India

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിന്റെ വാദപ്രതിവാദങ്ങൾ കോടതിയിൽ നടക്കെ അന്വേഷണത്തെ പരിഹസിച്ച് സജി നന്ത്യാട്ട്. ‘നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം,അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം’- നിർമ്മാതാവ് സജി നന്ത്യാട്ട് പ്രതികരിച്ചു.

ചാനൽ ചർച്ചകൾക്കിടയിലായിരുന്നു സജി നന്ത്യാട്ടിന്റെ ഈ പരിഹാസം.’നടൻ ജയൻ മരിച്ചതിൽ ദിലീപിന്റെ പങ്ക് അന്വേഷിക്കണം, അതുപോലെ നടി സിൽക്ക് സ്മിതയുടെ മരണത്തിലും മോനിഷ കാറപകടത്തിൽ മരണപ്പെട്ടതിലും ദിലീപിന്റെ പങ്ക് അന്വേഷിക്കണം. ബിൻ ലാദൻ മരിക്കുന്നതിന്റെ തലേദിവസം അയാൾ ദിലീപിന്റെ വീട്ടിൽ ഉണ്ടായിരുന്നു. ട്രേഡ് സെന്റർ ആക്രമിക്കുമ്പോൾ ദിലീപ് തൊട്ടടുത്ത ഹോട്ടലിൽ ഉണ്ടായിരുന്നു. എന്തൊക്കെയാണ് ഈ പറയുന്നത്’- അദ്ദേഹം ചോദിക്കുന്നു.

‘ദിലീപിന്റെ ഒരു ഫോൺ കാണുന്നില്ല എന്നതാണല്ലോ ഇപ്പോഴത്തെ പ്രശ്‌നം. ബാലചന്ദ്ര കുമാറിന്റെ ടാബ് എവിടെയാണ്. അതേക്കുറിച്ച് ആർക്കും ഒന്നും പറയാനില്ലേ?. ബാലചന്ദ്ര കുമാർ ശബ്ദം ട്രാൻസ്ഫർ ചെയ്ത ലാപ്‌ടോപ് എവിടെയാണ്. ഏതായാലും ഇത് പോലീസിന്റെ തിരക്കഥ അല്ല, സിനിമ ബന്ധം ഉള്ളവർക്ക് കഴിയുന്ന ഒരു തിരക്കഥ ആണിത്. മാഫിയ, പാരലൽ എക്‌സ്‌ചേഞ്ച് എന്തൊക്കെയാണ്’,- സജി ചർച്ചയ്ക്കിടെ പരിഹസിക്കുന്നു.

സ്വന്തം മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് ജീവനൊടുക്കി. രണ്ടു പെൺകുട്ടികളെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം യുവതി തൂങ്ങിമരിക്കുകയായിരുന്നു.

കുഴിത്തുറയ്ക്കു സമീപം കഴുവൻതിട്ട കോളനിയിലെ ജപഷൈന്റെ ഭാര്യ വിജി(27)യാണ് രണ്ടുവയസ്സുള്ള മകൾ പ്രേയയെയും ആറുമാസം പ്രായമുള്ള പെൺകുട്ടിയെയും വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.

വർക്കലയിലെ ഒരു സ്ഥാപനത്തിൽ ജോലിനോക്കുകയാണ് ജപഷൈൻ. ചൊവ്വാഴ്ച വൈകുന്നേരം ജപഷൈനിന്റെ അമ്മ പുറത്തുപോയ ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് വിജിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടത്.

തുടർന്ന് കുട്ടികളെ തിരക്കിയപ്പോഴാണ് വീടിനു പിൻവശത്ത് ബക്കറ്റിലെ വെള്ളത്തിൽ മരിച്ചനിലയിൽ കണ്ടത്. മാർത്താണ്ഡം പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഡിവൈഎസ്പി ഗണേശൻ തെളിവെടുപ്പ് നടത്തി.മൃതദേഹങ്ങൾ പോസ്റ്റുേമാർട്ടത്തിനായി കുഴിത്തുറ സർക്കാർ ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരം∙ ലത്തീൻ അതിരൂപതയുടെ പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചു. ഡോ.തോമസ് ജെ. നെറ്റോയാണ് പുതിയ സഭാധ്യക്ഷൻ. പാളയം പള്ളിയിൽ നടന്ന മെത്രാഭിഷേക ദിവ്യബലിക്കിടെ ആർച്ച് ബിഷപ്പ് ഡോ.സൂസപാക്യമാണ് പുതിയ ആർച്ച് ബിഷപ്പിനെ പ്രഖ്യാപിച്ചത്. ശാരീരിക അവശതകളെ തുടർന്ന് നേരത്തെ സൂസപാക്യം സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിരുന്നു.

ആഗ്രഹിച്ചതിന്റെ അംശംപോലും നിറവേറ്റാൻ തനിക്കു കഴിഞ്ഞിട്ടില്ലെന്നു ഡോ.സൂസപാക്യം പറഞ്ഞു. ‘‘പ്രതീക്ഷകൾക്കൊത്ത് ഉയരാൻ സാധിച്ചില്ലെന്ന് എളിമയോടെ അംഗീകരിക്കുന്നു. എന്റെയോ നിങ്ങളുടെയോ വിലയിരുത്തൽ അല്ല പ്രധാനം. എന്റെ കഴിവുകൾ ദൈവത്തിനറിയാം. ആ വിലയിരുത്തലിന് ഞാൻ എന്നെ വിട്ടുകൊടുക്കുന്നു’’–ഡോ.സൂസപാക്യം പറഞ്ഞു.

ഒരാൾ വിരമിക്കുമ്പോൾ ഇല്ലാത്തത് ഉണ്ടാക്കി പറയുന്ന പതിവുണ്ടെന്നും അതിന് ആഗ്രഹമില്ലെന്നും സൂസപാക്യം പറഞ്ഞു. ‘‘പരിമിതമായ കഴിവുള്ള സാധാരണക്കാരനാണ് താൻ. അസാധാരണമായി ഒന്നും ചെയ്തിട്ടില്ല. എല്ലാവരുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമാണ് നേട്ടങ്ങൾ. ചെയ്യാത്ത കാര്യങ്ങളുടെ ഭാണ്ഡക്കെട്ടും പേറി ശിഷ്ടകാലം കഴിയാൻ ഇടവരുത്തരുതേ എന്നാണ് അപേക്ഷ. 32 കൊല്ലം സഹകരിച്ച, വിമർശിച്ച എല്ലാവരെയും സ്നേഹത്തോടെ ഓർക്കുന്നു.’’

സഹായ മെത്രാൻ ക്രിസ്തുദാസിനോട് നന്ദി അറിയിക്കുന്നതായി ഡോ.സൂസപാക്യം പറഞ്ഞു. ‘‘ശാരീരിക മാനസിക അവശതകളും അധിക ചുമതല ഏറ്റെടുക്കേണ്ടതിന്റെ സംഘർഷവും ഞാൻ മേലധികാരികളെ അറിയിച്ചിരുന്നു. ഉത്തരവാദിത്തങ്ങളിൽനിന്ന് മാറാൻ ആഗ്രഹം പ്രകടിപ്പിച്ചു. എന്നാൽ, സഹായ മെത്രാനെ സഭ എനിക്കായി നിയോഗിച്ചു. സ്ത്യുത്യർഹമായ രീതിയിൽ അദ്ദേഹം ചുമതല നിർവഹിച്ചു.’’–ഡോ.സൂസപാക്യം പറഞ്ഞു.

നിലവിൽ രൂപതാ കോഓർഡിനേറ്ററാണ് ഡോ.തോമസ് ജെ. നെറ്റോ. കടലോരഗ്രാമമായ പുതിയതുറ ഇടവകയിൽ ജേസയ്യ നെറ്റോയുടേയും ഇസബെല്ല നെറ്റോയുടേയും മകനായി 1964 ഡിസംബർ 29 ലാണ് തോമസ് നെറ്റോയുടെ ജനനം. സെന്റ് നിക്കോളാസ് എൽപി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ലൂർദ്പുരം സെന്റ് ഹെലൻസ് സ്കൂളിലും കാഞ്ഞിരംകുളം പി.കെ.എസ്.എച്ച്.എസ്. സ്കൂളിലുമായി വിദ്യാഭ്യാസം നടത്തി. സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രിക്കു പഠിച്ചത്. തുടർന്ന് വൈദികനാകാൻ സെന്റ് വിൻസന്റ് സെമിനാരി, ആലുവ പൊന്തിഫിക്കൽ സെമിനാരി എന്നിവിടങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കി. 1989 ഡിസംബർ 19ന് പാളയം കത്തീഡ്രൽ ദേവാലയത്തിൽ പൗരോഹിത്യം സ്വീകരിച്ചു.

തുടർന്നുള്ള അഞ്ചു വർഷക്കാലം പെരിങ്ങമ്മല, പാളയം ഇടവകകളിൽ സഹ വികാരിയായും പാളയം കാത്തലിക് ഹോസ്റ്റലിലെ അസി. വാർഡനായും സഭൈക്യ-സംവാദ കമ്മീഷൻ എക്സിക്യൂട്ടിവ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. അക്കാലത്ത് തന്നെ സാമൂഹിക ശാസ്ത്രത്തിൽ ലയോള കോളജിൽ നിന്നും ബിരുദാനന്തരബിരുദവും നേടി.

തുടർന്ന് ഉപരി പഠനത്തിനായി 1995 ൽ റോമിലേക്ക് പോവുകയും, റോമിലെ ഉർബനിയാന യൂണിവേഴ്സിറ്റിയിൽ സഭാവിജ്ഞനീയത്തിൽ ഗവേഷണ പഠനം പൂർത്തിയാക്കി തിരിച്ചെത്തുകയും ചെയ്തു. തുടർന്ന് പേട്ട ഇടവക വികാരിയായി. 2000- 2004 കാലഘട്ടത്തിൽ ബിസിസി യുടെ ജനറൽ സെക്രട്ടറിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം 2003 മുതൽ 2010 വരെ മേനംകുളം സെന്റ് വിൻസെന്റ് സെമിനാരി റെക്ടരുമായിരുന്നു. 2008-2010 വർഷങ്ങളിൽ ബോർഡ്‌ ഓഫ് ക്ലർജി ആൻഡ് റിലീജിയൻ ഡയറക്ടറയും സേവനം അനുഷ്ഠിച്ചു.

2009- ൽ വലിയതുറ സെന്റ് ആന്റണിസ് ഫെറോന പള്ളിയുടെ താത്കാലിക മേൽനോട്ടം വഹിക്കുന്ന വൈദികനായി. 2010- 2014 കാലഘട്ടങ്ങളിൽ തോപ്പ് സെന്റ് ആൻസ് ഇടവക വികാരിയുമായിരുന്നു. 2014-ൽ അതിരൂപത ശുശ്രുഷകളുടെ എപ്പിസ്കോപൽ വികാരിയായി. തുടർന്ന് മുരുക്കുംപുഴ സെന്റ്. അഗസ്റ്റിൻ ദേവാലയത്തിലെ ഇടവക വികാരിയായും, കഴക്കൂട്ടം ഫൊറോന വികാരിയുമായിരുന്നു.നിലവിൽ അതിരൂപത ശുശ്രുഷകളുടെ കോർഡിനേറ്ററായി സേവനമനുഷ്ഠിച്ചു വരുകയാണ്.

ന്യൂസ് ഡെസ്ക് മലയാളം യുകെ

ന്യൂഡൽഹി : ക്രിപ്റ്റോ കറൻസികളെ നിരോധിക്കുന്നതിന് പകരം നികുതി ചുമത്തി ഒരു ഡിജിറ്റൽ ആസ്തിയായി അംഗീകരിച്ച കേന്ദ്ര സർക്കാർ നടപടി ഇരുകൈയും നീട്ടിയാണ് ഇന്ത്യൻ ക്രിപ്റ്റോ നിക്ഷേപകർ സ്വീകരിച്ചത്. ക്രിപ്റ്റോ കറൻസി ബിൽ പാസാക്കാതെ തന്നെ പരോക്ഷമായി ക്രിപ്റ്റോകറൻസികളെ നിയന്ത്രിക്കുന്നതിനായി ഇന്ത്യയിൽ നികുതി ഏർപ്പെടുത്തിയിരിക്കുകയാണ്. ഡിജിറ്റൽ ആസ്തികളിൽ നിന്നുള്ള വരുമാനത്തിന് ബജറ്റിൽ 30 ശതമാനം നികുതിയാണ് ഏർപ്പെടുത്തിയത്. ക്രിപ്റ്റോയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട് സർക്കാർ കൂടുതൽ വ്യക്തത നൽകുമ്പോൾ 82% ഇന്ത്യക്കാരും ക്രിപ്‌റ്റോകറൻസിയിൽ നിക്ഷേപം നടത്താൻ പദ്ധതിയിടുന്നു. അടുത്തിടെ ഡെലോയ്‌റ്റും ടൈംസ് ഓഫ് ഇന്ത്യയും ചേർന്ന് നടത്തിയ സർവേയുടെ ഫലമാണിത്.

സർവേയിൽ പങ്കെടുത്ത 1,800 പേരിൽ, 55.2% പേർ ക്രിപ്‌റ്റോകറൻസികളിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും അത് ഇനിയും തുടരുമെന്നും പറഞ്ഞു. 26.8% പേർ ക്രിപ്‌റ്റോയിൽ നിക്ഷേപിച്ചിട്ടില്ലെന്നും ക്രിപ്റ്റോ നിയന്ത്രണത്തെക്കുറിച്ച് സർക്കാർ കൂടുതൽ വ്യക്തത നൽകിയാൽ നിക്ഷേപിക്കാൻ തയ്യാറാണെന്നും പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഫലം പ്രസിദ്ധീകരിച്ചത്. തുടർന്ന് ഫെബ്രുവരി 1ന് കേന്ദ്ര ബജറ്റിലെ പ്രഖ്യാപനത്തിലൂടെ ധനമന്ത്രി നിർമ്മല സീതാരാമൻ ക്രിപ്റ്റോകറൻസികൾക്ക് പരോക്ഷ അംഗീകാരം നൽകി. ഡിജിറ്റൽ കറൻസികൾക്ക് നികുതി ഏർപ്പെടുത്തുന്നതിലൂടെ ഡിജിറ്റൽ കറൻസികൾക്ക് ഫലത്തിൽ അംഗീകാരം നൽകുകയാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടി.

അതേസമയം, കോവിഡ് പ്രതിസന്ധിക്കിടയിലും 2021-ൽ ഇന്ത്യക്കാരുടെ ക്രിപ്റ്റോ നിക്ഷേപങ്ങൾ കുതിച്ചുയർന്നു. 2021-ൽ 48 റൗണ്ടുകളിലായി 63.8 കോടി ഡോളർ മൂല്യമുള്ള ക്രിപ്റ്റോ ഫണ്ടിങ്ങും ബ്ലോക്ക്ചെയിൻ നിക്ഷേപങ്ങളുമാണ് ഇന്ത്യെയെ ആകർഷിച്ചിരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ ക്രിപ്‌റ്റോ നിക്ഷേപങ്ങളുള്ളത് ഇന്ത്യക്കാർക്ക് ആണെന്നാണ് റിപ്പോർട്ട്. ക്രിപ്‌റ്റോ ബില്ലുമായി ബന്ധപ്പെട്ട് സംഭവ ബഹുലമായിരുന്ന വർഷം തന്നെ ഇത്രയധികം നിക്ഷേപം നടന്നുവെന്നത് ക്രിപ്റ്റോയുടെ സ്വീകാര്യത വലിയ തോതിൽ വർദ്ധിക്കുന്നതിന്റെ ഉദാഹരണമാണ്.

കുത്തുങ്കല്‍: ഇടുക്കി കുത്തുങ്കലില്‍ പുഴയില്‍ അന്യസംസ്ഥാന തൊ​ഴിലാളികളായ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്‍മാരുടേയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. മധ്യപ്രദേശ് സ്വദേശികളായ റോഷ്നി (20) അജയ് (20) ദുലീപ് (22) എന്നിവരാണ് മരിച്ചത്.

കുത്തുങ്കല്‍ പവര്‍ ഹൗസിന് സമീപത്ത് നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് അന്യ സംസ്ഥാന തൊഴിലാളികളായ റോഷ്നി, അജയ്, ദുലീപ് എന്നിവരെ തൊഴില്‍ സ്ഥലത്ത് നിന്നും കാണാതാവുകയായിരുന്നു. തൊഴിലാളികളെ കാണാതായത് സംബന്ധിച്ച്, ഉടുമ്പന്‍ചോല പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലിസിന്റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് പവര്‍ ഹൗസിന് സമീപത്തെ വെള്ളചാട്ടത്തില്‍ നിന്നും രണ്ട് മൃതദേഹങ്ങളും, സമീപത്ത് പാറയിടുക്കില്‍ അകപെട്ട നിലയില്‍ ഒരാളുടെ മൃതദേഹവും കണ്ടെത്തിയത്.

നെടുങ്കണ്ടം ഫയര്‍ ഫോഴ്സും ഉടുമ്പന്‍ചോല പോലിസും മണിക്കൂറുകള്‍ പണിപെട്ടാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. രണ്ടാഴ്ചയായി കുത്തുങ്കല്‍ സ്വദേശിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച്, സമീപത്തെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തു വരികയായിരുന്നു ഇവര്‍. ആറ് പേരാണ് ഇവിടെ കഴിഞ്ഞിരുന്നത്. ഞായറാഴ്ച ലോക്ഡൗണ്‍ ആയതിനാല്‍ ഇവര്‍ ജോലിയ്ക്ക് പോയിരുന്നില്ല. വൈകിട്ടോടെ, കുളിയ്ക്കാനായി റോഷ്നിയും അജയും ദുലിപൂം പുഴയിലേയ്ക്ക് പോയതായാണ് കൂടെയുള്ളവര്‍ പറയുന്നത്. കുളിയ്ക്കാനിറങ്ങുന്നതിനിടെ ഒഴുക്കില്‍പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.

ടാറ്റൂ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. കപ്പിൾസ് ടാറ്റൂ മുതൽ വിവിധതരം ഡിസൈനുകളും ഇന്ന് നിലവിലുണ്ട് പരമ്പരാഗത ടാറ്റൂ ആർട്ടായ യന്ത്രയിലൂടെ പ്രശസ്തനായ ഓഗ് ഡാം സോറോട്ട് എന്ന യുവാവിന്റെ ഒരു അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാകുകയാണ്. അഭിമുഖത്തിൽ യുവാവ് തന്റെ എട്ട് ഭാര്യമാരെക്കുറിച്ച് പറയുന്നുണ്ട്. ഈ ഭാഗമാണ് ചർച്ചയാകുന്നത്.

തന്റെ എട്ട് ഭാര്യമാരും സന്തോഷത്തോടെ ജീവിക്കുകയാണെന്ന് യുവാവ് പറയുന്നു. നാല് കിടപ്പുമുറികളുള്ള വീട്ടിലാണ് എല്ലാവരും താമസിക്കുന്നത്. ഒരു മുറിയിൽ രണ്ട് പേർ വീതമാണ് ഉറങ്ങുന്നത്. ഊഴമനുസരിച്ചാണ് ഭാര്യമാർ താനുമായി കിടക്ക പങ്കിടുന്നതെന്നും യുവാവ് പറയുന്നു.

ഇത്രയും നന്നായി ഭാര്യമാരെ സ്നേഹിക്കുന്ന ഭർത്താവ് ലോകത്ത് വേറെ ഉണ്ടാകില്ലെന്നാണ് യുവതികൾ പറയുന്നത്. ഭാര്യമാരിൽ രണ്ട് പേർ ഗർഭിണികളാണ്. ആദ്യഭാര്യയിൽ ഒരു മകനുമുണ്ട്. നോങ് സ്പ്രൈറ്റ് എന്ന സ്ത്രീയാണ് ഇയാളുടെ ആദ്യ ഭാര്യ. ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിൽവച്ചായിരുന്നു ഇവരെ കണ്ടെത്തിയത്.മാർക്കറ്റിൽവച്ചാണ് രണ്ടാം ഭാര്യയായ നോങ് എല്ലിനെ കണ്ടുമുട്ടിയത്. ആദ്യ ഭാര്യയുടെ സമ്മതത്തോടെയായിരുന്നു വിവാഹം.

അടുത്തയാളെ അമ്പലത്തിൽവച്ചും കണ്ടെത്തി. ഭാര്യമാരുടെ സമ്മതത്തോടെയാണ് ഓരോ വിവാഹവും.ഒരാളെ ആശുപത്രിയിൽവച്ചും കണ്ടുമുട്ടി. ഭാര്യമാർക്കൊപ്പം അവധി ആഘോഷിക്കാൻ പോയപ്പോഴാണ് അഞ്ചാം ഭാര്യയെ കണ്ടെത്തിയത്. ബാക്കിയുള്ളവരെ സോഷ്യൽ മീഡിയ വഴിയുമാണ് കിട്ടിയത്. തന്നേക്കാൾ മികച്ച ഒരാളെ കണ്ടെത്തിയാൽ എപ്പോൾ വേണമെങ്കിലും വേർപിരിയാമെന്ന സമ്മതവും ഭാര്യമാരെ അറിയിച്ചിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതി ഉത്തരവിട്ടു. കേസില്‍ മാര്‍ച്ച ഒന്നിന് മുമ്പ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കി.

കേസില്‍ തുടര്‍ അന്വേഷണത്തിന് ആറുമാസം വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് അന്വേഷണത്തിന് ആറ് മാസത്തെ സമയം കൂടി വേണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. ഇത് തള്ളിക്കൊണ്ടായിരുന്നു് കോടതിയുടെ ഉത്തരവ്. അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തിയാക്കാന്‍ കഴിയില്ല. വിധിക്ക് എതിരെ അപ്പീല്‍ നല്‍കുമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ദിലീപിന്റെ സുഹൃത്തായ സലീഷിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. അന്വേഷണ ഉദ്യോഗസ്ഥര്‍ സലീഷിന്റെ കുടുംബാംഗങ്ങളുടെ മൊഴികയെടുക്കും. ശേഷം സലീഷ് സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിമിനെ അണിയറപ്രവര്‍ത്തകരെയും അന്വേഷണസംഘം കാണും. സലീഷിന്‍രെ മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരന്‍ കഴിഞ്ഞ ദിവസം അങ്കമാലി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കു മുൻപ് Air Suvidha പോർട്ടലിൽ യാത്രക്കാരുടെ കഴിഞ്ഞ രണ്ടാഴ്ചത്തെ യാത്രാവിവരങ്ങൾ ഉൾപ്പെടെ രേഖപ്പെടുത്തണം. ഒപ്പം 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ പരിശോധനയുടെ നെഗറ്റീവ് സർട്ടിഫിക്കറ്റ്, കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. ഈ വിവരങ്ങളെല്ലാം നൽകിയവർക്കു മാത്രമേ യാത്രാനുമതി നൽകൂ. എല്ലാവരും മൊബൈലിൽ ആരോഗ്യസേതു ആപ് ഡൗൺലോഡ് ചെയ്യണം.

ബോർഡിങ് സമയത്ത് രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രം ശരീരോഷ്മാവ് പരിശോധിച്ച ശേഷം വിമാനത്തിനുള്ളിൽ പ്രവേശിപ്പിക്കും.

യാത്രയ്ക്കിടെ രോഗലക്ഷണങ്ങളുണ്ടായാൽ ഐസലേറ്റ് ചെയ്യും.

യാത്ര അവസാനിക്കുമ്പോഴും തെർമൽ സ്ക്രീനിങ് ഉണ്ടാകും. രോഗലക്ഷണങ്ങളുള്ളവരെ ഉടൻ ഐസലേറ്റ് ചെയ്തു വൈദ്യസഹായം ലഭ്യമാക്കും.

കോവിഡ് വ്യാപനം രൂക്ഷമായ (ഹൈ റിസ്ക്) രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ ഇറങ്ങുന്ന വിമാനത്താവളത്തിൽ സ്വന്തം ചെലവിൽ കോവിഡ് പരിശോധന നടത്തണം. ഫലം വരുന്നതു വരെ വിമാനത്താവളത്തിൽ കാത്തിരിക്കണം. നെഗറ്റീവ് ആയാൽ പുറത്തേക്കു പോകാം.

മറ്റു രാജ്യങ്ങളിൽ നിന്നു വരുന്ന വിമാനങ്ങളിലെ 2% യാത്രക്കാരെ മാത്രം പരിശോധിക്കും. ഇവരെ തിരഞ്ഞെടുക്കുക വിമാനക്കമ്പനിയാകും. മറ്റുള്ളവർക്കു പരിശോധന കൂടാതെ എയർപോർട്ട് വിടാം.

വന്നിറങ്ങുമ്പോൾ പരിശോധനാ ഫലം നെഗറ്റീവ് ആയവരും പരിശോധന ആവശ്യമില്ലാത്തവരും 7 ദിവസം വീട്ടിൽ ക്വാറന്റീനിൽ കഴിയണം. 8–ാം ദിവസം ആർടിപിസിആർ പരിശോധന നടത്തി ഫലം Air Suvidha പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. നെഗറ്റീവ് ആണെങ്കിൽ ക്വാറന്റീൻ അവസാനിപ്പിക്കാമെങ്കിലും ഒരാഴ്ച കൂടി സ്വയം നിരീക്ഷണത്തിൽ തുടരണം.

8–ാം ദിവസത്തെ പരിശോധനയിൽ പോസിറ്റീവ് ആകുന്നവരുടെ സാംപിൾ ജീനോമാറ്റിക് പരിശോധനയ്ക്ക് അയയ്ക്കും. ഇവർക്കു ചികിത്സ ഉറപ്പാക്കണം. അവരുമായി സമ്പർക്കത്തിലായവരും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും.

ഇന്ത്യയിൽ നിന്നു വിദേശത്തേക്കു പോകുന്ന യാത്രക്കാർ ആ രാജ്യങ്ങളുടെ കോവിഡ് പ്രോട്ടോക്കോൾ ആണ് പാലിക്കേണ്ടത്. ഇത് വ്യത്യസ്തമായിരിക്കും.

തൃശൂര്‍: തൃശൂര്‍ സെന്റ്‌ തോമസ്‌ കോളജില്‍ എസ്‌.എഫ്‌.ഐ. പാനലില്‍ ആദ്യമായി ചെയര്‍മാനായി ചരിത്രം സൃഷ്‌ടിച്ച വൈദികന്‍ ഫാ. ജോസ്‌ ചിറ്റിലപ്പിള്ളി (71) അന്തരിച്ചു. അര്‍ബുദബാധിതനായിരുന്നു. സംസ്‌കാരം ഇന്നുച്ചയ്‌ക്ക്‌ 2.30 ന്‌ മുണ്ടൂര്‍ കര്‍മലമാതാ പള്ളിയില്‍.

ബിരുദാനന്തര ബിരുദ പഠനകാലത്ത്‌ (81-82) അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പു വിജയം നാടുമുഴുവന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും കത്തോലിക്കാസഭാ നേതൃത്വത്തിന്‌ അമ്പരപ്പായി. എസ്‌.എഫ്‌.ഐ. പാനലില്‍നിന്ന്‌ ഒരു വൈദികന്‍ വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാനായി തെരത്തെടുക്കപ്പെട്ടത്‌ വലിയ ചര്‍ച്ചയായി. ചെയര്‍മാനായശേഷം പള്ളിച്ചുമതലകളില്‍നിന്ന്‌ ഒഴിവാക്കിയിരുന്നു.

മൃതദേഹം ഇന്നുരാവിലെ 6.30 മുതല്‍ ഒരു മണിക്കൂര്‍ സെന്റ്‌ ജോസഫ്‌ പ്രീസ്‌റ്റ്‌ ഹോമില്‍ പൊതുദര്‍ശനത്തിനു വയ്‌ക്കും. തുടര്‍ന്ന്‌ മുണ്ടൂര്‍ പുറ്റേക്കരയിലെ സഹോദരന്റെ വസതിയിലും രാവിലെ 11.30 ന്‌ മുണ്ടൂര്‍ പള്ളിയിലും എത്തിക്കും. മറ്റം ചിറ്റിലപ്പിള്ളി വീട്ടില്‍ പരേതരായ തോമസ്‌ -കത്രീന ദമ്പതികളുടെ മകനാണ്‌.

ബൈബിളിനെ സാമൂഹിക പോരാട്ടങ്ങള്‍ക്കുവേണ്ടി വ്യാഖ്യാനിച്ചാണ്‌ ഫാ. ജോസ്‌ കമ്യൂണിസത്തിന്റെ അരികു ചേര്‍ന്നത്‌. അതിലൂടെ വിമോചനാശയങ്ങള്‍ പങ്കുവച്ചു. തലച്ചോറില്‍ അര്‍ബുദബാധിതനായതിനെ തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായിരുന്നു. പിന്നീട്‌ കത്തോലിക്കാ സഭയുമായി അനുരഞ്‌ജനത്തിലായി. സഭാശുശ്രൂഷകളിലടക്കം അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നു. അതിനിടെ വീണ്ടും രോഗബാധിതനായി. തൃശൂര്‍ ജൂബിലിമിഷന്‍ ആശുപത്രിയോടു ചേര്‍ന്ന പ്രീസ്‌റ്റ്‌ ഹോമില്‍ വിശ്രമജീവിതത്തിലായിരുന്നു.

കായംകുളം ചാരുംമൂട് താമരക്കുളത്ത് വീട്ടമ്മയും 2 പെൺമക്കളും പൊള്ളലേറ്റു മരിച്ച നിലയിൽ. കിഴക്കേമുറി കല ഭവനത്തിൽ ശശിധരൻ പിള്ളയുടെ ഭാര്യ പ്രസന്ന (54), മക്കളായ ശശികല (34), മീനു (32) എന്നിവരെയാണ് വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്. ശശിധരൻ പിള്ള ഒരു മാസമായി കരുനാഗപ്പള്ളിയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. ശശികലയും മീനുവും മാനസിക വെല്ലുവിളിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടായിരുന്നു. വീടിന്റെ ജനലും മറ്റും കരിഞ്ഞിട്ടുണ്ട്.

RECENT POSTS
Copyright © . All rights reserved