മുംബൈയിലെ ബാന്ദ്രയില്‍ കാര്‍ അപകടത്തില്‍പ്പെട്ടവരെ ആംബുലന്‍സിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ മറ്റൊരു കാറിടിച്ചുകയറി അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നേരത്തെ നടന്ന അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സും മറ്റ് മൂന്ന് കാറുകളും റോഡില്‍ നിര്‍ത്തിയിട്ടിരുന്നു. ഇതിന്റെ ഇടയിലേക്കാണ് അമിതവേഗത്തില്‍ വന്ന മറ്റൊരു കാര്‍ ഇടിച്ചുകയറിയത്. അഞ്ച് പേരും തല്‍ക്ഷണം മരിച്ചു.
ബാന്ദ്ര- വോര്‍ലി പാതയില്‍ രണ്ട് കാറുകള്‍ കൂട്ടിയിടിച്ചാണ് ആദ്യത്തെ അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റാനായി ആംബുലന്‍സ് സ്ഥലത്തെത്തി. പരിക്കേറ്റവരെ കയറ്റി ആംബുലന്‍സ് പുറപ്പെടാനിരിക്കെയാണ് അമിതവേഗതയില്‍ വന്ന മറ്റൊരു കാര്‍ ഇവിടേക്ക് ഇടിച്ചുകയറിയത്. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.
#WATCH | Five people were killed and 10 others injured after a speeding car rammed into three other cars, and an ambulance on #Mumbai’s Bandra Worli Sea Link. The accident took place around 4 AM on Wednesday. pic.twitter.com/vKEEoDki4y
— Subodh Kumar (@kumarsubodh_) October 5, 2022
ഗാംബിയയിൽ 66 കുട്ടികൾ മരിച്ചതിനെ തുടർന്ന് ഇന്ത്യൻ ഫാർമ കമ്പനിയായ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിച്ച നാല് കഫ് സിറപ്പുകളെ കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്റെ നാല് കഫ് സിറപ്പുകൾ ഗാംബിയയിലെ കുട്ടികളിൽ ഗുരുതരമായ വൃക്ക തകരാറുകൾക്ക് ഇടയാക്കിയതായും ഇത് മൂലം 66 കുട്ടികൾ മരണപ്പെട്ടതായും ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്നു.
‘ഗാംബിയയിൽ കണ്ടെത്തിയ നാല് മലിനമായ മരുന്നുകൾക്ക് എതിരെ ലോകാരോഗ്യ സംഘടന ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അവ ഗുരുതരമായ വൃക്ക തകരാറുകൾക്കും കുട്ടികൾക്കിടയിൽ 66 മരണങ്ങൾക്കും കാരണമായി. ഈ യുവജനങ്ങളുടെ നഷ്ടം അവരുടെ കുടുംബങ്ങൾക്ക് ഹൃദയഭേദകമാണ്,’ ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസിനെ ഉദ്ധരിച്ച് ആഗോള ആരോഗ്യ സംഘടന വ്യക്തമാക്കി.
‘ഇന്ത്യയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് നിർമ്മിക്കുന്ന ചുമ, ജലദോഷ സിറപ്പുകളാണ് നാല് മരുന്നുകളും. ലോകാരോഗ്യ സംഘടന ഇന്ത്യയിലെ കമ്പനിയുമായും റെഗുലേറ്ററി അധികാരികളുമായും കൂടുതൽ അന്വേഷണം നടത്തിവരികയാണ്,’ ആഗോള ആരോഗ്യ സംഘടന അറിയിച്ചു. അതേസമയം സംഭവത്തോട് മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് പ്രതികരിച്ചിട്ടില്ല.
അപൂർവ്വ രോഗത്തിന് അടിമപ്പെട്ട പ്രഭുലാൽ അന്തരിച്ചു. 25 വയസായിരുന്നു. തന്റെ മുഖം മറുക് കൊണ്ട് മൂടിയപ്പോഴും വേദന തിന്നപ്പോഴും ചിരി കൊണ്ട് പോരാടിയ പ്രഭുലാൽ സോഷ്യൽമീഡിയയ്ക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. തൃക്കുന്നപ്പുഴ പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ-ബിന്ദു ദമ്പതികളുടെ മകനായ പ്രഭുലാലിന്റെ വിയോഗം സുഹൃത്തുക്കൾക്കും തീരാവേദനയാണ് സമ്മാനിച്ചത്.
അർബുദം ബാധിച്ച് ചികിത്സയിൽ കഴിയവേ ഇന്ന് രാവിലെ എട്ട് മണിയോടെയാണ് മരണം സംഭവിച്ചത്. ഹരിപ്പാട് നഗരസഭയിലെ ജീവനക്കാരനായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയനായ പ്രഭുലാൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പ്രവർത്തകനായിരുന്നു. തനിക്ക് സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ച കാര്യവും പ്രഭുലാൽ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.
പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനും കൂടിയായിരുന്നു പ്രഭു. വലതുതോളിലുണ്ടായ മുഴ അർബുദമാണെന്ന് സ്ഥിരീകരിച്ചതോടെ ചികിത്സ തേടിയിരുന്നു. പിന്നാലെയാണ് മരണം കവർന്നത്. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായിരുന്നു. ഇക്കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്.
തുടർന്ന് വിദഗ്ധ പരിശോധനയിൽ മാലിഗ്‌നന്റ് മെലോമ എന്ന അപകടകാരിയായ സ്‌കിൻ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞു. ഇതിനുള്ള ചികിത്സകൾ നടത്തി വരുന്നതിനിടെയാണ് പ്രഭുലാൽ വേദനകളുടെ ലോകത്ത് നിന്നും യാത്രയായത്.
അടുത്തിടെയാണ് ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപിസുന്ദറും പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണങ്ങൾക്കാണ് ഇരുവരും ഇരയാകുന്നത്.
“പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…” എന്ന അടുകുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് അറിയിക്കുന്നത്. പിന്നീടങ്ങോട്ട് ഇരുവരെയും കുറിച്ചുള്ള ചർച്ചകൾ സാമൂഹിക മാധ്യമങ്ങളിൽ സജീവമാണ്.
ഇപ്പോഴിതാ ഇരുവരും പട്ടായയിൽ അവധിയാഘോഷിക്കുന്നതിന്റെ സുന്ദര നിമിഷങ്ങൾ പ്രേക്ഷകരുമായി പങ്കുവെച്ചിരുക്കുകയാണ് അമൃത. ‘നിനക്കൊപ്പം, പട്ടായ സ്റ്റോറീസ്’ എന്ന അടിക്കുറിപ്പോടെയാണ് അമൃത ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം ഇക്കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിലെ സൈബർ ഗുണ്ടകൾക്ക് മുന്നറിയിപ്പ് നൽകി അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. സൈബർ ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടാനാണ് തീരുമാനമെന്ന് അമൃത സുരേഷ് വ്യക്തമാക്കി.
“സോഷ്യൽ മീഡിയയിൽ വരുന്ന എല്ലാ മോശം കമന്റുകളും ബുള്ളിയിങ്ങും നിരീക്ഷിക്കുകയും അത് അയക്കുന്ന പ്രൊഫൈലുകൾ സേവ് ചെയ്യുന്നുണ്ട്. ഇത് പൊലീസിൽ റിപ്പോർട്ട് ചെയ്യുകയും അവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും” സാമൂഹിക മാധ്യമത്തിലൂടെ അമൃത സുരേഷ് മുന്നറിയിപ്പ് നൽകി.
View this post on Instagram
വേര്‍പിരിഞ്ഞ് താമസിക്കുന്ന നഴ്‌സായ ഭാര്യയെ ആശുപത്രി വളപ്പില്‍ വെച്ച് കുത്തികൊലപ്പെടുത്തി ഭര്‍ത്താവ്. നാട്ടുകാരുടെ മുന്നിലിട്ടാണ് കോയമ്പത്തൂര്‍ പിഎന്‍ പാളയത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന ശിവനന്ദ കോളനിയിലെ വി നാന്‍സി(32)യെ ഭര്‍ത്താവ് വിനോദ്(37) കൊലപ്പെടുത്തിയത്.
കേസില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തതായി റേസ് കോഴ്സ് പോലീസ് അറിയിച്ചു. ദാമ്പത്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ രണ്ടുവര്‍ഷമായി നാന്‍സിയും ഭര്‍ത്താവ് വിനോദും വേര്‍പിരിഞ്ഞാണ് താമസം. ഇതിനിടെ മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വിനോദ് ഭാര്യയെ കൊലപ്പെടുത്തിയത്. വിനോദ് നഗരത്തില്‍ മെഡിക്കല്‍ റെപ്രസെന്റേറ്റീവായി ജോലിചെയ്യുകയാണ്.
തിങ്കളാഴ്ചയാണ് വൈകിട്ടോടെ വിനോദ് ഭാര്യ ജോലിചെയ്യുന്ന ആശുപത്രിയിലെത്തിയത്. ഇവിടെവെച്ച് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഭാര്യയുമായി വഴക്കിടുകയായിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാതെയിരുന്ന നാന്‍സിയെ വിനോദ് കൈയില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
കഴുത്തില്‍ കുത്തുകയായിരുന്നു എന്നും സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചെന്നും പോലീസ് പറഞ്ഞു. യുവതിയെ കൊലപ്പെടുത്തിയശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച വിനോദിനെ ആശുപത്രിയിലെ സുരക്ഷാജീവനക്കാര്‍ പിടികൂടി പോലീസിന് കൈമാറി.
പഴം ഇറക്കുമതിയുടെ മറവില്‍ രാജ്യത്തേക്ക് വന്‍തോതില്‍ ലഹരി മരുന്ന് ഇറക്കുമതി ചെയ്ത സംഭവത്തില്‍ മലയാളി അറസ്റ്റില്‍. വിജിന്‍ വര്‍ഗീസ് എന്നയാളാണ് ഡിആര്‍ഐയുടെ പിടിയിലായത്.
സെപ്റ്റംബര്‍ 30ന് 1470 കോടി രൂപയുടെ ലഹരി മരുന്നുമായി ട്രക്ക് പിടികൂടുകയായിരുന്നു. ഇറക്കുമതി ചെയ്ത ഓറഞ്ചുകള്‍ എന്നായിരുന്നു രേഖകളില്‍ കാണിച്ചിരുന്നത്. എന്നാല്‍ 198 കിലോ മെത്തും 9 കിലോ കൊക്കെയ്‌നുമാണ് പിടികൂടിയത്.
വിജിന്‍ ഉടമയായ കമ്പനിയുടെ പേരിലാണ് ഇതെത്തിയത്. വിജിന്റെ കൂട്ടാളി മന്‍സൂര്‍ തച്ചാംപറമ്പിനായി ഡിആര്‍ഐ തെരച്ചില്‍ നടത്തുകയാണ്. മോര്‍ ഫ്രഷ് എക്‌സ്‌പോര്‍ട്ട് ഉടമയാണ് മന്‍സൂര്‍ തച്ചാംപറമ്പ്. ലഹരിക്കടത്തില്‍ 70 ശതമാനം ലാഭം വിജിനും 30 ശതമാനം മന്‍സൂറിനുമെന്ന തരത്തിലാണ് ഡീലെന്ന് ഡിആര്‍ഐ വ്യക്തമാക്കി.
അതേസമയം, മാസ്‌ക് ഇറക്കുമതിയും ഇതിന് മുന്‍പ് സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ് അധികൃതര്‍.
കൊച്ചുതോവാള കൊച്ചുപുരയ്ക്കല്‍ താഴത്ത് കെ.പി ജോര്‍ജിന്റെ ഭാര്യ ചിന്നമ്മ കൊലക്കേസില്‍ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചു. ഒന്നര വര്‍ഷമായിട്ടും പ്രതിയെ കണ്ടെത്താനാകാതെ അന്വേഷണം ഇഴഞ്ഞു നീങ്ങവേ സംശയ നിഴലില്‍ ഉണ്ടായിരുന്ന ഭര്‍ത്താവ് ജോര്‍ജും മരിച്ചതോടെ തുടരന്വേഷണം വഴിമുട്ടി. ചിന്നമ്മയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ അതേ വീട്ടിലാണ് ജോര്‍ജിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. 2021 ഏപ്രില്‍ എട്ടിനായിരുന്നു ചിന്നമ്മയുടെ കൊലപാതകം.
സംഭവ ദിവസം ജോര്‍ജും ചിന്നമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ തൃശൂരിലെ ബന്ധുവീട്ടിലേക്ക് പോകാന്‍ ഇവര്‍ തീരുമാനിച്ചിരുന്നു. വീടിന്റെ മുകള്‍ നിലയിലെ മുറിയിലാണ് ജോര്‍ജ് കിടന്നിരുന്നത്. പുലര്‍ച്ചെ എഴുന്നേറ്റ് താഴത്തെ നിലയില്‍ എത്തിയപ്പോഴാണ് കട്ടിലിനു താഴെ കിടക്കുന്ന ചിന്നമ്മയെ കണ്ടതെന്നാണ് ജോര്‍ജ് പൊലീസിനു നല്‍കിയ മൊഴി. എടുത്ത് കട്ടിലില്‍ കിടത്തിയശേഷം മറ്റുള്ളവരുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ശ്വാസംമുട്ടിച്ചുള്ള കൊലപാതകമാണെന്ന് തെളിഞ്ഞത്. ആശുപത്രി അധികൃതര്‍ ചിന്നമ്മ അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയപ്പോഴാണ് ചിലത് കാണാതായതായി ശ്രദ്ധയില്‍പ്പെട്ടത്. മാല, വള, മോതിരം എന്നിവ ഉള്‍പ്പെടെ 4 പവന്റെ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. എന്നാല്‍, ജോര്‍ജ് കിടന്നിരുന്ന മുറിയില്‍ സൂക്ഷിച്ചിരുന്ന 20 പവനോളം സ്വര്‍ണാഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും നഷ്ടപ്പെട്ടിട്ടില്ലെന്നും പൊലീസ് കണ്ടെത്തി.
മോഷ്ടാവാണ് കൊല നടത്തിയതെങ്കില്‍ അവയും കവരാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. 7 മാസം കഴിഞ്ഞിട്ടും ലോക്കല്‍ പൊലീസ് അന്വേഷണത്തില്‍ പുരോഗതി ഇല്ലാതെ വന്നതോടെ നാട്ടുകാര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരം ആരംഭിച്ചു. തുടര്‍ന്ന് ക്രൈംബ്രാഞ്ചിന് കേസന്വേഷണം കൈമാറി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും നടത്തിയ പരിശോധനകളിലും കാര്യമായ തെളിവുകള്‍ ലഭിക്കാതെ വന്നതോടെ ഭര്‍ത്താവ് സംശയ നിഴലിലായി.
എന്നാല്‍ പലതവണ ചോദ്യം ചെയ്തിട്ടും പ്രയോജനം ഉണ്ടായില്ല. ഒടുവില്‍ ജോര്‍ജിന്റെ അനുമതിയോടെ നുണപരിശോധനയ്ക്ക് വിധേയമാക്കിയിട്ടും കാര്യമായ തെളിവൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയത്. സംശയനിഴലിലുള്ള എല്ലാവരെയും നിരീക്ഷിച്ചുകൊണ്ടുള്ള അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തി വരുന്നതെങ്കിലും ജോര്‍ജിന്റെ മരണം തുടരന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണ്.
നായകനായും സഹനടനായും വില്ലനായും ശ്രദ്ധേയനായ താരമാണ് ബാല. ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തിരുന്നത്. എന്നാല്‍ ആ ബന്ധം അധിക നാള്‍ മുന്നോട്ട് പോയില്ല. അമൃതയുമായി പിരിഞ്ഞ ബാല വീണ്ടും വിവാഹം ചെയ്തിരുന്നു. ഡോ. എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. എന്നാൽ, ബാലയുടെ രണ്ടാം വിവാഹവും വിവാഹ മോചനത്തിന്റെ വക്കിലാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
വിവാഹശേഷം ഭാര്യക്കൊപ്പമുള്ള നിരവധി വീഡിയോകള്‍ ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എന്നാല്‍ കുറച്ചു നാളുകളായി ഭാര്യയ്‌ക്കൊപ്പമുള്ള വീഡിയോകളൊന്നും ബാല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറില്ല. ഇതോടെ ഇരുവരും വിവാഹമോചനം നേടുകയാണ് എന്ന തരത്തിലുള്ള വാര്‍ത്തയും പ്രചരിക്കുകയാണ്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ബാല തന്നെ അത്തരത്തിലുള്ള സൂചനകളും നൽകിയിരിക്കുകയാണ്.
തനിക്ക് ഇപ്പോള്‍ നല്ല സമയമാണെന്നും ഒരു മാസത്തോളമായി താന്‍ കേരളത്തില്‍ ഇല്ലായിരുന്നു എന്നും ബാല അഭിമുഖത്തിൽ പറയുന്നു. കേരളത്തില്‍ അമ്മയ്ക്ക് വേണ്ടി പുതിയ ഫ്‌ളാറ്റ് വാങ്ങിയെന്നും അവിടെ അമ്മയ്ക്ക് ഒപ്പമാണ് ഇപ്പോള്‍ താമസമെന്നും ബാല പറഞ്ഞു. എന്നാല്‍, ഇതിലൊന്നും തന്റെ ഭാര്യയെ കുറിച്ച് ബാല ഒന്നും തന്നെ പറഞ്ഞില്ല. അതേസമയം, പണത്തെക്കാളും പ്രശസ്തിയെക്കാളും എല്ലാം വലുത് റിലേഷന്‍ഷിപ്പ് ആണെന്നും പോയാല്‍ പോയി, തിരിച്ചു കിട്ടില്ല എന്നും ബാല പറയുന്നു.
ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് ഏഴ് വയസുകാരൻ മരിച്ചു. സ്കൂട്ടർ വീടിനുള്ളിൽ വച്ച് ചാർജ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. മുംബയിലെ വസൈയിയിലെ രാംദാസ് നഗറിലാണ് സംഭവം. 80 ശതമാനം പൊള്ളലേറ്റ സാബിർ അൻസാരി എന്ന കുട്ടിയാണ് മരണപ്പെട്ടത്.സ്‌പോൺസർ ഇല്ലെങ്കിലും ഇനി യു എ ഇയിൽ ജോലി നേടാം, ടൂറിസ്റ്റ് വിസയുടെ കാലാവധിയും നീട്ടി, വൻ അവസരങ്ങളുമായി പുതിയ വിസ ചട്ടങ്ങൾ
സെപ്തംബർ 23ന് പുലർച്ചെ 5.30ഓടെ വീട്ടിലെ ലിവിംഗ് റൂമിൽ ചാർജ് ചെയ്യാൻ വച്ച ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. ലിവിംഗ് റൂമിൽ മുത്തശിക്കൊപ്പം ഉറങ്ങുകയായിരുന്നു സാബിർ. അപകടത്തിൽ മുത്തശിക്കും പരിക്കേറ്റു. ഭയങ്കരമായ ശബ്ദം കേട്ട് സാബിറിന്റെ അമ്മ ഉണർന്നപ്പോഴാണ് അപകടം നടന്നതറിഞ്ഞത്. ഉടൻ തന്നെ ഗുരുതരമായി പൊള്ളലേറ്റ സാബിറിനെ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിക്കുകയായിരുന്നു.
അപകടത്തിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. ഇലക്ട്രിക് സാധനങ്ങളും ഫർണിച്ചറുകളും നശിച്ചു. കൂടുതൽ ചൂടായതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജയ്പൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സ്കൂട്ടർ നിർമ്മാതാക്കളോട് ബാറ്ററി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. അപകടമരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ കൂടുതൽ ചാർജ് ചെയ്തതാണ് അപകടകാരണമെന്ന വാദം കുട്ടിയുടെ പിതാവ് തള്ളി. തന്നോട് മൂന്ന് മുതൽ നാല് മണിക്കൂർ വരെ ചാർജ് ചെയ്യാനാണ് പറഞ്ഞിരുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യ ചിന്തകൻ സി രവിചന്ദ്രനെ സംഘിയാക്കി സോഷ്യൽ മീഡിയ. കേരളം ഏറ്റവുമധികം ഭയക്കേണ്ട രണ്ട് സംഗതികൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ഇസ്‌ലാമിനെയും ആണെന്ന രവിചന്ദ്രന്റെ വീഡിയോ വൈറലായതോടെയാണ് അദ്ദേഹത്തെ സംഘിയാക്കി പ്രചാരണം ആരംഭിച്ചത്. ബി.ജെ.പിയെ അത്രക്ക് ഭയക്കേണ്ട കാര്യമില്ലെന്ന അദ്ദേഹത്തിന്റെ ഉപദേശമാണ് സൈബർ സഖാക്കളെ പ്രകോപിപ്പിച്ചത്. ഒരു അഭിമുഖത്തിലെ ചോദ്യത്തിലാണ് സി രവിചന്ദ്രൻ വരുംകാല കേരളത്തെ കുറിച്ച് നിരീക്ഷണം നടത്തിയത്.
അഭിമുഖത്തിൽ അവതാരകനോട് രവിചന്ദ്രൻ തിരിച്ചു ചോദിക്കുകയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന രണ്ടു സംഗതികൾ ഏതൊക്കെയാണ് എന്ന്. എനിക്കിവരെ പേടിയില്ല. പക്ഷേ നമ്മള്‍ കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഭയക്കണം എന്ന് അവതാരകൻ തന്നെ പറയുമ്പോൾ, ഉടനെ രവിചന്ദ്രൻ ഇടയ്ക്കു കയറി ‘ഇസ്ലാമിനേയും ഭയക്കണം’ എന്ന് പറയുന്നത് കാണാം. ഇതിനു ശേഷം ബി.ജെ.പിയേയും ഭയക്കണം എന്ന് അവതാരകൻ പറയുന്നു. അപ്പോൾ ബി.ജെ.പിയെ അത്ര ഭയക്കുന്നുണ്ടോ എന്നായിരുന്നു രവിചന്ദ്രന്റെ മറുചോദ്യം.
നിരവധി ആളുകളാണ് ഈ സംഭാഷണ ശകലം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് രവിചന്ദ്രനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഇനിയും നിങ്ങള്‍ സംഘിയായ രവിചന്ദ്രനെ ന്യായീകരിക്കുകയാണോ’, ‘അയാൾ സംഘിയാണ്’, ‘അയാളുടെ ഉള്ളിലെ വർഗീയ വിഷം പുറത്തുചാഡി’ ഇങ്ങനെ പോകുന്നു വിമർശനങ്ങൾ. ഇതിനു മുന്നേയും പലതവണ സ്വതന്ത്ര ചിന്തകന്‍ എന്ന് അവകാശപ്പെടുന്ന സി രവിചന്ദ്രൻ സമാനമായ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിരുന്നു.