പത്ത് വർഷം ഒറ്റമുറിക്ക് അകത്തെ ഇരുട്ടിനകത്ത് കഴിഞ്ഞ സജിതയും വീട്ടുകാർ പിടിക്കുമോ എന്ന ഭയവും പേറി ജീവിച്ച റഹ്മാനും ഒടുവിൽ സ്വസ്ഥമായി കുടുംബജീവിതം ആരംഭിച്ചിരിക്കുകയാണ്. വീട്ടുകാരെ ഭയന്നാണ് ഇത്രനാളും ഒളിച്ചിരിക്കേണ്ടി വന്നതെന്ന് ഇരുവരും പറയുന്നു. വ്യത്യസ്ത മതക്കാരായതിനാൽ പ്രണയത്തെ കൊടുംക്രൂരമായി കാണുന്ന സമൂഹം തന്നെയാണ് ഇത്രനാളത്തെ ഇരുവരുടേയും നരക ജീവിതത്തിന് ഉത്തരവാദിയെന്ന് പറയാതെ പറയുകയാണ് സജിതയുടേയും റഹ്മാന്റെയും മുഖത്തെ ഭയം. എല്ലാം കലങ്ങിത്തെളിഞ്ഞിട്ടും പോലീസ് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടും ഇരുവർക്കും ഭയം ഇനിയും വിട്ടുമാറിയിട്ടില്ല.

‘ഇനി സമാധാനമായി ഒരുമിച്ച് ജീവിക്കണമെന്നാണ് ആഗ്രഹം, സാഹചര്യം കൊണ്ടാണ് ഇതുവരെ ഇങ്ങനെ കഴിയേണ്ടിവന്നത്. ഇപ്പോഴും വീട്ടുകാരെ ഭയമാണ്.’ പാലക്കാട് അയിലൂരിൽ പത്ത് വർഷത്തെ വീടിനകത്തെ ഒളിവുജീവിതം അവസാനിപ്പിച്ച സജിതയും റഹ്മാനും പറയുന്നു. കഴിഞ്ഞ ദിവസം ഇവരുടെ കഥ പുറത്തറിഞ്ഞതോടെ ഒട്ടേറേ പേരാണ് ഈ വീട്ിലേക്കെത്തിയത്. ആലത്തൂർ എംപി രമ്യാ ഹരിദാസും ഇവരെ കാണാനെത്തിയിരുന്നു.

‘ഇവളെ ഉപേക്ഷിക്കാൻ എനിക്കു മനസ്സു വന്നില്ല, എന്നെ വിട്ടുപോകാൻ ഇവളും തയ്യാറായില്ല.’-പത്ത് വർഷത്തെ ഒളിവുജീവിതത്തെ കുറിച്ച് ചോദിക്കുമ്പോൾ റഹ്മാന്റെ വാക്കുകളിതാണ്. മൂന്ന് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും ഈ വീട്ടിൽ നിന്നും വാടകവീട്ടിലേക്ക് മാരിയത്. ‘ഈയടുത്ത് വീട്ടിൽനിന്ന് മര്യാദയ്ക്ക് ഭക്ഷണംപോലും കിട്ടാതായതോടെയാണ് വീട് വിട്ട് വാടകവീട്ടിലേക്ക് മാറിയത്. നേരത്തെ ഞാൻ ജോലിക്ക് പോകുന്നതിനിടെ ഭക്ഷണം വാങ്ങി കൊണ്ടുവന്നാണ് ഇവൾക്ക് നൽകിയിരുന്നത്. എന്നാൽ അടുത്ത കാലത്തായി ചോറ് മാത്രം കഴിച്ചാണ് ജീവിച്ചത്. വീട്ടുകാർ എനിക്ക് കറികളൊന്നും തന്നിരുന്നില്ല.’- റഹ്മാൻ തന്റെ ദുരിതങ്ങൾവിവരിക്കുന്നു.

പ്രത്യേക ഓടാമ്പലും ഷോക്കടിക്കുന്ന പൂട്ടുമൊക്കെ വാതിലിന് ഘടിപ്പിച്ചതിനെ കുറിച്ചും റഹ്മാൻ തുറന്നു പറയുന്നുണ്ട്. ‘വാതിലിൽ ചെറിയ മോട്ടോർ വെച്ചതൊക്കെ ഏത് കുട്ടികളും ചെയ്യുന്ന കാര്യമാണ്. അതൊരു തെറ്റാണോ? ആരെയും ഷോക്കടിപ്പിക്കാനൊന്നും ഉദ്ദേശിച്ചിട്ടില്ല ടോയ് കാറുകളിലുള്ള മിനിമോട്ടോർ എല്ലാ കടകളിലും കിട്ടും. ഞാൻ ഇങ്ങനെ പല ഇലക്ട്രോണിക് സാധനങ്ങളും ഉണ്ടാക്കിയിട്ടുണ്ട്. അതിൽ കുറേയൊക്കെ വീട്ടുകാർ നശിപ്പിച്ചിട്ടുണ്ട്.’

താൻ ചുമരിലെ വിടവ് ഉണ്ടാക്കിയത് കാറ്റും വെളിച്ചവും കിട്ടാൻ വേണ്ടിയാണ്. ദൈവം സഹായിച്ച് ഇതുവരെ വലിയ അസുഖങ്ങളൊന്നും ഉണ്ടായിട്ടില്ല. തലവേദനയും മറ്റുമൊക്കെ ഉണ്ടായിരുന്നു. അതിനുള്ള ചെറിയ മരുന്നുകളെല്ലാം വാങ്ങിവെച്ചിരുന്നു. ഇനി സമാധാനമായി ജീവിക്കണമെന്നാണ് ആഗ്രഹം. പോലീസുകാരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുണ്ട്. ഇനി ഒരുപ്രശ്‌നവും ഉണ്ടാകില്ലെന്ന് പോലീസ് ഉറപ്പു നൽകിയിട്ടുണ്ട്. എന്നാലും എന്റെ വീട്ടുകാരെ എനിക്ക് പേടിയുണ്ട്. അവർ എന്നെ പുറത്താക്കിയിരിക്കുകയാണ്.’- റഹ്മാൻ സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.

സാഹചര്യം കൊണ്ടാണ് ഇത്രയും കാലം ഇങ്ങനെ ജീവിക്കേണ്ടി വന്നതെന്നാണ് സജിതയും പറയുന്നത്. ”ഒരിക്കലും ഇറങ്ങിവരണമെന്ന് തോന്നിയിരുന്നില്ല. ഭക്ഷണമെല്ലാം കിട്ടിയിരുന്നു. ഇക്കയില്ലാതെ വീട്ടിൽനിന്ന് ഇറങ്ങില്ലെന്ന് തീരുമാനിച്ചിരുന്നു. ഇപ്പോൾ ഹാപ്പിയായിട്ടാണ് ജീവിക്കുന്നത്. എന്നാലും ഇക്കയുടെ വീട്ടുകാരെ പേടിയുണ്ട്.”-സജിത പറഞ്ഞു.