മലയാളികളുടെ പ്രിയപ്പെട്ട നടൻ തിലകന്റെ ഓർമകൾക്ക് പത്ത് വയസ്. അസാധാരണമായ പ്രതിഭാവിലാസവും അഭിനയത്തിലെ വൈവിധ്യവും കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ നടനാണ് തിലകൻ.
ശബ്ദത്തിലെ ഗാംഭീര്യവും ശരീരഭാഷയും…കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുംപോലെ. അടിമുടി അഭിനയത്തിലലിഞ്ഞുനിന്നു തിലകൻ. അഭിനയത്തിലെ പൂർണതയായിരുന്നു തിലകൻ. അക്ഷരാർത്ഥത്തിൽ ലോകനിലവാരത്തിലുള്ള നടൻ. വിശേഷണങ്ങൾക്ക് അപ്പുറത്തായിരുന്നു ആ അഭിനയവൈവിധ്യം.
ഏത് വേഷവും തിലകന് അനായാസം വഴങ്ങി. വില്ലൻ വേഷവും ഹാസ്യവേഷവും ഒരേസമയം തിലകൻ തകർത്താടി. മോഹൻലാലിനൊപ്പം തിലകൻ അഭിനയിച്ച സിനിമകളെല്ലാം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് കണ്ടത്. നാടകത്തിൽ തുടങ്ങി സിനിമയിൽ എത്തിയ തിലകൻറെ നടനവൈഭവത്തിന് മലയാളികൾ പലതവണ സാക്ഷികളായി.
നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാത്ത, കർക്കശക്കാരനായ തിലകൻ പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. അഭിനയ ജീവിതത്തിന്റെ അവസാന ഘട്ടത്തിൽ അൻവർ റഷീദിന്റെ ഉസ്താദ് ഹോട്ടലിലും രഞ്ജിത്തിന്റെ ഇന്ത്യൻ റുപ്പിയിലും അഭിനയത്തിന്റെ തിലകൻ ശൈലി മലയാളികൾ കണ്ടു.
അഭിനയിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീണു. ആദ്യം തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പിന്നീട് തിരുവനന്തപുരം കിംസിലേക്ക് മാറ്റി. 2012 സെപ്റ്റംബര്‍ 24 ന് മരണം. മരണത്തിലേക്ക് കുഴഞ്ഞു വീഴുമ്പോഴും, ക്യാമറയ്ക്ക് മുന്നിലായിരുന്നു തിലകന്‍. തിരശ്ശീലയ്ക്ക് മുന്നിലും പിന്നിലും ആണത്തമായിരുന്നു തിലകന്റെ മുഖമുദ്ര. മലയാളി മറക്കാത്ത അഭിനയമാണ് തിലകന്റേത്. സിനിമാലോകത്തെ താന്‍പോരിമകളെ ചെറുത്ത പോരാട്ടവീര്യവും മലയാളികള്‍ ഓര്‍മ്മിക്കാതിരിക്കില്ല.
1935-ല്‍ പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ പ്ലാങ്കമണ്ണിലാണ് തിലകന്റെ ജനനം. പിതാവ് പാലപ്പുറത്ത് ടി എസ് കേശവന്‍. മാതാവ് ദേവയാനി. ആശാന്‍ പള്ളിക്കൂടത്തിലും സെന്റ് ലൂയിസ് സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. തുടര്‍ന്ന് കൊല്ലം എസ്എന്‍ കോളെജില്‍ പഠനം.
കോളെജ് വിദ്യാഭ്യാസത്തിനു ശേഷമാണ് തിലകന്‍ അഭിനയ വഴിയിലേക്ക് തിരിഞ്ഞത്. മുണ്ടക്കയം നാടക സമിതിയാണ് അഭിനയത്തിലേക്ക് കൈപിടിച്ചത്. തുടര്‍ന്ന് കെപിഎസിയില്‍ എത്തി. 1956 വരെ കേരള പീപ്പിള്‍സ് ആര്‍ട്‌സ് ക്ലബ്ബില്‍ തുടര്‍ന്നു. കാളിദാസ കലാകേന്ദ്രത്തിലും പി ജെ ആന്റണിയുടെ ട്രൂപ്പിലും അംഗമായിരുന്നു. ആന്റണി തന്നെയാണ് സിനിമയില്‍ ആദ്യാവസരം നല്‍കിയത്. 1973-ല്‍ പുറത്തിറങ്ങിയ ‘പെരിയാറി’ലൂടെ തിലകന്‍ സിനിമാനടനായി.
‘ഗന്ധര്‍വക്ഷേത്രം’, ‘ഉള്‍ക്കടല്‍’ എന്നീ സിനിമകള്‍ക്കു ശേഷം ‘കോല’ങ്ങളിലാണ് (1981) തിലകന്‍ വേഷമിട്ടത്. കള്ളു വര്‍ക്കിയെന്ന കഥാപാത്രം വഴിത്തിരിവായി.ഒരു വര്‍ഷം കൂടി കഴിയുമ്പോള്‍, തിലകനെ തേടി സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരമെത്തി. ‘യവനിക’യിലെ (1982) അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. കാമ്പുള്ള കഥാപാത്രങ്ങള്‍ തുടര്‍ച്ചയായി തിലകനെ തേടിയെത്തി. 1988-ലും 1994-ലും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. ഇടത്തട്ടുകാരന്റെ ജീവിതമാണ് പലപ്പോഴും തിലകന്‍ അഭിനയിച്ചു തീര്‍ത്തത്. ശബ്ദവും രൂപവും മധ്യവര്‍ഗ്ഗ ആണത്തത്തിന്റെ അടയാളമായി. അച്ഛന്‍ വേഷങ്ങളിലെ രസതന്ത്രം ‘തിലകന്‍സിനിമകളെ’ തുടര്‍ഹിറ്റുകളാക്കി. തിലകന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒരുകാലത്ത് വിജയസമവാക്യമായിരുന്നു.
ഇടവേളയ്ക്കു ശേഷം സജീവമായപ്പോഴും മലയാളി തിലകന്റെ അഭിനയമികവ് കണ്ടറിഞ്ഞു. 2011-ല്‍ പുറത്തുവന്ന ‘ഇന്ത്യന്‍ റുപ്പിയും’ 2012-ല്‍ ഇറങ്ങിയ ‘ഉസ്താദ് ഹോട്ടലും’ അവസാനകാലത്തെ ഹിറ്റുചിത്രങ്ങളായി. ‘സീന്‍ ഒന്ന്, നമ്മുടെ വീട്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തിലകന്‍ മരണത്തിലേക്ക് വീണുപോയത്.
‘പെരുന്തച്ച’നിലെ(1990) അഭിനയം തിലകനെ ദേശീയ പുരസ്‌കാരത്തിന് തൊട്ടടുത്ത് എത്തിച്ചു. എന്നാല്‍, രാഷ്ട്രീയ ഇടപെടല്‍ തിരിച്ചടിയായി. അമിതാബ് ബച്ചനാണ് പുരസ്‌കാരം ലഭിച്ചത്. അമിതാബിനെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാക്കാന്‍ രാജീവ് ഗാന്ധിയാണ് ഇടപെടല്‍ നടത്തിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ അഭിനയിച്ചതോടെ 2010-ല്‍ തിലകനെ സിനിമാമേലാളന്‍മാര്‍ വിലക്കി. ‘ക്രിസ്ത്യന്‍ ബ്രദേഴ്‌സ്’ എന്ന ചിത്രത്തില്‍ നിന്നായിരുന്നു ആദ്യ ഒഴിവാക്കല്‍. പിന്നീടിതു തുടര്‍ന്നു. സിനിമാ സംഘടനകളായ ‘അമ്മ’യും ‘ഫെഫ്ക’യും തിലകനെ ഒഴിവാക്കാന്‍ മുന്നില്‍ നിന്നു. ഏറെക്കാലം വീറോടെ പൊരുതി തിലകനെന്ന മഹാനടന്‍. സൂപ്പര്‍താരങ്ങള്‍ക്ക് എതിരായ വിമര്‍ശം തിലകനെ സിനിമാലോകത്ത് ഒറ്റപ്പെടുത്തി. ആണത്തം കൊണ്ടാണ് തിലകന്‍ അതിനെയൊക്കെ നേരിട്ടത്.
ഇരുന്നൂറോളം മലയാള സിനിമകളില്‍ തിലകന്‍ അഭിനയിച്ചു. തമിഴ്,തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അയനം (1985) , യാത്ര (1985) , സന്‍മനസുള്ളവര്‍ക്ക് സമാധാനം (1986) , പഞ്ചാഗ്നി ( 1986) , നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ (1986) , മൂന്നാംപക്കം ( 1988) , ധ്വനി (1988) , കിരീടം (1989) , ചെങ്കോല്‍ (1993) , മിന്നാരം (1994) , അനിയത്തിപ്രാവ് (1997) , വീണ്ടും ചില വീട്ടുകാര്യങ്ങള്‍ (1999) , പ്രജാപതി ( 2006) , ഏകാന്തം (2007), ഇവിടം സ്വര്‍ഗ്ഗമാണ് (2009)
കൈ ഞരമ്പ് മുറിച്ച് രക്തം വാർന്ന് മരിച്ച നിലയിൽ പോലീസ് സബ് ഇൻസ്‌പെക്ടറെ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് കെ.ടി കുന്ന് സനിൽ ഭവനിൽ യു സജിത്തിനെയാണ് പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃപ്പൂണിത്തുറ ഹിൽപ്പാലസ് കെ.എ.പി. ബറ്റാലിയനിലെ എസ്.ഐ ആയിരുന്നു 40കാരനായ സജിത്ത്.
വെള്ളിയാഴ്ച രാവിലെ എരൂർ കണിയാമ്പുഴ റോഡിൽ തിട്ടേപ്പടി ജങ്ഷനു സമീപത്തുള്ള പറമ്പിലാണ് സജിത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് അരികിൽ നിന്ന് ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണും കണ്ടെത്തിയിട്ടുണ്ട്. എം.എസ്.പി.യിലായിരുന്ന സജിത്ത് കഴിഞ്ഞ മാസമാണ് മാറ്റം കിട്ടി കെ.എ.പി. ഒന്നാം ബറ്റാലിയനിൽ എത്തിയത്.
ചികിത്സാ അവധി കഴിഞ്ഞ് വെള്ളിയാഴ്ച ഡ്യൂട്ടിയിൽ പ്രവേശിക്കേണ്ട സമയം വരികയായിരുന്നു. ഇതിനിടയിലാണ് അപ്രതീക്ഷിത മരണം. അതേസമയം, മൃതദേഹത്തിന് ഒന്നിലധികം ദിവസത്തെ പഴക്കം ഉണ്ടെന്ന് കേസന്വേഷിക്കുന്ന തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ശനിയാഴ്ച പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അച്ഛൻ: ഉപേന്ദ്രൻ, അമ്മ: ലീലാകുമാരി.
വര്‍ക്കല മേല്‍വെട്ടൂരിലില്‍ കിടപ്പുരോഗിയായ സഹോദരനെ ഡോക്ടര്‍ കുത്തിക്കൊന്നു. മേല്‍വെട്ടൂര്‍ സ്വദേശി സന്ദീപ് (47) ആണ് കുത്തേറ്റ് മരണപ്പെട്ടത്. വെളുപ്പിന് ഒന്നര മണിയോടെയാണ് സംഭവം.
നാല് വര്‍ഷത്തോളമായി കിടപ്പ് രോഗിയായ സന്ദീപിനെ സഹോദരന്‍ വെറ്ററിനറി ഡോക്ടര്‍ കൂടിയായ സന്തോഷ് (49) ആണ് കുത്തി കൊന്നത്. കത്തി കൊണ്ട് നെഞ്ചില്‍ കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സന്തോഷിനെ പോലീസ് വീട്ടില്‍ നിന്നും കസ്റ്റഡിയില്‍ എടുത്തു.
പാങ്ങോട് മിലിറ്ററി ഹോസ്പിറ്റലില്‍ ജോലിയില്‍ ഇരിക്കവേ ഫിക്‌സ് വന്ന് നാല് വര്‍ഷത്തോളമായി സന്ദീപ് കിടപ്പ് രോഗിയാണ്. ഇദ്ദേഹത്തിന്റെ സഹോദരന്‍ സന്തോഷ്, വെറ്ററിനറി ഡോക്ടര്‍ ആയി കട്ടപ്പനയില്‍ ജോലി ചെയ്ത് വരികയായിരുന്നു. തികഞ്ഞ മദ്യപാനിയായ ഇയാള്‍ സ്ഥിരമായി മദ്യപിച്ചു ജോലിക്കെത്തുകയും തുടര്‍ന്ന് സസ്പെന്‍ഷനില്‍ ആവുകയുമായിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഔട്ട് ഹൗസില്‍ ആണ് സന്ദീപ് താമസിച്ചു വന്നിരുന്നത്.
കഴിഞ്ഞദിവസം രാത്രി അമിതമായി മദ്യപിച്ച സന്തോഷ് സന്ദീപ് താമസിക്കുന്ന ഔട്ട് ഹൗസില്‍ അതിക്രമിച്ചു കടക്കുകയും സന്ദീപിന്റെ തൊണ്ടയിലൂടെ ആഹാരം നല്‍കുന്നതിനായി ഉള്ള പൈപ്പ് ഇട്ടിരുന്നത് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും അക്രമസക്തനാവുകയും ചെയ്തു.
ഇത് കണ്ട് ഭയന്ന, സന്ദീപിനെ ശുശ്രൂഷിക്കുന്ന സത്യദാസ് ആണ് വിവരം പോലീസിനെ അറിയിക്കുന്നത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം കയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ട് സന്തോഷ് സന്ദീപിന്റെ നെഞ്ചില്‍ കുത്തിയിറക്കുകയായിരുന്നു എന്നാണ് സത്യദാസ് പോലീസിന് നല്‍കിയ മൊഴി.
കത്തി പൂര്‍ണ്ണമായും നെഞ്ചില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി സന്ദീപിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം വര്‍ക്കല താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സന്ദീപ് അവിവാഹിതനാണ്. കിടപ്പ് രോഗിയായ സന്ദീപിനെ സത്യദാസ് ആണ് വര്‍ഷങ്ങളായി ശുശ്രൂഷിച്ചു വരുന്നത്. സന്ദീപിന്റെ മാതാവ് സോമലത സംഭവസമയം വീട്ടില്‍ ഉണ്ടായിരുന്നു. പിതാവ് സുഗതന്‍ വര്‍ഷങ്ങള്‍ക്ക് മുന്നേ മരണപ്പെട്ടിരുന്നു.
ജമ്മുവിൽ മലയാളി സൈനികൻ സ്വയം വെടിയുതിർത്തു മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽ കിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (26) ആണ് ഡ്യുട്ടിക്ക് ഇടയിൽ വെടി വെച്ചു മരിച്ചതായി വീട്ടുകാർക്ക് വിവരം ലഭിച്ചത്.
ജമ്മുവിൽ രാഷ്ട്രീയ റൈഫിളിൽ ആയിരുന്നു കണ്ണൻ ഡ്യൂട്ടി ചെയ്തിരുന്നത്. വ്യാഴാഴ്ച്ച വൈകിട്ട് 6 മണിയോടെ മേൽ ഉദ്യോഗസ്ഥൻ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ഓണത്തിന് നാട്ടിൽ എത്തി പതിനേഴാം തീയതിയാണ് ലീവ് കഴിഞ്ഞു തിരികെ മടങ്ങിയത്.കുടുംബ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
ഭാര്യ:ദേവു. മാതാവ്: പത്മാക്ഷി. മൃതദേഹം നാളെ ( ശനി ) വൈകിട്ട് 7 മണിയോടെ വിമാന മാർഗം നാട്ടിൽ എത്തിച്ച് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് മറ്റെന്നാൾ ( ഞായർ) രാവിലെ 9 മണിയോടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.
മാരക മയക്കുമരുന്നുമായി മലയാളി സീരിയൽ നടൻ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. 191 ഗ്രാം എംഡിഎംഎയുമായാണ് മലയാളി സീരിയൽ നടൻ ഷിയാസ്, മുഹമ്മദ് ഷാഹിദ്, മംഗൾതൊടി ജിതിൻ എന്നിവരെ കർണാടക പൊലീസ് പിടികൂടിയത്.
ഇവരിൽ നിന്ന് 2.80 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ബെംഗളുരുവിലെ എൻഐഎഫ്ടി കോളേജിന് സമീപത്തു വെച്ചാണ് പ്രതികളെ പിടികൂടിയത്. ഇവർക്കെതിരെ നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം കേസെടുത്തിട്ടുണ്ട്. കർണാടകയിലെ കോളേജ് വിദ്യാർത്ഥികൾക്കായാണ് ഇവർ മയക്കുമരുന്ന് വിൽപന നടത്തിയതെന്നും പൊലീസ് പറഞ്ഞു.
ആറ് ലക്ഷത്തോളം വില വരുന്ന ലഹരിവസ്തുക്കളാണ് പ്രതികളിൽ നിന്നും പിടികൂടിയത്. ഇവർ വൻകിട നിശാപാർട്ടികളിലും ലഹരി വസ്തുക്കൾ എത്തിക്കാറുണ്ടെന്നും വിവരമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് സിറ്റി സൗത്ത് ഈസ്‌റ്റ് ഡിവിഷൻ ഡിസിപി സി കെ ബാബ അറിയിച്ചു.
വര്‍ക്കലയില്‍ മകളുടെ ആണ്‍ സുഹൃത്തിനെ അച്ഛന്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മക്കൾ മകൾ വീട്ടിൽ വിളിച്ചു വരുത്തിയ ആൺ സുഹൃത്ത്, വർക്കല ടെലിഫോൺ എക്സ്ചേഞ്ചിന് സമീപം ചരുവിള വീട്ടിൽ ബാലുവിനെ ആണ് അച്ഛൻ വെട്ടി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ ബാലുവിനെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.
2019ൽ ഇതേ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച ആളാണ് ബാലു. അന്ന് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. ഇപ്പോഴുണ്ടായ സംഭവുമായി ബന്ധപ്പെട്ട് സംഭവത്തിൽ ചെറുകുന്നം സ്വദേശിയായ പെൺകുട്ടിയുടെ പിതാവ് ജയകുമാറിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.അതീവ ഗുരുതരാവസ്ഥയിലായ ബാലു ഡോക്ടറുമാരുടെ മുഴുവൻ സമയ നിരീക്ഷണത്തിലാണ്.
നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് എതിരെ കൊച്ചി മരട് പോലീസില്‍ പരാതി. ഓണ്‍ലൈന്‍ ചാനലില്‍ അഭിമുഖത്തിനിടെ മോശമായ രീതിയില്‍ പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചെന്നും കാണിച്ച് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയാണ് മരട് പോലീസില്‍ പരാതി നല്‍കിയത്.
ചട്ടമ്പി എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് അധിക്ഷേപം ഉണ്ടായതെന്ന് പരാതിയില്‍ പറയുന്നു. അതേസമയം, പരാതിസ്വീകരിച്ചെങ്കിലും കേസ് എടുത്തിട്ടില്ലെന്ന് മരട് പോലീസ് പറഞ്ഞു.
പരസ്യമായി സ്ത്രീത്വ അപമാനിച്ച ശ്രീനാഥ് ഭാസിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മാധ്യമപ്രവര്‍ത്തക മരട് പോലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. പ്രസിദ്ധീകരണയോഗ്യമല്ലാത്ത വിധത്തിലുള്ള കടുത്ത അശ്ലീലഭാഷയാണ് ശ്രീനാഥ് ഭാസി ഉപയോഗിച്ചത്.
ചട്ടമ്പി സിനിമയുടെ പ്രെമോഷന്റെ ഭാഗമായി പ്രമുഖ ഹോട്ടലില്‍ നടന്ന അഭിമുഖത്തിനിടയായിരുന്നു സംഭവം. അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷപ്രയോഗങ്ങള്‍ നടത്തുകയായിരുന്നു.
താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറമാനോടും ശ്രീനാഥ് ഭാസി മോശമായി പെരുമാറിയെന്ന് മാധ്യമപ്രവര്‍ത്തക ആരോപിച്ചു. സംഭവത്തില്‍ ഇടപ്പെട്ട സിനിമ നിര്‍മാതാവിനോട് ശ്രീനാഥ് അക്രമാസക്തനായി പെരുമാറുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു.
ഇത്തവണത്തെ തിരുവോണം ബംബര്‍ ഒന്നാം സമ്മാനമായ 25 കോടി രൂപ ലഭിച്ചത് ഓട്ടോ ഡ്രൈവറായ ശ്രീവരാഹം സ്വദേശി ബി അനൂപിനായിരുന്നു. വിജയിയായതോടെ സന്തോഷം കൊണ്ട് മതിമറന്ന് എത്തിയ അനൂപിനേയും കുടുംബത്തേയും മലയാളികള്‍ക്ക് മറക്കാനാകില്ല. എന്നാല്‍ ജീവിതത്തില്‍ വന്ന ഈ സൗഭാഗ്യം വലിയ തലവേദനയായിരിക്കുകയാണ് അനൂപിനും കുടുംബത്തിനും.
അനൂപിന് വീട്ടില്‍ കയറാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് ഇപ്പോള്‍ സമാധാനം ഇല്ലാതെ പണം കിട്ടിയ പോലെയായി. ഒരു ഭാഗത്തുനിന്ന് ബാങ്കുകാരും മറുഭാഗത്തുനിന്ന് ദാരിദ്ര്യം പറഞ്ഞു വരുന്നവരും ഉണ്ടെന്നാണ് അനൂപും കുടുംബവും പറയുന്നത്. കേരളത്തില്‍ നിന്നും, ചെന്നൈയില്‍ നിന്നു പോലും സഹായം ചോദിച്ചു വരുന്നവരുണ്ട്. രണ്ടു കോടി, മൂന്നു കോടി കൊടുത്തു കഴിഞ്ഞാല്‍ സിനിമ പ്രൊഡ്യൂസ് ചെയ്യിപ്പിക്കാം, അഭിനയിപ്പിക്കാം എന്നൊക്കെ പറഞ്ഞു വരുന്നവരും ഉണ്ടെന്നും ഇവര് പറയുന്നു.
എല്ലാവരും ഡിമാന്റ് ചെയ്യുകയാണ്, ചോദിക്കുന്നതു പോലെയല്ല. എനിക്കൊരു 25 ലക്ഷം തരണം, 30 ലക്ഷം വേണം എന്നൊക്കെയാണ് പറയുന്നത്. ഇത്ര രൂപ തരണം, ഞാനിത് വാങ്ങിച്ചു കൊണ്ടേ പോകൂ എന്നൊക്കെയാണ് പറയുന്നത്. കിട്ടിയ പണം മുഴുവനും കൊടുത്തു കഴിഞ്ഞാല്‍ നാളെ അവര്‍ തന്നെ വന്നു പറയും ഇവര്‍ പണം മുഴുവനും ധൂര്‍ത്തടിച്ചു കളഞ്ഞുവെന്നും അനൂപ് പറയുന്നു.
ഇപ്പോള്‍ ചേട്ടനു വീട്ടിനകത്തോട്ടു വരാന്‍ പറ്റുന്നില്ല. ആളുകളോട് പറഞ്ഞു മടുത്തു. എല്ലാ ജില്ലകളില്‍ നിന്നും ആളുകള്‍ വരുന്നുണ്ട്. എണ്ണാന്‍ പറ്റുന്നില്ല, അത്രയ്ക്ക് തിരക്കാണ്. രാവിലെ അഞ്ചു മണി തൊട്ട് രാത്രി വരെ തിരക്കാണ്. ദൈവമേ ലോട്ടറി അടിച്ചത് അടിച്ചു, ഇത്രയും ബുദ്ധിമുട്ട് എന്തിന് ഉണ്ടാക്കിയെന്നാണ് ഗര്‍ഭിണി കൂടിയായ അനൂപിന്റെ ഭാര്യ മായ ചോദിക്കുന്നത്.
കോട്ടയം ഈരാറ്റുപേട്ടയില്‍ ഹര്‍ത്താല്‍ അനുകൂലികളും പൊലീസും തമ്മില്‍ നടന്ന സംഘര്‍ത്തില്‍ ലാത്തിചാര്‍ജ്ജ്. അഞ്ച് പേരെ കസ്റ്റഡിലെടുത്തു. അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമമാണ് അരങ്ങേറുന്നത്. തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളില്‍ വാഹനങ്ങള്‍ക്കുനേരെ കല്ലേറ്.
കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലും വാഹനങ്ങള്‍ക്കുനേരെ ആക്രമണം. നിരവധി കെഎസ്ആര്‍ടിസി ബസുകളുടെ ചില്ലുകള്‍ തകര്‍ന്നു. ലോറികള്‍ക്കുനേരെയും ആക്രമണം. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടഞ്ഞു.
കോഴിക്കോട് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനുമുന്നില്‍ കെഎസ്ആര്‍ടിസി ബസിനുനേരെയുണ്ടായ കല്ലേറില്‍കണ്ണിന് പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി സമരാനുകൂലികള്‍. യാത്രക്കാരെ അസഭ്യ പറയുന്നത് തടയാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ആന്റണി സിപിഒ നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. അതേസമയം കണ്ണൂരില്‍ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. ഉളിയിലാണ് വാഹനത്തിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്.
ബാംഗ്ലൂരില്‍ നിന്ന് 180 കിലോമീറ്ററും പാലക്കാടിൽ നിന്ന് 268.2 കിലോമീറ്ററും അകലെ തമിഴ്നാട്ടിലെ ധര്‍മ്മാപുരി ജില്ലയിലാണ് ഹൊഗെനക്കല്‍ വെള്ളച്ചാട്ടം. ഇന്ത്യയിലെ നയാഗ്ര എന്നാണ് ഹൊഗെനക്കല്‍ അറിയപ്പെടുന്നത്. ഔഷധഗുണമുള്ള ജലവും, ബോട്ട് യാത്രയും ഏറെ പ്രസിദ്ധമാണ്. ഇവിടെ കാണുന്ന കാര്‍ബണ്‍ അടങ്ങിയ പാറകള്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്നവയാണ്. വേനല്‍ക്കാലത്ത് വെള്ളച്ചാട്ടത്തിന് ശക്തി കുറയും. വെള്ളച്ചാട്ടത്തിന് താഴെയുള്ള സവാരിയാണ് ഹൊഗനക്കലിലെ പ്രത്യേകത.
വെള്ളച്ചാട്ടങ്ങളിലൂടെയുള്ള ബോട്ട് സവാരിയാണ് ഇവിടുത്തെ പ്രധാന പ്രത്യേകത. ചെറിയ കുട്ട വഞ്ചികളാണ് ഈ സവാരിക്കായി ഇവിടെയുള്ളത്. ഈ വെള്ളച്ചാട്ടങ്ങളിലൂടെ സാഹസികമായി തുഴയുന്ന വള്ളക്കാരും ഇവിടെയുണ്ട്. വെള്ളച്ചാട്ടങ്ങളിലൂടെയുള്ള സവാരി അതിമനോഹരമാണ്. നദിയിലൂടെ തുഴഞ്ഞും ഇടയ്ക്ക് വെള്ളച്ചാട്ടത്തിലൂടെയും വീണ്ടും പാറകളിലൂടെ നടന്നുമുള്ള സവാരിയാണിത്.
മഴക്കാലത്ത് അതിശക്തമായ വെള്ളമൊഴുകുന്നതിനാൽ ആ സമയത്ത് ഇവിടെ ബോട്ട് സവാരി ഉണ്ടായിരിക്കുന്നതല്ല. വളരെ പ്രത്യേകതയുള്ള പേരാണ് ഹൊഗനക്കല്‍. ഇതൊരു കന്നഡ വാക്കാണിത്. കന്നഡയിൽ ഹൊഗെ എന്നാൽ പുകയാണ്. കൽ എന്നാൽ പാറ. ഇത്തരത്തിലാണ് പുകയുന്ന പാറ എന്ന രീതിയിൽ ഈ സ്ഥലത്തിന് ഹൊഗനക്കല്‍ എന്ന പേര് ലഭിച്ചത്. ഈ സ്ഥലത്ത് നിന്ന് നോക്കിയാൽ മുകളിൽ നിന്നുള്ള വെള്ളം പാറകളിലൂടെ താഴേക്ക് ഒഴുകുമ്പോൾ ഒരു പുക പോലെയാണ് തോന്നുക.
വളരെ രുചികരമായ മീൻ ഫ്രൈ ഇവിടുത്തെ പ്രധാന പ്രത്യേകതയാണ്. ഈ സവാരിയിൽ ഇടയ്ക്കിടയ്ക്ക് പാറക്കൂട്ടങ്ങൾ കാണാം. അവിടെയിരുന്ന് മീൻ ചൂണ്ടയിടുന്നവരെയും അത് പാചകം ചെയ്യുന്ന സ്ത്രീകളെയും കാണാം. അപ്പോൾ തന്നെ ചൂണ്ടയിട്ട് കിട്ടുന്ന മീൻ വളരെ ഫ്രഷ് ആയിരിക്കും. ഏതു മീൻ വേണമെന്ന് പറഞ്ഞാൽ അത് പ്രത്യേക രീതിയിൽ പാചകം ചെയ്ത് നൽകും. ഈ രുചികരമായ ഫിഷ് ഫ്രൈ കഴിച്ചുകൊണ്ടാകാം തുടർന്നുള്ള സവാരി.
വെള്ളച്ചാട്ടത്തിലൂടെയുള്ള തുഴച്ചിൽ സാഹസികമാണ്. ചിലപ്പോൾ വെള്ളച്ചാട്ടങ്ങളുടെ ചുവട്ടിൽ ഈ വഞ്ചി കറക്കുന്നത് ഇവിടുത്തെ പ്രധാന കാഴ്ചയാണ്. വെള്ളച്ചാട്ടത്തിന് പിന്നിൽ ചെറിയ ഗുഹകളുണ്ടാകും. അതിലൂടെയും സവാരിയുണ്ട്. ഇതെല്ലം ഹൊഗെനക്കലിലെ പ്രധാന പ്രത്യേകതകളാണ്. ഈ മലകളിലൂടെയും പാറകളിലൂടെയും സാഹസികമായി കയറുന്നവരെ ഇവിടെ കാണാം. ഇവർ പാറകളിൽ നിന്നും ഡൈവിംഗ് ചെയ്യുന്നവരാണ്. സവാരിക്കിടയിൽ ഈ സാഹസികരുടെ ഡൈവിംഗ് കാഴ്ചകളും കാണാം.
നിരവധി സിനിമകൾ ഹൊഗനക്കലിൽ ചിത്രീകരിച്ചിട്ടുണ്ട്. സിനിമാക്കാരുടെ ഇഷ്ട ലൊക്കേഷനാണ് ഹൊഗെനക്കൽ. ഹിന്ദി, തമിഴ്, മലയാളം സിനിമകളിലെ നിരവധി ഗാന രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്. മലയാളത്തിലെ ഹിറ്റുകളിൽ ഒന്നായ നരനിലെ നിരവധി രംഗങ്ങൾ ഈ വെള്ളച്ചാട്ടത്തിലാണ് ചിത്രീകരിച്ചത്. കൂടാതെ കുഞ്ചാക്കോ ബോബൻ നായകനായ ‘നിഴൽ’ ചിത്രത്തിലെ ചില രംഗങ്ങളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
ഹൊഗനക്കലിലെ വെള്ളച്ചാട്ടം ആസ്വദിക്കാൻ ട്രെയിനിൽ വരുന്നവർക്ക് സേലത്ത് ഇറങ്ങാം. സേലത്ത് നിന്ന് 114 കിലോമീറ്റർ ദൂരമുണ്ട് ഹൊഗെനക്കലിലേക്ക്. ഹൊഗനക്കലിൽ നിന്ന് 180 കിലോമീറ്റര്‍ ദൂരമുണ്ട് ബാംഗ്ലൂർ വിമാനത്തവാളത്തിലേക്ക്. ഇവിടെ നിന്നും ടാക്‌സികൾ ലഭ്യമാണ്.