വഴിയിൽ കിടന്ന മദ്യം കഴിച്ച യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് തേകിഞ്ഞതോടെ പുറത്ത് വരുന്നത് കൂടുതൽ വിവരങ്ങൾ. സുഹൃത്ത് മനോജിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി സുധീഷ് മദ്യത്തിൽ കീടനാശിനി കലർത്തിയത്. എന്നാൽ മരിച്ചത് മാതൃസഹോദരൻ കുഞ്ഞുമോൻ ആണ്. വെള്ളം ചേർക്കാതെ മദ്യം കഴിച്ചതോടെയാണു കുഞ്ഞുമോൻ ആദ്യം അവശതയിലായത്. ഉടൻ‌ തന്നെ കുഞ്ഞുമോന് സുധീഷ് ഉപ്പുകലക്കിയ വെള്ളം കൊടുത്ത് ഛർദ്ദിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരാവസ്ഥയിലാകുകയായിരുന്നു. 3 പേരെയും ആശുപത്രിയിൽ എത്തിക്കുന്നതിനു മുന്നിൽ നിന്നതും സുധീഷാണ്.

വഴിയിൽക്കിടന്നു ലഭിച്ച മദ്യമായിരുന്നു ഇതെന്നും താൻ ഫോൺ ചെയ്തു വരുത്തിയാണ് 3 പേർക്കും കൊടുത്തതെന്നുമാണ് ഇയാൾ പൊലീസിനെയും നാട്ടുകാരെയും ധരിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരും സുധീഷിനെ അവിശ്വസിച്ചിരുന്നില്ല. സംഭവം നടന്നയുടൻ സുധീഷിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും ഇയാൾ കുറ്റവാളിയാണെന്ന സംശയം പൊലീസിനും ഉണ്ടായിരുന്നില്ല. തെളിവു നശിപ്പിക്കുന്നതിന് മദ്യക്കുപ്പി ഇയാൾ കത്തിക്കാൻ ശ്രമിച്ചിരുന്നു.

വ്യാഴാഴ്ച രാവിലെ കുഞ്ഞുമോൻ മരിച്ചതോടെ വീണ്ടും സുധീഷിനെ ചോദ്യം ചെയ്യുന്നതിനു ജില്ലാ പൊലീസ് മേധാവി വി.യു.കുര്യാക്കോസിന്റെ നേതൃത്വത്തിൽ പൊലീസെത്തി. മദ്യം വഴിയിൽക്കിടന്നു കിട്ടിയതാണെന്നാണ് ആദ്യം പറഞ്ഞെങ്കിലും പിന്നീട് താൻ വാങ്ങിയതാണെന്നു പ്രതി സമ്മതിച്ചു.

സ്ഥിരമായി മദ്യം കഴിച്ചിരുന്ന സുധീഷ് അന്ന് എന്താണ് മദ്യം കഴിക്കാതിരുന്നതെന്ന ചോദ്യത്തിന് പല്ലു തേച്ചില്ലെന്നും ഭക്ഷണം കഴിച്ചില്ലെന്നും മരം മുറിക്കുന്ന മെഷീന് എന്തോ തകരാറ് വന്നതിനാൽ പോകേണ്ടി വന്നെന്നുമൊക്കെ പലതരത്തിലാണു മൊഴി നൽകിയത്. മദ്യം കഴിച്ച് ആദ്യം അവശതയിലായ കുഞ്ഞുമോനെ രക്ഷിക്കാൻ സുധീഷ് വലിയ വെപ്രാളം കാട്ടിയെന്നും കുഞ്ഞുമോന് മാത്രം ഉപ്പുവെള്ളം കൊടുത്തെന്നും സുഹൃത്തുക്കൾ മൊഴി നൽകിയതോടെ കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു.

ഇടുക്കി ഡിവൈഎസ്പി ടി.കെ.ഷൈജു, അടിമാലി എസ്എച്ച്ഒ ക്ലീറ്റസ് ജോസഫ്, എസ്ഐ കെ.എം.സന്തോഷ്, ടി.പി.ജൂഡി, ഷിജു ജോക്കബ്, എം.യു.അജിത്, ടി.എസ്.രാജൻ, പി.എൽ.ഷാജി, ടി.എം.അബ്ബാസ്, ടി.എം.നൗഷാദ്, പി.എസ്.ഷാജിത എന്നിവരാണു കേസ് അന്വേഷിച്ച സംഘത്തിലുണ്ടായിരുന്നത്.