കേരളത്തിൽ രണ്ടാം തവണ അധികാരത്തിലേറിയ മുഖ്യമന്ത്രി പിണറായി വിജയന് അഭിനന്ദനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയെ അനുമോദിച്ചത്.
സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണ അധികാത്തിലേറിയ പിണറായി വിജയന് ആശംസകൾ നേരുന്നു’- പ്രധാനമന്ത്രി കുറിച്ചു. മുഖ്യമന്ത്രി ഉൾപ്പെടെ 21 മന്ത്രിമാരുടെ സത്യപ്രതിജ്ഞാ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽവച്ചാണ് നടന്നത്.
Congratulations to Shri @vijayanpinarayi Ji on taking oath as CM and commencing his second term in office.
— Narendra Modi (@narendramodi) May 20, 2021
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ പൂർത്തിയായി. മുഖ്യമന്ത്രി പിറണായി വിജയനാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് ഘടകകക്ഷി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. പിന്നീട് അക്ഷരമാല ക്രമത്തിൽ മറ്റുള്ളവരും സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
മുഖ്യമന്ത്രി പിണറായി വിജയനടക്കം 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ “സഗൗരവം’ ആയിരുന്നു. വീണ ജോർജ്, ആന്റണി രാജു, വി അബ്ദുറഹ്മാൻ, കെ. കൃഷ്ണൻകുട്ടി, റോഷി അഗസ്റ്റിൻ എന്നിവരാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തത്. ഐഎൻഎല്ലിന്റെ അഹമ്മദ് ദേവര്‍കോവിൽ അള്ളാഹുവിന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലിരുന്ന അധ്യാപിക മരിച്ചു. കോട്ടയം മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ അനീഷ പ്രദീപ് കുമാര്‍(32)ആണ് മരിച്ചത്.
കന്യാകുമാരി സിഎംഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂളില്‍ അധ്യാപികയായിരുന്നു. ഭര്‍ത്താവ് പ്രദീപ് കുമാര്‍ ഇതേസ്കൂളില്‍ അക്കൗണ്ടന്റ് ആണ്.
മേയ് ഏഴിന് ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ ചികിത്സയിലാണ് അനീഷയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് അനീഷയും ഭര്‍ത്താവും ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ആയുര്‍വേദ ആശുപത്രിയിലാണ് പ്രദീപ് കുമാര്‍ നിരീക്ഷണത്തില്‍ കഴിഞ്ഞത്.
തുടര്‍ന്ന് രോഗം ഭേദമായതിനെ തുടര്‍ന്ന് ഇവര്‍ വീട്ടിലേക്കു മടങ്ങി. എന്നാല്‍ അനീഷയുടെ കണ്ണിന് വേദന അനുഭവപ്പെട്ടിരുന്നു. മേയ് 16നാണ് അനീഷയ്ക്ക് ബ്ലാക്ക് ഫംഗസ് ആണെന്ന് കണ്ടെത്തിയത്.
കണ്ണിന് ശസ്ത്രക്രിയ ചെയ്യാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് അനീഷയെ മാറ്റി. എന്നാല്‍ ആരോഗ്യനില മോശായതിനെ തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ അനീഷ മരിക്കുകയായിരുന്നു. മൃതദേഹം കോവിഡ് പ്രോട്ടോക്കാള്‍ പ്രകാരം സസ്കരിക്കും.
തൃശൂരിൽ കോവിഡ് ബാധിതയായി ചികിൽസയിലായിരുന്ന ഗർഭിണി മരിച്ചു. കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതൃഭൂമി തൃശൂർ ബ്യൂറോയിലെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കല്ലേക്കുളം വയലില്‍ ഹോര്‍മിസ് ജോര്‍ജിന്റെ ഭാര്യ ജെസ്മിയാണ് മരിച്ചത്. 38 വയസായിരുന്നു.കോവിഡ് ബാധിതയായി ത്യശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. പാലാ കൊഴുവനാൽ സ്വദേശിനിയാണ്.
രണ്ടാം തവണയും കേരളത്തിന്റെ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്ന പിണറായി വിജയന് ആശംസകളുമായി വിഡി സതീശന്‍ എംഎല്‍എ. എന്ത് കാര്യത്തിന് വിളിച്ചാലും അദ്ദേഹത്തിന് ക്യതൃമായ മറുപടി ഉണ്ടാകും. പിണറായി വിജയനോട് അടുപ്പം തോന്നിച്ച ഘടകമാണ് അതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഒരു പ്രമുഖ ചാനലിനോട് സംസാരിക്കവെയാണ് വിഡി സതീശന്‍റെ പ്രതികരണം.
‘ മഹാപ്രളയത്തിന്റെയും കൊവിഡ് മാഹമാമാരിയുടെയും കാലത്ത് ചില കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തുന്നതിനായി ഞാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചിട്ടുണ്ട്, പലവട്ടം. ഒന്നുകില്‍ അദ്ദേഹം തന്നെ ഫോണെടുക്കും. അല്ലെങ്കില്‍ 10 മിനുട്ടിനകം തിരിച്ച് വിളിക്കും. എന്നിട്ട പറയുന്ന കാര്യ ശ്രദ്ധിക്കും. അതിനു ശേഷം ഒരു മറുപടി അദ്ദേഹമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നമ്മെ അറിയിക്കും. അതെന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
സംസാരിച്ചാല്‍ യെസ് എന്നോ നോ എന്നോ പറയും. നോ എന്നാണ് പറയുന്നതെങ്കില്‍ അതിന്റെ കാരണവും വ്യക്തമായി പറയും. യെസ് ആണെങ്കില്‍ അത് ഗൗരവമുള്ള കാര്യമാണ്. അത് ശരിയാണ്. എന്നിട്ട് വേണ്ട നടപടിയും സ്വീകരിക്കും. എന്തായാലും വിളിച്ചാല്‍ ഒരു തീരുമാനമുണ്ടാവും. രാഷ്ട്രീയ നേതാവ്, മുഖ്യമന്ത്രി എന്നീ നിലകളില്‍ അദ്ദേഹത്തോട് അടുപ്പം തോന്നിച്ച ഒരു ഘടകമാണിത്,’ വിഡി സതീശന്‍ പറഞ്ഞു.
ഇന്ന് വെെകിട്ട് മൂന്നരക്ക് രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 17 പുതുമുഖങ്ങളടക്കം 21 അംഗങ്ങളാണ് മന്ത്രിസഭയിൽ ഉള്ളത്. സെക്രട്ടറിയേറ്റിന് പിന്നിലായി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പന്തലില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുക്കും.
ഉത്തര്‍പ്രദേശില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി പൊളിച്ചു. പള്ളി പൊളിക്കരുത് എന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ പൊളിച്ചത് വിവാദമായിരിക്കുകയാണ്.
ഇന്നലെയാണ് പള്ളി ബുള്‍ഡോസര്‍ കൊണ്ടുവന്ന് ഇടിച്ചു നിരത്തിയത്. ഉത്തര്‍പ്രദേശിലെ ബര്‍ബാങ്കി ജില്ലയിലെ റാം സന്‍സെയി ഗട്ട് നഗരത്തിലെ പള്ളിയാണ് പൊളിച്ചത്. മെയ് 31 വരെ പള്ളി പൊളിക്കരുതെന്നായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ മാസം 24 നാണ് ഹൈക്കോടതി ഉത്തരവ് വന്നത്. ഈ ഉത്തരവ് നിലനില്‍ക്കെയാണ് പള്ളി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചത്.
മാര്‍ച്ച് 15 നാണ് അനധികൃത നിര്‍മ്മാണമാണ് എന്ന് ചൂണ്ടിക്കാട്ടി പള്ളിക്കമ്മിറ്റിക്ക് ജില്ലാ ഭരണകൂടം നോട്ടീസ് നല്‍കിയത്. എന്നാല്‍ കെട്ടിടം അനധികൃതമല്ലെന്ന് തെളിയിക്കുന്ന എല്ലാ രേഖകളും പള്ളിക്കമ്മിറ്റിയുടെ കൈവശമുണ്ടായിരുന്നു. എല്ലാ രേഖകളും ജില്ലാ ഭരണകൂടത്തിന്റെ മുമ്പാകെ ഹാജരാക്കിയെങ്കിലും അവര്‍ അത് നിരാകരിച്ചു.
1959 മുതല്‍ പള്ളിയിലേക്ക് വൈദ്യുതി കണക്ഷനുണ്ടെന്നതായിരുന്നു ഇതില്‍ പ്രധാനപ്പെട്ടത്. തുടര്‍ന്ന് പള്ളിക്കമ്മിറ്റി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാര്‍ച്ച് 19ന് പള്ളികമ്മിറ്റിയുടെ ഹര്‍ജിയില്‍ ജില്ലാ ഭരണകൂടത്തിന് കോടതി നോട്ടീസ് അയച്ചു. പക്ഷേ അധികൃതര്‍ പള്ളിയിലേക്കുള്ള വഴി തടസ്സപ്പെടുത്തുന്ന രീതിയില്‍ നടത്തികൊണ്ടിരിക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ തയ്യാറായില്ല.
അതോടെ പള്ളിക്കമ്മറ്റി വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് ഏപ്രില്‍ 24 ന് പള്ളിക്കമ്മിറ്റിക്ക് അനുകൂലമായി ഹൈക്കോടതി വിധി വന്നത്. മെയ് 31 വരെ പള്ളി ഒഴിപ്പിക്കുകയോ പൊളിക്കുകയോ ചെയ്യരുതെന്നായിരുന്നു വിധി. ഇത് ലംഘിച്ചാണ് ഇപ്പോള്‍ ജില്ലാ ഭരണകൂടത്തിന്റെ നടപടി.
സര്‍ക്കാര്‍ വക ഭൂമിയില്‍ അജ്ഞാതരായ ആരോ നിയമവിരുദ്ധമായി നിര്‍മ്മിച്ചതാണ് പള്ളി എന്നാണ് ജില്ലാഭരണകൂടത്തിന്റെ വാദം. തങ്ങള്‍ അന്വേഷണത്തിന് വന്നപ്പോള്‍ ഇവിടെ താമസിച്ചിരുന്ന മൂന്നുപേരോട് തിരിച്ചറിയല്‍ രേഖകള്‍ ചോദിച്ചെന്നും ഉടനെ അവര്‍ ഓടിപ്പോയെന്നും അധികൃതര്‍ പറയുന്നു.
കഴിഞ്ഞ 30 വര്‍ഷമായി താനിവിടെയാണ് നമസ്‌കാരത്തിന് വരാറുള്ളതെന്ന് പറയുന്നു പ്രദേശവാസിയും അഭിഭാഷകനുമായ ഇഖ്ബാല്‍ നസീം നോമാനി ദരിയാബാദി പറയുന്നു. എന്താണ് ഇത്തരമൊരു നടപടിക്ക് ജില്ലാ ഭരണകൂടത്തെ പ്രേരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.
എന്തായാലും വീണ്ടും കോടതിയെ സമീപിക്കാനാണ് പള്ളിക്കമ്മിറ്റിയുടെ തീരുമാനം. ജില്ലാ ഭരണകൂടത്തിന്റെ നടപടിക്കെതിരെ കടുത്ത അമര്‍ഷമാണ് ഉയരുന്നത്.
രണ്ടാം പിണറായി മന്ത്രിസഭയ്ക്ക് ആശംസ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് ചെന്നിത്തല അഭിനന്ദനങ്ങൾ അറിയിച്ചത്.
സംസ്ഥാനത്ത് തുടർഭരണം നേടി ചരിത്രം സൃഷ്ടിച്ച പിണറായി വിജയന്റെ നേതൃത്വത്തിലെ രണ്ടാം മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മൂന്നരയ്ക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെയുള്ള സത്യപ്രതിജ്ഞ.
കോവിഡ് പശ്ചാത്തലത്തിൽ, ഹൈക്കോടതി ഇടപെടലിന്റെകൂടി അടിസ്ഥാനത്തിൽ പരമാവധി കുറച്ചുപേരെ മാത്രം പങ്കെടുപ്പിച്ചായിരിക്കും സത്യപ്രതിജ്ഞ. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ആയിരംപേർക്ക് സാമൂഹിക അകലം പാലിച്ച് ഇരിക്കാവുന്ന പന്തലാണ് ഒരുക്കിയിരിക്കുന്നത്. പ്രതിപക്ഷത്തെ ജനപ്രതിനിധികൾ ഉൾപ്പെടെ 500 പേർക്കാണ് ക്ഷണക്കത്ത് നൽകിയത്. പ്രതിപക്ഷം പങ്കെടുക്കില്ലെന്ന് അറിയിച്ചതോടെ അതിഥികളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും.
ക്ഷണക്കത്ത് കിട്ടിയ പലരും ഈ സാഹചര്യത്തിൽ ചടങ്ങിനെത്താനാകില്ലെന്ന് അറിയിച്ചിട്ടുണ്ടെന്നും അതിനാൽ പങ്കെടുക്കുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജനപ്രതിനിധികൾക്കും നേതാക്കൾക്കും ഉദ്യോഗസ്ഥർക്കും പുറമേ പ്രതിസന്ധി ഘട്ടത്തിൽ ദുരിതാശ്വാസ നിധിയിലേക്ക് ആടുവിറ്റ് സംഭാവന നൽകിയ കൊല്ലത്തെ സുബൈദുമ്മയ്ക്കും സമ്പാദ്യമായ രണ്ടുലക്ഷം രൂപ സംഭാവന ചെയ്ത കണ്ണൂരിലെ ബീഡിത്തൊഴിലാളി ജനാർദനനും ചടങ്ങിലേക്ക് ക്ഷണമുണ്ട്.
മുഖ്യമന്ത്രിയും സിപിഎമ്മിലെയും സിപിഐയിലെയും മന്ത്രിമാരും വ്യാഴാഴ്ച രാവിലെ വയലാർ രക്തസാക്ഷി മണ്ഡപത്തിലും പുന്നപ്ര വയലാർ രക്തസാക്ഷി സ്മാരകത്തിലും വലിയ ചുടുകാട്ടിലും പുഷ്പാർച്ചന നടത്തും. സത്യപ്രതിജ്ഞയ്ക്കുശേഷം മന്ത്രിമാരും കുടുംബാംഗങ്ങളും രാജ്ഭവനിൽ ഗവർണറുടെ ചായസത്കാരത്തിൽ പങ്കെടുക്കും. മന്ത്രിമാരുടെ വകുപ്പുകളുടെ പട്ടിക മുഖ്യമന്ത്രി ഗവർണർക്കു കൈമാറും. മുഖ്യമന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഗവർണറാണ് വകുപ്പുകൾ അനുവദിക്കുന്നത്. വൈകുന്നേരം അഞ്ചരയോടെ ഈ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ചേരും.
രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജഗന്നാഥ് പഹാഡിയ (89) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം ബുധനാഴ്ച രാത്രിയിലാണ് മരിച്ചത്.
1980-81 കാലഘട്ടത്തിലാണ് പഹാഡിയ രാജസ്ഥാൻ മുഖ്യമന്ത്രിയായത്. പിന്നീട് ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ ഗവർണറായും പ്രവർത്തിച്ചു.
പഹാഡിയയുടെ വിയോഗം തനിക്ക് വ്യക്തിപരമായ നഷ്ടമാണെന്നും നിര്യാണത്തിൽ വളരെ അധികം ദുഖം രേഖപ്പെടുത്തുന്നതായും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ട്വിറ്ററിൽ കുറിച്ചു.
ടൗട്ടേ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലെ ബാർജ് അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചതെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. ബാർജ് അപകടത്തിൽപ്പെട്ട് 22 പേരാണ് ഇതിനോടകം മരിച്ചത്. കാണാതായ 65 പേർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും തെരിച്ചിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട പി 305 ബാർജിലെ 273 പേരിൽ 186 പേരെ സുരക്ഷിതകേന്ദ്രങ്ങളിലെത്തിച്ചതായി നാവികസേന അറിയിച്ചു. മുംബൈയിൽനിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപമാണ് കാറ്റിനെത്തുടർന്ന് ബാർജ് (കൂറ്റൻ ചങ്ങാടം) അപകടത്തിൽപ്പെട്ടത്.
തമിഴ്‌നാട്ടിൽ ഷൂട്ടിങ് നടക്കുകയായിരുന്ന മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് സീസൺ മൂന്നിന്റെ ഷൂട്ടിങ് നിർത്തിവെച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ തമിഴ്‌നാട് സർക്കാരിന്റെ നിർദേശത്തെ തുടർന്ന് പരിപാടിയുടെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ട്.
തമിഴ്‌നാട് ആരോഗ്യ വകുപ്പും പോലീസും ഷൂട്ടിങ് സെറ്റിലെത്തി പരിശോധന നടത്തിയെന്നും മത്സരാർത്ഥികളായി ബിഗ് ബോസ് ഹൗസിൽ ഉണ്ടായിരുന്നവരെ ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യ വകുപ്പ് ബിഗ് ബോസ് സീസൺ ത്രീയുടെ സെറ്റ് സീൽ ചെയ്തു എന്ന് കഴിഞ്ഞ ദിവസങ്ങളിലായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നെങ്കിലും ഷോ സംപ്രേക്ഷണം ചെയ്യുന്ന ഏഷ്യാനെറ്റ് ചാനൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല.
തമിഴ്‌നാട്ടിൽ ലോക്ഡൗൺ രണ്ടാഴ്ചത്തേക്കും കൂടി നീട്ടിയ സാഹചര്യത്തിൽ റിയാലിറ്റി ഷോയുടെ ഷൂട്ടിങ് നിർത്താവെക്കാൻ തമിഴ്‌നാട് സർക്കാർ അറിയിക്കുകയായിരുന്നു എന്ന് ഇക്കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി ഏഷ്യനെറ്റ് അറിയിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മൂന്നാം സീസണിന്റെ ഷൂട്ടിങ് താത്ക്കാലികമായി നിർത്തിവെച്ചിരിക്കുന്നതെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവർത്തകരും പ്രതികരിച്ചു. നിലവിലെ പ്രതിസന്ധി മാറിയാൽ ഉടൻ തന്നെ റിയാലിറ്റി ഷോയുടെ ഷൂട്ടി പുനഃരാരംഭിക്കുമെന്നാണ് ഇപ്പോൾ അണിയറ പ്രവർത്തകർ നൽകുന്ന വിവരം.
ഇതിനിടെ, റിയാലിറ്റി ഷോയുടെ അണിയറ പ്രവർത്തികരിൽ ആറ് പേർക്ക് കോവിഡ് സ്ഥിരീകരിച്ചുവെന്ന് കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. അതിന് ശേഷം ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ നടത്തുന്ന ഷൂട്ടിങ് നിർത്തിവെക്കാൻ തമിഴ്‌നാട് സർക്കാർ ആവശ്യപ്പെടുകയായിരുന്നു എന്നാണ് സൂചന.
സൂപ്പർ താരം മോഹൻലാൽ അവതാരകനായി എത്തുന്ന ഈ റിയാലിറ്റി ഷോ നിലവിൽ 92 ദിവസം ഇതിനോടകം പിന്നിട്ടു. ഈ വർഷം ഫെബ്രുവരി 14ന് 14 മത്സരാർത്ഥികളുമായി ആരംഭിച്ച ഷോയിൽ നിലവിൽ എട്ട് പേരാണ് ഉള്ളത്. കോവിഡ് ലോക്ക്ഡൗണിനെയും തുടർന്ന് ബിഗ് ബോസ് മലയാളം സീസൺ 2 ഷോ റദ്ദാക്കിയിരുന്നു.