ഗോശ്രീ പാലത്തിനു സമീപത്തെ ഫ്ലാറ്റിലെ മുറിയിൽ സിനിമാ രംഗത്തുള്ള ചിലർ ലഹരി ഉപയോഗിക്കുന്നുവെന്നായിരുന്നു ശനിയാഴ്ച രാത്രി എക്സൈസിനു ലഭിച്ച രഹസ്യ വിവരം. നേരത്തേ തന്നെ ഈ ഫ്ലാറ്റ് സംബന്ധിച്ച ചില സൂചനകൾ എക്സൈസിനു ലഭിച്ചതിനാൽ രാത്രി 11.30-ഓടെ പ്രത്യേക സംഘം ഫ്ലാറ്റിലെത്തി. സെക്യൂരിറ്റി ജീവനക്കാരനെക്കൊണ്ടാണ് മുറിയുടെ വാതിലിൽ മുട്ടിച്ചത്. വാതിൽ തുറന്നപ്പോൾ കട്ടിലിൽ കഞ്ചാവ് വലിക്കുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു മറ്റ് രണ്ടു പേർ. എക്സൈസ് സംഘത്തിന്റെ ചോദ്യം ചെയ്യലിൽ സിനിമയിൽ ചെറിയ വേഷങ്ങളൊക്കെ ചെയ്യുന്നുവെന്നാണ് യുവ സംവിധായകർ ആദ്യം പറഞ്ഞത്.
റഹ്മാനെന്നാണ് പേര്, മഞ്ഞുമ്മൽ ബോയ്സിൽ ഡ്രൈവറുടെ വേഷം ചെയ്തിട്ടുണ്ട് എന്നായിരുന്നു ഖാലിദ് റഹ്മാന്റെ മറുപടി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പ്രമുഖ സംവിധായകരാണ് പിടിയിലായതെന്ന് എക്സൈസിനു പിടികിട്ടിയത്.
ഷൈൻ ടോം ചാക്കോ വിവാദത്തിനു പിന്നാലെ മുൻനിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചർച്ചയായിട്ടുണ്ട്. ആലപ്പുഴയിൽ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി സ്ത്രീയുൾപ്പെടെ രണ്ടുപേരെ പിടികൂടിയതോടെയാണ് സിനിമയുമായി ബന്ധപ്പെട്ട് നേരത്തേ മുതലുള്ള ലഹരിവിവാദം കത്തിത്തുടങ്ങിയത്. പ്രമുഖ നടൻമാരുടെ പേരുകൾ പിടിയിലായ യുവതി വെളിപ്പെടുത്തിയിരുന്നു.
അതിനു തൊട്ടുപിന്നാലെയാണ് പോലീസ് സംഘം കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയപ്പോൾ നടൻ ഷൈൻ ടോം ചാക്കോ മൂന്നാം നിലയിൽനിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടത്. ഇപ്പോൾ ഒടുവിൽ മുൻനിര സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായി. സിനിമയിൽ ലഹരി ഉപയോഗിക്കുന്നവരുടെ വിവരം എക്സൈസ്-പോലീസ് സംഘത്തിന്റെ കൈവശമുണ്ട്. പിടിയിലാകുന്നവരിൽ നിന്ന് കണ്ണികളെക്കുറിച്ചുള്ള വിവരവും ലഭിക്കുന്നുണ്ട്.
കേരളത്തിലെത്തുന്ന ഹൈബ്രിഡ് കഞ്ചാവിന്റെ ഉപഭോക്താക്കളിൽ നല്ലൊരു പങ്കും സിനിമ മേഖലയിൽ നിന്നുള്ളവരാണെന്നാണ് എക്സൈസ് കണ്ടെത്തൽ. എംഡിഎംഎ ഉപയോഗം വ്യാപകമാണെങ്കിലും മാരകമാണെന്ന തിരിച്ചറിവിൽ ഹൈബ്രിഡ് കഞ്ചാവിലേക്ക് പലരും തിരിയുന്നുണ്ട്. ഇന്ത്യയിലൊരിടത്തും ഉത്പാദിപ്പിക്കുന്നില്ല. വിദേശത്തുനിന്ന് കള്ളക്കടത്തായി എത്തിക്കുകയാണിത്.
ഒഡിഷയിൽനിന്നുള്ള കഞ്ചാവ് കിലോയ്ക്ക് 25,000 രൂപയ്ക്ക് കിട്ടുമ്പോൾ വിദേശത്തുനിന്നെത്തുന്ന ഹൈബ്രിഡ് ഇനത്തിന് കിലോഗ്രാമിന് 15 ലക്ഷം രൂപയോ അതിലധികമോ ആണ്. ലഹരി കൂടുതലുള്ള ഇനമാണ് ഹൈബ്രിഡ് കഞ്ചാവ്. പ്രത്യേക പരിചരണം നൽകി ഉത്പാദിപ്പിക്കുന്നതാണ്. എംഡിഎംഎ അര ഗ്രാം കൈവശം വെച്ചാൽ പോലും ജാമ്യമില്ലാക്കുറ്റമാണ്. എന്നാൽ, ഒരു കിലോയിലധികം കഞ്ചാവ് കൈവശം സൂക്ഷിച്ചാൽ മാത്രമേ ജാമ്യമില്ലാക്കുറ്റമാകൂവെന്നതും ഇതിലേക്ക് തിരിയാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നാണ് എക്സൈസ് നിഗമനം.
ഡല്‍ഹിയില്‍ ചേരിപ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. താത്കാലികമായി കെട്ടിയുണ്ടാക്കിയ ആയിരത്തോളം കുടിലുകളും കത്തിനശിച്ചു. ഡല്‍ഹിയിലെ രോഹിണി സെക്ടറിലെ ശ്രീനികേതന്‍ അപ്പാര്‍ട്ട്മെന്റിലാണ് സംഭവം. മൂന്നുമണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
പ്രദേശത്തുനിന്ന് വലിയതോതില്‍ പുകപടലങ്ങള്‍ ഉയരുന്നതായി അറിയിച്ചുകൊണ്ട് ഉച്ചയ്ക്ക് 12 മണിയോടെ ഫോണ്‍കോള്‍ വന്നെന്ന് ഡല്‍ഹിയിലെ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥന് അറിയിച്ചു. ഉടന്‍തന്നെ അഗ്നിരക്ഷാസേനാ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂന്നും നാലും വയസ്സുള്ള രണ്ട് കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
അതേസമയം, തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. താത്കാലിക കുടിലുകൾ നില്ക്കുന്നിടത്തുനിന്ന് തീ പടര്‍ന്ന ശേഷം വലിയതോതില്‍ വ്യാപിക്കുകയായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന കുടിലുകളെയാണ് തീ വിഴുങ്ങിയത്. ഉച്ചയ്ക്ക് മൂന്നരയോടുകൂടി തീ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഹൈബ്രിഡ് കഞ്ചാവുമായി സംവിധായകർ ഉൾപ്പടെ മൂന്നുപേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സംവിധായകരായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷാലിഫ് മുഹമ്മദുമാണ് അറസ്റ്റിലായത്.
രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സ്പെഷൽ സ്ക്വാഡ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഇവരിൽ നിന്നും 1.6 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്തെന്ന് അധികൃതർ പറഞ്ഞു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.
ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമയും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്.
ഇവർക്ക് എവിടെ നിന്നാണ് കഞ്ചാവ് ലഭിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചെന്ന് എക്സൈസ് സംഘം പറഞ്ഞു.
ശസ്ത്രക്രിയ കഴിഞ്ഞ് ഐ.സി.യുവിൽ കിടന്ന യുവതിയോട് അതിക്രമം കാണിച്ച മെഡിക്കൽ കോളേജ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഓർത്തോപീഡിക്സ് വിഭാഗത്തിൽ ചികിത്സയിലായിരുന്ന രോഗിയോടാണ് അറ്റൻഡറായ ദിൽകുമാർ അപമര്യാദയായി പെരുമാറിയത്. രാത്രി ബന്ധുക്കൾ കാണാനെത്തിയപ്പോഴാണ് യുവതി തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്. പിന്നാലെ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് യുവതിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അതേസമയം, ഇയാളെ സസ്പെൻഡ് ചെയ്തെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബി.എസ്.സുനിൽകുമാർ അറിയിച്ചു. ജീവനക്കാരൻ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. നിയമനടപടികൾ സ്വീകരിക്കുന്നതിനായി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.
ജോലി വാഗ്ദാനം ചെയ്ത് 18കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കാവല്ലൂർ സ്വദേശി മുരുകനെയാണ് (35) വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിക്ക് നല്ല ജോലി വാങ്ങി നൽകാമെന്ന് വിശ്വസിപ്പിക്കുകയും ഇന്റർവ്യൂവിന് പോകുകയാണെന്ന വ്യാജേന പെൺകുട്ടിയെ കാറിൽ പൊന്മുടിയിലേക്ക് കൊണ്ടുപോകുകയും ചെയയ്തതായാണ് പരാതി. കാർ യാത്രയ്ക്കിടെ വാഹനത്തിൽ വെച്ച് തന്നെ മുരുകൻ പെൺകുട്ടിയെ കയറി പിടിക്കാൻ ശ്രമിച്ചു.
പെൺകുട്ടി ശക്തമായി എതിർത്തതോടെ ആ ശ്രമം ഉപേക്ഷിച്ചു. വാഹനം പൊന്മുടിയിലെത്തിച്ചശേഷം പ്രതി മുറിയെടുക്കാനുള്ള ശ്രമം നടത്തിയപ്പോഴാണ് താൻ ട്രപ്പിലാണെന്ന് പെൺകുട്ടിക്ക് ബോധ്യമായത്. തുടർന്ന് പെൺകുട്ടി റൂം എടുക്കുന്നത് എന്തിനെന്ന് ചോദിച്ചു.
അവൾ ബഹളം വെച്ചതോടെ, ഇവർ തിരികെ മടങ്ങുകയായിരുന്നു. തിരികെ വീട്ടിൽ എത്തിയ പെൺകുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചു. ഇതോടെ രക്ഷിതാക്കളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിന്റെ വിജയത്തിൽ ആരാധകരോട് നന്ദി പറഞ് മോഹൻലാൽ. വികാരാധീനനായി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ് മോഹൻലാൽ നന്ദി കുറിപ്പ് പങ്ക് വെച്ചത്. ആദ്യ ദിനം തന്നെ ഗംഭീര അഭിപ്രായം നേടിയ ചിത്രം മോഹൻലാൽ പൂനെയിൽ വെച്ച് തിയറ്ററിൽ കണ്ടിരുന്നു.
“തുടരും എന്ന ചിത്രത്തെക്കുറിച്ചുള്ള നിങ്ങളുടെ ഓരോ നല്ല വാക്കും, അഭിനന്ദനവും എന്നെ ആഴത്തിൽ സ്പർശിച്ചു. അതെല്ലാം ഈ യാത്രയിൽ എനിക്കൊപ്പം നടന്ന്, ഈ ചിത്രത്തിലെ ഓരോ ഫ്രയിമിലേക്കും സ്നേഹവും, അധ്വാനവും, ആത്മാവും സമർപ്പിച്ച ഓരോരുത്തർക്കും അവ ഞാൻ സമർപ്പിക്കുന്നു” മോഹൻലാൽ കുറിച്ചു.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡിയായ മോഹൻലാൽ-ശോഭനയുടെ സാന്നിധ്യമായിരുന്നു, റിലീസിന് മുൻപ് വരെ ചിത്രത്തിലുള്ള പ്രധാന ആകർഷണഘടകം. എന്നാൽ ട്രെയ്ലർ റിലീസ് ചെയ്തതോടെ ചിത്രം ഒരു ഫീൽഗുഡ് ചിത്രം മാത്രമല്ല വളരെ ഉദ്യോഗജനക മുഹൂർത്തങ്ങളും ചിത്രത്തിലുണ്ട് എന്ന് ആരാധകർക്ക് ബോധ്യപ്പെട്ടിരുന്നു.
സംവിധായകൻ തരുൺ മൂർത്തി ചിത്രത്തിന്റെ പ്രമോഷണൽ മറ്റിരിയലുകളിലൊന്നും സൂചിപ്പിക്കാത്ത പല സസ്പെൻസ് സീനുകളും വലിയൊരു സർപ്രൈസ് ആയിരുന്നുവെന്നാണ് ചിത്രം കണ്ട ആരാധകർ പ്രതികരിച്ചത്. ദൃശ്യം 2 വിന് ശേഷം വീണ്ടും മോഹൻലാൽ ഒരു കുടുംബനാഥന്റെ വേഷത്തിലെത്തിയ ‘തുടരും’ എമ്പുരാന് ശേഷം മോഹൻലാലിന് അടുത്ത ബോക്സോഫീസ് വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.
കേരളീയരെ വിവാഹംകഴിച്ച് വർഷങ്ങളായി കേരളത്തിൽത്തന്നെ കഴിയുന്ന ദീർഘകാല വിസയുള്ള പാകിസ്താൻ പൗരർക്ക് കേരളം വിടേണ്ടിവരില്ല. താത്കാലിക വിസയെടുത്ത് കച്ചവടത്തിനും വിനോദസഞ്ചാരത്തിനും ചികിത്സയ്ക്കുമായെത്തിയ പാകിസ്താൻകാർ ചൊവ്വാഴ്ചയ്ക്കുമുൻപ് രാജ്യംവിടണം. ഇത്തരത്തിൽ 59 പേരാണുള്ളത്. കഴിഞ്ഞദിവസംതന്നെ ഏതാനുംപേർ മടങ്ങി.
പോലീസ് കണക്കനുസരിച്ച് കേരളത്തിൽ 104 പാകിസ്താൻ പൗരരാണുള്ളത്. 45 പേർ ദീർഘകാല വിസയിലും 55 പേർ സന്ദർശക വിസയിലും മൂന്നുപേർ ചികിത്സയ്ക്കായും എത്തിയവരാണ്. ഒരാൾ അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനാൽ ജയിലിലുമാണ്.
ദീർഘകാല വിസയുള്ളവർ കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് കൂടുതലും.
മെഡിക്കൽ വിസയിലെത്തിയവർ 29-നും വിനോദസഞ്ചാരവിസയിലും മറ്റുമെത്തിയവർ 27-നുമുള്ളിൽ രാജ്യംവിടണമെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിർദേശം. ഉത്തരവ് വെള്ളിയാഴ്ച ഉച്ചയോടെ സംസ്ഥാനത്ത് ലഭിച്ചു. കോഴിക്കോട്ട് അഞ്ച് പാക് പൗരരാണ് നിലവിലുള്ളത്. ഇതിൽ നഗരപരിധിയിലുള്ളയാൾക്ക് ദീർഘകാല വിസയുണ്ട്.
നെയ്യാറ്റിന്‍കര ശാഖാകുമാരി വധക്കേസില്‍ 29കാരനായ ഭർത്താവ് അരുണിന് ജീവപര്യന്തം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷവിധിച്ച് കോടതി. സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്നു പ്രതി.നെയ്യാറ്റിൻകര അഡിഷണല്‍ ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
2020 ഡിസംബർ 26ന് പുലർച്ചെ 1.30നായിരുന്നു കുന്നത്തുകാല്‍ വില്ലേജില്‍ ത്രേസ്യാപുരം പ്ലാങ്കാല പുത്തൻ വീട്ടില്‍ ഫിലോമിനയുടെ മകള്‍ ശാഖാകുമാരി കൊല്ലപ്പെട്ടത്. ബെഡ് റൂമില്‍ വച്ച് ബലം പ്രയോഗിച്ച് ശാഖാകുമാരിയുടെ വായും മുഖവും അമർത്തി ശ്വാസം മുട്ടിച്ച് ബോധം കെടുത്തി. ശേഷം വലിച്ചിഴച്ച് വീടിന്റെ ഹാളില്‍ കൊണ്ടുപോയി ഷോക്കേസിലെ ഇലക്ട്രിക് സോക്കറ്റില്‍ വയറ് ഘടിപ്പിച്ച് ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേടായ സീരിയല്‍ ബള്‍ബ് സെറ്റ് ശാഖാകുമാരിയുടെ മൃതദേഹത്തില്‍ വിതറിയിടുകയും ചെയ്തിരുന്നു. മൃതദേഹം പരിശോധിച്ച ഡോക്ടർമാർ സംശയം പറഞ്ഞതോടെ, പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്.പത്താംകല്ല് സ്വദേശിയാണ് അരുണ്‍.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ് ഇലക്ട്രീഷ്യനായിരുന്ന അരുണ്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് കണ്ടെത്തി. വിവാഹം വേണ്ടെന്ന് തീരുമാനിച്ച് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു ശാഖാകുമാരി അരുണുമായി പ്രണയത്തിലാവുകയും തുടർന്ന് വിവാഹം കഴിക്കുകയുമായിരുന്നു. ധനികയായിരുന്നു ശാഖാകുമാരി. സ്വത്തുക്കള്‍ക്ക് അവകാശിയായി ഒരു കുഞ്ഞുവേണമെന്ന ആഗ്രഹമാണ് അരുണുമായുള്ള പ്രണയത്തിലും വിവാഹത്തിനും ഇടയാക്കിയത്. 2020 ഒക്ടോബർ 29 നായിരുന്നു ഇരുവരുടെയും വിവാഹം.
വിവാഹം പരമരഹസ്യമാക്കി വയ്ക്കാനാണ് അരുണ്‍ ശ്രമിച്ചത്. വിവാഹത്തിനുമുമ്ബുതന്നെ അരുണ്‍ ശാഖാകുമാരിയില്‍ നിന്ന് പണം വാങ്ങുകയും ആ പണം ഉപയോഗിച്ച് കാർ , ബൈക്ക് എന്നിവ വാങ്ങി ആഡംബര ജീവിതം നയിക്കുകയും ചെയ്തിരുന്നു. തെളിവില്ലാത്ത രീതിയില്‍ ശാഖാകുമാരിയെ കൊലപ്പെടുത്തിയശേഷം ഭർത്താവെന്നനിലയില്‍ സ്വത്തുക്കളുടെ അവകാശിയായി മാറുകയായിരുന്നു ലക്ഷ്യം. വെള്ളറട പൊലീസ് ഇൻസ്പെക്ടറായിരുന്ന എം ശ്രീകുമാറാണ് കേസ് അന്വേഷിച്ചത്.
ആദായനികുതി അടയ്ക്കാത്ത ക്രൈസ്തവ ജീവനക്കാരുടെ വിവരങ്ങള്‍ തേടിയ സംഭവത്തില്‍ മലപ്പുറം ജില്ലയിലെ അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന ക്രിസ്തുമത വിശ്വാസികളായ ആദായനികുതി അടയ്ക്കാത്ത ജീവനക്കാരുണ്ടെങ്കില്‍ റിപ്പോര്‍ട്ടാക്കി, രണ്ട് ദിവസത്തിനുളളില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ ലഭ്യമാക്കണമെന്നാണ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്കൂളുകളിലെ പ്രധാന അധ്യാപകര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നിര്‍ദേശ പ്രകാരമായിരുന്നു ഉത്തരവ്. വിവരാവകാശ രേഖയ്ക്ക് മറുപടി നല്‍കാനായി വിവരങ്ങള്‍ ശേഖരിക്കാനായിരുന്നു ഉത്തരവ്. എന്നാല്‍ സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
2025 ഫെബ്രുവരി 13 ന് നിര്‍ദേശം ഇറക്കിയ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് മനോജ് പി.കെ, ജൂനിയര്‍ സൂപ്രണ്ട് അപ്സര, മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടറുടെ അധിക ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഗീതാകുമാരി, അവധിയിലായിരുന്ന അരിക്കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധിക ചുമതല വഹിച്ചിരുന്ന സീനിയര്‍ സൂപ്രണ്ട് ഷാഹിന എ.കെ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ തേടിയ കോഴിക്കോട് സ്വദേശിയായ അബ്ദുള്‍ കലാമിനെതിരെ ഡിജിപിക്ക് പരാതി നല്‍കും. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രവൃത്തിച്ചു എന്നാണ് പരാതി. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസില്‍ നിന്നും 2025 ഫെബ്രുവരി 13 നും ഫെബ്രുവരി 20 നും ഇറക്കിയ നിര്‍ദേശങ്ങള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ അന്വേഷിക്കും. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ചുമതലപ്പെടുത്തി.
കേരളത്തിലെ ക്രിസ്ത്യന്‍ സഭകള്‍, ക്രിസ്തുമത വിശ്വാസികളായവര്‍ നടത്തുന്ന ധാരാളം എയ്ഡഡ് കോളജുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങി ജോലി ചെയ്യുന്ന ക്രിസ്തുമത വിശ്വാസികളായ ജീവനക്കാര്‍ ഇന്‍കം ടാക്സ് നിയമങ്ങളും മറ്റ് സര്‍ക്കാര്‍ നിയമങ്ങളും പാലിക്കാതെ മുങ്ങിനടക്കുകയാണ്. പതിനായിരം കോടി രൂപയിലേറെ ഇന്‍കം ടാക്സ് വെട്ടിപ്പ് നടത്തിയതായി കാണുന്നുവെന്നും പരാതിയില്‍ പറയുന്നു.
സര്‍ക്കാരിന്റെ സാമ്പത്തിക ധനസ്ഥിതി പരിഗണിച്ച് ഈ തുക പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടേണ്ടത് ചീഫ് സെക്രട്ടറിയുടെ ഉത്തരവാദിത്തമാണ്. ഇന്‍കം ടാക്സ് വെട്ടിപ്പ് നടത്തുന്ന മുഴുവന്‍ ക്രിസ്ത്യാനികളായ ജീവനക്കാരെയും സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ട് അവരുടെ ഡിസിആര്‍ജിയില്‍ നിന്ന് തുക പിടിച്ചെടുത്ത് ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് അടയ്ക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് അബ്ദുള്‍ കലാം ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന് അയച്ച അപേക്ഷയില്‍ പറയുന്നത്.
ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്റിനെ കബളിപ്പിച്ച് നടത്തുന്ന എയ്ഡഡ്/ അണ്‍എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്കൂളുകള്‍, കോളജുകള്‍, ആശുപത്രികള്‍ എന്നിവയുടെ ലൈസന്‍സ്, പ്രവര്‍ത്തനാനുമതി, അംഗീകാരം എന്നിവ റദ്ദാക്കണമെന്നും സ്ഥാപനങ്ങള്‍ അടച്ചുപൂട്ടണമെന്നും കത്തില്‍ ആവശ്യപ്പെുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും ഉത്തരവുകളുമാണ് വിവരാവകാശ രേഖ പ്രകാരം അബ്ദുള്‍ കലാം ആവശ്യപ്പെട്ടത്.
ഫെയ്സ്ബുക്കില്‍ ‘തൂവല്‍കൊട്ടാരം’ എന്ന പേരിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി വീട്ടമ്മയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയയാള്‍ അറസ്റ്റില്‍. കോഴിക്കോട് മാവൂര്‍ കന്നിപ്പറമ്പ് പെരുംകൊല്ലംതൊടി വീട്ടില്‍ സി.കെ.പ്രജിത്തിനെയാണ്(39) കീഴ്വായ്പൂര് പോലീസ് അറസ്റ്റ് ചെയ്തത്.
ആനിക്കാട് സ്വദേശിനിയായ 52-കാരിക്ക് പലതവണയായി 6,80,801 രൂപയാണ് നഷ്ടപ്പെട്ടത്. ഗ്രൂപ്പിന്റെ അഡ്മിനായ പ്രജിത്ത് പല ആവശ്യങ്ങള്‍ പറഞ്ഞും തിരിച്ചുകൊടുക്കാമെന്ന് ഉറപ്പുകൊടുത്തുമാണ് പണം കൈക്കലാക്കിയത്. സ്വന്തം അക്കൗണ്ടിലേക്കും ഇയാള്‍ നല്കിയ മറ്റ് അക്കൗണ്ടുകളിലേക്കും പണം ഗൂഗിള്‍ പേ ചെയ്യിക്കുകയായിരുന്നു. എന്നാല്‍, ഇതൊന്നും തിരികെ കൊടുത്തില്ല.
പരാതിപ്രകാരം ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥന്റെ നേതൃത്വത്തില്‍ സിപിഒമാരായ വിഷ്ണുദേവ്, നെവിന് എന്നിവരടങ്ങിയ സംഘം അന്വേഷണം നടത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍, ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ തിരിച്ചറിയുകയും കോഴിക്കോട് വീടിന് സമീപത്തുനിന്ന് പ്രതിയെ അറസ്റ്റ്ചെയ്യുകയുമായിരുന്നു.