പാതിരാത്രിയിൽ സ്‌കൂട്ടറിൽ കറങ്ങി നടന്ന് ലഹരിമരുന്ന് വിൽപ്പന നടത്തിയിരുന്ന ഇരുപതുകാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശിനിയും എറണാകുളം സ്വകാര്യ കോളേജിലെ വിദ്യാർത്ഥിനിയുമായ ബ്ലെയ്‌സി (20) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അർദ്ധരാത്രിയിൽ കൊച്ചി നഗരത്തിലൂടെ കറങ്ങുന്നത് കണ്ട് സംശയം തോന്നിയ എക്സൈസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.

മാരക മയക്കുമരുന്നായ എംഡിഎംഎ ആവശ്യക്കാർക്ക് രാത്രിയിൽ സ്‌കൂട്ടറിൽ എത്തിച്ച് കൊടുക്കുന്നതിനിടെയാണ് ബ്ലെയ്‌സി എക്സൈസ് പിടിയിലാകുന്നത്. എക്സൈസ് സംഘം പിടികൂടി ചോദ്യം ചെയ്യുമ്പോൾ നൈറ്റ് ഡ്രൈവിന് ഇറങ്ങിയതാണെന്നും ഫ്ലാറ്റിലേക്ക് തിരിച്ച് പോകുകയാണെന്നും പെൺകുട്ടി നുണ പറഞ്ഞു. തുടർന്ന് സംശയം തോന്നി സ്‌കൂട്ടർ പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.

അതേസമയം കോഴിക്കോടുള്ള സുഹൃത്താണ് എംഡിഎംഎ എത്തിച്ച് നൽകുന്നതെന്ന് പെൺകുട്ടി മൊഴി നൽകി. ബ്ലെയ്‌സി വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിലും എക്സൈസ് സംഘം റെയ്‌ഡ്‌ നടത്തി. ഫ്ലാറ്റിൽ നിന്നും 2.5 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. ഏവിയേഷൻ കോഴ്സ് പഠിക്കുന്നതിന്റെ ഭാഗമായാണ് ബ്ലെയ്‌സി എറണാകുളത്ത് എത്തിയതെന്നും എന്നാൽ പഠനത്തിന് പോകാതെ കൊച്ചിയിലെ സ്പായിൽ ജോലിക്ക് കയറിയെന്നും ആ ജോലി നഷ്ടമായതോടെയാണ് ലഹരിമരുന്ന് വില്പന ആരംഭിച്ചതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

രാത്രി തുടങ്ങുന്ന വില്പന പുലർച്ചെ വരെ നീളുമെന്നും ഒരു ദിവസം ഏഴായിരം രൂപ ലഭിക്കുമെന്നും പെൺകുട്ടി പോലീസിൽ നൽകിയ മൊഴിയിൽ പറയുന്നു. ആർഭാട ജീവിതം നയിക്കുന്നതിനായാണ് പണം ചിലവഴിക്കുന്നതെന്നും ഇൻസ്റ്റാഗ്രാം വഴിയാണ് ആവശ്യക്കാരെ കണ്ടെത്തുന്നതെന്നും പെൺകുട്ടി പറയുന്നു. കലൂരിൽ അറസ്റ്റിലായ യുവാവിൽ നിന്നാണ് എക്സൈസിന് പെൺകുട്ടിയെ കുറിച്ചുള്ള വിവരം ലഭിച്ചത്. കുറച്ച് ദിവസങ്ങളായി എക്സൈസ് പെൺകുട്ടിയെ നിരീക്ഷിച്ച് വരികയായിരുന്നു.