ഷെറിൻ പി യോഹന്നാൻ
പരോൾ അവസാനിച്ചിട്ടും മടങ്ങിയെത്താത്ത സോളമനെ തേടിയാണ് എസ് ഐ സേതുവിന്റെ നേതൃത്വത്തിലുള്ള സംഘം കൊള്ളിമലയിലെത്തുന്നത്. കൊലക്കുറ്റത്തിന് ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ആളാണ് സോളമൻ. പരോൾ പൂർത്തിയായിട്ടും കീഴടങ്ങാത്തതിന് അയാൾക്കൊരു കാരണമുണ്ട്. കൊലപാതകിയായതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. നഷ്ടങ്ങളുടെയും വേദനകളുടെയും അനീതിയുടെയും ചരിത്രം.
‘ജോസഫി’ന് ശേഷം എം. പത്മകുമാർ സംവിധാനം ചെയ്ത ചിത്രമാണ് ‘പത്താം വളവ്’. ത്രില്ലടിപ്പിക്കുന്ന ട്രെയ്ലർ സിനിമയുടെ പ്രധാന ആകർഷണം ആയിരുന്നു. ഒപ്പം പ്രധാന കഥാപാത്രങ്ങളായി സുരാജും ഇന്ദ്രജിത്തും. എന്നാൽ ട്രെയ്ലറിലെ ത്രിൽ ഒക്കെ അവിടെ മാത്രമാണുള്ളത്. തുടക്കത്തിൽ ഒരു ത്രില്ലർ സ്വഭാവത്തിലേക്ക് വരുന്നെങ്കിലും പിന്നീട് ഒരു ഇമോഷണൽ ഫ്ലാഷ്ബാക്ക് പറഞ്ഞ് നമ്മൾ കണ്ടുമടുത്ത ചിത്രങ്ങളുടെ പറ്റേണിലൂടെയാണ് ഈ ചിത്രവും നീങ്ങുന്നത്.
35 വർഷങ്ങൾക്ക് മുൻപ് പട്ടുമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിന്ന് രക്ഷപെട്ട ഒരേയൊരാളാണ് സോളമൻ എന്ന ഡയലോഗിൽ നിന്നുതന്നെ ഇനി വരാനുള്ള രംഗങ്ങളുടെ സ്വഭാവം പിടികിട്ടും. നായകനെ വളർത്തുന്ന പുരോഹിതൻ, കല്യാണത്തലേന്ന് നായകനൊപ്പം ഒളിച്ചോടുന്ന നായിക, പ്രതികാരം ചെയ്യാനെത്തുന്ന കല്യാണചെക്കൻ, മയക്കുമരുന്ന് ഉപയോഗിക്കുന്ന യുവാക്കൾ (പ്രത്യേകിച്ച് ബാംഗ്ലൂരിൽ നിന്ന് എത്തുന്നവർ) തുടങ്ങിയ ടൈപ്പ് കഥാപാത്രങ്ങൾ ഇവിടെയും സുലഭം. കഥയിലെ പ്രെഡിക്റ്റബിലിറ്റിയാണ് ഏറ്റവും വലിയ പോരായ്മ. സോളമന്റെ ഫ്ലാഷ്ബാക്ക് ആരംഭിക്കുമ്പോൾ തന്നെ കഥ ഒരുവിധം മനസ്സിലാകും.
സോളമന്റെയും ഭാര്യയുടെയും സ്നേഹവും, കുടുംബ ബന്ധവുമൊക്കെ പകർത്തി ഒരു പാട്ടും നൽകി സിനിമ നീളുന്നു. നായകന്റെ ജീവിതത്തിൽ സംഭവിക്കുന്ന ദുരന്തം, അതിന് കാരണക്കാരായവർ, പ്രതികാരം… ഇങ്ങനെ ഒരൊറ്റ വരിയിലൂടെയാണ് സിനിമയുടെ സഞ്ചാരം. ചിത്രത്തിലെ മ്യാരക ട്വിസ്റ്റ് ഒക്കെ ഔട്ട്‌ഡേറ്റഡ് ആയിപോയെന്ന് സംവിധായകനും തിരക്കഥാകൃത്തിനും മനസിലാകാത്തതാണോ?
ഒരു കുടുംബ കഥ പറയുന്നുണ്ടെങ്കിലും പ്രേക്ഷകനെ വൈകാരികമായി സ്വാധീനിക്കാൻ സംവിധായകന് കഴിഞ്ഞിട്ടില്ല. ഇവിടെയെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തി ദുർബലമായൊരു കഥയെ താങ്ങി നിർത്താൻ സുരാജ് ശ്രമിക്കുന്നത് കാണാം. മികച്ച ലോങ്ങ് ഷോട്ടുകൾ, നിലവാരമുള്ള പ്രകടനം എന്നിവ മാത്രമാണ് എടുത്തു പറയാനായുള്ളത്. എം പത്മകുമാറും രഞ്ജിൻ രാജും വീണ്ടും ഒന്നിച്ചതുകൊണ്ടാവണം ചിലയിടങ്ങളിൽ ‘ജോസഫി’നോട് സാമ്യമുള്ള സംഗീതം കടന്നുവരുന്നുണ്ട്.
Last Word – ഔട്ട്‌ഡേറ്റഡ് ആയ കഥയും കഥാസന്ദർഭങ്ങളുമുള്ള ചിത്രം. പ്രതികാരവും അതിനു പിന്നിലെ കാരണങ്ങളുമെല്ലാം നമ്മൾ കണ്ടുമടുത്തത് തന്നെ. ദുർബലമായൊരു തിരക്കഥയിൽ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളോ വൈകാരിക ബന്ധം സൃഷ്ടിക്കുന്ന രംഗങ്ങളോ ഫലമുണ്ടാക്കുന്നില്ല. ഇമ്പ്രെസ്സീവായി യാതൊന്നുമില്ലാത്ത ചിത്രം.
സ്വന്തം ലേഖകൻ
കൊച്ചി : കേരള രാഷ്ട്രീയത്തിൽ പുതു ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് കിഴക്കമ്പലത്ത് ആം ആദ്മി പാർട്ടി – ട്വന്റി 20 സഖ്യ മുന്നണി നിലവിൽ വന്നു. കനത്ത മഴയുണ്ടാവുമെന്നറിയിച്ചുകൊണ്ട് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടും , സ്വപ്നത്തിൽ പോലും പ്രതീക്ഷിക്കാത്ത ജനക്കൂട്ടമാണ് കിഴക്കമ്പലത്തെ മൈതാനത്ത് കെജ്‌രിവാളിനെ കാണുവാനായി ഒഴുകിയെത്തിയത്. കെജ്‌രിവാളിന്റെ കേരളത്തിലേയ്ക്കുള്ള വരവ് തങ്ങളുടെ അന്നം മുടക്കുമെന്ന് മനസ്സിലാക്കിയ മറ്റ് പാർട്ടികളുടെ നേതാക്കൾ ഡെൽഹിയിലെയും പഞ്ചാബിലെയും പോലെ സൈബർ പോരാളികളെ ഇറക്കി കിഴക്കമ്പലത്തെ വലിയ വിജയത്തെ തടയിടുവാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ ഇന്നത്തെ സമ്മേളന വിജയത്തിൽ അതീവ സന്തുഷ്ടരായ ആം ആദ്മി പാർട്ടിയുടെയും ട്വന്റി 20 യുടെയും സൈബർ നിരയുടെ മുന്നിൽ പിടിച്ച് നിൽക്കാൻ കഴിയാതെ കുഴയുകയാണ് കേരളത്തിലെ പരമ്പരാഗത പാർട്ടികളിലെ സൈബർ പോരാളികൾ.
ആം ആദ്മി പാർട്ടി കേരളത്തിൽ ട്വന്റി 20യുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇത് കേരളത്തിലെ നാല് കോടി ജനങ്ങളുടെ സഖ്യമാണെന്നും , ഈ സഖ്യം കേരളത്തെ മാറ്റി മറിക്കുമെന്നും കെജ്‍രിവാൾ കിഴക്കമ്പലത്ത് പറഞ്ഞു. പീപ്പിൾസ് വെൽഫെയർ അലയൻസ് (PWA) എന്ന പേരിലാകും നാലാം മുന്നണിയുടെ പ്രവർത്തനമെന്നും , ഈ മുന്നണി കേരളത്തിലും ഉറപ്പായി സർക്കാർ രൂപീകരിക്കുമെന്നും പതിനായിരങ്ങളെ സാക്ഷി നിർത്തികൊണ്ട് കെജ്രരിവാൾ പ്രഖ്യാപിച്ചു.
ഒരു വർഷം കൊണ്ടാണ് ദില്ലിയിൽ സർക്കാർ ഉണ്ടാക്കിയതെന്നും , അത് ദൈവത്തിന്റെ മാജിക്കാണ് അതുകൊണ്ട് കേരളത്തിലും ഇത് സാധ്യമാകുമെന്ന് അരവിന്ദ് കെജ്‍രിവാൾ പറഞ്ഞു. 10 വർഷം മുമ്പ് അരവിന്ദ് കെജ്‍രിവാളിനെ ആരും അറിയുമായിരുന്നില്ല. അഴിമതി ഇല്ലാതാക്കുകയാണ് ദില്ലിയിൽ ആദ്യം ചെയ്തതെന്നും കെജ്‍രിവാൾ പറഞ്ഞു. ദില്ലിയിലെ പോലെ കേരളത്തിലും സൗജന്യ വൈദ്യുതി വേണ്ടേ , അഴിമതി ഇല്ലാതാക്കണ്ടേ… ദില്ലി മുഖ്യമന്ത്രി ചോദിച്ചു. ആദ്യം ദില്ലി, പിന്നെ പഞ്ചാബ്. അടുത്തത് കേരളമാണെന്നും കെജ്‍രിവാൾ പറഞ്ഞു. അതോടൊപ്പം ട്വന്റി 20 കോർഡിനേറ്റർ സാബു ജേക്കബിന്റെ പ്രവർത്തനങ്ങളെ കെജ്‍രിവാൾ വളരെയധിയകം അഭിനന്ദിക്കുകയും ചെയ്തു.
തെരഞ്ഞെടുപ്പിലെ പഞ്ചാബ് ഡല്‍ഹി ജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെജ്രരിവാള്‍ പ്രസംഗം ആരംഭിച്ചത്. താന്‍ മുഖ്യമന്ത്രിയായ ശേഷം ഡല്‍ഹിയില്‍ നിന്ന് അഴിമതി ഇല്ലാതാക്കിയെന്നും ഡല്‍ഹിയില്‍ പവര്‍ കട്ടില്ല, മരുന്നുകളും ചികിത്സയും സൗജന്യമാണെന്നും കെജ്രിവാള്‍ പറഞ്ഞു. ക്യാന്‍സറായാലും കിഡ്‌നി മാറ്റിവെയ്ക്കായാലും ചെലവ് സര്‍ക്കാര്‍ വഹിക്കും. ചികിത്സയ്ക്ക് എത്ര ലക്ഷം ചിലവായാലും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. രാജ്യം ഡല്‍ഹി മോഡലാണ് ചര്‍ച്ച ചെയ്യുന്നതെന്നും കെജ്രിവാള്‍ അവകാശപ്പെട്ടു.
ആം ആദ്മി പാർട്ടിയും , ട്വന്റി 20യും സംയുക്തമായി നടത്തിയ ഈ മഹാസമ്മേളനത്തിലെ വൻ വിജയം അക്ഷരാർത്ഥത്തിൽ കേരളത്തിലെ മറ്റ് രാഷ്ട്രീയ പാർട്ടികളിൽ വലിയ രീതിയിലുള്ള ഭീതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾക്ക് യാഥാർത്ഥത്തിൽ ഒരു റെഡ് അലേർട്ട് തന്നെയാണ് പീപ്പിൾസ് വെൽഫെയർ അലയൻസ് പ്രഖ്യാപിച്ചിരിക്കുന്നത്. ദിനംപ്രതി അണികളെ നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ പാർട്ടികൾക്കിടയിലേയ്ക്ക് ജനക്ഷേമ പ്രവർത്തനം കൊണ്ട് രാജ്യത്തെ ലക്ഷങ്ങളുടെ മനസ്സ് കീഴടക്കിയ ആം ആദ്മി പാർട്ടിയുടെയും , ട്വന്റി 20യുടെയും സംയുക്ത മുന്നണി കടന്ന് വരുമ്പോൾ അതിനെ നേരിടാൻ കഴിയാതെ വരുമോ എന്ന ചിന്തയിലാണ് പാരമ്പരാഗത പാർട്ടികളിലെ നേതാക്കൾ . എന്നാൽ കെജ്രരിവാളിനും ആം ആദ്മി പാർട്ടിക്കും ഇന്ത്യ മുഴുവനും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത കേരളത്തിലെ ഈ മുന്നണിയുടെ ദ്രുത ഗതിയിലുള്ള വളർച്ചയ്ക്കും ഗുണം ചെയ്യും എന്ന് തന്നെയാണ് കരുതുന്നത്.
മലയാളത്തിലെ യുവനടിയെ ബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെ പോലീസ് തിരയുന്നതിനിടെ പരാതിയുമായി അമ്മ രംഗത്ത്. മകന് എതിരായ നടിയുടെ പരാതി വ്യാജമെന്ന് അമ്മ മായ ബാബു ആരോപിച്ചു.
ഇക്കാര്യം വിശദീകരിച്ച് ഇവർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മായ ബാബു, മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിക്കും പരാതി നൽകി.
മകനെതിരെ നടി നൽകിയത് വ്യാജ പരാതിയാണെന്നും ഇതിനു പിന്നിൽ എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു സംഘം സിനിമാ പ്രവർത്തകരാണെന്നും മായ ബാബുവിന്റെ പരാതിയിൽ പറയുന്നു. മകനെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നും ഇവരുടെ പരാതിയിലുണ്ട്.
മോഡൽ ഷഹാനയുടെ മരണത്തിൽ അറസ്റ്റിലായ ഭർത്താവ് സജാദിനെ റിമാന്‍റ് ചെയ്തിരിക്കുകയാണ്. ഈ മാസം 28 വരെയാണ് കോഴിക്കോട് ജെഎഫ്എംസി I കോടതി സജാദിനെ റിമാന്‍റ് ചെയ്തത്. സജാദിനെ ജില്ലാ ജയിലിലേക്ക് മാറ്റി. സ്ത്രീപീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് സജാദിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ദുരൂഹമായ ഷഹാനയുടെ മരണത്തിന് പിന്നാലെ പെലീസിന്റെ കണ്ടെത്തലുകൾ ഞെട്ടിക്കുന്നതാണ്.
ഭർത്താവ് സജാദിനെ ഇവരുടെ പറമ്പിൽ ബസാറിലെ വീട്ടിലെത്തിച്ച് ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥൻ അസിസ്റ്റന്റ് കമ്മീഷണർ കെ. സുധർശന്റെ നേതൃത്ത്വത്തിലായിരുന്നു നടപടി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തി. സജാദ് മയക്കുമരുന്ന് വ്യാപാരിയാണെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസ് അറിയിച്ചത്. ഫുഡ് ഡെലിവറിയുടെ മറവിലാണ് ഇയാൾ ഇടപാട് നടത്തിയിരുന്നത്. ഇയാളുടെ വാടക വീട്ടിൽ നിന്ന് ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ല. എന്നാൽ ലഹരി മരുന്ന് ഉപയോഗിക്കുന്നതിനായുള്ള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
മോഡൽ ഷഹാനയുടെ മരണത്തില്‍ ഭർത്താവ് സജാദിന്‍റെ അറസ്റ്റ് കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് രേഖപ്പെടുത്തിയത്. സ്ത്രീപീഡനം (498A),ആത്മഹത്യാ പ്രേരണ (306), എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. ചേവായൂർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് യുവതി മരിച്ചത്. രാത്രി പതിനൊന്നേമുക്കാലോടെ സജാദിന്‍റെ നിലവിളി കേട്ട് അയൽവാസികൾ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. സജാദിന്‍റെ മടിയിൽ ഷഹാന അവശയായി കിടക്കുന്നതാണ് അയൽവാസികൾ കണ്ടത്. അയൽവാസികൾ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി ഷഹാനയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
യുവതി തൂങ്ങിമരിച്ചതാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക കണ്ടെത്തല്‍. എന്നാല്‍ ദേഹത്ത് ചെറിയ മുറിവുകള്‍ ഉണ്ടെന്നും കൂടുതല്‍ പരിശോധന വേണമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദ് ഷഹാനയെ വിവാഹം കഴിച്ചത്. കോഴിക്കോട് ചെറുകുളം സ്വദേശിയാണ് സജാദ്. ഷഹാനയുടെ വീട് കാസര്‍ഗോഡ് ചെറുവത്തുര്‍ തിമിരിയിലാണ്. വിവാഹം കഴിഞ്ഞത് മുതല്‍ സജാദും വീട്ടുകാരും ഷഹാനയെ പീഡിപ്പിക്കുന്നുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. പറമ്പിൽ ബസാറിൽ ഒന്നര മാസമായി ഷഹാനയും ഭർത്താവും വാടകക്ക് താമസിക്കുകയായിരുന്നു.
കോവളം വെള്ളാറിൽ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും കാേവളം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം താന്നിക്കാട് മാലിയിൽ നട്ടാശ്ശേരി പുഷ്കരന്റെയും ശാന്തയുടെയും മകൾ വെള്ളാർ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിന്ദു (46) ആണ് വെള്ളിയാഴ്ച പുലർച്ചെ വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട്ടമ്മയെ ഭർത്താവും മകനും നിരന്തരം മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഭർത്താവ് അനിൽ (48) മകൻ അഭിജിത്ത് (20) എന്നിവരെ കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.
കോട്ടയം സ്വദേശികളായ കുടുംബം കഴിഞ്ഞ 27 വർഷമായി വെള്ളാറിൽ വാടകക്ക് താമസിക്കുകയാണ്. ഭർത്താവിന്റെയും മകന്റെയും ഉപദ്രവത്തെക്കുറിച്ച് വീട്ടമ്മ നേരത്തെ കോവളം സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അന്ന് ഇരു കൂട്ടരെയും വിളിച്ച് കേസ് ഒത്തു തീർപ്പാക്കിയതാണ്. വെള്ളിയാഴ്ച്ച പുലർച്ചെ 12.30 ഓടെ വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിനിന്ന വീട്ടമ്മയെ ഭർത്താവും മകനും കൂടി അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ആശുപത്രി അധികൃതരാണ് പൊലീസിനെ അറിയിച്ചത്. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലെത്തെത്തിയ വീട്ടമ്മയുടെ സഹോദരൻ മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആത്മഹത്യ പ്രേരണ കുറ്റത്തിന് ഭർത്താവിനെയും മകനെയും അറസ്റ്റ് ചെയ്തത്.
മൃതദേഹത്തിൽ അടിയേറ്റ പാടുകൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ടൂറിസം വകുപ്പിന്റെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആന്റ് കാറ്ററിംഗ് ടെക്നോളജിയിലെ ജീവനക്കാരനാണ് അറസ്റ്റിലായ ഭർത്താവ് അനിൽ. പോസ്റ്റ്മോർട്ടം കഴിഞ്ഞ് വിട്ടുനൽകിയ മൃതദേഹം കോട്ടയത്തേക്ക് കാെണ്ട് പാേയി. ഇന്ന് സംസ്കരിക്കുമെന്നും. കാേവളം എസ് എച്ച് ഒ പ്രെെജു, എസ്.ഐ അനീഷ്കുമാർ, എ എസ് ഐ മുനീർ, സി.പി.ഒ. ലജീവ് കൃഷ്ണ, ശ്യാംകുമാർ, ഡാനിയൽ എന്നിവരാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വെങ്ങാനൂർ ചാവടിനടയിലെ പൗർണമിക്കാവ് ക്ഷേത്രത്തിൽ നടക്കുന്ന മഹാകാളികായാഗത്തിൽ പങ്കെടുക്കാൻ അഘോരി സന്ന്യാസി പ്രമുഖനെത്തി. ഇന്ന് കൂടുതൽ അഘോരി സന്ന്യാസിമാർ തിരുവനന്തപുരത്തെത്തും. അഘോരി സന്ന്യാസിമാർക്കിടയിലെ പ്രമുഖനും മഹാകാൽ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയാണ് വെള്ളിയാഴ്ച കൊച്ചുവേളി റെയിൽവേ സ്റ്റേഷനിൽ എത്തിയത്.
ഇയാൾ ഹിമാലയസാനുക്കളിൽ തപസ് ചെയ്യുന്ന സന്ന്യാസിയാണെന്ന് സംഘാടകർ പറഞ്ഞു. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയിലെത്തുന്നത്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെത്തിയ മഹാകാല ഭൈരവ അഖാഡ ആചാര്യൻ കൈലാസപുരി സ്വാമിയെ ക്ഷേത്ര ട്രസ്റ്റി എം എസ് ഭുവനചന്ദ്രൻ, യാഗബ്രഹ്മൻ ആനന്ദ് നായർ, സ്വാഗതസംഘം വൈസ് ചെയർമാൻ ചൂഴാൽ നിർമലൻ എന്നിവർ ചേർന്ന് പൂർണകുംഭം നൽകി സ്വീകരിച്ചു. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പിന്നീട് ആഘോഷമായാണ് യാഗം നടക്കുന്ന ക്ഷേത്രത്തിേലക്കു സന്ന്യാസിയെ കൊണ്ടുപോയത്. 16വരെയാണ് ക്ഷേത്രത്തിൽ മഹാകാശിയാഗം നടക്കുന്നത്.
ഡല്‍ഹിയില്‍ മൂന്നുനിലക്കെട്ടിടത്തില്‍ വെള്ളിയാഴ്ചയുണ്ടായ തീപ്പിടിത്തത്തില്‍ 27 പേര്‍ വെന്തുമരിച്ചു. 70ഓളം പേരെ രക്ഷപ്പെടുത്തി. മുണ്ട്ക മെട്രോ സ്റ്റേഷന് സമീപമുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
തീപിടിത്തത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് നിലകളുളള കെട്ടിടത്തിന്റെ രണ്ട് നിലകളിലായാണ് തീ പടര്‍ന്നത്. തീ അണയ്ക്കാന്‍ 24 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. വൈകിട്ട് 4.40നാണ് തീപിടിത്തമുണ്ടായതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മെട്രോ സ്റ്റേഷന്റെ 544-ാം പില്ലറിന് സമീപമാണ് തീപിടിത്തം ആദ്യം കണ്ടതെന്ന് ഡിഎഫ്എസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ആദ്യം 10 അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി. പിന്നീട് തീ നിയന്ത്രണവിധേയമാക്കാന്‍ കൂടുതല്‍ യൂണിറ്റുകള്‍ സ്ഥലത്ത് എത്തിക്കുകയായിരുന്നു.
അപകടം നടന്നയുടന്‍ 24 അഗ്നിരക്ഷാ വാഹനങ്ങള്‍ പാഞ്ഞെത്തി. എന്നാല്‍, കെട്ടിടത്തില്‍ തീയും പുകയും നിറഞ്ഞതിനാല്‍ രക്ഷാദൗത്യം നീണ്ടു. തലസ്ഥാനത്തെ കൊടും ചൂടും സ്ഥിതിഗതികള്‍ രൂക്ഷമാക്കി. തീ പിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ദുരന്തത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി തുടങ്ങിയവര്‍ അനുശോചിച്ചു.
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിലെ തന്റെ നിലപാട് വ്യക്തമാക്കി നടി നിഖില വിമല്‍. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുതെന്നും മറ്റ് മൃഗങ്ങള്‍ക്ക് ഇല്ലാത്ത പരിഗണന പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ലെന്നും നിഖില പറഞ്ഞു.
‘മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം.’
‘കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. വന്യമൃഗങ്ങളെ വെട്ടരുതെന്ന് പറയുന്നത് അതിന് വംശനാശം വരുന്നതുകൊണ്ടാണ്.’ ജോ ആന്‍ഡ് ജോ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി മൈല്‍ സ്റ്റോണ്‍ എന്ന യുട്യൂബ് ചനലിന് നല്‍കിയ അഭമുഖത്തില്‍ നിഖില പറഞ്ഞു.
നവാഗതനായ അരുണ്‍ ടി ജോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് ജോ ആന്‍ഡ് ജോ. മാത്യു, നസ്ലെന്‍, നിഖില വിമല്‍, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിലെ പ്രധാന അഭിനേതാക്കള്‍. സഹോദരങ്ങളായ ജോമോനും ജോമോളുമായാണ് മാത്യുവും നിഖിലയുമെത്തുന്നത്.
അരുണ്‍ ഡി. ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അന്‍സര്‍ ഷാ നിര്‍വ്വഹിക്കുന്നു. കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് മകനും നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ലെങ്കിലും നിര്‍ബന്ധിച്ച് കഴിപ്പിക്കേണ്ട അവസ്ഥയാണ് ഉള്ളതെന്ന് ധ്യാന്‍ പറഞ്ഞു. അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും താല്‍പര്യമില്ലാത്ത വ്യക്തിയാണ് ശ്രീനിവാസന്‍ എന്നതിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിമര്‍ശനങ്ങളെ കുറിച്ച് ചോദിച്ചപ്പോഴാണ് ധ്യാന്‍ ഇക്കാര്യം പറഞ്ഞത്.
‘അച്ഛന്റെ ആരോഗ്യസ്ഥിതിയില്‍ നല്ല പുരോഗതിയുണ്ട്. സ്‌ട്രോക്ക് വന്നിരുന്നു. അതേ തുടര്‍ന്ന് ചെറിയ ബുദ്ധിമുട്ട് സംസാരിക്കാനടക്കം ഉണ്ടായിരുന്നു. ഇപ്പോള്‍ അതിലൊക്കെ നല്ല മാറ്റം വന്നിട്ടുണ്ട്.’
‘ഭയങ്കര പോസറ്റീവ് കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വലിയ കുഴപ്പങ്ങളൊന്നുമില്ല. അച്ഛന് അലോപ്പതിയില്‍ താല്‍പര്യമില്ല. ഞങ്ങള്‍ അച്ഛന്റെ വായില്‍ മരുന്ന് കുത്തി കയറ്റേണ്ട അവസ്ഥയാണ്.’
‘ചിലപ്പോള്‍ തുപ്പാന്‍ ശ്രമിക്കും. ശരിക്കും പറഞ്ഞാല്‍ അദ്ദേഹം അലോപ്പതി മരുന്ന് കഴിക്കാന്‍ തയ്യാറല്ല. ശരിക്കും കുത്തികയറ്റേണ്ട അവസ്ഥയാണ്’ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ധ്യാന്‍ പറഞ്ഞു.
അലപ്പോതി മരുന്നുകള്‍ ഉപയോഗിക്കുന്നതിനോടും വില്‍ക്കുന്നതിനോടും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ശ്രീനിവാസന്‍ പലപ്പോഴും ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദങ്ങള്‍ക്ക് വഴിച്ചിട്ടുണ്ട്. മരുന്നുകള്‍ കടലില്‍ വലിച്ചെറിയണമെന്ന് പറഞ്ഞിട്ടും അസുഖം വന്നപ്പോള്‍ മുന്തിയ ആശുപത്രികളിലൊന്നില്‍ ചികിത്സ തേടിയ ശ്രീനിവാസന്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അലോപ്പതി ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.
ദമ്പതികളുടെ മൃതദേഹങ്ങൾ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ കണ്ടെത്തിയ സംഭവം ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തതെന്ന് പോലീസ്. അമയന്നൂർ ഇല്ലിമൂല പതിക്കൽതാഴെ സുധീഷ് (36), ഭാര്യ ടിന്റു( 33) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
സുധീഷിനെ തൂങ്ങിമരിച്ച നിലയിലും ടിന്റുവിന്റെ മൃതദേഹം കട്ടിലിനടിയിൽ കിടത്തിയ നിലയിലുമാണ് കണ്ടെത്തിയത്. ടിന്റുവിനെ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊലപ്പെടുത്തി സുധീഷ് ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുധീഷിന്റെ ഇരു കൈകളിലെയും ഞരമ്പുകൾ മുറിച്ച നിലയിലുമാണ്.
സുധീഷിന്റെ ആത്മഹത്യക്കുറിപ്പു കണ്ടെത്തിയിട്ടുണ്ട്. ഒരു ഫോൺ നമ്പറിൽ നിന്നുള്ള കോളുകൾ സംബന്ധിച്ച സംശയമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നു കരുതുന്നതായി പോലീസ് പറയുന്നു.
സൗദിയിൽ ജോലി ചെയ്യുന്ന സുധീഷ് വിദേശത്തു നിന്നു 2 മാസം മുൻപാണ് അവധിക്കെത്തിയത്. ഭാര്യ ടിന്റുവിനെയും മകൻ സിദ്ധാർഥിനെയും വിദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കത്തിലായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. യാത്രാ ആവശ്യത്തിനായി സുധീഷും ടിന്റുവും കഴിഞ്ഞ ചൊവ്വാഴ്ച തിരുവനന്തപുരത്തേക്കും പോയിരുന്നു. തുടർന്ന് ഏകമകനെ സുധീഷിന്റെ സഹോദരൻ ഗീരിഷിന്റെ വീട്ടിലാക്കിയാണ് ഇരുവരും നാട്ടിലേക്ക് തിരിച്ചത്.
ഇരുവരും രാത്രിയോടെ തിരിച്ച് വീട്ടിൽ എത്തിയെന്നാണ് കരുതുന്നത്. ഇന്നലെ രാവിലെ ഗിരീഷിന്റെ വീട്ടിലേക്ക് മകനെ കൂട്ടാനായി തിരിച്ചെത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും വീട്ടുകാർ വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല. തുടർന്ന് സുധീഷിന്റെ മാതാവ് കുഞ്ഞമ്മണി അയൽവീട്ടിൽ വിളിച്ച് വിവരം തിരക്കിയപ്പോൾ സുധീഷിന്റെ സ്‌കൂട്ടർ വീട്ടുമുറ്റത്തുണ്ടെന്ന് അറിഞ്ഞിരുന്നു. തുടർന്ന് കുഞ്ഞമ്മിണി വീട്ടിലെത്തി നാട്ടുകാരുടെ സഹായത്തോടെ ജനൽച്ചില്ല് പൊട്ടിച്ചു നോക്കിയപ്പോഴാണ് സുധീഷിന്റെ മൃതദേഹം കണ്ടത്.
പിന്നീട് വിവരമറിയിച്ച പ്രകാരം പോലീസ് എത്തിയാണ് വീടു തുറന്നതും ടിന്റുവിന്റെ മൃതദേഹവും കണ്ടെത്തിയതും. ടിന്റുവിനെ കൊലപ്പെടുത്തിയ ശേഷം കട്ടിലിനടിയിലേക്കു തള്ളി കിടക്കയും തുണികളും കൊണ്ട് മൃതദേഹം മൂടിയ നിലയിലായിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണമുണ്ട്. വീടിന്റെ സീലിങ്ങിന്റെ ഭാഗം അടർത്തിയ ശേഷം കയറിൽ തൂങ്ങിയ നിലയിലായിരുന്നു സുധീഷ്.
ജില്ലാ പൊലീസ് മേധാവി ഡി ശിൽപ, കോട്ടയം ഡിവൈഎസ്പി ജെ സന്തോഷ് കുമാർ, എസ്എച്ച്ഒ ആർ മധു എന്നിവരുടെ നേതൃത്വത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സയന്റിഫിക് വിദഗ്ധരും സ്ഥലത്ത് എത്തി പരിശോധന നടത്തി. മണർകാട് വെള്ളിമഠത്തിൽ കുടുംബാംഗമാണ് ടിന്റു.