മങ്കൊമ്പ് : പതിനഞ്ചോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതു കിണറും ഇരുപതോളം കുടുംബങ്ങൾ ഉപയോഗിക്കുന്ന പൊതുവഴിയും ഇരുളിന്റെ മറവിൽ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. കുടിവെള്ളം കിട്ടാക്കനിയായ കുട്ടനാട്ടിൽ ആറ്റിൽ നിന്നുള്ള വെള്ളം പൊതു കിണറിൽ പൈപ്പ് ലൈൻ വഴി എത്തിച്ചാണ് മങ്കൊമ്പ് വികാസ് മർഗ്ഗ് റോഡ് മുതൽ കിഴക്കോട്ടുള്ള 15 ഓളം കുടുംബങ്ങൾ കുടിവെള്ള ആവശ്യത്തിന് പോലും ഉപയോഗിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തോളമായി സ്വന്തം ചിലവിലാണ് ഇവർ ഈ സംവിധാനം നിർമിച്ചു പരിപാലിക്കുന്നത്.

പൈപ്പിൽ ഉണ്ടായ പൊട്ടൽ മൂലം കിണറിൽ ചെളിയും മാലിന്യവും കലരുന്നത് പതിവായപ്പോൾ ഏപ്രിൽ 4 ചൊവ്വാഴ്ച ലൈനിൽ അറ്റകുറ്റപ്പണി നടത്തുകയും കിണറും പൊതുവഴിയും പൂർവ്വസ്ഥിതിയിലാക്കുകയും ചെയ്തു. എന്നാൽ രാത്രിയോടെ പൊതുവഴിയുടെ കാര്യത്തിൽ തർക്കമുള്ള ചില വീട്ടുകാരുടെ നേതൃത്വത്തിൽ വഴി വെട്ടിപൊളിക്കുകയും ലൈനുകൾ തകരാറിലാക്കുകയും ചെയ്തു. കിണറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയതിനാൽ വിഷം കലർന്നോ എന്ന ഭീതിയിലാണ് ഗുണഭോക്താക്കൾ.

സംഭവത്തിന്റെ ദൃശ്യങ്ങൾ റോഡിൽ പാർക്ക് ചെയ്തിരുന്ന കാറിലെ സി.സി.ടി.വിയിൽ പതിഞ്ഞതിന്റെ അടിസ്ഥാനത്തിൽ , മങ്കൊമ്പ് മുപ്പത്തിൽചിറ സാവിത്രി, മങ്കൊമ്പ് പണിക്കരേടത്തു മണികണ്ഠൻ എന്നിവർക്കെതിരെ ഗുണഭോക്താക്കൾ പുളിങ്കുന്ന് പോലീസിൽ പരാതി നൽകി.