India

യുഎസ്-കാനഡ അതിര്‍ത്തിയില്‍ നാലുപേരടങ്ങുന്ന ഇന്ത്യന്‍ കുടുംബം തണുത്ത് മരിച്ചു. എമേഴ്‌സണിലെ മാനിറ്റോബയ്ക്ക് സമീപം ഒരു വയലിലാണ് പിഞ്ച് കുഞ്ഞും സ്ത്രീയും ഉള്‍പ്പെടുന്ന കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ അപകടത്തില്‍ പെടുകയായിരുന്നു എന്നാണ് വിവരം. മരിച്ച നാല് പേരെയും അതിര്‍ത്തിയുടെ 9-12 മീറ്ററിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. മൈനസ് 35 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടുത്തെ താപനില. ഇതോടൊപ്പം അതികഠിനമായ ശൈത്യക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നതായാണ് പറയപ്പെടുന്നത്.

അനധികൃതമായി അതിര്‍ത്തി കടന്നതിന് എമേഴ്‌സണ് സമീപം ഒരു സംഘത്തെ ബോര്‍ഡര്‍ സെക്യൂരിറ്റി അറസ്റ്റ് ചെയ്തിരുന്നു. ഇതിലൊരാള്‍ പിഞ്ച് കുഞ്ഞിനാവശ്യമായ ഭക്ഷണവും മറ്റും കയ്യില്‍ സൂക്ഷിച്ചിരുന്നുവെങ്കിലും സംഘത്തില്‍ കുഞ്ഞിനെ കാണാഞ്ഞതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂരിരുട്ടില്‍ സംഘത്തില്‍ നിന്ന് കുടുംബം വേര്‍പ്പെടുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ടുള്ളതാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ഒരു യുഎസ് പൗരനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലെടുത്ത മറ്റ് ഏഴ് ഇന്ത്യക്കാരില്‍ ഒരാളെ അതിശൈത്യത്തെത്തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യുഎസിലും കാനഡയിലുമുള്ള ഇന്ത്യന്‍ പ്രതിനിധികള്‍ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. സംഭവത്തില്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ഖേദം പ്രകടിപ്പിച്ചു.

അമേരിക്കയില്‍ നിന്ന് കാനഡയിലേക്കും തിരിച്ചും അതിര്‍ത്തി കടക്കുന്നത് സര്‍വസാധാരണമായ കാര്യമാണെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മുന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് നിരവധി പേര്‍ ഇത്തരത്തില്‍ കാനഡയിലേക്ക് കുടിയേറിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ മറ്റ് ഇന്ത്യക്കാരെ ചോദ്യം ചെയ്തത് പ്രകാരം ഇവരെ അമേരിക്കയില്‍ ആരോ കാത്തുനില്‍ക്കാമെന്നേറ്റിരുന്നുവെന്നാണ് അറിയുന്നത്.

മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപ്പിടിച്ച് ഏഴ് പേർ മരിച്ചു. 16 പേർ പരിക്കുകളോടെ ചികിത്സയിലാണ്. മുംബൈയിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്സ് എന്ന കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായത്.

രാവിലെ 7 മണിയോടെയാണ് കെട്ടിടത്തിന്‍റെ 18ാം നിലയിൽ തീ പടർന്നത്. തീയും പുകയും വേഗത്തിൽ പടർന്നതോടെ മുകൾ നിലയിലുള്ളവരും കുടുങ്ങി. 13 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പണിപ്പെട്ടാണ് തീയണച്ചത്.

പരിക്കേറ്റവരെ ഭാട്ടിയ ആശുപത്രിയിലും, കസ്തൂർഭാ ആശുപത്രിയിലും, നായർ ആശുപത്രിയിലുമായാണ് പ്രവേശിപ്പിച്ചത്. മൂന്ന് പേർ ആശുപത്രിയിലെത്തും മുൻപ് തന്നെ മരിച്ചിരുന്നു. മേയർ കിഷോരി പഡ്നേക്കർ അടക്കമുള്ളവർ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകി. ഷോർട് സ‍ക്യൂട്ടാണ് അപകടകാരണമെന്നാണ് വിവരം. അഗ്നി ശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നു എന്നും പ്രഥാമികമായ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ നാളെ മുതല്‍ മൂന്ന് ദിവസം ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി. രാവിലെ ഒമ്പത് മുതല്‍ രാത്രി എട്ട് വരെയാണ് ചോദ്യം ചെയ്യാന്‍ അനുവദിച്ചിരിക്കുന്ന സമയം. വ്യാഴാഴ്ച വരെ പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്.

ചോദ്യം ചെയ്യലിന് ശേഷം വിവരങ്ങള്‍ കോടതിയെ അറിയിക്കണം. വ്യാഴാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും. ദിവസം അഞ്ചോ ആറോ മണിക്കൂര്‍ ചോദ്യം ചെയ്യലിന് തയ്യാറാകാമെന്നും അറസ്റ്റ് ഒഴിവാക്കണമെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ദിലീപിന് പുറമേ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി എന്‍ സൂരജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, ദിലീപിന്റെ സുഹൃത്ത് ആലുവ സ്വദേശി ശരത് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. ഇവരും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍ ഹാജരാകണം.

പ്രോസിക്യൂഷന്‍ കൈമാറിയ തെളിവുകളില്‍ പലതും അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നിയമവിരുദ്ധമായ കാര്യങ്ങള്‍ക്കായി ഗൂഢാലോചന നടത്തുന്നത് കുറ്റകരമാണെന്നും ദിലീപിനെതിരെയുള്ള ആരോപണങ്ങള്‍ ഗൗരവതരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അന്വേഷണ ഉദ്യോഗസ്ഥരെ സ്വാധീനിക്കാനോ കേസില്‍ യാതൊരു തരത്തിലുള്ള ഇടപെടലുകളും നടത്താനോ പാടില്ലെന്ന് ദിലീപിന് കോടതി കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

കോട്ടയം വൈക്കപ്രയാറില്‍ അമ്മയെ മകന്‍ തോട്ടില്‍ മുക്കി കൊന്നു. ഒഴുവില്‍ സുരേന്ദ്രന്റെ ഭാര്യ മന്ദാകിനി(68)യാണ് മരിച്ചത്. മദ്യലഹരിയിലായിരുന്ന മകന്‍ ബൈജുവാണ് അമ്മയെ മര്‍ദിച്ചതിനു ശേഷം തോട്ടില്‍ മുക്കി കൊലപ്പെടുത്തിയത്.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്തിരുന്നു.

ഇന്ന് വൈകിട്ടോടെ അമ്മയെ ക്രൂരമായി മര്‍ദിച്ച് അവശയാക്കിയ ബൈജു വീടിന് സമീപത്തെ തോട്ടില്‍ വച്ച് അമ്മയെ മുക്കി കൊല്ലുകയായിരുന്നു.

സംഭവം കണ്ട നാട്ടുകാര്‍ മന്ദാകിനിയെ വൈക്കത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു.

കൊടുങ്ങലൂരിൽ ഭാര്യയെയും മക്കളെയും വീട്ടിൽ നിന്ന് പുറത്താക്കിയതായി പരാതി. കൊടുങ്ങലൂർ സ്വദേശി ശ്രീജേഷിനെതിരെ ഭാര്യ സവിതയാണ് പരാതിയുമായി രംഗത്തെത്തിയത്. മൊബൈൽ ഫോണിലൂടെ പകർത്തിയ വീഡിയോയിലൂടെയാണ് സവിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീജേഷിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലായിരുന്നു താമസമെന്നും ശ്രീജേഷ് വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും ഇതിന് പിന്നാലെയാണ് തന്നെയും മകനെയും അമ്മയെയും വീട്ടിൽ നിന്ന് ഇറക്കി വിട്ടതെന്നും സവിത വീഡിയോയിൽ പറയുന്നു.

സ്വത്ത് കൈക്കലാക്കാൻ വേണ്ടിയാണ് ശ്രീജേഷ് ഇതൊക്കെ ചെയ്യുന്നതെന്നും സവിത പറയുന്നു. കേസിന് പോകാൻ തന്റെ കയ്യിൽ പണമില്ലെന്നും. നിലവിലുള്ള കേസിന് പുറകെ പോയി ഉണ്ടായിരുന്ന ജോലിയും തനിക്ക് നഷ്ടപ്പെട്ടെന്നും സവിത പറയുന്നു. കൊടുങ്ങലൂർ മേൽശാന്തിയുടെ മകനാണ് തന്റെ ഭർത്താവ് ശ്രീജേഷ് എന്നും യുവതി വീഡിയോയിൽ പറയുന്നു.

വീട് പുറത്ത് നിന്നും പൂട്ടിയ അവസ്ഥയിലാണെന്നും കുഞ്ഞുങ്ങൾക്ക് ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണെന്നും സവിത വീഡിയോയിൽ പറയുന്നു. താൻ മാനസിക സമർദ്ദത്തിലാണെന്നും തനിക്ക് നീതി ലഭിക്കണമെന്നും സവിത വീഡിയോയിൽ പറയുന്നു.

അലി അക്ബർ സംവിധാനം ചെയ്ത 1921 പുഴമുതൽ പുഴ വരെ എന്ന ചിത്രത്തിൽ അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് അന്തരിച്ച കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തതിന് ശേഷമാണ് ആർഎൽവി രാമകൃഷ്ണന്റെ പ്രതികരണം. ആദ്യമായി തന്നെ ക്യാമറയ്ക്ക് മുന്നിൽ നിർത്തിയത് അലി അക്ബർ ആണെന്നും. മണിച്ചേട്ടന്റെ മരണത്തിന് ഇപ്പുറവും അദ്ദേഹം തന്നെ മറന്നിട്ടില്ലെന്നും ആർഎൽവി രാമകൃഷ്ണൻ പറയുന്നു.

ധാരാളം സിനിമ സംവിധായകർ ഉണ്ടെങ്കിലും ഇത്പോലെ ചേർത്ത് നിർത്തലും സമാശ്വാസവും ഉണ്ടായത് അലി അക്ബറിൽ നിന്ന് മാത്രമാണെന്നും ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്ബുക് കുറിപ്പിൽ പറയുന്നു. ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെയാണ് ആർഎൽവി രാമകൃഷ്ണൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ആർഎൽവി രാമകൃഷ്ണൻ പങ്കുവെച്ച ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ രൂപം.

നിരവധി വാദപ്രതിവാദങ്ങൾക്കൊടുവിൽ വാരിയൻകുന്നൻ പ്രധാന കഥാപാത്രമായി വരുന്ന അലി അക്ബർ സംവിധാനം ചെയ്യുന്ന 1921 പുഴ മുതൽ പുഴ വരെ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ചാത്തൻ പുലയൻ എന്ന ഒരു മുഴുനീള കഥാപാത്രത്തെ ഞാൻ ഈ ചിത്രത്തിൽഅവതരിപ്പിക്കുന്നു എന്ന സന്തോഷം ഞാൻ നേരത്തെ നിങ്ങളുമായി പങ്കുവച്ചിരുന്നല്ലോ

ഞാൻ ആദ്യമായി മണി ചേട്ടനോടൊപ്പം ഒരു സിനിമാ ലൊക്കേഷനിലേക്ക് പോകുന്നത് പെരുമ്പാവൂരിൽ ചിത്രീകരണം നടന്ന അലി അക്ബർ സംവിധാനം ചെയ്ത മണി ചേട്ടൻ പ്രധാന വേഷം ചെയ്ത ബാംബൂ ബോയ്സിൻ്റെ ലൊക്കേഷനിലേക്കാണ്. അവിടെ ചെന്നപ്പോൾ യാദൃശ്ചികമായി എന്നെ കൊണ്ട് ഒരു കഥാപാത്രം ആ ചിത്രത്തിൽ ചെയ്യിപ്പിച്ചത് അലി അക്ബർ സാറായിരുന്നു. ജെ വില്യംസ് ക്യാമറ ചലിപ്പിച്ച ആ ചിത്രത്തിൽ ജഗതി ശ്രീകുമാർ എന്ന അതുല്യ നടനോടൊപ്പം ആയിരുന്നു ആദ്യ ഷോട്ട്. ഷൂട്ടിങ്ങ് എന്താണെന്ന് കണ്ടിട്ടില്ലാത്ത ഞാൻ വളരെ പരിഭ്രാന്തനായ നിമിഷം.ഒപ്പം കുറേ സിനിമാ നടൻമാരെ നേരിൽ കണ്ട സന്തോഷവും.

നാളുകൾക്കിപ്പുറം മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല. ഈ ചിത്രത്തിൽ ചാത്തൻ പുലയൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ തിരഞ്ഞെടുത്ത് എന്നെയായിരുന്നു’. ഞങ്ങളുടെ പരിചയത്തിൽ ധാരാളം സിനിമാ സംവിധായകർ ഉണ്ടെങ്കിലും ഇങ്ങനെയൊരു ചേർത്തുനിർത്തലും സമാശ്വാസവും ഉണ്ടായത് അലി സാറിൽ നിന്നാണ് എന്ന് തുറന്നു പറയുന്നതിൽ യാതൊരു മടിയും ഇല്ല. ഒരു സംവിധായകരുടെയും മുൻപിൽ ചാൻസ് ചോദിച്ച് പോയിട്ടില്ലാത്ത എന്നെ വിളിച്ച് ഒരു അവസരം തന്ന ഈ സിനിമയെ ഉപേക്ഷിക്കാൻ തോന്നിയില്ല. കാരണം ഈ ചിത്രത്തിലെ ചാത്തൻ പുലയനെ പറ്റി പറഞ്ഞപ്പോൾ അത്രയേറെ ഇഷ്ടമായി. ഒപ്പം ഒരു അടിപ്പൊളി ഗാനരംഗം എനിക്ക് വേണ്ടിയുള്ളതാണെന്ന് പറഞ്ഞ ആ ഗാനം കേട്ടപ്പോൾ ഒട്ടും തന്നെ സംശയം തോന്നിയില്ല.

ഈ കഥാപാത്രത്തെ ഞാൻ അവതരിപ്പിക്കാം എന്ന് സമ്മതിച്ചതിൻ്റെ പിറ്റേ ദിവസം അലി അക്ബറും പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരനും മറ്റും ചേർന്ന് ഞാൻ ജോലി ചെയ്യുന്ന കാലടി സംസ്കൃത സർവ്വകലാശാലയിൽ വന്ന് അഡ്വാൻസ് തന്ന് ഉറപ്പിച്ചു. എൻ്റെ സഹോദരനോടുണ്ടായിരുന്ന എല്ലാ ബഹുമാനവും സ്നേഹവും ആ ലൊക്കേഷനിൽ എനിക്ക് ലഭിച്ചത് ഞാൻ മറക്കില്ല.കല കാണാനും ആസ്വദിക്കാനും മാത്രമാണ്. സിനിമയായാലും സംഗീതമായാലും നൃത്തമായാലും എല്ലാം ഒരു പോലെ തന്നെ.

ഷെറിൻ പി യോഹന്നാൻ

ഡി ഫാം പൂർത്തിയാക്കി ജോലി അന്വേഷിച്ചു നടക്കുന്ന വിനു, അമ്മയ്ക്കും അമ്മൂമ്മയ്ക്കും ഒപ്പമാണ് കഴിയുന്നത്. അമ്മ ആശ മാനസികാരോഗ്യത്തിന് ചികിത്സ തേടുന്നുണ്ട്. കിടപ്പിലായ അമ്മൂമ്മ മരണപ്പെടുന്നതോടെ വീട്ടിൽ അമ്മയും മകനും മാത്രമാകുന്നു. അമ്മൂമ്മയുടെ മരണത്തിന് പിന്നാലെ ആ വീട്ടിൽ ചില അസ്വാഭാവിക സംഭവങ്ങളും അരങ്ങേറുന്നു. നിഗൂഢതകൾ നിറഞ്ഞ ഭൂതകാലത്തേക്കുള്ള വാതിലായിരുന്നു അത്.

ഒരു സൈക്കോളജിക്കൽ ത്രില്ലർ രീതിയിലാണ് ചിത്രം കഥ പറഞ്ഞാരംഭിക്കുന്നത്. ഇടയ്ക്കിടെ ഹൊറർ എലമെന്റുകളും വന്നു പോകുന്നു. ആ വാടക വീടും വിനുവും അമ്മയുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. പല പ്രശ്നങ്ങൾ അലട്ടുന്ന, സമാധാനമായി ഉറങ്ങാൻ കഴിയാത്ത രണ്ടു പേരെ കൃത്യമായി എസ്റ്റാബ്ലിഷ് ചെയ്യാൻ തിരക്കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

സ്ലോ പേസിൽ നീങ്ങുന്ന കഥ ആദ്യ പകുതിയുടെ അവസാനം ആകാംഷ സമ്മാനിക്കുന്നുണ്ട്. പിന്നീട് കൃത്യമായ സൈക്കോളജിക്കൽ മൂഡ് നിലനിർത്തുന്ന ചിത്രം അവസാന പതിനഞ്ചു മിനിറ്റിൽ ഞെട്ടിക്കുന്ന ഹൊറർ ത്രില്ലറായി രൂപം മാറുകയാണ്. നിസ്സഹായരായി, പരസ്പരം പഴിചാരുന്ന അമ്മയും മകനും പ്രേക്ഷകനുമായി കണക്ട് ആവുന്നിടത്ത് കഥ എൻഗേജിങ്‌ ആവുന്നു.

കഥാപാത്രങ്ങളുടെ ഇമോഷൻസ് പ്രേക്ഷകനുള്ളിലേക്ക് എത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്. പ്രകടനങ്ങളിൽ രേവതിയും ഷെയിൻ നിഗവും മികവ് പുലർത്തുന്നു. ക്ലൈമാക്സ്‌ സീനിലെ ഇരുവരുടെയും പ്രകടനം അതിഗംഭീരമാണ്. പതിവ് ജമ്പ് സ്കയറുകളും ഗിമ്മിക്കുകളും ഒഴിവാക്കിയുള്ള കഥപറച്ചിൽ രീതിയാണ് ‘ഭൂതകാല’ത്തെ വ്യത്യസ്തമാക്കുന്നത്.

കഥയുടെ സിംഹഭാഗവും ഒരു വീടിനുള്ളിലാണ് നടക്കുന്നത്. എന്നാൽ ആവർത്തന വിരസതയില്ലാതെ സീനുകളെ ക്രമീകരിച്ചിട്ടുണ്ട്. ചിത്രത്തിലുള്ള ഒരേയൊരു ഗാനം മനോഹരമാണെങ്കിലും പ്ലേസ്മെന്റ് അത്ര ഉചിതമായി തോന്നിയില്ല. ഏതാനും ചില കഥാപാത്രങ്ങളിലൂടെ മനുഷ്യബന്ധങ്ങളെപ്പറ്റിയും സിനിമ തീവ്രമായി സംസാരിക്കുന്നു.

Last Word – ഹൊറർ ചിത്രങ്ങളിൽ കണ്ടുവരുന്ന ക്‌ളീഷേകൾ പരമാവധി ഒഴിവാക്കിയാണ് ‘ഭൂതകാലം’ കഥപറയുന്നത്. സ്ലോ പേസിൽ നീങ്ങുന്ന ചിത്രം പ്രകടന മികവിലൂടെയും വ്യത്യസ്തമായ ട്രീറ്റ്മെന്റിലൂടെയും എൻഗേജിങ്ങായി മാറുന്നു. ഉദ്വേഗജനകമായ ക്ലൈമാക്സും ഗംഭീരം. വലിയ സ്‌ക്രീനിൽ, നല്ല സൗണ്ട് സിസ്റ്റത്തിന്റെ സഹായത്തോടെ കണ്ടാൽ മികച്ച അനുഭവം ലഭിക്കുമെന്നുറപ്പ്.

നവാഗതനായ വിഷ്ണു മോഹൻ സംവിധാനം ചെയ്ത് ഉണ്ണിമുകുന്ദൻ നായകനായെത്തിയ ചിത്രമാണ് മേപ്പടിയാൻ തീയേറ്ററിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന ചിത്രത്തിനെതിരെ നിരവധി വിമർശങ്ങൾ ഉയർന്ന് വരുന്നുണ്ട്. സംഘപരിവാർ അജണ്ടകളാണ് ഒളിഞ്ഞും തെളിഞ്ഞും ചിത്രം പറയുന്നതെന്നാണ് പ്രധാന ആരോപണം. സേവാഭാരതിയുടെ ആംബുലൻസ് മുതൽ ചിത്രത്തിലെ നായകൻ കറുപ്പുടുത്ത് ശബരിമലയ്ക്ക് പോകുന്നത് വരെ വിമർശനത്തിന് കാരണമാകുന്നു.

ഇപ്പോഴിതാ മേപ്പടിയാൻ പച്ചയായ വർഗീയത പറയുന്ന ചിത്രമാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ. ജനം ടിവിക്കും സേവാഭാരതിക്കും നന്ദി പറഞ്ഞ് തുടങ്ങുന്നത് ഉണ്ണിമുകുന്ദന്റെ തോന്നിവാസമാണെന്ന് യൂത്ത് കോൺഗ്രസ്സ് നേതാവ് പറയുന്നു. സംവിധായകൻ വിഷ്ണു മോഹൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുന്നതാണെന്നും ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

ശോഭ സുബിൻ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം :

വളരെ തന്ത്രപരമായൊന്നും അല്ല മേപ്പടിയാനിൽ വർഗ്ഗീയത പറയുന്നത്. പച്ചയായി തന്നെയാണ്. ഫിലിം ആരംഭിക്കുന്നതിന് മുൻപ് നന്ദി പറയുന്ന മീഡിയകൾ മാതൃഭൂമിയോടും ജനം ടി വി യോടും ആണ്.. സേവാഭാരതി യോടും ഉണ്ട് നന്ദി. പി സി ജോർജിനും മകനും നന്ദി ഗംഭീരമായി പറഞ്ഞിരിക്കുന്നത് നമുക്ക് മറക്കാതിരിക്കാം.. ചിലപ്പോൾ ജനം ടി വി യോട് നന്ദി പറഞ്ഞ മലയാളത്തിലെ ആദ്യത്തെ ഫിലിം ആയിരിക്കും മേപ്പടിയാൻ.. ഉണ്ണി മുകുന്ദൻ്റെ ഫിലിം പ്രാഡക്ഷൻ കമ്പനി ആയ UMF നിർമ്മിച്ച ചിത്രമായത് കൊണ്ട് തൻ്റെ എല്ലാ തന്നിഷ്ടങ്ങളും തോന്നിവാസവും ഉപയോഗിക്കാൻ ഉണ്ണി മുകുന്ദന് കഴിഞ്ഞിട്ടുണ്ട്.

വിഷ്ണു മോഹൻ തിരക്കഥയും സംഭാഷണവും സംവിധാനവും നിർവഹിച്ച ചിത്രം കൃത്യമായി ഒരു മതത്തിനെതിരെ സംസാരിക്കുകയാണ്.. കഥയിൽ ഇന്ദ്രൻ സ് അ വ ത രിപ്പിക്കുന്ന അഷറഫ് ഹാജി ഭൂമി തന്ത്രപരമായി കൈക്കലാക്കുന്ന ആരും ഇഷ്ടപെടാത്ത കഥാപാത്രമാക്കി തീർക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. തികഞ്ഞ മതവിശ്വാസിയാണ് അഷറഫ് ഹാജി.. ഹാജി എന്ന വാക്ക് പ്രത്യകം ശ്രദ്ധിക്കണം.. അഷറഫ് ഹാജിയെ കാണിക്കുമ്പോഴല്ലാം പുട്ടിന് പീര പോലെ നിസ്ക്കരിച്ചിട്ട് വരാം, പള്ളിയിൽ പോയി വന്നിട്ട് കാണാം എന്ന ഡയലോഗുകളും പ്രേക്ഷനിൽ മുസ്ലിം വിരുദ്ധത കുത്തിനിറക്കാൻ ചേർക്കുന്നതാണ് എന്ന യാഥാർത്ഥ്യത്തെ തിരിച്ചറിയാതെ പോകരുത്.അഷറഫ് ഹാജിയെ കൊണ്ട് തന്നെ ഞങ്ങളുടെ മതവിശ്വാസത്തിന് പലിശ എതിരാണ് എന്ന ഡയലോഗ് പറയിപ്പിച്ചതിന് ശേഷമാണ് വലിയ വിലയുള്ള ഭൂമി സാഹചര്യം മുതലാക്കി കുറഞ്ഞ വിലയ്ക്ക് കൈക്കലാക്കുന്ന വില്ലനായ്..അവതരിപ്പിക്കുന്നത്.

നായകൻ തികഞ്ഞ ഹിന്ദു മത വിശ്വാസി. നിഷ്ക്കളങ്കൻ.. അമ്മയെയും കുടുംബത്തേയും നോക്കുന്ന ശബരിമലയ്ക്ക് പോകുന്ന അയ്യപ്പ വിശ്വാസി..ഒന്ന്.. എല്ലാം തികഞ്ഞ.. നിഷ്കുവായ.. കറുത്ത മുണ്ടും കറുത്ത ഷർട്ടും അയ്യപ്പ മാലയും ഇട്ട ചെരുപ്പിടാത്ത അയ്യപ്പഭക്തനായ ഹിന്ദു മത വിശ്വാസി.. ജയകൃഷ്ണൻ..കൃഷ്ണൻ എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം. രണ്ട്… കൗശലക്കാരനായ ഒരിറ്റ് ദയ പോലും ഇല്ലാത്ത .. ധനാഡ്യനായ.. മറ്റുള്ളവരുടെ ഭൂമി തട്ടിയെടുക്കുന്ന വെള്ളമുണ്ട് ഉടുത്ത… വെളള്ള കുപ്പായമിട്ട മുണ്ട് ഇടത്തോട്ട് ഉടുത്തിരിക്കുന്ന ..ഉപ്പുറ്റിയുടെ മുകളിൽ ആണ് മുണ്ട് നിൽക്കുന്നത്.. മുസ്ലിം തൊപ്പി ധരിച്ച അഷറഫ് ഹാജി.. കൂടെ എപ്പോഴും ക്രൂരമുഖത്തോട് കൂടിയ രണ്ട് പേർ.. അവരുടെ വേഷവും സമാനം.. ഹാജി എന്നുള്ളത് പ്രത്യകം നോട്ട് ചെയ്യണം..

നായകൻ നടത്തുന്ന വർക്ക്ഷോപ്പിൻ്റെ പേര് ശബരി.. കഥയിൽ പറയുന്ന വില്ലനായ അഷറഫ് ഹാജി വേടിച്ച ഭൂമിയിലൂടെ കടന്ന് പോകാൻ പോകുന്ന നൻമയുടെ പ്രതീകമായ റെയിൽവേ ലെയിൻൻ്റെ പേര് ശബരി..നായകനെ സഹായിക്കാനായി വരുന്ന ആംബുലൻസിൻ്റെ പേര് ഈയടുത്ത കാലത്ത് കൊലപാതകം നടത്താൻ ഉപയോഗിച്ച അതേ ആംബുലൻസിൻ്റെ പേര്.. സേവാഭാരതി.. അവസാനം ഗബരി റെയിൽ പാത വരുന്നു.. കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കുന്നു.. നൻമ നിറഞ്ഞ ജയകൃഷ്ണൻ വിജയിക്കുന്നതായും അഷറഫ് ഹാജിയുടെ ഭൂമിയിൽ പണിതിരിക്കുന്ന പുതിയ ഷോപ്പിങ്ങ് കോംപ്ലക്സ് ശബരി റെയിൽ വന്നത് കൊണ്ട് തകരുന്നതായും നമ്മൾ സങ്കൽപിക്കണം.. അവസാന സീൻ.. കറുത്ത മുണ്ട്.. കറുത്ത ഷർട്ട്.. കാലിൽ ചെരുപ്പടാതെ ജയകൃഷ്ണൻ.. ഒരു വശത്ത് അഷറഫ് ഹാജി അന്യായമായി വാങ്ങിയ ഭൂമിയിൽ ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ ഉദ്ഘാടനം..

ജയകൃഷ്ണൻ മലയ്ക്ക് പോയി അയ്യപ്പസ്വാമിയെ പ്രാർത്ഥിക്കുന്നു.. ഇരുമുടിക്കെട്ട്.. കാണിക്കുന്നു.. ബി ജി എം ഇടുന്നു.. മലയ്ക്ക് പോയി വന്നതിന് ശേഷം.. അടുത്ത സീൻ… അതാണ് സീൻ… ജയകൃഷ്ണൻ്റെ വീടിൻ്റെ പാർക്കൽ.. അന്നത്തെ പത്രത്തിലെ വാർത്ത.. കേന്ദ്ര സർക്കാർ ശബരി റെയിലിനായി 164 2 കോടി അനുവദിച്ചിരിക്കുന്നു… ഹൈന്ദവ മത വിശ്വാസിയായ..നൻമ മരമായ ജയകൃഷ്ണൻ വിജയിക്കുന്നു.. ഇസ്ലാം മതവിശ്വാസിയായ അഷറഫ് ഹാജി പരാജയപ്പെടുന്നു.. മനോഹരമായിരിക്കുന്നു വിഷ്ണു മോഹൻ… താങ്കൾ ഭംഗിയായ് വർഗ്ഗിയത പറയുന്നതിൽ വിജയിച്ചിരിക്കുന്നു.. ആർ എസ് എസ് കാർ ചെയ്ത രണ്ട് നൻമകളും കൂടി കാണിച്ചിരുന്നങ്കിൽ പൊളിച്ചേനേ വിഷ്ണു ബ്രോ.. താടിക്കാരനായ മോഡീജിക്ക് കൂടി ഒരു നന്ദിയും ആകാമായിരുന്നു.. അടുത്ത പടത്തിലെങ്കിലും അത് മറക്കരുത്… നീയൊക്കെ എത്ര വെളുപ്പിക്കാൻ ശ്രമിച്ചാലും വെളുപ്പിക്കാൻ കഴിയാത്തതിൻ്റെ പേരാണ് RSS സും.. ഭൂരിപക്ഷ വർഗ്ഗീയതയും.. കേരളത്തിൻ്റെ മണ്ണിൽ അതിന് സ്ഥാനമില്ലന്ന് തെളിയിച്ചതുമാണ്.. ഉണ്ണി മുകുന്ദൻ പണ്ടേ ഒരു നമോ ഭക്തനാണ് എന്ന് മറയില്ലാതെ തെളിയിച്ചതാണ്.. തുടരുക.

ഒന്നറിയുക.. ഇത് കേരളമാണ്… നെല്ലും പതിരും തിരിച്ചറിയാൻ കഴിവുള്ള പ്രബുദ്ധമായ ജനതയുള്ള നാടാണ്..

വർഗ്ഗീയതക്ക് എതിരെ പടപൊരുതിയ ചരിത്രമുള്ള മണ്ണാണ്. അവിടെയൊക്കെ സിനിമ വേവണമെങ്കിൽ ഇത്തരം വർഗ്ഗീയതയ്ക്ക് കുട പിടിക്കരുത്.. അയ്യപ്പസ്വാമിയുടെ ഉറ്റ സുഹൃത്തിൻ്റെ പേര് വാവര് എന്നാണ് ട്ടോ ഉണ്ണിയേ.. അവിടെ തൊഴുതിട്ട് വേണം അയ്യനെ കാണാൻ.. എന്നാലേ അയ്യപ്പസ്വാമി അനുഗ്രഹിക്കൂ.. ഗ്രീരാമനും, കാളി ദേവിയുമൊക്കെ പോയ് പോയ് ശബരിമലയിലാണ് ഇപ്പോഴത്തെ പിടിപ്പ്.. കാഞ്ഞ ബുദ്ധിയായ് പോയ്.. ഉണ്ണിയേ.. ഒരു വർഗ്ഗീയതയും ഇവിടെ പുലരില്ല.. കണ്ണിലെ കൃഷ്ണമണി പോലെ മതേതരത്വം കാത്ത് സൂക്ഷിക്കുന്ന ഒരു ജനതയുണ്ട് ഇവിടെ… അന്തസ്സും അഭിമാനത്തോടെയും കൂടി നല്ല സിനിമകൾക്ക് കാശ് ചില വാക്കൂ.. ഉണ്ണി മുകുന്ദൻ.. ഞങ്ങൾ പ്രോത്സാഹിപ്പിക്കാം..എന്നാൽ..ഇതൊന്നും ഇവിടെ നടക്കില്ല.. ഇത് താങ്കൾ വിചാരിക്കുന്ന പോലത്തെ മണ്ണല്ല…

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. ദിലീപിന് എതിരെ ഗുരുതര വകുപ്പ് കൂടി ഉൾപ്പെടുത്തി.

അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചനാ കേസിൽ നടന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കാനിരിക്കെയായിരുന്നു പോലീസിന്റെ നടപടി.

അതേസമയം, ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ശനിയാഴ്ചയിലേക്ക് മാറ്റി. അവധിദിവസമായ നാളെ പ്രത്യേകമായി പരിഗണിക്കും.

നേരത്തെ, ദിലീപിന് മുൻകൂർ ജാമ്യം അനുവദിക്കുന്നതിനെ എതിർത്തു സർക്കാർ കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ദിലീപിന് എതിരായ ആരോപണങ്ങൾ ഗൗരവമുള്ളതായതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യണം. മുൻകൂർ ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടക്കുന്നതെന്നും ബലാത്സംഗം ചെയ്യൻ ക്വട്ടേഷൻ നൽകിയത് രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമാണെന്നും സർക്കാരിന്റെ സത്യവാങ്മൂലത്തിൽ പറയുന്നു.

കുടുംബവഴക്കിനിടെ ഭർത്താവിനെ കൊലപ്പെടുത്തി തലയറുത്തെടുത്ത് ഭാര്യ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. ആന്ധ്രാപ്രദേശ് ചിറ്റൂർ ജില്ലയിലെ റെനിഗുണ്ടയിൽ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ഭർത്താവിന്റെ അറുത്തെടുത്ത തലയുമായി നടന്നാണ് യുവതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. 53കാരനായ ഭശ്യാം രവിചന്ദ്രൻ എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ വസുന്ധരയെ (50) അറസ്റ്റ് ചെയ്തു.

പോലീസ് സ്‌റ്റേഷനിലെത്തി വസുന്ധര കീഴടങ്ങിയതിനു പിന്നാലെ പോലീസ് ഇവരുടെ വീട്ടിലെത്ത് പരിശോധന നടത്തിയപ്പോഴാണ് രവിചന്ദ്രന്റെ ശരീരം കണ്ടെത്തിയത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം എന്നു െേപാലീസ് അറിയിച്ചു.

ഗുണ്ടൂർ ജില്ലയിലെ നർസറോപേട്ട് സ്വദേശിയാണ് രവിചന്ദർ. ഭാര്യ വസുന്ധര പ്രകാശം ജില്ലയിലെ ഗിദ്ദലൂർ സ്വദേശിനിയാണ്. ദമ്പതികൾക്ക് 20 വയസ്സുള്ള മകനുമുണ്ട്. മകൻ മാനസികാസ്വാസ്ഥ്യത്തിനുള്ള ചികിത്സയിലാണ്. നിലവിൽ ഇവർ റെനിഗുണ്ട ടൗണിലെ പോലീസ് ലൈൻസ് സ്ട്രീറ്റിലാണ് താമസിച്ചിരുന്നത്.

ഭർത്താവിന്റെ പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത് ഒരു വർഷമായി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ ദമ്പതികൾ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായെന്നും പരസ്പരം ആക്രോശിക്കുന്നത് കേട്ടതായും സമീപവാസികൾ പോലീസിനോട് പറഞ്ഞു.

മാതാപിതാക്കൾ വഴക്കിടുമ്പോൾ മകൻ വീട്ടിലുണ്ടായിരുന്നില്ല. ദേഷ്യത്തിൽ വസുന്ധര മൂർച്ചയുള്ള കത്തി എടുത്ത് ആവർത്തിച്ച് കുത്തുകയും പിന്നീട് തലവെട്ടുകയുമായിരുന്നു. പിന്നീട് രവിചന്ദറിന്റെ തല പ്ലാസ്റ്റിക് ബാഗിലാക്കി പോലീസ് സ്റ്റേഷനിലെത്തി.

ബാഗ് മേശപ്പുറത്ത് വച്ചപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി-എന്നാണ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത്. വസുന്ധരയെ കൂടുതൽ ചോദ്യം ചെയ്തു വരികയാണ്.

RECENT POSTS
Copyright © . All rights reserved