കൽപ്പറ്റ: നവദമ്പതികളെ കൊലപ്പെടുത്തിയ പ്രതിക്ക്‌ പരമാവധി ശിക്ഷ ഉറപ്പാക്കി കോടതി. നാടിനെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തിയ ദുരൂഹതകൾ നിറഞ്ഞ കണ്ടത്ത്‌വയൽ ഇരട്ടക്കൊലപാതക കേസിലാണ് പ്രതി വിശ്വനാഥനെ(48) മരണം വരെ തൂക്കിലേറ്റാൻ കോടതി വിധിച്ചത്‌. വെള്ളമുണ്ട കണ്ടത്ത് വയൽ സ്വദേശികളായ ഉമ്മർ (24), ഫാത്തിമ (19) എന്നിവരാണ് ദാരുണമായി ‌ കൊല്ലപ്പെട്ടത്‌. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന നിലയിലാണ് പ്രതിക്ക് കോടതി പരമാവധി ശിക്ഷ നൽകിയത്.

കൊലപാതകം നടത്തിയശേഷം പ്രതി വിശ്വനാഥൻ കൊല്ലപ്പെട്ട ഫാത്തിമയുടെ മൊബൈൽ ഫോണും മോഷ്‌ടിച്ചിരുന്നു. സിം മാറ്റിയെങ്കിലും മൊബൈൽ ഫോണിന്റെ ഐഎംഇഐ (ഇന്റർനാഷണൽ മൊബൈൽ എക്യുപ്‌മെന്റ്‌ ഐഡന്റിറ്റി) നമ്പർ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിൽ ഫോൺ എവിടെയെന്ന്‌ ട്രാക്ക്‌ ചെയ്യാൻ അന്വേഷണ സംഘത്തിന്‌ കഴിഞ്ഞു. കൊലപാതകം നടന്ന പിറ്റേ ദിവസംതന്നെ ഫോണിലെ ഐഎംഇഐ നമ്പർ ആർ ഇന്ത്യ സർച്ചിലേക്ക്‌ പൊലീസ്‌ നൽകിയിരുന്നു.

ആയിരത്തിലധികം പരിശോധനകൾക്കു ശേഷം സെപ്‌തംബർ ആറിന്‌ ഈ ഐഎംഇഐ നമ്പർ ഫോണിൽ സിം ഉപയോഗിക്കുന്നതായി കണ്ടെത്തി. വിശ്വനാഥന്റെ ഭാര്യയാണ്‌ ഈ ഫോണിൽ നെറ്റ്‌ ഉപയോഗിച്ചത്‌. തുടർന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതിയെ കസ്‌റ്റഡിയിലെടുത്തത്‌. കൊലപാതക സ്ഥലത്തുനിന്ന്‌ ശേഖരിച്ച ഫൂട്ട്‌ പ്രിന്റ്‌ പ്രതിയുടേതെന്ന്‌ കണ്ടെത്താനും സംഭവസ്ഥലത്തുനിന്ന്‌ കണ്ടെത്തിയ ചീർപ്പിലെ മുടി പ്രതിയുടേതാണെന്നും പൊലീസ്‌ ശാസ്‌ത്രീയ പരിശോധനയിലൂടെ തെളിയിച്ചു. രക്തക്കറ പുരണ്ട ഷർട്ടും പ്രതിയുടെ വീട്ടിൽ നിന്ന്‌ കണ്ടെത്തി.

2018 ജൂലൈ ആറിനായിരുന്നു നാടിനെ നടുക്കിയ സംഭവം. വിവാഹം കഴിഞ്ഞ്‌ രണ്ടു മാസം മാത്രം പിന്നിട്ടപ്പോഴാണ്‌ ദമ്പതികൾ കൊല്ലപ്പെടുന്നത്‌. 2018 ജൂലൈ അഞ്ചിന്‌ അർധരാത്രിക്കുശേഷം ആറിന്‌ പുലർച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരുന്നു കൊല നടന്നത്‌. മോഷണം ചെറുക്കുന്നതിനിടെ പ്രതി ദമ്പതികളെ കമ്പിവടികൊണ്ട്‌ അടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ഇരുവരും മരിച്ചശേഷം ഫാത്തിമയുടെ ദേഹത്തുണ്ടായിരുന്ന 10 പവൻ ആഭരണവുമെടുത്ത്‌ വീട്ടിലും പുറത്തും മുളകുപൊടി വിതറി രക്ഷപ്പെട്ടു. വീട്ടിനുള്ളിൽ വെട്ടേറ്റ്‌ മരിച്ച നിലയിൽ മൃതദേഹം ആദ്യം കണ്ടത്‌ ഉമ്മറിന്റെ ഉമ്മ ആയിശയാണ്‌. തൊട്ടടുത്തുള്ള ഉമ്മറിന്റെ സഹോദരന്റെ വീട്ടിലായിരുന്ന അവർ രാവിലെ മകന്റെ വീട്ടിലെത്തിയപ്പോഴാണ്‌ ദാരുണ രംഗം കണ്ടത്‌. ഇരട്ടക്കൊലപാതകമാണ്‌ നടത്തിയത്‌ എന്നതും കൊല്ലപ്പെട്ടവരുടെ പ്രായവും കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ ഇരുമ്പുവടി കൊണ്ടുവന്നതും ഇരുവരുടെയും തലയ്‌ക്കടിച്ചതുമെല്ലാം പരമാവധി ശിക്ഷക്ക്‌ അർഹമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി വിധിയിലൂടെ അംഗീകരിക്കപ്പെട്ടു.

കൊലക്കുറ്റത്തിന്‌ വധശിക്ഷയും പത്തുലക്ഷം രൂപ പിഴയും വിധിച്ച കൽപ്പറ്റ സെഷൻസ് കോടതി ജഡ്ജി വി ഹാരിസ്‌ പ്രതിക്ക്‌ ഭവനഭേദനത്തിന്‌ പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും കവർച്ചക്കും തെളിവ്‌ നശിപ്പിക്കലിനും ഏഴു വർഷം വീതം തടവും ഒരുലക്ഷം രൂപ പിഴ വിധിച്ചതും കുറ്റകൃത്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.