ഇന്ത്യന്‍ യുവതാരം പൃഥ്വി ഷായ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണം. താരത്തിന്റെ കാര്‍ ആക്രമികള്‍ തകര്‍ത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലായിരുന്നു സംഭവം. താരം സെല്‍ഫിയെടുക്കാന്‍ വിസമ്മിച്ചതാണ് അക്രമത്തിന് പിന്നിലെന്നാണ് വിവരം.
മുംബൈയിലെ മാന്ഷന് ക്ലബിലുള്ള സഹാറാ ഹോസ്റ്റലില്‍ വെച്ച് ഒരു സംഘം പൃഥ്വി ഷായോട് സെല്‍ഫി ആവശ്യപ്പെട്ടു. തുടര്‍ന്ന് താരം ഫോട്ടോ എടുക്കാന്‍ അനുവദിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഘം മറ്റൊരു സെല്‍ഫി ആവശ്യപ്പെടുകയായിരുന്നു. സെല്‍ഫി വീണ്ടും എടുക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് സംഘം താരത്തിന് എതിരെ തിരിയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു.
തുടര്‍ന്ന് അക്രമികളെ ഹോട്ടലില്‍ നിന്ന് പുറത്താക്കി. എന്നാല്‍ പുറത്ത് കാത്തു നിന്ന അക്രമികള്‍ പൃഥ്വി ഷാ സഞ്ചരിച്ച സുഹൃത്തിന്റെ കാര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തുകയും ബേസ്ബോള്‍ ബാറ്റ് കൊണ്ട് കാറിന്റെ ചില്ല് തകര്‍ക്കുകയും ചെയ്തു.
ഈ സമയത്ത് പൃഥ്വി ഷാ കാറില്‍ ഉണ്ടായിരുന്നില്ല. ഹോട്ടലില്‍ നിന്നും മറ്റൊരു വാഹനത്തിലായിരുന്നു താരം മടങ്ങിയത്. സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
Hustle video of #Cricketer #Prithvishaw & #influencer #Sapnagill outside Barrel mansion club in vile parle east #Mumbai, it is said that related to click photo with cricketer later whole fight started. @PrithviShaw @MumbaiPolice @DevenBhartiIPS @CPMumbaiPolice @BCCI pic.twitter.com/6LIpiWGkKg
— Mohsin shaikh 🇮🇳 (@mohsinofficail) February 16, 2023
തന്റെ 24 മത് വയസില്‍ ക്യാന്‍സര്‍ വന്നതിനെക്കുറിച്ചും അതിനെ വിജയകരമായി അതിജീവിച്ചതിനെക്കുറിച്ചും നടി മംമ്ത മോഹന്‍ദാസ് പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ അടുത്തിടെ തന്നെ ബാധിച്ച ഓട്ടോ ഇമ്യൂണല്‍ ഡിസീസിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് നടി.
മംമ്തയുടെ വാക്കുകള്‍
ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ ഈ രോഗവിവരത്തെ കുറിച്ച് ഞാന്‍ എന്റെ അച്ഛനോടും അമ്മയോടും പറഞ്ഞത്. അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ല. അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം ഞാന്‍ നാട്ടില്‍ വന്ന് പമ്പില്‍ എണ്ണ അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്.
അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല.
കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എന്നെ സംബന്ധിച്ച് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്ക്കുമ്പോള് മുഖത്ത് വെള്ള പാടുകള്‍ കാണും അത് ബുദ്ധിമുട്ടാണ്. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ പുറത്ത് പോകാനാകില്ല.
പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍ നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ എനിക്ക് നഷ്ടമായി. അതിന് ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം കാണാന്‍ തുടങ്ങിയതും.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ആദ്യ ഡോസ് നല്കി 48 മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ ഫിസിയോ തെറാപ്പി ചികിത്സയുടെ ഭാഗമായി അദ്ദേഹത്തെ നടത്തിച്ച് തുടങ്ങിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു.
15 ദിവസത്തെ ആരോഗ്യനിലയിലുണ്ടാകുന്ന പുരോഗതിയെ വിലയിരുത്തിയായിരിക്കും തുടര്‍ന്നുള്ള ചികിത്സയെ കുറിച്ച് തീരുമാനിക്കുന്നതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. 12-ാം തിയതിയാണ് ഉമ്മന്‍ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.
എഐസിസി ഏര്‍പ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടുപോയത്. നിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉമ്മന്‍ ചാണ്ടിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്റെ നിര്‍ദേശ പ്രകാരം എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ സന്ദര്‍ശിച്ചിരുന്നു.
കുടുംബം ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്കുന്നില്ലെന്നുള്ള തരത്തില്‍ നിരവധി വ്യാജ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടിയും മകന് ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു.
യൂട്യൂബ് ചീഫ് എക്സിക്യൂട്ടീവും ആദ്യത്തെ ഗൂഗിൾ ജീവനക്കാരിലൊരാളുമായ സൂസൻ വോജ്സിക്കി 25 വർഷം നീണ്ട തന്റെ സേവനം അവസാനിപ്പിക്കുകയാണെന്ന് വ്യാഴാഴ്ച പോസ്റ്റ് ചെയ്ത ഒരു വ്യക്തിഗത അപ്ഡേറ്റിലൂടെ അറിയിച്ചു. വോജിക്കിക്ക് പകരം നീൽ മോഹനാവും എത്തുക.
ജനപ്രിയ ഹ്രസ്വ-ഫോം വീഡിയോ ആപ്ലിക്കേഷനായ ടിക്ക് ടോക്ക്, നെറ്റ്ഫ്ലിക്സ് പോലുള്ള സ്ട്രീമിംഗ് സേവനങ്ങൾ എന്നിവയുമായി യുട്യൂബിന്റെ മത്സരം കടക്കുന്നതിനിടെയാണ് സിഇഒ മാറുന്നത്. സ്ഥാനമൊഴിഞ്ഞതിന് ശേഷം”കുടുംബം, ആരോഗ്യം, വ്യക്തിപരമായ പദ്ധതികൾ” എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ടെക്ക് മേഖലയിലെ ഏറ്റവും പ്രമുഖ വനിതകളിൽ ഒരാളായ വോജിക്കി പറഞ്ഞു.
മുമ്പ് ഗൂഗിളിൽ പരസ്യ ഉൽപ്പന്നങ്ങളുടെ സീനിയർ വൈസ് പ്രസിഡന്റായിരുന്ന അവർ 2014ലാണ് യൂട്യൂബിന്റെ സിഇഒ ആയി ചുമതല ഏറ്റെടുത്തത്. അതേസമയം, സ്റ്റാൻഫോർഡ് ബിരുദധാരിയായ മോഹൻ, 2008ലാണ് ഗൂഗിളിൽ ചേർന്നത്.
നിലവിൽ യൂട്യൂബിന്റെ ചീഫ് പ്രൊഡക്റ്റ് ഓഫീസറാണ്. അവിടെ യൂട്യൂബ് ഷോർട്ട്സും മ്യൂസിക്കും കൊണ്ട് വരുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നേരത്തെ മൈക്രോസോഫ്റ്റിലും മോഹൻ ജോലി ചെയ്തിട്ടുണ്ട്. വാർത്തകൾ പുറത്തു വന്നതിന് പിന്നാലെ അൽഫബറ്റ് ഓഹരികൾ ഒരു ശതമാനത്തിൽ ഏറെ ഇടിവ് നേരിട്ടു.
ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്കെത്തിയ താരമാണ് മീരാ നന്ദൻ. നടി എന്നതിലുപരി നല്ലൊരു ഗായികയും മോഡലുമാണ് താരം. ലൈസൻസ് എന്ന ചിത്രത്തിനുവേണ്ടിയാണ് മീര ആദ്യമായി ഗാനമാലപിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്നു ഐഡിയ സ്റ്റാർ സിംഗറിൽ അവതരികയായിട്ടായിരുന്നു താരം ആദ്യമായി മിനിസ്ക്രീൻ ലോകത്തെത്തുന്നത്.
പുതിയ മുഖം, ഒരിടത്തൊരു പോസ്റ്റുമാൻ, മല്ലുസിംഗ്, കടൽകടന്നൊരു മാത്തുക്കുട്ടി, മദിരാശി, തുടങ്ങിയവയാണ് താരത്തിന്റെ പ്രധാന ചിത്രങ്ങൾ. മലയാളത്തിനുപുറമെ മറ്റ് അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. പിന്നീട് അഭിനയത്തിൽ നിന്നും ഒരു നീണ്ട ഇടവേളയെടുത്ത താരം എന്നാലും ന്റെ അളിയാ എന്ന സുരാജ് വെഞ്ഞാറമൂട് ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ്.
ഇപ്പോൾ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലിചെയ്യുന്ന താരം അഭിനയത്തിലേക്ക് തിരിച്ചുവന്നെങ്കിലും മോഡലിംഗ് രംഗത്ത് സജീവമാണ്. നിരവധി തവണ ഡ്രെസിങ് രീതിയിക്കും ബോഡി ഷെമിങ്ങിനും ഇരയായിട്ടുണ്ട് മീര. സോഷ്യൽ മീഡിയയിൽ സജീവമായ താരം തനിക്കെതിരെയുള്ള കമെന്റുകൾക്കെതിരെ പ്രതികരിക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച വീഡിയോയ്ക്കായിരുന്നു കടുത്ത വിമർശനം ഉണ്ടായത്. പഴയ മീര അല്ല ഇപ്പോൾ കാശിനുവേണ്ടി എന്തിക്കെയോ ചെയ്യുന്നു , മോൾക്ക് അങ്ങോട്ട് കാശു തരാം ഒരു ട്രൗസർ വാങ്ങി ഇടു തുടങ്ങിയ നിരവധി മോശം കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ആളുകൾ എഴുതിയത്.
തന്റെ വസ്ത്രത്തിന്റെ നീളം അളക്കാൻ താൻ ആർക്കും സ്വാതന്ത്ര്യം കൊടുത്തിട്ടില്ല. തന്റെ പേജിൽ തനിക്കിഷ്ട്ട മുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്. നിരവധി പേർ താരത്തിന് പിന്തുണയായി എത്തി.
തളിപ്പറമ്പിലെ പോലീസ് ഡംപിങ് യാര്‍ഡിലുണ്ടായ വന്‍തീപ്പിടിത്തത്തില്‍ മുന്നൂറോളം വാഹനങ്ങള്‍ കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ 11.30-ഓടെയാണ് തളിപ്പറമ്പ്-ശ്രീകണ്ഠാപുരം പാതയില്‍ വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ തീപ്പിടിത്തമുണ്ടായത്. ഏകദേശം മൂന്നുമണിക്കൂറിന് ശേഷമാണ് തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്.
തളിപ്പറമ്പ്,ശ്രീകണ്ഠാപുരം,പഴയങ്ങാടി പോലീസ് സ്റ്റേഷനുകളില്‍ വിവിധ കേസുകളിലായി പിടികൂടിയ വാഹനങ്ങളാണ് വെള്ളാരംപാറയിലെ ഡംപിങ് യാര്‍ഡില്‍ സൂക്ഷിച്ചിരുന്നത്. ഒട്ടേറെ ലോറികളും കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ രണ്ടേക്കറോളംവരുന്ന യാര്‍ഡിലുണ്ടായിരുന്നു.
സമീപത്തെ മൊട്ടക്കുന്നിലാണ് ആദ്യം തീപ്പിടിത്തമുണ്ടായതെന്നാണ് കരുതുന്നത്. തുടര്‍ന്ന് ഡംപിങ് യാര്‍ഡിലെ വാഹനങ്ങളിലേക്കും തീപടരുകയായിരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള അഗ്നിരക്ഷാസേന യൂണിറ്റുകള്‍ എത്തിയാണ് മണിക്കൂറുകള്‍ക്ക് ശേഷം തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത്. പലവാഹനങ്ങളിലെയും ഇന്ധനടാങ്കുകള്‍ പൊട്ടിത്തെറിച്ചതിനാല്‍ ആദ്യഘട്ടത്തില്‍ തീയണയ്ക്കാനുള്ള ശ്രമങ്ങളും ദുഷ്കരമായിരുന്നു. ഒരുഘട്ടത്തില്‍ ഡംപിങ് യാര്‍ഡില്‍നിന്ന് റോഡിന്റെ മറുവശത്തേക്കും തീപടര്‍ന്ന സാഹചര്യമുണ്ടായി. ഇതോടെ പ്രധാനറോഡിലെ ഗതാഗതവും നിര്‍ത്തിവെച്ചു.
ഡംപിങ് യാര്‍ഡും പരിസരവും പതിവായി തീപ്പിടിത്തമുണ്ടാകുന്ന പ്രദേശമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞവര്‍ഷവും ഇതേസ്ഥലത്ത് തീപ്പിടിത്തമുണ്ടായിരുന്നു. ഇതുസംബന്ധിച്ച് മൂന്നുമാസം മുന്‍പ് അഗ്നിരക്ഷാസേന പോലീസിന് മുന്നറിയിപ്പ് നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്. സംഭവത്തില്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സൗദി അറേബ്യയിൽ കെട്ടിടം പണിക്കിടെ കാലുവഴുതി വീണ് മലയാളി മരിച്ചു. കോഴിക്കോട് പയ്യാനക്കൽ സ്വദേശി പാലക്കൽ പറമ്പ് ഇബ്രാഹിം (46) ആണ് മരിച്ചത്. മദീന തരീഖ് സുൽത്താനയിലാണ് കെട്ടിടം പണിക്കിടെ കാല് വഴുതി താഴെ വീണത്. ദീർഘകാലമായി മദീനയിൽ പ്രവാസിയായ ഇദ്ദേഹം രണ്ട് മാസം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞു തിരിച്ചെത്തിയത്.
പിതാവ് – കുഞ്ഞാലി പുളിക്കൽ. മാതാവ് – നബീസ. ഭാര്യ – ജസീന. മക്കൾ – ഫാത്തിമ, സഫ, മർവ, ആയിശ. കിങ് ഫഹദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി മദീനയിൽ ഖബറടക്കും. മരണാനന്തര നടപടികൾക്കായി നവോദയ പ്രവർത്തകരായ സലാം കല്ലായി, നിസാർ കരുനാഗപ്പള്ളി, സുജായി മാന്നാർ എന്നിവർ രംഗത്തുണ്ട്.
മലയാളി യുവാക്കള്‍ക്ക് ഐറിഷ് ആദരം. ഇരുട്ടത്ത് ആരും കാണാതെ ചോരയൊലിപ്പിച്ച് കിടന്ന വയോധികനെ രക്ഷപ്പെടുത്തിയ രണ്ടു മലയാളി യുവാക്കൾ.അയർലണ്ടിൽ കോര്‍ക്ക് നഗരപ്രാന്തത്തിലെ ബാലിന്‍കോളിഗിലെ ഇരുണ്ട റോഡിന് നടുവില്‍ തന്നെ പരിചരിച്ച ‘അപരിചിതരെ’ നേരിട്ട് കണ്ട് നന്ദിയറിയിക്കാന്‍ ഒരുങ്ങുകയാണ് ജോണ്‍ഫിന്‍ എന്ന 78കാരനും.
ടൗണില്‍ നിന്നും വീട്ടിലേയ്ക്ക് മടങ്ങവെയാണ് ജോണ്‍ഫിന്‍ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണത്.അര്‍ദ്ധബോധാവസ്ഥയില്‍ മിനുട്ടുകളോളം വീണുകിടന്ന അദ്ദേഹത്തിന്റെ അടുക്കലേയ്ക്കാണ് കോര്‍ക്കിലെ മലയാളി യുവാക്കളായ ബോബിമോന് ജോയിയും സുഹൃത്ത് അഖില്‍ തമ്പിയും രക്ഷകരായെത്തിയത്.
’ഞങ്ങള്‍ ഞെട്ടിപ്പോയി, എന്താണ് സംഭവിച്ചതെന്ന് അറിയാന്‍ അടുത്തേയ്ക്ക് പോയപ്പോള്‍ അദ്ദേഹം റോഡിന് നടുവില്‍ ബോധരഹിതനായി കിടക്കുന്നതാണ് കണ്ടത്., സമയം അര്‍ദ്ധരാത്രിയായിരുന്നു.അപ്പോഴേക്കും എതിര് ദിശയില്‍ നിന്നെത്തിയ വാഹനം കൈകാട്ടി നിര്‍ത്തി,ഭാഗ്യവശാല്‍ ആ വാഹനത്തിലെ യാത്രക്കാരന് ,ജോണിനെ അറിയുന്നയാളായിരുന്നു. കാറിലെ വെളിച്ചം തെളിയിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ തലയ്ക്ക് സമീപം ഞങ്ങള്‍ രക്തം കണ്ടത്. ഉടനെ തന്നെ ഞങ്ങള്‍ എമര്‍ജന്‍സി സര്‍വീസിനെ അറിയിച്ചു.”
അപ്പോഴേയ്ക്കും , പിസാ ഡെലിവറിക്കാരനായ മറ്റൊരു യാത്രക്കാരനും അവിടെയെത്തി, ഡെലിവറി ഡ്രൈവര്‍ അദ്ദേഹം ആരെന്ന് മനസ്സിലാക്കുകയും അദ്ദേഹത്തിന്റെ മകളുടെ വീട്ടില്‍ പോയി കാര്യം അറിയിക്കുകയും ചെയ്തു.ഏതാനം നിമിഷങ്ങള്‍ക്കകം തന്നെ ഗാര്‍ഡായും,എമര്‍ജന്‍സി സംഘവും പാഞ്ഞെത്തി അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് നീക്കുകയായിരുന്നു.ഭാഗ്യവശാല്‍ ജീവന് രക്ഷിക്കാനായി എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞത്.
തന്നെ രക്ഷിച്ച അദൃശ്യകരങ്ങളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ച് ജോണ്‍ ഫിന്നിന് വേണ്ടി സോഷ്യല്‍ മീഡിയയില്‍ മെസേജ് പ്രത്യക്ഷപ്പെട്ടതോടെയാണ് നാട്ടുകാരെല്ലാം സംഭവമറിഞ്ഞത്. കോര്‍ക്കിലെ സുമനസുകളെല്ലാം ഈ നന്മയുടെ കരങ്ങള്‍ ആരുടേതാണെന്ന് അന്വേഷണം ആരംഭിച്ചപ്പോഴാണ് തങ്ങള്‍ രണ്ടുപേരും ഇത്ര വലിയൊരു കാര്യമാണ് ചെയ്തതെന്ന് ബോബിമോനും ,അഖിലും മനസിലാക്കിയത്.സംഭവമറിഞ്ഞ് കോര്‍ക്കിലെ പ്രാദേശിക മാധ്യമങ്ങളും ,പൊതു സമൂഹവുമെല്ലാം ഇപ്പോള്‍ ഈ മലയാളി യുവാക്കളെ അഭിനന്ദനം കൊണ്ട് മൂടുകയാണ്. കോര്‍ക്കിലെ ഒരു കമ്പനിയിലെ ജീവനക്കാരായ ബോബിമോന് ജോയിയും അഖിലും ജോലി കഴിഞ്ഞ് വാഹനത്തില്‍ വീട്ടിലേയ്ക്ക് മടങ്ങവെയാണ് റോഡില്‍ വീണുകിടക്കുന്ന ജോണിനെ കാണാനിടയായത്.
കോട്ടയം മോനിപ്പിള്ളി,വരിക്കാശ്ശേരിയില്‍ ബോബിമോന് ജോയി 2021 ലാണ് കോര്‍ക്കിലെത്തിയത്. പുത്തന്‍കുരിശ് ചായപ്പാട്ട് കുടുംബാംഗമായ അഖില്‍ തമ്പി. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അയര്‍ലണ്ടില്‍ എത്തിയത്.അപരിചിതനെ കൈവിടാതെ പരിചരിച്ച നല്ല ശമരിയക്കാരന്റെ പരിവേഷമാണ് കോര്‍ക്കിലെ ജനസമൂഹം ഇപ്പോള്‍ ഈ മലയാളി യുവാക്കള്‍ക്ക് നല്‍കുന്നത്.
ജീവിക്കാൻ മറ്റ് മാർഗങ്ങളില്ല സ്വന്തം വൃക്ക വിൽപ്പനയ്ക്ക് വെച്ച് 55 കാരൻ. ചെറുപ്പളശ്ശേരി സ്വദേശി സജി (55) ആണ് വൃക്ക വിൽക്കാനായി പോസ്റ്റർ പതിച്ചിരിക്കുന്നത്. പതിനൊന്ന് ലക്ഷം രൂപയുടെ സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് ഇയാൾ വൃക്ക വിൽക്കാനുണ്ടെന്ന പോസ്റ്റർ പതിച്ചത്.
ഓ പോസറ്റീവ് വൃക്ക വിൽക്കാനുണ്ടെന്നും ആവശ്യമുള്ളവർ ബന്ധപെടുകയെന്നും പറഞ്ഞ് ഫോൺ നമ്പർ സഹിതമാണ് സജി പോസ്റ്റർ പതിച്ചിരിക്കുന്നത്. കഴിഞ്ഞ 25 വർഷമായി വാടക വീട്ടിലാണ് സജിയും കുടുംബവും താമസിച്ചിരുന്നത്. ഒന്നര വർഷം മുൻപ് പത്ത് സെന്റ് സ്ഥലം വാങ്ങുകയും അതിൽ ഒരു ഷെഡ് കെട്ടി താമസിക്കുകയുമായിരുന്നു. കൈയിലുണ്ടായിരുന്നതും കടം വാങ്ങിയുമാണ് സജി സ്ഥലം വാങ്ങിയത്.
എന്നാൽ കടം വാങ്ങിയ പണം തിരിച്ച് നൽകാൻ പെയിന്റിങ് തൊഴിലാളിയായ സജിക്ക് സാധിച്ചില്ല. രണ്ട് ആൺ മക്കൾ ബികോം വരെ പഠിച്ചെങ്കിലും 6000 രൂപ ശമ്പളത്തിന് ജോലി ചെയ്യുകയാണ്. അമ്മയുടെ ചികിത്സയ്ക്കായി ലക്ഷങ്ങൾ ചിലവായതായും സജി പറയുന്നു. കോവിഡും കൂടി വന്നതോടെയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകാനാവാത്ത അവസ്ഥ വന്നതെന്നും സജി പറയുന്നു.
ആഗ്രഹിച്ച് വാങ്ങിയ സ്ഥലവും അതിൽ പണിത ഷെഡും നഷ്ടപ്പെടുമെന്ന ഭയമാണ് വൃക്ക വിൽക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് സജി പറഞ്ഞു. അതേസമയം ഈ തീരുമാനത്തിന് കുടുംബം എതിർപ്പാണെങ്കിലും കുടുംബത്തെ രക്ഷിക്കാൻ ഇതല്ലാതെ വേറെ വഴിയില്ലെന്ന് സജി നിറ കണ്ണുകളോടെ പറയുന്നു.
പെൺകുട്ടികളോട് ദ്വയാർത്ഥ ചോദ്യങ്ങൾ ചോദിച്ചെന്നാരോപിച്ച് യൂട്യൂബ് ചാനൽ അവതരികയേയും, ക്യാമറ മാനേയും മർദിച്ചതായി പരാതി. ആലുവ മെട്രോ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവർമാർക്കെതിരെയാണ് പോലീസിൽ പരാതി നൽകിയത്. പബ്ലിക് ഒപ്പീനിയൻ എന്ന പേരിൽ പെൺകുട്ടികളോട് അശ്ലീല ചോദ്യങ്ങൾ ചോദിച്ചെന്ന് ആരോപിച്ചാണ് യൂട്യൂബ് ചാനൽ അവതാരകയെ ഓട്ടോ ഡ്രൈവർ കയ്യേറ്റം ചെയ്തത്. ഓട്ടോ ഡ്രൈവർ അനസിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
അതേസമയം സ്പടികം സിനിമ വീണ്ടും ഇറങ്ങിയ സാഹചര്യത്തിൽ അത്തരത്തിൽ വീണ്ടും തീയറ്ററിൽ റിലീസ് ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയെ കുറിച്ച് ചോദിച്ചപ്പോഴാണ് അക്രമണമുണ്ടായതെന്ന് യൂട്യൂബ് ചാനൽ അവതാരിക പറയുന്നു. അതേസമയം സുന്നത്തിനെ കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചപ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടായതെന്ന് ദൃക്സാക്ഷികളിൽ ചിലർ പറയുന്നു.
ഓട്ടോ ഡ്രൈവർമാർ അവതരികയോട് അസഭ്യം പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. എന്ത് വൃത്തികെട്ട ചോദ്യങ്ങളാണ് നിങ്ങൾ ചോദിക്കുന്നതെന്നാണ് ആക്രമിച്ച ആളുകൾ ചോദിച്ചതെന്ന് അവതാരിക പറഞ്ഞു. പെൺകുട്ടികളോട് അത്തരം ചോദ്യങ്ങൾ ചോദിക്കാൻ പാടില്ലെന്ന് ഭീഷണിമുഴക്കിയതായും അവതാരിക മാധ്യമങ്ങളോട് പറഞ്ഞു.