ലീന മരിയാ പോളിന്റെ കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നടന്നതിനു പിന്നിലെ പകയുടെ തുടക്കം ബെംഗളൂരുവിലെ ഡെന്റൽ കോളജിൽ. കേസിലെ ആറാം പ്രതി കൊല്ലം സ്വദേശി അജാസ്, സുഹൃത്തായ കൊച്ചിയിലെ ഡോക്ടർ, പരാതിക്കാരി ലീന, ഇവരുടെ പങ്കാളി സുകാശ് ചന്ദ്രശേഖർ എന്നിവർ ബെംഗളൂരു കോളജിലെ സഹപാഠികളും സുഹൃത്തുക്കളുമായിരുന്നു. പഠനകാലത്തു തന്നെ മോഡലിങ്ങിലും സിനിമയിലും തിളങ്ങിയ ലീന കൂടുതൽ അടുപ്പം സുകാശിനോടു കാണിക്കാൻ തുടങ്ങിയതോടെ മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഇടർച്ചയുണ്ടായി. പഠനം പൂർത്തിയാക്കാതെ കോളജ് വിട്ട അജാസ് ബിസിനസ് തുടങ്ങാൻ കൊച്ചിയിൽ സ്ഥിരതാമസമാക്കി.

ബെംഗളൂരുവിലും പിന്നീട് ന്യൂഡൽഹിയിലും ഒരുമിച്ചു താമസിച്ചു ബിസിനസ് തുടങ്ങിയ ലീനയും സുകാശും കുറഞ്ഞ കാലത്തിനുള്ളിൽ വൻ സാമ്പത്തിക വളർച്ച നേടിയതു മുഴുവൻ സഹപാഠികളെയും ഞെട്ടിച്ചു. ഇതിനിടെയാണു തെക്കൻ ഡൽഹിയിലെ ഇവരുടെ വാടക ഫാം ഹൗസിൽ ഡൽഹി, ചെന്നൈ പൊലീസ് സംഘങ്ങൾ ഒരുമിച്ചു പരിശോധന നടത്തിയത്. ആഡംബര വാഹനങ്ങൾ അടക്കം 20 കോടി രൂപ വിലമതിക്കുന്ന 9 കാറുകളും 81 മുന്തിയ ഇനം വാച്ചുകളും പിടിച്ചെടുത്തു. വാഹനങ്ങളും വാച്ചുകളും സുകാശ് ചന്ദ്രശേഖർ മോഷ്ടിച്ചതാണെന്നാണു പൊലീസ് അന്നു വെളിപ്പെടുത്തിയത്.

തുടർന്ന് ഒട്ടേറെ വഞ്ചനാക്കേസുകൾ സുകാശിനെതിരെ പൊലീസ് റജിസ്റ്റർ ചെയ്തതോടെ ലീന ഒറ്റയ്ക്കു കൊച്ചിയിൽ താമസമാക്കി. ആഡംബരക്കാറുകൾ ഒളിപ്പിച്ച സൗത്ത് ഡൽഹിയിലെ ഫാംഹൗസിനെ കുറിച്ചു പൊലീസിനു വിവരം നൽകിയത് അജാസാണെന്നാണു സുകാശും ലീനയും അഭിഭാഷകരോട് പറഞ്ഞത്. ഇതിനിടെ വ്യാജ സിബിഐ ഓഫിസർ ചമഞ്ഞു തട്ടിപ്പു നടത്തിയ കേസിലും സുകാശ് ചന്ദ്രശേഖർ പ്രതിയായി. ശിക്ഷിക്കപ്പെട്ട കേസുകളിൽ പരോളിൽ ഇറങ്ങുമ്പോൾ സുകാശ് കൊച്ചിയിൽ ലീനയെ സന്ദർശിച്ചിരുന്നു.

  പെ​ട്രോ​ൾ വില നൂ​റ് ക​ട​ന്നു, അ​റി​ഞ്ഞാ​രു​ന്നോ..'...! അ​മി​താ​ഭ് ബ​ച്ച​നും, അ​ക്ഷ​യ് കു​മാ​റി​നും ക​ത്ത​യ​ച്ച് കോ​ൺ​ഗ്ര​സ്

തട്ടിപ്പിലൂടെ സുകാശ് നേടിയ വൻതുക ലീനയെ സുരക്ഷിതമായി ഏൽപിച്ചിരുന്നതായാണ് അജാസും സുഹൃത്തായ ഡോക്ടറും വിശ്വസിച്ചത്. ലീനയുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ കടവന്ത്രയിലെ ലീനയുടെ ബ്യൂട്ടി പാർലറിനു സമീപത്തു തന്നെ ഫ്ലാറ്റ് വാടകയ്ക്കെടുത്ത് അജാസും താമസം തുടങ്ങി. കൊച്ചിയിലെ ഗുണ്ടാ സംഘങ്ങളുമായും പൊലീസുമായും അടുപ്പം സൂക്ഷിക്കാൻ അജാസ് ശ്രമിച്ചിരുന്നു. പൊലീസിന്റെ നീക്കങ്ങൾ ഗുണ്ടകൾക്കും ഇവരുടെ നീക്കങ്ങൾ പൊലീസിനും കൈമാറിയ അജാസ് ഇരുകൂട്ടരുടെയും വിശ്വസ്തനായി.

ഇതിനിടെയാണു കേരളത്തിലെ അതിസമ്പന്നരെ ഭീഷണിപ്പെടുത്തി അധോലോക കുറ്റവാളി രവി പൂജാരി പണം തട്ടുന്ന വിവരം പെരുമ്പാവൂരിലെ ഗുണ്ടാനേതാവിൽ നിന്ന് അജാസ് അറിഞ്ഞത്. ഇക്കാര്യം അജാസ് സുഹൃത്തായ ഡോക്ടറോടു പങ്കുവച്ചു. സുകാശ് ചന്ദ്രശേഖർ ഏൽപിച്ച പണം ലീനയുടെ പക്കൽനിന്നു തട്ടിയെടുക്കാനുള്ള പദ്ധതിയിൽ രവി പൂജാരിയെ ഉൾപ്പെടുത്താൻ നിർദേശിച്ചതു സുഹൃത്തായ ഡോക്ടറാണ്. രവി പൂജാരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷം ഈ ഡോക്ടറെ അന്വേഷണ സംഘം ചോദ്യം ചെയ്യും.