കാസര്‍ഗോഡ്: കാസര്‍ഗോഡ് ചീമേനിയില്‍ റിട്ട. അധ്യാപിക കൊല്ലപ്പെട്ട കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. പുലിയന്നൂര്‍ ചീര്‍ക്കളം സ്വദേശികളായ ഒന്നാം പ്രതി വിശാഖ് (32), മൂന്നാം അരുണ്‍ കുമാര്‍ (30) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ചീമേനി സ്വദേശിനി പി.വി ജാനകിയാണ് കൊല്ലപ്പെട്ടത്. വിശാഖ് അധ്യാപികയുടെ ശിഷ്യനായിരുന്നു.
വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ക്ക് 17 വര്‍ഷം തടവുശിക്ഷയും 1.25 ലക്ഷം രൂപ പിഴയുമാണ് ചുമത്തിയത്. വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
ഗൂഢാലോചന, ഭവനഭേദനം, മോഷണം, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. കേസിലെ രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.
2017 ഡിസംബര്‍ 13നാണ് ചിമേനി പുലിയന്നൂരിലെ വീട്ടില്‍ ജാനകി കൊല്ലപ്പെട്ടത്. മോഷണത്തിനിടെ ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ.കൃഷ്ണനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇവരുടെ പക്കലുണ്ടായിരുന്ന സ്വര്‍ണവും പണവും പ്രതികള്‍ കവര്‍ന്നു.
കൃത്യം നടത്തിയ രണ്ടു മാസത്തിനു ശേഷമാണ് പ്രതികളെ പോലീസ് കണ്ടെത്തുന്നത്. ഒന്നാം പ്രതി വിശാഖിന്റെ പിതാവ് തന്നെയാണ് പോലീസിന് തുമ്പ് നല്‍കുന്നതും. വിശാഖ് നടത്തിയ സ്വര്‍ണ ഇടപാടുകളുടെ രസീത് പിതാവ് പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്.
ഇടുക്കി: സുഹുത്തിനൊപ്പം ശാന്തന്‍പാറ പൂപ്പാറയില്‍ എത്തിയ ഇതര സംസ്ഥാനക്കാരിക്കു നേരെ തേയില തോട്ടത്തില്‍ ലൈംഗികാതിക്രമം. പ്രദേശവാസികളായ നാലു പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. സംഭവത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
ഒളിവിലുള്ള രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുന്നു. ഇവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തമിഴ്‌നാട്ടില്‍ നിന്ന് അതിര്‍ത്തി പ്രദേശത്ത് കുടിയേറിയവരാണെന്ന് പോലീസ് പറയുന്നു.
പത്ത് ദിവസങ്ങള്‍ക്ക് മുന്‍പാണ് പെണ്‍കുട്ടിയുടെ കുടുംബം ബംഗാളില്‍ നിന്ന് പൂപ്പാറയില്‍ ജോലിക്ക് എത്തിയത്. കഴിഞ്ഞ ദിവസം സുഹൃത്തിനൊപ്പം സ്ഥലങ്ങള്‍ കാണാന്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. തേയില തോട്ടത്തില്‍ വച്ച് നാലു പേര്‍ ഇവരെ തടഞ്ഞുവയ്ക്കുകയും സദാചാര പ്രശ്‌നം ഉയര്‍ത്തി ചോദ്യം ചെയ്യുകയുമായിരുന്നു. ഇതിനിടെ സംഘം പെണ്‍കുട്ടിയെ കടന്നുപിടിച്ചു. പെണ്‍കുട്ടി നിലവിളിച്ചതോടെ ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
ചെന്നൈ: എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ടി നഗറിലേയും മറ്റുചില ശാഖകളിലുമുളള 100 പേരുടെ അക്കൗണ്ടിലേക്ക് ഉടമസ്ഥര്‍ അറിയാതെ പണമെത്തി. 13 കോടി രൂപയാണ് എത്തിയത്. എന്നാല്‍ സാങ്കേതിക പിഴവ് ചൂണ്ടിക്കാണിച്ച് അധികം വൈകാതെ തന്നെ ഈ അക്കൗണ്ടുകള്‍ എച്ച്ഡിഎഫ്‌സി ബാങ്ക് മരവിപ്പിച്ചു.
10,000 രൂപ നിക്ഷേപിച്ചതായാണ് എസ്എംഎസ്. എന്നാല്‍ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 13 കോടിയിലേറെ രൂപയാണ് എത്തിയതെന്ന് കണ്ടെത്തുകയായിരുന്നു. സെര്‍വറിലെ പ്രശ്‌നമാണ് ഇത്തരത്തില്‍ പണക്കൈമാറ്റം നടന്നതിന് കാരണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. ആര്‍ക്കും പണമെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
യുവനടിയെ പീഡിപ്പിച്ച കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇന്ന് ദുബായില്‍ നിന്നും മടങ്ങി എത്തുമെന്നായിരുന്നു വിജയ് ബാബു നേരത്തെ കോടതിയെ അറിയിച്ചത്. മുന്‍കൂര്‍ ജാമ്യഹര്‍ജിക്കൊപ്പം അഭിഭാഷകര്‍ വിമാന ടിക്കറ്റിന്റെ പകര്‍പ്പും ഹാജരാക്കിയിരുന്നു. എന്നാല്‍ ടിക്കറ്റ് റദ്ദാക്കിയതായി റിപ്പോര്‍ട്ടുകളുണ്ട്.
വിമാനത്താവളത്തിലെത്തിയാല്‍ പൊലീസ് അറസ്റ്റ് ചെയ്യുമെന്നതിനാലാണ് വിജയ് ബാബു തിരിച്ചെത്താത്തതെന്നും, നിയമത്തിന്റെ മുന്നില്‍ നിന്ന് നടന്‍ ഒളിച്ചോടുകയാണെന്നുമാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം വിജയ് ബാബുവിന് ദുബായില്‍ ക്രെഡിറ്റ് കാര്‍ഡ് എത്തിച്ചു നല്‍കിയ സുഹൃത്തായ യുവനടനെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും. രണ്ട് ക്രെഡിറ്റ് കാര്‍ഡുകളാണ് പ്രതിക്ക് കൈമാറിയത്. വിജയ് ബാബുവിന് സഹായം എത്തിച്ചതായി സംശയിക്കുന്ന മറ്റു ചിലരെയും പൊലീസ് അടുത്ത ദിവസങ്ങളില്‍ ചോദ്യം ചെയ്യും.
തിരുവനന്തപുരം : സ്വാമി ഗംഗേശാനന്ദയുടെ കേസില്‍ നാടകീയ വഴിത്തിരിവ്. ബലാല്‍സംഗക്കേസില്‍ സ്വാമി ഗംഗാശേനന്ദയെ പ്രതിചേര്‍ക്കാനും സ്വാമിയുടെ ലിംഗം മുറിച്ചതിന് അതിജീവിതയെയും ആണ്‍സുഹൃത്തിനെയും ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാനും അഡ്വക്കേറ്റ് ജനറല്‍ ക്രൈംബ്രാഞ്ച് മേധാവി എ.ഡി.ജി.പി: ഷേക്ക് ദര്‍വേഷ് സാഹിബിന് ശിപാര്‍ശ നല്‍കി.
ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ എ.ജിക്ക് സമര്‍പ്പിച്ചിരുന്നു. എ.ജിയുടെ ശിപാര്‍ശയില്‍ ക്രൈംബ്രാഞ്ച് മേധാവി ഒപ്പിടുന്നതോടെ കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
ആണ്‍സുഹൃത്തായ അയ്യപ്പദാസുമായുള്ള വിവാഹം തടഞ്ഞതാണ് സ്വാമിയുടെ ലിംഗം മുറിച്ചുമാറ്റാന്‍ കാരണം. ഒരാളെ കൊല്ലാതെ എങ്ങനെ ലിംഗം മുറിക്കാമെന്ന് അയ്യപ്പദാസ് ഇന്റര്‍നെറ്റില്‍ പരിശോധിച്ചതിന്റെ തെളിവുകള്‍ അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കത്തി വാങ്ങിയതും അയ്യപ്പദാസാണ്. ശാസ്‌ത്രീയ തെളിവുകള്‍ ഹാജരാക്കിയാണ്‌ക്രൈംബ്രാഞ്ച് നിര്‍ണായക കണ്ടെത്തലുമായി കോടതിയെ സമീപിക്കുന്നത്.
2017 മേയ് 20ന് രാത്രിയിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഇതിന്റെ ചുരുളഴിക്കാന്‍ പോലീസ് എടുത്തത് നാല് വര്‍ഷം.
കണ്ണമ്മൂലയില്‍ പെണ്‍കുട്ടിയുടെ വിട്ടില്‍ അതിഥിയായി എത്തിയ ഗംഗേശാനന്ദ 2017 മേയ് 20-നു രാത്രിയിലാണ് ആക്രമിക്കപ്പെട്ടത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാനായി ജനനേന്ദ്രിയം ഛേദിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി. ഗംഗേശാനന്ദക്കെതിരേ ബലാത്സംഗക്കേസ് രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു. മജിസ്‌ട്രേറ്റിനു മുന്നില്‍ പെണ്‍കുട്ടി മൊഴി ആവര്‍ത്തിച്ചു. ജനനേന്ദ്രിയം സ്വയം മുറിച്ചതാണെന്നായിരുന്നു ഗംഗേശാനന്ദ ആദ്യം മൊഴി നല്‍കിയത്. ഉറക്കത്തില്‍ ആരോ ആക്രമിച്ചതാണെന്നു പിന്നീടു മാറ്റിപ്പറഞ്ഞു.
ഗംഗേശാനന്ദ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും കൊല്ലാന്‍ ശ്രമിച്ചതു താനല്ലെന്നും പറഞ്ഞു പെണ്‍കുട്ടി പോലീസിനെ സമീപിച്ചതു പിന്നീടു വഴിത്തിരിവായി. ഗംഗേശാനന്ദയുടെ സഹായി അയ്യപ്പദാസാണ് ആക്രമിച്ചതെന്നും പെണ്‍കുട്ടി പരാതിപ്പെട്ടു. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗംഗേശാനന്ദ കോടതിയെ സമീപിച്ചപ്പോള്‍ പെണ്‍കുട്ടി അദ്ദേഹത്തിന് അനുകൂലമായി മൊഴി നല്‍കി.
സംഭവത്തിനു പിന്നില്‍ ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുടെ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് ഗംഗേശാനന്ദ ഡി.ജി.പിക്കു പരാതി നല്‍കിയിരുന്നു. എല്ലാ പരാതികളും ക്രൈംബ്രാഞ്ച് വിശദമായി അന്വേഷിച്ചു. ആക്രമിച്ചത് പെണ്‍കുട്ടി തന്നെയാണെന്നാണു ക്രൈംബ്രാഞ്ചിന്റെ നിഗമനം. സുഹൃത്തായ അയ്യപ്പദാസുമായി ചേര്‍ന്നാണ് പെണ്‍കുട്ടി പദ്ധതി തയാറാക്കിയത്. തങ്ങളുടെ ബന്ധത്തിന് തടസം നിന്ന ഗംഗേശാനന്ദയെ കേസില്‍പ്പെടുത്തി ഒഴിവാക്കാനായിരുന്നു ശ്രമമെന്നാണ് കണ്ടെത്തല്‍. സംഭവദിവസം രണ്ടുപേരും കൊല്ലത്തെ കടല്‍ത്തീരത്തിരുന്നാണു പദ്ധതി ആസൂത്രണം ചെയ്‌തത്
ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലീഡ്‌സ് : മലയാളിയുടെ തറവാട് റെസ്റ്ററന്റിൽ നാടൻ രുചി തേടി ഇത്തവണ എത്തിയത് പ്രമുഖ ചലച്ചിത്രതാരം സൈമൺ പെഗ്ഗ്. അമേരിക്കൻ നടൻ ക്രിസ്റ്റഫർ ലോയ്ഡ്, സംവിധായകൻ ആദം സിഗാൾ എന്നിവർക്കൊപ്പം മെയ് 28 ശനിയാഴ്ചയാണ് സൈമൺ തറവാട്ടിലെത്തിയത്. തറവാട്ടിലെ ഏറ്റവും പ്രശസ്തമായ മീൻകൂട്ടാനും ചില്ലി പനീറും സ്‌ക്വിഡ് റിങ്‌സും പറാത്തയും കഴിച്ച് മനസ്സും വയറും നിറഞ്ഞ ശേഷമാണ് മൂവരും മടങ്ങിയത്. ലീഡ്‌സിലുള്ള തറവാട് റെസ്റ്ററന്റിലെ സ്ഥിരം സന്ദർശകനാണ് സിഗാൾ.
നംഡോർ ഫോഡോർ ദി ടോക്കിംഗ് മംഗൂസ് എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിന് ശേഷമാണ് മൂവരും റെസ്റ്ററന്റിൽ എത്തിയത്. എഴുത്തുകാരനും സംവിധായകനുമായ സിഗാൾ ഒരുക്കുന്ന ഏറ്റവും പുതിയ ഡാർക്ക് കോമഡി ചിത്രമാണ് ഇത്. സൈമൺ പെഗ്ഗ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഒലിവർ അവാർഡ്‌സിൽ മികച്ച സ്‌പെഷ്യാലിറ്റി റസ്‌റ്റോറന്റ് അവാർഡ് നേടിയ തറവാട്, ജൂണിൽ നടക്കുന്ന നാഷണൽ റെസ്റ്റോറന്റ് അവാർഡിൽ ഫുഡ് ലവേഴ്‌സ് അവാർഡിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. “സ്വാദിഷ്ടമായ വിരുന്നിന് ലീഡ്‌സ് തറവാട്ടിലെ എല്ലാ ജീവനക്കാർക്കും നന്ദി” – ഭക്ഷണം ആസ്വദിച്ച ശേഷം പെഗ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. കെയർ സ്റ്റാർമർ, വിരാട് കോഹ്‌ലി, അനുഷ്‌ക ശർമ്മ, പോൾ അലോട്ട്, ഡേവിഡ് ഗോവർ, സുനിൽ ഗവാസ്‌കർ, മഹേല ജയവർധന, ആൻഡ്രൂ ലിങ്കൺ തുടങ്ങിയ പ്രമുഖർ തറവാട് സന്ദർശിച്ചിട്ടുണ്ട്. പെഗ്ഗും ലോയിഡും സിഗാലും തറവാടിന്റെ ഡിന്നർ പ്ലേറ്റുകളിൽ ഒപ്പ് നൽകി. കൂടാതെ റെസ്റ്ററന്റ് ജീവനക്കാർക്കും ഉപഭോക്താക്കൾക്കുമൊപ്പം ഫോട്ടോയെടുത്ത ശേഷമാണ് മൂവരും മടങ്ങിയത്.
ഷെറിൻ പി യോഹന്നാൻ
തന്റെ കുടുംബജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ഷൈനിക്ക് കഴിയുന്നില്ല. അതിന് കാരണങ്ങൾ പലതുണ്ട്. കിടപ്പിലായ അമ്മായിയമ്മയെ ശുശ്രൂഷിക്കുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. മൂത്രത്തിന്റെയും മലത്തിന്റെയും ഗന്ധമാണ് ആ വീട് നിറയെ എന്ന് ഷൈനി പറയും. ഭർത്താവും ഒപ്പമില്ല. അതിനാൽ മറ്റൊരു ബന്ധത്തിലൂടെ മാനസികമായും ശാരീരികമായും അവൾ ആശ്വാസം കണ്ടെത്തുന്നു.ഷൈനിയുടെ അമ്മായിയപ്പനായ കുട്ടിച്ചന് കാഴ്ച കുറവാണെങ്കിലും കിടപ്പിലായ ഭാര്യയെ അയാൾ സ്നേഹത്തോടെ പരിപാലിക്കുന്നുണ്ട്. അങ്ങനെയിരിക്കെ ഷൈനിയുടെ കാമുകൻ ഒരു രാത്രി ആ വീട്ടിലെത്തുന്നു.
കഥ നടക്കുന്ന വീടിനെയും പരിസരത്തെയും കഥാപാത്രങ്ങളെയും കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്തുകൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. പ്രധാനമായും ഒരു രാത്രി നടക്കുന്ന കഥ. ഭൂരിഭാഗം സമയവും സ്‌ക്രീനിൽ മൂന്നു കഥാപാത്രങ്ങൾ മാത്രം. വളരെ ഡാർക്ക് ആയ, വയലൻസ് നിറഞ്ഞ രംഗങ്ങൾ ഉൾകൊള്ളുന്ന ചിത്രം. ഒപ്പം കുട്ടിച്ചൻ, ഷൈനി എന്നീ കഥാപാത്ര സൃഷ്ടികളും മികച്ചു നിൽക്കുന്നു.
ഷൈനിക്ക് അവളുടേതായ ശരികളുണ്ട്; കുട്ടിച്ചനും. എന്നാൽ രണ്ടാം പകുതിയിൽ വേട്ടക്കാരന്റെ പക്ഷം ചേരാനാണ് പ്രേക്ഷകൻ ആഗ്രഹിക്കുക. ഇമോഷണൽ സീനുകൾ ഫലം കാണുന്നതും അവിടെയാണ്. ഇന്ദ്രൻസിന്റെ കഥാപാത്രത്തിന് ഒരു മാസ്സ് പരിവേഷം നൽകുന്നതിനോടൊപ്പം പ്രേക്ഷകനുമായി വൈകാരിക ബന്ധം സൃഷ്ടിക്കാനും സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ഇന്ദ്രൻസ്, ദുർഗ കൃഷ്ണ എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിന്റെ ശക്തി. രണ്ടാം പകുതിയിലെ മിക്ക സീനുകളും ഗംഭീരമാകുന്നത് ഇരുവരുടെയും പ്രകടനത്തിലൂടെയാണ്.
വളരെ പതുക്കെയുള്ള കഥപറച്ചിൽ രീതിയിലാണ് ആരംഭം എങ്കിലും ഇടവേളയോടെ പ്രേക്ഷകനെ എൻഗേജിങ് ആക്കാൻ ചിത്രത്തിന് സാധിക്കുന്നു. വലിയൊരു കഥയോ ശക്തമായ സബ്പ്ലോട്ടുകളോ ഇവിടെ കാണാൻ കഴിയില്ലെങ്കിലും ആഖ്യാന മികവിലൂടെ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. രണ്ടാം പകുതി മുഴുവൻ ഒരു ചോരക്കളിയാണ്.
ധ്യാൻ ശ്രീനിവാസന്റെ പ്രകടനം അത്ര മികച്ചതായി അനുഭവപ്പെട്ടില്ല. പല സീനുകളിലും ‘അടി കപ്യാരെ കൂട്ടമണി’ എന്ന ചിത്രത്തിലെ അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയോട് സാമ്യം തോന്നി. പ്രേക്ഷകരിൽ ഭയം ജനിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും ധ്യാനിൽ മിസ്സിംഗ് ആയിരുന്നു. രണ്ട് മണിക്കൂറിൽ കഥ അവസാനിക്കുന്നുണ്ടെങ്കിലും പലയിടത്തും അനാവശ്യ വലിച്ചുനീട്ടൽ കാണാം. ചിലയിടങ്ങളിൽ നിശബ്ദത പോലും ഭയം ജനിപ്പിക്കുന്നുണ്ട്. എന്നാൽ തുടർച്ചയായി ത്രില്ലടിപ്പിക്കാൻ ചിത്രത്തിന് കഴിയാതെ പോകുന്നുമുണ്ട്. പശ്ചാത്തല സംഗീതം ശരാശരി നിലവാരം പുലർത്തുന്നു.
Last Word – വളരെ ഡാർക്ക് ആയ, വയലൻസ് നിറഞ്ഞ ഒരു ചിത്രം. (18+) ഇന്ദ്രൻസ്, ദുർഗ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ നട്ടെല്ല്. Don’t Breathe പോലുള്ള ചിത്രങ്ങൾ കണ്ടിട്ടുള്ളവർക്ക് ഇതൊരു പുതിയ കാഴ്ച അല്ല. എന്നാൽ ആഖ്യാന മികവിലൂടെ ‘ഉടൽ’ ഉദ്വേഗജനകമായ കാഴ്ചയായി മാറുന്നു. ഇത്തരം ചിത്രങ്ങൾ തിയേറ്ററിൽ തന്നെ കാണാൻ ശ്രമിക്കുക.
നാല് ഇന്ത്യക്കാരടക്കം 22 പേരുമായി നേപ്പാളില്‍ നിന്ന് പുറപ്പെട്ട വിമാനം കാണാതായി. പോഖ്‌റയില്‍ നിന്നും ജോംസോമിലേക്ക് പുറപ്പെട്ട ടാര എയര്‍ലൈന്‍സിന്റെ വിമാനമാണ് കാണാതായത്.
ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ നിന്നുള്ള സന്ദേശം നിലച്ചു. രാവിലെ 9.50നാണ് അവസാന സന്ദേശം ലഭിച്ചത്. വിമാനത്തിനുള്ള തിരച്ചിലിനായി മസ്താങ്ങില്‍ നിന്നും പോഖ്‌റയില്‍ നിന്നും രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ ആഭ്യന്തര മന്ത്രാലയം വിന്യസിച്ചിട്ടുണ്ട്.
ഇത് കൂടാതെ നേപ്പാള്‍ ആര്‍മി ഹെലികോപ്റ്ററും തിരച്ചിലിന് തയ്യാറെടുക്കുകയാണെന്ന് മന്ത്രാലയ വക്താവ് ഫദീന്ദ്ര മനി പൊഖാരെല്‍ അറിയിച്ചു.
ഇന്ത്യക്കാര്‍ കൂടാതെ രണ്ട് ജര്‍മന്‍ സ്വദേശികളും 13 നേപ്പാള്‍ സ്വദേശികളും വിമാനത്തിലുണ്ടായിരുന്നു. ജോംസണിലെ ഘാസയില്‍ നടുക്കുന്ന ശബ്ദം കേട്ടതായി ജോംസണ്‍ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോളറുടെ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
വളർത്തുനായയുടെ നഖം പോറിയതിന് പിന്നാലെ പേവിഷബാധയേറ്റ ഒൻപതുവയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ജിഷ-സുഹൈൽ ദമ്പതിമാരുടെ മകൻ ഫൈസലിനാണ് ദാരുണമരണം സംഭവിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു മരണം.ഇടയ്ക്കാട് സെന്റ് തോമസ് സ്‌കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്.
ഒരുമാസത്തോളം പ്രായമായ വളർത്തുനായക്കുട്ടിയുടെ നഖം കൊണ്ട് ഫൈസലിന് നേരിയ പോറലേറ്റിരുന്നു. എന്നാൽ നിസാര മുറിവായതിനാൽ തന്നെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്. മാർച്ചിലാണ് നായക്കുട്ടിയെ കളിപ്പിക്കുന്നതിനിടയിൽ കുട്ടിക്ക് നായയുടെ നഖംകൊണ്ട് കൈത്തണ്ടയിൽ പോറലേറ്റത്. ഇതിനിടയിൽ കുട്ടിയുടെ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തിരുന്നു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു.
കുട്ടിയുടേത് ചെറിയ പോറൽമാത്രമായതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. പിന്നീട് വേനലവധിയായതിനാൽ രണ്ടുമാസത്തോളം അച്ഛൻ സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസൽ. ദിവസങ്ങൾക്കുമുമ്പ് അമ്മയുടെ വീട്ടിൽ തിരികെയെത്തിയപ്പോഴാണ് അസുഖം തുടങ്ങിയത്. കലശലായ പനിയും അസ്വസ്ഥതയും പ്രകടമാക്കിയതിനെ തുടർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു.
അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയവേ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ചു.
ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയി. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.
ബീഫ് കഴിക്കുന്നതിനെ കുറിച്ച് താൻ പറഞ്ഞത് തന്‍റെ നിലപാടാണെന്നും അതിൽ ഉറച്ചു നിൽക്കുന്നുവെന്നും നടി നിഖില വിമൽ. അതിന്‍റെ പേരിൽ നടന്ന സൈബർ ആക്രമണങ്ങൾ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും അത്തരം ആക്രമണങ്ങൾ ഗൗനിക്കാറില്ലെന്നും നിഖില പറഞ്ഞു. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രൊമോഷന്‍റെ ഭാഗമായി ദുബൈയിൽ എത്തിയ നിഖില വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
എല്ലാവർക്കും നിലപാടുകളുണ്ട്. വ്യക്തിപരമായ എന്‍റെ നിലപാടാണ് ഞാൻ പറഞ്ഞത്. അത് തുറന്നു പറയാൻ എല്ലാവർക്കും കഴിയണം. സൈബർ ആക്രമണം ഉണ്ടായതായി ഞാൻ പറഞ്ഞിട്ടില്ല. മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിഞ്ഞത്. ആരെങ്കിലും എന്തെങ്കിലും പറയുന്നത് എന്നെ ബാധിക്കില്ല. സിനിമാ മേഖലയിൽ നിന്ന് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായം അറിയിച്ചവരുണ്ടെന്നും നിഖില പറഞ്ഞു.
കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് എന്തിനാണ് പശുവിനെന്നും താൻ എന്തും ഭക്ഷിക്കുമെന്നും ഈ രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യമുണ്ടെന്നുമായിരുന്നു നിഖില ഓൺലൈൻ മാധ്യമത്തിന് നൽകിയ ഇന്‍റർവ്യൂവിൽ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ നിഖിലക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണം നടന്നിരുന്നു. നിരവധി പേർ നടിയെ പിന്തുണച്ചുമെത്തി.
അതേസമയം, വിവാദം സിനിമയുടെ പ്രൊമോഷന് പോസിറ്റീവായി ഗുണം ചെയ്തുവെന്ന് സംവിധായകൻ അരുൺ ഡി. ജോസ് പറഞ്ഞു. സിനിമയുടെ പ്രൊമോഷനിൽ ഇന്‍റർവ്യൂവർ ചോദിക്കേണ്ടത് സിനിമയെ കുറിച്ചാണ്. ആ ചോദ്യത്തിൽ തന്നെ പ്രശ്നമുണ്ട്. അത് പാളിയപ്പോഴാണ് ഇത്തരം വിവാദത്തിലേക്ക് വഴിതിരിച്ചുവിട്ടതെന്നും അരുൺ പറഞ്ഞു. ചിത്രത്തിലെ താരങ്ങളായ മാത്യു തോമസ്, നസ്ലിൻ ഗഫൂർ, മെൽവി ബാബു തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.