അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നെന്ന് നടന്‍ മോഹന്‍ലാല്‍. മകള്‍ വിസ്മയയുടെ കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനവുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് നടന്‍ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

‘കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്, അച്ഛനെന്ന നിലയില്‍ മകള്‍ വിസ്മയയെ പറ്റി ഏറെ അഭിമാനം തോന്നുന്നു’ – മോഹന്‍ലാല്‍ കുറിച്ചു.

ഗ്രെയ്ന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ് എന്ന കവിതാ സമാഹാരത്തിന്റെ മലയാള പരിഭാഷയായ ‘നക്ഷത്രധൂളികള്‍’ പ്രകാശനം ചെയ്യുന്നു. അച്ഛനെന്ന നിലയില്‍ തനിക്ക് ഏറെ അഭിമാന നിമിഷമാണ് ഇതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഓഗസ്റ്റ് 19നാണ് നക്ഷത്രധൂളികളുടെ പ്രകാശനം. സംവിധായകരായ സത്യന്‍ അന്തിക്കാടും, പ്രിയദര്‍ശനും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്നതെന്നും അദ്ദേഹം കുറിച്ചു.

എന്റെ മകള്‍ വിസ്മയ എഴുതി പെന്‍ഗ്വിന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ‘Grains of Stardust’ എന്ന കവിതാസമാഹാരത്തിന്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികള്‍’ ഓഗസ്റ്റ് 19 ന് തൃശ്ശൂരില്‍ പ്രകാശനം ചെയ്യപ്പെടുകയാണ്.

കവയിത്രി റോസ്‌മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്‌സ് പുറത്തിറക്കുന്ന ഈ സമാഹാരം, എന്റെ ആത്മ മിത്രങ്ങളും എന്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യന്‍ അന്തിക്കാടും പ്രിയദര്‍ശനും ചേര്‍ന്ന് മാതൃഭൂമി ബുക്ക്സ്റ്റാളില്‍ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.

യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛന്‍ എന്ന നിലയില്‍ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!