കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

വീടിലുണ്ടായിരുന്ന കീടനാശിനി കഷായത്തില്‍ ചേര്‍ത്താണ് ഷാരോണിനെ കുടിപ്പിച്ചത്. തുടര്‍ന്ന് വീടിനുള്ളില്‍ വച്ച് ഛര്‍ദ്ദിച്ചപ്പോള്‍ സുഹൃത്തിനൊപ്പം ഇറങ്ങി പോവുകയായിരുന്നെന്നാണ് ഗ്രീഷ്മയുടെ മൊഴിയെന്ന് എഡിജിപി വ്യക്തമാക്കി. ഇരുവരും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നു. ഫെബ്രുവരിയില്‍ ഗ്രീഷ്മയുടെ വിവാഹം നിശ്ചയിച്ചു. ഇതോടെ ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചു.

എന്നാല്‍ ഷാരോണ്‍ നിരന്തരം വിളിച്ച് വീണ്ടും ബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചു. ഇതോടെയാണ് ഷാരോണിനെ ഒഴിവാക്കാന്‍ ഗ്രീഷ്മ തീരുമാനിച്ചതെന്ന് എഡിജിപി പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് സംഭവത്തില്‍ പങ്കില്ലെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കുമെന്നും എഡിജിപി അറിയിച്ചു.