കുടിശ്ശിക മുടങ്ങിയതിന്റെ പേരിൽ ഗർഭിണിയെ ക്രൂരമായി കൊലപ്പെടുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മൂന്ന് മാസം ഗർഭിണിയായിരുന്ന യുവതിയെ ട്രാക്ടർ ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയ ശേഷം ദേഹത്തു കൂടി കയറ്റി ഇറക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് സംഭവം.

വികലാംഗനായ കർഷകന്റെ മകളാണ് ഫിനാൻസ് കമ്പനി ജീവനക്കാരുടെ ക്രൂരതയിൽ പൊലിഞ്ഞത്. 2018ൽ മഹീന്ദ്ര ഫിനാൻസിൽ നിന്ന് മിഥ്‌ലേഷ് ഒരു ട്രാക്ടർ വാങ്ങി. ട്രാക്ടറിന്റെ ആകെ 6 ഗഡുക്കളാണ് അവശേഷിച്ചിരുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ എത്തിയത്. ട്രാക്ടറിന്റെ കുടിശ്ശിക വാങ്ങാൻ ഫിനാൻസ് റിക്കവറി ഏജന്റുമാർ കഴിഞ്ഞ ദിവസം മിഥ്‌ലേഷിന്റെ വീട്ടിലെത്തി.

ട്രാക്ടർ വീണ്ടെടുക്കാൻ വീട്ടിലെത്തിയ ഉദ്യോഗസ്ഥനും കർഷകനും തമ്മിൽ തർക്കമുണ്ടായി. ഇതിനിടെ മകൾ ട്രാക്ടർ ചക്രത്തിനടിയിൽ പെട്ടു. തുടർന്ന് യുവതിയുടെ പുറത്തുകൂടി ട്രാക്ടർ കയറ്റി ഇരിക്കുകയായിരുന്നു. യുവതിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അതേസമയം, തങ്ങളെ അറിയിക്കാതെയാണ് കമ്പനി അധികൃതർ വീട്ടിലെത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. ട്രാക്ടർ വീണ്ടെടുക്കുന്നതിനായി ഇരയുടെ വസതിയിലേക്ക് പോകുന്നതിന് മുമ്പ് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചിരുന്നില്ലെന്ന് പോലീസും അറിയിച്ചു. സംഭവത്തിൽ സ്വകാര്യ ഫിനാൻസ് കമ്പനിയുടെ റിക്കവറി ഏജന്റും മാനേജരും ഉൾപ്പെടെ നാല് പേർക്കെതിരെ കൊലക്കുറ്റത്തിന് കേസെടെത്തു.