സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെയ്ക്കുകയും ചെയ്തു. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.
ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി നിർത്തി വെച്ചിരിക്കുന്നത്.
ജസ്റ്റിസ് കെവിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 5 ലക്ഷം രൂപ കെട്ടിവയ്ക്കുകയും കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പുറത്തു പോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇരുവരും ജാമ്യം ലഭിച്ച് ആറുമാസം വരെ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെയുള്ള സമയം ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കില്ലെന്നും ഉത്തരവിലുണ്ട്. 2020 ഡിസംബർ 23നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ.
മമ്പാട്ടെ ഒരു ടെക്സ്‌റ്റൈല്‍സ് ഗോഡൗണില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 12പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മന്റെ മരണത്തിലാണ് ആത്മഹത്യ പ്രേരണ, തടവില്‍ മര്‍ദിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി അറസ്റ്റ് നടന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ ബേങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്‌മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 1.5 ലക്ഷം രൂപക്ക് കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല.
വെള്ളിയാഴ്ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കൈയും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാര്‍ അയച്ചുകൊടുത്തിരുന്നു. ഇത് കുടുംബം പോലീസിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കടയുടമയുടെ നേതൃത്വത്തില്‍ നടന്ന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം.
പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ആശുപത്രിയുടെ പേര് ‘കെഎം മാണി സ്മാരക ജനറല്‍ ആശുപത്രി പാലാ’ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
1965 മുതല്‍ 2019-ല്‍ മരണം വരെ തുടര്‍ച്ചയായി 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡ് കെ.എം. മാണിക്കാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്.
പോലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിന്റെ സുഹൃത്തായ യുവതി അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥന് റെനീസിന്റെ സുഹൃത്ത് ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം ഷഹാനയെ പ്രതി ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. റെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
നജ്ലയെ സ്വന്തമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
വിമതർക്ക് അന്ത്യശാസനം നൽകി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. വെകീട്ട് 5 മണിക്ക് മുഖ്യമന്ത്രി വിളിച്ച എംഎൽഎമാരുടെ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദ്ദേശം. പങ്കെടുത്തില്ലെങ്കിൽ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി പരിഹരിക്കാൻ ശിവസേനയുടെ അവസാനവട്ട ശ്രമത്തിനിടെയാണ് വിമതർക്ക് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയത്.
നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി,സച്ചിൻ ആഹർ എന്നിവർ ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തി വിമതരെ കാണുകയും യോഗത്തിനെത്തിയില്ലെങ്കിൽ അയോഗ്യരാക്കുമെന്ന കാര്യം നേരിട്ടറിയിക്കുകയും ചെയ്തു .അതേസമയം ഗുവാഹത്തിയിൽ വിമത എംഎൽഎമാർ യോഗം ചേരും. 46 എംഎൽഎമാർ തനിക്കൊപ്പമുണ്ടെന്നാണ് വിമത നേതാവ് ഏകനാഥ് ഷിൻഡേ അവകാശപ്പെടുന്നത്.
സർക്കാരിൻറെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന നൽകി സേന എം.പി സഞ്ജയ് റാവത്ത് ട്വീറ്റ് ചെയ്യ്തിരുന്നു. സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത് ട്വീറ്റ് ചെയ്തു.അധികാരം നഷ്ടപ്പെട്ടാലും പാർട്ടി പോരാട്ടം തുടരുമെന്നും ആദർശങ്ങളിൽ ഉറച്ചുനിൽക്കുമെന്നും റാവത്ത് പറഞ്ഞു
എന്നാൽ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് ഫെയ് സ്ബുക്ക് ലെെവിനിടെ അദ്ദേഹം വ്യക്തമാക്കി. രാജി കത്ത് തയ്യാറാണെന്നും, മുഖ്യമന്ത്രിയുടെ വസതി ഒഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. തന്നെ ആവശ്യമില്ലാത്തവര്‍ക്ക് പദവി ഒഴിയണമെന്ന് നേരിട്ട് പറയാമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തോട് ആർത്തിയില്ലെന്നും ബാലാ സഹേബ് ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും അദ്ദേഹം പറഞ്ഞു.
ശിവസേനയും ഹിന്ദുത്വവും ഒരു നാണയത്തിന്‍റെ രണ്ട് വശങ്ങളാണെന്ന് പറഞ്ഞ ഉദ്ദവ് താക്കറെ, ശിവസേനയും ഹിന്ദുത്വം ഉപേക്ഷിച്ചിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. ചില എംഎല്‍എമാരെ കാണാനില്ല. ചില എംഎല്‍എമാരെ സൂറത്തില്‍ കണ്ടിരുന്നു. ചില എംഎല്‍എമാര്‍ തിരികെ വരാന്‍ ആഗ്രഹിക്കുന്നു. എംഎല്‍മാര്‍ പറഞ്ഞാല്‍ രാജിവയ്ക്കാന്‍ താന്‍ തയ്യാറാണെന്നും ഒരു എംഎല്‍എ തനിക്കെതിരെ നിന്നാല്‍പ്പോലും അത് മാനക്കേടാണെന്നും താക്കറെ പറഞ്ഞു.
ഭരണപരിചയമില്ലാതെയാണ് താന്‍ മുഖ്യമന്ത്രിയായത്. കോവിഡ് അടക്കം എല്ലാ വെല്ലുവിളികളും നേരിട്ടു. ശിവസേനയും ഹിന്ദുത്വയും ഒന്നാണ്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ വീഴ്ച വരുത്തിയിട്ടുമല്ല. താന്‍ ബാല്‍ താക്കറെയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഏക്‌നാഥ് ഷിന്‍ഡെ നേടിയതെല്ലാം ബാലാസാഹിബിന്റെ ആശയങ്ങളുടെ തുടര്‍ച്ചയായി ആണ്. ബാലാസാഹിബിന്റെ ശിവസേനയില്‍ നിന്ന് ഒരുമാറ്റവുമില്ല. ഹിന്ദുത്വത്തിന് വേണ്ടി പോരാട്ടം തുടരും. തന്നെ മുഖ്യമന്ത്രിയാകാന്‍ നിര്‍ദേശിച്ചത് ശരദ് പവാറാണ്. ഇല്ലെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടു പോകാനാവില്ലെന്ന് പവാര്‍ പറഞ്ഞു.
.
കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ ആലോചന. ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കായിരിക്കും ഇത് ബാധകമാവുക. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി നല്‍കേണ്ടത്. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.
എന്‍.ഡി.എ.യുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി മുന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ ദ്രൗപദി മുര്‍മു. രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന ആദ്യ ഗോത്രവര്‍ഗ വനിതയാണ് ദ്രൗപദി. ഒഡീഷയില്‍ നിന്നുള്ള ആദിവാസി നേതാവും മുന്‍ മന്ത്രിയുമാണ് ദ്രൗപദി മുര്‍മു. വിദ്യാഭ്യാസ പ്രവര്‍ത്തകയാണ്. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും അവര്‍.
2000-ല്‍ ഒഡീഷയിലെ റയ്‌റങ്ക്പൂർ അസംബ്ലി നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2000 മുതൽ 2002 വരെ ഒഡീഷയിലെ ബിജു ജനതാദൾ, ബിജെപി- സഖ്യ സർക്കാരിൽ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ – ഗതാഗത മന്ത്രിയായിരുന്നു. 2002 മുതൽ 2004
വരെ ഫിഷറീസ് ആൻഡ് ആനിമൽ റിസോഴ്‌സസ് ഡവലപ്‌മെന്റ് മന്ത്രിയായിരുന്നു. 2015 മുതൽ ഝാർഖണ്ഡ് ഗവർണ്ണറായിരുന്നു. ഗവർണ്ണറാവുന്ന ആദ്യ ഒഡീഷ വനിതയാണ് ഇവർ. ബിജെപി പട്ടികവര്‍ഗ മോര്‍ച്ചയുടെ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്നു.
ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം. രൈരാനഗറിലെ ശ്രീ ഓറോബിന്ദോ ഇന്റഗ്രല്‍ എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ട വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.
റോഡിലെ അതിസാഹസികതയും പെരുമാറ്റവും എല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് തെളിയിക്കുന്നതാണ് പല വീഡിയോകളും. നന്നായി ഡ്രൈവ് ചെയ്യാനറിയുന്നവർ പോലും റോഡിലെ മറ്റ് വണ്ടികളിലെ യാത്രക്കാരോട് മാന്യമായി പെരുമാറാനോ അവർക്കുകൂടി കടന്നുപോകാനുള്ള റോഡാണെന്നോ ചിന്തിക്കാറില്ല.
അതത്രത്തിൽ സ്വയം അപകടമുണ്ടാക്കി വെച്ചതിന് മറ്റൊരു വാഹനത്തിലെ യാത്രക്കാരനോട് തട്ടിക്കയറുന്ന യുവതിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.സുഹൃത്ത് ഓടിക്കുന്ന സ്‌കൂട്ടറിൽ സഞ്ചരിക്കവെ നടുറോഡിൽ ബാലൻസ് തെറ്റി വീണ യുവതി പിന്നാലെ എത്തിയ ബൈക്ക് യാത്രികനോട് വഴക്കുണ്ടാക്കുന്നതാണ് വീഡിയോയിലെ ദൃശ്യം.
യുവതിയും മറ്റൊരു സ്ത്രീയും സ്‌കൂട്ടറിൽ യാത്ര ചെയ്യവേ അപ്രതീക്ഷിതമായി ബാലൻസ് തെറ്റി നടുറോഡിലേക്ക് വീഴുകയാണെന്ന് വീഡിയോയിൽ വ്യക്തമാണ്. എന്നാൽ, പിന്നാലെ എത്തിയ ആൾ ഇടിച്ചിട്ടതാണെന്ന് കരുതി സ്‌കൂട്ടറിൽ നിന്നും വീണ യുവതി വഴക്കിടുകയാണ്.
എന്നാൽ മുന്നിൽ പോയ സ്‌കൂട്ടർ മറിയുന്ന ദൃശ്യം ബൈക്ക് യാത്രികന്റെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് യാത്രകന് രക്ഷയായി മാറുകയാണ് ഉണ്ടായത്. അപകടത്തിന്റെ വീഡിയോ കാണിച്ചുനൽകാമെന്ന് പിന്നാലെ എത്തിയയാൾ പറയുന്നതോടെ തർക്കം മതിയാക്കി യുവതി പിൻവാങ്ങുന്നുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വലിയ ചർച്ചയായിരിക്കുകയാണ്. വനിതാ കമ്മീഷൻ മാതൃകയിൽ പുരുഷ കമ്മീഷൻ വേണമെന്നാണ് ചിലരുടെ കമന്റ്.
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.