India

കോട്ടയം∙ സമൂഹമാധ്യമങ്ങൾ വഴി പങ്കാളികളെ പരസ്പരം കൈമാറിയെന്ന കേസില്‍ കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ചത് 9 പേരെന്ന് കണ്ടെത്തല്‍. ഇവരില്‍ ആറുപേരാണ് പിടിയിലായത്. പിടിയിലാകാനുള്ള മൂന്നുപേരില്‍ കൊല്ലം സ്വദേശി വിദേശത്തേക്ക് കടന്നതായാണ് സൂചന.

കോട്ടയം സ്വദേശിനിയുടെ പരാതിയിലെ പ്രതികളില്‍ അഞ്ചുപേരും ഭാര്യമാരുമായി വന്നവരാണെന്നും പൊലീസ് കണ്ടെത്തി. നാലുപേര്‍ തനിച്ചെത്തിയവരാണ്. ഇവരെ ‘സ്റ്റഡ്’ എന്നാണ് അറിയപ്പെടുന്നത്. സംഘത്തിന് ഇവര്‍ 14,000 രൂപ നല്‍കണം. കേസിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും ഇത്തരം സംഘങ്ങളുടെ താവളങ്ങളെന്നാണ് കണ്ടെത്തല്‍.

പ്രവാസികളും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ദമ്പതികളും പങ്കാളികളെ കൈമാറ്റം ചെയ്യുന്ന സെക്സ് റാക്കറ്റിന്റെ ഭാഗമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അവധിയിൽ നാട്ടിലെത്തുന്ന പലരും ടൂറിസം കേന്ദ്രങ്ങളിലെ താമസയിടങ്ങളാണ് കപ്പിൾ മീറ്റിനായി തിരഞ്ഞെടുക്കുന്നത്. പല റിസോർട്ടുകളും ഇത്തരം സംഘങ്ങൾക്കായി മാത്രം പ്രവർത്തിക്കുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം സ്വദേശിനിയുടെ പരാതിയിൽ അറസ്റ്റിലായ പ്രതികളുടെ ഫോണിൽ നിന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്.

എടത്വാ: കിടപ്പ്‌ രോഗിയായ അമ്മയുടെ മരണം കണ്ടുനിന്ന മകള്‍ ഹൃദയാഘാതം മൂലം മരിച്ചു. പച്ച കൂട്ടക്കര പരേതനായ മാത്തന്‍ മത്തായിയുടെ ഭാര്യ റോസമ്മയുടെ(കുഞ്ഞമ്മ -85) മരണം കണ്ടുനിന്ന മകള്‍ പച്ച കളത്തില്‍ ജോയിയുടെ ഭാര്യ അന്നമ്മ ജോസഫാ(ലിസിയാമ്മ -54)ണു ഹൃദയാഘാതം മൂലം മരിച്ചത്‌.
ശനിയാഴ്‌ച രാത്രി 1.30 നാണു സംഭവം.

കിടപ്പ്‌ രോഗിയായിരുന്ന റോസമ്മയെ മകള്‍ പരിചരിച്ചു വരുകയായിരുന്നു. രാത്രിയില്‍ റോസമ്മ മരണത്തിനു കീഴടങ്ങി. കണ്ടുനിന്ന അന്നമ്മ നെഞ്ചുവേദനയോടെ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുവരുടേയും സംസ്‌കാരം ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ മൂന്നിനു പച്ച ചെക്കിടിക്കാട്‌ ലൂര്‍ദ്‌മാതാ പള്ളിയില്‍ നടക്കും.

റോസമ്മയുടെ മക്കള്‍: ബാബു, തങ്കച്ചന്‍, പരേതയായ വത്സമ്മ, കുഞ്ഞുമോന്‍, ബിജോയ്‌, തോമാച്ചന്‍, സാലിമ്മ. മരുമക്കള്‍: മേരിക്കുട്ടി (അമ്പലപ്പുഴ), റോസമ്മ (കൈനകരി), സജി (അടൂര്‍), മിനി (ചേര്‍ത്തല), എലിസബത്ത്‌ (കോഴഞ്ചേരി), കുഞ്ഞുമോള്‍ (കാട്ടുര്‍), മാത്യു (ചെക്കിടിക്കാട്‌).
അന്നമ്മയുടെ ഏകമകള്‍: സിയ.

പൊക്കം കുറവായതിനാൽ തന്നെ ആര്‍ക്കും ഓമനിക്കാൻ തോന്നുന്ന മുഖവുമായി സിനിമാ പ്രേമികളുടെ സ്നേഹം ഇതിനകം സൂരജ് നേടിക്കഴിഞ്ഞു. അടുുത്തിടെ പുറത്തിറങ്ങിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ റോബര്‍ട്ട് ആയുള്ള പ്രകടനത്തോടെ നിരവധി ആരാധകരാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോഴിതാ തന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ഒരു കുടുംബചിത്രം പങ്കുവെച്ചിരിക്കുകയാണ് സൂരജ്. സൂരജിന്റെ വാക്കുകള്‍- എനിക്കും ചേച്ചിക്കും പൊക്കം കൂടാനുള്ള പൊടി വാങ്ങി അച്ഛന്റെ പേഴ്‌സിലെ കുറേ കാശ് തീര്‍ന്നിട്ടുണ്ട്. ആ കുപ്പികള്‍ കൊണ്ട് ഞങ്ങളുടെ വീട് നിറഞ്ഞു എന്നല്ലാതെ ഞാന്‍ നാലിഞ്ചില്‍ നിന്നും ചേച്ചി മൂന്നിന്‍ചില്‍ നിന്നും ഒരു സെന്റീമീറ്റര്‍ പോലും വളര്‍ന്നില്ല. പക്ഷേ വളരാത്തത് പൊക്കം മാത്രമാണ് കേട്ടോ, മനസ്സുകൊണ്ട് ഞാനും ചേച്ചിയും അങ്ങു ഉയരത്തിലാണ്.

ലേഹ്യവും അരിഷ്ടവും തുടങ്ങി പല മരുന്നുകളും കിലോക്കണക്കിന് ഇവര്‍ കഴിച്ചിട്ടുണ്ട്. എന്നാല്‍ അതുകൊണ്ടൊന്നും ഇവരുടെ കാര്യത്തില്‍ ഒരു കാര്യവുമില്ല എന്ന് പിന്നീടാണ് രക്ഷിതാക്കള്‍ക്ക് മനസ്സിലായത്. ബ്രൗണ്‍ നിറമുള്ള ഒരു ചവര്‍പ്പുള്ള മരുന്ന് ഡോക്ടര്‍ സ്ഥിരമായി നല്‍കുമായിരുന്നു. പൊക്കം വരാന്‍ ഉള്ള ആഗ്രഹം കൊണ്ട് രുചി ഒന്നും നോക്കാതെ അത് കണ്ണടച്ചു കഴിക്കുമായിരുന്നു. ഓരോ തവണ ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോള്‍ ഒരു ചുമരില്‍ ചാരി നിര്‍ത്തി പൊക്കം അളക്കും.

അവസാനം ഡോക്ടര്‍ തന്നെ പറഞ്ഞു ഇത് നടക്കുമെന്ന് തോന്നുന്നില്ല. കാര്യങ്ങള്‍ തിരിച്ചറിയാന്‍ ആകുന്ന പ്രായമായപ്പോള്‍ ഒരു ദിവസം അച്ഛന്‍ തന്നെയും സഹോദരിയേയും വിളിച്ചിട്ട് പറഞ്ഞു, നിങ്ങള്‍ ഇനി അധികം പൊക്കം വയ്ക്കില്ല ഇപ്പോള്‍ ഉള്ളതില്‍ നിന്ന് ഇനി വലിയ മാറ്റമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല ചികിത്സ ഒക്കെ ഭയങ്കര ചെലവാണ്. നമ്മളെക്കൊണ്ട് താങ്ങില്ല. മാത്രമല്ല ചാന്‍സ് ഫിഫ്റ്റി ഫിഫ്റ്റി മാത്രമേയുള്ളൂ. പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

എന്നാല്‍ ഇതൊക്കെ കേള്‍ക്കുന്നതിനു മുമ്പ് തന്നെ ഞങ്ങളുടെ മനസ്സ് ആ സത്യവുമായി പൊരുത്തപ്പെട്ടിരിക്കുന്നു. പണ്ട് സ്‌കൂളില്‍ പോകുമ്പോള്‍ ബാക്കി കുട്ടികള്‍ക്ക് എല്ലാം പൊക്കമുള്ളത് കണ്ടിട്ട് പതുക്കെ നമ്മുടെ കാര്യവും ശരിയാകും എന്നായിരുന്നു കരുതിയിരുന്നത്. ചേച്ചിയാണ് എന്നേക്കാള്‍ കലാരംഗത്ത് ശേഭിക്കേണ്ടത്. കാരണം സ്‌കൂള്‍ കലോല്‍സവ വേദികളില്‍ ചേച്ചി ഒരുപാട് സമ്മാനങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ട്. പക്ഷേ ചേച്ചിക്ക് മടിയാണ്.ചുറ്റുമുള്ളവരെ നോക്കി വീട്ടില്‍ തന്നെ ഒതുങ്ങുന്ന പ്രകൃതമായി മാറി. മറ്റുള്ളവരെ നോക്കി നമുക്ക് ജീവിക്കാന്‍ പറ്റില്ല.

പലരും പലതും പറയും അതെല്ലാം കേട്ടില്ലെന്ന് വെച്ച് വിടുന്ന രീതിയാണ് എന്റേതെന്നും സൂരജ് വ്യക്തമാക്കുന്നു. ആദ്യം ഞാന്‍ ഒരു ചെറിയ കാര്‍ വാങ്ങി. പിന്നെ ഞങ്ങളുടെ നീളത്തിനെല്ലാം അനുയോജ്യമായ രീതിയില്‍ ഒരു നല്ല വീടും പണിതു, വീട്ടില്‍നഞങ്ങളുടെ പൊക്കത്തിന് അനുസരിച്ചാണ് സ്വിച്ച് ബോര്‍ഡുകളെല്ലാം ചെയ്തിരിക്കുന്നത്. അടുത്തതായി എന്റെ ഏറ്റവും വലിയ സ്വപ്നമാണ് ചേച്ചിയുടെ വിവാഹം.

ചേച്ചിയെ സ്വീകരിക്കാന്‍ കഴിയുന്ന വലിയ മനസുള്ള ഒരാളെ വേണം. എന്റെ സുന്ദരിക്കുട്ടിയെ ധൈര്യമായി അയാളുടെ കൈ പിടിച്ച് കൊടുക്കണം, നടക്കും നടക്കാതെ എവിടെ പോകാന്‍ എന്നും സൂരജ് പറയുന്നു. മമ്മൂക്ക, ഷക്കീല ചേച്ചി, തമിഴ് നടന്‍ വിക്രം സാര്‍ എന്നിവരുടെയെല്ലാം ഒക്കത്തിരിക്കാനുള്ള ഭാഗ്യമുണ്ടായി. എല്ലാവരും ഇതിനെപറ്റി ചോദിക്കും ശരിക്കും പറഞ്ഞാല്‍ സ്റ്റേജില്‍ പെര്‍ഫോം ചെയ്യുമ്പോള്‍ അതിനെപ്പറ്റിയൊന്നും ആലോചിക്കാറില്ല.

മുകേഷ് അംബാനി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സിപിഐക്ക് 25 കോടി രൂപ സംഭാവന നല്‍കാനായി എത്തിയത് വെളിപ്പെടുത്തി പന്ന്യന്‍ രവീന്ദ്രന്‍. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അംബാനി പണവുമായി സിപിഐ നേതാവ് എ.ബി ബര്‍ദനെയാണ് കാണാന്‍ വന്നത്. എന്നാല്‍ ബര്‍ദന്‍ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ മടക്കി അയച്ചുവെന്നും താന്‍ സാക്ഷിയാണെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഒന്നാം യുപിഎ സര്‍ക്കാര്‍ ഭരിച്ചത് ഇടത് പാര്‍ട്ടികളുടെ കൂടി പിന്തുണയിലായിരുന്നു. 2006 ല്‍ പാര്‍ട്ടിയുടെ കേന്ദ്ര എക്സിക്യൂട്ടീവ് അംഗമായിരുന്നു പന്ന്യന്‍. അക്കാലത്താണ് അംബാനി പണവുമായി എത്തിയതെന്നാണ് പന്ന്യന്‍ രവീന്ദ്രന്‍ വെളിപ്പെടുത്തിയത്. സിപിഐയുമായുള്ള ബന്ധം മെച്ചപ്പെടുത്താനെന്നും പറഞ്ഞാണ് വന്നത്.

‘ഒരു ദിവസം പാര്‍ട്ടി ഓഫീസില്‍ പോയപ്പോള്‍ ബര്‍ദന്‍ പറഞ്ഞു, ഇരിക്ക് ഒരാള്‍ ഇപ്പോള്‍ വരും എന്ന്. അപ്പോഴാണ് റിലയന്‍സിന്റെ മുതലാളി വരുന്നത്. നമ്മള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം. ഞങ്ങടെ കയ്യില്‍ നിന്ന് പണമൊന്നും ഈ പാര്‍ട്ടി വാങ്ങിയിട്ടില്ല. അതുകൊണ്ട് പണവുമായി വന്നതാണ്. ആദ്യത്തെ കൂടിക്കാഴ്ച ആയതുകൊണ്ട് 25 കോടി രൂപയുണ്ട്’. പാര്‍ട്ടിക്ക് സംഭാവന നല്‍കാനാണെന്ന് പറഞ്ഞു.

അപ്പോഴേക്കും ബര്‍ദന്റെ മുഖം മാറി. ഇത് നേരത്തെ പറഞ്ഞിരുന്നെങ്കില്‍ ഇവിടെ വരേണ്ടിയിരുന്നില്ലല്ലോ എന്ന് ബര്‍ദന്‍ പറഞ്ഞു. ഞങ്ങള്‍ പണം പിരിക്കുന്ന പാര്‍ട്ടിയാണ്. പക്ഷെ ഇത്തരം കോര്‍പറേറ്റുകളുടെ പണം ഞങ്ങള്‍ക്ക് വേണ്ട എന്നാണ് അന്ന് ബര്‍ദന്‍ പറഞ്ഞത്,’ പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.ഉറച്ച നിലപാടുകള്‍ സ്വീകരിക്കാന്‍ ബര്‍ദനെ പോലുള്ള നേതാക്കള്‍ക്ക് മാത്രമേ സാധിക്കൂ എന്നും പന്ന്യന്‍ കൂട്ടിച്ചേര്‍ത്തു.

പട്ടത്ത് ദുരൂഹ സാഹചര്യത്തിൽ ഉപേക്ഷിക്കപ്പെട്ട വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആതിദ്യനാഥിനും എതിരേ മുദ്രാവാക്യങ്ങള്‍ എഴുതിയ വാഹനമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനനന്തപുരം പട്ടത്തുനിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാറാണ് സ്വകാര്യ ഹോട്ടലിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹോട്ടലിൽ ബഹളമുണ്ടാക്കി വാഹനം ഉപേക്ഷിച്ച് കടന്ന് കളഞ്ഞ പഞ്ചാബ് സ്വദേശിക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കി. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പട്ടത്തെ സ്വകാര്യ ഹോട്ടലിലേക്ക് സംശയകരമായ സാഹചര്യത്തിൽ പഞ്ചാബ് സ്വദേശി എത്തിയത്.

ഞായറാഴ്ച വൈകീട്ടോടെയാണ് വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. ആര്‍എസ്എസിനെ വിമര്‍ശിച്ചും കർഷക സമരം, പുൽവാമ ഭീകരാക്രമണം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും ആർഎസ്എസിനും എതിരായ വാചകങ്ങൾ കാറിന് പുറത്ത് എഴുതിയിട്ടുണ്ടായിരുന്നു. കറുത്ത മഷി കൊണ്ട് കാറിന് ചുറ്റും വലിയ അക്ഷരത്തിലാണ് ഇവ എഴുതിയിരിക്കുന്നത്. അമിത വേഗതയിലായിരുന്നു കാർ ഹോട്ടലിന് മുന്നിൽ നിർത്തിയത്. സുരക്ഷാ ജീവനക്കാർ ചോദ്യം ചെയ്തപ്പോൾ ഇയാൾ അസ്വസ്ഥനായി ഹോട്ടലിലെ ബാറിലേക്ക് പോയി. കാറിലെ എഴുത്തും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെ ഹോട്ടൽ ജീവനക്കാർ ഇയാൾക്ക് മദ്യം നൽകിയില്ല. ആകെ പ്രകോപിതനായ ഇയാൾ പിന്നീട് ഹോട്ടലിൽ ബഹളം വച്ചു. സുരക്ഷാ ജീവനക്കാരെ ഭീഷണിപ്പെടുത്തി.

ഹോട്ടൽ അധികൃതർ പൊലീസിന് വിവരം അറിയിച്ചതോടെ ഇയാൾ കാർ ഉപേക്ഷിച്ച് സംഭവസ്ഥലത്തുനിന്ന് ഇയാള്‍ ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഇയാളെ കണ്ടെത്താന്‍ പൊലീസ് നഗരത്തില്‍ തിരച്ചില്‍ ആരംഭിച്ചു. ഡ്രൈവര്‍ യുപി സ്വദേശിയാണെന്നാണ് സൂചന. കാര്‍ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി.

ബോംബ് സ്ക്വാഡും ഡോഗ് സ്വകാഡും സ്ഥലത്തെത്തി. കാറിലുണ്ടായിരുന്ന ബാഗുകളിൽ നിന്ന് പഴകിയ വസ്ത്രങ്ങളും കേബിളുകളും ഇലക്ട്രോണിക് വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. ഉണങ്ങിയ നിലയിലായിരുന്നു കാറിന് പുറത്തെ മഷി. ഈ വാചകങ്ങളുമായി കാർ ഇത്രയും ദൂരം സഞ്ചരിച്ചതെങ്ങനെയെന്നാണ് പൊലീസിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. പഞ്ചാബ് സ്വദേശിയായ രത്തന്‍ സിംഗ് എന്നയാളുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇയാള്‍ തന്നെയാണോ കാര്‍ ഓടിച്ച് വന്നതെന്ന് വ്യക്തമല്ല. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. സംഭവം ഉന്നത നേതൃത്വത്തെയും വിവിധ അന്വേഷണ ഏജൻസികളെയും പൊലീസ് അറിയിച്ചിട്ടുണ്ട്.

വാഴൂര്‍ റോഡില്‍ തെങ്ങണയ്ക്ക് സമീപം ഇല്ലിമൂട്ടില്‍ നിയന്ത്രണം വിട്ട കാര്‍ മതിലില്‍ ഇടിച്ച്‌ യുവാവ് മരിച്ചു.മമ്മൂട് വെങ്കോട്ട കുളത്തുങ്കല്‍ ലാലിച്ചന്റെ മകന്‍ ബോബിന്‍ കെ ലാലിച്ച(26)നാണ് മരിച്ചത്‌. ബോബിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കേറ്ററിംങ് ജോലികള്‍ക്കു ശേഷം മടങ്ങുകയായിരുന്നു വെങ്കോട്ട സ്വദേശികളായ സംഘം.

ഇവര്‍ സഞ്ചരിച്ച കാര്‍ ഇല്ലിമൂടിനു സമീപം നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ച്‌ മറിയുകയായിരുന്നു .ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം വിട്ടു നല്‍കും. മാതാവ് സുബി.സഹോദരങ്ങള്‍ ലോബിന്‍, ലിബി.

നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകൾ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തി.

ഗൂഢാലോചന നടത്തിയതിന്റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ സ്വകാര്യ ചാനലിനോട് പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ നടൻ ദിലീപിനെതിരെ പുതിയ കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന് ചൂണ്ടിക്കാട്ടി ദിലീപ്, സഹോദരൻ അനൂപ് അടക്കം ആറു പേർക്കെതിരെയാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്.ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ദിലീപ്, വീട്ടിൽവെച്ച് സഹോദരൻ അടക്കമുള്ളവരോട് അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും ചെയ്യണമെന്നും ‘എസ്പി കെഎസ് സുദർശന്റെ കൈ വെട്ടണം’ എന്ന് പറഞ്ഞതായും ബാലചന്ദ്രകുമാർ മീഡിയവൺ ചാനലിനോട് വെളിപ്പെടുത്തിതായാണ് റിപ്പോർട്ട്.

കോന്നി പയ്യനാമണ്ണില്‍ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി
ഗൃഹനാഥന്‍ ജീവനൊടുക്കി. പയ്യനാമണ്ണില്‍ തെക്കിനേത്ത് വീട്ടില്‍ സോണി, ഭാര്യ റീന, എട്ടുവയസ്സുകാരനായ മകന്‍ റയാന്‍ എന്നിവരെയാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റീനയുടെയും റയാന്റെയും മൃതദേഹങ്ങള്‍ വെട്ടേറ്റനിലയിലാണ് കിടപ്പുമുറിയില്‍ കണ്ടെത്തിയത്. സോണിയെ മറ്റൊരു മുറിയിലും മരിച്ചനിലയില്‍ കണ്ടെത്തി.

കൊല്ലത്തേക്ക് പോകുകയാണെന്ന് സോണി ബന്ധുവിനോട് പറഞ്ഞിരുന്നതിനാല്‍ വീടിന് പുറത്ത് കാണാത്തതില്‍ ആര്‍ക്കും ദുരൂഹത തോന്നിയില്ല. ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം ഇയാള്‍ തൂങ്ങിമരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സോണിയുടെ സാമ്പത്തിക ബാധ്യതകളാകാം കൃത്യത്തിന് കാരണമായതെന്നും പോലീസ് കരുതുന്നു. സംഭവത്തില്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തലെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും ജില്ലാ പോലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ വിദേശത്ത് ബിസിനസ് നടത്തിയിരുന്ന സോണിക്ക് സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. സമീപകാലത്താണ് ഇയാള്‍ നാട്ടില്‍ തിരിച്ചെത്തിയത്. വെള്ളിയാഴ്ച വൈകീട്ട് താന്‍ കൊല്ലത്തേക്ക് പോവുകയാണെന്നും രണ്ടുദിവസം കഴിഞ്ഞേ മടങ്ങുകയുള്ളൂവെന്നും സോണി ഒരു ബന്ധുവിന് സന്ദേശമയച്ചിരുന്നു. അതിനാല്‍ തന്നെ സോണിയെ പുറത്തുകാണാത്തതില്‍ ആര്‍ക്കും സംശയം തോന്നിയില്ല.

എന്നാല്‍, മറ്റ് കുടുംബാംഗങ്ങളെയും പുറത്തുകാണാത്തതിനാല്‍ ബന്ധു വീട്ടിലെത്തി അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് തുറന്നുകിടന്നിരുന്ന ജനാലയിലൂടെ മൃതദേഹങ്ങള്‍ കണ്ടത്. തുടര്‍ന്ന് പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ക്ക് രണ്ടുദിവസത്തെ പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്.

സോണി അടുത്തിടെ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. സോണി-റീന ദമ്പതിമാര്‍ക്ക് കുട്ടികളില്ലാത്തതിനാല്‍ ഇവര്‍ ദത്തെടുത്ത് വളര്‍ത്തിയിരുന്ന കുട്ടിയാണ് റയാന്‍.സംഭവമറിഞ്ഞ് നിരവധി പേരാണ് സോണിയുടെ വീടിന് സമീപം തടിച്ചുകൂടിയത്. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ഫൊറന്‍സിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.

ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : ആരോഗ്യ വകുപ്പിൽ നേഴ്സിങ് വിഭാഗത്തിൽ നിന്ന് പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തിയായി പൂഞ്ഞാർ പെരിങ്ങുളം സ്വദേശിനി ഡിനു എം ജോയി. എം ജി സർവകലാശാലയിൽ നിന്ന് ഡവലപ്മെന്റ് സ്റ്റഡീസിലാണ് (നഴ്സിങ് ) ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. മികച്ച നേഴ്സിനുള്ള പ്രഥമ സംസ്ഥാന അവാർഡ് (സിസ്റ്റർ ലിനി പുതുശ്ശേരി അവാർഡ്) ജേതാവ് കൂടിയാണ് ഡിനു. തിരുവനന്തപുരം നാഷനൽ ഹെൽത്ത് മിഷനിൽ കൗമാര ആരോഗ്യ വിഭാഗത്തിൽ ജൂനിയർ കൺസൽറ്റന്റായി ഇപ്പോൾ ജോലി ചെയ്യുന്നു.

പൂഞ്ഞാർ പെരിങ്ങുളം വരിക്കപ്ലാക്കൽ ജോബി ജോസഫിന്റെ ഭാര്യയും ഉരുളികുന്നം മടുക്കാവിൽ പരേതനായ എം.വി.തോമസിന്റെയും മേരി തോമസിന്റെയും മകളുമാണ്. ഡിജൽ, ഡിയോൺ എന്നിവരാണ് മക്കൾ. കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രി നഴ്സിംഗ് സ്കൂളിൽ ജനറൽ നഴ്‌സിങ്  1998 ൽ പാസ്സായ ഡിനു പിന്നീട് ബി എസ് സി നഴ്‌സിങ്, എം എസ് സി നഴ്‌സിങ് എന്നിവ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും നേടുകയുണ്ടായി.

എം ജി യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആൻഡ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് (SGTDS) മുൻ ഡയറക്ടർ ആയ ഡോ.റോയ് സി മാത്യുവിന് കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്. ലൈംഗികാതിക്രമം തടയുന്നതിനായി കേരളത്തിലെ ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ബോധവൽക്കരിക്കുന്നതിനുള്ള മാർഗങ്ങൾ വിശകലനം ചെയ്യുന്ന ഗവേഷണപഠനം വലിയ ശ്രദ്ധയാകർഷിച്ചു. കൗമാരക്കാരായ പെൺകുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം ഏറി വരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പഠനം നടക്കുന്നത്. കേരളത്തിലെ മിക്ക ഹൈസ്കൂളുകളും കൗമാര ആരോഗ്യത്തിനും ലൈംഗികാതിക്രമത്തിനെതിരെയുള്ള ബോധവൽക്കരണത്തിനും വേണ്ടത്ര മുൻഗണന നൽകുന്നില്ലെന്നും ഇതൊരു ഗുരുതര പ്രതിസന്ധിയാണെന്നും ഡിനു മലയാളംയുകെയോട് പറഞ്ഞു.

പ്രൊഫഷണൽ കോഴ്സിന് ഇതുവരെ ആരും പോയിട്ടില്ലാത്ത സാധാരണ കുടുംബത്തിൽ നിന്ന് രണ്ടു വയസ്സുള്ള കുട്ടിയെ വീട്ടിലാക്കി 50 കിലോമീറ്ററോളം യാത്ര ചെയ്താണ് ഡിനു എം ജോയ് എം എസ് സി നേഴ്സിങ് പഠനം പൂർത്തിയാക്കിയത്. ദിവസവും ഇത്രയും കിലോമീറ്റർ സഞ്ചരിച്ചുള്ള പഠനം ദുഷ്ക്കരമായി. രാവിലെ എട്ടുമണിക്ക് ആരംഭിക്കുന്ന ക്ലാസുകൾ. ഒരു കുട്ടിയും ഇന്ന് വരെ വീട്ടിൽ നിന്നും വന്ന് പഠിച്ചു പാസ്സായിട്ടില്ല എന്ന് ട്യൂട്ടർമാരുടെ കമെന്റ്… ഹോസ്റ്റൽ സൗകര്യം ഉപയോഗിച്ചാൽ രണ്ട് വയസ്സുകാരൻ കുഞ്ഞിനെ വിട്ടിരിക്കാൻ സാധ്യമല്ലാത്ത മനസികാവസ്ഥ… മാനസികമായി തളരുന്ന സാഹചര്യം. ഒരുപാട് കഷ്ടപ്പെടുന്ന ഭർത്താവ്… വീട്ടിലെ കാര്യം നടക്കുന്നില്ല… ഇത്രയും വിഷമിച്ചു പഠിക്കാനോ എന്ന് ബന്ധുക്കൾ… എങ്കിലും പൂർണ്ണമായ മനസ്സോടെ ഡിനു പറഞ്ഞു.. ഈ റിസൾട്ട് എന്റെ ഭർത്താവായ ജോബിക്കുള്ളത്.. ജോബി സഹായിച്ചതുകൊണ്ടാണ് ഇന്ന് ഞാൻ ഡോക്ടറേറ്റ് നേടാൻ വഴിയൊരുങ്ങിയത്… എല്ലാവരും പറയും ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ എന്ന്.. എന്റെ കാര്യത്തിൽ ഇത് തിരിച്ചാണ് എന്ന് മാത്രം… എന്റെ മാത്രം കഴിവ് കൊണ്ടല്ല മറിച്ച് ഭർത്താവായ ജോബി തന്ന സപ്പോർട്ട് ആണ് എന്റെ വിജയങ്ങളുടെ അടിത്തറ…

കൂടെയുള്ള കൂട്ടുകാരികൾ യുകെയിലെ സ്റ്റോക്ക് ഓൺ ട്രെന്റിലും ഓസ്‌ട്രേലിയിലെ പെർത്തിലും, അയർലണ്ട്, അമേരിക്ക എന്നിവടങ്ങളിൽ  എല്ലാം പോയി ജോലി ചെയ്യുന്നു. പുറത്തുപോയാൽ മാത്രമല്ല നഴ്സിങ്ങിൽ വിജയിക്കുക എന്ന് കൂടി ഡിനു നമുക്ക് കാണിച്ചു തരുന്നു. എത്രയധികം പഠിച്ചിട്ടും അവസരങ്ങൾ ലഭിക്കുന്നില്ല എന്ന പരാതിക്കാരോട് ഡിനുവിന് പറയാനുള്ളത് ആയിരിക്കുന്ന ഇടങ്ങളിൽ തന്നെ ഉൾവലിഞ്ഞു നിന്നാൽ വളരാൻ സാധിക്കില്ല എന്നാണ്.

പാലായ്ക്ക് അടുത്തുള്ള ഉരുളികുളം എന്ന കൊച്ചു ഗ്രാമത്തിലാണ് ഡിനു ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത് വീടിനടുത്തുള്ള ഗവൺമെന്റ് എയ്ഡഡ് സ്കൂളിൽ ആണ്. ഉന്നതവിദ്യാഭ്യാസം എന്തുവേണമെന്നറിയാതെ നിന്നപ്പോൾ അമ്മയുടെ സഹോദരിയായ സിസ്റ്റർ എൽസി ആണ് ഈ വഴി തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. അങ്ങനെ പ്രീ ഡിഗ്രി സെക്കൻഡ് ഗ്രൂപ്പ് തെരഞ്ഞെടുക്കുകയും ഉന്നത മാർക്കോടെ നേഴ്സിങ്ങിന് പ്രവേശിക്കുകയും ചെയ്തു. 

രോഗികളെ എങ്ങനെ പരിചരിക്കാം എന്നതിനെപ്പറ്റിയും, രോഗങ്ങളുടെ വിശദാംശങ്ങളെ പറ്റിയും കൂടുതൽ പഠിക്കാനുള്ള താല്പര്യം ഉണ്ടായിരുന്നു. ഉയർന്ന മാർക്കോടെ നേഴ്സിങ് പാസായി. ശേഷം വിവാഹം. പെരിങ്ങോലത്തെ ജോബി ജോസഫ് ആണ് ഭർത്താവ്. രണ്ട് കുട്ടികളുണ്ട്. കൂടുതൽ പഠിക്കണമെന്ന് താൽപര്യമുണ്ടായിരുന്നു. പക്ഷേ ഒരു നഴ്സിംഗ് ട്യൂട്ടറായി ജോലിയിൽ പ്രവേശിച്ചു. പിഎസ് സ്സിയുടെ നോട്ടിഫിക്കേഷൻ വന്നപ്പോൾ കൂടുതൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞു പരീക്ഷ എഴുതി. റാങ്ക് ലിസ്റ്റിൽ വന്നിട്ടും ടീച്ചറായി നിൽക്കണോ അതോ ജോലിയിൽ പ്രവേശിക്കണോ എന്നതിൽ സംശയം ഉണ്ടായിരുന്നു. ആദ്യം ബുദ്ധിമുട്ടുണ്ടായിരുന്നു എങ്കിലും, പിന്നീട് അതിൽ സന്തോഷം കണ്ടെത്തി.

സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ആർദ്രം മിഷൻ പോലെയുള്ള പദ്ധതിയിൽ അവരെ ട്രെയിൻ നേഴ്സ്മാരായി എടുത്തു. പിന്നീട് പല ജില്ലകളിലായി പല ക്ലാസ്സുകളിലും ട്രെയിനർ ആയി പോകാൻ സാധിച്ചിട്ടുണ്ട്. പിന്നീട് പി എസ് ടു ആൻഡ് എഴുതുകയും അഡോളസൻസ് ഹെൽത് എന്ന വിഷയത്തിൽ റിസർച്ച് ആരംഭിക്കുകയും ചെയ്തു. അങ്ങനെ സ്കൂളുകളിലും ക്ലാസെടുക്കാൻ അവസരങ്ങൾ ലഭിച്ചു തുടങ്ങി. ആരോഗ്യസംബന്ധമായ എന്ത് വിഷയത്തിലും എവിടെയും ക്ലാസ്സ് എടുത്തു കൊടുക്കുന്ന മികവിലേക്ക് എത്തിച്ചേർന്നു.  ധാരാളം വർഷങ്ങൾ പഠനത്തിനായി ചെലവിട്ട്, ഒടുവിൽ ആശുപത്രിയിൽ തന്നെ ഒതുങ്ങി പോകാതെ കൂടുതൽ സമൂഹത്തിലേക്ക് ഇറങ്ങണം എന്ന് സന്ദേശമാണ് ഡിനു എം ജോയ് നേഴ്‌സിങ് മേഖലയിലുള്ളവർക്ക് നൽകുന്നത്.

നാഗാലാൻഡിൽ ഇന്ത്യ– മ്യാൻമർ അതിർത്തിക്കു സമീപം സ്ഥിതി ചെയ്യുന്ന കിഫിരെ ജില്ലയിലെ താനാമീർ ഗ്രാമത്തിൽ അത്യപൂർവ മൃഗം മേഘപ്പുലിയെ കണ്ടെത്തി. ഇതിന്റെ ചിത്രങ്ങളും പുറത്തു വന്നു. 3.7 കിലോമീറ്റർ പൊക്കമുള്ള മേഖലയിലാണ് പുലിയെ കണ്ടത്. ലോകത്ത് തന്നെ ഇത്രയും ഉയരമുള്ള മേഖലയിൽ ഈ വിഭാഗത്തിൽപെട്ട പുലികളെ കാണുന്നത് ഇതാദ്യമാണെന്നു ശാസ്ത്രജ്ഞർ പറയുന്നു. നിയോഫിലിസ് നെബുലോസ എന്നു ശാസ്ത്രനാമമുള്ള മേഘപ്പുലികൾ പൊതുവെ താഴ്ന്ന മേഖലകളിൽ അധിവസിക്കാൻ ഇഷ്ടപ്പെടുന്നവരാണ്.

വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ എന്ന എൻജിഒയാണു പുലിയുടെ ചിത്രങ്ങളെടുത്തത്. കിഫിരെ ജില്ലയിൽ 65 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള വനമേഖലയുണ്ട്. നാഗാലാൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ സാരാമതി പർവതവും ഇവിടെയാണു സ്ഥിതി ചെയ്യുന്നത്. താനാമീർ ഗ്രാമത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് സമഗ്രപഠനം നടത്താനായാണു വൈൽഡ് ലൈഫ് പ്രൊട്ടക്‌ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ഗവേഷകർ ഇവിടെയെത്തിയത്.

ഗ്രാമീണരുടെ സഹായത്തോടെ അൻപതിലധികം ക്യാമറകൾ ഇവർ ഇവിടെ സ്ഥാപിച്ചു. സാരാമതീ പർവതത്തിനു ചുറ്റുഭാഗത്തായി രണ്ടു വളർന്ന പുലികളെയും രണ്ടു പുലിക്കുട്ടികളെയും കണ്ടെത്തിയതായി ഗവേഷകർ അറിയിച്ചു. കൂടുതൽ പുലികൾ ഇവിടെയുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്. താനാമീർ ഗ്രാമത്തിൽ താമസിക്കുന്ന തദ്ദേശീയ ഗോത്രവംശമായ യിംഖ്യൂങ്ങുകളുടെ ഭാഷയായ ചിറിൽ ‘ഖെഫാക്’ എന്ന പേരിലാണു മേഘപ്പുലികൾ അറിയപ്പെടുന്നത്.

പുലികളുടെ കൂട്ടത്തിൽ വലുപ്പം കുറഞ്ഞ മൃഗങ്ങളാണു മേഘപ്പുലികൾ. ഒരു മീറ്റർ വരെ നീളമുള്ള ഇവയുടെ ഭാരം 11 മുതൽ 20 കിലോ വരെയാണ്. സാധാരണ പുലികളിൽ നിന്നു വ്യത്യസ്തമായി വിചിത്രമായ ഘടനയുള്ള പുറം രൂപമാണ് മേഘപ്പുലികളുടെ പ്രത്യേകത. മേഘരൂപത്തിലുള്ള ഈ ഘടനകൾ മൂലമാണ് ഇവയ്ക്ക് ക്ലൗഡഡ് ലെപ്പേഡ്സ് അഥവാ മേഘപ്പുലികൾ എന്ന പേരു ലഭിച്ചതും.ഇളം മഞ്ഞ മുതൽ കടുത്ത ബ്രൗൺ വരെ നിറത്തിലുള്ള ഈ ജീവികളെ കണ്ടുകിട്ടിയിട്ടുണ്ട്. വളരെ നീളം കൂടിയ വാലും പല്ലുകളും ഇവയ്ക്കുണ്ട്. ചെറിയ കാലുകളും വീതിയേറിയ പാദങ്ങളുമുള്ള ഇവ കാനനത്തിലൂടെ അതിദ്രുതം ചലിക്കാനും മരം കയറാനും അതി വിദഗ്ധരാണ്.

ഹിമാലയത്തിന്റെ താഴ്‌വരകളുമായി ബന്ധപ്പെട്ടും തെക്കുകിഴക്കൻ ഏഷ്യയിലുമായാണ് ഇവയുടെ അധിവാസ മേഖല. ഇന്ത്യ കൂടാതെ തെക്കൻ ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ, കംബോഡിയ, ലാവോസ്, ബംഗ്ലദേശ് എന്നിവിടങ്ങളിൽ ഇവ കാണപ്പെടുന്നു. തായ്‌വൻ ദ്വീപിൽ മുൻപ് ഇവയുടെ സാന്നിധ്യമുണ്ടായിരുന്നെങ്കിലും ഇന്ന് ഇവയ്ക്ക് അവിടെ പൂർണ വംശനാശം സംഭവിച്ചുകഴിഞ്ഞു. വംശനാശ ഭീഷണി നേരിടുന്ന ജീവികളായിട്ടാണ് ഐക്യരാഷ്ട്ര സംഘടന ഇവയെ വിലയിരുത്തുന്നത്.

 

RECENT POSTS
Copyright © . All rights reserved