വഴക്കടിച്ച കമിതാക്കളില്‍ കാമുകനെ ആളൊഴിഞ്ഞ പുരയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവസമയം ഒപ്പമുണ്ടായിരുന്ന യുവതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വൈക്കം വെച്ചൂര്‍ അംബികാ മാര്‍ക്കറ്റിന് സമീപം മാമ്പറയില്‍ ഹേമാലയം വീട്ടില്‍ പരേതനായ ഗിരീഷിന്റെ മകന്‍ ഗോപു (22) ആണ് മരിച്ചത്.
കാണാതായ യുവതിയുടെ ബാഗും മൊബൈല്‍ഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തില്‍തന്നെ അല്പംമാറി ഉപേക്ഷിച്ചനിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തില്‍നിന്ന് പോലീസിന് ലഭിച്ചു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പില്‍ പറയുന്നു.
തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുമരകം ചീപ്പുങ്കല്‍ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിന്റെ കാടുപിടിച്ചുകിടക്കുന്ന തകര്‍ന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറിപ്പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഒപ്പമുണ്ടായിരുന്ന യുവതിക്കായി തിരച്ചില്‍ നടത്തിയെങ്കിലും സമീപത്തെങ്ങും കണ്ടെത്താനുമായില്ല. നാട്ടുകാര്‍ വെസ്റ്റ് പോലീസില്‍ വിവരമറിയിച്ചു. അവര്‍ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗില്‍നിന്ന് ലഭിച്ച മൊബൈല്‍ഫോണ്‍ പിന്തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ യുവതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടര്‍ന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്തെത്തിയ പോലീസ് നായ സമീപത്തെ റിസോര്‍ട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന നിഗമനത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പോലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
യുവാവ് തൂങ്ങുന്നതുകണ്ട് യുവതി ഭയന്നോടുന്നതിനിടെ വെള്ളത്തില്‍ വീണിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ് പരിശോധന നടത്തുന്നത്. രാത്രി വൈകിയും യുവതി ബന്ധുവീടുകളിലുള്‍പ്പെടെ എങ്ങുമെത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടില്ല. നേരത്തേയുള്ള വഴക്കിനെത്തുടര്‍ന്ന് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പിലായിരിക്കാം കയറുമായി യുവാവ് ഇവിടെയെത്തിയതെന്നാണ് അന്വേഷണസംഘം കരുതുന്നത്.
കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തിങ്കളാഴ്ച രാത്രി നിര്‍ത്തിവെച്ച തിരച്ചില്‍ ചൊവ്വാഴ്ച തുടരുമെന്ന് പോലീസ് പറഞ്ഞു. ഗോപുവിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11-ന് വീട്ടുവളപ്പില്‍.
ചോക്ലേറ്റ് ഹീറോയായി വന്ന് മലയാളത്തിന്റെ ഹീറോയായി മാറിയതാണ് കുഞ്ചാക്കോ ബോബന്‍. കരിയറിലെ തന്നെ മികച്ച സമയത്തിലൂടെയാണ് ചാക്കോച്ചന്‍ കടന്നുപോകുന്നത്.
അതേസമയം, അച്ഛന്‍ ബോബന്‍ കുഞ്ചാക്കോയുടെ ജന്മദിനത്തില്‍ ഹൃദയം തൊടുന്ന കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്. സിനിമയില്‍ നിന്ന് ഒഴിഞ്ഞുമാറി നടന്ന, ഉദയയെ വെറുത്തിരുന്ന കുട്ടി ഇന്ന് സിനിമയില്ലാതെ ഒരു നിമിഷം പോലും ജീവിക്കാനാവാത്ത ആളായി മാറിക്കഴിഞ്ഞുവെന്ന് ചാക്കോച്ചന്‍ കുറിക്കുന്നു.
ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്കും ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറിൽ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളിലേക്ക് ഒക്കെ താന്‍ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂർണ്ണരൂപം;
ഹാപ്പി ബര്‍ത്ത്‌ഡേ അപ്പാ, ഇത്തവണത്തെ ആശംസയ്ക്ക് കുറച്ച് പ്രത്യേകതയുണ്ട്.. ഒരു തരത്തിലും സിനിമയുടെ ഭാഗമാകാന്‍ താല്‍പര്യമില്ലാതെ നടന്നിരുന്ന കുട്ടിയില്‍ നിന്ന് ഒരു നിമിഷം പോലും സിനിമയെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത കുട്ടിയിലേക്ക് മാറിയ മനുഷ്യനായി ഞാന്‍. ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്ക്..
ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന മനുഷ്യനിലേക്ക് ഒക്കെ ഞാന്‍ മാറി.. അപ്പാ, സിനിമയില്‍ അഭിനയിക്കാനും അതിനോടുള്ള ഇഷ്ടവും ഞാന്‍ പോലുമറിയാതെ അപ്പയെന്നില്‍ നിറച്ചു.
ഇന്ന് ഞാന്‍ പഠിച്ചതും നേടിയതുമെല്ലാം അപ്പ പാകിയ അടിസ്ഥാനത്തില്‍ നിന്നാണ്. സ്‌നേഹത്തെയും സൗഹൃദത്തെയും ജീവിതത്തെയും കുറിച്ച് ഇന്നും ഞാന്‍ അപ്പയില്‍ നിന്ന് പഠിച്ചുകൊണ്ടിരിക്കുന്നു. ഇരുണ്ട കാലങ്ങളില്‍ അവിടെ നിന്ന് എനിക്ക് വെളിച്ചമേകൂ, മുന്നോട്ട് യാത്ര തുടരാന്‍ എല്ലാ അനുഗ്രഹങ്ങളും നല്‍കൂ.
ഒരു വര്‍ഷം സിനിമയില്‍ തികയ്ക്കുമെന്ന് ചിന്തിക്കാതിരുന്ന കുട്ടിയില്‍ നിന്ന് സിനിമയിലെ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ആളിലേക്കും ഉദയയെന്ന പേര് വെറുത്തിരുന്ന കുട്ടിയില്‍ നിന്ന് അതേ ബാനറില്‍ രണ്ടാമത്തെ സിനിമ പുറത്തിറക്കാന്‍ പോകുന്ന ആളിലേക്ക് ഒക്കെ താന്‍ മാറിയെന്നും കുഞ്ചാക്കോ ബോബന്‍ എഴുതി.
തന്റെ ആദ്യ തമിഴ് സിനിമയുടെ ടീസര്‍ റിലീസ് ഇന്നായതും അവിചാരിതമായാവാമെന്നും ഒരു മലയാളം സിനിമ പോലും ചെയ്യാന്‍ ഇഷ്ടമില്ലാതിരുന്ന കുട്ടിയില്‍ നിന്ന് തമിഴ് സിനിമയില്‍ ആദ്യ ചുവട് വയ്ക്കുന്ന ആളായെന്നും തന്നെ അനുഗ്രഹിക്കണമെന്നും കുഞ്ചാക്കോ ബോബന്‍ കുറിച്ചു.
കർഷകരുടെ സമരത്തെ കുറിച്ച് സംസാരിക്കുമ്പോൾ ധിക്കാരപരമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മറുപടിയെന്ന് വെളിപ്പെടുത്തി മേഘാലയ ഗവർണർ സത്യപാൽ മാലിക്.
കർഷക സമരങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ താൻ പ്രധാനമന്ത്രിയെ കണ്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ധിക്കാരം കാരണം ആ കൂടിക്കാഴ്ച വാക്കുതർക്കത്തിൽ കലാശിക്കുകയായിരുന്നെന്നുമാണ് ബിജെപി നേതാവ് കൂടിയായ ഗവർണർ വെളിപ്പെടുത്തിയിരിക്കുന്നത്. ഹരിയാനയിലെ ദാദ്രിയിൽ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗവർണർ.
”കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ഞാൻ പ്രധാനമന്ത്രിയെ കാണാൻ പോയപ്പോൾ, അഞ്ച് മിനിട്ടിനുള്ളിൽ തന്നെ ആ സംസാരം വാക്കുതർക്കത്തിലെത്തി. അദ്ദേഹം ധിക്കാരത്തോടെയാണ് പെരുമാറിയത്.
നമ്മുടെ 500ഓളം കർഷകർ മരിച്ചു എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചത്, അവർ എനിക്ക് വേണ്ടിയാണോ മരിച്ചത് എന്നായിരുന്നു. അതെ, കാരണം നിങ്ങളാണ് നേതാവ് എന്ന് ഞാൻ മറുപടി നൽകി. അങ്ങനെ ഞാൻ അദ്ദേഹവുമായി വാക്കുതർക്കത്തിലെത്തി. അമിത് ഷായെ കാണാൻ അദ്ദേഹം എന്നോട് പറഞ്ഞു, ഞാൻ കണ്ടു,” ഗവർണർ പറഞ്ഞു.
പ്രക്ഷോഭങ്ങൾ അവസാനിച്ചുവെന്ന് കേന്ദ്രസർക്കാർ കരുതിയെങ്കിൽ അത് തെറ്റാണ്. ഇത് തൽക്കാലത്തേക്ക് നിർത്തിവെച്ചിരിക്കുക മാത്രമാണ്. കർഷകർക്കെതിരെ അനീതി നടക്കുകയാണെങ്കിൽ ഇത് വീണ്ടും ആരംഭിക്കുമെന്നും ഗവർണർ പ്രതികരിച്ചു.
മിന്നല്‍ മുരളിയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ് ടൊവിനോ തോമസ്. താരപുത്രന്മാര്‍ സിനിമ രംഗം കൈയ്യടിക്കവെച്ചിരിക്കുന്നതിനിടയ്ക്ക് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്.
സിനിമയിലഭിനയിക്കുന്നതിന് മുമ്പേ ടൊവിനോയ്‌ക്കൊപ്പം ഒരേ റൂമില്‍ താമസിച്ച സുഹൃത്തായിരുന്നു സംവിധായകനും അവതാരകനുമായ മാത്തുകുട്ടി.
തങ്ങളുടെ കൂട്ടത്തില്‍ സിനിമ സ്റ്റാറാകും എന്ന ഉറപ്പുണ്ടായിരുന്ന ഒരു വ്യക്തി ടൊവിനോ ആയിരുന്നു എന്നും അത്രക്കും ആഗ്രഹവും അതിനുള്ള അധ്വാനവും ടൊവിനോ ചെയ്തിട്ടുണ്ടെന്നും പറയുകയാണ് മാത്തുക്കുട്ടി. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോയ്ക്ക് ഒപ്പമുള്ള പഴയ കാല ഓര്‍മകള്‍ മാത്തുക്കുട്ടി പങ്കുവെച്ചത്.
‘ടൊവിനോയും ഞാനും ഒരു മുറിയില്‍ ഒന്നിച്ച് താമസിച്ചിരുന്നവരാണ്. ആഗ്രഹത്തിന്റെ സന്തതി ആയിരുന്നു അവന്‍. ഞങ്ങളുടെ കൂട്ടത്തില്‍ സിനിമയില്‍ സ്റ്ററാവും എന്ന് ഉറപ്പുണ്ടായിരുന്ന ഒരാള്‍ അവനായിരുന്നു. അതുപോലെ അതിനു വേണ്ടി ആഗ്രഹിക്കുകയും അതിനു വേണ്ടി വര്‍ക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്,’ മാത്തുക്കുട്ടി പറഞ്ഞു.
‘അന്ന് ടൊവിനോയ്ക്ക് ഒരു ബുള്ളറ്റ് ഉണ്ടായിരുന്നു. അവന് എവിടെയെങ്കിലും പോവണമെങ്കില്‍ രാവിലെ ഞാനും ഞങ്ങളുടെ ഒരു സുഹൃത്ത് ലാലുവും കൂടി ആ ബുള്ളറ്റ് തള്ളണമായിരുന്നു. ആ വണ്ടിക്ക് ബാറ്ററി ഇല്ലായിരുന്നു. കാശ് വേണമെങ്കില്‍ ചേട്ടനോട് ചോദിക്കണം. അതുകൊണ്ട് അവന്‍ ആ വണ്ടി ബാറ്ററിയില്ലാതെ കുറെ നാള്‍ ഓടിച്ചിട്ടുണ്ട്.
അന്ന് ആ കൂട്ടത്തില്‍ എനിക്ക് മാത്രമാണ് ജോലിയുള്ളത്. എന്റെ ബുള്ളറ്റിന് ഞാന്‍ മിലിട്ടറി ഗ്രീന്‍ പെയിന്റടിച്ചു. അത് കണ്ടിട്ട് അവനും സ്വന്തം വണ്ടിക്ക് ആ പെയിന്റ് അടിക്കണമെന്ന് തോന്നി.
എന്നോട് അന്വേഷിച്ചപ്പോള്‍ 5000 രൂപ ഉണ്ടെങ്കില്‍ ചെയ്യാമെന്ന് ഞാന്‍ പറഞ്ഞു. ‘5000 വലിയ തുകയാണ് മാത്തു’ എന്ന് പറഞ്ഞ് അവന്‍ അത് വേണ്ടെന്ന് വെച്ചു. ഇന്നവന് എത്ര വണ്ടിയുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല. പക്ഷേ ആ ബുള്ളറ്റ് പുത്തന്‍ ബാറ്ററി വെച്ച് ഇപ്പോഴും അവന്‍ ഓടിക്കുന്നുണ്ട്,’ മാത്തുക്കുട്ടി കൂട്ടിച്ചേര്‍ത്തു.
ടൊവിനോയുടേതായി അവസാനം പുറത്തിറങ്ങിയ മിന്നല്‍ മുരളി വമ്പന്‍ വിജയമാണ് നേടിയത്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നാരദനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ടൊവിനോയുടെ ചിത്രം.
ഭാര്യയുടെ പിണക്കം മാറ്റാൻ ന്യൂഇയറിനു കേക്ക് വാങ്ങിനൽകി ഭർത്താവ്. കേക്ക് ഭർത്താവിന്റെ മുഖത്തേക്കെറിഞ്ഞ് ഭാര്യ. സംഭവത്തിൽ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ച് പരുക്കേൽപ്പിച്ച് യുവാവിന്റെ പ്രതികാരം. ഭാര്യാമാതാവിനെ ഗുരുതരമായി പരുക്കേൽപ്പിച്ച സംഭവത്തിൽ മരുമകൻ അറസ്റ്റിലായി. കോഴിക്കോട് വളയം കല്ലുനിര സ്വദേശി ചുണ്ടേമ്മൽ ലിജിൻ (25) ആണ് അറസ്റ്റിലായത്. പരുക്കേറ്റ വളർപ്പാംകണ്ടി പുഴക്കൽ സ്വദേശിനി മഹിജ (48) കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കുടുംബ കലഹമാണ് ആക്രമണത്തിന് കാരണമെന്നു പൊലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. പിണങ്ങിപ്പോയ ഭാര്യയ്ക്ക് പുതുവത്സരത്തോടനുബന്ധിച്ച് ലിജിൻ കേക്ക് വാങ്ങി നൽകിയിരുന്നു. എന്നാൽ, ഭാര്യ കേക്കെടുത്ത് ലിജിന്റെ മുഖത്തെറിഞ്ഞു. ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ ചെന്നപ്പോഴാണ് സംഭവമുണ്ടായത്. വളയം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റെയില്‍വേ ട്രാക്കില്‍ പാഞ്ഞെത്തിയ ട്രെയിനിന്റെ മുന്നില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ട ഒരാളുടെ വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ട്രാക്കില്‍ കിടക്കുകയായിരുന്ന വ്യക്തിയുടെ തൊട്ടടുത്ത് വച്ച് ലോക്കോ പൈലറ്റ് എമര്‍ജന്‍സി ബ്രേക്കിട്ടതാണ് യുവാവിന്റെ ജീവന് രക്ഷയായത്.മുംബൈയിലെ ശിവദി സ്റ്റേഷനില്‍ നിന്നുള്ള വീഡിയോയാണ് വൈറലായിരിക്കുന്നത്.
मोटरमैन द्वारा किया गया सराहनीय कार्य : मुंबई के शिवड़ी स्टेशन पर मोटरमैन ने देखा कि एक व्यक्ति ट्रैक पर लेटा है उन्होंने तत्परता एवं सूझबूझ से इमरजेंसी ब्रेक लगाकर व्यक्ति की जान बचाई।
आपकी जान कीमती है, घर पर कोई आपका इंतजार कर रहा है। pic.twitter.com/OcgE6masLl
— Ministry of Railways (@RailMinIndia) January 2, 2022
തമിഴ്‌നാട്ടില്‍ ജല്ലിക്കട്ടിന് മുന്നോടിയായി നടത്തുന്ന പരിശീലന പരിപാടിക്കിടയില്‍ കാളകള്‍ വിരണ്ടോടി. അമ്പത് പേര്‍ക്ക് പരിക്കേറ്റു. തിരുവണ്ണാമല കൊന്തമംഗലത്താണ് സംഭവം. കാളകളെ മെരുക്കാനായി നടത്തുന്ന പരിശീലനമായിരുന്നു ഇത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിരുവണ്ണാമലൈ, കാഞ്ചീപുരം, റാണിപേട്ട്, കൃഷ്ണഗിരി എന്നീ ജില്ലകളില്‍ നിന്ന് 500ലേറെ കാളകളെ പങ്കെടുപ്പിച്ചു കൊണ്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാര്‍ഗഴി മാസത്തിലെ അമാവാസിയുമായി ബന്ധപ്പെട്ടാണ് ഊര്‍ തിരുവിഴ എന്നറിയപ്പെടുന്ന ചടങ്ങ് നടത്തിയത്.ഇത് കാണാനായി ആയിരത്തിലേറെ ആളുകള്‍ എത്തിയിരുന്നു. തിരുവണ്ണാമലൈ, ആറണി, കണ്ടമംഗലത്തായിരുന്നു പരിപാടി. അനുമതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചത് എന്ന് തിരുവണ്ണാമലൈ പൊലീസ് പറഞ്ഞു.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ പൊതു ചടങ്ങുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് അനുമതിയോ വേണ്ടത്ര സുരക്ഷാ തയ്യാറെടുപ്പുകളോ ഇല്ലാതെ പരിപാടി നടത്തിയത്. പൊലീസ് ഇടപെട്ട് പരിപാടി നിര്‍ത്തിവെയ്ക്കുകയും അഞ്ച് സംഘാടകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്. വിരണ്ടോടിയ കാള ഒരു ബെക്കില്‍ ചെന്ന് ഇടിക്കുന്നതും ബൈക്കിന്റെ പിന്നിലിരുന്ന യാത്രിക തെറിച്ച് വീഴുന്നതും വീഡിയോയില്‍ കാണാം.
ഈ മാസം 15ന് തമിഴ്‌നാട്ടില്‍ മാട്ടുപ്പൊങ്കലാണ്. ഇതിനെ തുടര്‍ന്ന നിരവധി ജല്ലിക്കെട്ടുകളാണ് നടക്കാന്‍ ഇരിക്കുന്നത്. എന്നാല്‍ ഈ പരിപാടികള്‍ക്ക് അനുമതി നല്‍കുന്ന് കാര്യത്തില്‍ ഇതുവരെ സര്‍ക്കാര്‍ തീരുമാനം അറിയിച്ചിട്ടില്ല.
Woman riding in pillion seat thrown meters away after a bull rammed into a bike during an illegal bull taming event (Not Jallikattu) that happened at Arani, Thiruvannamalai district. Rider was also severely injured and was taken to hospital with injuries. pic.twitter.com/PKmgw6C0MT
— Sanjeevee sadagopan (@sanjusadagopan) January 3, 2022
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നും രണ്ടാം പബ്ലിക് പ്രോസിക്യൂട്ടറുടെ രാജിയിൽ ആശങ്കയുണ്ടെന്നും നടി കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
നടൻ ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാർ നടത്തിയ പുതിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതിൽ നേരത്തെ ക്രിമിനൽ ചട്ടപ്രകാരം തുടരന്വേഷണത്തിനുള്ള നടപടികൾ പൊലീസ് സ്വീകരിച്ചിരുന്നു. എന്നാൽ വിചാരണ നിർത്തി വെയ്ക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ വിചാരണക്കോടതി ഒരു തീരുമാനമെടുത്തിട്ടില്ല. അതുകൊണ്ടു തന്നെ തുടരന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ കൂടിയാണ് നടി മുഖ്യമന്ത്രിക്ക് കത്തയച്ചിരിക്കുന്നത്.
നേരത്തെ കേസിൽ വിചാരണ നിർത്തി വെയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. ഹർജി പരിഗണിക്കുന്നത് ജനുവരി നാലിലേക്ക് കോടതി മാറ്റി. കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് അടക്കമുള്ള ദിലീപിനെതിരായ പുതിയ ആരോപണങ്ങളിൽ അന്വേഷണം വേണമെന്നാണ് പൊലീസിന്റെ ആവശ്യം. സിആർപിസി 173(8) പ്രകാരമാണ് തുടരന്വേഷണം ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചത്. കേസിലെ വിചാരണ നിർത്തിവെയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഭാര്യയെ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചും ഒന്നും പത്തും വയസ്സുള്ള മക്കളെ കഴുത്തുഞെരിച്ചും കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി. ചെന്നൈ തുറൈപ്പാക്കത്ത് താമസിച്ചിരുന്ന മണികണ്ഠനാണ് (36) ഭാര്യ താര (35), ആണ്‍മക്കളായ ധരണ്‍ (10), ധഗന്‍ (ഒന്ന്) എന്നിവരെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
തുറൈപാക്കത്തുള്ള ഫ്‌ളാറ്റ് സമുച്ചയത്തിലെ ഏഴാംനിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയിലാണ് നാലു മരണവും നടന്നിരിക്കുന്നത്. ഞായറാഴ്ച പകല്‍ ഏറെ നേരമായിട്ടും ആരെയും പുറത്തുകാണാതിരുന്നതോടെ സമീപവാസികള്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. സംശയം തോന്നിയ ഇവര്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് നാലുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബാങ്ക് ജീവനക്കാരനായിരുന്ന മണികണ്ഠന്‍ രണ്ടുമാസമായി ജോലിക്ക് പോയിരുന്നില്ല. എന്നാല്‍, ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ സജീവമായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യയുമായി വഴക്ക് പതിവായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഭീമമായ തുക കടമുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതാണ് ആത്മഹത്യയിലേയ്ക്ക് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ പോലീസ് മർദ്ദിക്കാനുണ്ടായ സാഹചര്യം വിശദീകരിച്ച് സഹയാത്രികരായ ദൃക്‌സാക്ഷികൾ. മർദ്ദനമേറ്റയാൾ മദ്യപിച്ച് സ്ത്രീകളെ ശല്യം ചെയ്തതാണ് പോലീസ് ഇടപെടലിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലും സൂചിപ്പിക്കുന്നുണ്ട്.
യാത്രക്കാരൻ ശല്യം ചെയ്തപ്പോൾ പോലീസിനോട് പരാതിപ്പെട്ടെന്ന് സഹയാത്രിക സ്ഥിരീകരിച്ചു. ഇയാൾ വസ്ത്രമ മാറ്റി സ്ത്രീകൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയെന്നും പരാതിയുണ്ട്.
ഇതോടെ മർദ്ദിച്ച എഎസ്‌ഐക്കെതിരെ നടപടി ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം മതിയെന്നാണ് സേനയുടെ തീരുമാനം. അതേസമയം പോലീസിന്റെ ഉന്നതതല യോഗം മുഖ്യമന്ത്രി വീണ്ടും വിളിച്ചു.
നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ ഉണ്ടങ്കിലും സംഭവത്തിന്റെ യഥാർത്ഥ വശം അതല്ലെന്ന് പോലീസിന്റെ വാദവും പാലക്കാട് സബ് ഡിവിഷനൽ ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോർട്ടും ചൂണ്ടിക്കാണിക്കുന്നു.
മാഹിയിൽ നിന്ന് സ്ലീപ്പർ കൊച്ചിൽ കയറിയ യാത്രക്കാരൻ മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു. രണ്ട് പെൺകുട്ടികൾ ഇരിക്കുകയായിരുന്ന സീറ്റിന് മുന്നിലെ സീറ്റിൽ വസ്ത്രം പൊലും മാറിയ അവസ്ഥയിലാണ് ഇയാൾ ഇരുന്നത്. ഇക്കാര്യം യാത്രക്കാരായ പെൺകുട്ടികളും മൊഴി നൽകി.
ഇതോടെയാണ് പോലീസും ടിടിഇയും വിഷയത്തിലിടപെട്ടതെന്നും ടിക്കറ്റില്ലെന്ന് കണ്ടതോടെ മാറ്റാൻ ടിടിഇ നിർദേശിച്ചെന്നുമാണ് റിപ്പോർട്ട്.
എങ്കിലും ചവിട്ടിയത് തെറ്റാണന്നും റിപ്പോർട്ടിലുണ്ട്. എന്നാൽ മൊഴികൾ യാത്രക്കാരന് എതിരായതോടെ നടപടി ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം. ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്ത ശേഷം റെയിൽവേ എസ്പി ചൈത്ര തെരെസാ ജോൺ തീരുമാനമെടുക്കും.