‘ഞാന്‍ എന്റെ ജീവിതം അവസാനിപ്പിക്കുകയാണ്. അതില്‍ ഏറ്റവും സന്തോഷിക്കുന്നത് തീര്‍ച്ചയായും രണ്ട് പേരാണ്. നീയും ഞാനും. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണം’.

മലയാളി മാധ്യമപ്രവര്‍ത്തകയായ ശ്രുതി നാരായണന്‍ ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് അവസാനമായി ഭര്‍ത്താവിന് എഴുതിയ ആത്മഹത്യ കുറിപ്പിലെ കണ്ണീരണിയിക്കുന്ന വരികളാണിത്.

കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിലെ മാധ്യമപ്രവര്‍ത്തകയും, കാസര്‍ഗോഡ് സ്വദേശിനിയുമായ ശ്രുതി നാരായണന്‍ ബംഗളൂരുവിലെ അപ്പാര്‍ട്ട്‌മെന്റില്‍ ജീവനൊടുക്കിയത്.

ഭര്‍ത്താവില്‍ നിന്നും നേരിട്ട മാനസികവും ശാരീരികവുമായ പീഡനമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ശ്രുതി ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിനും, പോലീസിനും, മാതാപിതാക്കള്‍ക്കുമായി മൂന്ന് വ്യത്യസ്ത ആത്മഹത്യകുറിപ്പുകളാണ് ശ്രുതി എഴുതി തയ്യാറാക്കിയത്.

നാലു വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തില്‍ കൊടിയ പീഡനങ്ങളാണ് ഭര്‍ത്താവ് അനീഷില്‍ നിന്നും 27കാരിയായ ശ്രുതി നേരിട്ടത്. ശമ്പളം വീട്ടുകാര്‍ക്ക് നല്‍കുന്നുവെന്ന സംശയത്തിന്റെ പേരിലാണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്. ഇതിനുശേഷം ഇവരറിയാതെ രഹസ്യ ക്യാമറയും ശ്രുതി വീട്ടുകാരുമായി ഫോണില്‍ നടത്തുന്ന സംഭാഷണം രേഖപ്പെടുത്തുന്നതിനുള്ള യന്ത്രവുമെല്ലാം വീട്ടിനകത്ത് സ്ഥാപിച്ചതായും ശ്രുതിയുടെ സഹോദരന്‍ നിഷാന്ത് പറയുന്നു. അമ്മയ്ക്ക് പണം അയച്ചാലോ, അച്ഛന് പുസ്തകം സമ്മാനിച്ചാലോ അനീഷ് ശ്രുതിയെ ഉപദ്രവിക്കുമായിരുന്നു.

‘ഇനിയൊരിക്കലും നിങ്ങളുടെ പീഡനം സഹിക്കേണ്ടതില്ല എന്നോര്‍ക്കുമ്പോള്‍ മരണപ്പെടുന്നതില്‍ ഞാന്‍ സന്തുഷ്ടയാണ്. നിങ്ങളുടെ ജീവിതത്തില്‍ ഇനിയൊരിക്കലും ഞാനുണ്ടാകില്ലെന്നതില്‍ നിങ്ങള്‍ക്കും സന്തോഷിക്കാം’- ഭര്‍ത്താവിനായി എഴുതിയ ആത്മഹത്യാ കുറിപ്പില്‍ ശ്രുതി കുറിച്ചു. ഇനിയൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ബധിരയും മൂകയുമായ സ്ത്രീയെ വിവാഹം ചെയ്യണമെന്നും, 20 മിനിറ്റിലധികം ആര്‍ക്കും പീഡനം സഹിക്കാനാകില്ലെന്നും ശ്രുതി പറയുന്നു.

‘ഞാന്‍ ജീവിച്ചിരുന്നാല്‍ അത് നിങ്ങള്‍ക്ക് ദു:ഖമായിരിക്കും. മരണപ്പെട്ടാല്‍ കുറച്ചു ദിവസങ്ങള്‍ കഴിയുമ്പോഴേക്കും നിങ്ങള്‍ എന്നെ മറന്നുകൊള്ളും’- എന്നായിരുന്നു ശ്രുതി മാതാപിതാക്കള്‍ക്ക് എഴുതിയ ആത്മഹത്യാ കുറിപ്പില്‍ പറഞ്ഞത്.

കാസര്‍ഗോഡ് ജില്ലയിലെ റിട്ടയേര്‍ഡ് അധ്യാപകരായ നാരായണന്‍-സത്യഭാമ ദമ്പതികളുടെ മകളാണ് ശ്രുതി. പിതാവ് നാരായണന്‍ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയാണ്. ‘വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നത് ഞങ്ങളെ വേദനിപ്പിക്കും എന്ന് കരുതിയായിരിക്കാം മകള്‍ അതിന് മുതിരാതിരുന്നത്. മരുമകനെ വിലയിരുത്തുന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് പിഴവ് പറ്റി’- പിതാവ് പറയുന്നു.

ഫെബ്രുവരിയില്‍ ഇരു കുടുംബങ്ങളും ഒത്തുതീര്‍പ്പിന് ശ്രമിച്ചിരുന്നു. വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് അന്ന് അനീഷിന്റെ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അനീഷ് മാപ്പ് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മകളെ അനീഷിനൊപ്പം പറഞ്ഞയച്ചു. എന്നാല്‍ അടുത്ത ദിവസം തന്നെ അനീഷ് മകളെ വീട്ടിലാക്കി മടങ്ങുകയായിരുന്നുവെന്നും പിതാവ് പറയുന്നു.

പ്രതിസന്ധികളെ ധൈര്യത്തോടെ നേരിട്ടിരുന്ന വ്യക്തിയായിരുന്നു ശ്രുതിയെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നത്. വിവാഹം എത്രത്തോളം ഒരാളുടെ ജീവിതം മാറ്റിമറിച്ചിട്ടുണ്ടാകാം എന്നതിനെ കുറിച്ച് പറയാന്‍ ശ്രുതി ശ്രമിച്ചിട്ടില്ലെന്നും സഹപ്രവര്‍ത്തകര്‍ കൂട്ടിച്ചേര്‍ത്തു. എപ്പോഴും കാഴ്ചയില്‍ ശ്രുതി സന്തോഷവതിയായിരുന്നുവെന്നും അവര്‍ പറഞ്ഞു. 2013ലാണ് ശ്രുതി റോയിട്ടേഴ്‌സില്‍ ജോലി ആരംഭിച്ചത്.