പൃഥ്വിരാജിന് തന്നോടുള്ള ദേഷ്യം മാറില്ലെന്ന് സംവിധായകന്‍ സിബി മലയില്‍. താന്‍ നൂറ് ശതമാനവും തെറ്റ് ചെയ്തിട്ടില്ല എന്നാല്‍ പൃഥ്വിരാജ് ഇപ്പോഴും ധരിച്ചു വച്ചിരിക്കുന്നത് താനാണ് അദ്ദേഹത്തെ ഒരു സിനിമയില്‍ നിന്നും മാറ്റിയത് എന്നാണ് സംവിധായകന്‍ പറയുന്നത്. അമൃതം എന്ന സിനിമയില്‍ നിന്നും പൃഥ്വിരാജിനെ മാറ്റിയതിനെ കുറിച്ചാണ് സിബി മലയില്‍ സംസാരിച്ചത്. നന്ദനം സിനിമയില്‍ ഒരു പാട്ട് ഷൂട്ട് ചെയ്ത ബന്ധമാണ് ഞാനും പൃഥ്വിരാജും തമ്മിലുള്ളത്. ആ റിലേഷന്‍ഷിപ്പില്‍ ഒരു പ്രശ്‌നങ്ങള്‍ ഉണ്ടായി. അത് 100 ശതമാനവും എന്റെ കുറ്റമല്ല. അദ്ദേഹം ധരിച്ച് വച്ചിരിക്കുന്നത് അങ്ങനെയാണ് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അമൃതം എന്ന സിനിമയില്‍ പൃഥ്വിരാജിനെ ജയറാമിന്റെ അനുജന്‍ ആയിട്ട് കാസ്റ്റ് ചെയ്തിരുന്നു.

ഞാന്‍ പൃഥ്വിരാജിനെ പോയി കണ്ടിട്ടില്ലായിരുന്നു. പ്രൊഡ്യൂസര്‍ ആണ് പോയി കഥയൊക്കെ പറഞ്ഞത്. പിന്നീട് പ്രൊഡ്യൂസര്‍മാര്‍ പറഞ്ഞു, ‘അദ്ദേഹം ചോദിക്കുന്ന എമൗണ്ട് കുറച്ച് കൂടുതലാണ്’ എന്ന്. അത് നിങ്ങള്‍ തന്നെ തീരുമാനിക്കുക, അതില്‍ എനിക്ക് റോളില്ലെന്ന് ഞാന്‍ പറഞ്ഞു. നിങ്ങള്‍ക്ക് ആ ക്യാരക്ടറിന് എന്താണോ ബജറ്റ് ഉള്ളത് അത് പറയുക. ബജറ്റില്‍ പറ്റില്ലെങ്കില്‍ വേറെ ഓപ്ഷന്‍ നോക്കാമെന്നും ഞാന്‍ പറഞ്ഞു. പൃഥ്വിരാജുമായി ഇവര്‍ സംസാരിച്ചപ്പോള്‍ അത് തമ്മില്‍ ധാരണയില്‍ എത്തിയില്ല. ജയറാമാണ് ഹീറോ, അനുജനായി വേറെ ആളെ കണ്ടെത്താമെന്ന് ഞാന്‍ പറഞ്ഞു.

അങ്ങനെയാണ് ആ സിനിമയില്‍ അരുണ്‍ എന്ന നടന്‍ ആ സിനിമയില്‍ അഭിനയിക്കുന്നത്. അന്ന് പൃഥ്വിരാജും പ്രൊഡ്യൂസറും തമ്മില്‍ ഇതിനെ കുറിച്ച് എന്താ സംസാരിച്ചതെന്ന് എനിക്ക് അറിയുകയുമില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ മനസിലാക്കുന്നത് ഇദ്ദേഹം ധരിച്ചു വച്ചിരിക്കുന്നത് ഞാന്‍ അദ്ദേഹത്തെ സിനിമയില്‍ നിന്നും ഒഴിവാക്കിയതാണ് എന്ന്. എനിക്ക് ഇപ്പോഴും ക്ലാരിറ്റി ഇല്ല. പക്ഷെ അതൊരു അകല്‍ച്ചയായി മാറിയിട്ടുണ്ട്. അത് മാറണ്ട ഘട്ടങ്ങള്‍ കഴിഞ്ഞു എന്നാണ് സിബി മലയില്‍ റെഡ് എഫ്എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.