India

ലൈംഗികാതിക്രമക്കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുൻകൂർ ജാമ്യം നൽകിയ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ഉത്തരവ് സ്‌റ്റേ ചെയ്ത ഹൈക്കോടതി, അറസ്റ്റ് ചെയ്യരുതെന്നും നിർദേശം നൽകി.

2020 ഫെബ്രുവരി എട്ടിന് നടന്ന സാംസ്കാരിക ക്യാമ്പിനു ശേഷം കടൽത്തീരത്തു വിശ്രമിക്കുമ്പോൾ സിവിക് കടന്നു പിടിച്ചെന്നും തന്റെ മടിയിൽ കിടക്കാൻ ആവശ്യപ്പെട്ടെന്നുമാണ് യുവ എഴുത്തുകാരിയുടെ പരാതി. കേസിൽ ഓഗസ്റ്റ് 12നായിരുന്ന് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്.

പരാതിക്കാരി പ്രകോപനപരമായ വസ്ത്രം ധരിച്ചിരുന്നെന്ന കോടതിയുടെ പരാമർശം വിവാദമായിരുന്നു. പട്ടികജാതിക്കാരിയായ എഴുത്തുകാരിയെ കടന്നു പിടിച്ചു ചുംബിച്ചെന്ന മറ്റൊരു കേസും സിവിക് ചന്ദ്രനെതിരെയുണ്ട്. ഈ കേസിലും കീഴ്‌ക്കോടതി സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം നൽകിയിരുന്നു.

റോഡിലെ കുഴിയിൽ വീണ് സംസ്ഥാനത്ത് വീണ്ടും അപകടം. പത്തനംതിട്ട ജയിലിന് സമീപം കുമ്പഴ സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്. റോഡിലെ കുഴിയിൽ വീണ സ്കൂട്ടർ യാത്രക്കാരിയായ ആതിരയുടെ കാലിലൂടെ ബസ് കയറി. കുമ്പഴ സ്വദേശിയായ ആതിര ഒരു സ്വകാര്യ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ്.

രാവിലെ ജോലിക്ക് പോകാൻ ഇറങ്ങിയ ആതിരയുടെ സ്കൂട്ടർ ജയിലിന് സമീപം എത്തിയപ്പോൾ റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. തുടർന്ന് എതിരെ വന്ന ബസ് സ്കൂട്ടറിൽ തട്ടുകയും യുവതിക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ആദ്യം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ശസ്ത്രക്രിയയ്ക്കായി കോട്ടയത്തുള്ള സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്.

ബിജെപി നേതാവും സോഷ്യല്‍ മീഡിയ താരവുമായ സോനാലി ഫോഗട്ടിന്റെ മരണത്തില്‍ ദുരൂഹത ഉയര്‍ത്തി കുടുംബം. സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ഓഗസ്റ്റ്‌ 22ന് രാത്രിയിലാണ് 42 വയസ്സുകാരിയായ സോനാലി ഗോവയില്‍ വെച്ച് മരണപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

സുഹൃദ് സംഘത്തിനൊപ്പമാണ് സോനാലി ഫോഗട്ട് ഗോവയിലേക്ക് പോയത്. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദുരൂഹത ഉന്നയിച്ച് കുടുംബം രംഗത്തെത്തിയെങ്കിലും പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം സ്ഥിരീകരിക്കാനാവുകയുള്ളൂ എന്നാണ് പോലീസ് വിശദീകരണം. മരണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രമില്‍ നാല് ചിത്രങ്ങളും സോനാലി പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്നത് കുടുംബം അംഗീകരിക്കുന്നില്ല. ‘അവള്‍ ഫിറ്റ്‌നസിലും ആരോഗ്യത്തിലും ഏറെ ശ്രദ്ധനല്‍കുന്നയാളാണ്. അവള്‍ക്ക് യാതൊരു വിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. മരിക്കുന്ന ദിവസം വൈകുന്നേരം സോനാലി ഫോണില്‍ വിളിച്ചിരുന്നു. വാട്ട്‌സാപ്പില്‍ സംസാരിക്കണമെന്ന് പറഞ്ഞു. ഉടന്‍ തന്നെ ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. മരണവുമായി ബന്ധപ്പെട്ട് എന്തോ ദുരൂഹതയുണ്ട്’ സോനാലിയുടെ സഹോദരി പ്രതികരിച്ചു.

ഭക്ഷണം കഴിച്ചതിന് ശേഷം അസ്വസ്ഥത തോന്നുന്നതായി സോനാലി അമ്മയെ വിളിച്ചുപറഞ്ഞിരുന്നു. എന്തോ ഒരു സംശയം അവള്‍ക്കും തോന്നിയിരിക്കാം. അവള്‍ക്കെതിരേ ഗൂഢാലോചന നടന്നതായി ഞങ്ങളും സംശയിക്കുന്നുവെന്ന് സഹോദരനും പ്രതികരിച്ചു. സിബിഐ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

ബിജെപി നേതാവ് കൂടിയായ സോനാലി സോഷ്യല്‍ മീഡിയ കണ്ടന്റ് നിര്‍മാതാവും ടിക് ടോക് താരവുമായിരുന്നു. 2020ലെ ബിഗ് ബോസ് ടിവി ഷോയിലൂടെയാണ് കൂടുതല്‍ ശ്രദ്ധ പിടിച്ചുപറ്റിയത്. 2019ല്‍ ഹരിയാനയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയോട് പരാജയപ്പെട്ടു.സോനാലിയുടെ ഭര്‍ത്താവ് സഞ്ജയ് ഫോഗട്ട് 2016ല്‍ മരണപ്പെട്ടിരുന്നു. ഇവര്‍ക്ക് ഒരു മകളുണ്ട്.

കുടുംബം സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചു മൂന്നു വയസ്സുകാരിയും മുത്തശ്ശിയും മരിച്ചു. 3 പേർക്കു പരുക്ക്. കാർ യാത്രക്കാരായ തിരുവനന്തപുരം പേട്ട തുലയിൽ വീട്ടിൽ കൃഷ്ണകുമാരി (85), ചെറുമകളുടെ മകൾ ജാനകി എന്നിവരാണു മരിച്ചത്. കൃഷ്ണകുമാരിയുടെ മകൻ റിട്ട. സബ് റജിസ്ട്രാർ ജയദേവൻ (61), ഭാര്യ ഷീബ (54), ഇവരുടെ മകൾ കൃഷ്ണഗാഥ (33) എന്നിവർക്കു സാരമായി പരുക്കേറ്റു.

കൃഷ്ണഗാഥയുടെയും ആർക്കിടെക്ട് ആയ ചാത്തന്നൂർ ചൂരപ്പൊയ്ക ഗംഗോത്രിയിൽ സുധീഷിന്റെയും ഏക മകളാണു ജാനകി. തിരുവനന്തപുരം വഴുതയ്ക്കാട് ഉദാരശിരോമണി റോഡിൽ ഈഗോ ഡിസൈൻസ് എന്ന സ്ഥാപന ഉടമയാണ് സുധീഷ്. നിസ്സാര പരുക്കേറ്റ ലോറി ഡ്രൈവർ തൃശൂർ ചേലക്കര സ്വദേശി സജിത്തിനു (28) പ്രഥമ ശുശ്രൂഷ നൽകി. ഇയാൾക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കു ശക്തികുളങ്ങര പൊലീസ് കേസെടുത്തു.

ഇന്നലെ പുലർച്ചെ ഒരു മണിയോടെ ബൈപാസ് റോഡിൽ കാവനാട് മുക്കാട് പാലത്തിലാണ് അപകടം. ക്ഷേത്രദർശനം കഴിഞ്ഞു ഗുരുവായൂരിൽ നിന്നു മടങ്ങുകയായിരുന്നു കുടുംബം. സുധീഷും മാതാപിതാക്കളും മറ്റൊരു കാറിൽ ഇവർക്കു പിന്നിലായിരുന്നു.

ജയദേവനാണ് അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്നത്. കാറിന്റെ മുൻവശം പൂർണമായി തകർന്നു. മുൻ സീറ്റിൽ കുടുങ്ങിയ കൃഷ്ണകുമാരിയെ അഗ്നിശമന സേന വാഹനം പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു. മേവറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജാനകി ഇന്നലെ രാവിലെ 7 നും മരിച്ചു. കൃഷ്ണകുമാരിയുടെ സംസ്കാരം ഇന്നു തിരുവനന്തപുരത്തു നടക്കും. ജാനകിയുടെ മൃതദേഹം സുധീഷിന്റെ ചാത്തന്നൂരിലെ കുടുംബ വീട്ടുവളപ്പിൽ സംസ്കരിക്കും.

അപകടത്തിൽ പരുക്കേറ്റ കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കു കൊണ്ടുപോകാൻ ആംബുലൻസ് വിട്ടു നൽകാതിരുന്ന നീണ്ടകര താലൂക്ക് ആശുപത്രി അധികൃതരുടെ നടപടി ഗുരുതര വീഴ്ചയായി. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ ആശയക്കുഴപ്പവും യഥാസമയം വിദഗ്ധ ചികിത്സ ലഭ്യമാകുന്നതിനു തടസ്സമായി.അപകടം നടന്ന ഉടൻ ദൃക്സാക്ഷികളിൽ ചിലർ പൊലീസ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. നിമിഷങ്ങൾക്കകം 2 കൺട്രോൾ റൂം വാഹനങ്ങൾ പാഞ്ഞെത്തുകയും ചെയ്തു. പിന്നാലെ അഗ്നിശമന സേനയും. അപകടം നടന്നയുടൻ, അതുവഴി കാറിൽ പോകുകയായിരുന്ന ഒരാൾ ഗുരുതരമായി പരുക്കേറ്റ 3 വയസ്സുകാരി ജാനകിയെ അവരെ വാഹനത്തിൽ നീണ്ടകര താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോയി. അപകടത്തിൽപെട്ട മറ്റുള്ളവരെ ആശുപത്രികളിലേക്കു മാറ്റുന്നതിനിടെയാണു കുഞ്ഞ് എവിടെയാണെന്ന വിവരം അറിയാതെ രക്ഷാപ്രവർത്തകർ കുഴങ്ങിയത്.

ഈ സമയം ജാനകി നീണ്ടകര താലൂക്ക് ആശുപത്രിയിൽ മരണത്തോടു മല്ലിടുകയായിരുന്നു. കുഞ്ഞിനെ ഏത് ആശുപത്രിയിലേക്കാണു കൊണ്ടുപോയതെന്നു വിവരം തിരക്കാൻ പൊലീസ് ഉദ്യോഗസ്ഥർ വയർലെസിലൂടെ നിർദേശിക്കുന്നതു താലൂക്ക് ആശുപത്രിയിലെ പൊലീസ് എയ്ഡ് പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ കേട്ടു. ഈ പൊലീസുകാരനാണു കുഞ്ഞിനെ അവിടെ എത്തിച്ച വിവരം കൈമാറുന്നത്. അപ്പോഴേക്കും അര മണിക്കൂറിലേറെ പിന്നിട്ടു. കുഞ്ഞിന്റെ സ്ഥിതി ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കു മറ്റേതെങ്കിലും ആശുപത്രിയിലേക്കു മാറ്റാൻ താലൂക്ക് ആശുപത്രി അധികൃതർ നിർദേശിച്ചു.

മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വൈമാനിക പരിശീലകനും പൈലറ്റ് പരീക്ഷയിൽ അദ്ദേഹത്തിന്റെ പരിശോധകനുമായിരുന്ന ചാക്കോഹോംസ് കോടൻകണ്ടത്ത് തോപ്പിൽ ക്യാപ്റ്റൻ ടി.എ.കുഞ്ഞിപ്പാലു (94) അന്തരിച്ചു.

തൃശൂർ മണലൂർ സ്വദേശിയായ ഇദ്ദേഹം 1949ലാണു ജോലിയിൽ പ്രവേശിച്ചത്. നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാനായി സർദാർ വല്ലഭായ് പട്ടേൽ വിവിധ സ്ഥലങ്ങളിൽ പോയപ്പോഴും ശ്രീലങ്കയുമായി കരാർ ഒപ്പുവയ്ക്കാൻ രാജീവ് ഗാന്ധി പോയപ്പോഴും വിമാനം പറത്തിയത് കുഞ്ഞിപ്പാലുവാണ്.

ഇന്ത്യൻ എയർലൈൻസിന്റെ സൗത്ത് ഇന്ത്യ റീജനൽ ഡയറക്ടറായി 1989ൽ വിരമിച്ചു. പിന്നീടാണ് ആലുവയിൽ താമസമാക്കിയത്. സഹോദരൻ ടി.എ.വർഗീസ് മദ്രാസ് ചീഫ് സെക്രട്ടറിയായിരുന്നു.സംസ്കാരം നാളെ 11.30ന് സെന്റ് ഡൊമിനിക് പള്ളിയിൽ. ഭാര്യ: പരേതയായ റൂബി. മക്കൾ: ആൻജോ, ജോജോ. മരുമക്കൾ: മനീഷ, ജീന (എല്ലാവരും യുഎസ്).

പ്ലാറ്റ്ഫോമിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഭർത്താവ് വലിച്ചിഴച്ച് ട്രെയിനിനു മുന്നിൽ തള്ളിയിട്ടു കൊലപ്പെടുത്തി. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. തിങ്കളാഴ്ച പുലർച്ചെ 4 മണിക്ക് മുംബൈയ്ക്ക് സമീപമുള്ള വസായ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഭർത്താവിനെ താനെയിൽ നിന്ന് അറസ്റ്റ് ചെയ്തു.

അവധ് എക്‌സ്‌പ്രസ് ട്രെയിൻ വരുന്നതുകണ്ട് പ്ലാറ്റ്ഫോം ബെഞ്ചിൽ ഉറങ്ങിക്കിടന്ന യുവതിയെ ഭർത്താവ് ഉണർത്തുന്നത് ദൃശ്യങ്ങളിൽ കാണാം. കുറച്ചുസമയം സംസാരിച്ചുനിന്ന ഭർത്താവ് ട്രെയിൻ അടുക്കുമ്പോൾ ഭാര്യയെ വലിച്ചിഴച്ച് ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു. ശേഷം മറ്റൊരു ബെഞ്ചിൽ ഉറങ്ങിക്കിടന്ന 2 കുട്ടികളെയും കൊണ്ട് വേഗത്തിൽ അവിടെനിന്ന് പോകുന്നതും വിഡിയോയിലുണ്ട്.

ഞായറാഴ്ച ഉച്ച മുതൽ ഭാര്യയും ഭർത്താവും വസായ് സ്റ്റേഷിനുണ്ടായിരുന്നുവെന്നും സംഭവത്തിനു ശേഷം പ്രതി ദാദറിലേക്കും അവിടെ നിന്ന് കല്യാണിലേക്കും പോയതായി റെയിൽവേ പൊലീസ് അറിയിച്ചു. തിരച്ചിലിനൊടുവിൽ തിങ്കളാഴ്ച രാത്രി താനെയിലെ ഭിവണ്ടി ടൗണിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

അബുദാബി ഇരട്ടക്കൊലപാതകത്തില്‍ മരിച്ച ഡെന്‍സിയുടേത് വാഹനാപകടമാണെന്നാണ് ആദ്യം വീട്ടുകാര്‍ അറിഞ്ഞത്. പിന്നീടു ഹൃദയാഘാതമാണെന്നും അറിയിച്ചു. അബുദാബിയിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സെന്റ് ജോസഫ്‌സ് പള്ളിയിലാണ് ഡെന്‍സിയുടെ സംസ്‌കാരം നടത്തിയത്. കുഴിമാടം നാളെ തുറന്ന് മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഇതിന് ഇരിങ്ങാലക്കുട ആര്‍ഡിഒ അനുമതി നല്‍കിയിട്ടുണ്ടായിരുന്നു.

നോര്‍ത്ത് ചാലക്കുടി വാളിയേങ്കല്‍ റോസിലിയുടെ മകളാണ് ഡെന്‍സി (38). മൂന്നു മക്കളുടെ അമ്മയായ ഇവര്‍ 2019 ഡിസംബറിലാണു ജോലി തേടി അബുദാബിയിലേക്കു പോയത്.   മൂന്നു മാസം കഴിഞ്ഞായിരുന്നു മരണം സംഭവിച്ചത്. മകളുടേതു കൊലപാതകമാണെന്ന വിവരം ഏതാനും ദിവസം മുന്‍പു മാത്രമാണു കുടുംബാംഗങ്ങള്‍ അറിഞ്ഞതെന്നു പറയുമ്പോള്‍ അമ്മ റോസിലിക്കു കരച്ചിലടക്കാനാകുന്നില്ല. ജോലി ചെയ്തിരുന്ന കമ്പനിയിലെയാളാണ് കൊലപാതകമാണെന്ന വിവരം അറിയിച്ചത്. പിന്നീട് നിലമ്പൂരില്‍ നിന്നും ചാലക്കുടിയില്‍ നിന്നും പൊലീസെത്തി മൊഴിയെടുത്തു.

കേസ് അന്വേഷിക്കുന്ന നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ.എബ്രഹാം നല്‍കിയ അപേക്ഷ പ്രകാരമാണ് റീ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി കിട്ടിയത്.  ഷൈബിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഹാരിസിന്റെ സ്ഥാപനത്തിലാണ് ഡെന്‍സി ജോലി ചെയ്തിരുന്നത്. ഹാരിസിനെയും ഡെന്‍സിയെയും 2020 മാര്‍ച്ച് 5നാണ് അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് ആത്മഹത്യ ചെയ്തതെന്നായിരുന്നു അബുദാബി പൊലീസിന്റെ ആദ്യ നിഗമനത്തില്‍.

ഷാബാ ഷെരീഫ് വധക്കേസില്‍ അറസ്റ്റിലായ നൗഷാദ്, ചീര ഷഫീഖ്, പുതുക്കുളങ്ങര ഷബീബ് റഹ്മാന്‍, കുത്രാടന്‍ അജ്മല്‍, പൊരി ഷമീം എന്നിവരാണ് ഇരട്ടക്കൊല കേസിലെ തങ്ങളുടെ പങ്ക് സമ്മതിച്ചത്. നാട്ടിലിരുന്ന് ഷൈബിന്‍ നല്‍കിയ നിര്‍ദേശപ്രകാരമാണ് കൃത്യം നിര്‍വഹിച്ചതെന്നും ഇവര്‍ മൊഴി നല്‍കിയിരുന്നു. ഒരാഴ്ചയ്ക്കു മുമ്പ് ഹാരിസിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു.

പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി നിലമ്പൂര്‍ കൈപ്പഞ്ചേരി ഷൈബിന്‍ അഷ്‌റഫാണു ഇരട്ടക്കൊലപാതകത്തിന്റെ സൂത്രധാരനെന്നു കൂട്ടുപ്രതികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്നാണു റീ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ തുടര്‍നടപടികള്‍ തീരുമാനിച്ചത്.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ തുടരുന്നു. വടക്കു കിഴക്കൻ ബംഗാൾ ഉൾകടലിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെ ഫലമായി ഓഗസ്റ്റ് 27 (ശനി) വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: ഇടുക്കി, തൃശൂര്‍, മലപ്പുറം, കാസര്‍ഗോഡ്.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

24-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ.

25-08-2022: കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്.

26-08-2022: എറണാകുളം, ഇടുക്കി.

27-08-2022: എറണാകുളം, ഇടുക്കി.

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണ് മുന്നറിയിപ്പ്. കർണാടക തീരം അതിനോട് ചേർന്ന മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിലും സമാന കാലാവസ്ഥയായിരിക്കും.

പ്രത്യേക ജാഗ്രത നിർദ്ദേശങ്ങൾ

25-08-2022 വരെ: തമിഴ്‌നാട് തീരം, കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

24-08-2022 മുതൽ 25-08-2022 വരെ: തെക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

26-08-2022 : കന്യാകുമാരി തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിന് സാധ്യത.

26-08-2022: ശ്രീലങ്കൻ തീരത്തിനോട് ചേർന്നുള്ള തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

ഇന്ത്യയുടെ മിസൈൽ അബദ്ധത്തിൽ പാകിസ്ഥാനിൽ പതിച്ച സംഭവത്തിൽ മൂന്ന് വ്യോമസേന ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. കുറ്റക്കാരെന്നു കണ്ടെത്തിയ മൂന്ന് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടതായി വ്യോമസേന അറിയിച്ചു. മാർച്ചിലാണ് ഹരിയാനയിലെ സിർസയിൽനിന്നു വിക്ഷേപിച്ച മിസൈൽ പാകിസ്ഥാൻ അതിർത്തിക്കുള്ളിൽ 124 കിലോമീറ്റർ സഞ്ചരിച്ച് പഞ്ചാബ് പ്രവിശ്യയിലെ മിയാൻഛന്നു നഗരത്തിൽ വീണത്.

സംഭവത്തിൽ ഇന്ത്യ ഖേദം പ്രകടിപ്പിച്ചിരുന്നു. പോർമുനയില്ലാതിരുന്ന മിസൈൽ വീണ് കെട്ടിടങ്ങൾക്കും മറ്റും നാശനഷ്ടമുണ്ടായതായി പാകിസ്ഥാൻ സൈനിക വക്താവ് മേജർ ബാബർ അക്ബർ പറഞ്ഞു. ആയുധമില്ലാതിരുന്നതിനാൽ ആളപായമുണ്ടായില്ല. ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി വിശദീകരണം ചോദിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി വിവരം അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മാർച്ച് ഒൻപതിനു വൈകിട്ട് 6.43നു വിക്ഷേപിച്ച മിസൈൽ 6.50നാണ് ലക്ഷ്യം തെറ്റി പാകിസ്ഥാനിൽ വീണത്. അറ്റകുറ്റപ്പണികൾക്കിടെ സാങ്കേതികത്തകരാറു മൂലം അബദ്ധത്തിൽ മിസൈൽ വിക്ഷേപിക്കപ്പെടുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം വിശദീകരിച്ചിരുന്നു. സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. സംഭവത്തിൽ ഖേദിക്കുന്നതായും ആളപായമില്ലാത്തതിൽ ആശ്വസിക്കുന്നതായും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

ബിജെപി നേതാവ് സൊനാലി ഫോഗട്ട് (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നു ഗോവയിലായിരുന്നു അന്ത്യം. ജീവനക്കാർക്കൊപ്പം ഗോവ സന്ദർശിക്കവേയായിരുന്നു മരണമെന്നു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2019ലെ തിരഞ്ഞെടുപ്പിൽ ഹരിയാനയിലെ ആദംപുർ മണ്ഡലത്തിൽ മത്സരിച്ചിരുന്നു. ഇവിടെനിന്നു ജയിച്ച കോൺഗ്രസ് നേതാവ് കുൽദീപ് ബിഷ്നോയ് കഴിഞ്ഞമാസം എംഎൽഎ സ്ഥാനം രാജിവച്ചു ബിജെപിയിൽ ചേർന്നു. സൊനാലിയും കുൽദീപ് ബിഷ്നോയ്‌യും കഴിഞ്ഞയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപതിരഞ്ഞെടുപ്പിൽ സൊനാലി സ്ഥാനാർഥിയാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മരണം സംഭവിച്ചത്.

ടിക്ടോക് വിഡിയോകളിലൂടെയാണ് സൊനാലി താരമായത്. ധാരാളം ഫോളോവേഴ്‍സും ഉണ്ടായിരുന്നു. 2006ൽ ടിവി അവതാരകയായി അരങ്ങേറ്റം കുറിച്ചു. പിന്നീടാണു ബിജെപിയിൽ ചേർന്നത്. 2020ലെ ബിഗ് ബോസ് റിയാലിറ്റി ഷോയിലും സൊനാലി പങ്കെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സൊനാലിയുടെ റീൽസുകൾക്ക് ആരാധകരേറെയാണ്

RECENT POSTS
Copyright © . All rights reserved