മുൻ വിശ്വസുന്ദരിയും ബോളിവുഡ് താരവുമായ സുസ്മിത സെന്നിന്റെ ഏറെ ചർച്ചയായ പ്രണയബന്ധം തകർന്നു. സുസ്മിതയും കാമുകൻ റോഹ്‌മാൻ ഷോവലും വേർപിരിഞ്ഞതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫാഷൻ മോഡലാണ് റോഹ്‌മാൻ. സുസ്മിത ഇൻസ്റ്റഗ്രാമിലൂടെയാണ് തങ്ങൾ വേർപിരിഞ്ഞ വിവരം പങ്കുവച്ചത്.
‘സുഹൃത്തുക്കളായി ഞങ്ങളുടെ ബന്ധം തുടങ്ങി. ഇനിയും ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും. എന്നാൽ ആ ബന്ധം അവസാനിച്ചു. സ്നേഹം നിലനിൽക്കുന്നു.’.. റോഹ്‌മാനൊപ്പമുള്ള ചിത്രത്തോടൊപ്പം സുസ്മിത കുറിച്ചു.
സുസ്മിതയ്ക്കും നടി ദത്തെടുത്ത രണ്ട് പെൺകുട്ടികൾക്കും ഒപ്പമായിരുന്നു റോഹ്‌മാൻ വർഷങ്ങളായി താമസിച്ചു കൊണ്ടിരുന്നത്. റെനിയും അലിഷയുമാണ് സുസ്മിതയുടെ മക്കൾ. 2001 ലാണ് സുസ്മിത മൂത്തമകൾ റെനിയെ ദത്തെടുത്തത്. രണ്ടാമത്തെ മകൾ അലിഷയെ 2010ലും.
2017 ൽ ഒരു ഫാഷൻ ഷോയിൽ വച്ചാണ് സുസ്മിതയും റോഹ്‌മാനും പരിചയപ്പെട്ടതും പിന്നീട് പ്രണയത്തിലായതും. പതിനഞ്ച് വയസ് പ്രായ വ്യത്യാസം ഉണ്ട് ഇരുവരും തമ്മിൽ. 44കാരിയാണ് സുസ്മിത. 29 വയസാണ് റോഹ്‌മാന്. ഇരുവരുടേയും പ്രായത്തെ വെല്ലുന്ന പ്രണയത്തിനും ഏറെ ആരാധകരും വിമർശകരുമുണ്ടായിരുന്നു.
നടിയെ ആക്രമിച്ച കേസിൽ മുഖ്യപ്രതിയായ പൾസർ സുനിയും എട്ടാം പ്രതി നടൻ ദിലീപും തമ്മിൽ അടുത്തബന്ധമെന്ന് ദിലീപിന്റെ മുൻസുഹൃത്ത് ബാലചന്ദ്രകുമാർ. പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നെന്നും ഇക്കാര്യം പുറത്തു പറയാതിരിക്കാൻ ദിലീപും ബന്ധുക്കളും തന്നെ നിർബന്ധിച്ചുവെന്നും സംവിധായകൻ കൂടിയായ ബാലചന്ദ്രകുമാർ പ്രമുഖ ദൃശ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
ഇത്ര വൈകിയുള്ള വെളിപ്പെടുത്തൽ കേസിൽ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്നും ജാമ്യത്തിലിറങ്ങിയപ്പോൾ തന്നെ ദിലീപിനത് ലഭിച്ചെന്നും ഇതിന് താൻ സാക്ഷിയാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.
ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിൽ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരൻ അനൂപും സഹോദരിയുടെ ഭർത്താവ് സുരാജും ഉൾപ്പെടെയുള്ളവർ കാണുന്നതിന് താൻ സാക്ഷിയായി. പോലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകർപ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകൾ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിന്റെ അടുത്ത സുഹൃത്തായിരുന്നു സംവിധായകൻ ബാലചന്ദ്രകുമാർ.
2014 ൽ കഥപറയാനെത്തിയ കാലം തൊട്ട് ദിലീപുമായി അടുത്ത സൗഹൃദമുണ്ടെന്നാണ് ബാലചന്ദ്രകുമാർ പറയുന്നത്. ദിലീപിന്റെ കുടുംബവുമായി നല്ല അടുത്ത ബന്ധമുണ്ടായിരുന്നെന്നും താൻ ദിലീപുമായി സൗഹൃദത്തിലായ സമയത്താണ് അദ്ദേഹത്തിന്റെ ആദ്യവിവാഹത്തിന്റെ വിവാഹമോചനക്കേസ് നടന്നിരുന്നതെന്നും ബാലചന്ദ്രകുമാർ പറയുന്നു. ദിലീപിന്റെ അമ്മയും അനിയനുമായൊക്കെ നല്ല സൗഹൃദമായിരുന്നു. ഭാര്യ കാവ്യയുമായിട്ടും സൗഹൃദമാണ്. കാവ്യ എന്നെ വിളിച്ച് സംസാരിക്കാറുണ്ടെന്നും ബാലചന്ദ്രകുമാർ അവകാശപ്പെട്ടു.
പൾസർ സുനിയും ദിലീപും തമ്മിൽ അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നെന്നാണ് സംവിധായകന്റെ നിർണായക വെളിപ്പെടുത്തൽ. ദിലീപിന്റെ വീടിന്റെ പാലു കാച്ചലിന്റെ പിറ്റേന്ന് അവിടെയെത്തിയപ്പോൾ പൾസർ സുനിയെ കണ്ടിരുന്നെന്നും അന്ന് വീട്ടിലേക്കുള്ള ഭക്ഷണം വാങ്ങാൻ പോകുമ്പോഴാണ് അയാളെ പരിചയപ്പൈട്ടത്. ദിലീപിന്റെ സഹോദരൻ അനൂപും താനും പൾസർ സുനിയും ചേർന്നാണ് ഒരു കാറിൽ പോയത്.
കാറിൽ കയറാൻ നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരനെ ഞങ്ങൾക്കൊപ്പം കയറ്റി. കൈയ്യിലുള്ള പണം പോക്കറ്റടിച്ചു പോവാതെ നോക്കണമെന്ന് അനൂപ് ചെറുപ്പക്കാരനോട് കാറിൽ വെച്ച് പറയുന്നത് ഞാൻ കേട്ടു. കാറിൽ വെച്ച് ഞങ്ങൾ പരിചയപ്പെട്ടു. പേര് ചോദിച്ചപ്പോൾ സുനി എന്നാണ് പറഞ്ഞത്. പൾസർ സുനി എന്ന് പറഞ്ഞാലേ അറിയൂ എന്ന് അനൂപ് അന്ന് തിരുത്തിപ്പറയുകയും ചെയ്തു.’- ബാലചന്ദ്രകുമാർ പറയുന്നു.
‘പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണെന്ന് നേരത്തെ മനസ്സിലാക്കിയിരുന്നു. അതവരുടെ ഇടപെടലുകളിൽ നിന്ന് മനസ്സിലായി. നടി ആക്രമിക്കപ്പെട്ട സംഭവം നടന്നപ്പോൾ പ്രതിയെന്ന് പറഞ്ഞ് പുറത്തു വന്ന പൾസർ സുനിയുടെ ചിത്രം കണ്ടപ്പോൾ തന്നെ ദീലിപിനെ വിളിച്ചു. സാറിന്റെ വീട്ടിൽ കണ്ട പയ്യനല്ലേ പിടിയിലായത് എന്ന് ചോദിച്ചു. ഏത് പയ്യനെന്നാണ് ദിലീപ് തിരിച്ചു ചോദിച്ചത്. ബാലുവിന് തെറ്റിയതായിരിക്കുമെന്ന് പറഞ്ഞു. പിന്നീട് ബാലു തന്റെ കൂടെ പൾസർ സുനിയെ കണ്ട കാര്യം പുറത്തു പറയരുതെന്ന് ദിലീപ് ആവശ്യപ്പെട്ടു’- സംവിധായകൻ ആരോപിക്കുന്നു.
ബാലചന്ദ്രകുമാറിന്റെ വാക്കുകൾ ഇങ്ങനെ:
‘പിന്നീടങ്ങോട്ട് തന്നോട് വളരെ സ്നേഹം അഭിനയിച്ചു. കേസിൽ ദിലീപ് റിമാൻഡിലായിരിക്കെ ഒരിക്കൽ സഹോദരൻ മുഖേന ആലുവയിലെ ജയിലിലേക്ക് തന്നെ വിളിപ്പിച്ച് ഇക്കാര്യം വീണ്ടും ആവശ്യപ്പെട്ടു. അന്ന് ഒരു ജയിൽപുള്ളിയെ പോലെയല്ല ദിലീപിനെ അവിടെ കണ്ടത്. സന്ദർശകർക്ക് വിലക്കുള്ള സമയത്ത് ജയിൽ സൂപ്രണ്ടിന്റെ മുറിയിൽ വെച്ചാണ് ദിലീപിനെ കണ്ടത്.പിന്നീട് ദിലീപും ബന്ധുക്കളും വളരെ സ്നേഹം തന്നോട് കാണിച്ചു. അനൂപ് എന്നെ നിരന്തരം വിളിച്ചു കൊണ്ടിരുന്നു. സുരാജ് എന്ന ദിലീപിന്റെ സഹോദരീ ഭർത്താവ് വിളിച്ചു, അനിയത്തി സബിതയുടെ ഭർത്താവ് വിളിച്ചു, കാവ്യയും നിരന്തരം വിളിച്ചു.’
‘ജാമ്യം ലഭിക്കുന്നത് വരെ പൾസർ സുനിയെ വീട്ടിൽ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്നാണ് ഇവരെല്ലാവരും ആവശ്യപ്പെട്ടത്. കാവ്യ ഒരുപാട് തവണ വിളിച്ചിട്ടുണ്ട്. ഞാൻ ജയിലിൽ പോയി കാണുന്ന ദിവസം ആഹാരം കഴിച്ചില്ലെന്നാണ് കാവ്യ പറഞ്ഞത്. ബാലുവിന്റെ ഭാഗത്ത് നിന്ന് ഒരു ക്ലാരിറ്റി കിട്ടുന്നത് വരെ ഞാൻ ആഹാരം കഴിക്കില്ലെന്നാണ് കാവ്യ പറഞ്ഞത്.’- അദ്ദേഹം ആരോപിക്കുന്നു.
ഇക്കാര്യങ്ങൾ മുഴുവൻ ചൂണ്ടിക്കാട്ടി ശബ്ദസന്ദേശമുൾപ്പെടെയുള്ള തെളിവുകൾ ഉൾപ്പെടുത്തി ഏതാണ്ട് 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാർ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
എറണാകുളം കിഴക്കമ്പലത്ത് അന്തർ സംസ്ഥാന തൊഴിലാളികളുടെ അക്രമം. കുന്നത്തുനാട് സ്റ്റേഷനിലെ പൊലീസ് ജീപ്പ് അക്രമികൾ കത്തിച്ചു. തൊഴിലാളികളുടെ കല്ലേറിൽ കുന്നത്തുനാട് സ്റ്റേഷനിലെ ഇൻസ്പെക്ടറടക്കം അഞ്ച് പൊലീസുകാർക്ക് പരിക്കേറ്റു. അതിഥി തൊഴിലാളികൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിന് പിന്നാലെയാണ് സംഭവമറിഞ്ഞെത്തിയ പൊലീസിന് നേരെയും ആക്രമണമുണ്ടായത്. പൊലീസുകാരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ക്രിസ്മസ് കരോൾ നടത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു സംഘർഷം ഉണ്ടായത്. കിറ്റക്സ് കമ്പനിയിലെ ജീവനക്കാരായ അന്തർ സംസ്ഥാന തൊഴിലാളികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയതോടെ പൊലീസ് സ്ഥലത്തെത്തി. പ്രശ്നം പരിഹരിക്കാൻ ഇടപെട്ട പൊലീസ് സംഘത്തിന് നേരേ അതിഥി തൊഴിലാളികൾ ആക്രമണം നടത്തുകയായിരുന്നു. കിറ്റക്സ് കമ്പനി പരിസരത്ത് വൻ പൊലീസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്.
കുന്നത്തുനാട് സിഐ ഷാജു അടക്കം അഞ്ച് പൊലീസുകാർക്കാണ് പരിക്കേറ്റത്. സിഐയുടെ തലക്ക് പരിക്കുണ്ട്. കൈ ഒടിഞ്ഞു. പരിക്കേറ്റ മറ്റ് പൊലീസുകാരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. അക്രമത്തിന് പിന്നാലെ കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും സംഘർഷത്തിന് അയവു വന്നിട്ടില്ല. നാട്ടുകാരും വലിയ തോതിൽ പ്രതിഷേധത്തിലാണ്. അക്രമങ്ങളുമായി ബന്ധപ്പെട്ട് 150 ലേറെ തൊഴിലാളികൾ കസ്റ്റഡിയിലുണ്ട്. ക്യാംപുകളിൽ പൊലീസ് ഇപ്പോൾ തെരച്ചിൽ നടത്തുന്നുണ്ട്. അക്രമികൾ പലരും സ്ഥലത്ത് നിന്ന് മാറിയിട്ടുണ്ട്. സംഘർഷത്തിന് അയവു വന്നിട്ടില്ല.
വിനാശകരമായ കോവിഡ് രണ്ടാം തരംഗത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുക്കാനുള്ള ഇടമായി ഗംഗ മാറിയിരുന്നു എന്ന് വെളിപ്പെടുത്തൽ. വ്യാഴാഴ്ച പുറത്തിറക്കിയ ഒരു പുസ്തകത്തിൽ ആണ് ഇക്കാര്യം പറയുന്നത്.
Ganga: Reimagining, Rejuvenating, Reconnecting (ഗംഗ: പുനർരൂപകൽപ്പന, പുനരുജ്ജീവിപ്പിക്കൽ, പുനഃസ്ഥാപിക്കൽ) എന്ന തലക്കെട്ടിലുള്ള പുസ്തകം രചിച്ചത് നാഷണൽ മിഷൻ ഫോർ ക്ലീൻ ഗംഗയുടെ ഡയറക്ടർ ജനറലും നമാമി ഗംഗയുടെ തലവനുമായ രാജീവ് രഞ്ജൻ മിശ്രയും എൻഎംസിജിയിൽ പ്രവർത്തിച്ച ഐഡിഎഎസ് ഓഫീസർ പുസ്‌കൽ ഉപാധ്യായുമാണ്.
1987-ബാച്ച് തെലങ്കാന-കേഡർ ഐഎഎസ് ഓഫീസറാണ് രാജീവ് രഞ്ജൻ മിശ്ര, രണ്ട് ഘട്ടങ്ങളിലായി അഞ്ച് വർഷത്തിലേറെയായി എൻഎംസിജിയിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ച മിശ്ര 2021 ഡിസംബർ 31-ന് വിരമിക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ് വ്യാഴാഴ്ച പുസ്തകം പ്രകാശനം ചെയ്തു.
ഗംഗയിൽ മഹാമാരി സൃഷ്ടിച്ച ആഘാതത്തെ കുറിച്ചുള്ള വിവരണം ഈ പുസ്തകം നൽകുന്നു,
“Floating Corpses: A River Defiled” (പൊങ്ങിക്കിടക്കുന്ന ശവങ്ങൾ: മലിനമായ നദി) എന്ന തലക്കെട്ടിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. നദിയെ “സംരക്ഷിക്കാൻ” ഉള്ള അഞ്ച് വർഷത്തെ തീവ്രമായ പ്രവർത്തനങ്ങൾ കോവിഡ് രണ്ടാം തരംഗം വന്ന് ദിവസങ്ങൾക്കുള്ളിൽ വെറുതെ ആയെന്നും പുസ്തകത്തിൽ പറയുന്നു.
കോവിഡ് മഹാമാരിയെ തുടർന്ന് മൃതദേഹങ്ങളുടെ എണ്ണം പെരുകുകയും, ജില്ലാ ഭരണകൂടങ്ങൾ പ്രതിസന്ധിയിലാവുകയും യുപിയിലെയും ബിഹാറിലെയും ശ്മശാനങ്ങളുടെ പ്രവർത്തന പരിധിക്കപ്പുറം മൃതദേഹങ്ങൾ എത്തുകയും ചെയ്തതോടെ, ഗംഗ മൃതദേഹങ്ങൾ എളുപ്പത്തിൽ തള്ളാനുള്ള ഇടമായി മാറി എന്ന് പുസ്തകത്തിൽ പറയുന്നു.
300-ൽ കൂടുതൽ മൃതദേഹങ്ങൾ നദിയിൽ തള്ളിയിട്ടില്ലെന്ന് പ്രസ്താവിക്കാൻ ജില്ലകൾ നൽകിയ ഡാറ്റയെ ആണ് പുസ്തകത്തിൽ ഉദ്ധരിക്കുന്നത്. എന്നാൽ 1,000-ലധികം മൃതദേഹങ്ങൾ ഒഴുക്കി എന്നാണ് റിപ്പോർട്ടുകൾ.
രണ്ടാം തരംഗം ഉയർന്ന മെയ് ആദ്യം ഗുരുഗ്രാം ആസ്ഥാനമായുള്ള മേദാന്ത എന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ കോവിഡ് ബാധക്ക് ശേഷം താൻ സുഖം പ്രാപിച്ചു കൊണ്ടിരുന്നപ്പോഴാണ് അവകാശികൾ ഇല്ലാത്തതും പകുതി കത്തിയതും വീർത്തതുമായ ശവശരീരങ്ങൾ ഗംഗയിൽ പൊങ്ങിക്കിടക്കുന്നതിനെ കുറിച്ച് താൻ കേൾക്കുന്നത് എന്ന് പുസ്തകത്തിൽ മിശ്ര പറയുന്നു.
“ടെലിവിഷൻ ചാനലുകൾ, മാഗസിനുകൾ, പത്രങ്ങൾ, സോഷ്യൽ മീഡിയ സൈറ്റുകൾ എന്നിവ മൃതദേഹങ്ങൾ നദിയിലേക്ക് വലിച്ചെറിയുന്ന വാർത്തകളും ഭീകരമായ ചിത്രങ്ങളും കൊണ്ട് നിറഞ്ഞിരുന്നു. അത് എന്നെ സംബന്ധിച്ചിടത്തോളം ആഘാതകരവും ഹൃദയഭേദകവുമായ ഒരു അനുഭവമായിരുന്നു. എൻഎംസിജിയുടെ ഡയറക്ടർ ജനറൽ എന്ന നിലയിൽ, ഗംഗയുടെ ആരോഗ്യത്തിന്റെ സംരക്ഷകനാകുക, അതിന്റെ ഒഴുക്ക് പുനരുജ്ജീവിപ്പിക്കുക, അതിന്റെ പുരാതനമായ ശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പാക്കുക, വർഷങ്ങളോളം അവഗണന നേരിട്ട അതിന്റെ പോഷകനദികളുടെ സംരക്ഷണം ഉറപ്പാക്കുക എന്നിവയാണ് എന്റെ ജോലി.” മിശ്ര പുസ്തകത്തിൽ പറയുന്നു.
മെയ് 11 ന് മിശ്രയുടെ കീഴിലുള്ള എൻഎംസിജി എല്ലാ 59 ജില്ലാ ഗംഗ കമ്മിറ്റികളോടും മൃതദേഹങ്ങൾ പൊങ്ങിക്കിടക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിനും “നടപടി സ്വീകരിച്ച റിപ്പോർട്ട്” സമർപ്പിക്കുന്നതിനും “ആവശ്യമായ നടപടി” സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
ഗംഗയുടെ തീരത്തുള്ള എല്ലാ സംസ്ഥാനങ്ങളിലെയും മോശം കോവിഡ് പ്രതിരോധ പ്രവർത്തനം എടുത്തുകാട്ടുന്നതാണ് പുസ്തകം. “ശവസംസ്‌കാര സേവനങ്ങളുടെ മോശം മാനേജ്‌മെന്റ്, സാഹചര്യം മുതലെടുത്ത് മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് പകരം നദിയിലേക്ക് വലിച്ചെറിയുന്നത്, മാധ്യമങ്ങളിൽ നിന്നുള്ള പ്രതികൂല പ്രചാരണം തുടങ്ങിയവയെല്ലാം ഞങ്ങളുടെ അസ്വസ്ഥതയും നിസ്സഹായതയും വർദ്ധിപ്പിച്ചു,” പുസ്തകത്തിൽ പറയുന്നു.
മലയാളത്തിലൂടെ അഭിനയം ആരംഭിച്ച് സൗത്ത് ഇന്ത്യയിലെ പ്രശസ്ത നടനായി മാറിയ താരമാണ് ഹരീഷ് പേരടി. മലയാളത്തിലും തമിഴിലുമായി നിരവധി ചിത്രങ്ങളിലാണ് താരം അഭിനയിച്ചിട്ടുള്ളത്. അഭിനയത്തോടൊപ്പം തന്റെ നിലപാടുകള്‍ കൊണ്ടും താരം മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സാമൂഹിക വിഷയങ്ങളിലും രാഷ്ട്രീയ കാര്യങ്ങളിലും താരം തന്റെ നിലപാടുകള്‍ വ്യക്തമാക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ ഗോകുല്‍ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അമ്മയുടെ മീറ്റീങ്ങിന് പോയപ്പോള്‍ ഗോകുലിനെ കണ്ടുവെന്നും ഒപ്പം നിന്ന് ചിത്രം എടുത്തുവെന്നും താരം പറയുന്നു.
പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി. രണ്ട് വാക്കില്‍ പറഞ്ഞാല്‍ ശാന്തം,സുന്ദരം എന്നാണ് ഗോകുലിനെ കുറിച്ച് ഹരീഷ് പേരടി പറഞ്ഞത്. ഇത്തരത്തില്‍ മകനെ വളര്‍ത്തിയ സുരേഷ് ഗോപിക്ക് സല്യൂട്ടും അടിക്കുന്നുണ്ട് ഹരീഷ് പേരടി.
ഫേസ്ബുക്ക് പോസ്റ്റ്:
ഗോകുല്‍ സുരേഷ് ഗോപി.അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്തപ്പോള്‍ ഞാന്‍ അങ്ങോട്ട് ആവിശ്യപ്പെട്ട എടുത്ത ഫോട്ടോയാണിത്.ഇങ്ങിനെ ഒരു ഫോട്ടോ മാത്രമേ ഞാന്‍ എന്റെ ഫോണില്‍ പകര്‍ത്തിയിട്ടുള്ളു.പരിചയപ്പെട്ടപ്പോള്‍ ഗോകുലിനെ എനിക്ക് വല്ലാതെ ഇഷ്ടമായി .
രണ്ട് വാക്കില്‍ പറഞ്ഞാല്‍.ശാന്തം.സുന്ദരം.അച്ഛന്റെ രാഷ്ട്രിയത്തെ ഞാന്‍ വിമര്‍ശിക്കുന്നത് വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍.ഉണ്ടെന്ന് പറഞ്ഞ് നിഷ്‌കളങ്കമായ ഒരു ചിരിയായിരുന്നു മറുപടി.മക്കളുടെ ചിന്തയിലേക്ക് ഒന്നും അടിച്ചേല്‍പ്പിക്കാതെ പൂര്‍ണ്ണ സ്വാതന്ത്ര്യം കൊടുത്ത വളര്‍ത്തിയ സുരേഷേട്ടനും എന്റെ വലിയ സല്യൂട്ട്..
പാലക്കാട്ടെ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് വധക്കേസിൽ പ്രതികൾക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. എസ്ഡിപിഐ-പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ നാല് പേരുടെ ലുക്കൗട്ട് നോട്ടിസാണ് പുറത്തിറക്കിയത്. കൊലപാതകത്തിന് ഒത്താശ ചെയ്തവരുടെയും പ്രതികളെ രക്ഷപെടാൻ ശ്രമിച്ചവരുടെയും ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.
കൊഴിഞ്ഞാംപാറ സ്വദേശി ഹാറൂൺ, ആലത്തൂർ സ്വദേശി നൗഫൽ, മലപ്പുറം സ്വദേശിയായ ഇബ്രാഹിം, അമ്പലപ്പാറ സ്വദേശി ഷംസീർ എന്നിവരാണിവർ. പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും പ്രവർത്തകരാണ് കേസിലുൾപ്പെട്ട മുഴുവൻ പേരും. പാലക്കാട് ഡിവിഷണൽ സെക്രട്ടറിയാണ് വണ്ടൂർ സ്വദേശി ഇബ്രാഹിം.
അതിനിടെ കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ ഒരാൾ കൂടി പൊലീസ് പിടിയിലായി. മുതലമട കാമ്പ്രത്ത്ചള്ള സ്വദേശി ഷാജഹാനെയാണ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മൂന്ന് പേരാണ് ഇനി പിടിയിലാകാനുള്ളത്.
സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ കൊന്ന് കുഴിച്ചുമൂടി വിദ്യാര്‍ത്ഥിനികള്‍. സംഭവത്തില്‍ പെണ്‍കുട്ടികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൃത്യത്തിന് പെണ്‍കുട്ടികളെ സഹായിച്ച റെഡ്ഹില്‍ സ്വദേശി അശോകിനായി പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
തിരുവള്ളൂര്‍ ജില്ലയിലെ റെഡ്ഹില്‍സിന് അടുത്തുള്ള ഈച്ചംകാട്ടുമേട് ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവങ്ങള്‍ അറങ്ങേറിയത്. രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് കോളേജില്‍ പഠിക്കുന്ന പ്രേംകുമാര്‍ എന്നയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ക്ക് 21 വയസായിരുന്നു. തുടര്‍ന്നാണ് അശോകിന്‍റെയും അയാളുടെ സഹായത്തോടെയും പെണ്‍കുട്ടികള്‍ പ്രേംകുമാറിനെ കൊലപ്പെടുത്തിയത്.
സംഭവത്തില്‍ കേസ് അന്വേഷിച്ച അരംബാക്കം പൊലീസ് പറയുന്നത് ഇങ്ങനെ, ഈച്ചംകാട്ടുമേട് സ്വദേശികളാണ് വിദ്യാര്‍ത്ഥിനികള്‍. താമ്പരം ഒട്ടേരി സ്വദേശിയായ പ്രേംകുമാര്‍ ഇവരുമായി പരിചയത്തിലായി. രണ്ടുപേരോടും പ്രേമമാണെന്നാണ് പ്രേംകുമാര്‍ പറഞ്ഞത്. എന്നാല്‍ ഇത് ഇവര്‍ക്ക് പരസ്പരം അറിയില്ലായിരുന്നു. അതിനിടെ ഇരുവരുടെയും സ്വകാര്യ ദൃശ്യങ്ങള്‍ പ്രേംകുമാര്‍ പകര്‍ത്തി. ഇത് വച്ച് ഇവരെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു.
കഴിഞ്ഞ ഒരു വര്‍ഷമായി ഈ ഭീഷണിപ്പെടുത്തല്‍ തുടരുന്നു. ഒരുലക്ഷത്തോളം രൂപ പ്രേംകുമാര്‍ പെണ്‍കുട്ടികളുടെ കൈയ്യില്‍ നിന്നും തട്ടി. ഇതിനിടെ തങ്ങള്‍ രണ്ടുപേരെയും പ്രേംകുമാര്‍ ചതിക്കുന്നു എന്ന കാര്യം പെണ്‍കുട്ടികള്‍ മനസിലാക്കി. പ്രേംകുമാറിന്‍റെ ശല്യം സഹിക്കാതെ പെണ്‍കുട്ടികള്‍ ഇന്‍സ്റ്റഗ്രാം സുഹൃത്തായ അശോകിന്‍റെ സഹായം തേടി. പ്രേംകുമാറിന്‍റെ ഫോണ്‍ കൈക്കലാക്കി ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യാനാണ് സഹായം അഭ്യര്‍ത്ഥിച്ചത്.
അശോകിന്‍റെ നിര്‍ദേശപ്രകാരം പണം നല്‍കാന്‍ എന്ന് പറഞ്ഞ്, പ്രേംകുമാറിനെ പെണ്‍കുട്ടികള്‍ ഷോളാവാരത്ത് വിളിച്ചുവരുത്തി. അവിടെ വച്ച് അശോകും കൂട്ടരും ഇയാളെ തട്ടിക്കൊണ്ടുപോയി. പിന്നീട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി കുഴിച്ചിടുകയുമായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ജീവിതത്തിൽ പ്രയാസങ്ങളോടും പ്രതിസന്ധികളോടും പട പൊരുതി ജീവിത വിജയം നേടിയതിന്റെ നേർചിത്രങ്ങൾ നമുക്കുചുറ്റും ഒട്ടേറെയുണ്ട്. എന്നാൽ ജനിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾ തന്നെ മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട സയാമീസ് ഇരട്ടകളായ സോഹ്‌നയും മോഹനയും നേരിട്ടത് സമാനതകളില്ലാത്ത ദുരിത ജീവിതമായിരുന്നു. രണ്ട് ജോഡി കൈകളും രണ്ടു ഹൃദയങ്ങളും ആയി ആണ് ഇവർ പിറന്നുവീണത്. 2003 ജൂണിൽ ന്യൂഡൽഹിയിലെ സുചേത കൃപ്ലാനി ഹോസ്പിറ്റലിൽ ജനിച്ച ഇവരെ വേർപ്പെടുത്തുന്നത് ജീവന് തന്നെ ഭീഷണിയായേക്കാമെന്നാണ് ഡോക്ടർമാർ കണ്ടെത്തിയത് .

രണ്ട് തലകളും രണ്ട് ഹൃദയങ്ങളുമുണ്ടെങ്കിലും പ്രതികൂല സാഹചര്യങ്ങളോട് അവർ ഒരു മനസ്സോടെ പടപൊരുതിയാണ് ജീവിത വിജയം കൈവരിച്ചിരിക്കുന്നത് . പത്തൊമ്പതാം വയസ്സിൽ ഇവർക്ക് തങ്ങളുടെ സ്വപ്ന ജോലി ലഭിച്ചിരിക്കുകയാണ് . പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് കമ്പനി സപ്ലൈ കൺട്രോൾ റൂമിലെ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മേൽനോട്ടം വഹിക്കാനുള്ള ജോലിയാണ് സോഹ്‌നയ്ക്കും മോഹന സിങ്ങിനും ലഭിച്ചിരിക്കുന്നത്. ഈ ജോലിക്ക് ഇവർക്ക് രണ്ട് ശമ്പളമാണ് . ഓരോരുത്തർക്കും പ്രതിമാസം 10,000 രൂപയാണ് ശമ്പളം. ചെറുപ്പത്തിൽതന്നെ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നന്നാക്കുന്നതിൽ അഭിരുചി ഉണ്ടായിരുന്ന ഇവർ ഇലക്ട്രിക്കൽ പഠനത്തിൽ ഡിപ്ലോമ നേടിയിരുന്നു. മാതാപിതാക്കൾ ഉപേക്ഷിച്ച സഹോദരങ്ങൾക്ക് പിംഗൽവാര ചാരിറ്റബിൾ സൊസൈറ്റിയാണ് ആശ്രയമായത് . ജോലിസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനുള്ള ചിലവ് വഹിക്കാമെന്ന് ജില്ലാ റെഡ് ക്രോസ് സൊസൈറ്റി അറിയിച്ചിട്ടുണ്ട്.
തൃശ്ശൂരിൽ അമ്മയും കാമുകനും ചേർന്ന് നവജാത ശിശുവിനെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി കനാലിൽ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. കുഞ്ഞിന്റെ മൃതദേഹം കത്തിക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നതായി പോലീസ് പറഞ്ഞു. ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്ന കുഞ്ഞിന്റെ മൃതദേഹം അമ്മ മേഘ കവറിലാക്കി കാമുകൻ ഇമ്മാനുവേലിന് നൽകുകയായിരുന്നു. തുടർന്ന് സുഹൃത്തിനൊപ്പം ചേർന്ന് കുഞ്ഞിന്റെ മൃതദേഹം കത്തിക്കാനാണ് പദ്ധതിയിട്ടത്. ഇതിനായി ഇയാളും സുഹൃത്തും ചേർന്ന് മുണ്ടൂരിലെ പമ്പിൽ നിന്നും ഡീസൽ വാങ്ങിയിരുന്നു.
എന്നാൽ കത്തിക്കാൻ പറ്റിയ സാഹചര്യം ലഭിച്ചില്ല. പിന്നീട് പാടത്ത് കുഴിച്ച് മൂടാൻ ശ്രമിച്ചു. എന്നാൽ ആളുകൾ ഉണ്ടായിരുന്നതിനാൽ അതും നടന്നില്ല. തുടർന്നാണ് മൃതദേഹം കനാലിൽ ഉപേക്ഷിച്ചത്. കത്തിക്കാൻ കരുതിയ ഡീസൽ തെളിവെടുപ്പിനിടെ പോലീസ് കണ്ടെടുത്തു.
ജനിച്ചയുടനെ തന്നെ കുഞ്ഞ് കരയാതിരിക്കാൻ വെള്ളത്തിൽ മുക്കിയതും ഈ സംഭവത്തിനിടെ തലയിൽ ഉണ്ടായ ക്ഷതവുമാണ് മരണ കാരണം എന്ന് പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി മേഘയുടെയും ഇമ്മാനുവലിന്റെയും ഡിഎൻഎ പോലീസ് ശേഖരിച്ചിട്ടുണ്ട്.
കേസിൽ മൂന്നു പേരാണ് ഇതുവരെ അറസ്റ്റിലായത്. വാരിയിടം മാമ്പാട് വീട്ടിൽ 22 കാരിയായ മേഘ, അയൽവാസിയും കാമുകനുമായ ചിറ്റാട്ടുകര ഇമാനുവൽ (25) ,ഇയാളുടെ സുഹൃത്തായ പാപ്പനഗർ കോളനി കുണ്ടുകുളം വീട്ടിൽ അമൽ (24) എന്നിവരാണ് അറസ്റ്റിലായത്.
എംകോം ബിരുദധാരിയായ മേഘ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജീവനക്കാരിയാണ്. ഇമാനുവൽ പെയ്ന്റിങ് തൊഴിലാളിയാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പ്രസവിച്ചത്. കുഞ്ഞു കരയുന്നത് പുറത്തു കേൾക്കാതിരിക്കാൻ കട്ടിലിന്റെ അടിയിൽ സൂക്ഷിച്ച ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊന്നു എന്നാണ് മേഘയുടെ മൊഴി. പിറ്റേന്ന് വരെ മൃതദേഹം കട്ടിലിനടിയിൽ സൂക്ഷിക്കുകയും ബാഗിലാക്കി കാമുകന് ഉപേക്ഷിക്കാൻ നൽകുകയും ചെയ്തു.
താൻ ഗർഭിണിയായ വിവരം മേഘ കുടുംബത്തെ അറിയിച്ചിരുന്നില്ല. തനിച്ച് മുറിയിൽ കഴിഞ്ഞിരുന്നതിനാൽ സംഭവിച്ചതൊന്നും കുടുംബവും അറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് രണ്ടു യുവാക്കൾ ബൈക്കിൽ പോകുന്നത് കണ്ടു അന്വേഷിച്ചപ്പോൾ ആണ് സംഭവം പുറത്തുവന്നത്.
അന്തരിച്ച പി ടി തോമസ് എംഎല്‍എയ്ക്ക് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി. രവിപുരം ശ്മശാനത്തില്‍ മതപരമായ ചടങ്ങുകളില്ലാതെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം.
ആയിരക്കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിന് യാത്രാമൊഴിയേകാന്‍ തൃക്കാക്കരയില്‍ എത്തിയിരുന്നു. അദ്ദേഹം ആവശ്യപ്പെട്ടിരുന്നതുപോലെ മത ചടങ്ങുകള്‍ ഒഴിവാക്കി, ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം..’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അന്ത്യയാത്ര. മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കുമ്പോള്‍ റീത്ത് വയ്ച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടില്‍ അമ്മയുടെ കല്ലറയില്‍ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നല്‍കും.
വന്‍ജനപ്രവാഹമാണ് പി ടി തോമസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. അഞ്ചുമണിയോടെ തൃക്കാക്കര കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുദര്‍ശനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചു. ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, കെ. സുധാകരന്‍, രമേശ് ചെന്നിത്തല, വി.ഡി സതീശന്‍, ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പതാക പുതപ്പിച്ചു. ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനിടെ എത്തിയ രാഹുല്‍ ഗാന്ധി പിടി തോമസിന്റെ ഭാര്യ ഉമയെ ആശ്വസിപ്പിച്ച ശേഷം മക്കളായ വിഷ്ണുവിനേയും വിവേകിനെയും ചേര്‍ത്തുപിടിച്ചു.
അര്‍ബുദത്തിന് ചികിത്സയിലായിരുന്ന പി ടി തോമസ് ബുധനാഴ്ച രാവിലെ 10.15നാണ് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജില്‍ അന്തരിച്ചത്. പുലര്‍ച്ചെ 2.45 ഓടെ ഇടുക്കിയിലെത്തിച്ച മൃതദേഹം ഉപ്പുതോട്ടത്തിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ചു. തൊടുപുഴയിലും മൂവാറ്റുപുഴയിലും നൂറുകണക്കിനാളുകളാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റും, തൃക്കാക്കരയില്‍ നിന്നുള്ള നിയമസഭാംഗവുമാണ് പിടി തോമസ്. 2009-2014 ലോക്സഭയില്‍ ഇടുക്കിയില്‍ നിന്നുള്ള എംപിയായിരുന്നു പിടി തോമസ്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു വഴി പൊതുരംഗത്ത് എത്തിയ പിടി തോമസ് കെ.എസ്.യുവിന്റെ യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.