76 -ാം സ്വാതന്ത്ര്യദിനാഘോഷ നിറവില്‍ രാജ്യം. പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തി ആഘോഷ പരിപാടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചു. രാജ്യത്തിന് ഇന്ന് ഐതിഹാസിക ദിനമാണ്. പുതിയ ദിശയിലേക്ക് നീങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമര സേനാനികളെ സ്മരിച്ച പ്രധാനമന്ത്രി എല്ലാവര്‍ക്കും ആശംസകള്‍ നേര്‍ന്നു.

ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം മീ17 ഹെലിക്കോപ്റ്ററുകള്‍ ആകാശത്ത് നിന്ന് പുഷ്പ വൃഷ്ടി നടത്തി.7000 അതിഥികളെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന ആഘോഷത്തിന് ക്ഷണിച്ചിരിക്കുന്നത്. കോവിഡ് മുന്നണി പോരാളികളും, മോര്‍ച്ചറി ജീവനക്കാരും, വഴിയോര കച്ചവടക്കാരും ഉള്‍പ്പെടുന്നു. സ്വാതന്ത്ര്യ ദിനാഘോഷം കണക്കിലെടുത്ത് രാജ്യ തലസ്ഥാനത്തുള്‍പ്പെടെ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഡല്‍ഹിയില്‍ മാത്രം 10,000 ത്തിലധികം പൊലീസുകാരെ വിന്യസിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ക്യാമറകള്‍ നിരീക്ഷണത്തിന് സ്ഥാപിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തി.അതേസമയം രാഷ്ട്രപതി ദ്രൗപദി മുര്‍മുവും എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്നു.

രാജ്യത്ത് ജനാധിപത്യം കൂടുതല്‍ ശക്തമായി. ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്ക് മാതൃകയായി മാറി. ജനാധിപത്യത്തിന്റെ ശക്തി നാം തെളിയിച്ചു. കോവിഡ് കാലത്തടക്കം രാജ്യം സ്വയം പര്യാപ്തത നേടി. സാങ്കേതിക രംഗത്തും വലിയ നേട്ടങ്ങള്‍ കൈവരിച്ചു. രാജ്യത്തിന്റെ സാമ്പത്തികരംഗവും മെച്ചപ്പെടുകയാണെന്നും ദ്രൗപദി മുര്‍മു പറഞ്ഞു.വെല്ലുവിളികളെ രാജ്യം വിജയകരമായി അതിജീവിക്കുന്നു. ലിംഗ വിവേചനം കുറഞ്ഞു.

ആഗോള കായിക രംഗത്തടക്കം പെണ്‍കുട്ടികള്‍ മുന്നേറുകയാണ്. വിദേശികള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ച രാജ്യത്തെ നാം തിരിച്ചുപിടിച്ചു. ഇന്ന് രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ പതാക പാറുകയാണെന്നും രാഷ്ട്രപതി പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷങ്ങള്‍ പിന്നിടുന്ന ഈ വേളയില്‍ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവമായി പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷം നീളുന്ന വിവിധ ആഘോഷ പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. ഏറ്റവുമൊടുവില്‍ എല്ലാ വീടുകളിലും മൂന്ന് ദിവസം ത്രിവര്‍ണ പതാക പാറിച്ച് ‘ഹര്‍ ഘര്‍ തിരങ്ക’ ആചരിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.