India

പി.സി ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പി.സി ജോര്‍ജ് അഹങ്കാരത്തിന്റെ ആള്‍ രൂപമാണെന്നും നുണ പറയാനും ഭക്ഷണം കഴിക്കാനും മാത്രമാണ് വാ തുറക്കുന്നതെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.

‘പി.സി ജോര്‍ജിനോളം മത വര്‍ഗീയത ആര്‍ക്കുണ്ട്. ജഗതി ശ്രീകുമാറിന്റെ മകളെ പി.സി ജോര്‍ജ് മകനെ കൊണ്ട് വിവാഹം കഴിപ്പിച്ച് മതം മാറ്റിച്ചു. പാര്‍വതിയുടെ പേര് അല്‍ഫോന്‍സ് എന്നാക്കി. ഇത്രത്തോളം മത വര്‍ഗീയത ആര്‍ക്കുണ്ട്. ചാടിപ്പോകുന്ന നേതാവ് ഒടുവില്‍ ബിജെപി പാളയത്തിലെത്തി. പി.സി ജോര്‍ജിനെ കൊണ്ട് ബിജെപിക്ക് ഒരു ഗുണവും കിട്ടില്ല’ വെള്ളാപ്പള്ളി പറഞ്ഞു.

അതേസമയം, തൃക്കാക്കരയില്‍ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ‘മുഖ്യമന്ത്രിക്ക് മറുപടി നല്‍കും, നിയമം ലംഘിക്കില്ല. ബിജപെ ക്രിസ്ത്യാനികളെ വേട്ടയാടിയതായി അഭിപ്രായമില്ല. അവരോട് സഹകരിക്കുന്നതില്‍ തെറ്റുമില്ല. ഒരു മതത്തേയും വിമര്‍ശിക്കാനില്ല’ പി.സി ജോര്‍ജ് വ്യക്തമാക്കി.

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസില്‍ വ്യാഴാഴ്ച റിമാന്‍ഡിലായ പി സി ജോര്‍ജ് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകീട്ട് ഏഴോടെയാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്. അദ്ദേഹത്തെ ജില്ലാ പ്രസിഡന്റ് വി വി രാജേഷിന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചു.

ഷെറിൻ പി യോഹന്നാൻ

കട്ടപ്പനയിലെ ഒരു ജ്വല്ലറിയിൽ മോഷണം നടക്കുന്നു. സി ഐ സാജൻ ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മോഷ്ടാക്കൾ കേരളം വിട്ടിട്ടുണ്ടെന്ന് മനസ്സിലാകുന്നു. മോഷ്ടാക്കളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിച്ച സാജൻ ഫിലിപ്പും സംഘവും ധനാഗഞ്ജിലേക്ക് യാത്ര തിരിക്കുന്നു. പോലീസുകാർ കയറാൻ ഭയക്കുന്ന, കുറ്റകൃത്യങ്ങൾക്ക് പേരുകേട്ട ധനാഗഞ്ജിലേക്കാണ് അവർ പ്രതികളെ തേടി എത്തുന്നത്.

‘കമ്മട്ടിപ്പാടം’ എന്ന ചിത്രത്തിന് ശേഷം രാജീവ് രവി ഒരുക്കിയ മലയാള ചിത്രം എന്നറിയുമ്പോൾ തന്നെ പ്രേക്ഷകരുടെ പ്രതീക്ഷ ഉയരും. ഒരാഴ്ചയുടെ ഇടവേളയിൽ രാജീവ്‌ രവിയുടെ രണ്ട് ചിത്രങ്ങളാണ് പുറത്തിറങ്ങുന്നത്. ‘തുറമുഖം’ ജൂൺ 3ന് റിലീസ് ചെയ്യും. ആറു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രണ്ട് ചിത്രങ്ങളുമായി രാജീവ്‌ രവി മലയാളി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.


കാസർഗോഡ് നടന്ന യഥാർത്ഥ ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കി നിർമിച്ച ചിത്രമാണ് ‘കുറ്റവും ശിക്ഷയും’. കേസന്വേഷണ സംഘത്തിൽ ഉണ്ടായിരുന്ന പൊലീസുകാരനായ സിബി തോമസാണ് ഈ ചിത്രത്തിന്റെ കഥാകൃത്ത്. അതിനാൽതന്നെ അവർ നേരിട്ടനുഭവിച്ച, നേരിട്ടറിഞ്ഞ കാര്യങ്ങളാണ് ചിത്രത്തിൽ. റിയലിസ്റ്റിക്കായി ഒരു കേസന്വേഷണം അവതരിപ്പിക്കുമ്പോഴും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഘടകങ്ങൾ ഈ സിനിമയിൽ കുറവാണ്.

ഒരുപാട് ട്വിസ്റ്റോ സസ്പെൻസോ ഇല്ലാത്ത, ഗിമ്മിക്കുകളൊന്നും തിരുകി കയറ്റാത്ത പോലീസ് സ്റ്റോറിയാണ് ഇത്. അതിഭാവുകത്വം ഇല്ലാത്ത ഒരു കുറ്റാന്വേഷണം. ഭൂതകാലം വേട്ടയാടുന്ന ഒരു നായകനെ കൃത്യമായി പ്ലേസ് ചെയ്യാൻ രാജീവ്‌ രവിക്ക് സാധിച്ചിട്ടുണ്ട്. പക്വമാർന്ന പ്രകടനത്തിലൂടെ ആസിഫ് അലിയും ആ കഥാപാത്രത്തെ മികച്ചതാക്കി. അലൻസിയാർ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ എന്നിവരുടെ പ്രകടനവും മികച്ചുനിൽക്കുന്നു.

വളരെ സ്ലോ പേസിലാണ് കഥ നീങ്ങുന്നത്. ഒരു മോഷണം നടന്നു കഴിയുമ്പോൾ പോലീസ് ചെയ്യുന്ന കാര്യങ്ങൾ, അന്വേഷണ രീതികൾ എന്നിവയൊക്കെ അതേപോലെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ കഥ മറ്റൊരു ഭൂമികയിലേക്ക് നീങ്ങുമ്പോൾ, അവിടുത്തെ സാഹചര്യങ്ങൾ വിശദീകരിക്കുമ്പോൾ ത്രില്ലിങ്ങായ പലതും പ്രേക്ഷകൻ പ്രതീക്ഷിക്കും. എന്നാൽ യാതൊരു ത്രില്ലും സമ്മാനിക്കാതെ, ദുർബലമായ ക്ലൈമാക്സോടെയാണ് ചിത്രം അവസാനിക്കുന്നത്. അൻവർ അലിയുടെ ‘അരികെ വരാതെ’ എന്ന ഗാനവും ചിത്രത്തിലില്ല.

മികച്ച ഛായാഗ്രഹണമാണ് രാജീവ്‌ രവി ചിത്രങ്ങളുടെ പ്രത്യേകത. രാത്രിയിലെ ചില ഷോട്ടുകൾ, മികച്ച ഫ്രെയിമുകൾ, ധനാഗഞ്ജിന്റെ ഏരിയൽ ഷോട്ട് എന്നിവ സുന്ദരമാണ്. എന്നാൽ താല്പര്യമുണർത്തുന്ന ഘടകങ്ങൾ ചിത്രത്തിൽ കുറവാണ്. പോലീസുകാരുടെ കാഴ്ചപ്പാടിലൂടെ കഥ കൊണ്ടുപോകുന്നത് നല്ലത് തന്നെ. എന്നാൽ, സിനിമയുടെ ക്ലൈമാക്സിൽ മോഷ്ടാക്കൾ പോലും അപ്രസക്തമായി പോവുകയാണ്. കയ്യടിക്കാൻ യാതൊന്നും നൽകാത്ത, ദുർബലമായ തിരക്കഥയുള്ള ഒരു കുറ്റാന്വേഷണ ചിത്രം.

Last Word – രാജീവ്‌ രവിയുടെ ഒരു പ്രോ റിയലിസ്റ്റിക് ഇൻവെസ്റ്റിഗേഷൻ സ്റ്റോറി. ഛായാഗ്രഹണവും പതിഞ്ഞ താളവും താല്പര്യമുണർത്താത്ത കഥാവികാസവും ചിത്രത്തെ പിന്നോട്ട് വലിക്കുന്നു. മറ്റൊരു തീരൻ പ്രതീക്ഷിച്ചാൽ നിരാശയാകും ഫലം.

കൊച്ചുമകളെ പീഡിപ്പിച്ചെന്ന മരുമകളുടെ ആരോപണത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ മുൻ മന്ത്രി ജീവനൊടുക്കി. 59കാരനായ രാജേന്ദ്ര ബഹുഗുണ ആണ് വാട്ടർ ടാങ്കിന് മുകളിൽ കയറി സ്വയം വെടിവെച്ച് മരിച്ചത്. തൻറെ മകളെ പീഡിപ്പിച്ചെന്ന് രാജേന്ദ്ര ബഹുഗുണയുടെ മരുമകൾ രണ്ടു ദിവസം മുൻപാണ് പോലീസിൽ പരാതി നൽകിയത്.

പരാതി എത്തിയതിനു ശേഷം രാജേന്ദ്ര ബഹുഗുണ ഏറെ അസ്വസ്ഥനായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. മകളെ പീഡിപ്പിച്ചെന്ന മരുമകളുടെ പരാതിയിൽ പൊലീസ് രാജേന്ദ്ര ബഹുഗുണയ്‌ക്കെതിരെ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. എന്നാൽ തനിക്കെതിരെ ചുമത്തിയത് കള്ളക്കേസാണെന്ന് വിളിച്ചു പറഞ്ഞുകൊണ്ടാണ് രാജേന്ദ്ര ബഹുഗുണ ആത്മഹത്യ ചെയ്തത്.

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് പൊലീസിൽ വിളിച്ച് രാജേന്ദ്ര ബഹുഗുണ ഇക്കാര്യം പറഞ്ഞിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോഴേക്കും ബഹുഗുണ വാട്ടർ ടാങ്കിന് മുകളിൽ കയറി. അനുനയിപ്പിച്ച് താഴെ ഇറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.

പൊലീസും വീട്ടുകാരും നോക്കിനിൽക്കെ തോക്കെടുത്ത് നെഞ്ചിലേക്ക് നിറയൊഴിച്ചു. തൽക്ഷണം മരണത്തിന് കീഴടങ്ങി. സംഭവത്തിൽ മകൻ അജയ് ബഹുഗുണ, മരുമകൾ, മരുമകളുടെ പിതാവ്, അയൽവാസി എന്നിവർക്കെതിരെ പൊലീസ് ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസ് എടുക്കുകയും ചെയ്തു.

സമരത്തിനിടെ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പള്ളുരുത്തി പോലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൊണ്ട് ഇത്തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചതിനാണ് പിതാവിനെ കസ്റ്റഡിയിലെടുത്ത്.

കുട്ടിക്കൊപ്പം മതവിദ്വേഷ മുദ്രാവാക്യം വിളിച്ച മറ്റുള്ളവരെ പോലീസ് നേരത്തേ കസ്റ്റഡിയിലെടുത്തിരുന്നു. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതില്‍ തെറ്റില്ലെന്നും കുട്ടിയുടെ പിതാവ് നേരത്തേ പ്രതികരിച്ചിരുന്നു. മുന്‍പും ഈ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നാണ് പിതാവിന്റെ വെളിപ്പെടുത്തല്‍.

”അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച് വന്നതാണ്. ഒളിവിലായിരുന്നില്ല. മുദ്രാവാക്യം വിളിക്കുമ്പോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു. എന്‍ആര്‍സി സമരത്തില്‍ ഇതിനു മുന്‍പും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്.”- ഇതായിരുന്നു കുട്ടിയുടെ പിതാവിന്റെ പ്രതികരണം.

സ്വന്തം ലേഖകൻ

ഡെൽഹി : ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിൽ ബി ജെ പിക്കെതിരെ വളരെ തന്ത്രപൂർവ്വം പ്രായോഗികവും , ബുദ്ധിപരവുമായ രാഷ്ട്രീയം നടപ്പിലാക്കുന്നത് കെജ്രരിവാളിൻറെ ആം ആദ്മി പാർട്ടി മാത്രമാണെന്ന് സമീപകാലത്തെ അനേകം സംഭവങ്ങൾ തെളിയിക്കുന്നു. ഡെൽഹിയിൽ ഹിന്ദു – മുസ്ളീം കലാപങ്ങൾ ഉണ്ടാക്കി അതിനുള്ളിലേയ്ക്ക് കെജ്‌രിവാളിനെ എത്തിക്കുവാനും , ചില സ്ഥലങ്ങളിൽ മുസ്ളീം വിരുദ്ധനാക്കുവാനും മറ്റ് ചിലയിടത്ത് ഹിന്ദു വിരുദ്ധനാക്കുവാനും ബി ജെ പി നടത്തിയ നീച നീക്കങ്ങളെ എല്ലാം ഇല്ലാതാക്കികൊണ്ട്, താൻ ആഗ്രഹിക്കുന്ന അജണ്ടയിലേയ്ക്ക് തന്നെ ഇന്ത്യൻ രാഷ്ട്രീയത്തെ എത്തിക്കുന്ന കെജ്‌രിവാളിന്റെ രാഷ്ട്രീയ ചാണക്യ ബുദ്ധിക്ക് മുൻപിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് ബി ജെ പി നേത്ര്യത്വം. അതോടൊപ്പം പരമ്പരാഗത രാഷ്ട്രീയ അടവുകൾ തന്നെ ഇപ്പോഴും പരീക്ഷിക്കുന്ന മറ്റ് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്കും കെജ്‍രിവാളിന്റെ നവീന രാഷ്ട്രീയ തന്ത്രം മനസ്സിലാക്കുവാനോ , ആം ആദ്മി പാർട്ടിക്ക് ഇന്ത്യ മുഴുവനിലും ലഭിക്കുന്ന സ്വീകാര്യതയെ തടയുവാനോ കഴിയിന്നുമില്ല.

കിഴക്കമ്പലത്തെ സമ്മേളനത്തിലെ ജനപങ്കാളിത്തം കേരളത്തിലെ പാർട്ടികളിൽ വല്ലാത്തൊരു ഭയം തന്നെയാണ് സൃഷ്‌ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ വടക്കേ ഇന്ത്യയിലെപ്പോലെ നുണകഥകൾ പ്രചരിപ്പിച്ച് കെജ്രരിവാളിന്റെ ജനസമ്മിതിയെ ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും അവരുടെ സൈബർ സംഘങ്ങളും , ചില മലയാള മാധ്യമങ്ങളും. അതിനായി മുസ്ളീം വിരുദ്ധനാണ് കെജ്‍രിവാൾ ,  ജഹാംഗീർപുരിയിൽ മുസ്ലീങ്ങളെ അക്രമിച്ചപ്പോൾ മിണ്ടാതിരുന്നത് കണ്ടില്ലേ ? എന്ന് തുടങ്ങുന്ന നുണകളാണ് ഇപ്പോൾ വലിയ രീതിയിൽ പ്രചരിപ്പിക്കുന്നത്. ഡെൽഹി വാർത്തകളിലെ സത്യാവസ്ഥ അറിയാത്ത അനേകം സാധാരണ മലയാളികൾ ഈ നുണകളെ വിശ്വസിക്കുകയും , കെജ്‌രിവാളിനെ തെറ്റിദ്ധരിക്കുകയും ചെയ്തിട്ടുണ്ട് .

പക്ഷെ ഇവിടെയൊക്കെ പണ്ട് ബി ജെ പി യെ അധികാരത്തിൽ എത്തിക്കാൻ നടന്ന അണ്ണാഹസ്സാരെയുടെ കപട ബുദ്ധിയിൽ വീഴാതെയുള്ള രാഷ്ട്രീയ തന്ത്രം തന്നെയാണ് കെജ്‍രിവാൾ ഈ പ്രശ്നങ്ങളിലും നടപ്പിലാക്കിയത് . തന്നെ വൈകാരികമായി പ്രകോപിപ്പിക്കാൻ ബി ജെ പി ഒരുക്കുന്ന കെണിയിൽ കുടുങ്ങാതെ തന്റെ അജണ്ടയിലൂടെ നീങ്ങി അതിലൂടെ  ബി ജെ പി യെ ഇല്ലാതാക്കുക എന്ന പ്രായോഗിക രാഷ്ട്രീയ തന്ത്രം തന്നെയാണ് കേജ്‌രിവാൾ ഇപ്പോഴും നടപ്പിലാക്കുന്നത്. പക്ഷേ അതിന് കെജ്‌രിവാൾ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളെ മനസ്സിലാക്കി വരുവാൻ പലപ്പോഴും പരമ്പരാഗത രാഷ്ട്രീയം കണ്ട് ശീലിച്ച സാധാരണകാർക്ക് കുറെ സമയം എടുക്കാറുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.

ഒരോ ദിവസവും പല രീതിയിലുള്ള പ്രശ്നങ്ങൾ സൃഷ്ടിച്ച് കെജ്രരിവാളിനെ ഡെൽഹിക്ക് പുറത്തേയ്ക്ക് വിടാതിരിക്കുക എന്നതായിരുന്നു ബി ജെ പി യുടെ അജണ്ട. എന്നാൽ 2024 ലെ ലോകസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ആം ആദ്മി പാർട്ടിയെ സജ്‌ജമാക്കുവാൻ ഇന്ത്യ മുഴുവനിലും സഞ്ചരിക്കുന്ന കെജ്‍രിവാൾ, ബി ജെ പി സൃഷ്‌ടിക്കുന്ന പ്രശ്നങ്ങളെ ആം ആദ്മി പാർട്ടിയിലെ രണ്ടാം നിര നേതാക്കളായ മനീഷ് സിസോദിയ , അമാനത്തുള്ള ഖാൻ , സഞ്ജയ് സിംഗ് , രാഘവ് ചദ്ദ , അതീഷി സിംഗ് തുടങ്ങിയവരെ അണിനിരത്തിയാണ് നേരിടുന്നത്. താൻ പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടാൽ ഡെൽഹിയെ നയിക്കാൻ ഇവരെ പ്രാപ്തരാക്കുക എന്നത് തന്നെയാണ് കെജ്‌രിവാൾ ഇതിലൂടെ ലക്ഷ്യമിട്ടത്. 

ഏപ്രിൽ 18 ന് ഒന്നരലക്ഷം കർഷകർ അണിനിരക്കുന്ന റാലിയിൽ പങ്കെടുക്കുവാൻ ബാംഗ്ലൂരിലേക്ക് പുറപ്പെടുന്ന കെജ്‌രിവാളിന്റെ യാത്ര മുടക്കുക , അതോടൊപ്പം ഡെൽഹിയിൽ ഹിന്ദു- മുസ്ളീം വർഗ്ഗീയ ലഹള ഉണ്ടാക്കുക എന്നിവ ആയിരുന്നു അതേ ദിവസം തന്നെ ബി ജെ പി ജഹാംഗീർപുരിയിൽ ബുൾഡോസറുമായി വന്ന് കലാപം സൃഷ്ടിച്ചതിന്റെ പിന്നിലുള്ള കാരണങ്ങൾ. എന്നാൽ ഈ ബുൾഡോസർ വിവാദത്തെ കെജ്‍രിവാൾ നേരിട്ടത് തൻ്റെ  മന്ത്രിസഭയിലെ രണ്ടാം നിര നേതാക്കളെ ഉപയോഗിച്ചായിരുന്നു.

ബാംഗ്ലൂരിലായിരുന്നതുകൊണ്ട് തന്നെ കെജ്‌രിവാൾ ഇതിനെതിരെ പ്രതികരിച്ചതുമില്ല, ഉടൻ തന്നെ കെജ്‌രിവാൾ  മുസ്ളീം വിരുദ്ധനാണ് എന്ന പ്രചരണവും ബി ജെ പി തന്നെ നടത്തി. പ്രതികരിച്ചിരുന്നെങ്കിൽ അതുപയോഗിച്ച് ഡെൽഹിയിലെ 80 ശതമാനത്തിലധികം വരുന്ന ഹിന്ദു സമൂഹത്തിനിടയിൽ കെജ്‍രിവാളിനെ രാജ്യദ്രോഹിയും , ഹിന്ദു വിരുദ്ധനുമാക്കി ചിത്രീകരിച്ച് പോലീസിനെ ഉപയോഗപ്പെടുത്തി മുസ്ളീം സമൂഹത്തെ അടിച്ചമർത്തി, വരാൻ പോകുന്ന മുൻസിപൽ തെരഞ്ഞെടുപ്പിൽ ബി ജെ പി വലിയൊരു ആയുധമായി ഈ കലാപത്തെ ഉപയോഗിച്ചേനേ.
അങ്ങനെ ബി ജെ പി ഒരുക്കിയ കെണിയിൽ വീഴാതെ കെജ്രിവാളിന്റെ എം എൽ എ മാർ ഡൽഹി മുൻസിപാലിറ്റിയിലെ 272 വാർഡുകളിലും ആം ആദ്മി പാർട്ടിയുടെ  നേതൃത്വത്തിൽ ശാന്തി യാത്ര നടത്തുകയും , വിഷയം കോടതിയുടെ മുൻപിൽ എത്തിച്ച് ഹിന്ദു – മുസ്ളീം സംഘർഷം ഒഴിവാക്കുകയും ചെയ്തു. അതോടൊപ്പം ജനങ്ങളെകൂട്ടി പൊളിയ്ക്കൽ വിഷയവുമായി ബന്ധപ്പെട്ട് ദുർഗേഷ് പതക്കിന്റെയും അതിഷിയുടേയും രാഘവ് ഛദ്ദയുടെയും നേതൃത്വത്തിൽ ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തി ഇനിയും ബുൾഡോസറുമായി വന്നാൽ ഡെൽഹി ബി ജെ പി അധ്യക്ഷന്റെ വീടും , ബി ജെ പി ആസ്ഥാനവും  പൊളിക്കുമെന്ന് പ്രഖ്യാപിച്ചതോടുകൂടി ബി ജെ പി പതിയെ ഈ വിഷയത്തിൽ നിന്ന് പിൻവാങ്ങി.

ബി ജെ പി യുടെ പ്രചരണത്തിനായി ഉണ്ടാക്കിയ കാശ്‌മീർ ഫയൽ സിനിമയ്ക്ക് നികുതി ഒഴിവാക്കണമെന്നുള്ള ബി ജെ പി യുടെ ആവശ്യത്തെ തള്ളിപ്പറഞ്ഞ കെജ്‌രിവാളിനെ ഹിന്ദു വിരോധി ആക്കാനുള്ള പ്രചരണത്തെയും ആം ആദ്മി പാർട്ടി ഈ അവസരത്തിൽ  തന്ത്രപരമായി ജനങ്ങളിൽ എത്തിച്ചു. അടുത്തു വരുന്ന  ഗുജറാത്ത് – ഹിമാചൽ – കാശ്മീർ ഇലക്ഷന് മുമ്പ് രാജ്യത്ത് ഒരു വലിയ വർഗ്ഗീയ കലാപത്തിന് കാത്തിരുന്ന ബി ജെ പി യെ ശരിക്കും തകർത്തു കളഞ്ഞു കെജ്‌രിവാളിന്റെ ചാണക്യ ബുദ്ധിയിലുദിച്ച ഈ മൗനം. വരും ദിവസങ്ങളിലും ഇതേ രീതിയിലുള്ള മൗനം  കെജ്‌രിവാൾ ചിലപ്പോൾ സ്വീകരിച്ചെന്നിരിക്കും. അതിനുപിന്നിലുള്ള അദ്ദേഹത്തിന്റെ ലക്ഷ്യം തന്ത്രപരമായ നീക്കങ്ങളിലൂടെ അടുത്ത തെരഞ്ഞെടുപ്പിൽ ബി ജെ പിയെ ഇന്ത്യൻ പാർലമെന്റിൽ നിന്ന് ഇല്ലാതാക്കുക എന്നത് തന്നെയാണ്. അല്ലാതെ പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ ചെയ്യുന്നതുപോലെ രാജ്യത്ത് വർഗ്ഗീയ കലാപങ്ങൾ ഉണ്ടായി കാണുവാൻ ആഗ്രഹിക്കുന്ന ബി ജെ പിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിച്ച് കൊടുക്കുകയല്ല കെജ്രരിവാളിലെ ബുദ്ധിമാനായ രാഷ്ട്രീയക്കാരൻ ചെയ്യുന്നത്.

 

ലഡാക്കില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു. വാഹനം ലഡാക്കിലെ ഷ്യോക് നദിയിലേക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മരിച്ചവരില്‍ ഒരാള്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്. മലപ്പുറം പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജലാണ് (41) മരിച്ചത്.

കരസേനയില്‍ ലാന്‍ഡ് ഹവീല്‍ദാറാണ് മുഹമ്മദ് ഷൈജല്‍. നാല് മാസം മുമ്പാണ് അവസാനം നാട്ടിൽ എത്തിയത്. സൈനിക സേവനം അവസാനിപ്പിക്കാൻ ഒരു വർഷം കൂടി ബാക്കി ഇരിക്കുമ്പോഴാണ് അപകടം. ഭാര്യ റഹ്മത്ത്. മൂന്ന് കുട്ടികൾ ഉണ്ട്.

രാവിലെ ഒന്‍പതോടെ 26 സൈനികരുമായി ഇന്ത്യാ-ചൈന അതിര്‍ത്തിയിലേക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വാഹനം വീണതെന്നാണ് അറിയുന്നത്. ഇതില്‍ ചിലര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പര്‍താപൂരിലെ ഫീല്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടേയ്ക്ക് വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘം തിരിച്ചിട്ടുണ്ട്.

കോട്ടയം കഞ്ഞിക്കുഴിയിൽ നടൻ ധർമജന്‍റെ ഉടമസ്ഥതയിൽ ഉള്ള ധർമൂസ് ഹബ്ബിൽ ഫിഷറീസ് വകുപ്പും ഭക്ഷ്യ സുരക്ഷ വകുപ്പും ചേർന്ന് പരിശോധന നടത്തി. പരിശോധനയിൽ ഇവിടെ നിന്നും 200 കിലോ പഴകിയ മീൻ പിടിച്ചെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ നശിപ്പിച്ച ഭക്ഷ്യ സുരക്ഷ വകുപ്പ് സ്ഥാപനത്തിന് പിഴയടക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്.

അതേസമയം ‘നല്ല ഭക്ഷണം നാടിന്‍റെ അവകാശം’ എന്ന കാമ്പയിന്‍റെ ഭാഗമായി ഉപയോഗിച്ച എണ്ണയുടെ പുനരുപയോഗം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് വൈകിട്ട് അറിയിച്ചു. ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കാന്‍ പാടില്ല. ഉപയോഗിച്ച എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരക രോഗങ്ങളിലേക്ക് നയിക്കും. ഹോട്ടലുകളില്‍ ഉപയോഗിച്ച എണ്ണ സംസ്‌കരിച്ച് വീണ്ടും ഉപയോഗിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

ഉപയോഗിച്ച പഴകിയ എണ്ണ ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. പഴകിയ എണ്ണ ഉപയോഗിക്കുന്നുണ്ടോ എന്നറിയാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തും. ടി പി സി മോണിറ്ററിലൂടെ ഇത് വളരെ വേഗം കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിപണിയില്‍ വില്‍ക്കുന്ന എണ്ണയില്‍ മായം കണ്ടെത്തുന്നതിനും പരിശോധനകള്‍ ശക്തമാക്കും. ഭക്ഷ്യയോഗ്യമല്ലാത്ത എണ്ണകള്‍ വില്‍ക്കാനോ ആഹാരം പാകം ചെയ്യുന്നതിന് ഉപയോഗിക്കാനോ പാടില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ പരിശോധനകള്‍ തുടരുകയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. കഴിഞ്ഞ 25 ദിവസങ്ങളിലായി സംസ്ഥാന വ്യാപകമായി 4290 പരിശോധനകളാണ് നടത്തിയത്. ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാത്ത 331 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1417 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 412 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 429 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു.

ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 5029 പരിശോനകളാണ് നടത്തിയത്. ഇതുവരെ 7229 കിലോഗ്രാം പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യം നശിപ്പിച്ചു. 114 പേര്‍ക്ക് നോട്ടീസ് നല്‍കി. ശര്‍ക്കരയില്‍ മായം കണ്ടെത്താനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 936 സ്ഥാപനങ്ങള്‍ പരിശോധിച്ചു. 181 സാമ്പിളുകള്‍ ശേഖരിച്ചു. 11 പേര്‍ക്ക് നോട്ടീസ് നല്‍കി. ആകെ 1205 ജ്യൂസ് കടകളാണ് പരിശോധിച്ചത്. 9 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 160 കടകള്‍ക്ക് നോട്ടീസ് നല്‍കി. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

ഉറങ്ങിയില്ലെന്ന് ആരോപിച്ച് 10 മാസം പ്രായമായ കുട്ടിയുടെ മുഖത്തടിച്ച ആയ അറസ്റ്റിൽ. ചോറ്റാനിക്കര പോലീസ് ആണ് ആയയെ അറസ്റ്റ് ചെയ്തത്. പിറവം നാമക്കുഴി തൈപറമ്പിൽ 48കാരിയായ സാലി മാത്യു ആണു പിടിയിലായത്. എരുവേലി സ്വദേശിയായ ഡോക്ടറുടെ കുട്ടിയാണ് സാലിയുടെ ആക്രമണത്തിന് ഇരയായത്.

കഴിഞ്ഞ 21ന് ആണു കേസിനാസ്പദമായ സംഭവം. ഉറങ്ങാത്തതിന്റെ ദേഷ്യത്തിൽ സാലി കുട്ടിയുടെ മുഖത്ത് ആഞ്ഞടിക്കുകയായിരുന്നു. വീട്ടിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം കണ്ടതോടെ സാലിയെ അന്നുതന്നെ ഇവരെ ജോലിയിൽനിന്നു പറഞ്ഞ് വിടുകയും ചെയ്തു.

എന്നാൽ കുട്ടിയുടെ ചെവിയിൽ നിന്നു രക്തം വന്നത് പിന്നീടാണ് ശ്രദ്ധയിൽപ്പെട്ടത്. ഉടനടി ചികിത്സ തേടിയശേഷം പൊലീസിൽ പരാതി നൽകിയത്. കുട്ടിയുടെ കർണപുടത്തിന് ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് ഗായകന്‍ വിജയ് യേശുദാസ്. ഫ്ലവേഴ്സ് ഒരു കോടിയില്‍ അതിഥിയായി പങ്കെടുത്തപ്പോഴാണ് വിജയ് വിവാഹജീവിതത്തെക്കുറിച്ച് മനസ്സ് തുറന്നത്.

വിജയ് യേശുദാസും ദര്‍ശനയും വിവാഹമോചിതരായി എന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവരും മൗനം പാലിക്കുകയായിരുന്നു.

പ്രണയിച്ച് വിവാഹിതരായവരാണ് ദര്‍ശനയും ഞാനും. ’വിവാഹജീവിതത്തില്‍ താളപ്പിഴകള്‍ സംഭവിച്ചിട്ടുണ്ട്. എത് എന്റെ വ്യക്തിജീവിതത്തെ കുറച്ചൊക്കെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ, അതെല്ലാം അതിന്റെ രീതിയില്‍ അങ്ങനെ മുന്നോട്ടു പോവുകയാണ്. മക്കളുടെ കാര്യത്തില്‍ അച്ഛന്‍, അമ്മ എന്ന നിലയില്‍ ഞങ്ങള്‍ എപ്പോഴും ഒരുമിച്ചായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുക.

മക്കളും ഈ കാര്യത്തില്‍ വളരെ നന്നായി മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കരുതുന്നത്. അതിനാല്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു.’പക്ഷെ, കുടുംബാംഗങ്ങള്‍ അതിനെ വളരെ സെന്‍സിറ്റീവായാണ് കാണുന്നത്. പിന്തുണ കിട്ടാറുമില്ല. അത് അവരുടെ വിഷമം കൊണ്ടാണ്. അതുകൊണ്ടൊക്കെ വളരെ ഹിഡണായി മുന്നോട്ടു പോവുകയാണ് ഇക്കാര്യം.

2002-ല്‍ ഒരു പ്രണയദിനത്തില്‍ ഷാര്‍ജയില്‍ നടന്ന ഒരു സംഗീതവിരുന്നിലാണ് വിജയ്യും ദര്‍ശനയും കണ്ടുമുട്ടിയത്. 2007 ജനുവരി 21-ന് ആയിരുന്നു ഇരുവരുടെയും വിവാഹം.

മതവിദ്വേഷ പ്രസംഗക്കേസുകളില്‍ അറസ്റ്റിലായ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് ജയില്‍മോചിതനായി. ഹൈക്കോടതി ജാമ്യം അനുവദിച്ചദിനെത്തുടര്‍ന്നാണ് പുറത്തിറങ്ങിയത്. പിണറായി വിജയന്റെ ഒരു കളിയുടെ ഭാഗമായാണ് ജയിലില്‍ പോയതെന്നും പിണറായിക്കുള്ള മറുപടി തൃക്കാക്കരയില്‍ നല്‍കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

തൃക്കാക്കരയില്‍ ബിജെപിക്കൊപ്പം നില്‍ക്കുമെന്നറിയിച്ച പിസി ജോര്‍ജ് ജാമ്യം അനുവദിച്ച കോടതിയോട് നന്ദിയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. തൃക്കാക്കരയില്‍ വെച്ചാണ് പിണറായി തന്നെപ്പറ്റി അഭിപ്രായം പറഞ്ഞത്. അതിനുള്ള മറുപടി തൃക്കാക്കരയില്‍ വെച്ച് തന്നെ നല്‍കുമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ എത്തിയിരുന്നു. ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനെ സ്വീകരിക്കാന്‍ എത്തിയത്.

ഏപ്രില്‍ 29ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പ്രസംഗം. ഈ കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നുവെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാന രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കുകയും അറസ്റ്റിന് വഴിയൊരുങ്ങുകയുമായിരുന്നു. വിദ്വേഷ പ്രസംഗങ്ങള്‍ ആവര്‍ത്തിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

വിദ്വേഷ പ്രസംഗ കേസില്‍ ജാമ്യം ലഭിച്ച പി.സി. ജോര്‍ജിനെ പരിഹസിച്ച് ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുള്‍ നാസര്‍ മഅ്ദനി. പാവം ജോര്‍ജിന് പ്രായം വളരെ കൂടുതലും ആരോഗ്യം വളരെ കുറവുമാണ് പോലും എന്നാണ് അബ്ദുള്‍ നാസര്‍ മഅ്ദനി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

പി.സി. ജോര്‍ജിന്റെ പ്രായവും ആരോഗ്യവും കണക്കിലെടുത്ത് കൊണ്ടാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചതെന്നും കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മഅ്ദനിയുടെ പ്രതികരണം.

തിരുവനന്തപുരത്ത് നടത്തിയ പ്രസംഗ കേസിലാണ് ജാമ്യം ലഭിച്ചത്. വെണ്ണലയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍കൂര്‍ ജാമ്യവും ലഭിച്ചിട്ടുണ്ട്. വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കരുത്, അങ്ങനെ ഉണ്ടായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും ഹൈക്കോടതി പി.സി. ജോര്‍ജിനോട് പറഞ്ഞു.

നിലവില്‍ 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായി ജാമ്യത്തില്‍ ബെംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി. മഅ്ദനിയുടെ കേസിന്റെ വിചാരണ നടപടികള്‍ അകാരണമായി നീട്ടിക്കൊണ്ട് പോവുകയാണെന്ന ആക്ഷേപം നിലവിലുണ്ട്.

കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ഒമ്പത് വര്‍ഷത്തിലേറെ മഅ്ദനി ജയിലില്‍ കഴിഞ്ഞിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തിയത്.

2007 ആഗസ്റ്റ് ഒന്നിനാണ് കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ മഅ്ദനി മോചിതനാകുന്നത്. എന്നാല്‍ 2008ല്‍ ബംഗളൂരു നഗരത്തില്‍ ഒമ്പതിടങ്ങളില്‍ നടന്ന സ്‌ഫോടന കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2010 ആഗസ്റ്റ് 17ന് കൊല്ലം കരുനാഗപ്പള്ളി അന്‍വാര്‍ശ്ശേരിയില്‍ നിന്ന് കര്‍ണാടക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം മഅ്ദനിയെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Copyright © . All rights reserved