കൊച്ചി: ചലച്ചിത്ര നടി കെപിഎസി ലളിത (74) അന്തരിച്ചു. കൊച്ചിയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. അനാരോഗ്യം മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു..550ല്‍അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

രാവിലെ 11 വരെ തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തിൽ പൊതുദർശനം ഉണ്ടാകും. തുടർന്നു തൃശൂരിലേക്കു കൊണ്ടുപോകും. 2 മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിക്കും. സംസ്കാരം വൈകിട്ട് 5ന് വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ’ വീട്ടുവളപ്പിൽ നടക്കും.

രണ്ട് തവണ ദേശീയ പുരസ്കാരവും നാലിലേറെ തവണ സംസ്ഥാന പുരസ്കാരവും ലളിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അമ്പത് വർഷത്തിലേറെയായി കെപിഎസി ലളിത സിനിമയിൽ സജീവമായിരുന്നു. യഥാർത്ഥ പേര്-മഹേശ്വരി അമ്മ എന്നാണ്. കെ.പി.എ.സി.-യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായ ലളിത തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബത്തിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

ആലപ്പുഴയിലെ കായംകുളത്ത് ഫോട്ടോഗ്രാഫറായിരുന്ന കെ. അനന്തൻ നായരുടെയും ഭാർഗവി അമ്മയും മകളായി ജനിച്ചു. ഒരു സഹോദരൻ – കൃഷ്ണകുമാർ, സഹോദരി – ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ നൃത്തം പഠിച്ചു. 10 വയസ്സുള്ളപ്പോൾ തന്നെ നാടകത്തിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. ചങ്ങനാ​ശേരി ഗീഥായുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു. അവിടെവച്ചാണ് ലളിത എന്ന പേർ സ്വീകരിക്കുന്നത്. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. 1978 ൽ പ്രമുഖ സംവിധായകനായ ഭരതനെ വിവാഹം ചെയ്തു.

സന്മനസ്സുള്ളവർക്ക് സമാധാനം, പൊൻ മുട്ടയിടുന്ന താറാവ്, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വടക്കുനോക്കി യന്ത്രം, ദശരഥം, വെങ്കലം, ഗോഡ് ഫാദർ, അമരം, വിയറ്റ്നാം കോളനി, സ്ഫടികം, അനിയത്തി പ്രാവ്, ശാന്തം തുടങ്ങിയ 550ലധികം സിനിമകളില്‍ അവര്‍ അഭിനയിച്ചു.