India

കളഞ്ഞ് കിട്ടിയ സ്വര്‍ണാഭരണം ഉടമയ്ക്ക് നല്‍കാനായി ഓട്ടോഡ്രൈവര്‍ സൂക്ഷിച്ച് വച്ചത് നാലുവര്‍ഷം. ഓട്ടോ ഡ്രൈവറായ രാമംകുത്ത് പാറേങ്ങല്‍ ഹനീഫയാണ് ആ നന്മ താരം.

നാല് വര്‍ഷം മുമ്പ് തന്റെ ഓട്ടോയില്‍ നിന്നും രണ്ട് സ്വര്‍ണ പാദസരങ്ങള്‍ ലഭിച്ചത്. ഓട്ടോറിക്ഷ കഴുകുന്നതിനിടെ ബാക്ക് സീറ്റിനടിയില്‍ ചെളി മൂടിയ നിലയിലായിരുന്നു പാദസരങ്ങള്‍. ഒന്നര പവന്‍ തൂക്കം വരുന്നതാണിത്. ഉടമയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലിസില്‍ ഏല്‍പ്പിച്ചാലും യഥാര്‍ഥ ഉടമക്ക് കിട്ടിയേക്കാനിടയില്ലെന്നതിനാല്‍ വീട്ടില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കളഞ്ഞുകിട്ടിയ ആഭരണം വില്‍ക്കാനോ മറ്റോ ഹനീഫ തയ്യാറായില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് യാദൃശ്ചികമായി ഉടമ വീണ്ടും ഹനീഫയുടെ ഓട്ടോയില്‍ കയറുന്നത്.

തന്റെ ഓട്ടോയില്‍ കയറിയ നിലമ്പൂര്‍ റയില്‍വേ സ്റ്റേഷന് സമീപം വീട്ടിച്ചാലില്‍ താമസിക്കുന്ന യുവതി യാത്രക്കിടെ നാല് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട സ്വര്‍ണ്ണാഭരണത്തെ കുറിച്ച് ഹനീഫയോട് സംസാരിച്ചപ്പോഴാണ്, ഇവരുടെ ആഭരണമാണ് കളഞ്ഞുപോയതെന്ന സംശയം ഉദിച്ചത്.

ആഭരണത്തെ കുറിച്ച് കൂടുതല്‍ ചോദിച്ചറിഞ്ഞു, ഹനീഫ തെളിവുകള്‍ കൂടി ചോദിച്ചതോടെ യുവതി കൃത്യമായി മറുപടി പറഞ്ഞു. ഇതോടെ ആഭരണം ഇവര്‍ക്ക് തിരിച്ച് നല്‍കുകയായിരുന്നു.

പാലാ സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനി നിഥിന മോളെ ദാരുണമായി കൊലപ്പെടുത്തിയ പ്രതി അഭിഷേക് ബൈജു ഒരാഴ്ച കൃത്യം നടത്താനായി പരിശീലിച്ചെന്ന് പോലീസ്. പ്രതി കൃത്യമായി അസൂത്രണം നടത്തിയെന്നാണ് പോലീസ് പറയുന്നത്. കൊലപാതകത്തിന് ഒരാഴ്ച മുൻപ് പേപ്പർ കട്ടറിലേക്ക് പുതിയ ബ്ലേഡ് വാങ്ങി അഭിഷേക് പരിശീലനം നടത്തുകയായിരുന്നു.

അതേസമയം, ക്രിമിനൽ പശ്ചാത്തലമില്ലാത്ത അഭിഷേക് എങ്ങനെ കൃത്യമായി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പരിശോധിക്കുന്നത്. അഭിഷേകിന്റെ ആക്രമണത്തിൽ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയി. പഞ്ചഗുസ്തി ചാമ്പ്യനായ അഭിഷേക് നിഥിനയെ കീഴ്‌പ്പെടുത്തിയത് നിസാരമായിട്ടായിരുന്നു. കൊലപാതകത്തിന് മറ്റാരുടേയും സഹായം ലഭിച്ചിട്ടുള്ളതായി പോലീസിന് സൂചന ലഭിച്ചിട്ടില്ല.

കഴുത്തിലേറ്റത് ആഴവും വീതിയുമുള്ള മുറിവാണ്. രക്തധമനികൾ മുറിഞ്ഞുപോയിരുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു. ഇക്കാര്യങ്ങളാലാണ് കൊലപാതകത്തിൽ പരിശീലനം ലഭിച്ചോ എന്ന് പോലീസ് സംശയിക്കുന്നത്.

നിഥിനയെ കൊലപ്പെടുത്തുമെന്ന് സുഹൃത്തിന് സന്ദേശമയച്ച അഭിഷേക് നിഥിനയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സുഹൃത്തിനേയും പോലീസ് ചോദ്യം ചെയ്യും. പെൺകുട്ടിയെ കൊല്ലണമെന്ന് ആഗ്രഹിച്ചിരുന്നില്ലെന്നും സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് തീരുമാനിച്ചിരുന്നതെന്നാണ് അഭിഷേക് പോലീസിന് നൽകിയിരുന്ന മൊഴി.

എന്നാൽ പോലീസ് ഇക്കാര്യം തള്ളിക്കളയുകയാണ്. കൊലപാതകം കൃത്യമായ ആസൂത്രണത്തോടെയാണെന്നതിന് തെളിവുകൾ വിശദീകരിച്ചുകൊണ്ടാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്. കൊലപാതകത്തിനായി പേപ്പർ കട്ടർ തിരഞ്ഞെടുത്ത പ്രതി ഒരാഴ്ച മുമ്പ് ആസൂത്രണം തുടങ്ങി. കട്ടറിലെ പഴയ ബ്ലേഡിന് പകരം പുതിയത് വാങ്ങുകയും ചെയ്തിരുന്നു.

വെള്ളിയാഴ്ചയാണ് പാല സെയ്ന്റ് തോമസ് കോളേജിലെ വിദ്യാർത്ഥിനിയായ നിഥിനയെ സഹപാഠിയായ അഭിഷേക് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. രാവിലെ 11.25നായിരുന്നു സംഭവം.

മലയാളി നഴ്സിനെ കുവൈറ്റില്‍ ഇബന്‍സിന ആശുപത്രിയിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ ജാസിലിന്‍ (35)-നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് ജാസിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അടുത്തിടെ മസ്തിഷ്കത്തിൽ അര്‍ബുദ ബാധയുള്ളതായി കണ്ടെത്തിയിരുന്നു. ജഹറ ആശുപത്രിയിൽ ചികിത്സയില്‍ കഴിഞ്ഞിരുന്ന ജാസിലിനെ വിദഗ്ധ ചികിത്സക്കായാണ്‌ ഇബിന്‍സിന ആശുപത്രിയില്‍ എത്തിച്ചത്. ഇരിങ്ങാലക്കുട മാള കണ്ടന്‍കുളത്തില്‍ സിജോ പൗലോസാണ് ഭര്‍ത്താവ്. മക്കള്‍-ജാസീല്‍, ജോവിന്‍. കുവൈറ്റിലെ മലയാളി സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 152ാം ജന്മദിനത്തിൽ സ്മരണകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിജയന്തി ദിനത്തിൽ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാൻ നമിക്കുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്ദേഹത്തിന്റെ ഉദാത്തമായ തത്ത്വങ്ങൾ ആഗോളതലത്തിൽ പ്രസക്തമാണ്, ദശലക്ഷക്കണക്കിന് ആളുകൾക്ക് അത് ശക്തി നൽകുന്നെന്നും അദ്ദേഹം കുറിച്ചു.

ഗാന്ധി ജയന്തി ദിനത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്‌ഥലത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അടക്കമുള്ളവർ ഇന്ന് പുഷ്‌പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവ്വ മത പ്രാർത്ഥനയും നടക്കും.

​ഗാന്ധി ജന്മദിനമായി ഒക്ടോബർ രണ്ട് 2007 മുതൽ ഐക്യരാഷ്ട്ര സഭ നോൺ വയലൻസ് ഡേ ആയാണ് ആചരിക്കുന്നത്. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.

 

ഫളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോ യുമായി ബന്ധപ്പെട്ട് ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. നടന്‍ സന്തോഷ് പണ്ഡിറ്റിനെ വിളിച്ച് വരുത്തി അപമാനിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് അദ്ദേഹം തന്നെ രംഗത്ത് വരികയായിരുന്നു. പിന്നാലെ ബിനു അടിമാലിയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സന്തോഷിന്റെ വീഡിയോയും പുറത്ത് വന്നു. ഇതോടെ വിവാദങ്ങള്‍ തലപൊക്കി.

സന്തോഷ് പണ്ഡിറ്റിന് പരിപാടിയുടെ രീതികള്‍ അറിയാത്തത് കൊണ്ട് സംഭവിച്ചതാണെന്ന് പറയുകയാണ് നടന്‍ അസീസ്. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറയുന്നത്.സ്റ്റാര്‍ മാജിക്കിനെ കുറിച്ച് പറയുന്ന സുഹൃത്തുക്കളോട് ഒറ്റ കാര്യമേ പറയാനുള്ളു. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞങ്ങള്‍ ആരെയും ദ്രേഹിക്കാറില്ല. നമ്മള്‍ ജനിച്ച് വളര്‍ന്നപ്പോള്‍ മുതല്‍ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരെല്ലാം പിന്നീട് ഒത്തൊരുമിക്കുന്നത് പോലെയാണ് സ്റ്റാര്‍ മാജിക്കില്‍ എത്തുന്നത്.

ഞങ്ങള്‍ കൂട്ടുകാര്‍ പറയുന്ന തമാശകള്‍ മാത്രമാണ് അതില്‍ നടക്കുന്നത്. ചിലര്‍ക്ക് അറ്റാക്ക് ചെയ്യുന്നത് പോലെ തോന്നും. പക്ഷേ സുഹൃത്തുക്കള്‍ ഒത്തൊരുമയോടെ കൂടുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങള്‍ മാത്രമാണ് അവിടെ നടക്കുന്നത്. അത് ക്യാമറ വെച്ച് ഷൂട്ട് ചെയ്യുകയാണ്. ആരെയും അവഹേളിക്കുന്ന രീതിയിലോ കളിയാക്കുന്ന തരത്തിലോ ഞങ്ങള്‍ ഒന്നും ചെയ്തിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞാന്‍ എന്നേ പോയേനെ. ഷിയാസ് ഒക്കെ എപ്പോഴേ കളഞ്ഞിട്ട് പോയേനെ. നമ്മുടെ ആ പരിപാടിയിലെ ഒരു ജോണര്‍ ആണത്. ഇപ്പോള്‍ സന്തോഷ് ചേട്ടന്‍ വന്നപ്പോള്‍ ഉണ്ടായ വിഷയത്തെക്കുറിച്ച് ഞാന്‍ വിളിച്ചു അന്വേഷിച്ചു.

എനിക്കും വിഷമമായി തോന്നി. അതില്‍ പറഞ്ഞിരിക്കുന്ന കാര്യം ഞാന്‍ ഇങ്ങനെ പാടും. അന്നേരം നിങ്ങള്‍ ഇതുപോലെ മാറ്റി പാടണമെന്ന് പുള്ളി തന്നെ പറഞ്ഞതാണെന്നാണ്. അങ്ങനെ പുള്ളിക്കാരന്‍ പറഞ്ഞിട്ടാണ് ചെയ്തിട്ടുള്ളത്. അത് പുള്ളിക്ക് കളിയാക്കല്‍ ആയി തോന്നിയെങ്കില്‍ തൊട്ടടുത്ത ദിവസത്തെ എപ്പിസോഡില്‍ പറയാമായിരുന്നു. ഇന്‍ട്രോ ഒന്നും സ്‌ക്രീപ്റ്റഡ് അല്ല. നമ്മള്‍ പറഞ്ഞത് ശരിയായില്ലെങ്കില്‍ അന്നേരം തന്നെ വിളിച്ച് പറയും. സത്യം പറഞ്ഞാല്‍ നമ്മള്‍ മനസില്‍ എഡിറ്റ് ചെയ്താണ് അവിടെ ഓരോ കാര്യങ്ങളും പറയുന്നത്.

അദ്ദേഹം ഗസ്റ്റ് ആയിട്ടല്ല, ഞങ്ങളെ പോലെ മത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് വന്നത്. സന്തോഷേട്ടന് സത്യത്തില്‍ നമ്മുടെ പരിപാടിയുടെ ജോണര്‍ അറിയില്ല. മുന്‍പൊരിക്കല്‍ അദ്ദേഹം സ്റ്റാര്‍ മാജിക്കില്‍ വന്നപ്പോള്‍ നിങ്ങളുടെ ഒരു ആരാധിക ഇവിടെ വന്നിട്ടുണ്ടെന്ന് പറഞ്ഞ് ലക്ഷ്മി ഒരാളെ വിളിച്ചു. വന്നത് തങ്കച്ചന്‍ ആയിരുന്നു. അതൊരു ക്യാരക്ടര്‍ ആയിരുന്നെങ്കിലും പുള്ളിക്ക് അത്ര ഇഷ്ടം ആയില്ല. നിങ്ങളെന്നോട് കാണിച്ചത് ശരിയായില്ല, ഇത് ചീറ്റിങ്ങ് ആണെന്നൊക്കെ പുള്ളി പറഞ്ഞു. തങ്കച്ചനും സന്തോഷേട്ടനും തമ്മിലൊരു ഡാന്‍സ് വരെ പ്ലാന്‍ ചെയ്തെങ്കിലും ഒടുവില്‍ ശശാങ്കന്റെ കൂടെയാണ് തങ്കു ഡാന്‍സ് കളിച്ചത്

ഈ ഷോയുടെ രീതി അദ്ദേഹത്തിന് മനസിലായില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരിക്കലും ഒരു താരത്തെ വിളിച്ച് വരുത്തി കളിയാക്കാന്‍ നോക്കില്ല. ആ വ്യക്തി ഞങ്ങള്‍ക്കൊരു ശല്യമായിട്ടില്ല. പുള്ളിയുടെ കരിയര്‍ തകര്‍ക്കാനോ അവസരങ്ങള്‍ ഇല്ലാതാക്കാനോ ആരും ശ്രമിച്ചിട്ടില്ല. അദ്ദേഹം ഒറ്റയ്ക്ക് വന്ന് ഒറ്റയ്ക്ക് സിനിമ തിയേറ്ററില്‍ എത്തിച്ച വ്യക്തിയാണ്. പുള്ളി ബുദ്ധി കൊണ്ട് കളിക്കുന്ന ആളാണെന്ന് ഞാന്‍ പറയും. അസീസ് പറയുന്നു.

 

പാലായിൽ കൊല്ലപ്പെട്ട വിദ്യാർത്ഥിനി നിഥിനയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായെന്നും നിതിനയുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവാണെന്ന് വൈക്കം എംഎൽഎ സി.കെ ആശ പറഞ്ഞു.

നിലവിൽ പാലാ മരിയൻ മെഡിക്കൽ നിതിനയുടെ സെന്ററിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നാളെ രാവിലെ 8.30 ഓടെയായിരിക്കും മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുക. ഒൻപത് മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ നടക്കും. ഇതിന് ശേഷം മൃതദേഹം നിഥിനയുടെ സ്വദേശമായ തലയോലപറമ്പിലേക്ക് കൊണ്ടുപോകും. തുടർന്ന് ഒരു മണിക്കൂറോളം പൊതുദർശനത്തിന് വയ്ക്കും. ബന്ധുവിന്റെ വീട്ടിലായിരിക്കും മൃതദേഹം സംസ്‌കരിക്കുക.

ഇന്ന് രാവിലെയാണ് ദാരുണമായ സംഭവം നടന്നത്. പാലാ സെന്റ് തോമസ് കോളജിലെ ഫുഡ് പ്രോസസിങ് ടെക്‌നോളജി അവസാന വർഷ വിദ്യാർത്ഥിനിയായിരുന്ന നിഥിനതയെ സഹപാഠിയായ അഭിഷേക് കഴുത്തിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു

ആരോഗ്യ സ്ഥിതി മോശമായത് കൊണ്ട് വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് വരണമെന്ന് കാണിച്ച് ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ പ്രതി അബ്ദുല്‍ നാസര്‍ മദനി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.

അനാരോഗ്യം കണക്കിലെടുത്ത് നാട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കണമെന്നായിരുന്നു മദനിക്കായി കോടതിയില്‍ ഹാജരായ പ്രശാന്ത്ഭൂഷണ്‍ വാദിച്ചത്. കോവിഡ് സാഹചര്യവും മദനിയുടെ പിതാവ് കിടപ്പിലാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ മദനിയുടെ വാദങ്ങള്‍ ഒന്നും തന്നെ കോടതി അംഗീകരിച്ചില്ല.

അതേസമയം, മദനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക ശക്തമായി വാദിച്ചു. കേസ് വിചാരണഘട്ടത്തിലെന്നും ചില സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്നും കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ വാദം ശരിവെച്ച് ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് മദനിക്ക് ജാമ്യം നിഷേധിക്കുകയായിരുന്നു.

മോന്‍സനേയും കൊണ്ട് മ്യൂസിയത്തിലെത്തി തെളിവെടുപ്പ് നടത്തി പൊലീസ് ഉദ്യോഗസ്ഥര്‍. ചില യഥാര്‍ത്ഥ പുരാവസ്തുക്കളും തന്റെ മ്യൂസിയത്തില്‍ ഉണ്ടെന്നായിരുന്നു തെളിവെടുപ്പിനിടെ മോന്‍സന്‍ അവകാശപ്പെട്ടത്.

വിഗ്രഹങ്ങളെ കുറിച്ച് മോന്‍സന്റെ വിശദീകരണങ്ങള്‍ തമാശമട്ടിലാണ് ഉദ്യോഗസ്ഥര്‍ കേട്ടത്. പൊട്ടിച്ചിരിയും ബഹളവുമായിട്ടായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ് നടന്നത്.

മുന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത് താന്‍ തന്നെയാണെന്ന് തെളിവെടുപ്പിനിടെ മോന്‍സന്‍ പറഞ്ഞു.
ബെഹ്‌റ മനോജ് എബ്രഹാമിനെയും കൂടെ കൂട്ടുകയായിരുന്നെന്നും ഇരുവരെയും വഞ്ചിക്കാന്‍ ഉദ്ദേശമില്ലായിരുന്നു എന്നും മോന്‍സന്‍ പറഞ്ഞു.

ബെഹ്‌റയെ തനിക്ക് പരിചയപ്പെടുത്തിയത് അനിത പുല്ലയില്‍ ആണ്. എസ്.പി സുജിത് ദാസിന്റെ കല്യാണ തലേന്നാണ് താന്‍ ബെഹ്‌റയെ മ്യൂസിയത്തിലേക്ക് ക്ഷണിച്ചത്. ബെഹ്‌റയും മനോജും ഉള്ള ചിത്രം താന്‍ സമൂഹമാധ്യമങ്ങളില്‍ ഇട്ടിട്ടില്ല. ഡ്രൈവര്‍ അജിയാണ് ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇതേ കുറിച്ച് പൊലീസ് അന്വേഷിക്കണം. തന്റെ എഫ്.ബി അക്കൗണ്ടും പരിശോധിക്കാമെന്നും മോന്‍സന്‍ പറഞ്ഞു.

ശില്‍പി സുരേഷിനൊപ്പമായിരുന്നു മ്യൂസിയത്തിലെ തെളിവെടുപ്പ്. താന്‍ നിര്‍മിച്ച വിഷ്ണുവിന്റെ വിശ്വരൂപം ഉള്‍പ്പെടെ സുരേഷ് കാട്ടിക്കൊടുത്തു. അഞ്ച് വര്‍ഷം കൊണ്ടാണ് വിശ്വരൂപം നിര്‍മിച്ചതെന്ന് സുരേഷ് പറഞ്ഞു.

കുമ്പിള്‍ തടിയില്‍ നിര്‍മിച്ചതാണിത്. നിര്‍മിച്ചപ്പോഴുള്ള ഫോട്ടോയും സുരേഷ് ഉദ്യോഗസ്ഥര്‍ക്ക് കാണിച്ച് കൊടുത്തു. പിന്നീട് പെയിന്റടിച്ച് മോന്‍സന്‍ അത് മോടിപിടിപ്പിച്ചു. മോന്‍സന്‍ തട്ടിച്ചില്ലായിരുന്നുവെങ്കില്‍ താന്‍ ഓണ്‍ലൈനിലൂടെ അത് വില്പന നടത്തിയേനെയെന്നും
സുരേഷ് പറഞ്ഞു.

മയിലുകളെ വേട്ടയാടി തല്ലിക്കൊന്ന് ശവം സൂക്ഷിച്ച സംഭവത്തില്‍ വൈദികന്‍ അറസ്റ്റില്‍. തൃശൂര്‍ രാമവര്‍മ്മപുരം വിയ്യാനി ഭവന്‍ ഡയറക്ടര്‍ കൂടിയായ ഫാ.ദേവസി പന്തല്ലൂക്കാരനെയാണ് പിടികൂടിയത്.

രണ്ട് മയിലുകളെ വലയില്‍പ്പെടുത്തി പിടികൂടി അടിച്ചു കൊലപ്പെടുത്തുകയും ജഡം കൈവശം സൂക്ഷിച്ചുവെച്ചുവെന്നുമാണ് കേസ്. തൃശൂര്‍ ഫ്ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ ഭാസി ബാഹുലേയന്റെ നേൃതൃത്വത്തിലുള്ള സംഘമാണ് ഫാദറിനെ അറസ്റ്റ് ചെയ്തത്.

സെക്ഷന്‍ ഫോറസ്റ് ഓഫിസര്‍ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എന്‍.യു. പ്രഭാകരന്‍, ഷിജു ജേക്കബ്, കെ. ഗിരീഷ്‌കുമാര്‍, ഫോറസ്റ് ഡ്രൈവര്‍ സി.പി. സജീവ് കുമാര്‍ എന്നിവരും പങ്കെടുത്തു.

കേസ് തുടരന്വേഷണത്തിനായി പട്ടിക്കാട് ഫോറസ്റ്റ് സ്റ്റേഷന് കൈമാറി. സമീപകാലത്ത് മയിലുകള്‍ നാട്ടിന്‍ പുറങ്ങളിലെ കൃഷിയിടങ്ങളില്‍ എത്തി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ വ്യാപകമാണ്.ദേശീയപക്ഷിയും വന്യജീവി സംരക്ഷണ നിയമം 1972 ഒന്നാം ഷെഡ്യൂള്‍ പ്രകാരം സംരക്ഷിക്കുന്ന ജീവിയാണ് മയില്‍.

യാത്രാച്ചട്ടം വിവാദത്തില്‍ തിരിച്ചടിച്ച് ഇന്ത്യ. ഇന്ത്യയിലെത്തുന്ന ബ്രിട്ടിഷ് പൗരന്മാർക്ക് 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാക്കി. വാക്സീന്‍ സ്വീകരിച്ചവര്‍ക്കും ക്വാറന്റീന്‍ ബാധകമാണ്. തിങ്കളാഴ്ച മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും.

യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ സർട്ടിഫിക്കറ്റും കയ്യിലുണ്ടായിരിക്കണം. ഇന്ത്യയിൽ എത്തിയാൽ വിമാനത്താവളത്തിൽ വച്ചും ആർടിപിസിആർ പരിശോധനയുണ്ടാകും. നിർബന്ധിത ക്വാറന്റീൻ കഴിഞ്ഞ് വീണ്ടും ആർടിപിസിആർ എടുക്കണം.

വാക്സീൻ സ്വീകരിച്ച ഇന്ത്യൻ പൗരന്മാർക്ക് ബ്രിട്ടൻ നിർബന്ധിത ക്വാറന്റീൻ ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യ പ്രതിഷേധം അറിയിച്ചു. ബ്രിട്ടൻ നിലപാട് തിരുത്താൻ തയാറായില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പും നൽകി. എന്നിട്ടും ബ്രിട്ടൻ പിന്മാറിയില്ല. തുടർന്നാണ് സമാനമായ രീതിയിൽ തിരിച്ചടിക്കാൻ ഇന്ത്യ തീരുമാനിച്ചത്.

 

RECENT POSTS
Copyright © . All rights reserved