അപായ സൂചന അറിയിപ്പ് നല്‍കിയില്ല, ആര്‍സിസിയില്‍ അറ്റകുറ്റപ്പണിക്കായി തുറന്നിട്ട ലിഫ്റ്റില്‍ കയറി രണ്ടു നില താഴ്ചയിലേക്കു വീണു പരുക്കേറ്റ യുവതിയുടെ നില അതീവഗുരുതരം. പത്തനാപുരം കുണ്ടയം ചരുവിള വീട്ടില്‍ നദീറ (22)യ്ക്കാണ് അധികൃതരുടെ അനാസ്ഥയില്‍ ആര്‍സിസിയില്‍ ലിഫ്റ്റു തകര്‍ന്നു വീണു പരിക്കേറ്റത്.
മെഡിക്കല്‍കോളജ് ആശുപത്രിയിലെ ന്യൂറോളജി ഐസിയുവില്‍ ചികിത്സയിലാണ് ഇപ്പോള്‍ നദീറ. വീഴ്ചയില്‍ തലച്ചോറിനും തുടയെല്ലിനും മാരക ക്ഷതമേറ്റു. ജീവനക്കാരുടെ നിരുത്തരവാദപരവും അലക്ഷ്യവുമായ പെരുമാറ്റമാണ് അപകടത്തിനു കാരണം.
സംഭവത്തില്‍ ഇലക്ട്രിക്കല്‍ വിഭാഗം ജീവനക്കാരനെ പുറത്താക്കി അധികൃതര്‍ തടിയൂരി. വിവാദം ഒഴിവാക്കാന്‍ പ്രത്യേക സമിതി അന്വേഷണം നടത്തി വീഴ്ച വരുത്തിയ മുഴുവന്‍ പേര്‍ക്കെതിരെയും നടപടി എടുക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഒന്നുമുണ്ടായില്ല.
15നു പുലര്‍ച്ചെ 5നായിരുന്നു അപകടം. അപായ സൂചന നല്‍കാതെ ലിഫ്റ്റ് തുറന്നിട്ട ജീവനക്കാര്‍ക്ക് എതിരെ നിയമനടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ കമ്മിഷണര്‍ക്കു നല്‍കിയ പരാതിയില്‍ മെഡിക്കല്‍കോളജ് പോലീസ് കേസെടുത്തു.
ആര്‍സിസിയില്‍ ശസ്ത്രക്രിയ കഴിഞ്ഞു ചികിത്സയില്‍ കഴിയുന്ന അമ്മ നസീമയെ പരിചരിക്കാന്‍ എത്തിയ നദീറ രണ്ടാം നിലയില്‍ തുറന്നു കിടന്ന ലിഫ്റ്റില്‍ കയറി. ലിഫ്റ്റിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കാലെടുത്തുവച്ചുടന്‍ താഴേക്ക് പതിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ് ശരീരം ചലിപ്പിക്കാന്‍ കഴിയാതെ ഇവര്‍ രണ്ടു മണിക്കൂര്‍ കുടുങ്ങി കിടന്നു.
ഏറെ നേരം കഴിഞ്ഞിട്ടും നദീറയെ കാണാതായതോടെ നഴ്‌സ് മറ്റൊരു ബന്ധുവിനെ വിളിച്ചു. 5ന് തന്നെ നദീറയെ ആശുപത്രിയില്‍ എത്തിച്ചെന്ന് ബന്ധു മറുപടി നല്‍കിയതോടെ സുരക്ഷാജീവനക്കാര്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ പരുക്കേറ്റു കിടന്ന നദീറയെ കണ്ടെത്തി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.
തുടയെല്ലിലെ ശസ്ത്രക്രിയയ്ക്കു ശേഷം 22നു പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു മാറ്റുന്നതിനിടെ യുവതിയുടെ ബോധം നഷ്ടപ്പെട്ട് വീണ്ടും ന്യൂറോ ഐസിയുവിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയില്‍ തലച്ചോറിനു കടുത്ത ക്ഷതം സംഭവിച്ചെന്നും നില ഗുരുതരമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
അര്‍ബുദ രോഗിയായ മാതാവ് നസീമയുടെ ചികിത്സയ്ക്കു പണം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിനിടെയാണ് നദീറയ്ക്കു അപകടം സംഭവിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇവരുടെ ഭര്‍ത്താവ് ഏറെ നാളായി ജോലിക്കു പോകുന്നില്ല. അമ്മയും ഒരു വയസ്സുള്ള മകളും അടങ്ങുന്ന നിര്‍ധന കുടുംബത്തിന്റെ ഏക ആശ്രയമാണ് നദീറ. ഇവരുടെ ചികിത്സയ്ക്കും കുടുംബത്തെ സഹായിക്കാനും സന്മനസുള്ളവര്‍ ബന്ധപ്പെടുക. നസീമയുടെ ഫോണ്‍ നമ്പര്‍ : 9946896958.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മേൽനോട്ടസമിതിയുടെ അധ്യക്ഷനായി ഉമ്മൻ ചാണ്ടിയെ നിയമിച്ചത് തിരിച്ചടിയായെന്ന് രമേശ് ചെന്നിത്തല. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് അയച്ച കത്തിലാണ് ചെന്നിത്തല ഇക്കാര്യങ്ങൾ പറയുന്നത്.
പ്രതിപക്ഷ നേതാവെന്ന നിലയിൽ അഞ്ച് വർഷം താൻ പ്രവർത്തിച്ചെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ഉമ്മൻചാണ്ടിയെ തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ അധ്യക്ഷനായി കൊണ്ടുവന്നത് ശരിയായില്ല. അദ്ദേഹം പോലും ഈ പദവി ആഗ്രഹിച്ചിരുന്നില്ല.
ഈ നടപടിയിലൂടെ താൻ ഒതുക്കപ്പെടുകയും അപമാനിതനാവുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. എന്നാൽ ഒരു പരാതിയും നൽകാതെ ഇതു താൻ അംഗീകരിച്ചു. തെരഞ്ഞെടുപ്പിൽ ഹിന്ദു വോട്ടുകൾ നഷ്ടപ്പെടുന്നതിന് ഹൈക്കമാൻഡിന്റെ ഈ നീക്കം കാരണമായെന്നും ചെന്നിത്തല പറയുന്നു.
കോണ്‍ഗ്രസിലുണ്ടായ പൊട്ടിത്തെറി കൂടുതല്‍ മറനീക്കി പുറത്ത് വരുന്നു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി എന്ന് ചൂണ്ടിക്കാട്ടി സോണിയാ ഗാന്ധിക്ക് ചെന്നിത്തല കത്തയച്ചു. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള പ്രതിഷേധം കത്തില്‍ രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പില്‍ താന്‍ അപമാനിതനായി. പ്രതിപക്ഷ നേതാവായി ഒരാളെ നേരത്തെ തീരുമാനിച്ചിരുന്നത് തന്നെ അറിയിച്ചിരുന്നില്ല. തീരുമാനം നേരത്തെ അറിയിച്ചിരുന്നെങ്കില്‍ താന്‍ പിന്മാറുമായിരുന്നുവെന്നുമാണ് കത്തില്‍ പറയുന്നത്.
ഇതോടൊപ്പം പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് സര്‍ക്കാരിനെതിരായ തന്റെ പോരാട്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്വീകാര്യത കിട്ടിയില്ലെന്നും ചെന്നിത്തല സോണിയയെ അറിയിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ നേതാവായി വിഡി സതീശനെ തെരഞ്ഞെടുത്തത്.
കോവിഡ് ലോക്ക്ഡൗൺ കാരണം ബാറുകളും ബിവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചിട്ടതോടെ വീടുകളിൽ വാറ്റുകയാണ് കുടിയന്മാരെന്ന് എക്‌സൈസ്. മദ്യം കിട്ടക്കാനിയായതോടെ കുക്കറുകൾ ഉപയോഗിച്ച് വീടുകളിൽ വ്യാജവാറ്റ് സജീവമായിരിക്കുന്നെന്നാണ് വിവരം. വാറ്റുന്നതിൽ പരിചയമുള്ളവർ അടുക്കളയിൽ സുഖമായി വാറ്റുമ്പോൾ അത്ര പരിചയമില്ലാത്തവർ സോഷ്യൽമീഡിയയെ ആശ്രയിച്ചാണ് വാറ്റുന്നത്.
മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ സാനിറ്റൈസർ കുടിച്ച് മരണത്തിന് കീഴടങ്ങിയവരുടെ വാർത്തയും ഇതിനോടകം പുറത്തുവരുന്നുണ്ട്. വീടുകളിൽ അതീവരഹസ്യമായി കുക്കർ ഉപയോഗിച്ച് വാറ്റുന്നവരുടെ എണ്ണം ലോക്ഡൗണിൽ വർധിച്ചതായാണ് എക്‌സൈസ് വിലയിരുത്തൽ. സ്വന്തം ആവശ്യത്തിനായിട്ടാണ് ഭൂരിഭാഗവും ഈ രീതി തെരഞ്ഞെടുക്കുന്നതെന്നും ഇവർ പറയുന്നു.
കോട്ടയത്ത് അടുത്തിടെ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥൻ സമാനരീതിയിൽ വാറ്റിയതായ വിവരം എക്‌സൈസിന് ലഭിച്ചിരുന്നു. അടുക്കള കേന്ദ്രീകരിച്ചായതിനാൽ രഹസ്യവിവരം ലഭിച്ചാൽ മാത്രമേ ഇത്തരക്കാരെ കണ്ടെത്താൻ കഴിയുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇതിനു തടയിടാൻ നിരീക്ഷണം ശക്തമാക്കിയതായാണ് എക്‌സൈസ് പറയുന്നത്.
കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയം ഏറ്റുവാങ്ങിയ ബിജെപി നേതൃത്വത്തിനെ വിമർശിച്ച് മുൻ ബിജെപി സംസ്ഥാനധ്യക്ഷനും മിസോറം ഗവർണറുമായ പിഎസ് ശ്രീധരൻപിള്ള. ബിജെപി നേതാക്കൾക്കും ചില പരിവാർ നേതാക്കൾക്കും കേന്ദ്രഭരണത്തിന്റെ ഗുണഫലങ്ങളുടെ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്ന് ശ്രീധരൻപിള്ള വിമർശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു നൽകിയ റിപ്പോർട്ടിലാണ് ശ്രീധരൻപിള്ളയുടെ പരാമർശം. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകളിൽ ജയിക്കാമായിരുന്നെന്നും ശ്രീധരൻപിള്ള നിരീക്ഷിക്കുന്നു. ചില നേതാക്കളുടെ ഉദാസീന മനോഭാവം കാരണമാണ് സീറ്റു കിട്ടാതെ പോയത്.
എൻഡിഎയ്ക്ക് മൂന്നുശതമാനം വോട്ടു കുറഞ്ഞു. എൽഡിഎഫിന് മൂന്നു ശതമാനം വോട്ടുകൂടിയപ്പോൾ യുഡിഎഫിനും ഒരുശതമാനം വോട്ട് വർധിച്ചു. 90 സീറ്റുകളിൽ ബിജെപി വോട്ടു വിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമറിപ്പോർട്ടുകൾ.
ബംഗളൂരു ബലാത്സംഗ കേസില്‍ അറസ്റ്റിലായ ആറു പ്രതികളില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് വെടിവെച്ചു വീഴ്ത്തി. കാലിനാണ് വെടിവെച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് സംഭവം. പ്രതികളെ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ആറുപേരില്‍ രണ്ടു പേര്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയത്.
കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു സ്ത്രീയെ ക്രൂരമായ മര്‍ദ്ദിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് രണ്ട് ്‌സ്ത്രീകള്‍ ഉള്‍പ്പടെ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തത്. വീഡിയോയുടേയും പ്രതികളെ ചോദ്യം ചെയ്തതിന്റേയും അടിസ്ഥാനത്തില്‍ ബലാത്സംഗം, ആക്രമണം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ബംഗ്ലാദേശ് സ്വദേശികളാണ് പ്രതികളായ ആറ് പേരും പീഡനത്തിനിരയായ സ്ത്രീയുമെന്നാണ് ലഭിക്കുന്ന വിവരം. സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്നാണ് മര്‍ദ്ദനമെന്നാണ് വിവരം. പിന്നീടാണ് മൃഗീയമായ പീഡനത്തിന് ഇരയാക്കിയത്. പീഡനത്തിനിരയായ സ്ത്രീ ഇപ്പോള്‍ മറ്റൊരു സംസ്ഥാനത്താണെന്നും അവരെ കണ്ടെത്തുന്നതിനായി അന്വേഷണസംഘം പുറപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. അവര്‍ എത്തിക്കഴിഞ്ഞാല്‍ മജിസ്ട്രേറ്റിന് മുന്നില്‍ മൊഴിരേഖപ്പെടുത്തുമെന്നും പോലീസ് വ്യക്തമാക്കി.
തന്നേക്കാള്‍ സൗന്ദര്യമുള്ള ഭാര്യയെ യുവാവ് കൊലപ്പെടുത്തി. പുതുച്ചേരി മേട്ടുപാളയത്ത്് ഇന്നലെയാണ് സംഭവം നടന്നത്. രതികല എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രദേശത്തെ പാല്‍ വില്‍പനക്കാരനായ ബാബുരാജ് പിടിയിലായി.
സംശയത്തിന്റെ പേരിലാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. സൗന്ദര്യമില്ലാത്തിന്റെ പേരില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോകുമോയെന്ന ഭയമായിരുന്നു ഇയാള്‍ക്ക്. അതുകൊണ്ട് തന്നെ അയല്‍വാസികളോടു സംസാരിക്കുന്നതു പോലും ഭാര്യയെ ഇയാള്‍ വിലക്കിയിരുന്നു.
ഇതിന്റെ പേരില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതോടെ ദിവസങ്ങള്‍ക്ക് മുമ്പ് രതികല ഭര്‍ത്താവുമായി പിണങ്ങി ചെന്നൈയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ കാമുകനെ കാണാനാണ് രതികല പോയതെന്ന് ബാബുരാജ് സംശയിച്ചു.
തുടര്‍ന്ന് തൊട്ടടുത്ത ദിവസം ബാബു ചെന്നൈയിലെത്തി ഭാര്യയെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു. ഇതിന് പിന്നാലെ വീണ്ടും വഴക്കുണ്ടാവുകയും ബാബുരാജ് ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
വാഹനത്തില്‍ രക്തക്കറ പറ്റുമെന്ന് കരുതി ഗുരുതരമായി പരിക്കേറ്റ് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് ബിജെപി എംഎല്‍എ. തരിക്കേരെ എം.എല്‍.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയില്‍ എത്തിക്കാന്‍ മടിച്ച് നിന്നത്. കോവിഡ് ചികിത്സ രംഗത്ത് സജീവമായ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ ഡോ. രമേശ് കുമാറാണ് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുന്നതിനിടയിലാണ് ഡോ. രമേശ് കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്. സംഭവം നടന്ന് അല്‍പസമയത്തിനകം എം.എല്‍.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അല്‍പദൂരം മാറ്റി നിര്‍ത്തി എം.എല്‍.എയുടെ ഗണ്‍മാന്‍ പുറത്തിറങ്ങി അപകട സ്ഥലത്ത് വന്ന് നോക്കിയ ശേഷം ആംബുലന്‍സിനെ വിളിക്കുകയായിരുന്നു. എം.എല്‍.എ ഡി.എസ് സുരേഷ് വാഹനത്തിന് പുറത്തിറങ്ങാന്‍ പോലും തയാറായില്ല.
20 മിനിട്ട് കഴിഞ്ഞാണ് ആംബുലന്‍സ് അപകടസ്ഥലത്തെത്തുന്നത്. അത് വരെ വാഹനത്തിലിരുന്ന എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനെ സംഭവസ്ഥലം സന്ദര്‍ശിക്കാനോ തയറായില്ല. ചികിത്സകിട്ടാന്‍ വൈകിയതോടെ ഡോക്ടര്‍ റോഡില്‍ കിടന്ന് മരിക്കുകയായിരുന്നു.
രക്തം വാര്‍ന്ന് റോഡില്‍ കിടന്ന ഡോക്ടറെ ആശുപത്രിയിലെത്തിക്കാന്‍ പോലും തയറാകാതെ എം.എല്‍.എ സ്വന്തം വാഹനത്തില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. പത്ത് മിനിട്ട് നേരെത്തെയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ ഡോക്ടറുടെ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.
രാജ്യത്തെ തൊഴിൽ സാധ്യത വർധിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ സഹായിച്ച 420 രഹസ്യങ്ങൾ എന്ന പുസ്തമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ താരം. ആമസോണിൽ വിൽപ്പനയ്ക്ക് എത്തിയ ‘മാസ്റ്റർസ്‌ട്രോക്ക്: 420 സീക്രട്ടസ് ദാറ്റ് ഹെൽപ്പ്ഡ് പിഎം ഇൻ ഇന്ത്യ എംപ്ലോയ്‌മെൻറ് ഗ്രോത്ത്’- എന്ന ഇ-ബുക്കാണ് വലിയ ചർച്ചയായിരിക്കുന്നത്. മോഡിയുടെ ആ രഹസ്യങ്ങൾ ഒന്നറിയണമല്ലോ എന്ന് കരുതി പുസ്തകം വാങ്ങി തുറന്നവരൊക്കെ ഞെട്ടി. കവർ ചിത്രം ഒഴിച്ച് നിർത്തിയാൽ ബുക്കിനുള്ളിൽ ഒറ്റവരി പോലും ഇല്ല. ആമസോണിൽ അപ്‌ലോഡ് ചെയ്യപ്പെട്ട ഈ ഇ-ബുക്കിന് 56 പേജാണ് ഉള്ളത്. ബുക്കിന്റെ കവർ ചിത്രം പ്രധാനമന്ത്രി മോഡിയാണ്. എന്നാൽ, പൂർണമായും ശൂന്യം.
ബെറോസാഗർ ഭക്ത് എന്ന എഴുത്തുകാരനാണ് പുസ്തക രചയിതാവ്. ബെറോസാഗർ എന്നാൽ തൊഴിലില്ലാത്തയാൾ എന്നാണ് അർഥം. തൊഴിലുകൾ വർധിപ്പിക്കാൻ മോഡി എന്ത് ചെയ്തുവെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നു. കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ മഹാനായ നേതാവായ മോഡി എങ്ങനെയാണ് രാജ്യത്തെ സഹായിച്ചത്. ഇന്ത്യയിൽ തൊഴിലുകൾ വർധിപ്പിക്കുന്നതിനായി മോഡി ചെയ്ത കാര്യങ്ങൾ വിവരിക്കുകയാണ് പുസ്‌കത്തിലെന്നാണ് അതിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
പുസ്തകം പുറത്തെത്തിയതോടെ അതിനെ ട്രോളി നിരവധി പേരാണ് രംഗത്തെത്തിയത്. പുസ്തകം വിൽപനക്കുവെച്ച ആമസോൺ ഇ-ബുക്ക്‌സിന്റെ കമന്റ് ബോക്‌സിലും ട്രോളുകൾ നിറഞ്ഞു. ഒടുവിൽ പുസ്തകം പിൻവലിച്ചിരിക്കുകയാണ് ആമസോൺ.
ദരിദ്രമായ കുട്ടിക്കാലമായിരുന്നെങ്കിലും പഠനത്തിൽ മിടുക്കനായതിനാൽ പഠിച്ച് മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി നേടിയ പ്രഭു പിന്നീട് ലണ്ടനിലേക്ക് ചേക്കേറിയതാണ് തലവര തന്നെ മാറ്റി മറിച്ചത്. സമ്പന്നരാജ്യമായ ബ്രിട്ടണിലും കോവിഡ് ലോക്ക്ഡൗൺ കാലം പട്ടിണിയുടേതായിരുന്നു പലർക്കും. ഇത്തരത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്നവർക്കും സന്തോഷം നഷ്ടപ്പെട്ട കുട്ടികൾക്കും സഹായമെത്തിക്കൽ ആയിരുന്നു പ്രഭു എന്ന പാലക്കാട്ടുകാരനായ ഈ 34കാരന്റെ നിയോഗം.
വർഷം മാർച്ച് ആദ്യമാണ് പ്രഭു നടരാജൻ എന്ന മലയാളി മെച്ചപ്പെട്ട ജോലിയെന്ന സ്വപ്‌നവുമായി ഇംഗ്ലണ്ടിലേക്ക് ചേക്കേറിയത്. അവിടെയെത്തി പത്താംനാൾ ലോക് ഡൗൺ ആരംഭിച്ചു. ജോലിപ്രതീക്ഷ അസ്തമിച്ചെങ്കിലും ആ ലോക്ഡൗൺ പ്രഭുവിന്റെ ജീവിതം ആകെ മാറ്റിമറിച്ചു. കോവിഡ്കാലത്ത് ജനങ്ങളെ സേവിച്ച് ലണ്ടനിലെ താരമാണ് ഇന്ന് അദ്ദേഹം. നേടിയത് നാല് പുരസ്‌കാരങ്ങളാണ്. ഒപ്പം ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനോടൊപ്പം അത്താഴവിരുന്നിനുള്ള ക്ഷണവും.
ഓക്‌സ്‌ഫോർഡ് മെയിൽ എന്ന മാധ്യമസ്ഥാപനം നടത്തിയ മാൻ ഓഫ് ദ ഇയർ എന്ന നോമിനേഷൻ പരിപാടിയിൽ ഒന്നാമതെത്തിയതാണ് പ്രഭുവിനെ രാജ്യം തന്നെ അറിയുന്ന വ്യക്തിയാക്കി മാറ്റിയത്. ബ്രിട്ടന്റെ ചരിത്രത്തിൽ 1,636 പേർക്ക് മാത്രം കിട്ടിയിട്ടുള്ള പോയന്റ് ഓഫ് ലൈറ്റ് അവാർഡും തുടർന്ന് തേടിയെത്തി. പ്രഭുവിന്റെ സേവനങ്ങളെ പ്രശംസിച്ച് വിക്ടോറിയ പ്രെന്റിസ് എംപിയുടെ കത്ത് കിട്ടിയതിന് പിന്നാലെയാണ് അത്താഴവിരുന്നിനുള്ള പ്രധാനമന്ത്രിയുടെ ക്ഷണമെത്തിയത്.
ബ്രിട്ടനിലെത്തി ലോക്ഡൗണിൽ കുടുങ്ങിയ പ്രഭുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത് നവംബർ 14 എന്ന തീയതിയായിരുന്നു. അന്നായിരുന്നു ഏഴാം വിവാഹവാർഷികം. കൂട്ടുകാരായി ആരുമില്ലെങ്കിലും 15 പായ്ക്കറ്റ് ഭക്ഷണം പ്രഭു വാങ്ങി. കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന ആർക്കെങ്കിലും നൽകാനായിരുന്നു പദ്ധതി. ആവശ്യക്കാരുണ്ടെങ്കിൽ ഭക്ഷണം നൽകാമെന്ന് കാണിച്ച് സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. ഒന്നര മണിക്കൂറിലെത്തി നൂറു പേരുടെ വിളികൾ. ഇതോടെയാണ് ഭക്ഷണത്തിനായി കാത്തിരിക്കുന്നവരുണ്ടെന്ന് പ്രഭു തിരിച്ചറിഞ്ഞത്. ഇതോടെ കോവിഡ്കാല സേവനത്തിന് തുടക്കമായി.
ഭക്ഷണവും ഭക്ഷ്യവസ്തുക്കളും മറ്റ് സേവനങ്ങളും ആവശ്യമുള്ള നിരവധിപേരുണ്ടെന്ന് മനസ്സിലാക്കിയതോടെ അത് സംഘടിപ്പിക്കാനിറങ്ങി. സാന്റാക്ലോസിന്റെയും സൂപ്പർമാന്റെയും ഉൾപ്പെടെ വിവിധ വേഷങ്ങളിട്ട് തെരുവിലിറങ്ങി. പ്രഭുവിന്റെ ലക്ഷ്യമറിഞ്ഞ് നിരവധിപേർ സഹായവുമായെത്തി. 2020ന്റെ അവസാനത്തിൽ മാത്രം 11,000 ഭക്ഷ്യ വസ്തു പായ്ക്കറ്റുകൾ പ്രഭു നൽകിയിട്ടുണ്ട്. കുട്ടികൾക്ക് കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ചോക്ലേറ്റുകളും നൽകാറുണ്ട്. സേവനം ഇപ്പോഴും തുടരുന്നു.
ഓക്‌സ്‌ഫോർഡിനടുത്ത് ബാൻബറിയിലാണ് താമസം. അവിടെ വൃദ്ധസദനത്തിൽ കെയർടേക്കറാണ് പ്രഭു. ഭാര്യ ശില്പ അവിടെ മാനേജരും. ഏക മകൻ അദ്വൈതിന് അഞ്ച് വയസ്സ്. പാലക്കാട് ഒലവക്കോട് പരേതനായ നടരാജന്റെയും വിജയലക്ഷ്മിയുടെയും മകനാണ് പ്രഭു. അച്ഛൻ ചെറുപ്പത്തിലേ മരിച്ചു. വീടുകൾതോറും കയറിയിറങ്ങി തുണി വിറ്റാണ് അമ്മ പ്രഭുവിനെ പഠിപ്പിച്ചത്. കോയമ്പത്തൂരിലായിരുന്നു പ്രഭു മെഡിക്കൽ ട്രാൻസ്‌ക്രിപ്ഷൻ ജോലി ചെയ്തിരുന്നത്.