ചങ്ങനാശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് ബികോം വിദ്യാർത്ഥിയായ യുവാവ് മരിച്ചു. ചെത്തിപ്പുഴ ക്രിസ്തു ജ്യോതി ജൂനിയർ കോളജിൽ അവസാന വർഷ ബികോം വിദ്യാർത്ഥിയായ അഭിജിത്ത് എം കുമാറാണ് (22) മരിച്ചത്. ചങ്ങനാശേരി തെങ്ങണ കരിക്കണ്ടം റോഡിൽ പുന്നക്കുന്നം ഭാഗത്ത് ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്.
തെങ്ങണായിൽ ഫ്രൂട്ട് സ്റ്റാൾ നടത്തുകയാണ് അഭിജിത്തിന്റെ അച്ഛൻ എം ആർ അജികുമാർ. തെങ്ങണായിൽ നിന്ന് തിരികെ വീട്ടിലേക്ക് മടങ്ങവെ വീടിന് സമീപത്തുവെച്ചാണ് അഭിജിത് സഞ്ചരിച്ച ബൈക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചത്. ഇന്നലെ രാവിലെ 10.45 ഓടെയാണ് അപകടമുണ്ടായത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം ഇന്ന് 4മണിക്ക് വീട്ടുവളപ്പിൽ. മാതാവ് : പരേതയായ ബിന്ദു.
തിരുവനന്തപുരത്ത് യുവാവിനെ സുഹൃത്തുക്കൾ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ശ്രീകാര്യം കട്ടേല അമ്പാടി നഗർ സ്വദേശി സാജു (39) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾ വീട്ടിൽനിന്നു വിളിച്ചു കൊണ്ട് പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കട്ടേല ഹോളിട്രിനിറ്റി സ്കൂളിന് സമീപത്താണ് സംഭവം. ഇന്നലെ രാത്രി കട്ടേലയിലുള്ള സുഹൃത്തുക്കളുമായി സാജു മദ്യപിക്കാനായി ഒത്തുകൂടിയിരുന്നുവെന്ന് പോലീസ് പറയുന്നു. ഇതിനിടെ ഇവർ സാജുവിന്റെ മൊബൈൽ ബലമായി പിടിച്ചു വാങ്ങി. ഈ മൊബൈൽ തിരികെ വാങ്ങാനെത്തിയ സാജുവും രണ്ടു സുഹൃത്തുക്കളുമായി തർക്കമായി. കല്ലും തടി കഷണങ്ങളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. മർദ്ദനത്തിൽ അവശനായ സാജുവിനെ വഴിയിലുപേക്ഷിച്ച് ഇവർ കടന്നു കളഞ്ഞു. മദ്യപിച്ച് അവശനായി കിടക്കുന്നതാണെന്നു കരുതി ഇതുവഴി കടന്നുപോയവർ ശ്രദ്ധിച്ചതുമില്ല.
വെളുപ്പിന് രണ്ടു മണിയോടെ നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. വിവരമറിഞ്ഞ ശ്രീകാര്യം പോലീസ് സ്ഥലത്തെത്തി ഇയാളെ ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു. പ്രതികളിലൊരാളായ അനീഷ് വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.
കെഎസ്ആർടിസിയിൽ ശമ്പളം വൈകിയതിനെ തുടർന്നുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളെകൊണ്ട് കെഎസ്ആർടിസി ബസ് ഡ്രൈവർ ജീവനൊടുക്കി. കിഴക്കേക്കോട്ട സിറ്റി ഡിപ്പോയിലെ ഡ്രൈവർ തൊളിക്കോട് കാരയ്ക്കൻതോട് തോണിപ്പാറ അഭിജിത്ത് ഭവനിൽ ജി. സജികുമാറി(52)നെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
കുടുംബപ്രശ്നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്നാണ് കുടുംബപ്രശ്നം ഉണ്ടായതെന്ന് സഹപ്രവര്‍ത്തകർ പറഞ്ഞു. ശബരിമല സീസണിൽ സജികുമാറിനെ ഒരു മാസത്തോളം പമ്പ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. 30 നാണു തിരികെ എത്തിയത്. ശബരിമല സ്പെഷ്യൽ ഡ്യൂട്ടിയുടെ ശമ്പളം ഇതുവരെ സജികുമാറിന് ലഭിച്ചിരുന്നില്ല.
അറ്റൻഡൻസ് രജിസ്റ്ററിലെ വിവരങ്ങൾ ഹെഡ് ഓഫീസിലേക്കയച്ചതിലെ പിഴവുമൂലം നവംബർ മാസത്തിലെ ശമ്പളവും സജികുമാറിന് ലഭിച്ചിട്ടില്ല. രണ്ടു മാസത്തെ ശമ്പളം ലഭിക്കാതെ വന്നതോടെ കടുത്ത നിരാശയിലും സാമ്പത്തിക പ്രതിസന്ധിയിലുമായിരുന്നു സജികുമാറെന്ന് സഹപ്രവർത്തകർ പറയുന്നു.
ഡിസംബറിൽ ശബരിമല ഡ്യൂട്ടിക്കായി പമ്പയിലേക്കു പോകുമ്പോൾ പലചരക്കു സാധനങ്ങൾ വാങ്ങിയ വകയിൽ 18,000 രൂപ കടം ഉണ്ടായിരുന്നു. ശമ്പളം വൈകാതെ വരുമെന്നു പ്രതീക്ഷിച്ച സജികുമാർ തന്റെ സുഹൃത്തും കെഎസ്ആർടിസി ഡ്രൈവറുമായ സുരേന്ദ്രന്റെ പക്കൽ എടിഎം കാർഡ് നൽകിയ ശേഷമാണ് സജികുമാർ ശബരിമല ഡ്യൂട്ടിക്ക് പോയത്.
സജികുമാറിന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. എന്നാൽ ഇതുവരെയും കെഎസ്ആർടിസി ശമ്പള ഇനത്തിൽ ഒരു രൂപ പോലും വന്നിട്ടില്ലെന്ന് സുഹൃത്ത് സുരേന്ദ്രൻ പറയുന്നു. പമ്പ ഡ്യൂട്ടി കഴിഞ്ഞെത്തി ശമ്പളം സറണ്ടർ ചെയ്തു വാങ്ങി ലോൺ വ്യവസ്ഥയിൽ ബൈക്ക് വാങ്ങണം എന്നായിരുന്നു സജികുമാർ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.
പയ്യന്നൂരിൽ വീട്ടമ്മയെ ആക്രമിച്ച സംഭവത്തിൽ യുവാവിനെതിരെ പോലീസ് കേസെടുത്തു. വീട്ടമ്മയുടെ ഭർത്താവിന്റെ ആദ്യഭാര്യയിലെ മകനെതിരെയാണ് പോലീസ് കേസെടുത്തത്. ഈ മാസം ആറാം തീയതി വൈകുന്നേരം നാലരയോടെയാണ് പിതാവിന്റെ രണ്ടാം ഭാര്യയായ വീട്ടമ്മയെ യുവാവ് ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്. പാലക്കോട്ടെ ബാങ്കിൽ എത്തിയതായിരുന്നു വീട്ടമ്മ.
മർദ്ദനത്തിൽ പരിക്കേറ്റ് അവശ നിലയിലായ വീട്ടമ്മയെ ആശുപത്രിയിൽ എത്തിക്കാൻശ്രമിച്ചതും യുവാവ് തടഞ്ഞിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ടാണ് വീട്ടമ്മയെ പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചത്. വീട്ടമ്മയുടെ ഭർത്താവിന്റെ ആദ്യ ഭാര്യയിലെ മകൻ വീട്ടമ്മയോട് ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി നിരന്തരം നിർബന്ധിച്ചിരുന്നു. എന്നാൽ വീട്ടമ്മ യുവാവിന്റെ ആഗ്രഹത്തിന് വഴങ്ങാത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്.
നിലവിൽ നിയമ പ്രകാരമായി വിവാഹം കഴിച്ച വീട്ടമ്മയുടെ ഭർത്താവിനെ കാണരുതെന്നും യുവാവ് ഭീഷണിപ്പെടുത്തിയിരുന്നതായും വീട്ടമ്മ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. നേരത്തെയും യുവാവ് വീട്ടമ്മയ്ക്കെതിരെ ആക്രമണം നടത്തിയിരുന്നു. പൊതുസഥലത്ത് സ്ത്രീത്വത്തെ അപമാനിച്ചതിന് 354 വകുപ്പ് ചുമത്തിയാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്.
വീട്ടില്‍ കയറി അക്രമം നടത്താൻ നോക്കിയവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി നടൻ ബാല. അക്രമികൾ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ അടക്കം തന്റെ കയ്യിൽ ഉണ്ടെന്നും സംഭവത്തിന് രണ്ട് ദിവസം മുൻപേ ഇതേ അക്രമികൾ താനും ഭാര്യയും നടക്കാനിറങ്ങിയപ്പോൾ വന്ന് കാലിൽ വീണിരുന്നുവെന്നും ബാല പറയുന്നു.
‘‘ഒരു ദിവസം രാവിലെ 6 മണിക്ക് ഞാനും ഭാര്യയും നടക്കാൻ പോകുകയായിരുന്നു. അപ്പോൾ രണ്ട് പേർ വന്നു. എലിസബത്തിന്റെ കാലിൽ വീണു. പിറ്റേദിവസം ആരോടും പറയാതെ ഇവർ വീട്ടിലേക്ക് കയറിവന്നു. എന്റെ സുഹൃത്തുക്കൾ ഇവിടെ ഉണ്ടായിരുന്നു. അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇറങ്ങി പോയി. ഇറങ്ങി പോയവർ പുറത്തൊക്കെയൊന്ന് കറങ്ങി, പിന്നെ അകത്ത് കയറാൻ ശ്രമിച്ചു. ഇതാണ് സംഭവിച്ചത്. ഒരാളെ കിട്ടി. ഇവിടെയിരിക്കുന്ന പെണ്ണുങ്ങളോട് മോശമായി പെരുമാറാൻ ശ്രമിച്ചു. അപ്പോൾ ഞാൻ പ്രതികരിച്ചു.
ഇന്നലെ ഞാൻ കോട്ടയത്ത് പരിപാടിക്ക് പോയിരുന്നു. അപ്പോൾ അതേ ആളുകൾ ഞാനിവിടെ ഇല്ലെന്ന് അറിഞ്ഞ് വന്ന് ഗുണ്ടായിസം കാണിച്ചു. ഞാൻ ഇല്ലെന്നറിഞ്ഞ് എന്റെ ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ചു. കത്തികൊണ്ടായിരുന്നു ആക്രമണ ശ്രമം. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ട്. നാവിൽ സ്റ്റാമ്പ് വച്ചാണ് അവർ വന്നത്. അത് അടിച്ച് കഴിഞ്ഞാൽ പിന്നെ ഫുൾ ബോധമില്ലാത്ത അവസ്ഥയായിരിക്കുമല്ലോ. ഫുൾ സിസിടിവി ദൃശ്യങ്ങൾ കയ്യിൽ ഉണ്ട്. അവരുടെ വണ്ടി നമ്പർ വരെ കയ്യിലുണ്ട്.
എന്നെ കൊല്ലണം എന്നു പറഞ്ഞാണ് അവർ വന്നത്. ഞാനെന്ത് പാപമാണ് ചെയ്തത്. ചിലപ്പോൾ ക്വട്ടേഷൻ ആകാം. അങ്ങനെ ആണെങ്കിൽ രണ്ട് പേരെ വിട്ട് എന്നെ നാണം കെടുത്തരുത്. ഒരു മുപ്പത്, നാൽപത് പേരെ വിടൂ. ആണുങ്ങളില്ലാത്ത സമയത്ത് വീട്ടിൽ ചെന്ന് പെണ്ണുങ്ങളെ പേടിപ്പിക്കുന്നതാണോ ആണത്തം. അവൾക്കെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ? എലിസബത്തിന് ഇപ്പോൾ ഇവിടെ നിൽക്കാൻ വരെ പേടിയാണ്. അവരൊരു ഡോക്ടറാണ്. ജീവിതത്തിൽ ഇതൊന്നും അവൾ കണ്ടിട്ടില്ല. എന്നെ ജീവിക്കാൻ സമ്മതിക്കുന്നില്ല.
ഇതിന് മുൻപ് അവരെ കണ്ടിട്ടില്ല. ഭാര്യയുടെ കാലിൽ വന്ന് വീണവർ തന്നെയാണ് ആക്രമിക്കാൻ വന്നത്. അതുൽ എന്നാണ് പേര്. എന്തിനാണ് അവർ ചെയ്തത് എന്നറിയില്ല. പക്ഷേ ഭയങ്കരമായി എനിക്ക് അദ്ഭുതം തോന്നി. ഇതാദ്യത്തെ സംഭവമായിരുന്നു. ഈ സംഭവത്തിന് കാരണം എനിക്ക് അറിയാം. ചില തെറ്റുകൾ ഇവിടെ സംഭവിക്കുന്നുണ്ട്. കഞ്ചാവ് അടിച്ച് വന്നവരാണ് ആക്രമിച്ചത്. എലിസബത്ത് ഭയങ്കരമായി കരഞ്ഞു. ഇവിടെ നിന്ന് പോകുമെന്നാണ് പറയുന്നത്. പൊലീസ് വന്നപ്പോഴാണ് കരച്ചിൽ നിർത്തിയത്. കേരള പൊലീസിന്റെ മുഴുവൻ പിന്തുണ എനിക്കുണ്ട്. സംഭവം നടന്ന ഉടൻ തന്നെ അവർ വന്നു.
അവരെ ഇതൊന്നും മുൻപ് കണ്ടിട്ടില്ല. ഇതൊക്കെ സംഭവിക്കുമ്പോഴാണ് ഒരു കുടുംബ ജീവിതം തകർന്ന് പോകുന്നത്. ഞാൻ വളരെയധികം ശ്രമിക്കുന്നുണ്ട്. പക്ഷേ എന്ത് ചെയ്യാൻ പറ്റു. നമ്മൾ നൻമയാണ് ചെയ്യന്നത്. ഈ കഞ്ചാവ് അടിക്കുന്നവന് നിയമം ഉണ്ട്. നല്ലത് ചെയ്യുന്നവർക്ക് നിയമം ഇല്ല.
കേരളത്തിൽ നടക്കുന്നൊരു കാര്യം തുറന്ന് പറയുകയാണ്. ഈ കഞ്ചാവ് , സ്റ്റാമ്പ് എന്നിവ ഉപയോഗിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അവർക്ക് അമ്മയ്ക്കും പെങ്ങൾക്കുമുള്ള വ്യത്യാസം അറിയില്ല. അവൻമാരെ പൊലീസ് പിടിക്കണം. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം ഞാനും എലിസബത്തും ലഹരിക്കെതിരായ ക്യാംപെയ്നിൽ പങ്കെടുത്തിരുന്നു. സിനിമയിൽ നിന്ന് ആരും ഇത് അറിഞ്ഞ് വിളിച്ചിട്ടില്ല, അത്രയും സ്നേഹമാണല്ലോ എല്ലാവർക്കും എന്നോട്.’’– ബാല പറഞ്ഞു.
നടന് ബാലയുടെ വീട്ടില്‍ അജ്ഞാത സംഘം അതിക്രമിച്ചു കയറാന്‍ ശ്രമിച്ചതായി പരാതി. ബാല വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. മൂന്നംഗ സംഘം വീട്ടില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു എന്നാണ് ബാല പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി.
മൂന്നംഗ സംഘം ആയുധങ്ങളുമായാണ് എത്തിയത് എന്നാണ് ബാല പറയുന്നത്. അക്രമി സംഘം എത്തുമ്പോള്‍ ഭാര്യ എലിസബത്ത് ഫ്ളാറ്റില്‍ തനിച്ചായിരുന്നു. കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പോയതായിരുന്നു ബാല. ഈ സമയത്താണ് അക്രമികള്‍ എത്തിയത്.
വാതിലില്‍ തട്ടി ശബ്ദമുണ്ടാക്കിയതോടെ എലിസബത്ത് ഭയന്നു. അയല്‍ വീട്ടിലും പോയി അക്രമികള്‍ ഭീഷണിപ്പെടുത്തി. അക്രമികള്‍ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. മദ്യവും മയക്കുമരുന്നും ഉപയോഗിച്ചവരാണ് അക്രമികള്‍ എന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
ഫ്ളാറ്റുകളുടെ പാര്‍ക്കിംഗ് ഏരിയയില്‍ സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവരാണ് അക്രമികള്‍ എന്നാണ് സംശയിക്കുന്നത് എന്നാണ് ബാല പറയുന്നത്. നേരത്തെ ബാലയും സുഹൃത്തുക്കളും വീട്ടില്‍ ഉള്ളപ്പോഴും ചിലര്‍ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് ബാലയും എലിസബത്തും നടക്കാന്‍ ഇറങ്ങിയപ്പോള്‍ ആരാധകനാണെന്ന് പറഞ്ഞ് ഇവരില്‍ ഒരാള്‍ തന്റെ ഫോട്ടോ എടുക്കുകയും കാലില്‍ വീഴുകയും ചെയ്തുവെന്നും ബാല പറയുന്നുണ്ട്.
ബ്രിട്ടണില്‍ കൊല്ലപ്പെട്ട മലയാളി നഴ്സ് അഞ്ജുവിന്റേയും മക്കളായ ജാന്‍വി, ജീവ എന്നിവരുടേയും മൃതദേഹങ്ങള്‍ നാട്ടിലെത്തി. ഇന്ന് രാവിലെ 8.05-നെത്തുന്ന എമിറേറ്റ്സ് വിമാനത്തിലാണ് മൃതദേഹം കൊണ്ടുവന്നത്.
വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ക്ക് ശേഷമായിരിക്കും മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങുക. അഞ്ജുവിന്റെ സഹപ്രവര്‍ത്തകനായ മനോജാണ് മൃതദേഹങ്ങള്‍ക്കൊപ്പം അനുഗമിക്കുന്നത്.
മൃതദേഹങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അഞ്ജുവിന്റെ ജന്മനാട്ടിലെ ജനപ്രതിനിധികളടക്കമുള്ളവര്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. മൂന്ന് ആംബുലന്‍സുകളിലായാണ് കൊണ്ടുപോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കാണ് അഞ്ജുവിന്റേയും മക്കളുടേയും സംസ്കാരം.
ഒരാഴ്ച മുന്‍പായിരുന്നു മൃതദേഹങ്ങള്‍ ബ്രിട്ടീഷ് പൊലീസ് ഫ്യുണറല്‍ ഡയറക്ടേഴ്സിന് കൈമാറിയത്. കെറ്ററിങ്ങില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിനായി 30 ലക്ഷത്തോളം രൂപയാണ് ആവശ്യമായി വന്നത്.
കഴിഞ്ഞ ഡിസംബര്‍ 15-നായിരുന്നു ബ്രിട്ടണിലെ കെറ്ററിങ്ങില്‍ വച്ച് ഭര്‍ത്താവ് സാജു അഞ്ജുവിനേയും മക്കളേയും കൊലപ്പെടുത്തിയത്. ശ്വാസം മുട്ടിച്ചാണ് സാജു കൊലപാതകം നടത്തിയതെന്നാണ് ബ്രിട്ടീഷ് പൊലീസ് അഞ്ജുവിന്റെ കുടുംബത്തെ അറിയിച്ചത്.
ഷോള് അല്ലെങ്കില്‍ കയറായിരിക്കണം കഴുത്തു ഞെരിക്കാന്‍ ഉപയോഗിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. അഞ്ജുവിന്റെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നതായും പൊസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് പൊലീസിന്റെ കസ്റ്റഡിയിലുള്ള സാജുവിന്റെ വിചാരണ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് വിവരം.
കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടിഷ് പൊലീസ് സംഘം കേരളത്തിലെത്തും. കേസന്വേഷണത്തിനു നേതൃത്വം നല്കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വവെസ്റ്റിഗേഷന്‍ ഓഫിസറുമാണ് കേരളത്തിലേക്ക് എത്തുന്നത്.
അഞ്ജുവിന്റെയും കുട്ടികളുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനൊപ്പം എത്താനിരുന്ന ഇരുവരും അവസാന നിമിഷം ഹോം ഓഫിസിന്റെ ചില ക്ലിയറന്‍സുകള്‍ കിട്ടാതിരുന്നതിനാല്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഹോം ഓഫിസിന്റെ അന്തിമ അനുമതി ലഭിച്ചാലുടന്‍ ഇരുവരും കേരളത്തില്‍ എത്തുമെന്നാണു വിവരം.
2016 മുതൽ മലയാള ചലച്ചിത്ര മേഖലയിൽ സജീവമായ താരമാണ് ഗ്രേസ് ആന്റണി.2016 ൽ പുറത്തിറങ്ങിയ ഹാപ്പി വെഡിങ് ആയിരുന്നു താരത്തിന്റെ ആദ്യ ചിത്രം. ചിത്രത്തിൽ ടീന എന്ന സഹനടിയുടെ വേഷമാണ് താരം അവതരിപ്പിച്ചത്. ഹാപ്പി വെഡിങ്ങിന് ശേഷം ജോർജെട്ടൻസ് പൂരം,ലക്ഷ്യം,കാബോജി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചുവെങ്കിലും 2019 ൽ പുറത്തിറങ്ങിയ കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലെ സിമി എന്ന കഥാപാത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടിയത്. പിന്നീട് ഹലാൽ ലവ് സ്റ്റോറി, കനകം കാമിനി കലഹം,റോഷക്ക്, അപ്പൻ,പത്രോസിന്റെ പടങ്ങൾ തുടങ്ങിയ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുവാൻ താരത്തിന് സാധിച്ചു.
പടച്ചോനെ ഇങ്ങള് കാത്തോളി യാണ് തരത്തിന്റെതായി അവസാനമായി പുറത്തിറങ്ങിയ ചിത്രം. നടി എന്നതിലുപരി ഒരു നർത്തകിയും മികച്ച മോഡലും കൂടിയാണ് താരം.ചലച്ചിത്രമേഖലയിൽ തുടക്കത്തിൽ നേരിടേണ്ടിവന്ന മോശം അനുഭവത്തെകുറിച്ചും ഒപ്പം ഒഡിഷനുപോയപ്പോൾ ഉണ്ടായ സംഭവങ്ങളെ കുറിച്ചും സോഷ്യൽ മീഡിയയിലൂടെ വെളിപ്പെടിത്തിയിരിക്കുകയാണ് താരം ഇപ്പോൾ.
പപ്പയോടൊപ്പമായിരുന്നു താൻ ആദ്യമായി ഒഡിഷനു പോയതെന്നും ഹാപ്പി വെഡിങ് ആയിരുന്നു തന്റെ ആദ്യ ഒഡിഷൻ ചിത്രമെന്നും താരം പറയുന്നു. സിനിമയിൽ ചെയ്ത അതെ രംഗം തന്നെയായിരുന്നു അന്ന് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും വന്നവരൊക്കെ വളരെ നന്നായി പാടാൻ ശ്രമിക്കുന്നുണ്ടായിരുന്നെന്നും താരം പറയുന്നു. എന്നാൽ അതിലൊക്കെ വ്യത്യസ്തവേണമെന്ന് കരുതി അഭിനയിക്കാൻ പറഞ്ഞ കാര്യങ്ങളൊക്കെ നന്നായി വെറുപ്പിച്ചു അഭിനയിച്ചെന്നും താരം പറയുന്നു. അത് കണ്ട് എല്ലാവരും നന്നായി ചിരിച്ചെന്നും താരം പറയുന്നു. വെറുപ്പിച്ച് അഭിനയിച്ചത് കൊണ്ടാണ് താൻ സെലക്ട് ആയതെന്നും ഗ്രേസ് ആന്റണി പറയുന്നു.
ഹാപ്പി വേഡിങ്ങിന് ശേഷം നിരവധി അവസരങ്ങൾ തന്നെ തേടിയെത്തി. ഒഡിഷനുപോകുമ്പോൾ കുറേ കുട്ടികൾ വരുന്നതുകൊണ്ട് ഒറ്റയ്ക്ക് വന്നാൽ മതിയെന്ന് അവർ പറയുമായിരുന്നു എന്നാൽ പപ്പ ഇല്ലാതെ താൻ വരുന്നില്ലെന്ന് പറഞ്ഞപ്പോൾ വന്നോളൂ റൂം അറേൻജ് ചെയ്തുതരാമെന്ന് അവർ തന്നോട് പറഞ്ഞു. എന്നാൽ ചില കാര്യങ്ങളിൽ നോ പറഞ്ഞതുകൊണ്ട് തനിക്ക് പല അവസരങ്ങളും നായിക വേഷവും നഷ്ട്ടമായിട്ടുണ്ടെന്നും താരം പറയുന്നു.
താരസംഘടനയായ ‘അമ്മ’യ്ക്കെതിരെ നടന് വിജയകുമാര്‍. പീഡനക്കേസിലെ പ്രതികള്‍ക്ക് സ്വീകരണം നല്കുന്ന അമ്മ ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 13 വര്‍ഷമായി തന്നെ ഒറ്റപ്പെടുത്തുകയാണ് എന്നാണ് വിജയകുമാര്‍ പറയുന്നത്. ചോദ്യം ചെയ്യലിനിടെ പൊലീസിനെ ആക്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് താരത്തിന്റെ പ്രതികരണം. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടന ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചു എന്നാണ് വിജയകുമാര്‍ പറയുന്നത്. 2009 ഫെബ്രുവരി 11ന് ആണ് വിജയകുമാര്‍ പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്.
25 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തി എന്ന കേസില്‍ ചോദ്യം ചെയ്യാനായി വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസില്‍ വച്ചായിരുന്നു വിജയകുമാറിനെ ചോദ്യം ചെയ്തത്. ഇതിനിടെ ആയിരുന്നു നടന് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ചോദ്യം ചെയ്യലിനിടെ പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു പൊലീസ് പറഞ്ഞത്.
പിന്നാലെ പൊലീസിന്റെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാ ശ്രമത്തിനും നടനെതിരെ കേസ് എടുക്കുകയായിരുന്നു. എന്നാല്‍ കോടതിയില്‍ കേസ് തെളിയിക്കാന്‍ പൊലീസിനായില്ല. ഇതോടെയാണ് വിജയകുമാറിനെ കുറ്റവിമുക്തമാക്കിയത്.
വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തേകിഞ്ഞതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്. എന്നാൽ മരിച്ചത് മാതൃസഹോദരൻ കുഞ്ഞുമോൻ ആണ്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. 3 പേരെയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നിൽ നിന്നതും സുധീഷാണ്.
വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല. തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാൻ ശ്രമിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ മരിച്ചതോടെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്യുന്നതിനു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. മദ്യം വഴിയിൽക്കിടന്നു കിട്ടിയതാണെന്നാണ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻ വാങ്ങിയതാണെന്നു പ്രതി സമ്മതിച്ചു.
സ്ഥിരമായി മദ്യം കഴിച്ചിരുന്ന സുധീഷ് അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ പലതരത്തിലാണു മൊഴി നൽകിയത്. മദ്യം കഴിച്ച് ആദ്യം അവശതയിലായ കുഞ്ഞുമോനെ രക്ഷിക്കാൻ സുധീഷ് വലിയ വെപ്രാളം കാട്ടിയെന്നും കുഞ്ഞുമോന് മാത്രം ഉപ്പുവെള്ളം കൊടുത്തെന്നും സുഹൃത്തുക്കൾ മൊഴി നൽകിയതോടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു.
ഇടുക്കി ഡിവൈഎസ്പി ടി.കെ.ഷൈജു, അടിമാലി എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ്, എസ്ഐ കെ.എം.സന്തോഷ്, ടി.പി.ജൂഡി, ഷിജു ജോക്കബ്, എം.യു.അജിത്, ടി.എസ്.രാജൻ, പി.എൽ.ഷാജി, ടി.എം.അബ്ബാസ്, ടി.എം.നൗഷാദ്, പി.എസ്.ഷാജിത എന്നിവരാണു കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നത്.