നടിയെ ആക്രമിച്ച കേസ് തുടരന്വേഷണവുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. അച്ഛൻ മാധവൻ, അമ്മ ശ്യാമള, ദിലീപിന്റെ സഹോദരി സബിത എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. നോട്ടീസ് നൽകിയ ശേഷം ആലുവയിലെ പത്മസരോവരം വീട്ടിൽ െവച്ചായിരുന്നു ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തത്.
സംവിധായകൻ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പർ താൻ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യാ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈൽ സേവന ദാതാക്കളിൽനിന്നു ലഭിച്ച വിവരങ്ങൾ അനുസരിച്ച് കാവ്യയുടെ അമ്മയുടെ പേരിലാണ് സിം കാർഡ് എടുത്തതെന്ന് കണ്ടെത്തിയിരുന്നു. ഈ കാര്യങ്ങളിൽ വിശദീകരണം തേടാനാണ് ഇവരുടെ മൊഴിയെടുത്തത്.
ഈ നമ്പർ താൻ ഉപയോഗിച്ചതല്ലെന്നാണ് മുമ്പ് കാവ്യ ചോദ്യം ചെയ്യലിൽ പറഞ്ഞത്. എന്നാൽ, ദിലീപുമായുള്ള വിവാഹത്തിനു മുമ്പ് ഈ നമ്പർ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.
കാവ്യാ മാധവന് കേസിൽ പങ്കുള്ളതായി ടി.എൻ. സുരാജ് ദിലീപിന്റെ സുഹൃത്ത് ശരത് ജി. നായരുമായി സംസാരിക്കുന്ന ശബ്ദരേഖയും പുറത്തുവന്നിരുന്നു. ഇത് പറയാൻ ഇടയായ സാഹചര്യം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് സബിതയെ ചോദ്യം ചെയ്തത്. സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പല വെളിപ്പെടുത്തലുകളിലും ചില ശബ്ദരേഖകളിലും കാവ്യയെക്കുറിച്ച് പരാമർശമുണ്ടായിരുന്നു.
നടിയ ആക്രമിച്ച കേസ് നടക്കുന്ന സമയത്ത് കാവ്യക്ക് പനമ്പിള്ളി നഗറിൽ സ്വകാര്യബാങ്കിൽ അക്കൗണ്ടും ലോക്കറും ഉണ്ടായിരുന്നു. അച്ഛൻ മാധവന്റെ സഹായത്തോടെയാണ് കാവ്യ ബാങ്ക് ഇടപാടുകൾ നടത്തിയിരുന്നത് എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെ കണ്ട് മൊഴിയെടുത്തത്.
സ്വപ്ന സുരേഷ് നൽകിയ സത്യവാങ്മൂലത്തിലുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരേയും കെ.ടി ജലീലിനെതിരേയും സത്യവാങ്മൂലത്തിൽ പരാമർശമുണ്ട്.
കോൺസുൽ ജനറലുമായി അടുത്ത ബന്ധമുള്ള കെ.ടി ജലീൽ 17 ടൺ ഈന്തപ്പഴം സംസ്ഥാനത്ത് എത്തിച്ചുവെന്നും മുംബൈയിലെ ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി കെടി ജലീൽ ഈന്തപ്പഴം ഇറക്കുമതി ചെയ്തെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് കമ്പനിയുടെ ഉടമ മാധവ വാര്യർ കെടി ജലീലിന്റെ ബിനാമിയാണെന്ന് കോൺസുൽ ജനറൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്.
സംസ്ഥാനത്ത് 17ടൺ ഈത്തപ്പഴം ഇറക്കുമതി ചെയ്തു. അത് എത്തിച്ച പെട്ടികളില്‍ ചിലതിന് വലിയ ഭാരം ഉണ്ടായിരുന്നു. പല പെട്ടികളും അപ്രത്യക്ഷമായി. ഖുറാൻ ഇറക്കുമതി ചെയ്തു. ഫ്ലൈ ജാക്ക് ലോജിസ്റ്റിക്സ് വഴി സംസ്ഥാനത്തിന് പുറത്തും ഇറക്കുമതി ചെയ്തു തുടങ്ങിയ കാര്യങ്ങളാണ് സ്വപ്ന സത്യവാങ്മൂലത്തിൽ ഉന്നയിക്കുന്നത്.
ഇതിനെക്കുറിച്ച് നേരത്തെ തന്നെ കസ്റ്റംസ് വളരെ വിശദമായിത്തന്നെ അന്വേഷണം നടത്തിയിരുന്നു. എന്നാൽ അന്ന് ശ്രീരാമകൃഷ്ണനോ കെടിജലീലിനോ കേസുമായി ഒരു ബന്ധവും കണ്ടെത്താൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ കേസില്‍ കസ്റ്റംസ് തുടരന്വേഷണമുണ്ടാകാനിടയില്ല.
എന്നാൽ മറ്റു അന്വേഷണ ഏജൻസികൾക്ക് സ്വപ്നയുടെ രഹസ്യമൊഴി കിട്ടിയിരുന്നില്ല, അതുകൊണ്ട് തന്നെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇ.ഡിയോ എൻഐയോ കേസിൽ അന്വേഷണം നടത്തിയേക്കുമെന്നാണ് വിവരം. അതേസമയം അന്ന് സ്വപ്ന എന്തുകൊണ്ട് അന്വേഷണ ഏജൻസികളോട് ഇക്കാര്യം പറഞ്ഞില്ല എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
സത്യവാങ്മൂലത്തിന്റെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചു. മുഖ്യമന്ത്രി അടക്കം ഉന്നതർക്ക് എതിരായ രഹസ്യ മൊഴിയുടെ പകർപ്പാണ് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. ഇന്ന് ഒന്‍പത് മണിക്കൂറാണ് രാഹുലിനെ ഇഡി സംഘം ചോദ്യം ചെയ്തത്. ഇതോടെ മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറിലേറെയാണ് രാഹുല്‍ ഗാന്ധി ഇഡിയുടെ ചോദ്യംചെയ്യലിന് വിധേയനായത്. വെള്ളിയാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് രാഹുലിനോട് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ന് രാവിലെ 11.35നാണ് സഹോദരി പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ ഇഡി ആസ്ഥാനത്തെത്തിയത്. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം നാലുമണിയോടെ രാഹുല്‍ വീണ്ടും ഇഡി ആസ്ഥാനത്ത് മടങ്ങിയെത്തി.
അതേസമയം, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുലിനെതിരെ തെളിവുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യലിന് ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചനകള്‍. നിഴല്‍ കമ്പനിക്ക് പണം നല്‍കിയതില്‍ രാഹുല്‍ വിശദീകരണം നല്‍കിയില്ലെന്നുമാണ് ദേശീയമാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ചോദ്യം ചെയ്യല്‍ ചൊവ്വാഴ്ച പൂര്‍ത്തിയാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇത് ഇഡി അംഗീകരിച്ചിരുന്നില്ല.
ഇന്നും ഡല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളും പൊലീസും ഏറ്റുമുട്ടിയിരുന്നു. രാഹുലിനെ ചോദ്യം ചെയ്യവെയാണ് എഐസിസി ആസ്ഥാനത്ത് പൊലീസും നേതാക്കളും തമ്മില്‍ ഏറ്റുമുട്ടിയത്. ആസ്ഥാനത്ത് കയറിയ പൊലീസ് വനിത നേതാക്കളെയടക്കം കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെയാണ് ഓഫീസ് ഗേറ്റിനു മുമ്പില്‍ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സോണിയാ ഗാന്ധി കൂടുതല്‍ സമയം തേടിയേക്കും. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാല്‍ ഡല്‍ഹി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് സോണിയ.
രാജ്യത്ത് മതങ്ങളുടെ പേരില്‍ നടക്കുന്ന കൊലപാതകങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് നടി സായി പല്ലവി. കാശ്മീര്‍ ഫയല്‍സ് എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ കൊല്ലപ്പെട്ടതിന്റെ കാരണം കാണിക്കുന്നുണ്ട്.
പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയ സംഭവവും ഈ സിനിമയില്‍ ഉണ്ട്, രണ്ടും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്നും സായി പല്ലവി പറഞ്ഞു. മതങ്ങളുടെ പേരില്‍ മറ്റുള്ളവരെ വേദനിപ്പിക്കുന്നതിനെ ന്യായീകരിക്കാന്‍ സാധിക്കില്ലെന്നും സായി ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
‘കാശ്മീര്‍ ഫയല്‍സ്’ എന്ന സിനിമയില്‍ കാശ്മീരി പണ്ഡിറ്റുമാര്‍ എങ്ങനെയാണ് കൊല്ലപ്പെട്ടത് എന്ന് അവര്‍ കാണിച്ചു. നിങ്ങള്‍ അതിനെ മത സംഘര്‍ഷമായി കാണുന്നുവെങ്കില്‍, കൊവിഡ് സമയത്ത് പശുവിനെ ഒരു വണ്ടിയില്‍ കൊണ്ടുപോയതിന് ഒരു മുസ്ലിമിനെ ജയ് ശ്രീറാം വിളിച്ചുകൊണ്ട് ചിലര്‍ കൊലപ്പെടുത്തിയത് കൂടി നോക്കണം. ഈ രണ്ട് സംഭവങ്ങള്‍ക്കും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. മതത്തിന്റെ പേരില്‍ ആരെയും വേദനിപ്പിക്കരുത്’ സായി പല്ലവി പറഞ്ഞു.
‘വിരാട പര്‍വ്വം’ എന്ന തെലുങ്ക് ചിത്രമാണ് സായി പല്ലവിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ‘വെന്നെല്ല’ എന്ന കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. പോലീസുകാരനെ പ്രണയിക്കുന്ന നക്‌സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ അഭിനയിക്കുന്നത്. റാണ ദഗുബാടി
സായ് പല്ലവിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ നടിയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം.സായ് പല്ലവിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനമാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകളില്‍ നിറയുന്നത്. നടിയ്ക്ക് നേരെ വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.
അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്. നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.
സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയെന്ന പരാതിയില്‍ കുറ്റാരോപിതരായ സ്വപ്‌ന സുരേഷിനെയും പി.സി. ജോര്‍ജിനെയും ചോദ്യംചെയ്യുന്നതു സരിത എസ്. നായരുടെ രഹസ്യമൊഴിയെടുത്ത ശേഷം.
സരിതയുടെ രഹസ്യമൊഴി പരിശോധിച്ചശേഷം അതിന്റെ അടിസ്‌ഥാനത്തില്‍ തുടര്‍നടപടി മതിയെന്ന നിയമോപദേശം പരിഗണിച്ചാണു തീരുമാനം. സരിതയുടെ മൊഴിയില്‍ വസ്‌തുതകളുണ്ടെന്നു കണ്ടാലേ ഇരുവര്‍ക്കുമെതിരേ നടപടിയുമായി പോലീസ് മുന്നോട്ടു നീങ്ങൂ. ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്താവുന്ന വകുപ്പുകളിലാണു ഇരുവര്‍ക്കുമെതിരേ കേസെടുത്തിരിക്കുന്നത്.
അറസ്‌റ്റിനു സാധ്യത കണ്ടാല്‍, പി.സി. ജോര്‍ജും ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയേറെയാണ്. തന്നെ പോലീസ് മനഃപൂര്‍വം കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നു ചൂണ്ടിക്കാട്ടി ജോര്‍ജ് കോടതിയെ സമീപിച്ചാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വിശ്വാസ്യത ചോദ്യംചെയ്യപ്പെടാം.
കഴമ്പില്ലാത്ത കേസുമായി പോയാല്‍ രാഷ്‌ട്രീയ പകപോക്കലായി കണ്ടു കോടതിയില്‍നിന്നു തിരിച്ചടി ലഭിക്കാനും സാധ്യതയേറെ. നേരത്തെ രണ്ടു കേസില്‍ പി.സി. ജോര്‍ജിനു ജാമ്യം ലഭിച്ചിരുന്നു. അതിനാല്‍, പി.സി. ജോര്‍ജിനെതിരായ നടപടികള്‍ നല്ലപോലെ ആലോചിച്ചശേഷമേ തീരുമാനിക്കു.
അതിനാലാണു സരിതയുടെ രഹസ്യമൊഴിയില്‍ വസ്‌തുതകളുണ്ടെങ്കില്‍ മാത്രം ശക്‌തമായ നടപടികളുമായി പോകാനുള്ള തീരുമാനം. മുന്‍മന്ത്രി കെ.ടി. ജലീല്‍ കന്റോണ്‍മെന്റ് സ്‌റ്റേഷനില്‍ പരാതിയിലാണു കലാപത്തിനു ശ്രമമെന്ന കുറ്റം ചുമത്തി കേസെടുത്തത്. ആരോപണത്തിനു പിന്നാലെ പ്രതിപക്ഷപാര്‍ട്ടികള്‍ നടത്തിയ സമരം കലാപത്തിനു ശ്രമമെന്നായിരുന്നു പരാതി. പ്രത്യേകസംഘമാണു കേസന്വേഷിക്കുന്നത്. ഏതു വകുപ്പു ചുമത്തണമെന്ന കാര്യത്തില്‍ തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടായിരുന്നു.
തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹര്‍ജിയില്‍ ജലീലിന്റെ പരാതി ഉള്‍പ്പെടെയുള്ള രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പ്രതികള്‍ക്കു ഇതുവരെയും പരാതിയുടെ കോപ്പി കിട്ടിയിട്ടില്ല. ഈ കേസ് ഉടനെ ഹൈക്കോടതി തീര്‍പ്പാക്കില്ലെന്നാണു പോലീസിന്റെ കണക്കുകൂട്ടല്‍. എഫ്.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം തുടങ്ങുന്ന സാഹചര്യത്തില്‍ കോടതി ഇടപെടാന്‍ സാധ്യതയില്ല. പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ടു പരിശോധിച്ചശേഷമേ സാധാരണഗതിയില്‍ ഹര്‍ജി തീര്‍പ്പാന്‍ ഹൈക്കോടതി തയാറാവൂ എന്നാണു പോലീസിന്റെ വിലയിരുത്തല്‍.
പി.സി. ജോര്‍ജ് പല തവണ വിളിച്ചെന്നും മുഖ്യമന്ത്രിക്കെതിരേ പറയാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നുമാണു സരിത പറയുന്നത്. സ്വപ്‌നയെ ജയിലില്‍ വച്ചു പരിചയമുണ്ട്. എന്നാല്‍ സ്വപ്‌നയുടെ കൈയില്‍ തെളിവുകളില്ലെന്ന് അറിയാവുന്നതുകൊണ്ടു പിന്മാറിയെന്നാണു സരിതയുടെ മൊഴി. മുഖ്യമന്ത്രിക്കെതിരായ തെളിവു സ്വപ്‌നയുടെ കൈയില്‍ ഉണ്ടെന്നു പറയാന്‍ ജോര്‍ജ് ആവശ്യപ്പെട്ടെന്നാണു സരിത നല്‍കിയ മൊഴി. ജോര്‍ജും സ്വപ്‌നയും ക്രൈം നന്ദകുമാറും എറണാകുളത്ത് കൂടിക്കാഴ്‌ച നടത്തിയെന്നും സരിത പറയുന്നു. തിരുവനന്തപുരം ഗസ്‌റ്റ് ഹൗസില്‍ വച്ചും ഈരാറ്റുപേട്ടയിലെ ജോര്‍ജിന്റെ വീട്ടില്‍വച്ചും താനുമായി കൂടിക്കാഴ്‌ച നടത്തി. ജോര്‍ജുമായുള്ള സംഭാഷണത്തിന്റെ ഓഡിയോ ടേപ്പും അന്വേഷണസംഘത്തിനു സരിത കൈമാറിയിട്ടുണ്ട്.
ഇടുക്കി രാജകുമാരിയില്‍ ഏലക്കാട്ടില്‍ കാണാതായ നാലു വയസ്സുകാരിയെ ഇന്നു രാവിലെ കണ്ടെത്തി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളെയാണ് ഇന്നലെ തോട്ടത്തില്‍ കാണാതായത്. സമീപത്തുള്ള ഒരു ഏലത്തോട്ടത്തില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.
മാതാപിതാക്കള്‍ ജോലി ചെയ്യുന്ന തോട്ടത്തില്‍ ഒപ്പമെത്തിയതായിരുന്നു കുട്ടി. ഇടയ്ക്ക് കുട്ടിയെ കാണാതാവുകയായിരുന്നു.
പുതുമുഖ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പരാതി നല്‍കിയ നടിയുടെ പേര് വെളിപ്പെടുത്തിയ കേസില്‍ നടനും സംവിധായകനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ഹര്‍ജി തള്ളിയത്.
അതേസമയം ബലാത്സംഗ കേസില്‍ ഇന്നും വാദം തുടരും. ഇന്നലെ സര്‍ക്കാര്‍ വാദം പൂര്‍ത്തിയായിരുന്നു. സര്‍ക്കാരിന് വേണ്ടി പ്രോസിക്യൂഷന്‍ അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഗ്രേഷ്യസ് കുര്യാക്കോസ് ഹാജരായത്. വിജയ് ബാബുവിന്റെ അഭിഭാഷകന്റെ വാദമാണ് ഇന്ന് തുടരുക. കേസിലെ നടപടി ക്രമങ്ങള്‍ ഇന്നലെ രഹസ്യമായാണു നടത്തിയത്. വിജയ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവിന്റെ കാലാവധിയും ഇന്നുവരെ നീട്ടിയിട്ടുണ്ട്.
ഏപ്രില്‍ 22നാണ് പീഡിപ്പിച്ചുവെന്നാരേപിച്ച് നടി പരാതി നല്‍കിയത്. മാര്‍ച്ച് 16ന് ഡി ഹോംസ് സ്യൂട്ട്‌സ് അപ്പാര്‍ട്ട്‌മെന്റില്‍ വച്ചും മാര്‍ച്ച് 22ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇതേ തുടര്‍ന്ന് സമൂഹമാധ്യമത്തിലൂടെ വിജയ് ബാബു പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയായിരുന്നു.
പരാതിക്കാരിക്ക് പലപ്പോഴായി പണം നല്‍കിയിട്ടുണ്ടെന്നും സിനിമയില്‍ കൂടുതല്‍ അവസരം വേണമെന്ന ആവശ്യം നിരസിച്ചതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈഗംക ബന്ധം ഉഭയസമ്മത പ്രകാരമായിരുന്നുവെന്നുമാണ് വിജയ് ബാബു പറയുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം നയന്‍താര മലയാളത്തിൽ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രത്തിൽ നിവിൻ പോളിയായിരുന്നു നായകൻ. ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥയെഴുതുകയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രകാശന്‍ പറക്കട്ടെ റിലീസിന് ഒരുങ്ങിയിരിക്കുകയാണ്.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ വെച്ച് ധ്യാന്‍ ശ്രീനിവാസനോട് നയന്‍താര കല്യാണമൊന്നും വിളിച്ചില്ലേ എന്ന് മാധ്യമ പ്രവർത്തകൻ ചോദിച്ചു, ഇതിനു മറുപടിയായി ധ്യാൻ നൽകിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.
വിളിച്ചു. പക്ഷെ, ഞാന്‍ പോയില്ല, വേണ്ടെന്ന് വെച്ചു. തിരക്കല്ലേടാ. പ്രസ് മീറ്റിന്റെ തിരക്കൊക്കെ ഉണ്ട് എന്ന് ഞാന്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ തിരക്കുമുണ്ട്,ധ്യാന്‍ ചിരിച്ചുകൊണ്ട് മറുപടി നല്‍കി. ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ കോണ്‍ഗ്രസ് പ്രതിനിധി ഉമ തോമസ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. അന്ത്രിച്ച മുന്‍ എം എല്‍ എ പി ടി തോമസിന്റെ ഭാര്യയാണ് ഉമ തോമസ്.
ഇന്നലെ രാത്രിയോടെ ഉമ തോമസ് തിരുവനന്തപുരത്ത് എത്തി. പി ടി തോമസിന്റെ ഓര്‍മകളുമായാണ് സത്യപ്രതിജ്ഞക്ക് പോകുന്നത്. വോട്ടര്‍മാര്‍ക്ക് നല്‍കിയ എല്ലാ ഉറപ്പുകളും പാലിക്കുമെന്നും ഉമ തോമസ് പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക്് ശേഷം ഈ മാസം 27 മുതല്‍ നടക്കുന്ന നിയമസഭാ സമ്മേളനത്തിലും ഉമാതോമസ് പങ്കെടുക്കും.
പിടി തോമസിന്റെ മരണത്തെ തുടര്‍ന്നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടിയത്. 72767 വോട്ടുകള്‍ നേടിയാണ് ഉമാ തോമസ് വിജയം നേടിയത്. മെയ് 31നായിരുന്നു തിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടന്നു. ജോ ജോസഫ് ആയിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. എ എന്‍ രാധാകൃഷ്ണന്‍ ആയിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി.
തൃക്കാക്കരയില്‍ യുഡിഎഫിന് 2021നെക്കാള്‍ 12,928 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചു. 2021ല്‍ 59,839 വോട്ടുകളായിരുന്നു പി.ടി തോമസ് നേടിയത്. എല്‍.ഡി.എഫിന്റെ സ്ഥാനാര്‍ത്ഥി ജോ ജോസഫ് 47,752 വോട്ട് നേടി. 2021 ല്‍ എല്‍.ഡി.എഫിന് ലഭിച്ചത് 45510 വോട്ടായിരുന്നു. ഇത്തവണ ബി.ജെ.പിക്ക് വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. എ.എന്‍ രാധാകൃഷ്ണന്‍ നേടിയത് 12955 വോട്ടാണ്. കഴിഞ്ഞ തവണ ബിജെപി 15483 വോട്ടുകള്‍ നേടിയിരുന്നു.
സി.പി.എമ്മിന്റെ സമുന്നത നേതാവും എൽ ഡി എഫ് കൺവീനറുമായ ഇ പി ജയരാനെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് വരുന്നു. പിണറായിക്കൊപ്പം യാത്ര ചെയ്യവേ ഇൻഡിഗോ വിമാനത്തിൽ വെച്ച് യാത്രക്കാരേ ചവിട്ടി വീഴ്ത്തുകയും കഴുത്തിനു കുത്തി പിടിക്കുകയും ചെയ്ത സംഭവത്തിലാണ് പി ജയരാജൻ അഴിക്കുള്ളിലാകാനുള്ള സാധ്യത തെളിയുന്നത്. കേരള പോലീസിനു ഈ വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറാം. കാരണം സിവിൽ ഏവിയേഷൻ വകുപ്പുകൾ അനുസരിച്ചും കേസ് അന്വേഷിക്കണം. വിമാനത്തിൽ ആക്രമണം നടത്തി എന്ന് സിവിൽ ഏവിയേഷൻ വകുപ്പ് കണ്ടെത്തിയാൽ ഇ പി ജയരാജനെതിരേ സ്വമേധയാ കേന്ദ്ര വ്യോമയാന വകുപ്പിനും കേസെടുക്കാം എന്നാണ് നിയമ വിദഗർ ചൂണ്ടിക്കാട്ടുന്നത്.
ഒന്നുകിൽ കേരളാ പോലീസ് എഫ് ഐ ആർ ഇട്ട് ഈ സംഭവം കേന്ദ്രത്തിന് റിപോർട്ട് ചെയ്യണം. കേന്ദ്ര ഏജൻസികൾ അന്വേഷിച്ച് സുരക്ഷാ വീഴ്ച്ച ഉണ്ടായി എന്നും ഇ പി ജയരാജൻ അക്രമാസക്തനായി എന്നും കണ്ടെത്തിയാൽ അദ്ദേഹത്തേ കസ്റ്റഡിയിൽ എടുക്കേണ്ടി വരും. മാത്രമല്ല ഇ പി ജയരാജൻ മേലിൽ ലോകത്തെ ഒരു വിമാനത്തിലും കയറുന്നത് തടഞ്ഞ് കൊണ്ട് യാത്രാ വിലക്കും ഉണ്ടാവും. ഇതോടെ ഇ.പി ജയരാജന്റെ പതിവ് പരിപാടിയായ സർക്കാരിന്റെയും പാർട്ടിയുടേയും ചിലവിലെ കണ്ണൂർ- തിരുവനന്തപുരം ‘ഓസ്’ യാത്രയും എന്നേക്കുമായി അവസാനിക്കും. നിയമം അനുസരിച്ച്, മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായ വിവരം തിങ്കളാഴ്ച തന്നെ വിമാനത്താവള അധികൃതർ ബിസിഎഎസിനെയും വ്യോമയാന മന്ത്രാലയ അധികൃതരെയും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയെയും അറിയിക്കണം. സംഭവം ഉണ്ടായി ഒരു മണിക്കൂറിനുള്ളിൽ റിപ്പോർട്ടു നൽകണമെന്നാണ് നിയമം.
നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കേണ്ടത് ബിസിഎഎസ് (ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി) ആണ്. 1994 ലെ നിയമഭേദഗതി അനുസരിച്ച്, വിചാരണ വേളയിൽ ദേശവിരുദ്ധപ്രവർത്തനങ്ങൾ തെളിഞ്ഞാൽ വിമാനം തട്ടിയെടുക്കുന്നവർക്ക് വധശിക്ഷവരെ ലഭിക്കാം.
ഇ പി ജയരാജനെതിരേ കേസെടുക്കില്ലെന്ന് പോലീസിന് വാശിപിടിക്കാൻ ആവില്ല. കാരണം പോലീസ് നിയമ പ്രകാരം കേരളത്തിലെ വിമാനത്താവളത്തിൽ നടന്ന കാര്യം വ്യോമയാന ഉദ്യോഗസ്ഥർക്ക് റിപോർട്ട് ചെയ്തേ മതിയാകൂ. ഈ കാര്യത്തിൽ അവസാന വാക്കും അന്വേഷണവും കേന്ദ്ര ഏജൻസിയാണ് തീരുമാനിക്കുന്നത്. വീഴ്ച്ച ഉണ്ടായോ എന്ന് നിശ്ചയിക്കുന്നതും അവർ ആയിരിക്കും. അതിനാൽ തന്നെ ഇ പി ജയരാജനെ മുഖ്യമന്ത്രി എത്ര സംരക്ഷിച്ചാലും പണി ഉറപ്പാണ് എന്ന് സാരം.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ ഉണ്ടായ പ്രതിഷേധം കേരളത്തിൽ രാഷ്ട്രീയ വിവാദമാണെങ്കിൽ, കേന്ദ്ര ഏജൻസികൾ ഏറെ ഗൗരവത്തോടെയാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. നിസാരമായ കേസല്ല ഇതെന്നും ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ രാജ്യാന്തരതലത്തിൽ രൂപീകരിച്ച നിയമവ്യവസ്ഥകളുണ്ടെന്നും വ്യോമയാന മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷന്റെ നിർദേശങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് അൺലാഫുൾ ആക്ട്സ് എഗൈൻസ്റ്റ് സേഫ്റ്റി ഓഫ് സിവിൽ ഏവിയേഷൻ ആക്ട് രൂപീകരിച്ചിരിക്കുന്നത്. ഇത്തരം സംഭവങ്ങളുൾപ്പെടുത്തിയ വാർഷിക റിപ്പോർട്ടുകൾ ഇന്ത്യ ഐസിഎഒയ്ക്കു കൈമാറാറുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ പ്രതിഷേധം നടത്തിയ സംഭവം ക്രൈം ബ്രാഞ്ചിലെ പ്രത്യേക സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ക്രൈം ബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും.
അതേസമയം, വിമാനത്തിനുള്ളിൽ നടന്ന സംഭവ വികാസങ്ങളിൽ ഇ പി ജയരാജനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ് ആവർത്തിച്ച് ആവശ്യപ്പെട്ടു. ജയരാജന് എതിരെ കേസെടുത്തില്ലെങ്കിൽ സ്വകാര്യ അന്യായം ഫയൽ ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിട്ടുണ്ട്. ആകാശത്തും ഭൂമിയിലും പ്രതിഷേധം ഒരു പോലെയാണെന്നും സംസ്ഥാനത്ത് ഭീകരപ്രവർത്തനം നടത്തുന്നത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു. വിമാനത്തിലെ പ്രതിഷേധം തെറ്റാണെന്ന് പറയുന്നവർ പണ്ട് ട്രെയിനിൽ മന്ത്രിയുടെ തലയിൽ കരി ഓയിൽ ഒഴിച്ചിട്ടുണ്ടെന്നും സതീശൻ ഓർമ്മിപ്പിക്കുന്നു.
എന്നാൽ, രാഷ്‌ട്രീയവൈരാഗ്യം കൊണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചുവെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. വലിയതുറ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വധശ്രമത്തിനുള്ള വകുപ്പുകൾക്ക് പുറമെ ഔദ്യോഗിക ഡ്യൂട്ടി തടസ്സപ്പെടുത്തൽ, എയർക്രാഫ്റ്റ് സുരക്ഷയെ ബാധിക്കുന്ന അതിക്രമം എന്നീ വകുപ്പുകൾ കൂടി ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച ഗൺമാൻ അനിലിനേയും ആക്രമിച്ചതായി എഫ്‌ഐആറിൽ പറയുന്നുണ്ട്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, ഇൻഡിഗോ ഗ്രൗണ്ട് മാനേജരുടെ കത്ത് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.