India

ഫുഡ് ഡെലിവറി ബോയിയെ ചെരുപ്പ് ഊരി അടിച്ച് യുവതി. വ്യാഴാഴ്ച വൈകുന്നേരം ജബൽപൂർ ജില്ലയിലെ റസൽ ചൗക്കിന് സമീപമാണ് സംഭവം നടന്നത്. പെൺകുട്ടി മർദിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

അതേസമയം, പെൺകുട്ടി ആരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. പെൺകുട്ടി തന്റെ സ്‌കൂട്ടറിൽ ചൗക്കിൽ നിന്ന് കടന്നുപോകുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഈ സമയം, ഡെലിവറി ബോയ് റോംഗ് സൈഡിൽ നിന്നുമെത്തി പെൺകുട്ടിയുടെ സ്‌കൂട്ടിയിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ പെൺകുട്ടി നിലത്ത് വീണു, അതിനുശേഷം അവൾ എഴുന്നേറ്റ് ബൈക്ക് യാത്രികനെ ചെരുപ്പുകൊണ്ട് അടിക്കുകയായിരുന്നു. സമീപവാസികൾ പെൺകുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ ആരെയും കൂട്ടാക്കാതെ അടി തുടരുകയായിരുന്നു.

എന്നാൽ സംഭവം നടക്കുമ്പോൾ പെൺകുട്ടി ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് നാട്ടുകാരുടെ പക്ഷം. വിഷയത്തിൽ ആരും പരാതി നൽകിയിട്ടില്ലെന്ന് ഓംതി പോലീസ് സ്റ്റേഷൻ ഇൻ ചാർജ് എസ്പിഎസ് ബാഗേൽ പറഞ്ഞു.

35 വര്‍ഷത്തെ സര്‍വീസിനിടെ 48 വനിതാ രോഗികളെ പീഡിപ്പിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കണ്ടെത്തി സ്‌കോട്‌ലന്‍ഡ് കോടതി. എഴുപത്തിരണ്ടുകാരനായ ഡോ.കൃഷ്ണ സിങ് ആണ് പ്രതി.

ഫെബ്രുവരി 1983 മുതല്‍ മെയ് 2018 വരെയുള്ള കാലയളവിലായിരുന്നു പീഡനം. ജനറല്‍ പ്രാക്ടീഷ്ണര്‍ ആയ ഇയാള്‍ ചികിത്സയ്ക്കിടെ സ്ത്രീകളെ ചുംബിക്കുകയും ലൈംഗിക ഉദ്ദേശത്തോടെ സ്പര്‍ശിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തിരുന്നുവെന്നാണ് കോടതി കണ്ടത്തിയിരിക്കുന്നത്. ഇത് ചോദ്യം ചെയ്തവരോടെല്ലാം ഇന്ത്യയിലെ മെഡിക്കല്‍ പരിശീലന സമയത്ത് താന്‍ പഠിച്ച ചികിത്സാ രീതികളാണിതെന്നായിരുന്നു ഇയാളുടെ ന്യായീകരണം.

നോര്‍ത്ത് ലാനാര്‍ക്‌ഷെയറിലെ മെഡിക്കല്‍ പ്രാക്ടീസിനിടെയാണ് ഇയാള്‍ക്കെതിരെ ആദ്യമായി ആരോപണമുയര്‍ന്നത്. ജോലി ചെയ്ത വിവിധ ആശുപത്രികളിലും രോഗികളുടെ വീട്ടിലും വെച്ച് വരെ കൃഷ്ണ സിങ് രോഗികളെ ദുരുപയോഗം ചെയ്തിരുന്നു. സ്ത്രീകളെ പീഡിപ്പിക്കുന്നത് ഇയാളുടെ ചികിത്സയില്‍ സ്ഥിരമായിരുന്നുവെന്നാണ് പ്രോസിക്യൂട്ടര്‍ ആഞ്ചല കോടതിയെ അറിയിച്ചിരിക്കുന്നത്.

2018ല്‍ ഇയാളുടെ ചികിത്സയ്ക്ക് വിധേയയായ ഒരു സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. പിന്നാലെ നിരവധി സ്ത്രീകള്‍ പരാതിയുമായെത്തിയതോടെ 54 കേസുകള്‍ കൃഷ്ണയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തു. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത മാസം വിധിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. കോടതിയില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടു. മെഡിക്കല്‍ രംഗത്തെ സംഭാവനകള്‍ക്ക് റോയല്‍ മെംബര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ ബഹുമതി ലഭിച്ചയാളാണ് കൃഷ്ണ സിങ്.

വഴിതെറ്റി നഗരത്തില്‍ കുടുങ്ങിപ്പോയ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങിയ ഭര്‍ത്താവ് രാത്രി ജീപ്പോടിക്കുന്നതിനിടെ നെഞ്ചുവേദനയെ തുടര്‍ന്നു കുഴഞ്ഞു വീണു. അതുവഴി വാഹനത്തിലെത്തിയ നടി സുരഭി ലക്ഷ്മിയുടെ സമയോചിത ഇടപെടലാണ് ഇയാളുടെ ജീവന്‍ രക്ഷിച്ചത്. സുരഭി അറിയിച്ചതിനെ തുടര്‍ന്നു തക്കസമയത്ത് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാണാതായ ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിക്കു സമീപത്തെ പൊലീസ് സ്റ്റേഷനില്‍ സുരക്ഷിതരായി കണ്ടെത്തുകയും ചെയ്തു.

ചൊവ്വാഴ്ച രാത്രിയാണു സംഭവം. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ നിന്നു രാവിലെയാണ് മാനസികാസ്വാസ്ഥ്യമുള്ള യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്നു ഭര്‍ത്താവ് ഇളയ കുഞ്ഞിനെയും കൂട്ടി പകല്‍ മുഴുവന്‍ നഗരത്തിലുടനീളം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടിയതോടെ പൊലീസില്‍ പരാതി നല്‍കിയ ശേഷം വീട്ടിലേക്കു മടങ്ങി. ഇതേ സമയത്താണ് നടന്ന് തളര്‍ന്ന നിലയില്‍ യുവതിയും കുഞ്ഞും മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെത്തിയത്.

പൊലീസുകാര്‍ അമ്മയ്ക്കും കുഞ്ഞിനും ഭക്ഷണം നല്‍കിയ ശേഷം സ്റ്റേഷനില്‍ സുരക്ഷിതരായി ഇരുത്തി. യുവതിയുടെ കയ്യില്‍ നിന്നു ഭര്‍ത്താവിന്‍റെ നമ്പര്‍ വാങ്ങി ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞെങ്കിലും സംസാരം തീരുന്നതിനുള്ളില്‍ ഭര്‍ത്താവിന്‍റെ ഫോണ്‍ ചാര്‍ജ് തീര്‍ന്ന് ഓഫായി. രണ്ടു കൂട്ടുകാരെയും ഇളയ കുഞ്ഞിനെയും കൂട്ടി ഭര്‍ത്താവ് ഉടന്‍ പൊലീസ് സ്റ്റേഷനിലേക്കു ജീപ്പില്‍ പുറപ്പെട്ടെങ്കിലും വഴിയില്‍ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടു വാഹനത്തില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

ഡ്രൈവിങ് വശമില്ലാത്ത കൂട്ടുകാര്‍ പുറത്തിറങ്ങി നിന്നു വാഹനങ്ങള്‍ക്ക് കൈ കാണിച്ചെങ്കിലും ആരും നിര്‍ത്തിയില്ല. നഗരത്തിലെ ഒരു ഇഫ്ത്താറില്‍ പങ്കെടുത്ത് വീട്ടിലേക്ക് കാറോടിച്ചു മടങ്ങുകയായിരുന്ന നടി സുരഭി ലക്ഷ്മി ഇവരെക്കണ്ട് വാഹനം നിര്‍ത്തുകയും ജീപ്പിനുള്ളില്‍ അവശനിലയില്‍ കിടക്കുന്ന യുവാവിനെക്കണ്ട് വിവരം പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി യുവാവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയപ്പോള്‍ സുരഭിയും കൂടെപ്പോയി. യുവാവിനെ ആശുപത്രിയിലാക്കിയ ശേഷം കുഞ്ഞിനെയും കൂട്ടി സുരഭി പൊലീസ് സ്റ്റേഷനിലെത്തുകയും ചെയ്തു. ഇതിനിടയില്‍, സുരഭിയോടൊപ്പം വന്ന കുഞ്ഞിനെ സ്റ്റേഷനിലുണ്ടായിരുന്ന അമ്മ തിരിച്ചറിയുകയായിരുന്നു.

മലയാളികളുടെ പ്രിയപ്പെട്ട താരപുത്രന്മാരായ പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ഒന്നിച്ചഭിനയിക്കുന്നു എന്ന് റിപ്പോർട്ടുകൾ. അൻവർ റഷീദിന്റെ സംവിധാനത്തിൽ പ്രണവ് നായകനായി ഒരുങ്ങുന്ന ചിത്രത്തിൽ കാളിദാസും ഭാഗമാകും എന്നാണ് സിനിമാ വൃത്തങ്ങൾ പുറത്തു വിടുന്ന വിവരം.

ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ലാത്ത ചിത്രത്തിൽ നായികയായി എത്തുന്നത് നസ്രിയ നസീം ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. അഞ്ജലി മേനോൻ ആണ് ചിത്രം നിർമിക്കുന്നത്.

2012ൽ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിൽ അഞ്ജലി മേനോനും അൻവർ റഷീദും ഒന്നിച്ചിരുന്നു. ദുൽഖർ സൽമാൻ തിലകൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം ഏറെ നിരൂപക പ്രശംസനേടി. കൊമേർഷ്യൽ സക്‌സസ് കൂടിയായിരുന്നു ഉസ്താദ് ഹോട്ടൽ.

അതേസമയം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവ് മോഹൻലാലിന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ പ്രണവിന്റെ പ്രകടനം ഏറെ ശ്രദ്ധേയമായി. അതിന് മുൻപ് ഇറങ്ങിയ പ്രിയദർശൻ സംവിധാനം ചെയ്ത മരക്കാർ അറബികടലിന്റെ സിംഹത്തിലും പ്രണവ് മികച്ച പ്രകടനം നടത്തി.

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി ചലച്ചിത്ര ലോകത്തെത്തിയ നടനാണ് കളിദാസ് ജയറാം. 2003ൽ പുറത്തിറങ്ങിയ എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതരത്തിനുള്ള ദേശിയ പുരസ്‌കാരവും കാളിദാസിന് ലഭിച്ചു.

പിന്നീട് 2018ല്‍ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ നായകനായി ആദ്യമായി വേഷമിടുന്നത്. മിസ്റ്റർ & മിസിസ് റൗഡി, അർജൻറീന ഫാൻസ് കാട്ടൂർക്കടവ്, ഹാപ്പി സർദാർ ,ജാക്ക് & ജിൽ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.

മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ 2007 ൽ ഇന്ത്യ സന്ദർശിച്ചപ്പോൾ ഇന്ത്യയെ “ലോക ഫുട്ബോളിന്റെ ഉറങ്ങുന്ന ഭീമൻ” എന്ന് വിശേഷിപ്പിച്ചിരുന്നു.അതിനു ഇന്ത്യൻ ഫുട്ബോളിന്റെ ഭൂപ്രകൃതി അതിവേഗം മാറി, പ്രത്യേകിച്ച് ഇന്ത്യൻ സൂപ്പർ ലീഗ് വന്നതോടെ ലോകത്തിന്റെ ശ്രദ്ധ പലപ്പോഴും ഇന്ത്യയിലെത്തുകയും ചെയ്തു.

ഇന്ത്യക്ക് പുറത്ത് പ്രത്യേകിച്ച് യൂറോപ്പിൽ കളിക്കുന്ന പല ഇന്ത്യൻ വംശജരായ ഫുട്ബോൾ താരങ്ങളും ഇന്ത്യൻ സൂപ്പർ ലീഗിലും ഇന്ത്യൻ ദേശീയ ടീമിന് വേണ്ടി കളിക്കാനുള്ള ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. ഇന്ത്യൻ ദേശീയ ടീമിൽ കളിക്കണം എന്ന ആഗ്രഹം പ്രകടിപ്പിച്ച പുതിയ താരമാണ് സ്വാൻസിയുടെ യാൻ ദണ്ഡ.

കുറച്ച് വർഷങ്ങളായി യുവതലത്തിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ച ധണ്ഡ ജുർഗൻ ക്ലോപ്പിന്റെ കീഴിൽ പരിശീലനം നേടിയിട്ടുണ്ട്.ഇന്ത്യൻ വംശജരായ കളിക്കാർക്കായി ഇന്ത്യൻ ഫുട്ബോളിന്റെ വാതിലുകൾ തുറന്നാൽ രാജ്യത്തിന് പ്രയോജനം ലഭിക്കുമെന്ന് പലരും വിശ്വസിക്കുന്നു.ഓവർസീസ് സിറ്റിസെൻഷിപ് കാർഡ് (ഒസിഐ) കാർഡ് ഉടമയായ 23കാരന്റെ കൈവശം ബ്രിട്ടീഷ് പാസ്‌പോർട്ട് ഉണ്ട്. അച്ഛൻ പഞ്ചാബിൽ നിന്നാണ്, അമ്മ ഇംഗ്ലീഷുകാരിയാണ്.

“എനിക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ ആഗ്രഹമുണ്ട്, എനിക്ക് ദേശീയ ടീമിനെ സഹായിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു,” ധണ്ഡ പറഞ്ഞു.“ഞാൻ ഇന്ത്യൻ ഫുട്‌ബോളിനെ പിന്തുടരുന്നു, ബഹ്‌റൈനും ബെലാറസിനുമെതിരായ തോൽവികൾ ഉൾപ്പെടുന്ന സമീപകാല ഫലങ്ങൾ കാണുന്നുണ്ട്. അത്തരം കളികളിൽ അവർ വിജയിക്കണം. ഞാൻ ഇന്ത്യയിൽ എത്തിയാൽ ഫലങ്ങൾ മെച്ചപ്പെടുത്താനും കളിക്കാർക്കും പ്രയോജനം ചെയ്യാനും കഴിയും. മികച്ച കളിക്കാരുമായി കളിക്കുന്നത് എല്ലായ്പ്പോഴും ആളുകളെ മികച്ചതാക്കുന്നു”ദണ്ഡ പറഞ്ഞു.

കായിക മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അന്താരാഷ്ട്ര മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ അർഹതയുള്ളൂ.ബർമിംഗ്ഹാമിൽ ജനിച്ച ധണ്ഡ അണ്ടർ 16, അണ്ടർ 17 ലെവലിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ മറ്റ് നിരവധി പ്രശസ്ത ഫുട്ബോൾ കളിക്കാരെപ്പോലെ സീനിയർ ലെവലിൽ മാറാൻ ഇപ്പോൾ താൽപ്പര്യമുണ്ട്.

“എന്റെ ചെറുപ്പത്തിൽ ഇംഗ്ലണ്ടിനായി കളിക്കാൻ എനിക്ക് അവസരങ്ങൾ ലഭിച്ചു, ഞാൻ അത് ഏറ്റെടുത്തു. ചെറുപ്പത്തിൽ ഇംഗ്ലണ്ടിനായി കളിച്ച് എന്റെ രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിച്ചു.ഇപ്പോൾ ഞാൻ സ്വാൻ‌സിയുമായി കളിക്കുകയും ഇന്ത്യൻ ഫുട്‌ബോളിനെ അടുത്ത് പിന്തുടരുകയും ചെയ്യുന്നു. ഇന്ത്യ എന്റെ രക്തത്തിലുണ്ട്.എനിക്ക് അവിടെ പോയി ഫലങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഇത് എല്ലാവർക്കും പോസിറ്റീവ് ആയിരിക്കാം. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ തീരുമാനമെടുത്തു. ഇന്ത്യക്ക് വേണ്ടി കളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു, കാര്യങ്ങൾ മാറാം,” ധണ്ഡ പറഞ്ഞു.

നിലവിൽ യുകെയിൽ പ്രൊഫഷണലായി കരാറുള്ള ഒരു ഡസനിൽ താഴെ ദക്ഷിണേഷ്യൻ ഫുട്ബോൾ താരങ്ങളാണുള്ളത്, ഫുട്ബോളിൽ ഏറ്റവും സ്വാധീനമുള്ള ദക്ഷിണേഷ്യക്കാരിൽ ഒരാളാണ് ധണ്ഡ. ലിവർപൂൾ റിസർവുകളിൽ പതിവായി പരിശീലനം നേടിയ ധണ്ഡ, 2017-ലെ പ്രീ-സീസൺ ടൂറിനിടെ ഫസ്റ്റ്-ടീമിൽ ചേർന്നു. റെഡ്സിനൊപ്പം അഞ്ച് വർഷം ചെലവഴിച്ച അദ്ദേഹം 2018-ൽ സ്വാൻസീയിലേക്ക് പോയി, പ്രൊഫഷണൽ ഫുട്‌ബോളിലെ തന്റെ ആദ്യ ടച്ചിലൂടെ അരങ്ങേറ്റത്തിൽ സ്കോർ ചെയ്തു.

പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് ( Shamil-18) സോപ്പ് പൊടി (soap powder) നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ മുഹമ്മദ് ഷാമിൽ മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചു കിടക്കുന്നത് കണ്ടത്. ഒഴിവ് സമയങ്ങളിൽ ഷാമിലും സോപ്പ് പൊടി ഉണ്ടാക്കാൻ സഹായിക്കാറുണ്ട്. ഇത്തരത്തിലാകാം അപകടമെന്നാണ് നിഗമനം.

മഞ്ചേരിയിൽ നിന്നെത്തിയ അഗ്നിശമന സേന, പാണ്ടിക്കാട് പൊലീസ്, ട്രോമ കെയർ, വളണ്ടിയർമാർ, നാട്ടുകാർ എന്നിവരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുക്കാനായത്. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ് ഷാമിൽ. മാതാവ് : സൗദാബി.സഹോദരങ്ങൾ: മിൻഹ, അഷ്മിൽ, ജുൻഹ.

 

മോഡലിംഗിലൂടെ സിനിമയിലെത്തിയ താരമാണ് ശ്വേത മേനോന്‍. തുടര്‍ന്ന് വിവിധ ഭാഷകളില്‍ അഭിനയിച്ച താരം മലയാളത്തിലെ സജീവസാന്നിധ്യമായി മാറുകയും ചെയ്തു. ഇപ്പോള്‍ ഒരു പഴയ സഹപ്രവര്‍ത്തകയെ കണ്ടുമുട്ടിയ കാര്യം സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് ശ്വേത. മറ്റാരുമല്ല കേന്ദ്രമന്ത്രിയെ സ്മൃതി ഇറാനിയെ മുംബൈ വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയ സന്തോഷമാണ് ശ്വേത ഷെയര്‍ ചെയ്തത്. ഒപ്പം സ്മൃതിക്കൊപ്പമുള്ള സെല്‍ഫിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

20 വര്‍ഷം മുന്‍പ് ഒരുമിച്ച് മോഡലിംഗ് കരിയര്‍ തുടങ്ങിയവരാണ് സ്മൃതിയും ശ്വേതയും. സ്മൃതി പിന്നീട് മിനിസ്ക്രീന്‍ രംഗത്ത് സജീവമാവുകയും തുടര്‍ന്ന് രാഷ്ട്രീയത്തിലേക്ക് ചുവടുമാറ്റുകയും ചെയ്തു. വര്‍ഷങ്ങള്‍ക്കു ശേഷം മുംബൈയിലെ വിമാനത്താവളത്തിൽ വെച്ച് അപ്രതീക്ഷിതമായി സ്മൃതിയെ കണ്ടപ്പോൾ പേര് നീട്ടിവിളിച്ചുവെന്നും ചുറ്റുമുള്ളവർ തിരിഞ്ഞുനോക്കിയപ്പോഴാണ് അവർ ഇപ്പോൾ കേന്ദ്രമന്ത്രിയാണെന്ന കാര്യം ഓർത്തതെന്നും ശ്വേത പറയുന്നു. കാൻ ചാനൽ മീഡിയയോടായിരുന്നു ശ്വേത ഇക്കാര്യം പറഞ്ഞത്.

ശ്വേതയുടെ വാക്കുകള്‍

മുംബൈയിൽനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയർപോർട്ടിൽ പതിവിലും നേരത്തെയെത്തി. ലോഞ്ചിൽവച്ചാണ് അടുത്ത ബുക്ക്സ്റ്റാളിൽ പുസ്തകങ്ങൾ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുള്ള മുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാൻ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവർക്ക് ചുറ്റുമുണ്ടായിരുന്ന ചിലർ എന്നെ തുറിച്ചുനോക്കി.

അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവർത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി. അവരുടെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസേഴ്‌സാണ് തുറിച്ച കണ്ണുകളുമായി നിൽക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്‌ത്തി. സ്മൃതി വേഗത്തിൽ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു.

ഞാൻ അവരുടെ അടുക്കലെത്തി. ഇത്തവണ ഒരൽപ്പം ഭയം കലർന്ന ബഹുമാനത്തോടെയാണ് ഞാൻ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നിൽക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവർ സ്‌നേഹത്തോടെ എന്നെ ചേർത്തുനിർത്തി. ഞാൻ സെൽഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു,’ ശ്വേത പറഞ്ഞു.

ദേശീയ പാതയിലെ സുൽത്താൻ ബത്തേരിക്കും കൈനാട്ടിക്കും ഇടയിലുള്ള ഭാഗം വാഹനാപകടത്തിന്റെ പേരിൽ കുരുതിക്കളമാകുമ്പോൾ വേഗം നിയന്ത്രിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. ചൊവ്വാഴ്ച രാവിലെ വാര്യാട് ഉണ്ടായ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന്റെ കാരണവും അമിതവേഗമാണ്. അൽപകാലം അപകടങ്ങൾ വിട്ടുനിന്ന ഇടവേളക്കുശേഷമാണ് വാര്യാട് മൂന്നുപേരുടെ ജീവൻ കവർന്ന അപകടം നടന്നിരിക്കുന്നത്.

നിനച്ചിരിക്കാതെയെത്തിയ ദുരന്തത്തിന്റെ ഞെട്ടലിലായിരുന്നു കാക്കവയൽ. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് അപകടങ്ങൾ കൂടുതലുണ്ടാവാറുണ്ടെങ്കിലും ഇത്രയുംവലിയൊരു അപകടമുണ്ടാവുകയും മൂന്നുപേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തത് പ്രദേശവാസികളെ ഒന്നാകെ സങ്കടത്തിലാക്കി.

കാറിൽ യാത്രചെയ്തിരുന്ന കുടുംബത്തിലെ മൂന്നുപേരാണ് മരിച്ചത്. തമിഴ്നാട് പാട്ടവയൽ സ്വദേശികളായ പുത്തൻപുരയിൽ പ്രവീഷ് (39), ഭാര്യ ശ്രീജിഷ (32), പ്രവീഷിന്റെ അമ്മ പ്രേമലത (60) എന്നിവരാണ് മരിച്ചത്. പ്രവീഷിന്റെയും ശ്രീജിഷയുടെയും മകൻ ആരവിനെ (രണ്ടര) സാരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കോഴിക്കോട് ബാലുശ്ശേരി നന്മണ്ടയിൽ വിവാഹത്തിൽ പങ്കെടുത്ത് തിരികെ വരുന്നതിനിടെയാണ് പ്രവീഷും കുടുംബവും സഞ്ചരിച്ച കാർ മിൽമ ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. സുൽത്താൻബത്തേരി ഭാഗത്തുനിന്ന് കല്പറ്റ ഭാഗത്തേക്ക് വരികയായിരുന്നു ലോറി. അപകടത്തിൽ കാർ പൂർണമായും തകർന്നു. പ്രവീഷിനെയും പ്രേമലതയെയും കല്പറ്റ ലിയോ ആശുപത്രിയിലും ശ്രീജിഷയെ കൈനാട്ടി ജനറൽ ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. വിജയനാണ് പ്രവീഷിന്റെ അച്ഛൻ.

അച്ഛനും അമ്മയും അച്ഛമ്മയും നഷ്ടമായ ആരവിന്റെ അവസ്ഥ അപകടത്തിന്റെ നോവുകൂട്ടി. ഗുരുതരമായി പരിക്കേറ്റ ആരവ്, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാവിലെ പതിനൊന്നരയോടെ കാക്കവയൽ നഴ്സറി സ്റ്റോപ്പിലായിരുന്നു മൂന്നുപേരുടെ ജീവൻ കവർന്ന അപകടം. അപകടത്തിന് അധികം ദൃക്സാക്ഷികളുമില്ല. സി.സി.ടി.വി. ദൃശ്യങ്ങളൊന്നും ഇതുവരെ കിട്ടിയിട്ടില്ല.

ടാങ്കർലോറിയും കാറും കൂട്ടിയിടിച്ചപ്പോഴുണ്ടായ വലിയശബ്ദം കേട്ടാണ് സമീപപ്രദേശത്തുള്ളവർ ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇടിയുടെ ആഘാതം കാറിന്റെ തകർച്ചയിൽനിന്നുതന്നെ വ്യക്തമാണ്. കാർ പൂർണമായി തകർന്നു. മീനങ്ങാടി പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് കൊണ്ടുപോയി. കൂടുതൽ അന്വേഷണത്തിലേ അപകടകാരണമുൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു. ദേശീയപാതയിൽ മുട്ടിൽമുതൽ കൊളഗപ്പാറവരെയുള്ള ഭാഗത്ത് ചെറുതും വലുതുമായ അപകടങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. ഇന്റർസെപ്റ്റർ ഉൾപ്പെടെയുള്ള നിരീക്ഷണങ്ങളും ഈമേഖലയിലുണ്ട്.

 

എ ഡി ജി പി ശ്രീജിത്തിനെതിരെ പരാതിയുമായി ദിലീപ്. എ.ഡി.ജി.പി ശ്രീജിത്തടക്കമുള്ള അന്വേഷണ സംഘത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്കാണ് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ് ടി. വര്‍ഗീസ് മുഖേന പരാതി നല്‍കിയിരിക്കുന്നത്. പ്രതികളേയും ബന്ധുക്കളേയും അഭിഭാഷകരേയും ക്രൈബ്രാഞ്ച് അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. ബാലചന്ദ്രകുമാര്‍ എ.ഡി.ജി.പി ശ്രീജിത്തിന്റെ അടുത്ത ബന്ധുവാണെന്നും പരാതിയില്‍ പറയുന്നുണ്ട്. ചട്ടവിരുദ്ധമായാണ് കേസില്‍ അന്വേഷണം നടക്കുന്നത്. ആസൂത്രിതമായി ഗൂഢാലോചന നടത്തുന്നുവെന്നും പരാതിയില്‍ പറയുന്നു. കസ്റ്റഡിയിലിരിക്കെ സായ് ശങ്കറിന് മാധ്യമങ്ങളുമായി അഭിമുഖം നടത്താന്‍ അവസരം നല്‍കിയെന്നും സായ് ശങ്കര്‍ കീഴടങ്ങിയിട്ടും മറ്റു തട്ടിപ്പു കേസുകളില്‍ അറസ്റ്റ് ചെയ്തില്ലെന്നും ദിലീപ് നല്‍കിയ പരാതിയിലുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപ് ജാമ്യ വ്യവസ്ഥകളെല്ലാം ലംഘിച്ചുവെന്നും തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ശ്രമിച്ചുവെന്നും ഹർജിയില്‍ പറഞ്ഞിരുന്നു. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുപ്രകരമാണ് അന്വേഷണ സംഘം വിചാരണക്കോടതിയെ സമീപിച്ചത്.

മൂന്നുവയസുകാരന്റെ കൊലപാതകത്തിൽ അമ്മ അറസ്റ്റിൽ. എലപ്പുള്ളി മണിയേരി സ്വദേശി ഷമീറിന്റെ മകൻ മുഹമ്മദ് ഷാനുവാണ് മാതാവിന്റെ വീട്ടിൽ കഴിഞ്ഞദിവസം പുലർച്ചെ കൊല്ലപ്പെട്ടത്. സംഭവത്തിൽ കുഞ്ഞിന്റെ മാതാവായ ചുട്ടിപ്പാറ സ്വദേശി ആസിയയെ പോലീസ് കൊലപാതകക്കുറ്റത്തിന് അറസ്റ്റ് ചെയ്യുകയായിരുന്നു.

ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണമെന്നാണു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കുഞ്ഞിന്റെ മരണത്തെ തുടർന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് ആൺസുഹൃത്തിനോടൊപ്പം ജീവിക്കാൻ കുഞ്ഞിനെ ഒഴിവാക്കിയതെന്ന് അമ്മ കുറ്റസമ്മതം നടത്തിയത്.

‘കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകിയതിന്റെ പാടുകളുണ്ട്. കൊലപാതകമാണെന്ന് സംശയിച്ചിരുന്നതായും കൂടുതൽ അന്വേഷണം വേണമെന്നും’ പിതൃസഹോദരൻ ആവശ്യപ്പെട്ടിരുന്നു.

ചൊവ്വാഴ്ച രാവിലെയാണ് ഷമീർ മുഹമ്മദ്- ആസിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനെ കിടക്കയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന് ജീവൻ രക്ഷിക്കാനായില്ല.

രാവിലെ കുഞ്ഞ് എണീറ്റില്ലെന്നും ബോധംകെട്ടു കിടക്കുകയായിരുന്നു എന്നുമാണ് ആദ്യം ആസിയ പോലീസിനോടു പറഞ്ഞത്. എന്നാൽ പിന്നീട് കുഞ്ഞ് ഈന്തപ്പഴം വിഴുങ്ങിയതിനെ തുടർന്ന് ബോധം പോയതാണെന്നാണ് പോലീസിനോട് മാറ്റി പറഞ്ഞത്. ഇതോടെയാണ് പാലക്കാട് കസബ പോലീസിന് സംശയം തോന്നി ആസിയയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൊലപാതകം സ്ഥിരീകരിച്ചതോടെ ആസിയ തന്നെയാണ് പ്രതിയെന്ന് ഉറപ്പിക്കുകയായിരുന്നു.

‘അമ്മയ്ക്ക് മാത്രമല്ല, മറ്റ് മൂന്ന് പേര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ട്. മൂന്നുപേരെയും പൊലീസ് ചോദ്യം ചെയ്യണം. ഞങ്ങള്‍ക്ക് നീതി കിട്ടണം. ആരുടെ കൂടെ പോകണമെങ്കിലും പൊയ്ക്കോട്ടെ. ആ കുഞ്ഞിനെ ഇവിടെ ഏല്‍പ്പിച്ചിട്ട് പൊയ്ക്കൂടായിരുന്നോ?

ഒരു പവന്റെ മാല കളഞ്ഞുപോയെന്ന് പറഞ്ഞാണ് അവള്‍ പോയത്. പക്ഷേ പിന്നീട് വിളിച്ച് ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞു. പള്ളിമുഖാന്തരവും സംസാരിച്ചു നോക്കി. പക്ഷേ കാര്യമുണ്ടായില്ല. ആറുമാസമോ ഒരു വര്‍ഷമോ മറ്റോ കഴിയുമ്പോള്‍ എല്ലാം ശരിയാകുമെന്നാണ് കരുതിയത്’. മുത്തച്ഛന്‍ ഇബ്രാഹിം പറഞ്ഞു.

കുറെക്കാലമായി ആസിയയും ഭർത്താവും പിരിഞ്ഞുകഴിയുകയാണ്. കുഞ്ഞുമായി ബന്ധപ്പെട്ട് തർക്കവും നിലനിന്നിരുന്നു. ഇതിനിടെ ആസിയ മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാൽ കുഞ്ഞ് ഉണ്ടെന്ന കാര്യം ഈ ആൺസുഹൃത്തിനോടു പറഞ്ഞിരുന്നില്ല.

പിന്നീട് ഇയാൾ കുഞ്ഞിന്റെ കാര്യം അറിയുകയും വിവാഹത്തിൽ നിന്ന് ഒഴിയാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് കുഞ്ഞിനെ ഒഴിവാക്കാൻ ആസിയ തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു.

എലപ്പുള്ളിയിൽ ആസിയയുടെ വീട്ടിൽ കഴിഞ്ഞദിവസം മൂന്ന് വയസ്സുകാരനെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിച്ച് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞിരുന്നു. പിന്നാലെ അമ്മയെയും ജ്യേഷ്ഠ സഹോദരിയെയും കസ്റ്റഡിയിലെടുത്ത് കസബ പോലീസ് ചോദ്യം ചെയ്തത്.

RECENT POSTS
Copyright © . All rights reserved