദിച്ചു കൊണ്ടാണ താരം ഓട്ടോഗ്രാഫ് നല്‍കുന്നത്.

കുറച്ചു ആളുകള്‍ക്ക് ഓട്ടോഗ്രാഫ് നല്‍കിയ ശേഷം ഞങ്ങള്‍ മലയാളികളാണെന്ന് ഒരു കൂട്ടം ആരാധകര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. രസകരമായ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ആദ്യ മത്സരത്തില്‍ സ്റ്റാന്‍ഡിംഗ് ക്യാപ്റ്റനായി ഉണ്ണി മുകുന്ദന്‍ ആണ് എത്തിയത്.

തെലുങ്ക് വാരിയേഴ്‌സിനോടുള്ള മത്സരത്തില്‍ 64 റണ്‍സിന് ആയിരുന്നു കേരള സ്‌ട്രൈക്കേഴ്‌സ് പരാജയപ്പെട്ടത്. രണ്ടാമത്തെ മത്സരത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തിയിരുന്നു. എന്നാല്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സുമായുള്ള മത്സരത്തില്‍ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

 

View this post on Instagram

 

A post shared by @sunsets_and_streets

അധ്യാപകന്‍ പരസ്യമായി അവഹേളിച്ചതില്‍ മനംനൊന്ത് 16 കാരന്‍ ക്ലാസ് മുറിയില്‍ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സാത്വിക്കിനെയാണ് ക്ലാസ്മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ് സംഭവം. ഹൈദരാബാദ് നാര്‍സിംഗിയിലെ ശ്രീചൈതന്യ ജൂനിയര്‍ കോളജിലെ വിദ്യാര്‍ത്ഥിയാണ് സാത്വിക്. തുണി ഉണക്കാനുപയോഗിച്ചുള്ള നൈലോണ് കയര്‍ ഉപയോഗിച്ചാണ് സാത്വിക് തൂങ്ങിയത്. വിദ്യാര്‍ത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തി.

തനിക്ക് പഠന ഭാരം താങ്ങാനാവുന്നില്ലെന്ന് വിദ്യാര്‍ത്ഥി കുറിച്ചു. കഴിഞ്ഞ പരീക്ഷയില്‍ സാത്വികിന് മാര്‍ക്ക് കുറവായിരുന്നു. ഇതോടെ ഒരു അധ്യാപകന്‍ മറ്റു വിദ്യാര്‍ഥികളുടെ മുന്നില്‍ വച്ച് സാത്വികിനോട് മോശമായി പെരുമാറി. മറ്റുള്ളവര്‍ക്കു മുന്നില്‍ വച്ചു പരസ്യമായി അടിക്കുകയും ചീത്തവിളിക്കുകയും ചെയ്തു.

തന്നെ അപമാനിച്ചെന്ന് സാത്വിക് പ്രിന്‍സിപ്പല്‍ക്ക് പരാതി നല്കിയിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. പരാതി കൊടുത്തതിന് പിന്നാലെ അധ്യാപകന്‍ പ്രതികാര നടപടി തുടങ്ങിയിരുന്നു. ഇതില്‍ മനം നൊന്താണ് സാത്വിക് ജീവനൊടുക്കിയതെന്നാണ് സഹപാഠികളും ബന്ധുക്കളും ആരോപിക്കുന്നത്.

വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പ്രതിനായക കഥാപാത്രമാക്കി രാമസിംഹന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘1921 പുഴ മുതല്‍ പുഴ വരെ’. ഷൂട്ടിംഗിന് മുന്‍പ് തന്നെ ചിത്രം വിവാദങ്ങളില്‍ നിറഞ്ഞിരുന്നു. ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം നാളെ തിയേറ്ററുകളിലെത്തും.

രാമസിംഹൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ചിത്രം തിയേറ്ററിൽ കാണണമെങ്കിൽ തിരിച്ചറിയൽ കാർഡ് വേണമെന്ന് അറിയിച്ചിരിക്കുകയാണ് പ്രമുഖ ബുക്കിംഗ് ആപ്പായ ബുക്ക് മൈ ഷോ. തിരിച്ചറിയൽ കാർഡ് ഇല്ലാത്തവരെ തിയേറ്ററില്‍ കയറ്റില്ലെന്നും ടിക്കറ്റിന് മുടക്കിയ പണം തിരികെ ലഭിക്കില്ലെന്നും ബുക്ക്‌ മൈ ഷോ ആപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മമധര്‍മ്മ എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് ജനങ്ങളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിച്ചാണ് ചിത്രം നിര്‍മ്മിച്ചത്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി തലൈവാസല്‍ വിജയ് ആണ് വേഷമിടുന്നത്. ജോയ് മാത്യു, ആര്‍എല്‍വി രാമകൃഷ്ണന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

1921 മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് ബലിയർപ്പിച്ച് രാമസിംഹൻ അബൂബക്കർ

1921-ലെ മാപ്പിള ലഹളയിൽ കൊല്ലപ്പെട്ടവർക്ക് സമൂഹ ബലി അർപ്പിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. പുതിയ ചിത്രം ‘ 1921: പുഴ മുതല്‍ പുഴ വരെ’ മാർച്ച് മൂന്നിന് റിലീസ് ആകുന്നതിന് മുൻപാണ് ബലി അർപ്പിചിരിക്കുന്നത്. 1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ. പൂർവ്വികർക്ക് നൽകാനുള്ള. മഹത്തായ ബലിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

”1921ലെ ആത്മാക്കൾക്ക് 2021ൽ ബലിയിട്ട് തുടങ്ങിയതാണ് മമധർമ്മ ഇന്ന് ഞാനവർക്ക് അർപ്പിക്കുന്നത് ഒരു സമൂഹ ബലിയാണ്, ലോകത്തിന്റെ എല്ലാ കോണിൽ നിന്നും അവർക്ക് ലഭിച്ച ഒരുരുള ചോറ് അതാണ് 1921 പുഴമുതൽ പുഴവരെ…. ആ അർപ്പണത്തിൽ നിങ്ങളും പങ്കാളികളാവുക… ഇത് പൂർവ്വികർക്ക് നൽകാനുള്ള മഹത്തായ ബലിയാണ്… ഓർക്കണം… ഓർമ്മിപ്പിക്കണം ചങ്കു വെട്ടി… വെട്ടിച്ചിറ.. ഇതൊക്കെ ചരിത്രത്തിന്റെ ശേഷിപ്പുകളാണ്… തുവ്വൂരിൽ നാഗാളിക്കാവിൽ, പുഴമുതൽ പുഴവരെയിൽ ബലിയാടായവരെ.. നിങ്ങൾക്കുള്ള ഒരു തർപ്പണമാണ്… നിലവിളിച്ചവർക്കുള്ള തർപ്പണം.. മമധർമ്മ… ഇനി ഞാനൊന്നുറങ്ങട്ടെ”

‘മമ ധര്‍മ്മ’യെന്ന ബാനറിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് രാമസിംഹന്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം 2021 ഫെബ്രുവരി 20ന് വയനാട്ടിലാണ് ആരംഭിച്ചത്. ചിത്രത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷത്തില്‍ എത്തുന്നത് തലൈവാസല്‍ വിജയ് ആണ്. ജോയ് മാത്യുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതേസമയം സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഏഴ് കട്ടുകള്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നതായും സംവിധായകന്‍ അറിയിച്ചിരുന്നു.

1921ലെ മലബാറിന്റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാമസിംഹനും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. എന്നാല്‍ തങ്ങള്‍ ചെയ്യാനിരുന്ന സിനിമയില്‍ നിന്ന് ആഷിക് അബുവും പൃഥ്വിരാജും പിന്മാറിയിരുന്നു. നിര്‍മ്മാതാവുമായുള്ള അഭിപ്രായഭിന്നതയാണ് കാരണമായി ആഷിക് അബു പറഞ്ഞത്. അതേസമയം പുതിയ സംവിധായകനെയും താരങ്ങളെയും വച്ച് ‘വാരിയംകുന്നന്‍’ രണ്ട് ഭാഗങ്ങളിലായി നിര്‍മ്മിക്കുമെന്ന് നിര്‍മ്മാതാക്കളായ കോംപസ് മൂവീസ് അറിയിച്ചിരുന്നു.

Copyright © . All rights reserved