നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന്‍ അന്തരിച്ചു. പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന്‍ ആണ് മരിച്ചത്. ഭാര്യ ഉമാദേവി, മക്കള്‍: ദിവ്യ ഉണ്ണി, വിദ്യ ഉണ്ണി. പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്‍. മരുമക്കള്‍: അരുണ്‍കുമാര്‍, സഞ്ജയ്.
മലയാള സിനിമയില്‍ ഒരു കാലഘട്ടത്തിന്റെ പ്രിയപ്പെട്ട നടിയായിരുന്നു ദിവ്യ ഉണ്ണി. തൊണ്ണൂറുകളില്‍ മഞ്ജു വാരിയര്‍ക്കൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട നായികമാരില്‍ ഒരാളായ ദിവ്യ, വിനയന്റെ ‘കല്യാണസൗഗന്ധികം’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. വിവാഹത്തോടെ സിനിമയില്‍ നിന്നും ബ്രേക്ക് എടുത്ത ദിവ്യ ഇപ്പോള്‍ നൃത്തരംഗത്ത് സജീവമാണ്.
കട്ടപ്പനയിൽ കഴിഞ്ഞ ദിവസം വൈദ്യുതി ലൈനിലെ ജോലിക്കിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ച സംഭവം സ്വകാര്യ സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നും വൈദ്യുതി ലൈനിലേക്ക് എത്തിയത് കൊണ്ടാണെന്ന് കണ്ടെത്തി. നിർമ്മല സിറ്റി മണ്ണാത്തിക്കുളത്തിൽ എംവി ജേക്കബാണ് തിങ്കളാഴ്ച ഷോക്കേറ്റ് മരിച്ചത്. ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയായിരുന്നു മരണം.
നഗരത്തിലെ ഹൈറേഞ്ച് ഹോം അപ്ലയൻസസ് എന്ന സ്ഥാപനത്തിലെ ജനറേറ്ററിൽ നിന്നാണ് വൈദ്യുതി എത്തിയതെന്നാണ് പരിശോധനിൽ കണ്ടെത്തിയിരിക്കുന്നത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഇക്കാര്യം വ്യക്തമാവുകയായിരുന്നു.
നേരത്തെ വൈദ്യുതി ഓഫ് ചെയ്ത ശേഷം അറ്റകുറ്റപണികൾ നടത്തിയിട്ടും ദാരുണസംഭവമുണ്ടായതോടെ അധികൃതർ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധന നടത്തിയതോടെ ഹൈറേഞ്ച് ഹോം അപ്ലയൻസസിലെ ജനറേറ്ററിൽ നിന്നുമാണ് വൈദ്യുതി പ്രവഹിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
ജനറേറ്റർ കൃത്യമായി എർത്തിങ് നടത്താതിരുന്നത് മൂലമാണ് വൈദ്യുതാഘാതമുണ്ടായതെന്നാണ് കണ്ടെത്തൽ. വയറിങ് നടത്തിയതും ശരിയായ രീതിയിലായിരുന്നില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് സ്ഥാപനത്തിലേക്കുള്ള വൈദ്യുതികണക്ഷൻ വിച്ഛേദിച്ചു. ഒരു പോസ്റ്റിൽ നിന്നും 16 കണക്ഷനുകൾ നൽകിയ കെഎസ്ഇബിയും വീഴ്ച വരുത്തിയെന്ന് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ പറഞ്ഞു.
കടമേരിയിൽ വീട്ടിൽ കയറി ഗുണ്ടാ ആക്രമണം നടത്തിയ ശേഷം പൊലീസിനെ ഭീഷണിപ്പെടുത്തി ഇൻസ്റ്റ ഗ്രാമിൽ വിഡിയോ പോസ്റ്റ് ചെയ്ത ഗുണ്ട അറസ്റ്റിൽ. കണ്ണൂർ ചിറക്കൽ സ്വദേശി ചാണ്ടി ഷമീം എന്ന ഷമീം മഹ്ദിയെയാണ് നാദാപുരം പൊലീസ് പിടികൂടിയത്. കണ്ണൂർ പൊലീസിന്‍റെ സഹായത്തോടെ പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിലാണ് ഷമീം കണ്ണൂർ കക്കാടുള്ള ബന്ധു വീട്ടിൽ വെച്ച് നാദാപുരം പൊലീസിന്‍റെ പിടിയിലായത്. പ്രതിയെ നാദാപുരം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
ചൊവ്വാഴ്ച രാത്രിയിലാണ് മയക്കു മരുന്ന് വിതരണ സംഘത്തിൽപെട്ടവർ കടമേരിയിൽ എത്തി നാട്ടുകാർക്കെതിരെ അക്രമം അഴിച്ചു വിട്ടത്. ഇവരുടെ അക്രമണത്തിൽ നിരവധി പ്രദേശവാസികൾക്ക് പരിക്കേറ്റിരുന്നു. പ്രദേശത്തെ കഞ്ചാവ് വിതരണ സംഘത്തലവനായ പാറേമ്മൽ നിയാസുമായുള്ള സാമ്പത്തിക ഇടപാട് തർക്കം ചർച്ച ചെയ്യാനാണ് കണ്ണൂരിൽ നിന്നും ക്രിമിനൽ സംഘം കടമേരിയിലെ നിയാസിന്‍റെ വീട്ടിൽ എത്തിയത്.
ഇവർ തമ്മിൽ ഉണ്ടായ തർക്കം അടിപിടിയിൽ കലാശിച്ചതറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയാണ് ക്രിമിനൽ സംഘം ആയുധങ്ങളുമായി ആക്രമിച്ചു പരിക്കേൽപിച്ചത്.
സ്ഥലത്ത് നിന്നും പൊലീസ് പിടികൂടിയ മറ്റൊരു പ്രതി കണ്ണൂർ നാറാത്തെ സഅദ് റിമാൻഡിലാണ്. എട്ടു പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
കടമേരിയിലെ ആക്രമണത്തിന് ശേഷം സ്വദേശമായ കണ്ണൂർ നാറാത്തേക്ക് രക്ഷപ്പെട്ട ഷമീമിനെ നാദാപുരം പൊലീസ് ഫോൺ ലൊക്കേഷൻ നോക്കി പിന്തുടർന്നെങ്കിലും രക്ഷപ്പെട്ടു. സാഹസികമായി ഇയാളുടെ വാഹനം പിന്തുടർന്ന പൊലീസ് കണ്ണൂർ കക്കാട് നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മയക്കുമരുന്നിനും കഞ്ചാവിനും അടിമയായ ഇയാൾ ആത്മീയ പരിവേഷം ലഭിക്കാനുള്ള വേഷ വിധാനങ്ങളും ഉപയോഗിച്ചിരുന്നു.
കണ്ണൂർ ജില്ലയിൽ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. ആക്രമണത്തിന് പിന്നാലെ പൊലീസിനെതിരെ ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയിരുന്നു. അക്രമസംഘത്തിലെ ഒരാളെന്ന് അവകാശപ്പെട്ടാണ് നാദാപുരം എസ്.ഐയെ ഭീഷണിപ്പെടുത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ‘സൂക്ഷിച്ചു കളിക്കണം, അല്ലെങ്കിൽ ജീവന് ഭീഷണിയാണ്’- എന്നാണ് ഷമീം വീഡിയോയിൽ പറഞ്ഞത്. സോഷ്യൽ മീഡിയ പേജിലൂടെ നാദാപുരം പൊലീസിനും നാട്ടുകാർക്കുമെതിരെ ഇയാൾ നിരവധി ഭീഷണി സന്ദേശങ്ങളും അയച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കകം തന്നെ ഷമീം പിടിയിലായി.
എ.എസ്.ഐ മനോജ് രാമത്ത്, പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ ഷാജി, സന്തോഷ് മലയിൽ, ഡ്രൈവർ പ്രദീപൻ എന്നിവർ അടങ്ങിയ സംഘം ആണ് പ്രതിയെ കീഴടക്കിയത്.
അക്രമി സംഘം സഞ്ചരിച്ച ഒരു വാഹനവും നാദാപുരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കടമേരി സ്വദേശിയുമായി ചില സാമ്പത്തിക ഇടപാടുള്ള കണ്ണൂരിലെ ഹാനിയെന്നയാളുടെ സംഘമാണ് അക്രമമുണ്ടാക്കിയത്. ഇയാളുടെ വാഹനം കടമേരി സ്വദേശി നാട്ടിലെത്തിച്ചിരുന്നു. ഇത് തിരികെ പിടിക്കാനാണ് സംഘം എത്തിയത്. ഈ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനം എടുത്ത സ്ഥലത്തെത്തിക്കണമെന്നും ഷമീം മഹ്ദിയുടെ ഭീഷണിയിലുണ്ട്.
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മാമുക്കോയ. നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ചിട്ടുള്ള അദ്ദേഹം ജീവിതത്തെ കുറിച്ചും സഹപ്രവര്‍ത്തകരെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടുംബത്തെ കുറിച്ച് കാര്യമായി തുറന്ന് പറഞ്ഞിട്ടില്ല. സുഹറയാണ് മാമുക്കോയയുടെ ഭാര്യ. നാല്‍ മക്കളും പേരക്കുട്ടികളും അടങ്ങുന്ന സന്തുഷ്ട കുടുംബം. ഇപ്പോള്‍ സുഹറയെ വിവാഹം കഴിക്കാന്‍ പോയ കാലത്തെ ഒര്‍മ്മര്‍ പങ്കുവെച്ചിരിക്കുകയാണ് മാമുക്കോയ. ഒരു മാധ്യമത്തിന് നേരത്തെ നല്‍കിയ അഭിമുഖത്തിലാണ് മാമുക്കോയ വിവാഹ ഓര്‍മകള്‍ പങ്കുവെച്ചത്. തന്റെ അടുത്ത് കാശ് പോലും ഇല്ലാതിരുന്ന കാലത്ത് നടത്തിയ വിവാഹം ആണെങ്കിലും ഗാനമേള ഒക്കെ ഉണ്ടായിരുന്ന കിടിലന്‍ വിവാഹമാണെന്ന് അദ്ദേഹം പറയുന്നു.
മാമുക്കോയയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ വീടിനടുത്ത് തന്നെയാണ് ഭാര്യയുടെയും വീട്. ഭാര്യയുടെ പിതാവിന് മരക്കച്ചവടമായിരുന്നു. വൈകുന്നേരമായാല്‍ എല്ലാവരും ഈവനിംഗ് ആര്‍ട്‌സ് ക്ലബില്‍ വന്നിരിക്കാറുണ്ട്. എസ് കെ പൊറ്റക്കാട്, ബാബുരാജ് ഇവരെല്ലാം ഒന്നിച്ചു കൂടും. ഭാര്യയുടെ പിതാവ് മരിച്ച് 8 വര്‍ഷം കഴിഞ്ഞപ്പോഴാണ് മകള്‍ക്ക് വിവാഹ പ്രായമായത്. ഞാന്‍ പെട്ടുപോയി എന്ന് ഇപ്പോഴും ഭാര്യ പരാതി പറയാറുണ്ട്. എന്നാല്‍ അതൊക്കെ കേട്ട് കേട്ട് തഴമ്പിച്ചതിനാല്‍ ഞാന്‍ അത് മൈന്‍ഡ് ചെയ്യാറില്ല.
അന്ന് പൈസയും പൊന്നും ഒന്നുമില്ല, എനിക്ക് ആളെ ഒന്ന് കാണണം എന്ന് മാത്രമാണ് പറഞ്ഞത്. അങ്ങനെയാണ് പെണ്ണിനെ കാണാന്‍ പോവുന്നത്. പെണ്ണിനെ കണ്ട് ഇഷ്ടമായതോടെ വീട്ടില്‍ കാര്യം അവതരിപ്പിച്ചു. അവരടുത്തും പൈസയില്ല, എന്റടുത്തും ഇല്ല. അപ്പോള്‍ എനിക്കിത് മാച്ച് ആവുമെന്ന് തോന്നി. കല്യാണത്തിന് കത്ത് അടിക്കാനോ ചെരിപ്പ് മേടിക്കാനോ പോലും പൈസ ഇല്ലായിരുന്നു. വാസു പ്രദീപാണ് കത്തിന്റെ കാര്യത്തിലെ ആശയക്കുഴപ്പം പരിഹരിച്ചത്. നിന്റെ കൈയ്യക്ഷരം നല്ലതല്ലേ, നീ എഴുതിയാല്‍ മതി. ഇത്രയും ആളുകളെ ക്ഷണിക്കാനുള്ള കത്ത് ഞാന്‍ സ്വന്തമായി എഴുതുകയോ, ആദ്യം ഒന്ന് എഴുതൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മൊത്തം കത്തും തന്നെ എഴുതേണ്ടി വരുമെന്ന് കരുതി എഴുത്ത് ചുരുക്കുകയായിരുന്നു. ജൂണ്‍ 4 ഞായറാഴ്ച ഞാന്‍ വിവാഹിതനാവുകയാണ്, 3ാം തീയതി ശനിയാഴ്ച എന്റെ വീട്ടിലേക്ക് വരണം. മാമു തൊണ്ടിക്കോട് ഇങ്ങനെയായിരുന്നു വിവാഹത്തിനുള്ള ക്ഷണക്കത്തില്‍ എഴുതിയത്. ശനിയാഴ്ച രാത്രിയായിരുന്നു പരിപാടി. കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ അടുത്തേക്കാണ് ആദ്യം പോയത്. ഖാദര്‍ക്കാ, എനിക്ക് വാപ്പയില്ല, അതോണ്ട് കാരണവരുടെ സ്ഥാനത്ത് ഇങ്ങളാണ്. എന്റെ വീട്ടില്‍ വരണം എന്ന് പറഞ്ഞിരുന്നു. അങ്ങനെ മോന്റെ കല്യാണം പോലെ ഖാദര്‍ക്ക എല്ലാം ആഘോഷമാക്കി തരികയായിരുന്നു. ഭാര്യ വീട്ടിലെ ഗാനമേളയില്‍ ബാബുരാജായിരുന്നു. പിതാവിന്റെ സുഹൃത്തായിരുന്നു ബാബുരാജ്. അന്ന് വേണമെങ്കില്‍ കത്തടിക്കാനും ചെരിപ്പ് മേടിക്കാനുമൊക്കെയായി പൈസയ്ക്ക് അവരോട് സ്ത്രീധനം ചോദിക്കാമായിരുന്നു. എന്നാല്‍ അവരുടെ പൈസ കൊണ്ട് അതൊക്കെ മേടിക്കുന്നതിലും നല്ലത് കെട്ടാതിരിക്കുന്നത് അല്ലേ .
അമ്മയും മക്കളും ഉള്‍പ്പെടുന്ന മൂന്നംഗ കുടുംബത്തിലെ രണ്ട് പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഞാറക്കല്‍ പള്ളിക്ക് കിഴക്ക് നാലാം വാര്‍ഡില്‍ ന്യൂറോഡില്‍ മൂക്കുങ്കല്‍ പരേതനായ വര്‍ഗീസിന്‍റെ മക്കളായ ഞാറക്കല്‍ സെന്‍റ് മേരീസ് സ്‌കൂള്‍ അധ്യാപിക ജെസി (49), സഹോദരന്‍ ജോസ് (51) എന്നിവരാണ് മരിച്ചത്. ഇവരുടെ അമ്മ ഞാറക്കല്‍ സെന്‍റ് മേരീസ് യു.പി സ്‌കൂള്‍ റിട്ട. അധ്യാപിക റീത്ത(80)യെ ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മൂവരേയും കൈത്തണ്ട മുറിഞ്ഞ് രക്തം വാര്‍ന്ന് ഒഴുകുന്ന നിലയിലാണ് കണ്ടെത്തിയത്. രണ്ട് ദിവസമായി വീട്ടില്‍ നിന്നും അനക്കമൊന്നും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ എ.പി. ലാലു ഞാറക്കല്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് എസ്.ഐ എ.കെ. സുധീറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് എത്തി വാതില്‍ പൊളിച്ച് അകത്ത് കയറി നോക്കിയപ്പോഴാണ് ജോസും ജെസിയും ഒരുമുറിയിലും അമ്മ റീത്ത മറ്റൊരു മുറിയിലും കിടക്കുന്നതായി കണ്ടത്. മുറികളില്‍ രക്തം വാര്‍ന്ന് ഒഴുകുന്നത് കണ്ട് പരിശോധിച്ചപ്പോള്‍ റീത്തക്ക് ജീവനുണ്ടെന്ന് കണ്ടെത്തി. ഇതോടെ പൊലീസ് ഇവരെ ഉടൻ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ജോസിന്‍റെയും ജെസിയുടേയും കഴുത്തുകളില്‍ ചരടുകൊണ്ട് കുരുക്കുമിട്ടിരുന്നു. ഇവരുടെ മരണം സ്ഥിരീകരിച്ചെങ്കിലും മൃതദേഹം വീടിനുള്ളില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഫോറന്‍സിക് വിദഗ്ദരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിച്ച് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷമേ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റൂ. മൂവരും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തിയിരുന്നതായി പൊലീസ് അറിയിച്ചു.
തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് തമിഴ്നാട്ടിൽ അപകടത്തിൽ പെട്ടു. കൃഷ്ണഗിരിയിൽ നിന്ന് 20 കിലോമീറ്റർ അകലെ വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിക്കാണ് അപകടമുണ്ടായത്. പരിക്കേറ്റ ബസ് ഡ്രൈവറുടെ നില ഗുരുതരമാണെന്നാണ് വിവരം.
മുന്നിൽ പോകുകയായിരുന്ന ലോറിക്കു പിന്നിൽ ബസ് ഇടിക്കുകയായിരുന്നു എന്നാണ് സൂചന. ബസിലെ മറ്റ് യാത്രക്കാർക്ക് കാര്യമായ പരിക്കുകളില്ല. ബസിന്‍റെ മുൻഭാഗം തകർന്നു. ഡ്രൈവർ ഉറങ്ങിയതാകാം അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ.
കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാർഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോർക്കുകയാണ് കാലിക്കറ്റ് സർവകലാശാലാ സമൂഹവും സഹൃദയരും. കോഴിക്കോട് ബീച്ചിൽ വെച്ച് മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുകയാണ് സുഹൃത്തുക്കൾ. ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, വിൽപ്പനക്കാർ ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കിൽ പണം നൽകി പോലും തിരികെ വാങ്ങാൻ തയാറാണെന്ന് സർവകലാശാലയിലെ ഗവേഷക സംഘടന പറയുന്നു.
കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയാണ് തൃശൂർ സ്വദേശിയായ സായൂജ്യ. കാഴ്ചപരിമിതിയുള്ളയാളായതിനാൽ ഇത്തരക്കാർക്കുള്ള സോഫ്റ്റുവെയറുകളും മറ്റും ഉപയോഗിച്ചാണ് പഠനം. ബിരുദതലം മുതൽക്കുള്ള പഠന വസ്തുക്കളും നിരവധി പി.ഡി.എഫ് ഫയലുകളും ഇതുവരെയുള്ള ഗവേഷണ പ്രവർത്തനങ്ങളുമെല്ലാം ലാപ്ടോപ്പിലായിരുന്നു ഉള്ളത്.
സുഹൃത്തുക്കൾക്കൊപ്പം കോഴിക്കോട് ബീച്ച് സന്ദർശിക്കാൻ പോയപ്പോളാണ് ലാപ്ടോപ്പ് മോഷണം പോകുന്നത്. കാറിന്‍റെ പിൻസീറ്റിൽ വെച്ചിരുന്ന ലാപ്ടോപ്പ് ആരോ എടുത്തുകൊണ്ടുപോകുകയായിരുന്നു. അന്ന് തന്നെ പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.
കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച് എത്താൻ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണെന്ന് സായൂജ്യ പറയുന്നു. തന്‍റെ കണ്ണായിരുന്നു ലാപ്ടോപ്പ്. അത് നഷ്ടമായപ്പോൾ പെട്ടെന്ന് കാഴ്ച നഷ്ടപ്പെട്ടയാളെപ്പോലെയായി -സായൂജ്യ പറയുന്നു. പഠനപ്രവർത്തനങ്ങളൊന്നും നടക്കാതെ ഗവേഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോൾ.
പൊലീസിന്‍റെ അന്വേഷണത്തിൽ വിവരമൊന്നും ലഭിക്കാതായതോടെയാണ് ലാപ്ടോപ്പ് തിരികെ നൽകണമെന്ന അഭ്യർഥനയുമായി സർവകലാശാലാ സമൂഹം രംഗത്തെത്തിയത്. മോഷ്ടിച്ചയാൾ ഏതെങ്കിലും സെക്കൻഡ്-ഹാൻഡ് കടകളിൽ ലാപ്ടോപ്പ് വിറ്റിട്ടുണ്ടെങ്കിൽ മുടക്കിയ പണം മുഴുവൻ നൽകി ലാപ്ടോപ് വാങ്ങിക്കോളാമെന്ന് ഗവേഷക സംഘടനയായ എ.കെ.ആർ.എസ്.എ പറയുന്നു. ലാപ്ടോപ്പ് തിരിച്ചറിയുന്നതിനായി സാങ്കേതിക വിവരങ്ങളും നൽകിയിട്ടുണ്ട്. ലാപ്ടോപ്പ് ഉടൻ തന്നെ തിരികെ ലഭിക്കുമെന്നും ഗവേഷണം തുടരാനാകുമെന്നുമുള്ള പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഈ വിദ്യാർഥിനി.
ഹലാല്‍ വിവാദത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ഫുഡ് സ്ട്രീറ്റ് പ്രതിഷേധത്തിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി.
ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്ത് പന്നി വിളമ്പി. എന്നാല്‍ മലപ്പുറത്ത് പന്നി വിളമ്പിയോ എന്ന് അദ്ദേഹം ചോദിച്ചു. ഫോട്ടോഷോപ്പ് അല്ലാതെയുള്ള ചിത്രം അയച്ചാല്‍ തന്റെ വാക്കുകള്‍ പിന്‍വലിക്കാം എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ പോസ്റ്റ്:
ഡിവൈഎഫ്‌ഐയോട് ഒരു ചോദ്യം. മലപ്പുറത്ത് പന്നി വിളമ്പിയോ? ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ എറണാകുളത്തെ ഫോട്ടോ കണ്ടു. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്തെ ഒരു ഫോട്ടോയും ഡിവൈഎഫ്‌ഐയുടെ മലപ്പുറം പേജില്‍ പോലും കണ്ടില്ല. മലപ്പുറത്ത് പന്നി വിളമ്പിയിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഡിവൈഎഫ്‌ഐ ആണ്. അല്ലെങ്കില്‍ വെറും ഡിങ്കോളാഫികളാണ്. മലപ്പുറത്തെ ഫോട്ടോഷോപ്പല്ലാത്ത ഒര്‍ജിനല്‍ ഫോട്ടോ അയ്ച്ച് തന്നാല്‍ ഈ പോസ്റ്റ് പിന്‍വലിക്കുന്നതാണ്. ലാല്‍ സലാം.
തന്റെ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട് വ്യാപകമായി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരേ നടിയും അവതാരകയുമായ ആര്യ. ഇത്തരം വാര്‍ത്തകള്‍ തന്നെയും തന്റെ കുടുംബത്തെയും മോശമായി ബാധിക്കുന്നുണ്ടെന്നും തങ്ങള്‍ക്കും സ്വകാര്യ ജീവിതം ഉണ്ടെന്ന് മനസിലാക്കണമെന്നും തങ്ങളെ വെറുതേ വിടണമെന്നും ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
ആര്യയുടെ കുറിപ്പില്‍ നിന്ന്
എന്നത്തേയും പോലെ മിണ്ടാതിരിക്കാമെന്നും ഇതും കടന്നുപോകട്ടെയെന്നും ഞാന്‍ കരുതി, പക്ഷേ കാര്യങ്ങള്‍ കൈവിട്ടുപോയി, പലരെയും ബാധിക്കുക്കുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കുടുംബവും വ്യക്തിജീവിതവുമുണ്ട്. അതിനാല്‍ ദയവായി എനിക്ക് പറയാനുള്ളത് ശ്രദ്ധിക്കുക, ഞങ്ങളെ വെറുതെ വിടുക.
എന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ചില വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രചരിക്കുന്നുണ്ട്. അത് എന്നെയും എന്റെ കുടുംബത്തെയും എന്നോട് അടുത്ത് നില്‍ക്കുന്ന പലരെയും വളരെ മോശമായി തന്നെ ബാധിക്കുന്നുണ്ട്. എനിക്ക് കിട്ടുന്ന സ്‌ക്രീന്‍ഷോട്ടുകള്‍, ആളുകളുടെ ചോദ്യങ്ങള്‍, പരിഹാസങ്ങള്‍ ഇതെല്ലാം കഴിഞ്ഞ രണ്ട് ദിവസങ്ങളായി ശ്വാസം മുട്ടിക്കുന്നു.
ഇത് വളരെ സെന്‍സിറ്റീവായ തികച്ചും വ്യക്തിപരമായ വിഷയമാണെന്ന് ദയവ് ചെയ്ത് മനസിലാക്കണം. എന്റെ ജീവിതത്തെക്കുറിച്ച് ഞാനെന്നും തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ എവിടെ നിയന്ത്രണം വയ്ക്കണം എന്നും എനിക്കറിയാം. എനിക്കെന്തെങ്കിലും പറയണം എന്നുണ്ടെങ്കില്‍ ഞാന്‍ തന്നെ ആ അവസരത്തില്‍ മുന്നോട്ട് വന്ന് കാര്യങ്ങള്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് പറയാനുള്ള കാര്യങ്ങള്‍ക്കായി ഞാന്‍ മറ്റൊരു മാധ്യമത്തെയും ഉപയോഗിച്ചിട്ടില്ല.
എല്ലാ ഓണ്‍ലൈന്‍ മാധ്യമങ്ങളോടും ഇത്തരം അനാവശ്യമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്ന ഓരോരുത്തരോടും ഒരു അഭ്യര്‍ഥന ഉണ്ട്. ഈ വാര്‍ത്തകളില്‍ പല പേരുകളും ഉള്‍പ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ക്കെല്ലാം സ്വകാര്യ ജീവിതം ഉണ്ടെന്ന് ദയവായി മനസിലാക്കണം. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ദയവായി അവസാനിപ്പിക്കണം. എനിക്കെന്തെങ്കിലും പങ്കുവയ്ക്കണമെങ്കില്‍ ഞാനത് നേരിട്ട് എന്റെ സോഷ്യല്‍ മീഡിയിലൂടെ പങ്കുവയ്ക്കുന്നതായിരിക്കും. ദയവായി ഞങ്ങളെ വെറുതെ വിടണം.. ആര്യ കുറിച്ചു.
എനിക്കൊരു കുഞ്ഞിനെ നൽകി അവൾ പോയി ഡാ , എന്റെ പ്രാണനിപ്പോൾ മോർച്ചറിയിലാണ് , അവൾക്ക് കൂട്ടായി ഞാൻ മോർച്ചറിക്ക് പുറത്തുണ്ട് ഒരു നിമിഷം ഏവരെയും കണ്ണീരിലാഴ്ത്തിയ ആ പ്രിയതമന്റെ സങ്കട കരച്ചിൽ ഒരു നിമിഷം ഏവരുടെയും കണ്ണൊന്നു നിറച്ചു .
പത്തു വർഷം കാത്തിരുന്നു കിട്ടിയ കൺമണിയെ കാണാതെപോയ വിനിജയെക്കുറിച്ച് ഷെഫീർഖാൻ ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് കരളലിയിക്കും. ഒരു പ്രാവശ്യം ഭാഗ്യം കുഞ്ഞാവയുടെ രൂപത്തിൽ വരവറിയിച്ചെങ്കിലും ആ ഭാഗ്യത്തെയും ദൈവം തിരിച്ചടുത്തു. ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു, ഒരുപാട് കഷ്ടപ്പെട്ടു, ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു. ഒടുവിൽ പ്രാർത്ഥനകളുടെ ഫലമായി ഒരു കുഞ്ഞിനെ കിട്ടിയെങ്കിലും വിധിയുടെ കണക്കു കൂട്ടൽ മറ്റൊന്നായിരുന്നെന്ന് കുറുപ്പിൽ പറയുന്നു
കുറിപ്പിന്റെ പൂർണ്ണരൂപം
ദുഃഖങ്ങൾക്കിപ്പുറം മാധവിന് ഇന്ന് ഒരു വയസ്സ്.., ഒരു വർഷം മുന്നേ ദുഃഖം നിറഞ്ഞ ഇതേ ദിവസത്തെ എനിക്കുണ്ടായ അനുഭവം അന്ന് എഴുതിയപ്പോൾ…അരുൺ വിനിജ ദമ്പതികൾ ചുരുങ്ങിയ കാലം കൊണ്ട് എന്റെയും ഭാര്യയുടെയും ബെസ്റ്റ് ഫ്രണ്ട്സ് ഒരാഴ്ചയിൽ ഒരിക്കെ ഉറപ്പായും വിളിക്കും 10 വർഷമായി കുഞ്ഞുങ്ങളില്ല അതിനുമുമ്പ് ഒരു പ്രാവശ്യം പ്രഗ്നന്റ് ആവുകയും 8 മാസം കഴിഞ്ഞപ്പോൾ ബുദ്ധിമുട്ടുകൾ കാരണം ഡെലിവറി ചെയ്യേണ്ടിവന്നു ആ കുഞ്ഞ് മരണപ്പെട്ടു അതിനുശേഷം ഒരു കുഞ്ഞിനുവേണ്ടി ഒത്തിരി വിഷമിച്ചു ഒരുപാട് കഷ്ടപ്പെട്ടു ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിച്ചു.ഒരു ദിവസം വളരെ സന്തോഷത്തോടെ ഭാര്യക്ക് പോസിറ്റീവ് ആണ് എന്ന സന്തോഷം അറിയിക്കാൻ അരുൺ ഞങ്ങളെ വിളിച്ചു ഞങ്ങൾക്കും സന്തോഷം വളരെ സന്തോഷം പിന്നീടുള്ള ദിനങ്ങളിലെ പ്രാർത്ഥനകളിൽ അവരെയും ഉൾപ്പെടുത്തി..ആഴ്ചകൾക്കിടയിലുള്ള വിളികൾക്കിടയിൽ മിനിഞ്ഞാന്ന് വെള്ളിയാഴ്ച അരുൺ അടുത്ത സന്തോഷവുമായി വിളിച്ചു “ടാ വിനിജ പ്രസവിച്ചു ആൺകുഞ്ഞാണ് അപ്പൂപ്പന്റെ പേരായ മാധവൻ നായർ എന്നതിന്റെ ചുരുക്കമായ മാധവ് എന്നാണ് ഇട്ടിരിക്കുന്നത്” സന്തോഷത്തിന് ഇടയിലും ഞങ്ങൾ അവരെ അതിന്റെ പേരിൽ കളിയാക്കി….,
ഒത്തിരി സന്തോഷം പറഞ്ഞറിയിക്കാൻ കഴിഞ്ഞില്ല കാരണം ആദ്യ കുഞ്ഞ് മരണപ്പെട്ടത് കൊണ്ട് ഡോക്ടർമാർ ഒരുപാട് മരുന്നുകളും ഇന്ജെക്ഷന്കളും ഒരു ദിവസം പോലും മുടങ്ങാതെ ഈ ഒമ്പത് മാസവും വിനിജക്ക് നിർദ്ദേശിച്ചിരുന്നു ആയതിനാൽ ഒരുപാട് വൈദ്യപരമായി ബുദ്ധിമുട്ടുകൾ മാധവ് എന്ന ആ കുഞ്ഞിനുവേണ്ടി അവൾ അനുഭവിച്ചു എന്ന് ഞങ്ങൾക്കറിയാം ഏതായാലും അവർ സന്തോഷത്തിലായല്ലോ എന്ന് ഓർത്ത് അതെല്ലാം മറന്നു …ഇന്നലെ വൈകുന്നേരം യാദൃശ്ചികമായി വീണ്ടും അരുണിനെ കോൾ ഡിസ്ചാർജ് ആയി എന്ന് പറയാൻ വിളിച്ചതാ ആകുമെന്ന് മനസ്സ് ഫോൺ അറ്റൻഡ് ചെയ്തു മറുതലയ്ക്കൽ നിന്നും അരുൺ ” എനിക്കൊരു കുഞ്ഞിനെ നൽകി എന്റെ വിനിജ പോയി, അവൾ മോർച്ചറിയിലാണ് അവൾക്ക് കൂട്ടായി ഞാൻ പുറത്തുണ്ട്” വീട്ടിലെ ചെറു ജോലിയിൽ ആയിരുന്നു ഞാൻ ആ ഷോക്കിൽ അവിടെ ഇരുന്ന് പോയി എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ അറിയാതെ ഞാൻ ഫോൺ കട്ട് ചെയ്തു, അപ്പോൾ വന്ന കണ്ണീര് പിടിച്ചുനിർത്താൻ ഒരു മണിക്കൂർ കഴിഞ്ഞു എന്റെ ജീവിതത്തിലെ ആദ്യ സംഭവം…
ശേഷം നോർമൽ ആയപ്പോൾ മെഡിക്കൽ കോളജിൽ എത്തി ഞാൻ മുൻപ് കണ്ട അരുൺ അല്ല ചികിത്സാ ചെലവിനു വേണ്ടി അമിത അധ്വാനം നടത്തി ഒരുപാട് മെലിഞ്ഞിരിക്കുന്നു ഇപ്പോ പകുതി ജീവനും നഷ്ടപ്പെട്ടിരിക്കുന്നു കണ്ടപ്പോൾ നിലവിളിയോടെ കൂടി പുറത്തോട്ട് ചരിഞ്ഞു ഇങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് അവൾ അവൾ കുഞ്ഞിനെ നൽകേണ്ടായിരുന്നു അവൾ ഒരുപാട് കഷ്ടപ്പെട്ട് ടാ അവൾക്ക് ഷുഗർ ഉള്ളതുകൊണ്ട് ഡോക്ടറുടെ നിർദ്ദേശപ്രകാരം അവൾക്ക് ഇഷ്ടപ്പെട്ട ആഹാരം ഒന്നും ഞാൻ കൊടുത്തിരുന്നില്ല അവൾക്കതിൽ പരാതിയും ഇല്ലായിരുന്നു കഴിഞ്ഞ ഒൻപത് മാസം അവൾക്ക് ഇഷ്ടപ്പെട്ട ഒരു ആഹാരം കഴിക്കാതെ ആണ് ടാ അവൾ പോയത്.
ഞങ്ങൾക്ക് ഒത്തിരി സ്വപ്നം ഉണ്ടായിരുന്നു ഒത്തിരി ആഗ്രഹിച്ചു കിട്ടിയ കുഞ്ഞിനോടൊപ്പം ഒരാഴ്ചയെങ്കിലും ജീവിക്കാൻ ഞാൻ പ്രാർത്ഥിച്ച് ദൈവങ്ങൾ അനുവദിച്ച ഇല്ലല്ലോ ഞാൻ എല്ലാ ദൈവങ്ങളെയും പ്രാർത്ഥിച്ച് ഇല്ലേ നിന്റെ അല്ലാഹുവിനോട് പ്രാർത്ഥിച്ചു പാളയം വഴി പോകുമ്പോൾ ക്രിസ്ത്യൻ പള്ളി കാണുമ്പോൾ കർത്താവിനോട് പ്രാർത്ഥിച്ചു മുസ്ലിം പള്ളി കാണുമ്പോൾ അല്ലാഹുവിനോട് പ്രാർത്ഥിച്ചു എന്റെ അമ്പലങ്ങളിൽ കയറി സകല ദൈവങ്ങളോടും പ്രാർത്ഥിച്ചു ആരും മറുപടി തന്നില്ല എന്ന് മാത്രമല്ല മുൻപ് മുന്നിൽനിന്ന് കുത്തി എന്റെ കുഞ്ഞിനെ എടുത്ത ദൈവം ഇന്ന് എന്റെ പിന്നിൽനിന്ന് കുത്തി എന്റെ പ്രിയതമേ എടുത്തു എനിക്കിനി ദൈവങ്ങളില്ല..
നിങ്ങൾ കിടക്കുന്ന ചെറിയ കട്ടിലിൽ ആയതുകൊണ്ട് കുഞ്ഞു കൂടി വന്നാൽ ബുദ്ധിമുട്ടാണല്ലോ എന്ന് കരുതി ഫ്ലിപ്കാർട്ടിൽ കയറി വലിയ കട്ടിൽ ബുക്ക് ചെയ്തു ഇനി അതൊക്കെ എന്തിന് അവൾക്കൊരു കുഞ്ഞിനെ പ്രസവിക്കാൻ കഴിയുമെന്ന് എന്നെ ബോധിപ്പിച്ച് ശേഷം അവൾ പോയി..എന്റെ വീട്ടിലെ കണക്കപ്പിള്ള അവളായിരുന്നു എന്നെ നേർവഴിക്ക് നയിച്ചത് അവളായിരുന്നു പത്തുകൊല്ലം പ്രണയവും പത്തുകൊല്ലം വിവാഹജീവിതവും ഞങ്ങൾ ഒത്തിരി ആസ്വദിച്ചു നമ്മൾ തമ്മിൽ പിണക്കങ്ങൾ ഇല്ല ഞാൻ ജോലി കഴിഞ്ഞു വന്നു കയ്യിലെ പേഴ്സ് അവളെ ഏൽപ്പിക്കും അവൾ അതിലെ പൈസ കണക്കു പ്രകാരം മാറ്റിയ ശേഷം എനിക്ക് ആവശ്യമുള്ള പണം അതിൽ വച്ചു പേഴ്സ് തിരികെ വയ്ക്കും രാവിലെ ഞാൻ തുറന്നു പോലും നോക്കാതെ പേഴ്സ് എടുത്തു കൊണ്ടു പോകും കാരണം എനിക്ക് ഉറപ്പുണ്ട് അതിൽ എനിക്ക് ആവശ്യമുള്ളപണം ഉണ്ടാകുമെന്ന് തുറന്നു നോക്കുമ്പോൾ അതുപോലെ തന്നെ കാണും എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായാൽ വീണ്ടും വിളിക്കുമ്പോൾ പേഴ്സിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വീണ്ടും പണം ഒളിപ്പിച്ചു വെച്ചിട്ടുണ്ടാകും ഞങ്ങടെ പ്രാരാബ്ധങ്ങൾക്കിടയിൽ അതും ഒരു സന്തോഷമായിരുന്നു.
ഞങ്ങൾ തമ്മിൽ ഒരു ഉടമ്പടി ഉള്ളതുകൊണ്ട് എനിക്ക് ആത്മഹത്യയ്ക്ക് കഴിയുന്നില്ല കാരണം കുഞ്ഞിനെ കിട്ടും മുന്പാണെങ്കിൽ ആദ്യം ആരു മരിച്ചാലും അടുത്തയാൾ പോയ ആളുടെ കൂടെ വരും കുഞ്ഞിന് കിട്ടിയശേഷം ആണെങ്കിൽ ആരാണ് ജീവനോടെയുള്ള അവർ ആ കുഞ്ഞിനെ നോക്കണം ഇപ്പോൾ എന്റെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിച്ച അവൾ പോയി, ഞങ്ങടെ വീട്ടിൽ അമ്മായിമ്മ പോര് ഇല്ലെടാ ചെറിയ വീടാണെങ്കിലും ഒരുപാട് സന്തോഷത്തോടെയാണ് ഞങ്ങൾ കഴിഞ്ഞത് ഓരോ വാക്കുകളും എന്റെ മനസ്സിൽ കുത്തി കയറി വിധി എന്ന വാക്കിനപ്പുറം ഒരു സമാധാനം എനിക്ക് അവനോട് പറയാനില്ലായിരുന്നു..
ഒരു കുഞ്ഞിന് വേണ്ടി മെഡിക്കൽ കോളജിൽ എത്തിയ അവൻ മുൻപ് ജീവനില്ലാത്ത കുഞ്ഞുമായി പ്രിയതമയ്ക്ക് ഒപ്പമാണ് പോവേണ്ടി വന്നതെങ്കിൽ ഇന്ന് ജീവനുള്ള കുഞ്ഞുമായി ജീവനില്ലാത്ത പ്രിയതമയും ആയി ആണ് യാത്ര തിരിക്കുക.ഇപ്പോൾ അവൻ പ്രാർത്ഥിച്ച ദൈവങ്ങളോട് എന്റെ പ്രാർത്ഥന ആഗ്രഹിച്ചിരുന്ന ഒരു കുഞ്ഞിനെ ഒരു നോക്ക് മാത്രം കാണാൻ അവസരം കിട്ടിയ ആ പ്രിയതമയ്ക്ക് ആയിരം കുഞ്ഞുങ്ങൾക്ക് ഇടയിൽ സന്തോഷിക്കാൻ നീ അവസരം നൽകണേ, അരുണെന്ന ഭർത്താവിന് നീ തന്നെ സമാധാനം നൽകണേ, ആശിച്ചിരുന്ന അമ്മയുടെ കയ്യിലിരുന്നു ഒത്തിരി ലാളനകൾ ഏൽക്കേണ്ട ആ കുഞ്ഞിനെ സ്നേഹം കൊണ്ട് മൂടാൻ ഒത്തിരി പേരുണ്ടാവണേ….ദുഃഖങ്ങൾക്കിപ്പുറം മാധവിന് ഇന്ന് ഒരു വയസ്സ്.., മോന് ജന്മദിനാശംസകൾക്കൊപ്പം സർവ്വ നന്മകൾ നേരുന്നു..