India

ആറ് വയസുകാരനെ ശ്വാസം മുട്ടിച്ച് കൊന്ന കേസിൽ അമ്മ അറസ്റ്റിൽ. കാപ്പാട് സ്വദേശി ജുമൈലയാണ് അറസ്റ്റിലായത്. ബന്ധുക്കളുടെ പരാതിയിലായിരുന്നു പോലീസിന്റെ നടപടി.

കുഞ്ഞിനെ തലയണകൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് വിവരം. അമ്മയ്‌ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് സൂചന. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്.

കുട്ടി ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് ആദ്യം അറിയിച്ചത്. പക്ഷെ കുഞ്ഞ് ചെറുതായതിനാൽ ഹൃദയാഘാതത്തിനുള്ള സാധ്യത കുറവാണെന്ന് പലരും സംശയിച്ചു. തുടർന്ന് കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

കുട്ടിയുടെ മരണത്തിൽ ഡോക്ടറും സംശയം പ്രകടിപ്പിച്ചതോടെ പിന്നീടുള്ള പരിശോധനയിൽ ശ്വാസം മുട്ടി മരിച്ചതായി കണ്ടെത്തി.

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറായി നിയമിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ ഫെയ്‌സ് ബുക്കിലും പ്രതിഷേധം. ആലപ്പുഴ ജില്ല കലക്ടറുടെ പേജില്‍ പ്രതിഷേധ കമന്റുകള്‍ വ്യാപകമായതോടെ കമന്റ് ബോക്‌സ് പൂട്ടുകയും ചെയ്തു. ശ്രീറാം വെങ്കിട്ടരാമന്റെ ഭാര്യ കൂടിയായ രേണുരാജാണ് നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍. രേണുവിനെ എറണാകുളം ജില്ലാ കലക്ടര്‍ ആക്കി മാറ്റി നിയമിച്ചിട്ടാണ് ശ്രീറാമിനെ ആലപ്പുഴയിലേക്ക് എത്തിക്കുന്നത്.

എന്നാല്‍ ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ച ഉത്തരവ് വന്നതോടെയാണ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിരവധി കമന്റുകള്‍ വന്നത്. ഇതോടെ കമന്റ് ബോക്‌സ് പൂട്ടുകയായിരുന്നു. ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിക്കുന്നതിനെതിരെ പ്രതിപക്ഷത്തുനിന്ന് ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി ജനറല്‍ സെക്രട്ടറി എ.എ ഷുക്കൂര്‍ തുടങ്ങിയവര്‍ ഇതിനെതിരെ രംഗത്ത് വന്നു.

ശ്രീറാമിന്റെ നിയമനം വെല്ലുവിളി: ചെന്നിത്തല

കോഴിക്കോട്: ആലപ്പുഴ ജില്ലാ കലക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പൂര്‍ണമായും കുറ്റവിമുക്തനാവാത്ത നിലവില്‍ കൊലപാതക കേസില്‍ പ്രതിയായ വ്യക്തിയെ ആലപ്പുഴക്കാരുടെ തലയിലേക്ക് ഇടുന്ന അവസ്ഥയാണ്.
കലക്ടര്‍മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ ആണ്. മാധ്യമ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ടയാളെ കലക്ടറായി നിയമിച്ചത് ശരിയല്ലെന്നും സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഏകീകൃത കുര്‍ബാന ക്രമത്തെ ചൊല്ലിയുള്ള തര്‍ക്കം പുതിയ തലത്തിലേക്ക്. സിനഡ് നിര്‍ദേശിച്ച കുര്‍ബാനയില്‍ നിന്ന് വിട്ടുനിന്ന് എറണാകുളം അങ്കമാലി അതിരൂപതയില്‍ പരമ്പരാഗത ജനാഭിമുഖ കുര്‍ബാന ചൊല്ലാന്‍ അനുമതി നല്‍കിയ മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാന്‍ വത്തിക്കാന്‍ നിര്‍ദേശം നല്‍കി. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്പ് ഡോ. ലിയോപോള്‍ഡോ ജിറേല്ലി കഴിഞ്ഞ വ്യാഴാഴ്ച ഡല്‍ഹിയിലേക്ക് വിളിപ്പിച്ചാണ് മെത്രാപ്പോലീത്തന്‍ വികാരി സ്ഥാനമൊഴിയാന്‍ നോട്ടീസ് നല്‍കിയത്. സ്ഥാനപതി നാളെ എറണാകുളം അരമന സന്ദര്‍ശിക്കുന്നുണ്ട്. സ്ഥാനമൊഴിയാന്‍ തയ്യാറായില്ലെങ്കില്‍ രാജി എഴുതി വാങ്ങുകയാണ് ലക്ഷ്യമെന്നാണ് സൂചന.

സ്ഥാനപതിയുടെ നോട്ടീസില്‍ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ മാര്‍പാപ്പയ്ക്ക് കത്തയച്ചുവെങ്കിലും അതില്‍ തീരുമാനം വന്നിട്ടില്ല. ഏകീകൃത കുര്‍ബാനയ്‌ക്കെതിരെ നിലപാട് സ്വീകരിച്ച വൈദികര്‍ക്കൊപ്പം നിന്നുവെന്ന കുറ്റമാണ് ആര്‍ച്ച് ബിഷപ്പിനെതിരെ പറയുന്നത്. ഏകീകൃത കുര്‍ബാന ചൊല്ലുന്നതില്‍ നിന്ന് ഡിസംബര്‍ 25 വരെ താല്‍പര്യമുള്ള ഇടവകകള്‍ക്ക് ആര്‍ച്ച് ബിഷപ് ഇളവ് നല്‍കിയിരുന്നു.

അതേസമയം, വിഷയത്തില്‍ ആര്‍ച്ച് ബിഷപ്പിന് പിന്തുണയുമായി അതിരൂപതയിലെ വൈദികരും വിശ്വാസികളും രംഗത്തെത്തി. ആര്‍ച്ച് ബിഷപ് സ്ഥാനമൊഴിയാന്‍ പാടില്ലെന്നും പുറത്താക്കാന്‍ അധികാരമുണ്ടെങ്കില്‍ നടപടി സ്വീകരിക്കട്ടെയെന്നുമാണ് ഇവരുടെ നിലപാട്. ഇന്ന് 10.30ന് ചേരുന്ന യോഗത്തിനു ശേഷം മാധ്യമങ്ങളെ നിലപാട് പരസ്യമായി അറിയിക്കും.

സ്ഥാനമൊഴിഞ്ഞ ശേഷം പുതിയ ചുമതല ലഭിക്കുന്നത് വരെ അതിരൂപതയുടെ അതിര്‍ത്തിക്ക് പുറത്തുള്ള സിഎംഐ സഭയുടെ ഏതെങ്കിലും ഹൗസില്‍ താമസിക്കാനാണ് സ്ഥാനപതി കത്തില്‍ ആവശ്യപ്പെടുന്നത്.

ഓഗസ്റ്റ് ആറിന് സിറോ മലബാര്‍ സഭ സിനഡ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ചേരാനിരിക്കേയാണ് തിരിക്കിട്ട നടപടികള്‍. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യം. ആര്‍ച്ച്ബിഷപ്പ് കരിയിലെ സ്ഥാനത്തുനിന്ന് നീക്കിയ ശേഷം സിനഡിനും കര്‍ദിനാള്‍ ആലഞ്ചേരിക്കും താല്‍പര്യമുള്ള അതിരൂപതയിലെ മുതിര്‍ന്ന ഒരു വൈദികനെ താത്ക്കാലിക അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചേക്കും. സിനഡില്‍ പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കുന്നത് വരെയായിരിക്കും ഈ നിയമനം. ഇദ്ദേഹത്തെ തന്നെ ബിഷപ്പ് ആയി നിയമിക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.

അതിരൂപതയിലെ ഭൂമി കുംഭകോണം മുതല്‍ രണ്ടു തട്ടിലാണ് സിറോ മലബാര്‍ സഭയും എറണാകുളം അങ്കമാലി അതിരൂപതയും. ഏകീകൃത കുര്‍ബാനക്രമം കൂടി വന്നതോടെ ആ വിടവ് വര്‍ധിച്ചു. ഭൂമി കുംഭകോണത്തെ തുടര്‍ന്ന് കര്‍ദിനാളിനെ അതിരൂപതയുടെ ഭരണത്തില്‍ നിന്നും മാറ്റിയ വത്തിക്കാന്‍ മെത്രാപ്പോലീത്തന്‍ വികാരിയായി ആര്‍ച്ച്ബിഷപ്പ് ആന്റണി കരിയിലിനെ നിയമിക്കുകയായിരുന്നു.

ചേര്‍ത്തല സ്വദേശിയായ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ സിഎംഐ സന്യാസ സമൂഹത്തില്‍ നിന്നുള്ള അംഗമാണ്. കളമശ്ശേരി രാജഗിരി കോളേജ് പ്രിന്‍സിപ്പല്‍, രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിഎംഐ സഭയുടെ പ്രിയോര്‍ ജനറലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മണ്ഡ്യ ബിഷപ്പായിരുന്ന അദ്ദേഹം, എറണാകുളം അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ചുമതലുള്ള ബിഷപ്പായി 2019ല്‍ ആണ് ചുമതലയേറ്റത്.

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ചുമയലയേറ്റു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്‍.വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്ഥാനമൊഴിയുള്ള രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍, എം.പിമാര്‍ അടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.

പ്രധാനമന്ത്രിക്കും എം.പിമാര്‍ക്കും എംഎല്‍എമാര്‍ക്കും നന്ദി പറഞ്ഞുകൊണ്ടാണ് ദ്രൗപദി മൂര്‍മു പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം ആരംഭിച്ചത്. ജനങ്ങളുടെ പ്രതീക്ഷയുടെ പ്രതീകങ്ങളാണ് ജനപ്രതിനിധികള്‍. എനിക്ക് അവരോട് നന്ദിയുണ്ട്. രാജ്യം സ്വാതന്ത്ര്യം നേടിയ ശേഷം ജനിച്ചവരില്‍ പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ ആളാണ് താന്‍. നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളുടെയും സ്വതന്ത്ര ഇന്ത്യയിലെ ജനങ്ങളുടെയും പ്രതീക്ഷ വേഗത്തില്‍ നിറവേറ്റാന്‍ എല്ലാവരും പ്രയത്‌നിക്കണം.

രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തി. ഒഡീഷയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നത്. അവിടെ നിന്നും കോളജില്‍ എത്തിയ ആദ്യ വനിതയാണ് താന്‍. രാജ്യത്തിന്റെ പ്രസിഡന്റാവുക എന്നത് വ്യക്തിപരമായ നേട്ടമല്ല. ഇന്ത്യയിലെ എല്ലാ ദരിദ്രരുടെയും നേട്ടമാണ്. ദരിദ്രര്‍ക്ക് സ്വപ്‌നം കാണാന്‍ മാത്രമല്ല, അത് നിറവേറ്റാനും കഴിയുമെന്നതിന്റെ ഉദാഹരണമാണ് താന്‍. രാജ്യം സ്വാതന്ത്ര്യത്തിന്റെ 50ാം വര്‍ഷം ആഘോഷിക്കുന്ന സമയത്താണ് തന്റെ രാഷ്ട്രീയ പ്രവേശനവും തുടങ്ങുന്നത്. രാജ്യം സ്വതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കുമ്പോള്‍ തനിക്ക പുതിയ ഉത്തരവാദിത്തങ്ങളും ലഭിക്കുന്നു. അത് വലിയ അംഗീകാരമായാണ് താന്‍ കാണുന്നത്.

നാളെ ജൂലായ് 26 കാര്‍ഗില്‍ വിജയ് ദിനമാണ്. ഇന്ത്യന്‍ സേനയുടെ കരുത്തും ക്ഷമയും വിളിച്ചോതുന്ന ദിനമാണിത്. ഈ ദിനത്തില്‍ സായുധ സേനയ്ക്കും എല്ലാ ജനങ്ങള്‍ക്കും ആശംസകള്‍ നേരുന്നു. രാഷ്ട്രപതി പദവിയിലേക്കുള്ള തന്റെ യാത്രയില്‍ ഉടനീളം ദരിദ്ര ജനവിഭാഗത്തിന്റെ അനുഗ്രഹമുണ്ട്, കോടികണക്കിന് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സ്വപ്‌നങ്ങളും കരുത്തുമുണ്ട്. യുവാക്കളുടെയും സ്ത്രീകളുടെയും താല്‍പര്യത്തിനാണ് മുന്‍ഗണനയെന്ന് ഈ ഘട്ടത്തില്‍ താന്‍ ഉറപ്പുനല്‍കുന്നു.

ഡോ.രാജേന്ദ്ര പ്രസാദ് മുതല്‍ രാംനാഥ് കോവിന്ദ് വരെ നിരവധി പ്രമുഖര്‍ ഈ പദവി വഹിച്ചു. ആ മഹത്തായ പാരമ്പര്യം വഹിക്കാനുള്ള ഉത്തരവാദിത്തമാണ് ഈ രാജ്യം ഇപ്പോള്‍ എന്നെ ഏല്പിച്ചിരിക്കുന്നത്. ഭരണഘടനയുടെ വെളിച്ചത്തില്‍ ആ ഉത്തരവാദിത്തങ്ങള്‍ താന്‍ നിറവേറ്റും. രാജ്യത്തിന്റെ ജനാധിപത്യ സാംസ്‌കാരിക പ്രതീകങ്ങളും പൗരന്മാരുമാണ് തന്റെ ഊര്‍ജത്തിന്റെ ഉറവിടങ്ങള്‍.

സ്വരാജ്, സ്വദേശി, സ്വച്ഛത, സത്യാഗ്രഹ തുടങ്ങിയ ആശയങ്ങള്‍ നമ്മുക്ക് മഹാത്മാ ഗാന്ധി കാണിച്ചു തന്നു. നേതാജി സുഭാഷ് ചന്ദ്രബോസ്, നെഹ്‌റു, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍, ഭഗത് സിംഗ്, സുഖ്‌ദേവ്, രാജ്ഗുരു, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയവരുടെ മാതൃകകള്‍ നമ്മുടെ മുന്നിലുണ്ട്.

 

കോവിഡ് പ്രതിസന്ധി കാലത്ത് രാജ്യം സ്വീകരിച്ച നടപടികള്‍ ലോകത്തിനു മുന്നില്‍ നമ്മുടെ ശക്തി പ്രകടിപ്പിക്കുന്നതായിരുന്നു. അടുത്തകാലത്ത് നാം കോവിഡ് വാക്‌സിനേഷന്‍ 200 കോടി പിന്നിട്ടു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ജനങ്ങള്‍ കാണിച്ച ക്ഷമയും ധൈര്യവും സഹകരണവും ഈ സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന ശക്തിയുടെ പ്രതീകമാണ്. രാജ്യത്തിന്റെ ഓരോ മേഖലയിലും സംഭാവന നല്‍കാന്‍ എല്ലാ സഹോദരിമാര്‍ക്കും കഴിയണം. ലോകത്തിന്റെ ക്ഷേമം ഉള്‍ക്കൊണ്ട് തികഞ്ഞ വിനയത്തോടെയും സമര്‍പ്പണത്തോടെയും സേവനം ചെയ്യാന്‍ താന്‍ എല്ലായ്‌പ്പോഴും സന്നദ്ധമാണെന്നും ദ്രൗപദി മുര്‍മു പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

രാഷ്ട്രപതിയായി ചുമതലയേല്‍ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 64 വയസ്സുള്ള ദ്രൗപദി മുര്‍മു. ആദിവാസി വിഭാഗത്തില്‍ നിന്നും ഈ പദവിയില്‍ എത്തുന്ന ആദ്യ വ്യക്തിയും രണ്ടാമത്തെ വനിത രാഷ്ട്രപതിയുമാണ് ദ്രൗപദി മുര്‍മു.

രാവിലെ രാഷ്ട്രപതി ഭവനില്‍ നിന്നും മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദിനൊപ്പമാണ് ദ്രൗപദി മുര്‍മു പാര്‍ലമെന്റ് ഹാളിലെത്തിയത്. ലോക്‌സഭാ രാജ്യസഭാ അധ്യക്ഷന്മാര്‍ ചേര്‍ന്ന് അവരെ സ്വീകരിച്ചു. ചടങ്ങിനു ശേഷം രാഷ്ട്രപതി ഭവനിലേക്ക് പുറപ്പെട്ടു.

സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ അദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച വസതിയിലേക്ക് ആനയിക്കും.

മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മക്ക് നല്‍കിയതില്‍ പരാതിയുമായി സംഗീതജ്ഞന്‍ ലിനുലാല്‍. സംഗീതത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവര്‍ക്ക് നഞ്ചിയമ്മക്ക് അവാര്‍ഡ് നല്‍കിയത് അപമാനമായി തോന്നിയെന്ന് ലിനു ലാല്‍ പറഞ്ഞു. ഫേസ്ബുക്കില്‍ വീഡിയോയിലൂടെയായിരുന്നു ലിനു ലാലിന്റെ പ്രതികരണം.

മൂന്നും നാലും വയസ് മുതല്‍ സംഗീതം അഭ്യസിച്ച് അവരുടെ ജീവിതം സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെക്കുന്ന ഒരുപാട് പേരുണ്ട്. അവര്‍ തണുത്തതും എരിവുള്ളതും കഴിക്കില്ല, തണുപ്പുള്ള സ്ഥലത്തുപോകില്ല അങ്ങനെയൊക്കെയുള്ളവര്‍. പട്ടിണികിടന്നാലും മ്യൂസിക് അല്ലാതെ മറ്റൊന്നുമില്ലെന്ന് ചിന്തിക്കുന്നവര്‍.

അങ്ങനെ ഒരുപാട് ആളുകളുണ്ട്. അങ്ങനെയുള്ള ഒരുപാട് പേരുള്ളപ്പോള്‍ നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണല്‍ അവാര്‍ഡ് കൊടുക്കുക എന്നുപറഞ്ഞാല്‍. പുതിയൊരു സോങ് കമ്പോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാല്‍ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നും ലിനുലാല്‍ പറഞ്ഞു.

ഒരാഴ്ചയോ ഒരുമാസം കൊടുത്ത് പഠിച്ചിട്ടുവരാന്‍ പറഞ്ഞാല്‍ പോലും സാധാരണ ഒരു ഗാനം പാടാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദാസ് സാറൊക്കെ ഒരു ദിവസം എട്ടും പത്തും പാട്ടൊക്കെ പാടിയിട്ടുണ്ട്. അതുപോലെ ചിത്ര ചേച്ചി. മധുബാലകൃഷ്ണനൊക്കെ 15 മിനിറ്റ് നേരം കൊണ്ട് ഒരു പാട്ട് പാടിപ്പോകും. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഗാനം 2020 ലെ ഏറ്റവും നല്ല പാട്ടായി തനിക്ക് തോന്നുന്നില്ലെന്നും ലിനു പറഞ്ഞു.

‘ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയ പാട്ട്, അല്ലെങ്കില്‍ ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ? എനിക്കതില്‍ സംശയമുണ്ട്. നഞ്ചിയമ്മയോട് എനിക്ക് യാതൊരു വിരോധവുമില്ല. അവരെ എനിക്ക് അധികം ഇഷ്ടമാണ്. ആ ഫോക് സോങ് അവര് നല്ല രസമായി പാടിയിട്ടുണ്ട്. ഞങ്ങളുള്ള ഒന്നു രണ്ടു വേദിയില്‍ ഈ അമ്മ വന്നിട്ടുണ്ട്. പിച്ച് ഇട്ടുകൊടുത്താല്‍ അതിനു അനുസരിച്ച് പാടാനൊന്നും കഴിയില്ല. അങ്ങനെയുള്ള ഒരാള്‍ക്കാണോ പുരസ്‌കാരം കൊടുക്കേണ്ടത്.

അയ്യപ്പനും കോശിയും സിനിമയിലെ ആ ഗാനം ആ അമ്മ നല്ല രസമായി പാടിയിട്ടുണ്ട്. അതുകൊണ്ടു ആ അമ്മയ്ക്ക് ഒരു സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം നല്‍കാമായിരുന്നു,’ ലിനു പറഞ്ഞു.

അതേസമയം, ഗായികമാരായ സിതാര കൃഷ്ണകുമാറും സുജാതയും മാത്രമായിരുന്നു പുരസ്‌കാര നേട്ടത്തില്‍ നഞ്ചിയമ്മക്ക് അഭനന്ദനവുമായി എത്തിയിരുന്നത്. സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയിലെ കലക്കാത്ത എന്ന ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള ദേശീയപുരസ്‌കാരം ഗായിക നഞ്ചിയമ്മയെ തേടിയെത്തിയത്. കഴിഞ്ഞ സംസ്ഥാന അവാര്‍ഡ് വേളയില്‍ പ്രത്യേക ജൂറി അവാര്‍ഡും നഞ്ചിയമ്മക്കുണ്ടായിരുന്നു.

 

അമ്മയുടെ കറിൽ നിന്ന് ഇറങ്ങി സ്‌കൂൾ ബസിൽ കയറാൻ റെയിൽവെ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. കിഷോർ – ലിസി ദമ്പതികളുടെ മകൾ നന്ദിതയാണ് മരിച്ചത്.കണ്ണൂരിൽ ശനിയാഴ്ച രാവിലെ 7.45 ഓടെയാണ് അപകടം നടന്നത്.

കണ്ണൂർ കക്കാട് ഭാരതീയ വിദ്യാഭവനിലെ പ്ലസ് വൺ വിദ്യാർഥിനിയായിരുന്നു നന്ദിത. കണ്ണൂർ ഭാഗത്തേക്ക് വന്ന പരശുറാം എക്‌സ്പ്രസാണ് കുട്ടിയെ ഇടിച്ച് തെറിപ്പിച്ചത്. സ്‌കൂൾ ബസിൽ കയറാൻ രാവിലെ അമ്മയ്‌ക്കൊപ്പം കാറിൽ വന്ന വിദ്യാർഥിനി റെയിൽവെ ഗേറ്റ് അടച്ചിരിക്കുന്നതുകണ്ട് കാറിൽനിന്ന് ഇറങ്ങി റെയിൽവെ ട്രാക്ക് മുറിച്ച് കടന്നു. ഈ സമയം, ബാഗ് തീവണ്ടിയിൽ കുരുങ്ങി, ഇതാണ് അപകടത്തിലേയ്ക്ക് വഴിവെച്ചത്.

സ്‌കൂൾ ബസ് പതിവായി എത്തുന്ന സ്ഥലത്തേക്ക് നടന്ന് പോകുകയായിരുന്നു അപകടം. അമ്മയുടെ കൺമുന്നിലാണ് അപകടം നടന്നത്. നാട്ടുകാർ ഉടൻതന്നെ കുട്ടിയെ എ.കെ.ജി ആശുപത്രിയിലും മിംസ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിസിയുടെ ഭർത്താവ് നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.

വീട്ടിലെ ഓമനമൃഗത്തെ കുടുംബത്തിലെ ഒരംഗമായിട്ടാണ് മിക്കവരും കാണുക. ആ വളർത്തുമൃഗത്തിന്റെ മരണം വലിയ ശൂന്യതയാണ് ചിലരുടെ ജീവിതത്തിലുണ്ടാക്കുക. വേണ്ടപ്പെട്ട ഒരാൾ നഷ്ടപ്പെട്ട വേദന എന്നും ഉള്ളിൽ പേറുന്ന ഒട്ടനേകം പേരുണ്ടാകു. ഇപ്പോഴിതാ സ്വന്തം ജീവൻ ത്യാഗം ചെയ്ത് മറ്റൊരു ജീവിയെ രക്ഷിക്കാൻ ശ്രമിച്ച പൂവൻകോഴിയാണ് വാർത്തകളിൽ നിറയുന്നത്.

തങ്ങളുടെ ആട്ടിൻകുട്ടിയെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും ബലികൊടുത്ത ഈ പൂവൻകോഴിക്കായി കുടുംബം വിപുലമായ മരണാനന്തര ചടങ്ങുകൾ തന്നെ നടത്തുകയായിരുന്നു. ഉത്തർപ്രദേശിലെ ഫതൻപൂരിലെ ഒരു കുടുംബത്തിലാണ് സംഭവം.

വീട്ടിലെ പ്രിയപ്പെട്ട കോഴിയുടെ മരണാനന്തര ചടങ്ങുകൾ 500ലധികം പേരെ പങ്കെടുപ്പിച്ചാണ് ഈ കുടുംബം നടത്തിയത്. സംഭവം ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പൂവൻകോഴി മരിച്ച് കൃത്യം പതിമൂന്ന് ദിവസത്തിനുള്ളിലാണ് ആചാരപ്രകാരം മരണാനന്തര ചടങ്ങ് നടത്തിയത്. പ്രതാപ്ഗഡ് ജില്ലയിലെ ബഹ്ദൗൾകാല ഗ്രാമത്തിലെ ചടങ്ങിലേക്ക് 500ലധികം പേരെ ക്ഷണിച്ചിരുന്നു.

ലാൽജി എന്ന് വീട്ടുകാർ സ്‌നേഹത്തോടെ വിളിച്ചിരുന്ന പൂവൻ കോഴിയെയാണ് ഇവർക്ക് നഷ്ടമായത്. ഡോ. സൽക്‌റാം സരോജും കുടുംബവുമാണ് പൂവൻകോഴിയുടെ ഉടമകൾ. ഒരു ദിവസം വീട്ടിലേക്ക് അതിക്രമിച്ച് കടന്ന നായയോട് മല്ലിട്ടാണ് പൂവൻകോഴി ഇഹലോകവാസം വെടിഞ്ഞത്. മുറ്റത്ത് വലിയ ബഹളം കേട്ട് ചെന്ന് നോക്കിയ സൽക്‌റാം കാണുന്നത് വീട്ടിലെ ആട്ടിൻകുട്ടിയെ ആക്രമിക്കാൻ ശ്രമിച്ച നായയെ കോഴി തുരത്താൻ ശ്രമിക്കുന്നതാണ്. ഇദ്ദേഹം ലാൽജിയുടെ അരികിലേക്ക് ഓടിയെത്തി നായയെ തുരത്തി കോഴിയെ കൈയിലെടുത്തെങ്കിലും സാരമായി പരിക്കേറ്റ് കോഴി മരണപ്പെടുകയായിരുന്നു.

ലാൽജി തങ്ങളുടെ വീട്ടിലെ അംഗമായതിനാൽ ആത്മാവിനായി എല്ലാ ചടങ്ങുകളും നടത്തണമെന്ന ഇറച്ചതീരുമാനമായിരുന്നു കുടുംബം കൈക്കൊണ്ടത്. തുടർന്ന് ചടങ്ങുകൾ അനുസരിച്ച് മരിച്ചതിന്റെ പതിമൂന്നാം നാളിൽ നാട്ടിലെ ആളുകളെ വിളിച്ചുകൂട്ടി കർമ്മങ്ങൾ നടത്തുകയും ചെയ്തു. ലാൽജി കോഴിയെ നഷ്ടപ്പെട്ടതിന്റെ വേദന തങ്ങൾ അതിജീവിച്ചുവരികയാണെന്നു സൽക്‌റാം പ്രതികരിച്ചു.

 

കിളിമാനൂരിൽ വീട്ടിലേക്കുള്ള വഴിയിൽ മൂത്രം ഒഴിച്ചത് ചോദ്യം ചെയ്തതിന് യുവാവിനെ മർദ്ദിച്ച മൂന്ന് പൊലീസുകാർ അറസ്റ്റിൽ.പൊലീസ് അസോസിയേഷൻ സമ്മേളനത്തിനെത്തിയ പൊലീസുകാരാണ് റെയിൽവേ ജിവനക്കാരനായ യുവാവിനെ മർദ്ദിച്ചത്. പൊലീസുകാർ മദ്യപിച്ചിരുന്നെന്ന് പരാതിക്കാരനായ രജീഷ് പറഞ്ഞു.

ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു സംഭവം. കിളിമാനൂർ ബിവറേജസിന് സമീപം വീട്ടിലേക്കുള്ള സ്വകാര്യ വഴിയിൽ ചങ്ങനാശ്ശേരിയിൽ നിന്നെത്തിയ മൂന്ന് പൊലീസുകാർ മൂത്രമൊഴിച്ചു. ഇത് വീട്ടുടമയായ രജീഷ് ചോദ്യം ചെയ്തു. വാക്കേറ്റം മർദ്ദനത്തിൽ കലാശിച്ചു.

പൊലീസ് കേസെടുക്കാൻ ആദ്യം വിസമ്മതിച്ചെന്നും ഒത്തുതീർപ്പാക്കാൻ ശ്രമമുണ്ടായെന്നും പരാതിക്കാരനായ രജീഷ്. ബിവറേജസിൽ നിന്ന് വാങ്ങിയ മദ്യവുമായി ടെംബോ ട്രാവറിലെത്തിയ പൊലീസുകാർ മദ്യപിച്ചിരുന്നെന്നും പരാതി

ചങ്ങനാശ്ശേരി ട്രാഫിക് പൊലീസിലെ നിവാസ്, ട്രാഫിക് പൊലീസിലെ ഡ്രൈവർ പ്രശാന്ത് പി.പി, സീനിയർ സിവിൽ പൊലീസ് ഓഫീസർ ജിബിൻ എന്നിവരെ മർദ്ദിച്ചതിനും അസഭ്യം പറഞ്ഞതിനും കേസെടുത്ത കിളിമാനൂർ പൊലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. മെഡിക്കൽ പരിശോധന നടത്തിയെന്നും ഫലം കിട്ടിയാലേ പ്രതികൾ മദ്യപിച്ചിരുന്നോയെന്ന് പറയാനാകൂവെന്നും പൊലീസ് വ്യക്തമാക്കി.

ഷെറിൻ പി യോഹന്നാൻ

കേരളത്തിലെ ഒരു ക്ഷേത്രമുറ്റത്ത് ഒരു ദിവസം രാവിലെ അപൂർണാനന്ദൻ എന്ന സ്വാമി പ്രത്യക്ഷപ്പെടുന്നു. ആളുകളെല്ലാം വലിയ ആരാധനയോടെ ചുറ്റും കൂടി. അപ്പോഴാണ് ക്ഷേത്രത്തിലെ വിഗ്രഹം മോഷണം പോയതായി അറിയുന്നത്. വിഗ്രഹം സ്വാമിയുടെ അടുത്തുനിന്ന് കണ്ടെടുക്കുന്നതോടെ അദ്ദേഹം കള്ളനാകുന്നു. അങ്ങനെ സ്വാമി വിചാരണയ്ക്കായി കോടതിയിൽ എത്തുന്നു. ഇത് വർത്തമാനകാലത്തെ കഥയാണ്. ഭൂതകാലത്തെ കഥ പറഞ്ഞുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്.

രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവിന്റെ രോഗവും അതിന് പരിഹാരമാർഗം കാണാനുള്ള മന്ത്രിയുടെ ശ്രമവും തുടക്കത്തിൽ പറയുന്നുണ്ട്. ടൈം ട്രാവൽ, ഫാന്റസി എലമെന്റുകൾ ഉൾപ്പെടുന്ന ‘മഹാവീര്യർ’ ഒരു കോർട്ട് റൂം ഡ്രാമ എന്ന നിലയിൽ ശക്തമാണ്. ഒപ്പം കൃത്യമായ ആക്ഷേപഹാസ്യവും ചിത്രം ഒളിച്ചുവെക്കുന്നുണ്ട്. പരീക്ഷണ ചിത്രമെന്ന നിലയിൽ താല്പര്യമുണർത്തുമ്പോഴും ശരാശരി സിനിമ അനുഭവം സമ്മാനിക്കാനേ ‘മഹാവീര്യർ’ക്ക് സാധിക്കുന്നുള്ളൂ.

ചിരിയും ചിന്തയുമുണർത്തുന്ന ആദ്യ പകുതി മികച്ചു നിൽക്കുന്നു. കോടതി വിചാരണയിൽ ഉയരുന്ന ചോദ്യങ്ങളൊക്കെയും പ്രസക്തമാണ്. തിരക്കഥയുടെ ശക്തിയും സംഭാഷണങ്ങളും ആദ്യ പകുതിയെ സമ്പന്നമാക്കുന്നു. നിവിൻ പോളി, ലാലു അലക്സ്‌, മല്ലിക സുകുമാരൻ എന്നിവരുടെ പ്രകടനം ആദ്യ പകുതിയിൽ ശ്രദ്ധേയമാണ്. എല്ലാ കാലത്തും പ്രസക്തമായ വിഷയമാണ് സിനിമ സംസാരിക്കുന്നത്. എന്നാൽ പറയുന്ന രീതി വ്യത്യാസപ്പെട്ടിരിക്കും.

പരീക്ഷണത്തിൽ അധിഷ്ഠിതമായ രണ്ടാം പകുതിയാണ് എബ്രിഡ് ഷൈൻ നമുക്ക് മുന്നിലെത്തിക്കുന്നത്. രാജഭരണത്തിനു കീഴിലുള്ള വിചാരണയെ പറ്റി പറയുമ്പോഴും സംഭാഷണങ്ങളുടെ കാഠിന്യവും അതിനാടകീയതയിലേക്ക് വഴുതിപ്പോയ രംഗങ്ങളും ആസ്വാദനത്തെ ബാധിക്കുന്നു. സിനിമയുടെ ഗ്രാഫ് താഴുന്നതിനൊപ്പം അപൂർണാനന്ദനെ പോലെ സിനിമയും അപൂർണമായി അനുഭവപ്പെടും. രണ്ടാം പകുതിയിൽ നിവിൻ പോളി കഥാപാത്രത്തിന് കാര്യമായി ഒന്നും ചെയ്യാനില്ല. ആസിഫ് അലി, സിദ്ദിഖ്, ലാൽ എന്നിവർ തങ്ങളുടെ കഥാപാത്രങ്ങളെ പൂർണതയിൽ എത്തിച്ചിട്ടുണ്ട്.

സാങ്കേതിക വശങ്ങളിൽ മികവ് പുലർത്തുന്ന ചിത്രമാണ് ‘മഹാവീര്യർ’. ഛായാഗ്രഹണം, കലാസംവിധാനം, കളർ ഗ്രേഡിങ് എന്നിവയെല്ലാം ചിത്രത്തിന്റെ മൂഡ് നിലനിർത്തുന്നുണ്ട്. ‘വരാനാവില്ലേ’ എന്ന ഗാനം മനോഹരമാണ്.

രാജഭരണത്തിന് കീഴിൽ, ഏകാധിപത്യത്തിന് കീഴിൽ നിയമവും നിയമപാലകരും നിയമസംവിധാനവും നോക്കുകുത്തിയാവുന്ന സ്ഥിതിയെ ദൃശ്യവത്കരിക്കുകയാണ് ‘മഹാവീര്യർ’. അത് ഇന്നത്തെ സാമൂഹിക – രാഷ്ട്രീയ അവസ്ഥകളോട് ചേർന്ന് നിൽക്കുകയും ചോദ്യമുന്നയിക്കുകയും ചെയ്യുന്നു. ഭരണാധികാരിയുടെ അധികാരത്തിൻ കീഴിൽ കണ്ണീർ വറ്റി പോകുന്ന പ്രജകളെ ബിംബവത്കരിക്കുന്നതിനൊപ്പം അവരിൽ നിന്ന് സന്തോഷ കണ്ണീർ ഒഴുക്കാൻ ഭരണാധികാരികൾക്ക് കഴിയുമോ എന്ന ചോദ്യവും സിനിമ പ്രേക്ഷകന് മുന്നിലേക്ക് നീട്ടുന്നു.

Bottom Line – എം മുകുന്ദന്റെ കഥയിൽ എബ്രിഡ് ഷൈൻ സംവിധാനം നിർവഹിച്ച ‘മഹാവീര്യർ’ ആക്ഷേപ ഹാസ്യ ചിത്രം എന്ന നിലയിലും പരീക്ഷണ ചിത്രം എന്ന നിലയിലും മികവ് പുലർത്തുന്നു. എന്നാൽ രണ്ടാം പകുതിയിലെ പല രംഗങ്ങളും ആസ്വാദനത്തിന് വിലങ്ങുതടിയാവുന്നുണ്ട്. ഒരാത്മാവിനെയും അധികാരത്തിന്റെ ചാട്ടകളിൽ തളച്ചിടാനാവില്ലെന്ന് പറയുമ്പോഴും വീര്യം കുറഞ്ഞ മഹാവീര്യരാണ് പ്രേക്ഷകനുമായി സംവദിക്കുന്നത്.

 

കഠിനമായ ആർത്തവ വേദനയുണ്ടെങ്കിലും അത് നിസാരമായി കാണുന്ന നിരവധി പേരുണ്ട്. എന്നാൽ ഇത്തരം വേദനയ്ക്ക് പിന്നിൽ ചിലപ്പോൾ വേറെ എന്തെങ്കിലും രോഗം ഒളിഞ്ഞിരിക്കുന്നുണ്ടാകാം. അത്തരത്തിൽ തനിക്കുണ്ടായ ആരോഗ്യപ്രശ്നത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി ലിയോണ ലിഷോയ്.

ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.

ഇൻസ്റ്റഗ്രാമിലൂടെയാണ് രണ്ട് വർഷം മുമ്പ് കണ്ടെത്തിയ രോഗത്തെക്കുറിച്ച് താരം വെളിപ്പെടുത്തിയത്. ‘ജീവിതം മനോഹരമാണ്, ജീവിതം വേദനാജനകമാണ്. മിക്ക സമയങ്ങളിലും ഇത് രണ്ടുമാണ് ജീവിതമെന്ന്’ പറഞ്ഞുകൊണ്ടാണ് നടിയുടെ കുറിപ്പ് തുടങ്ങുന്നത്.

എനിക്ക് എൻഡോമെട്രിയോസിസ് (സ്റ്റേജ് 2) ഉണ്ടെന്ന് കണ്ടെത്തിയിട്ട് രണ്ട് വർഷം. രണ്ട് വർഷത്തെ ഭയാനകമായ വേദനകൾ…വേദന മൂലം രണ്ട് വർഷത്തോളം സാധാരണ ജീവിതം നഷ്ടമായി.എൻഡോമെട്രിയോസിസുമായി ജീവിക്കുന്നത് വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. തീർച്ചയായും കുടുംബത്തിന്റെയും അടുത്ത സുഹൃത്തുക്കളുടെയും സഹായത്തോടെ ഞാൻ ഒരുപാട് മുന്നോട്ട് പോയി എന്ന് വിശ്വസിക്കുന്നു.

എൻഡോമെട്രിയോസിസിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് കഠിനമായ ആർത്തവ വേദനയാണ്. ഇത് വായിക്കുന്ന സ്ത്രീകൾ ഇക്കാര്യം മനസിലാക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. കഠിനമായ ആർത്തവ വേദന സാധാരണമല്ല !! ദയവായി ഒരു ഡോക്ടറെ സമീപിക്കുക.’- എന്നാണ് നടി കുറിച്ചിരിക്കുന്നത്.

ഗര്‍ഭപാത്രത്തിനകത്തുള്ള കോശകലകള്‍ അസാധാരണമായി പുറത്തേക്ക് കൂടി വളരുന്ന അവസ്ഥയാണിത്. അണ്ഡാശയത്തിലും, അണ്ഡവാഹിനിക്കുഴലിലും, കുടലിലും ഈ കോശകലകളുടെ വളര്‍ച്ച ഉണ്ടാകും.

RECENT POSTS
Copyright © . All rights reserved