India

നടന്‍ പൃഥ്വിരാജിന്റെ ഭാര്യാപിതാവ് അന്തരിച്ചു. സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വീട്ടില്‍ വിജയകുമാര്‍ മേനോന്‍ ആണ് മരിച്ചത്. 71 വയസായിരുന്നു. പാലക്കാട് സ്വദേശിയാണ്. കൊച്ചിയില്‍ ആയിരുന്നു അന്ത്യം.

ഹൃദ്രോഗബാധയെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സയിലായിരുന്നു അദ്ദേഹം. ഏറെ നാളുകളായി കാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്നു.

എലപ്പുള്ളി പാറക്കാട്ട് ബാലകൃഷ്ണമേനോന്റെയും തങ്കം ബാലകൃഷ്ണന്റെയും മകനാണ്. ഭാര്യ: എത്തനൂര്‍ പ്ലാക്കോട്ട് പത്മ മേനോന്‍. സുപ്രിയ മേനോന്‍ ഏക മകളാണ്. കൊച്ചുമകള്‍: അലംകൃത മേനോന്‍ പൃഥ്വിരാജ്.

പാലക്കാട് മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. എലപ്പുള്ളി മണ്ഡലത്തിലെ ആര്‍എസ്എസ് ബൗദ്ധിക് പ്രമുഖ് സഞ്ജിതാണ് മരിച്ചത്. 27 വയസായിരുന്നു. രാവിലെ ഒമ്പത് മണിയോട് കൂടി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന സഞ്ജിതിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആളുകള്‍ നോക്കിനില്‍ക്കെ ആയിരുന്നു ദാരുണമായ കൊലപാതകം. മമ്പറത്തുള്ള ഭാര്യവീട്ടില്‍ ചെന്ന് മടങ്ങുന്ന വഴിയായിരുന്നു ആക്രമണം നടന്നത്. പിറകില്‍ കൂടി കാറിലെത്തിയ നാലംഗ സംഘം ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സഞ്ജിതിനെ വെട്ടുകയായിരുന്നുവെന്ന് ആളുകള്‍ പറഞ്ഞു. ഉടന്‍ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

കൊലപാതകത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി. കഴിഞ്ഞ കുറച്ചു മാസങ്ങളായി എലപ്പുള്ളി പഞ്ചായത്തില്‍ ആര്‍എസ്എസ് – എസ് ഡി പി ഐ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് എസ് ഡി പി ഐ പ്രവര്‍ത്തകന്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായി എസ് ഡി പി ഐ പ്രവര്‍ത്തകനെ ആര്‍എസ്എസുകാര്‍ വെട്ടിയിരുന്നു. ശേഷം തുടര്‍ച്ചയായിട്ടാണ് കൊലപാതകമെന്നാണ് വിവരം.

മഹാരാഷ്ട്രയിലെ ബീഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൊടിയ പീഡനത്തിന് ഇരയായതായി പരാതി. ആറ് മാസത്തിനിടെ 400 പേര്‍ പീഡിപ്പിച്ചുവെന്നാണ് നല്‍കിയിരിക്കുന്ന പരാതി. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയപ്പോള്‍ പോലീസുകാരന്‍ പീഡനത്തിന് ഇരയാക്കിയതായും പെണ്‍കുട്ടി വെളിപ്പെടുത്തി.

16കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ രണ്ട് മാസം ഗര്‍ഭിണിയാണ്. ബാലാവകാശ കമ്മീഷന്റെ ഇടപെടലോടെയാണ് ക്രൂരത പുറംലോകം അറിയുന്നത്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ശൈശവ വിവാഹ നിരോധനം, പോക്സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. നേരത്ത നിരവധി തവണ സ്റ്റേഷനിലെത്തി പരാതിപ്പെട്ടിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.

ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവ് മരിച്ചതിനു ശേഷം പിതാവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹം നടത്തിയത്. എന്നാല്‍ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും നിരന്തര മര്‍ദനത്തിനും പീഡനത്തിനും പെണ്‍കുട്ടി ഇരയായിട്ടുണ്ട്.

ഇതോടെ സ്വന്തം വീട്ടിലേക്ക് മടങ്ങി. എന്നാല്‍ വീട്ടില്‍ കയറ്റാന്‍ പിതാവും തയ്യാറായില്ല. മറ്റുവഴികളില്ലാതായതോടെ പെണ്‍കുട്ടി അംബജോഗൈ ബസ് സ്റ്റാന്‍ഡില്‍ ഭിക്ഷാടനത്തിനായി ഇറങ്ങി. ഈ സാഹചര്യമാണ് അക്രമികള്‍ മുതലെടുത്തത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇനി രാഹുല്‍ ദ്രാവിഡിന്‍റെ കാലമാണ് വരുന്നത്. ഐസിസി ടി20 ലോകക്കപ്പോടെ ഇന്ത്യന്‍ കോച്ചായി രവി ശാസ്ത്രിയുടെ സേവനം അവസാനിച്ചിരുന്നു. ലോകകപ്പിനു ശേഷം ആരംഭിക്കുന്ന ന്യൂസിലന്‍റ് പര്യടനത്തോടെയാണ് ദ്രാവിഡിന്‍റെ സേവനം ആരംഭിക്കുന്നത്.

ഇന്ത്യന്‍ ടീമില്‍ ദ്രാവിഡിന്‍റെ സേവനം എങ്ങനെയാണ് എന്നറിയാന്‍ ആരാധകര്‍ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ ദ്രാവിഡിനെ പറ്റി രസകരമായ കാര്യം സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലി. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ബുക്ക് ഫെയറിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.

അച്ഛന്‍ വീട്ടില്‍ ഭയങ്കര സ്ട്രിക്റ്റാണെന്നും, വീട്ടില്‍ നിന്നും അച്ഛനെ കൊണ്ടുപോകണം എന്ന് പറഞ്ഞ് ദ്രാവിഡിന്‍റെ മകന്‍റെ വിളി എത്തി. മകനെ രക്ഷിക്കാനാണ് ഞാന്‍ ദ്രാവിഡിനെ ഇന്ത്യന്‍ ടീമിലേക്ക് വിളിച്ചത് ” ദാദ ചിരിച്ചുകൊണ്ടു പറഞ്ഞു.

” ഞങ്ങൾ ഒരുമിച്ചാണ് വളർന്നത്, ഏകദേശം ഒരേ സമയത്താണ് ഞങ്ങൾ തുടങ്ങിയത്, കൂടുതൽ സമയവും ഒരുമിച്ച് കളിച്ചു. അതുകൊണ്ട് അവനെ സ്വാഗതം ചെയ്യാനും ഞങ്ങള്‍ക്ക് എളുപ്പമായിരുന്നു ” ഇന്ത്യന്‍ പരിശീലകനായി ദ്രാവിഡിനെ എത്തിച്ചതിനെ പറ്റി സൗരവ് ഗാംഗുലി പറഞ്ഞു.

ഇന്ത്യൻ–അമേരിക്കൻ ഡോക്ടറെ 160ലേറെ തവണ കത്തിയുപയോഗിച്ച് കുത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തെലങ്കാന സ്വദേശിയായ ഡോ. അച്യുത് റെഡ്ഡി (57)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. 25കാരനായ ഉമർ ദത്ത് ആണ് കൃത്യം നടത്തിയത്. 2017 സെപ്റ്റംബർ 13ന് ഡോക്ടറുടെ ഓഫീസിനു സമീപമായിരുന്നു സംഭവം.

സൈക്യാട്രി ഡോക്ടറുടെ ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഉമർ ദത്ത്. പ്രതി കുറ്റക്കാരനാണെന്ന് നവംബർ 10ന് കണ്ടെത്തിയ കോടതി പിന്നീടാണ് ശിക്ഷ വിധിച്ചത്. 25 വർഷത്തിനുശേഷം പ്രതിക്ക് പരോളിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി. മാനസിക നിലയിൽ തകരാറുള്ള പ്രതിയെ കറക്ഷനൽ മെന്റൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.

വിചിത എഡ്ജ്മൂറിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി, ഡോക്ടറുമായി തർക്കത്തിൽ ഏർപ്പെട്ടു. ഇവിടെ നിന്നും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഡോക്ടറെ പ്രതി പിന്തുടർന്ന് കുത്തുകയായിരുന്നു. താഴെ വീണ ഡോക്ടറുടെ ശരീരത്തിലൂടെ വാഹനം ഓടിക്കുകയും ചെയ്തുവെന്നാണ് പൊലീസ് രേഖകളിൽ പറയുന്നത്. സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ട ശ്രമിച്ച പ്രതിയെ സുരക്ഷാ ഉദ്യോഗസ്ഥനാണ് തിരിച്ചറിഞ്ഞത്. ശരീരത്തിൽ രക്തപ്പാടുകളുമായി പാർക്കിങ് ഏരിയയിൽ കാറിലിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

‘ഉമർ ദത്ത് എന്ന പ്രതി എനിക്ക് സമ്മാനിച്ചത് ജീവപര്യന്തം ദുഃഖവും ഭയവുമാണ്. കഴിഞ്ഞ നാലു വർഷമായി ഉറങ്ങാൻ പോലും സാധിക്കുന്നില്ല. എന്റെ മൂന്നു മക്കൾക്ക് പിതാവില്ലാതായി. ഞാൻ അവന് ഒരിക്കലും മാപ്പ് നൽകില്ല. എനിക്ക് ഒരിക്കലും ഒന്നും മറക്കാൻ സാധിക്കില്ല’–കോടതിയിൽ ഡോ. അച്യുത് റെഡ്ഡിയുടെ ഭാര്യയും ഡോക്ടറുമായ ബീന റെഡ്‍ഡി പറഞ്ഞു.

മാനസീകാസ്വാഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്ക് നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. ബീന പറഞ്ഞു. പ്രതിയുടെ മാതാപിതാക്കൾ മകൻ ചെയ്ത തെറ്റിന് ഡോ. ബീനയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.

വീട്ടിലേയ്ക്ക് ഇടിച്ചുകയറി നായക്കുട്ടിയെ മരത്തടികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറുടെ കണ്ണില്ലാത്ത ക്രൂരത. ചെങ്ങമനാട് വേണാട്ടു പറമ്പില്‍ മേരി തങ്കച്ചന്റെ വീട്ടില്‍ വളര്‍ത്തുന്ന പഗ് ഇനത്തില്‍പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയാണ് പോലീസ് ഉദ്യോഗസ്ഥന്റെ ആക്രമണത്തില്‍ ദാരുണമായി ചത്തത്. ശനിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് സംഭവം. നായയെ പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിജില്‍ സൂക്ഷിച്ചിരിക്കുകയാണ് കുടുംബം.

പോലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്റ്റിനെ പിടികൂടാന്‍ എത്തിയതായിരുന്നു ഇന്‍സ്‌പെക്ടര്‍. പിന്‍വാതിലിലൂടെ അകത്തേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ പുറത്തേക്കു വന്ന നായയെ ഇന്‍സ്‌പെക്ടര്‍ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് വീട്ടമ്മ മേരി പറഞ്ഞു. ഈ സമയം മേരി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നായയെ അടിച്ച മരത്തടി രണ്ടായി മുറിഞ്ഞു. അപ്പോള്‍ തന്നെ പിടഞ്ഞുവീണ നായ കണ്‍മുന്നില്‍ ചത്തുവീണുവെന്നും മേരി കൂട്ടിച്ചേര്‍ത്തു.

ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്ന് പോലീസുകാരാണ് പ്രതിയെ തേടി ചെങ്ങമനാടുള്ള മേരിയുടെ വീട്ടിലെത്തിയത്. രണ്ടുപേരെ വീടിന്റെ മുന്‍വശത്തു നിര്‍ത്തി സിഐ പിന്നിലൂടെ വീട്ടിനകത്തു കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഈ സമയത്തായിരുന്നു നായയോടുള്ള ക്രൂരത. എന്താണു സാര്‍ ചെയ്യുന്നതെന്നു ചോദിച്ചപ്പോള്‍ ഒന്നും മിണ്ടാതെ പോലീസ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി വാഹനത്തില്‍ കയറി.

ഈ സമയം ഓടിച്ചെന്ന മേരി പൊലീസ് വാഹനത്തിന്റെ മുന്നില്‍ കയറിനിന്നു. ഡ്രൈവര്‍ വാഹനം മുന്നോട്ടെടുക്കുകയും വണ്ടിയുടെ മുന്നില്‍ നിന്നു മാറടീ, അല്ലെങ്കില്‍ ദേഹത്ത് കൂടി കയറ്റുമെന്ന് ആക്രോശിക്കുകയും ചെയ്തതായും മേരി ആരോപിച്ചു. താന്‍ മാത്രം വീട്ടിലുള്ളപ്പോള്‍ വീട്ടില്‍ അതിക്രമിച്ചു കയറി നായയെ കണ്‍മുന്നില്‍ അടിച്ചു കൊല്ലുകയും വാഹനം കയറ്റുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് മേരി പരാതി നല്‍കി.

ചെങ്ങമനാട് ഉള്‍പ്പെടെ പല സ്റ്റേഷനുകളില്‍ ജസ്റ്റിനെതിരെ കേസുകളുണ്ട്. പൊലീസ് അന്വേഷിച്ചു ചെല്ലുമ്പോള്‍ ഇയാളെ മറ്റൊരു കേസില്‍ നെടുമ്പാശേരി പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയായിരുന്നു. ഇത് അറിയാതെയാണ് പോലീസ് ജസ്റ്റിന്റെ വീട്ടിലെത്തിയത്.

കാനഡയിലെ മഞ്ഞുവീഴ്ചയുള്ള വഴിയിലൂടെ 60 ടണ്‍ ലോഡുമായി ട്രക്ക് ഓടിച്ച് ഞെട്ടിക്കുകയാണ് മലയാളികളുടെ സിങ്കപ്പെണ്ണായ 24കാരി സൗമ്യ സജി. ട്രക്ക് ഡ്രൈവര്‍മാരെ പോലും അമ്പരപ്പിക്കുകയാണ് സൗമ്യയുടെ ചങ്കുറപ്പും ആത്മവിശ്വാസവും. ട്രക്ക് ട്രെയിലറിന്റെ നീളം 52 അടിയും ട്രാക്ടറിന്റെ നീളം 15 അടിയും. 22 ടയറുകളുള്ള ഈ ഭീമന്‍ വാഹനത്തിന്റെ വളയം പിടിക്കുന്നത് ചെറിയ കാര്യമല്ല. എന്നാല്‍ ഇതെല്ലാം നിസാരമെന്ന് പ്രഖ്യാപിച്ചാണ് സൗമ്യയുടെ ഡ്രൈവിങ്.

2019 ഓഗസ്റ്റിലാണ് ന്യൂട്രിഷന്‍ ആന്‍ഡ് ഫുഡ് സര്‍വീസ് മാനേജ്മെന്റ് പഠിക്കാന്‍ സൗമ്യ കാനഡയിലെത്തുന്നത്. പഠനകാലത്ത് താമസിച്ചിരുന്ന കേംബ്രിജില്‍ നിന്നുള്ള ബസില്‍ ഡ്രൈവര്‍ സീറ്റിനടുത്തിരുന്ന് ഡ്രൈവര്‍മാരോട് സംസാരിക്കുന്നതിനിടെയാണ് കാനഡയില്‍ സ്ത്രീകള്‍ വലിയ വാഹനങ്ങളോടിക്കുന്നതിനെ കുറിച്ച് അറിഞ്ഞത്. ശേഷം, കാനഡയിലെ മലയാളിക്കൂട്ടായ്മയില്‍ നിന്ന് ട്രക്ക് ഡ്രൈവിങ്ങിനെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. പിന്നീട്, ട്രക്ക് ഓടിക്കാനും സൗമ്യ ഇറങ്ങിതിരിക്കുകയായിരുന്നു.

കാനഡയില്‍ ട്രക്ക് ഓടിക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയാണ് സൗമ്യ. കിഴക്കമ്പലം മണ്ണാലില്‍ എം.പി. സജിമോന്റെയും മിനിയുടെയും ഏകമകളാണ് സൗമ്യ. ബി.പി.സി.എല്‍. കാന്റീന്‍ ജീവനക്കാരനായ സജിമോന്‍ ബുദ്ധിമുട്ടിയാണ് മകളെ കാനഡയ്ക്ക് പഠിക്കാന്‍ അയച്ചത്. പഠനച്ചെലവിനൊപ്പം ട്രക്ക് ഡ്രൈവിങ് പഠിക്കാനുള്ള ചെലവും സൗമ്യയ്ക്ക് താങ്ങാന്‍ കഴിയില്ലായിരുന്നു. എന്നാല്‍, കാനഡ മലയാളിക്കൂട്ടായ്മയും സുഹൃത്തുകളും സഹായവും പിന്തുണയും നല്‍കി കൂടെ നിന്നു.

ട്രക്കിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴും പലരും പിന്തിരിപ്പിച്ചു. ‘ഈ പെണ്‍കുട്ടി ഓവര്‍സ്മാര്‍ട്ടാണ്’ എന്നുവരെ പലരും പറഞ്ഞു. എന്നാല്‍, അതൊന്നും താന്‍ മുഖവിലയ്‌ക്കെടുക്കാതെയായിരുന്നു പഠിത്തം.

രണ്ടുമാസത്തെ ട്രക്ക് ഡ്രൈവിങ് കോഴ്സിന് മാത്രം അഞ്ചു ലക്ഷത്തോളം രൂപ ചെലവുവരും. സ്വന്തമായി കാറുപോലുമില്ലാതിരുന്ന സൗമ്യ, പഠനത്തിന്റേയും പാര്‍ട്ട് ടൈം ജോലിയുടെയും ഇടയിലാണ് ട്രക്ക് ഡ്രൈവിങ് പഠിച്ചത്. പുരുഷന്മാര്‍ക്കുമാത്രം നല്‍കുന്ന ലോങ് ട്രിപ്പുകളും ഇപ്പോള്‍ സൗമ്യക്ക് കമ്പനി നല്‍കുന്നുണ്ട്.

യുഎഇയിലെ പ്രവാസികൾ താങ്ങായിരുന്ന പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ എം എം നാസർ (48) നിര്യാതനായി. കാസർഗോഡ് കാഞ്ഞങ്ങാട് അജാന്നൂർ കടപ്പുറം സ്വദേശിയാണ് നാസർ. നാട്ടിൽ വെച്ചായിരുന്നു അന്ത്യം.

അബുദാബിയിൽ നിന്നും പ്രവാസി മലയാളികളുടെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ ഉൾപ്പടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിന്നായിരുന്നു നാസറിന്റെ പ്രവർത്തനം.

സാമൂഹ്യ പ്രവർത്തന രംഗത്ത് അബുദാബി ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ പ്രതിനിധിയുമായിരുന്നു. അബുദാബിയിലെ നിരവധി സംഘടനകളുടെ ഭാരവാഹിയും ഫ്രണ്ട്‌സ് എഡിഎംഎസ്, കെഎംസിസി എന്നിയുടെ സജീവ പ്രവർത്തകനുമായിരുന്നു.

മുൻമിസ്‌കേരളയടക്കമുള്ള മോഡലുകൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദുരൂഹത ഒഴിയുന്നില്ല. ഇവരുടെ മരണകാരണായ വാഹനാപകടത്തിന് കാരണമായത് മത്സരയോട്ടമാണ് എന്ന് പോലീസ് വ്യക്തമാക്കി. മോഡലുകളുടെ കാറിനെ പിന്തുടർന്ന ഔഡി കാർ ഓടിച്ചിരുന്ന ഷൈജുവിന്റെ മൊഴിയാണ് മത്സരയോട്ടം നടന്നുവെന്ന നിഗമനത്തിൽ പോലീസിനെ എത്തിച്ചത്.

ഷൈജുവിനെ ചോദ്യംചെയ്തു വിട്ടയച്ചു. അമിതവേഗത്തിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകാനാണ് താൻ പിന്നാലെ പോയതെന്നാണ് ഷൈജു പറഞ്ഞത്. ഇത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. മോഡലുകൾ ഡിജെ പാർട്ടിയിൽ പങ്കെടുത്ത ഹോട്ടലിന്റെ ഉടമയാണോ ഇവരെ പിന്തുടർന്നത് എന്ന സംശയവും നിലനിൽക്കുന്നുണ്ട്.

ഷൈജുവും മോഡലുകളുടെ കാർ ഓടിച്ചിരുന്ന അബ്ദുൾ റഹ്‌മാനും മദ്യപിച്ചിരുന്നതായും പോലീസ് പറയുന്നു. മനപൂർവ്വമല്ലാത്ത നരഹത്യക്കായിരിക്കും മോഡലുകളുടെ കാർ ഓടിച്ച അബ്ദുൾ റഹ്‌മാനെതിരെ കേസെടുക്കുക. ഷൈജുവിനെതിരെ ഈ വകുപ്പ് ചുമത്താൻ സാധിക്കാത്തതിനാൽ പ്രത്യേക വകുപ്പ് ചുമത്തിയായിരിക്കും കേസെടുക്കുക.

അതേസമയം, ഡിജെ പാർട്ടി നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതും ഹോട്ടലുടമ ഒളിവിലായതും ദുരൂഹതകൾ ബാക്കിയാക്കുകയാണ്. ഹോട്ടലുടമയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാൾ ഒളിവിലാണെന്നാണ് വിവരം. സിസിടിവി ദൃശ്യങ്ങൾ നശിപ്പിക്കാൻ കാരണമെന്താണെന്നും പോലീസ് അന്വേഷിക്കുകയാണ്. ഡിജെ പാർട്ടിക്കിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായതിനെ തുടർന്നാണോ ദൃശ്യങ്ങൾ നശിപ്പിച്ചത് എന്നും പരിശോധിക്കുന്നുണ്ട്.

രണ്ട് മക്കളെ കൊലപ്പെടുത്തി യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഷൊര്‍ണൂരാണ് ഞെട്ടിപ്പിക്കുന്ന സംഭവം. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് മക്കളായ അനിരുദ്ധ് (നാല്), അഭിനവ് (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.

കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യയുടെ ആത്മഹത്യാ ശ്രമം. ദിവ്യയെ കൈത്തണ്ട മുറിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോഴാണ് മക്കളെ മയങ്ങിക്കിടക്കുന്ന നിലയില്‍ കണ്ടത്. തുടര്‍ന്ന് മക്കളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാനായില്ല.

അതിനിടെ, കുടുംബത്തില്‍ മറ്റൊരു ആത്മഹത്യാശ്രമംകൂടി അരങ്ങേറി. ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയുടെ അമ്മ അമ്മിണിയമ്മയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്. ഇവരും കൈത്തണ്ടയാണ് മുറിച്ചത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കും ആത്മഹത്യാശ്രമത്തിലേക്കും നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം. ഷൊര്‍ണൂര്‍ പോലീസ് സ്ഥലത്തെത്തി ദിവ്യയുടെ ഭര്‍ത്താവില്‍നിന്ന് വിവരം ശേഖരിച്ചു.

RECENT POSTS
Copyright © . All rights reserved