ഒമാനിലെ സലാലയില്‍ കടലില്‍ വീണ് മൂന്ന് കുട്ടികളടക്കം അഞ്ച് ഇന്ത്യക്കാരെ കാണാതായി. ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ടൂറിസ്റ്റ് കേന്ദ്രമായ മുഗ്‌സെയിലില്‍ സുരക്ഷാ ബാരിക്കേഡ് മറികടന്ന് ചിത്രമെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടം.
ഉയര്‍ന്നു പൊങ്ങിയ തിരമാലയില്‍ ഇവര്‍ പെടുകയായിരുന്നു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ദുബൈയില്‍ നിന്ന് എത്തിയ ഉത്തരേന്ത്യക്കാരാണിവര്‍. അപകടത്തില്‍പ്പെട്ട മൂന്നുപേരെ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അധികൃതര്‍ രക്ഷപ്പെടുത്തി.
മുടിയിഴകളിൽ നിന്നും തുപ്പലിൽ നിന്നുമൊക്കെ കൊലപാതക കേസുകൾ കേരള പൊലീസ് തെളിയിച്ചിട്ടുണ്ട്. എന്നാൽ പൊട്ടിയ മുട്ടത്തോടിൽ നിന്ന് ഒരു കൊലപാതകം വെളിച്ചത്തുകൊണ്ടുവന്നത് ഒരു പക്ഷേ,പൊലീസിന്റെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം. ഉടുമ്പൻചോലയ്ക്ക് സമീപം ചെമ്മണ്ണാറിൽ കഴിഞ്ഞയാഴ്ച പുലർച്ചെ മോഷണ ശ്രമത്തിനിടെ സേനാപതി വട്ടപ്പാറ സ്വദേശി ജോസഫ് കൊല്ലപ്പെട്ട കേസിലാണ് പൊലീസിന്റെ അന്വേഷണ മികവ് വ്യക്തമായത്. ചെമ്മണ്ണാർ കൊന്നക്കപ്പറമ്പിൽ രാജേന്ദ്രൻ (50) ആണ് അറസ്റ്റിലായത്. ഇരുവരും തമ്മിലുള്ള മൽപ്പിടിത്തത്തിനിടെ ജോസഫിന്റെ കഴുത്തിലെ എല്ലുകൾ പൊട്ടി ശ്വാസ തടസമുണ്ടായതായിരുന്നു മരണകാരണം.
രാജേന്ദ്രന്റെ വീട്ടിന് അല്പമകലെയാണ് ജോസഫിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടടുത്തായി ചെരുപ്പ്, വാക്കത്തി, തൊപ്പി, ടോർച്ച്, കുട, ഇറച്ചി എന്നിവ കണ്ടെത്തി. സ്ഥലത്തെത്തിയ പൊലീസിന് പരിസരം നിരീക്ഷിച്ചിട്ടും സംഭവത്തെപ്പറ്റി വ്യക്തത ലഭിച്ചില്ല. ജോസഫ് രാജേന്ദ്രന്റെ വീട്ടിൽ മോഷ്ടിക്കാൻ കയറിയെന്നും ഇരുവരും തമ്മിൽ പിടിവലി ഉണ്ടായെന്നുമുള്ള വാർത്ത ഇതിനിടെ പൊലീസിന്റെ ചെവിയിലെത്തി. പക്ഷേ, ജോസഫ് എങ്ങനെ മരിച്ചു എന്നത് സംബന്ധിച്ച് ഒരു വ്യക്തതയും പൊലീസിന് ലഭിച്ചില്ല. തുടർന്ന് അയാളുടെ ബന്ധുക്കളെ പൊലീസ് കണ്ടെത്തി. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച കുടയും ചെരിപ്പും ജോസഫിന്റേത് തന്നെയെന്ന് അവർ തിരിച്ചറിഞ്ഞു. എന്നാൽ ജോസഫ് ഒരു മോഷ്ടാവല്ലെന്നും മോഷ്ടിക്കുന്ന സ്വഭാവം അയാൾക്കില്ലെന്നും ബന്ധുക്കൾ ഉറപ്പിച്ച് പറഞ്ഞതോടെ പൊലീസ് വീണ്ടും വട്ടം ചുറ്റി. ജോസഫ് മോഷണത്തിനായി എത്തുന്ന സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കളെ കാണിച്ചെങ്കിലും ഇതു ജോസഫല്ലെന്നായിരുന്നു അവരുടെ വാദം. തുടർന്നാണ് കൂടുതൽ ശാസ്ത്രീയ അന്വേഷണം നടത്താൻ തീരുമാനിച്ചത്. കട്ടപ്പന ഡിവൈഎസ്‌പി നിഷാദ് മോൻ, ഉടുമ്പൻചോല സിഐ ഫിലിപ് സാം, നെടുങ്കണ്ടം സിഐ ബി.എസ്.ബിനു എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘത്തിന് ജില്ലാ പൊലീസ് മേധാവി ആർ.കറുപ്പുസ്വാമി രൂപം നൽകിയിരുന്നു.
ജോസഫിന്റെ മൃതദേഹം പരിശോധിക്കുന്നതിനിടെ ഷർട്ടിന്റെ പോക്കറ്റിൽ മുട്ടത്തോട് കണ്ടെത്തിയിരുന്നു. രാജന്ദ്രന്റെ കുടുംബത്തിന്റെ മൊഴി വീണ്ടും ശേഖരിച്ചതോടെ അന്വേഷണം പോകുന്നത് നേർവഴിയിലാണെന്ന് പൊലീസിന് വ്യക്തമായി. മോഷണം പോയത് 6000 രൂപയും ഒരു കിലോ ഇറച്ചിയും രണ്ട് താറാമുട്ടകളുമെന്നാണ് കുടുംബാംഗങ്ങൾ മൊഴിനൽകിയത്. മാേഷ്ടിച്ചെടുത്ത താറാമുട്ടകൾ ജോസഫ് പോക്കറ്റിൽ സൂക്ഷിച്ചിരുന്നുവെന്നും രാജേന്ദ്രനുമായുള്ള മൽപ്പിടിത്തത്തിൽ ഇത് പൊട്ടുകയായിരുന്നു എന്നും കണ്ടെത്തി. പൊട്ടിയ മുട്ടയുടെ തോടാണ് പോക്കറ്റിൽ കണ്ടെത്തിയത്. ഇതോടെയാണ് കൊലപാതകമെന്ന് പാെലീസ് ഉറപ്പിച്ചത്. കഴുത്തിലൂടെ കയ്യിട്ട് പ്രത്യേക രീതിയിൽ പിടിച്ചതാണ് ജോസഫിന്റെ മരണകാരണമെന്നും കഴുത്തിനുള്ളിലെ അസ്ഥി പൊട്ടി ശ്വാസനാളത്തിൽ തുളഞ്ഞ് കയറിയെന്നും പൊലീസ് കണ്ടെത്തി.ചോദ്യംചെയ്യലിൽ ഇക്കാര്യങ്ങളെല്ലാം വ്യക്തമാവുകയായിരുന്നു.
ആര്‍.എസ്.എസ് വേദി പങ്കിട്ടുവെന്ന വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. താന്‍ ആര്‍.എസ്.എസുമായി ഒരു വേദിയും പങ്കിട്ടില്ല. ഗോള്‍വാര്‍ക്കറുടെ ജന്മദിന ആചരണത്തില്‍ പങ്കെടുത്തില്ല. പ്രചരിക്കുന്ന ചിത്രം വ്യാജമാണോയെന്ന് പരിശോധിക്കണം. ഏതെങ്കിലും സെമിനാറില്‍ സംസാരിച്ച ദൃശ്യമാണോയെന്ന് അറിയില്ലെന്നും വി.ഡി സതീശന്‍ പറഞ്ഞു.
വിവേകാനന്ദന്‍ പറയുന്ന ഹിന്ദുവും സംഘപരിവാര്‍ പറയുന്ന ഹിന്ദുത്വയും രണ്ടാണ്. അതുതന്നെയാണ് താന്‍ എന്നും പറഞ്ഞുകൊണ്ടിരിക്കുന്നത്. ആര്‍.എസ്.എസുമായി തനിക്ക് ഒരു സന്ധിയുമുണ്ടാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം ഉപേക്ഷിക്കേണ്ടിവന്നാലും ഒരു വര്‍ഗീയവാദിയുടെയും പിന്നാലെ പോകില്ല.
ഒരു വര്‍ഗീയവാദിയുടെയും വോട്ട് ചോദിച്ച് താന്‍ പോയിട്ടില്ല. ഒരു ആര്‍.എസ്.എസുകാരനെയും കണ്ടിട്ടില്ല. തന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയവരില്‍ ഏറെയും ആര്‍.എസ്.എസുകാരാണ്. തനിക്കെതിരെ പോസ്റ്റിട്ടയാള്‍ എന്നാണ് പറവൂരില്‍ വന്നതെന്നും എന്തുകൊണ്ടാണ് വന്ന് താമസിക്കേണ്ടി വന്നതെന്നും അന്വേഷിക്കുന്നത് നല്ലതാണ്.
2016ല്‍ തന്നെ പറവൂരില്‍ തോല്‍പ്പിക്കാന്‍ ഹിന്ദു മഹാസംഗമം നടത്തി. തന്നെ രാഷ്ട്രീയ വനവാസത്തിന് അയക്കുമെന്ന് ഇവര്‍ പറഞ്ഞപ്പോള്‍ തന്റെ ഭൂരിപക്ഷം വര്‍ധിച്ചു.
ഗോള്‍വാക്കറുടെ ഒരു പരിപാടിയിലും താന്‍ പങ്കെടുത്തിട്ടില്ല. ആര്‍.എസ്.എസ് വേദി പങ്കിട്ട വിവാദത്തിന് ഒരു ഞായറാഴ്ചയുടെ ആയുസ് മാത്രമാണ്. 2013ല്‍ നടന്ന പി.പരമേശ്വറിന്റെ പരിപാടിയില്‍ പങ്കെടുത്തത് എം.പി വീരേന്ദ്രകുമാര്‍ പറഞ്ഞിട്ടാണ്. ക്ഷണിച്ചത് മാതൃഭൂമി ന്യൂസ് എഡിറ്ററാണ്. 2013 മാര്‍ച്ച് 13ന് പി.പരമേശ്വരന്റെ പുസ്തകം വി.എസ് അച്യുതാനന്ദന്‍ തിരുവനന്തപുരത്ത് പ്രകാശനം ചെയ്തിട്ടുണ്ട്. വി.എസ് പ്രകാശനം ചെയ്ത പുസ്തകമാണ് 10 ദിവസം കഴിഞ്ഞ് തിരുവനന്തപുരത്ത് തൃശൂരില്‍ താന്‍ പ്രകാശനം ചെയ്തത്.
പരമേശ്വറിനെ സംഘപരിവാറിന്റെ ആളായല്ല കേരളം കാണുന്നത്. അതുകൊണ്ടാണ് അദ്ദേഹം മരിച്ചപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി അന്ത്യമോപചാരം അര്‍പ്പിച്ച് ഋഷി തുല്യനായ ആളെന്ന് പറഞ്ഞത്.
സജി ചെറിയാന്‍ പറഞ്ഞത് ഗോള്‍വാക്കറിന്റെ ‘വിചാരണ ധാര’ എന്ന പുസ്തകത്തില്‍ പറയുന്നത് തന്നെയാണെന്നാണ് താന്‍ പറഞ്ഞത്. അതിനെ ഒരു ബി.ജെ.പി നേതാവും തള്ളിക്കളഞ്ഞിട്ടില്ല. മതേതരത്വം എന്ന വാക്ക് ഭരണഘടനയില വേണ്ടെന്ന് പി.കെ കൃഷ്ണദാസ് പറയുന്നു. അതുതന്നെയാണ് സജി ചെറിയാനും പറഞ്ഞത്. ഭരണഘടനയെ ഭാരതീയവത്കരിക്കണമെന്ന് സുപ്രീം കോടതി പറഞ്ഞുവെന്ന ഗുരുതരമായ ആരോപണവും കൃഷ്ണദാസ് നടത്തി. എന്നാല്‍ കോടതി ഭാഷ സാധാരണക്കാര്‍ക്ക് മനസ്സിലാകാവുന്ന രീതിയില്‍ ലളിതവത്കരിക്കണമെന്ന് പറഞ്ഞതാണ് കൃഷ്ണദാസ് ഇങ്ങനെ വളച്ചൊടിച്ചത്. അത് റിപ്പോര്‍ട്ട് ചെയ്യാന്‍ ഒരു മാധ്യമങ്ങളും ഇവിടെയില്ല.
ഹിന്ദുക്കളുടെ മുഴുവന്‍ അട്ടിപ്പേറ് ആര്‍.എസ്.എസും സംഘപരിവാറും എടുത്തിട്ടുണ്ടോ? ഒരു വര്‍ഗീയ വാദിയും തന്നെ വിരട്ടാന്‍ വരണ്ട. കേസ് കൊടുത്താന്‍ താന്‍ നേരിട്ടോളാം. പറഞ്ഞതില്‍ താന്‍ ഉറച്ചുനില്‍ക്കുന്നു. ആര്‍.എസ്.എസുമായി ഏറ്റുമുട്ടിയ പാരമ്പര്യമുള്ളതാണ് തന്റെ കുടുംബം.
ഭരണഘടനയ്‌ക്കെതിരെ പറഞ്ഞതിനെ സജി ചെറിയാന്‍ തള്ളിപ്പറഞ്ഞിട്ടില്ല. വാര്‍ത്ത പുറത്തുവിട്ട മാധ്യമപ്രവര്‍ത്തകരുടെ തലയിലാണ് കുറ്റമെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
നടിയെ ആക്രമിച്ച കേസില്‍ ആര്‍.ശ്രീലേഖ ഐപിഎസ് നടത്തിയ വെളിപ്പെടുത്തല്‍ അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. വിരമിച്ച ഉദ്യോഗസ്ഥര്‍ കേസിനെ കുറിച്ച് സംസാരിച്ച സാഹചര്യം അന്വേഷിക്കണം. അതില്‍ സത്യമുണ്ടെങ്കില്‍ അന്വേഷിക്കണം. നക്‌സല്‍ വര്‍ഗീസിന്റെ കേസില്‍ വിരമിച്ച ഒരു ഓഫീസര്‍ നടത്തിയ പരാമര്‍ശത്തിലാണ് ഐജി അടക്കം ജയിലില്‍ പോയത്. എന്താണ് സത്യമെന്ന് അറിയില്ല. സത്യമാണ് പുറത്തുവരേണ്ടത്. -വി.ഡി സതീശന്‍ പറഞ്ഞു.
വൈറൽ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കഴിഞ്ഞമാസത്തെ അപേക്ഷിച്ച് ഇരട്ടിയോളം പേരാണ് വൈറൽ പനി ബാധിതരായി ചികിത്സ തേടിയെത്തുന്നത്. കോവിഡ് കൂടുന്നുണ്ടെങ്കിലും പനിബാധിതരെ ആശുപത്രികളിൽ കോവിഡ് ടെസ്റ്റിനു നിർബന്ധിക്കുന്നില്ല.
കോവിഡ് ലക്ഷണങ്ങളോടെ എത്തുന്നവർക്കുമാത്രമാണ് ടെസ്റ്റ് നടത്തുന്നത്. എന്നാൽ കോവിഡ് ലക്ഷണങ്ങൾ അവഗണിക്കുന്നവർ ഏറെയാണെന്നും ഡോക്ടർമാർ പറയുന്നു. ഇപ്പോൾ പടരുന്ന പനികൾക്കും കോവിഡിനുമെല്ലാം സമാനലക്ഷണങ്ങളാണ് കാണുന്നതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. രോഗലക്ഷണങ്ങളുടെ തീവ്രത കണക്കിലെടുത്താണ് രോഗം തിരിച്ചറിയുന്നത്.
കോവിഡാണെന്നു സംശയം തോന്നിയാൽ ടെസ്റ്റ് നടത്തി ഉറപ്പാക്കും. അതുപോലെതന്നെയാണ് മറ്റ് പനികളും. സർക്കാർ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കുകളാണ് ഔദ്യോഗികമായി ലഭിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സതേടിയവരുടെ കണക്കെടുത്താൽ ഇരട്ടിയോളം വരുമെന്നും അധികൃതർതന്നെ വ്യക്തമാക്കുന്നുണ്ട്.
ഡെങ്കിപ്പനി; വേണ്ടത് പരിപൂർണ വിശ്രമം
കൊതുക് പരത്തുന്ന മാരകമായ പനികളിലൊന്നാണ് ഡെങ്കിപ്പനി. ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് രോഗം പരത്തുന്നത്. ഏഴുദിവസത്തിനുള്ളിൽ രോഗം മറ്റുള്ളവരിലേക്ക് പകരും. ഡെങ്കി രോഗബാധയുള്ള എല്ലാവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. ശരീരവേദന, സന്ധിവേദന, ക്ഷീണം, വിറയൽ, ശക്തമായ തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. കുട്ടികളിൽ സാധാരണ പനിയും ചർമത്തിൽ ചെറിയ പാടുകളും കാണപ്പെടുന്നു. പ്രായമായവരിൽ പാടുകളും അസഹ്യമായ പേശിവേദനയുണ്ടാകും. പനിയോടൊപ്പം ആന്തരിക രക്തസ്രാവമുണ്ടാകുമ്പോഴാണ് രോഗം കൂടുതൽ ഗുരുതരമാകുന്നത്. പരിപൂർണ വിശ്രമവും പോഷകാഹാരവും കുടിക്കാൻ വെള്ളവും നൽകണം.
എച്ച്-വൺ എൻ-വൺ
എച്ച്-വൺ എൻ-വൺ ബാധിച്ച് ഈവർഷം ഒരുമരണമാണ് സ്ഥിരീകരിച്ചത്. ശരീരവേദന, ഛർദി, തൊണ്ടവേദന, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. സ്വയം ചികിത്സ നടത്തി താമസിച്ചുമാത്രം ആശുപത്രിയിലെത്തുന്നതാണ് രോഗം മൂർഛിക്കാൻ കാരണം. മറ്റുരോഗങ്ങൾമൂലം ബുദ്ധിമുട്ടുന്നവർ, കുഞ്ഞുങ്ങൾ, ഗർഭിണികൾ എന്നിവരെയാണ് രോഗം കൂടുതലായും ബാധിക്കുന്നത്.
പരിശോധനയുടെ ഭാഗമായി എച്ച-വൺ എൻ-വൺ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും സംശയിക്കുന്നവരുടെ തൊണ്ടയിൽനിന്നുള്ള സ്രവം പരിശോധനയ്ക്കു വിധേയമാക്കുന്നണ്ടെന്നും അധികൃതർ പറയുന്നു. ഇൻഫ്ളുവൻസ ഇനത്തിൽപ്പെട്ട എച്ച്-വൺ എൻ-വൺ വൈറസാണ് രോഗകാരി. രോഗബാധിതനായ വ്യക്തിയിൽനിന്ന് മറ്റുള്ളവരിലേക്ക് വായുവിലൂടെ രോഗം പകരാം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന ചെറുകണികകൾവഴിയാണ് രോഗാണുക്കൾ മറ്റുള്ളവരിലേക്കെത്തുന്നത്.
എലിപ്പനി
ശക്തമായ വിറയൽ, പനി, തളർച്ച, കുളിര്, ശരീരവേദന, ഛർദി, മനംപുരട്ടൽ, കണ്ണിനു ചുവപ്പ്, വെളിച്ചത്ത് നോക്കാൻ പ്രയാസം, കണങ്കാലിൽ വേദന എന്നിവയാണ് ലക്ഷണങ്ങൾ.
കോവിഡ് പനി
തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ചുമ, ശ്വാസംമുട്ടൽ.
വൈറൽ പനി
തൊണ്ടവേദനയോടുകൂടിയ ശക്തമായ പനി. മൂന്നുദിവസംവരെ പനിയാണ്ടാകാം. ഒപ്പം ശക്തമായ തലവേദന, മൂക്കടപ്പ്, ക്ഷീണം, ചുമ.
നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി.ജി.പി ആര്‍. ശ്രീലേഖയ്‌ക്കെതിരെ വിമര്‍ശനവുമായി അതിജീവിതയുടെ ബന്ധുക്കള്‍. വിലമതിക്കുന്ന മറ്റെന്തെങ്കിലും അവരെ പ്രലോഭിപ്പിക്കുന്നുണ്ടാകാം. ന്യായീകരണത്തൊഴിലാളികളുടെ അവസ്ഥയില്‍ സഹതപമെന്നും വിമര്‍ശിച്ച് ബന്ധുകള്‍ രംഗത്ത്. ശ്രീലേഖ ആര്‍ക്കുവേണ്ടിയാണ് സംസാരിച്ചതെന്ന് വ്യക്തമെന്ന് ഡബ്ല്യൂ.സി.സി അംഗം ദീദി ദാമോദരനും കുറ്റപ്പെടുത്തി. കേസിലെ ഓരോ വസ്തുതകളും എടുത്തുപറയുന്നത് ഇതിനാണ്. ശ്രീലേഖയുടെ നിലപാടുകള്‍ ഇരട്ടത്താപ്പ് നിറഞ്ഞതെന്നും ദീദി ദാമോദരന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമാണെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാറും ആരോപിച്ചു. ദിലീപിനോട് ശ്രീലേഖയ്ക്ക് ആരാധനയാണ്. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ എന്തുകൊണ്ട് സര്‍ക്കാരിനെ അറിയിച്ചില്ലെന്നും ബാലചന്ദ്രകുമാര്‍ ചോദിച്ചു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തില്‍ ശ്രീലേഖ ഭാഗമായിട്ടില്ല. മാത്രവുമല്ല പൊലീസിന്റെ ഭാഗമല്ലാതെ ജയില്‍ വകുപ്പിലുമായിരുന്നു. അത്തരം ഒരാള്‍ കേസിനെ ദൂരവ്യാപകമായി ബാധിച്ചേക്കാവുന്ന കാര്യങ്ങള്‍ എന്തടിസ്ഥാനത്തില്‍ പറയുന്നുവെന്നതും ചര്‍ച്ചയാവും.
കേരള പാഠാവലി ഏഴാം ക്ലാസിലെ നവോത്ഥാന ചരിത്രത്തിൽനിന്ന് നവോത്ഥാന രാജശില്പിയായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെ തമസ്കരിച്ചു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ “നവകേരള സൃഷ്ടിക്കായി’ എന്ന എട്ടാം അധ്യായത്തിലാണു കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ളത്.
ശ്രീനാരായണഗുരുവിൽനിന്നു തുടങ്ങുന്ന ചരിത്രത്തിൽ ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ, പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ, അയ്യൻകാളി, പണ്ഡിറ്റ് കെ.പി. കറുപ്പൻ, വക്കം അബ്ദുൾഖാദർ മൗലവി, വാഗ്ഭടാനന്ദൻ, വി.ടി. ഭട്ടതിരിപ്പാട് എന്നിവരെക്കുറിച്ചും പരാമർശമുണ്ട്.
1856 ഓഗസ്റ്റ് 20നു ജനിച്ച ശ്രീനാരായണഗുരുവിനേക്കാൾ അഞ്ചുപതിറ്റാണ്ടുമുമ്പ് 1805 ഫെബ്രുവരി 10നു ജനിച്ച് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കു നാന്ദികുറിച്ച യുഗപുരുഷനായ വിശുദ്ധ ചാവറയച്ചനെക്കുറിച്ച് ഒരുവരിപോലും കുരുന്നുകൾ പഠിക്കുന്ന പുസ്തകത്തിലില്ല.
1846ൽ മാന്നാനത്ത് സംസ്കൃത വിദ്യാലയം ആരംഭിച്ച ചാവറയച്ചൻ ആർപ്പൂക്കര ഗ്രാമത്തിൽ കീഴാള വർഗക്കാരുടെ കുട്ടികൾക്കായി പ്രൈമറി വിദ്യാലയം തുടങ്ങിയതും സവർണ വിദ്യാർഥികൾക്കൊപ്പം അവർണർക്കും ഒരേ ബഞ്ചിൽ സ്ഥാനം നൽകിയതും, ഒട്ടിയ വയറുമായി പഠിക്കാൻവന്ന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണം ഏർപ്പെടുത്തിയതുമൊന്നും സ്റ്റേറ്റ് എഡ്യൂക്കേണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്സിഇആർടി) എന്ന വിദഗ്ധസമിതി കണ്ടില്ലെന്നതു വിചിത്രം.
1864-ൽ ചാവറയച്ചൻ കേരള കത്തോലിക്കാസഭയുടെ വികാരി ജനറാളായിരിക്കെയാണ് പള്ളിയോടു ചേർന്ന് പള്ളിക്കൂടം സ്ഥാപിക്കണമെന്ന് ആഹ്വാനംചെയ്തു നടപ്പാക്കിയത്. അന്നു ശ്രീനാരായണഗുരുവിന്റെ പ്രായം എട്ടുവയസാണ്.
ചാവറയച്ചനു മുമ്പേ, വിദ്യാഭ്യാസത്തിലൂടെ മാത്രമേ മനുഷ്യന്റെ സമഗ്ര വിമോചനം യാഥാർഥ്യമാകൂവെന്ന മിഷണറിമാരുടെ ദർശനമാണ് 1806-16 കാലഘട്ടത്തിൽ തെക്കൻ തിരുവിതാംകൂറിൽ വിദ്യാലയങ്ങൾ ആരംഭിക്കാൻ ഇടയാക്കിയത്.
1825ൽ ആലപ്പുഴയിൽ പെണ്‍കുട്ടികൾക്കായി സ്കൂൾ സ്ഥാപിക്കപ്പെട്ടതും 1818-ൽ മട്ടാഞ്ചേരിയിലും 1856ൽ തലശേരിയിലും ഇംഗ്ലീഷ് സ്കൂൾ വന്നതും 1848ൽ കോഴിക്കോട് കല്ലായിയിൽ പ്രൈമറി സ്കൂൾ ആരംഭിച്ചതുമൊന്നും വിസ്മരിക്കാൻ പാടില്ലാത്തതാണ്. അടിമസമ്പ്രദായവും അയിത്തവും അന്ധവിശ്വാസവും കൊടികുത്തിവാണിരുന്ന കേരളമണ്ണിൽ മാറ്റത്തിന്റെ ശംഖൊലി മുഴക്കിയതു മിഷണറിമാരും ചാവറയച്ചനും ഉൾപ്പെടെയുള്ളവരാണ്.
മധ്യപ്രദേശിലെ മുരേനയില്‍ നിന്ന് ഒരു പ്രാദേശികലേഖകന്‍ ശനിയാഴ്ച പകര്‍ത്തിയ ചിത്രമാണിത്. വൃത്തിഹീനമായ പാതയോരത്ത് പൊട്ടിപ്പൊളിഞ്ഞ ചുമരും ചാരി അമ്പരന്നിരിക്കുന്ന എട്ട് വയസുകാരന്‍, അവന്റെ മടിയില്‍ തല വെച്ച് മണ്ണില്‍ കിടത്തിയിരിക്കുകയാണ് വെള്ളത്തുണി പുതപ്പിച്ച ഒരുകുഞ്ഞുശരീരം. തുണിക്കുള്ളില്‍ നിന്ന് നിശ്ചലമായ ഒരു കൈ പുറത്തേക്ക് നീണ്ടുകിടപ്പുണ്ട്. കുഞ്ഞനിയന്റെ ജീവനറ്റ ശരീരത്തില്‍ ഇരുകൈകളും വെച്ചിരിക്കുകയാണ് ആ എട്ട് വയസുകാരന്‍. നിസ്സഹായതയുടെ, ദയനീയതയുടെ നേര്‍ക്കാഴ്ച!
എട്ടുവയസ്സുകാരനായ ഗുല്‍ഷന്റേയും അച്ഛന്‍ പൂജാറാമിന്റേയും ഒരു വാഹനത്തിനായുള്ള കാത്തിരിപ്പാണത്. രണ്ട് വയസുകാരന്‍ രാജയുടെ മൃതശരീരം നാട്ടിലെത്തിക്കാന്‍. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് ഈ കുടുംബത്തിന്റെ വീട്. അവിടത്തെ പ്രാദേശിക ചികിത്സാകേന്ദ്രത്തില്‍ നിന്നാണ് മുരേനയിലെ ജില്ലാ ആശുപത്രിയിലേക്ക് രാജയെ കൊണ്ടുവന്നത്. അവനെ കൊണ്ടുവന്ന ആംബുലന്‍സ് ഗ്രാമത്തിലേക്ക് മടങ്ങിപ്പോയിരുന്നു.
അമിതവിളര്‍ച്ചയായിരുന്നു രാജയ്ക്ക്. അതിന്റെ ഭാഗമായി വയറില്‍ വെള്ളം കെട്ടി, വയര്‍ വീര്‍ത്തുവന്നു. കരള്‍രോഗമുണ്ടാകുമ്പോഴാണ് സാധാരണയായി ഈ അവസ്ഥയുണ്ടാകുന്നത്. ചികിത്സക്കിടെ രാജ മരിച്ചു. മകന്റെ ചികിത്സയ്ക്ക് പോലും ആവശ്യത്തിന് പണം കണ്ടെത്താനാകാതിരുന്ന പൂജാറാം ആശുപത്രിയിലെ ഡോക്ടര്‍മാരുള്‍പ്പെടെയുള്ള ജീവനക്കാരോട് മകന്റെ ശരീരം മുപ്പത് കിലോമീറ്റര്‍ അകലെയുള്ള നാട്ടിലെത്തിക്കാനുള്ള വാഹനം തേടി യാചിച്ചു.
ആശുപത്രിയില്‍ വാഹനം ലഭ്യമായിരുന്നില്ല. സ്വകാര്യവാഹനത്തിന് നല്‍കാന്‍ ആ പാവപ്പെട്ട മനുഷ്യന്റെ കയ്യില്‍ പണമുണ്ടായിരുന്നില്ല. ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ആംബുലന്‍സിന്റെ ഡ്രൈവര്‍ 1,500 രൂപയാണ് പൂജാറാമിനോട് ആവശ്യപ്പെട്ടത്. അത് നല്‍കാന്‍ പൂജാറാമിന് കഴിയുമായിരുന്നില്ല. രാജയുടെ മൃതദേഹവുമായി ഗുല്‍ഷനോടൊപ്പം പൂജാറാം ആശുപത്രിയിക്ക് പുറത്തിറങ്ങി.
നെഹ്‌റു പാര്‍ക്കിന് മുന്നിലുള്ള സ്ഥലത്ത് ഗുല്‍ഷനെ ഇരുത്തി ഒരു വാഹനം തേടി പൂജാറാം നടന്നു. അച്ഛന്‍ മടങ്ങിയെത്തുന്നതും കാത്ത് ഗുല്‍ഷന്‍ അവിടെയിരുന്നു. അനുജന്റെ മൃതദേഹത്തില്‍ വന്നിരിക്കുന്ന ഈച്ചകളെ അകറ്റി, കവിളിലൂടെ ഇടയ്ക്ക് ഒലിച്ചിറങ്ങുന്ന കണ്ണീര്‍ത്തുള്ളികള്‍ തുടച്ചുള്ള അവന്റെ ഇരിപ്പ് കണ്ട് നാട്ടുകാര്‍ ചുറ്റും കൂടി. അവര്‍ അധികൃതരെ വിവരമറിയിച്ചു.
ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥനായ യോഗേന്ദ്ര സിങ് രാജയുടെ മൃതദേഹം ചുമന്ന് ഗുല്‍ഷനേയും കൂട്ടി ആശുപത്രിയിലേക്ക് മടങ്ങി. അവിടെ നിന്ന് അദ്ദേഹം പൂജാറാമിനും ഗുല്‍ഷനും രാജയുടെ മൃതദേഹവുമായി മടങ്ങാനുള്ള ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കി.
നടിയെ ആക്രമിച്ച കേസിൽ പൊലീസിനെതിരെ മുൻ ജയിൽ ഡിജിപി ശ്രീലേഖ ഐപിഎസ്. ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം. പൾസർ സുനിക്കൊപ്പം ദിലീപ്നിൽക്കുന്ന ചിത്രം വ്യാജമാണ്. ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ലെന്നുമാണ് സ്വന്തം യുട്യൂബ് ചാനലിലൂടെ മുൻ ജയിൽ ഡിജിപിയുടെ തുറന്ന് പറച്ചിൽ.
കത്തെഴുതിയത് സഹ തടവുകാരൻ വിപിനാണ്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. ദിലീപിനെ അനുകൂലിച്ചാണ് ശ്രീലേഖയുടെ വാദങ്ങൾ.
സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിനു തെളിവുകളില്ല ഇല്ല.
ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പോലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു.
വീടിനകത്ത് മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവേ മേൽക്കൂരയിൽനിന്നു മുഖത്തേക്കു വീണ പാമ്പിന്റെ കടിയേറ്റ് നാലുവയസുകാരന് ദാരുണമരണം. അകമലവാരം വലിയകാട് എം രവി-ബബിത ദമ്പതികളുടെ ഇളയ മകൻ അദ്വിഷ് കൃഷ്ണ(4)യാണു മരിച്ചത്
ഇന്നലെ പുലർച്ചെ മൂന്നോടെ മലമ്പുഴ കുനുപ്പുള്ളിയിലെ ബബിതയുടെ വീട്ടിൽ വെച്ചാണ് സംഭവമുണ്ടായത്. ഷീറ്റിട്ട വീടിന്റെ മേൽക്കൂരയിൽ നിന്ന് പാമ്പ് കുട്ടിയുടെ മുഖത്തേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഉണർന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കിൽ ചോരപ്പാടുകൾ കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ കട്ടിലിനടിയിൽ നിന്നും പാമ്പിനെ കണ്ടെത്തി.
വിഷം കൂടിയ ഇനമായ വെള്ളിക്കെട്ടൻ ഇനത്തിൽപെട്ട പാമ്പാണു കുഞ്ഞിനെ കടിച്ചത്. പുലർച്ചെ തന്നെ കുട്ടിയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാനായി ആംബുലൻസ് തേടിയെങ്കിലും യഥാസമയം ലഭിച്ചില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്.
ഒരു മണിക്കൂറോളം ആംബുലൻസ് തേടി അലഞ്ഞെങ്കിലും ലഭിച്ചില്ലെന്നും പിന്നീട്, ടാക്‌സിയിൽ കൊണ്ടുപോവുകയായിരുന്നെന്നും കുട്ടിയുടെ പിതാവ് രവി പറഞ്ഞു. എങ്കിലും കുട്ടി വഴിമധ്യേ മരണപ്പെടുകയായിരുന്നു.
അതേസമയം, ജില്ലാ ആശുപത്രിയിൽ എല്ലാ ചികിത്സയും ലഭ്യമാക്കിയെങ്കിലും കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൊട്ടേക്കാട് കാളിപ്പാറ വികെഎൻ എൽപി സ്‌കൂളിൽ യുകെജി വിദ്യാർഥിയാണ് അദ്വിഷ്. ഇതേ സ്‌കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണു സഹോദരൻ.
മെട്രോ സ്‌റ്റേഷനില്‍ പിറന്നാളാഘോഷം സംഘടിപ്പിച്ച് തിക്കും തിരക്കും സൃഷ്ടിച്ച സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. ഫ്‌ളൈയിങ് ബീസ്റ്റ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമ ഗൗരവ് തനേജയാണ് അറസ്റ്റിലായത്.
നോയിഡ സെക്ടര്‍ 51 മെട്രോ സ്‌റ്റേഷനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. പിറന്നാളാഘോഷത്തിനായി ഒരു മെട്രോ കോച്ച് ഗൗരവ് ബുക്ക് ചെയ്തിരുന്നു. പരിപാടിയുടെ കാര്യം അറിയിച്ച് ഗൗരവിന്റെ ഭാര്യ ഇന്‍സ്റ്റഗ്രാമിലൂടെ പങ്ക് വെച്ച സ്റ്റോറിയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് വലിയ ആഘോഷമുണ്ടെന്നും എല്ലാവരെയും അവിടെ വെച്ച് കാണാമെന്നും അറിയിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് പേര്‍ മെട്രോ സ്‌റ്റേഷനില്‍ ഒത്തുകൂടി.
ഏകദേശം 3.30ഓടെ സ്ഥിതി നിയന്ത്രിക്കാന്‍ കഴിയാത്ത രീതിയില്‍ വഷളായി. മെട്രോയ്ക്ക് മുന്നിലെ റോഡിലേക്ക് വരെ ആളുകളുടെ തിരക്ക് നീണ്ടു. ഇതോടെ ഗതാഗതവും തടസ്സപ്പെട്ടു. ഉന്തിലും തള്ളിലും പെട്ട് നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. യാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായി. ആളുകളെ നിയന്ത്രിക്കാന്‍ പറ്റാതെ വന്നതോടെ അധികൃതര്‍ പോലീസിനെ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. തുടര്‍ന്ന് ഗൗരവിനെതിരെ കേസെടുക്കുകയായിരുന്നു.
പിറന്നാളാഘോഷങ്ങള്‍ പോലുള്ളവയ്ക്കായി നോയിഡ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ നാല് കോച്ചുകള്‍ വരെ ബുക്ക് ചെയ്യാനനുവദിക്കുന്നുണ്ട്. കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി നിര്‍ത്തി വെച്ച ബുക്കിംഗ് അടുത്തിടെയാണ് വീണ്ടും തുടങ്ങിയത്.
75 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള യൂട്യൂബറാണ് ഗൗരവ്. ഭാര്യ റിതുവും കുഞ്ഞുമൊത്തുള്ള കുടുംബവിശേഷങ്ങളും യാത്രകളുമൊക്കെ യൂട്യൂബിലൂടെ പങ്ക് വയ്ക്കാറുണ്ട്.