ഷാരോൺ രാജിന്റെ കൊലപാതകത്തിൽ വനിതാ സുഹൃത്ത് കുറ്റം സമ്മതിച്ചു. കഷായത്തിൽ വിഷം ചേർത്ത് നൽകിയതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഇന്നലെ അന്വേഷണം ഏറ്റെടുത്ത ജില്ലാ ക്രൈം ബ്രാഞ്ച് പെൺകുട്ടിയെ ചോദ്യം ചെയ്തുവരികയാണ് ,ചോദ്യംചെയ്യൽ എട്ടുമണിക്കൂറോളം പിന്നിട്ടു.

ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ഷാരോണിന്റെ പെണ്‍സുഹൃത്തും കുടുംബവും എസ്.പി. ഓഫീസില്‍ ഹാജരായത്. മാതാപിതാക്കളും മറ്റൊരു ബന്ധുവും പെണ്‍കുട്ടിക്കൊപ്പം ചോദ്യംചെയ്യലിന് എത്തിയിരുന്നു. തുടര്‍ന്ന് ഡിവൈ.എസ്.പി. ജോണ്‍സണ്‍, എ.എസ്.പി. സുല്‍ഫിക്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യംചെയ്യുകയായിരുന്നു.

പോലീസിന്റെ ചോദ്യംചെയ്യലില്‍ അധികസമയം ഗ്രീഷ്മയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. തുടര്‍ന്ന് ഓരോകാര്യങ്ങളും പെണ്‍കുട്ടി പോലീസ് സംഘത്തോട് തുറന്നുപറയുകയായിരുന്നു. സംഭവത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ പുറത്തുവിടാന്‍ പോലീസ് മാധ്യമങ്ങളെ കാണും.

ഒക്ടോബര്‍ 14-ാം തീയതി പെണ്‍സുഹൃത്തിന്റെ വീട്ടില്‍നിന്ന് കഷായവും ജ്യൂസും കുടിച്ചതിന് പിന്നാലെ ഷാരോണിന് ഛര്‍ദിയുണ്ടായെന്നും തുടര്‍ന്ന് വായിലടക്കം പൊള്ളലുണ്ടായെന്നുമായിരുന്നു കുടുംബത്തിന്റെ ആരോപണം. ചികിത്സയിലിരിക്കെ ദിവസങ്ങള്‍ക്കകം ഓരോ അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയും ഒക്ടോബര്‍ 25-ന് മരണം സംഭവിക്കുകയുമായിരുന്നു. ഗ്രീഷ്മ ആസൂത്രിതമായി പാനീയത്തില്‍ തുരിശ് കലർത്തി കൊടുത്തതായുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത് .

ഷാരോണിനെ കൊലപ്പെടുത്തിയത് ഗ്രീഷ്മയുടെ വീട്ടുകാരുടെ അന്ധവിശ്വാസം കാരണമാണെന്ന് ബന്ധുക്കൾ. രണ്ടാമതൊരു വിവാഹം കഴിച്ച് സുഖജീവിതം നയിക്കാൻ വേണ്ടിയാണ് മകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. പെൺകുട്ടിയെ കണ്ട് വീട്ടിലെത്തിയ ദിവസങ്ങളിലെല്ലാം ഷാരോണിന് ഛർദ്ദിയും അസുഖവും ഉണ്ടാകാറുണ്ടെന്നും ഷാരോണിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഇതിന് മുമ്പ് ഒരുപാട് പ്രാവശ്യം ഷാരോണിന് ഗ്രീഷ്മ ജ്യൂസ് കൊടുത്തിട്ടുണ്ട്. ഒരു വാക്ക് മകൻ പറഞ്ഞിരുന്നെങ്കിൽ, അവൻ പറഞ്ഞില്ല. ഇടയ്ക്കൊക്കെ ഓക്കാനം വരുമെന്ന് അവൻ പറയുമായിരുന്നു. അവസാനമായി ഗ്രീഷ്മയെ കാണാന്‍ പോയത് വർക്ക് ബുക്ക് വാങ്ങാൻ വേണ്ടിയായിരുന്നു. ഉടൻ വരുമെന്ന് പറഞ്ഞായിരുന്നു പോയത്. പോകണ്ടെന്ന് പറഞ്ഞതാണ്, ഷാരോണിന്‍റെ പിതാവ് വ്യക്തമാക്കി.

പെൺകുട്ടിയുടെ ഫോട്ടോകൾ ഷാരോണിന്റെ കൈയിൽ ഉണ്ടായിരുന്നു. അത് തിരികെ വാങ്ങാൻ വേണ്ടിയാണ് വിവാഹ നിശ്ചയം കഴിഞ്ഞ ശേഷം വീണ്ടും ചാറ്റ് ചെയ്ത് ഷാരോണിനെ വിളിച്ചു വരുത്തിയത്. ഗ്രീഷ്മയ്ക്ക് ജാതകദോഷം ഉണ്ട് എന്ന കാര്യം ഷാരോൺ തന്നെയാണ് വീട്ടിൽ പറഞ്ഞത്. ഒക്ടോബറിന് മുമ്പ് വിവാഹം കഴിഞ്ഞാൽ ആദ്യത്തെ ഭർത്താവ് മരിച്ചുപോകുമെന്നായിരുന്നു ഷാരോൺ പറഞ്ഞത്. അതുകൊണ്ട് അത് കഴിഞ്ഞ് വിവാഹം ചെയ്യാമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവർ കൊന്നതാണ്, ആദ്യ ഭർത്താവ് മരിച്ചശേഷം രണ്ടാമത്തെ ഭർത്താവിനൊപ്പം ജീവിക്കാൻ വേണ്ടി എന്റെ മകനെ കൊന്നതാണ്, ഷാരോണിന്‍ പിതാവ് പറഞ്ഞു.

കാര്യങ്ങളൊക്കെ കൃത്യമായി പാറശ്ശാല പോലീസിൽ പറഞ്ഞിരുന്നെന്നും പിതാവ് വ്യക്തമാക്കി. എന്നാൽ അത് വ്യക്തമായി അന്വേഷിക്കാന്‍ പോലീസ് തയ്യാറായില്ല. അവരങ്ങനെ ചെയ്യില്ല എന്നായിരുന്നു പോലീസ് പറഞ്ഞത്. അവരെ അരമണിക്കൂർ ചോദ്യംചെയ്തപ്പോൾ അതാണ് മനസ്സിലായതെന്നുമായിരുന്നു പോലീസ് പറഞ്ഞത്. ഒരു ദിവസം കൊണ്ട് അന്വേഷിച്ച് കണ്ടെത്തേണ്ട കേസായിരുന്നു. എന്നാൽ അവർക്ക് പ്രത്യേക താത്പര്യമുള്ളതുപോലെ തോന്നി. ആ വീട്ടിൽ പോലീസ് പോയപ്പോൾ കഷായത്തിന്റെ കുപ്പി എടുത്തെങ്കിലും വരാമായിരുന്നു. എന്നാൽ അതുണ്ടായില്ല. തെളിവ് നശിപ്പിക്കാനുള്ള സമയം പോലീസ് നൽകിയെന്ന് പിതാവ് ആരോപിക്കുന്നു.

ഏത് കഷായമാണെന്ന് ഗ്രീഷ്മയോട് പലതവണ ചോദിച്ചു. എന്നാൽ പേരറിയില്ല എന്നായിരുന്നു അവൾ പറഞ്ഞത്. ജാതകദോഷം കാരണം മകനെ കൊല്ലാനാണോ തീരുമാനിച്ചത് എന്ന് ചോദിച്ചപ്പോൾ നെറ്റിയിലെ സിന്ദൂരം അഴിച്ചുകളയുമെന്നാണ് അവൾ പറഞ്ഞത്, എനിക്കത് സഹിക്കാൻ പറ്റുമോ എന്നാണ് ചോദിച്ചത്. കഷായത്തിന്റെ പേര് പറഞ്ഞില്ല. കുപ്പി അമ്മ എടുത്ത് മാറ്റി എന്നും ഗ്രീഷ്മ പറഞ്ഞതായി അദ്ദേഹം പറയുന്നു.

പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തു കൊടുത്തിരിന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.