മിഗ് വിമാനങ്ങൾ അപകടത്തിൽപ്പെടുന്നതും രാജ്യത്തിന്റെ തന്നെ സമ്പത്തായ യുവവൈമാനികരും വ്യോമസേനയിലെ കരുത്തുറ്റ പോരാളികളും പതിവായിരിക്കുകയാണ്. വർഷങ്ങളായി അപകടങ്ങൾ സൃഷ്ടിച്ചിട്ടും മിഗ് വിമാനങ്ങളെ സർക്കാർ പിൻവലിക്കാൻ തയ്യാറാകുന്നില്ലെന്നാണ് ഉയരുന്ന പരാതി.
കഴിഞ്ഞ ദിവസം ഇന്ത്യൻ വ്യോമസേനയുടെ മിഗ്21 വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെടുകയും ചെയ്തതോടെ വലിയ രോഷമാണ് ഉയരുന്നത്. സ്‌ക്വാഡ്രൺ ലീഡർ അഭിനവ് ചൗധരിയാണ് മിഗ് വിമാനം അപകടത്തിൽപ്പെട്ട് മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സ്‌ക്വാഡ്രൺ ലീഡർ അഭിനവിന്റെ കുടുംബാംഗങ്ങൾക്കൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി വ്യോമസേന അറിയിച്ചു.
മകനെ നഷ്ടപ്പെട്ട അഭിനവ് ചൗധരിയുടെ പിതാവും കർഷകനുമായ സതേന്ദ്ര ചൗധരി സർക്കാരിനോട് കൈകൂപ്പി അപേക്ഷിക്കുകയാണ് ഇനിയെങ്കിലും കാലഹരണപ്പെട്ട ഈ വിമാനങ്ങൾ പിൻവലിക്കണമെന്ന്.
പഞ്ചാബിലെ മൊഗാ മേഖലയിൽ പതിവ് പരിശീലന പറക്കലിനിടെയാണ് അഭിനവ് ചൗധരി പറത്തിയ മിഗ് വിമാനം അപകടത്തിൽപ്പെട്ടത്. ‘എനിക്ക് എല്ലാം നഷ്ടപ്പെട്ടു, കാലഹരണപ്പെട്ട വിമാനങ്ങൾ സർക്കാർ പിൻവലിക്കണം. മറ്റുള്ളവരുടെ ജീവൻകൂടി ഇനിയും നഷ്ടപ്പെടരുത്. അവ നിർത്താൻ ഞാൻ സർക്കാരിനോട് കൂപ്പുകൈകളോടെ അഭ്യർത്ഥിക്കുന്നു’-കോപത്തോടെയും കണ്ണീരോടെയും കർഷകനായ സതേന്ദ്ര ചൗധരി പ്രതികരിക്കുന്നു.
അഭിനവിന്റെ അമ്മയും സഹോദരിയും ഭാര്യ സോണിക ചൗധരിയും അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടെയാണ് അപകടവാർത്ത തേടിയെത്തിയത്. 2019 ഡിസംബറിലാണ് അഭിനവ് വിവാഹിതനായത്. മെയിൽ അവധിക്ക് വീട്ടിലെത്താനിരുന്നതായിരുന്നു. എന്നാൽ കോവിഡ് കാരണം അതിന് സാധിച്ചില്ല. ഇതിനിടെ കുടുംബത്തെ തേട് മരണവാർത്ത എത്തിയത് ഇവർക്ക് ഇനിയും വിശ്വസിക്കാനാകുന്നില്ല.
കഴിഞ്ഞ കുറച്ചുവർഷങ്ങൾക്കിടെ 14 ഓളം മിഗ് വിമാനങ്ങളാണ് തകർന്നുവീണത്. ഇത് സംബന്ധിച്ച് ഒരു അന്വേഷണവും നടത്താത്തതെന്നും മിഗ് വിമാനങ്ങൾ മാത്രം തകരുന്നത് എന്തുകൊണ്ടൈന്നും അഭിനവിന്റെ ബന്ധുവും കർണാലിലെ ഡോക്ടറുമായ അനുജ് ടോകാസ് ചോദിക്കുന്നു.
സുരക്ഷിതമല്ലാത്ത ദൈർഘ്യമേറിയ കോവിഡ് ഡ്യൂട്ടി കാരണം സ്വന്തം കുടുംബത്തെ തന്നെ നഷ്ടപ്പെട്ട് തീരാ കണ്ണീരിലാണ് സിനി എന്ന നഴ്‌സ്. പെരുമ്പാവൂരിലെ സാൻജോ ആശുപത്രിയിൽ നഴ്‌സായിരുന്ന സിനിക്ക് നഷ്ടമായത് യാതൊരു അസുഖങ്ങളുമില്ലാതിരുന്ന ഭർത്താവിനേയും ഭർത്താവിന്റെ മാതാപിതാക്കളേയുമാണ്.
പാലുകുടിക്കുന്ന കൈക്കുഞ്ഞുള്ളതിനാൽ തന്നെ നഴ്‌സായിരുന്ന സിനിക്ക് വാക്‌സിൻ സ്വീകരിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ കോവിഡ് വാർഡുകൾ ആശുപത്രിയിൽ ആരംഭിച്ചപ്പോൾ തന്നെ ഒഴിവാക്കണമെന്ന് സിനി മാനേജ്‌മെന്റിനോട് അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സിനിയെ ഡ്യൂട്ടിക്ക് നിയോഗിച്ചാണ് ആശുപത്രി ക്രൂരത കാണിച്ചത്. സുരക്ഷിതമല്ലാത്ത പിപിഇ കിറ്റ് ധരിച്ചും മാസ്‌കണിഞ്ഞും ഡ്യൂട്ടിയെടുക്കേണ്ടി വന്ന സിനിയിൽ നിന്നും കോവിഡ് കുടുംബത്തെ ഒന്നാകെ ബാധിക്കുകയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളൊഴികെ കുടുംബത്തെ കോവിഡ് കവർന്നെടുക്കുകയുമായിരുന്നു.
ജോലിക്ക് പോവാൻ പോലുമാകാതെ രണ്ട് പിഞ്ചുകുഞ്ഞുങ്ങളുമായി എന്തുചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് ഈ നഴ്‌സ്. സ്വകാര്യആശുപത്രികളിൽ സുരക്ഷിതമല്ലാതെ ജോലി എടുക്കുന്ന അനേകം നഴ്‌സുമാരാണ് സിനിയുടെ സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നത്. ഇവർ നീതി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യുഎൻഎയും ജാസ്മിൻ ഷായും.
വിഷയത്തെ കുറിച്ച് ജാസ്മിൻ ഷായുടെ ഫേസ്ബുക്ക് പോസ്റ്റ്:
പെരുമ്പാവൂർ സാൻജോ ഹോസ്പിറ്റലിന്റെ ആർത്തി വരുത്തിവച്ച വൻദുരന്തം നോക്കൂ.. മനുഷ്യനായി പിറന്ന ആരുടേയും മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം. ഇങ്ങനെ ഒരു ദുരന്തം ഇനി നമ്മുടെ ആരുടേയും ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ… എല്ലാം നേരിടാനും സഹിക്കാനും ധൈര്യപൂർവ്വം മുന്നോട്ട് പോകാനുമുള്ള മനക്കരുത്ത് സിനിയ്ക്ക് ഉണ്ടാകട്ടെ…
ഇനി ഒരു നഴ്‌സിനും ഇങ്ങനെ സംഭവിച്ചു കൂടാ… അതിന് നഴ്‌സിംഗ് സമൂഹം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ….നമ്മുടെ നാട്ടിലെ പ്രൈവറ്റ് ഹോസ്പിറ്റലുകൾ അവിടത്തെ സ്റ്റാഫ് നഴ്‌സുമാരോട് ചെയ്യുന്ന സമാനതകളില്ലാത്ത ക്രൂരത കണ്ണ് തുറന്ന് ഒന്ന് കാണൂ… മറ്റുള്ളവരെയും ഇത് അറിയിക്കൂ… ഇങ്ങനെ ചവിട്ടിത്തേയ്ക്കപ്പെടേണ്ടവരാണോ നഴ്‌സുമാർ!!
വായിച്ചാൽ ആരും വിശ്വസിക്കില്ല. പക്ഷേ 100% സത്യമാണ്. എല്ലാവരും വായിക്കുക. ഷെയർ ചെയ്യുകയും വേണം. സാൻജോ എന്ന പ്രൈവറ്റ് ആശുപത്രിയുടെ ലാഭക്കൊതി കാരണം ഒരു കുടുംബം ഇല്ലാതായ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന, ഞെട്ടിക്കുന്ന വാർത്ത… അതും ഈ കൊച്ചുകേരളത്തിലെ പെരുമ്പാവൂർ എന്ന സ്ഥലത്ത് നിന്നും.
ഇതിൽ പറയുന്ന സിനി എന്ന യുവതിക്ക് വെറും 31 വയസ്സ് മാത്രമാണ് പ്രായം. അവളുടെ ഇളയ കുഞ്ഞിന് ഒരു വയസ്സ് അങ്ങ് ആയിട്ടേയുള്ളൂ. പെരുമ്പാവൂർ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സാൻജോ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സ് ആയിരുന്നു സിനി. ഭർത്താവ് ഉല്ലാസ് 36 വയസ്സ്, പെരുമ്പാവൂർ ടൗണിൽ ഒരു ടയർ റീട്രെഡ് ഷോപ്പ് നടത്തുന്നു. ഒരു വയസ്സും 5 വയസ്സും പ്രായമുള്ള 2 പിഞ്ചുകുഞ്ഞുങ്ങൾ. രണ്ടും പെൺകുട്ടികൾ. കൂടെ ഉല്ലാസിന്റെ അപ്പച്ചനും അമ്മച്ചിയും ഉണ്ട്. 60 പിന്നിട്ടവരാണെങ്കിലും കണ്ടാൽ അത്ര പ്രായം തോന്നാത്ത നല്ല ആരോഗ്യമുള്ള അപ്പച്ചനും അമ്മച്ചിയും. സിനി ഡ്യൂട്ടിക്കും ഉല്ലാസ് ഷോപ്പിലേക്കും പോയിക്കഴിഞ്ഞാൽ അപ്പച്ചനും അമ്മച്ചിയുമാണ് കുഞ്ഞുങ്ങളെ നോക്കിയിരുന്നത്.
ടൗണിൽ KSRTC സ്റ്റാൻഡിന് അടുത്തായിട്ടാണ് വീട്. സാമ്പത്തികമായി അത്യാവശ്യം നല്ല നിലയിൽ വളരെ സന്തോഷകരമായി ജീവിച്ചുപോയിരുന്ന ഒരു കുടുംബം. സിനി ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ കോവിഡ് വാർഡ് തുടങ്ങിയതോടെയാണ് സിനിയുടെയും കുടുംബത്തിന്റെയും കഷ്ടകാലം ആരംഭിക്കുന്നത്. പാൽ കുടിക്കുന്ന കുഞ്ഞ് ഉള്ളതിനാൽ കൂടെയുള്ളവരെല്ലാം കോവിഡ് വാക്‌സിൻ എടുത്തപ്പോഴും സിനിക്ക് വാക്‌സിൻ എടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ കോവിഡ് വാർഡിൽ പോസ്റ്റിംഗ് ഇട്ടവരുടെ കൂട്ടത്തിൽ സിനിയും ഉണ്ടായിരുന്നു. താൻ വാക്‌സിൻ എടുത്തിട്ടില്ല എന്നും തനിക്ക് ചെറിയ കുഞ്ഞുള്ളതാണ് എന്നും തന്നെ കോവിഡ് ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്യരുത് എന്നും സിനി അധികാരികളുടെ കാല് പിടിച്ച് അപേക്ഷിച്ചതാണ്. പക്ഷേ ആരുടേയും മനസ്സലിഞ്ഞില്ല. അങ്ങനെ സിനി കോവിഡ് വാർഡിൽ ഡ്യൂട്ടി ചെയ്യാൻ നിർബന്ധിതയായി.
രോഗികളിൽ നിന്ന് പണം പിടുങ്ങാനായി തട്ടിക്കൂട്ടി കോവിഡ് വാർഡുകൾ ഉണ്ടാക്കുന്ന പല ഇടത്തരം പ്രൈവറ്റ് ഹോസ്പിറ്റലുകളിലെയും ഡോണിംഗ് & ഡോഫിംഗ് സൗകര്യങ്ങളും PPE കിറ്റ്, N95 മാസ്‌ക്, ഗ്ലോവ്‌സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്രത്തോളമെന്ന് നിങ്ങൾക്ക് അറിയാമല്ലോ. എത്ര മണിക്കൂറാണ് തുടർച്ചയായി കോവിഡ് ഡ്യൂട്ടി എന്നതും ഞാൻ പറയേണ്ട കാര്യമില്ല. എന്തായാലും കോവിഡ് വാർഡിൽ ഡ്യൂട്ടി ആരംഭിച്ച് ഒരാഴ്ചക്കുള്ളിൽ സിനിക്ക് പനി തുടങ്ങി. വീട്ടിൽ ഭർത്താവിനും അപ്പച്ചനും അമ്മച്ചിക്കും എല്ലാം പനി. ടെസ്റ്റ് ചെയ്തപ്പോൾ എല്ലാവരും പോസിറ്റീവ്.
അമ്മച്ചിയേയും അപ്പച്ചനെയും ഭർത്താവിനെയും വിവിധ ഹോസ്പിറ്റലുകളിലേക്ക് മാറ്റി. മെയ് 12 ന് അമ്മച്ചി മരിച്ചു. മെയ് 18 ന് അപ്പച്ചനും മരിച്ചു. മെയ് 20 ന് സിനിയുടെ ഭർത്താവ് ഉല്ലാസും മരിച്ചു. 36 വയസ്സുകാരനായ സിനിയുടെ ഭർത്താവിന് മറ്റ് യാതൊരുവിധ അസുഖങ്ങളും ഇല്ലായിരുന്നു! ഇനി സിനിക്കും കുഞ്ഞുങ്ങൾക്കും ആരാണുള്ളത്. വരുമാനമാർഗ്ഗവും അടഞ്ഞു. സിനി എന്തെങ്കിലും ജോലിക്ക് പോകാം എന്നു വച്ചാൽ തന്നെ അഞ്ചു വയസ്സും 1 വയസ്സും പ്രായമുള്ള കുഞ്ഞുങ്ങളെ ആരെ ഏൽപ്പിച്ച് പോകും! സിനിയുടെ അമ്മ നേരത്തെ മരണപ്പെട്ടതാണ്. വീട്ടിൽ ചെന്ന വളരെ അടുത്ത ബന്ധുക്കളോടും നേരിൽ ചെല്ലാൻ വയ്യാത്തതിനാൽ ഫോണിൽ വിളിക്കുന്നവരോടും സിനി ചോദിക്കുന്ന ഒരേയൊരു ചോദ്യം ഇതാണ്.. എന്റെ കുഞ്ഞുങ്ങൾക്ക് ഞാൻ ഇനിയെങ്ങനെ ഭക്ഷണം കൊടുക്കും, അവരെ ഇനി ആര് നോക്കും!
മുളകീറുന്ന പോലെ കരഞ്ഞുകൊണ്ട് സിനി ചോദിക്കുന്ന ഈ ചോദ്യങ്ങൾക്ക് ആർക്കും ഉത്തരമില്ല! എന്ത് പറഞ്ഞ് സമാധാനിപ്പിക്കും എന്നറിയാതെ ബന്ധുക്കളും കൂടെ കരയുന്നു. ഈ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ.. നമുക്കും നാളെ ഇങ്ങനെ സംഭവിക്കാൻ പാടില്ല എന്നുണ്ടോ? ഇതിനൊക്കെ എന്താണ് ഒരു പരിഹാരം? ഇനി ഒരു നഴ്‌സിനും ഇങ്ങനെ സംഭവിച്ചു കൂടാ… അതിന് നഴ്‌സിംഗ് സമൂഹം ജാതിയും മതവും രാഷ്ട്രീയവും നോക്കാതെ ഒറ്റക്കെട്ടായി നിന്നേ മതിയാകൂ…. എല്ലാം താങ്ങാനുള്ള മനക്കരുത്ത് സിനിയ്ക്ക് ഉണ്ടാകട്ടെ.എല്ലാ ദുരന്തങ്ങളും മറികടന്ന് എല്ലാ സങ്കടങ്ങളിൽ നിന്നും കര കയറുവാൻ എത്രയും വേഗം സിനിയ്ക്ക് കഴിയട്ടെ എന്നും ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.. നമുക്കാർക്കും ഇങ്ങനെ ഒരു പരീക്ഷണം ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ…
ഈ വിവരം അറിഞ്ഞിട്ട് എന്നെ പല ഭാഗങ്ങളിൽ നിന്നും പരിചയമുള്ള നഴ്‌സുമാർ വിളിച്ചിരുന്നു. പലരും താങ്ങാൻ കഴിയുന്നതിലും വലിയ മാനസിക സമ്മർദ്ദത്തിലാണ്. നമുക്ക് വല്ലതും പറ്റിയാൽ സഹിക്കാം, എന്നാൽ നമ്മൾ മുഖാന്തിരം നമ്മുടെ ഉറ്റവർക്ക് കോവിഡ് പോസിറ്റീവ് ആയി മരണപ്പെട്ടാൽ നമ്മൾ അത് എങ്ങിനെ സഹിക്കും? ജീവൻ ബാക്കി ഉള്ളിടത്തോളം കാലം നമ്മുടെ ബന്ധുക്കളും സ്വന്തക്കാരും നാട്ടുകാരും മൊത്തം നമ്മളെ കുറ്റപ്പെടുത്തില്ലേ? ജോലിക്ക് പോകാൻ പോലും തോന്നുന്നില്ല, വീട്ടിലുള്ളവരുമായി കൂടി ആലോചിച്ചിട്ട് ജോലിക്ക് പോകുന്നത് നിർത്താൻ പോകുന്നു എന്നൊക്കെയാണ് പലരും പങ്കുവച്ച വിഷമങ്ങൾ. ഈ വാർത്ത കണ്ടിട്ട് ഇങ്ങനെ പറയുന്നവരെ നമുക്ക് എങ്ങിനെ കുറ്റപ്പെടുത്താൻ കഴിയും??
അതുകൊണ്ട് ഇനി ഇങ്ങനെ ആവർത്തിച്ചു കൂടാ.. അതിന് ആവശ്യമായ നടപടികൾ അടിയന്തിരമായി അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണം. കോവിഡ് വാർഡുകൾ ഉള്ള എല്ലാ പ്രൈവറ്റ് ഹോസ്പിറ്റലിലും ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും സാമൂഹ്യഅകലം പാലിക്കാൻ മതിയായ സൗകര്യമുള്ള ഡോണിംഗ്, ഡോഫിംഗ് മുറികൾ ഉണ്ടോ എന്നും വാർഡുകളിൽ ആവശ്യത്തിന് വെന്റിലേഷൻ ഉണ്ടോ എന്നും കൃത്യമായ, ഗുണനിലവാരമുള്ള PPE ആവശ്യത്തിന് നൽകുന്നുണ്ടോ എന്നും പരിശോധിക്കണം. എറണാകുളം പട്ടണത്തിലുള്ള NABH അക്രെഡിറ്റേഷൻ ഒക്കെയുള്ള പ്രശസ്തമായ സർക്കാർ ആശുപത്രിയിൽ പോലും ഡോണിംഗ്, ഡോഫിംഗ് സൗകര്യങ്ങൾ കാര്യക്ഷമമല്ല എന്ന് പരാതി ഉയരുന്നുണ്ട്. ഇതൊക്കെ പരിശോധിക്കപ്പെടണം.
പ്രൈവറ്റ് ഹോസ്പിറ്റലിൽ ആയാലും ഗവണ്മെന്റ് ഹോസ്പിറ്റലിൽ ആയാലും ഗർഭിണികളെയോ മുലയൂട്ടുന്ന അമ്മമാരെയോ Immunocompromised ആയിട്ടുള്ള ഗുരുതരരോഗങ്ങൾ ഉള്ളവരെയോ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ലെന്ന ഉത്തരവ് വേണം. അത് ലംഘിക്കുന്നവരെ യാതൊരു ഇളവും നൽകാതെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണം. ഇക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ല.
അതല്ലെങ്കിൽ ഇപ്പോൾത്തന്നെ രൂക്ഷമായ കേരളത്തിലെ നഴ്‌സുമാരുടെ ക്ഷാമം ഇനിയും വളരെ രൂക്ഷമാകും. അത് ഈ നാടിന് താങ്ങാൻ പറ്റിയെന്ന് വരില്ല. സ്വന്തം ഉറ്റവരുടെ സുരക്ഷിതത്വം പേടിച്ച് ഒരാൾ ജോലിക്ക് പോകുന്നില്ല എന്ന് തീരുമാനിച്ചാൽ പിന്നെ എസ്മയല്ല, എന്തൊക്കെ ഉമ്മാക്കി കാട്ടിയാലും അയാളെ ആ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കഴിയില്ല. ഇപ്പോൾത്തന്നെ ദിവസം 1100 രൂപയും ഭക്ഷണവും താമസസൗകര്യവും നൽകാം എന്ന് ഓഫർ ചെയ്തിട്ട് പോലും കോവിഡ് ഡ്യൂട്ടി ചെയ്യാൻ ആളുകളെ കിട്ടുന്നില്ല എന്നതോർക്കണം.
Courtsey: Sudheer KH
രാജ്യത്തിന് അടുത്ത ഭീഷണിയായി പിടിമുറുക്കിയിരിക്കുന്ന ബ്ലാക്ക് ഫംഗസ് അഥവാ മ്യൂകോർമൈക്കോസിസ് രോഗം ബാധിച്ച് കേരളത്തിൽ നാല് മരണം. എറണാകുളം, കോട്ടയം ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ടായിരുന്ന നാലുപേരാണ് മരണത്തിന് കീഴടങ്ങിയിരിക്കുന്നത്.
ആലുവ സ്വദേശിനി കച്ചംകുഴി വീട്ടിൽ ജുമൈലത്ത് ഇബ്രാഹീം (50), എച്ച്എംടി കോളനി ഉല്ലാസ് ഭവനിൽ ചന്തു (77) എന്നിവരാണ് മരിച്ച എറണാകുളം സ്വദേശികൾ. മറ്റ് രണ്ടുപേർ പത്തനംതിട്ട സ്വദേശികളാണ്. ഇവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാൾ എറണാകുളത്തും മറ്റൊരാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്.
എറണാകുളം ജില്ലയിൽ ആറ് മ്യൂകോർമൈക്കോസിസ് കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നോർത്ത് പറവൂർ സ്വദേശി (58) കോട്ടയം മെഡിക്കൽ കോളജിലും മൂക്കന്നൂർ സ്വദേശി (45) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലായിരുന്ന രോഗിയുടെ കണ്ണ് നീക്കം ചെയ്തിരുന്നു.
സംവിധായകൻ അലി അക്ബർ സോഷ്യൽ മീഡിയയിൽ മുൻപ് പങ്കുവച്ച ഒരു കുറിപ്പ് വീണ്ടും ചർച്ചയാകുകയാണ്. താൻ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന വ്യക്തിയാണെന്നും
30വര്‍ഷമായി ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവള്‍ മുസ്ലിം ആയിട്ടില്ലെന്നും അദ്ദേഹം കുറിച്ചു.
30 വര്‍ഷമായി ഞാനൊരു ക്രിസ്ത്യാനിയെ സ്വന്തമാക്കിയിട്ട്, ഇതുവരെ അവള്‍ മുസ്ലിം ആയിട്ടില്ല, അവളുടെ കുടുംബവുമായി നല്ല സൗഹൃദത്തിലുമാണ് അവരിന്നുവരെ എന്നെ ക്രിസ്ത്യാനി ആക്കാന്‍ ശ്രമിച്ചിട്ടുമില്ല. അവളുടെ വീട്ടില്‍ കുരിശുവരക്കുന്നിടത്ത് ഞാനും, എന്റെ ഉമ്മ നിസ്കരിക്കുന്നിടത്ത് അവളും ഇരുന്നിട്ടുണ്ട്, ചാച്ചനും അമ്മച്ചിയും ഇത്തയും ഉമ്മയുമുള്ള കുടുംബം, നാളെ എന്റെ ബന്ധുവായി ഒരു ഹൈന്ദവന്‍ കയറി വന്നാല്‍ അവനൊരു പൂജാ മുറി തയ്യാറാക്കുന്നതില്‍ എനിക്കെതിര്‍പ്പുമില്ല’
ഈശ്വരന്‍ ഒന്നേയുള്ളു നീയതിനെ വിവിധ പേരുകളില്‍ രൂപങ്ങളില്‍ വിളിച്ചോളൂ എന്നു പറഞ്ഞ ധര്‍മ്മ സന്തതിയാണ് ഞാന്‍, നിങ്ങള്‍ എന്റെ പരേതനായ അമ്മായി അപ്പനെ,അമ്മായി അമ്മയെപ്പോലെ അവരുടെ കുടുംബത്തെ പോലെ ദൈവ സ്നേഹമുള്ള ക്രിസ്ത്യാനികള്‍ ആവൂ, എന്റെ പരേതയായ ഉമ്മയെപ്പോലെ അല്ലാഹുവിനെ സ്നേഹിക്കുന്ന മുസ്ലിം ആകൂ, എന്റെ ഗുരുനാഥരെ പോലെ ധര്‍മ്മത്തില്‍ ചലിക്കുന്ന ഹിന്ദുവാകൂ’
‘ഒരു തര്‍ക്കത്തിനും ഇട വരാത്തവിധം പരസ്പരം അംഗീകരിച്ചു മുന്നോട്ടു പോകൂ ഈ ധര്‍മ്മ ഭൂവില്‍ അതിനുള്ള ഇടമുണ്ട് ഓരോരുത്തരും അവനവന്‍ ആയിരുന്നാല്‍ മതി, അന്യന്റെ വിശ്വാസത്തില്‍ കോലിട്ടിളക്കാതിരുന്നാല്‍ മതി, മതത്തിന്റെ പേരില്‍ ഭരണത്തില്‍ കൈയിട്ട് വരാതിരുന്നാല്‍ മതി, എന്റേത് വലുതും നിന്റേതു ചെറുതും എന്നൊരു ധാരണയുണ്ടല്ലോ അതങ്ങു മാറ്റി വച്ചാല്‍ മതി,. രണ്ടു മതത്തെയും ഒന്നിനെയും ഹനിക്കാത്ത ഒരു സംസ്കാരത്തെയും ഞാനറിഞ്ഞിട്ടുണ്ട്, പഠിച്ചിട്ടുമുണ്ട് തര്‍ക്കിച്ചിട്ടുമുണ്ട് ഇനിയും തര്‍ക്കിക്കുകയുമാവാം..
വിശുദ്ധ ഖുര്‍ആന്‍ ഒരു വട്ടം പോലും വായിക്കാതെ പോസ്റ്റില്‍ മലവിസര്‍ജ്ജനം നടത്തുന്ന പച്ചകളെയും, തീവ്രവാദികളെയും , കൂലിക്ക് മതം മാറ്റാന്‍ നടക്കുന്ന സുവിശേഷകരെയും ഒരിക്കലും അംഗീകരിക്കില്ലെന്നു മാത്രമല്ല എതിര്‍ക്കുകയും ചെയ്യും. എന്റെ സുഹൃദ് വലയത്തില്‍ നല്ല ക്രിസ്ത്യന്‍ പുരോഹിതരുണ്ട്, മുസ്ലിം പണ്ഡിതരുണ്ട്, സ്വാമി ചിതാനന്ദപുരിരാജയും,മാതാ അമൃതാനന്ദമയിയും, അതിലുപരി നല്ല നിരീശ്വര വാദികളുമുണ്ട്.ഇവരാരും തന്നെ അലിഅക്ബറിനെ അവരാക്കാന്‍ ശ്രമിച്ചിട്ടില്ല, അവരെ ഞാനാക്കാന്‍ ഞാനും ശ്രമിച്ചിട്ടില്ല.
‘എല്ലാം ഉള്‍ക്കൊള്ളുന്ന നല്ല സുഗന്ധം പരക്കുന്ന ഒരിടമാക്കി ഈ ഭാരതത്തെ മാറ്റുക നാനാത്വത്തില്‍ ഏകത്വമെന്നത് നമുക്ക് മാത്രം അവകാശപെട്ടതാണ്.. ഭാരതം ഒരിക്കലും കൊന്നൊടുക്കുന്ന ഇസ്ലാമിക രാഷ്ട്രമാവരുത്, ദൈവരാജ്യവുമാകരുത്, എന്റെ വീടു പോലെ കൃസ്ത്യാനിയും, മുസല്‍മാനും, ഹൈന്ദവനും..പട്ടിയും പൂച്ചയും സകല പ്രകൃതിയും സഹോദര്യത്തോടെ വാഴുന്ന ഇടമാകണം”ഒരു ധര്‍മ്മത്തിന്റെ കീഴില്‍ ഒരു കൊടിയുടെ കീഴില്‍ ഒരു നിയമത്തിന്റെ കീഴില്‍.ഇതൊക്കെ പറയുന്നതിന്റെ പേരില്‍ മൂര്‍ച്ച കൂട്ടപ്പെടുന്ന ആയുധങ്ങള്‍ക്ക് എന്റെ ചിന്തയെ മുറിക്കാനാവില്ല എന്നുത്തമ വിശ്വാസവമുണ്ട്. ആര്‍ക്കു മുറിവേറ്റാലും പ്രതികരിക്കയും ചെയ്യും
വാഹനം കേടായതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി ജീവനക്കാരിയെ വീട്ടിലെത്തിച്ചതിന് യുവാവിനെയും മാതാവിനെയും യുവതിയുെട ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ആക്രമിച്ചതായി പരാതി. യുവതിയുടെ സുഹൃത്തും കോഴിക്കോട് ചോയിക്കുളം സ്വദേശിയുമായ ദിഖില്‍കുമാറിനും മാതാവ് ബേബിക്കുമാണ് മര്‍ദനമേറ്റത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ട്രാവലറും അടിച്ചുതകര്‍ത്തതിനൊപ്പം യുവതിയുടെ ഇരുചക്രവാഹനവും കടത്തിക്കൊണ്ടുപോയി. എലത്തൂര്‍ പൊലീസ് തുടര്‍നടപടിയെടുക്കാന്‍ വൈകുന്നുവെന്നാണ് ആക്ഷേപം.
കഴിഞ്ഞ പതിനെട്ടിന് കോഴിക്കോട്ടെ ആശുപത്രിയിലെ ജോലികഴിഞ്ഞ് യുവതി തലശ്ശേരിയിലേക്ക് മടങ്ങുന്നതിനിെട പൂളാടിക്കുന്നിന് സമീപം വാഹനം കേടായി. ദിഖില്‍കുമാറെത്തി യുവതിയെ സ്വന്തം വാഹനത്തില്‍ തലശ്ശേരിയിലെ വീട്ടിലെത്തിച്ചു. യുവതിയുടെ കേടായ വാഹനം ദിഖിലിന്റെ വീട്ടിലേക്ക് മാറ്റുകയും ചെയ്തു. ഈ വൈരാഗ്യമാണ് പിറ്റേന്ന് രാത്രിയിലെ ആക്രമണത്തിനിടയാക്കിയത്.
സുഹൃത്തിന് കോവിഡായതിനാല്‍ ദിഖില്‍ മറ്റൊരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. മാതാവ് ബേബി അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തി. അക്രമികള്‍ ജാക്കി ലിവര്‍ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. മകനെ മര്‍ദിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ബേബിക്ക് അടിയേറ്റത്.
ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം കേസെടുക്കാമെന്നാണ് എലത്തൂര്‍ പൊലീസ് ദിഖിലിനെ അറിയിച്ചിട്ടുള്ളത്. കേസ് ഒത്തുതീര്‍പ്പാക്കുന്നതിന് പൊലീസ് ബോധപൂര്‍വം സമയം നല്‍കുന്നുവെന്നാണ് കുടുംബത്തിന്റെ പരാതി. തുടര്‍ നടപടിയെടുക്കുന്നതിന് കാലതാമസം വരുത്തിയിട്ടില്ലെന്നും കേസെടുക്കാന്‍ വൈകില്ലെന്നുമാണ് എലത്തൂര്‍ പൊലീസിന്റെ വിശദീകരണം.
അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം
കാലം തെറ്റി വന്ന മഴ കേരളത്തിൽ നാശം വിതയ്ക്കുമ്പോൾ ജീവിതത്തിൻറെ താളം നഷ്ടപ്പെട്ട ഒരു കൂട്ടരാണ് കുട്ടനാടൻ കർഷകർ. കുട്ടനാടൻ കര ഭൂമിയിൽ നേന്ത്രവാഴയും പച്ചക്കറി കൃഷിയും ചെയ്യുന്ന കർഷകർക്ക് ഇരുട്ടടിയായി മെയ് മാസത്തിലെ മഴയും വെള്ളപ്പൊക്കവും. വെള്ളം കയറി ഒട്ടുമിക്ക വിളകളും നശിച്ച കൃഷിയിടങ്ങളാണ് മുട്ടാർ ,വെളിയനാട് , രാമങ്കരി ഗ്രാമപഞ്ചായത്തുകളിൽ കാണാൻ സാധിക്കുന്നത്. ഒരു മാസം കഴിഞ്ഞാൽ വിളവെടുക്കാൻ പാകത്തിലുള്ള നേന്ത്രവാഴ കൃഷിക്കാരെയാണ് മഴ ഏറ്റവും കൂടുതൽ ചതിച്ചത്. കുട്ടനാടൻ പ്രദേശങ്ങളിൽ നേന്ത്രവാഴ കൃഷി വ്യാപകമായുള്ള മുട്ടാർ ഗ്രാമപഞ്ചായത്തിൽ തന്നെ പതിനായിരത്തോളം വാഴകളാണ് വെള്ളപ്പൊക്കത്തിൽ നശിച്ചതെന്നാണ് കർഷകനും മുൻ പഞ്ചായത്ത് മെമ്പറും കൃഷിവിജ്ഞാനകേന്ദ്രത്തിൻ്റെ സമ്മിശ്ര കൃഷിയ്ക്കുള്ള അംഗീകാരവും ലഭിച്ചിട്ടുള്ള ജോജൻ ജോർജ്ജ് മുട്ടാർ മലയാളം യുകെയോട് പറഞ്ഞത്.

ജോജൻ ജോർജ്ജ് മുട്ടാർ തൻെറ നേന്ത്രവാഴ കൃഷിയിടത്തിൽ
വിളകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെങ്കിലും അത് ഫലപ്രദമായി കൃഷിക്കാരിലേയ്ക്ക് എത്തുന്നില്ല എന്ന പരാതിയാണ് കർഷകർക്ക് ഉള്ളത്. നിലവിൽ ഇൻഷുറൻസ് പ്രീമിയം തുക ജില്ലാ സഹകരണ ബാങ്കിൽ അടച്ച് ചെല്ലാൻ കൃഷി ഓഫീസിലേക്ക് അയച്ചുകൊടുക്കുന്നതായ നടപടി ക്രമങ്ങൾ മൂലം പല കർഷകരും വിള ഇൻഷുറൻസിനോട് വിമുഖത കാട്ടുന്നതായാണ് അറിയാൻ സാധിക്കുന്നത്. കൃഷിഭവനിൽ നേരിട്ട് പ്രീമിയം തുക സ്വീകരിച്ച് അവിടെത്തന്നെ തീർപ്പാക്കുന്ന രീതിയിൽ നടപ്പിലാക്കിയാൽ കൂടുതൽ കർഷകർ തങ്ങളുടെ വിളകളെ ഇൻഷ്വർ ചെയ്യാൻ മുന്നോട്ടു വരുമെന്നാണ് കർഷകരുടെ അഭിപ്രായം. അതുപോലെ തന്നെ കഴിഞ്ഞ രണ്ടു വർഷങ്ങളിലും പലർക്കും ഇൻഷുറൻസ് നഷ്ടപരിഹാരം ലഭിക്കാത്തതും കർഷകർ ഇൻഷുറൻസിനോട് വിമുഖത കാണിക്കുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ലോക് ഡൗൺ അനുബന്ധ നിയന്ത്രണങ്ങൾ മൂലം തങ്ങളുടെ വിളകൾ ഇൻഷുർ ചെയ്ത കർഷകരുടെ എണ്ണം ഈ വർഷം പൊതുവേ കുറവാണ്. മഴക്കെടുതിയിൽ വലയുന്ന കൃഷിക്കാർക്ക് തങ്ങളുടെ നഷ്ടങ്ങൾക്ക് ആനുപാതികമായി കൃഷിഭവനുകൾ വഴിയായി എത്രയും പെട്ടെന്ന് നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.
കോവിഡ് പ്രതിരോധത്തിൽ ഏറ്റവുമധികം പിഴവ് കാണിച്ച ലോകത്തെ അഞ്ചുനേതാക്കളിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്രമോഡി. ഭരണമികവുകൊണ്ട് ന്യൂസിലാൻഡ് അടക്കമുള്ള രാജ്യങ്ങൾ മാതൃക കാണിച്ചപ്പോൾ പാളിച്ചകൾ കൊണ്ട് ലോകത്തിന്റെ വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് മോഡിയും ബൊലസെനാരോയും അടക്കമുള്ള ലോകനേതാക്കാൾ.
മഹാമാരിയെ ചെറിയ പകർച്ചപ്പനിയായി ലാഘവത്തോടെ കണ്ടതും ശാസ്ത്രത്തെ അവഗണിക്കുകയും സാമൂഹിക അകലം, മാസ്‌കുകൾ പോലുള്ള കോവിഡ് പ്രതിരോധ മാർഗങ്ങളെ പുച്ഛിക്കുകയുമൊക്കെ ചെയ്താണ് ഈ ഭരണകർത്താക്കൾ തങ്ങളുടെ രാജ്യത്തെ സ്ഥിതി സങ്കീർണമാക്കിയത്. ട്വിറ്ററിൽ ദി കോൺവർസേഷൻ യുഎസ് നടത്തിയ വോട്ടെടുപ്പിൽ മോഡിക്കാണ് ഏറ്റവുമധികം വോട്ട് ലഭിച്ചത്. കോവിഡ് പ്രതിരോധത്തിലെ പിഴവുകൊണ്ട് സ്വന്തം രാജ്യത്തെ ബലികൊടുത്തവരുടെ പട്ടികയിലാണ് മോഡി ഒന്നാമനായിരിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരായ ആളുകൾ തയാറാക്കിയ പട്ടികയിൽ ഒന്നാം സ്ഥാനത്ത് നരേന്ദ്ര മോഡിയും രണ്ടാം സ്ഥാനത്ത് കോവിഡ് രോഗത്തെ തന്നെ ആദ്യഘട്ടത്തിൽ അവഗണിച്ച ബ്രസീൽ പ്രസിഡന്റ് ജെയ്ർ ബൊലസനാരോയുമാണ്.
ഇന്ത്യയിൽ മേയ് മാസത്തിന്റെ തുടക്കത്തിൽ പ്രതിദിനം നാലു ലക്ഷത്തിനടുത്ത് രോഗബാധിതരാണ് ഉണ്ടായിരുന്നത്. ഇപ്പോൾ മൂന്നുലക്ഷത്തോളമായി കുറഞ്ഞു. ലോകത്തെ കോവിഡ് കേന്ദ്രമായി രാജ്യം മാറിയിരിക്കുകയാണ്. മിക്കരാജ്യങ്ങളും ഇന്ത്യ സന്ദർശിച്ചവർക്ക് വിലക്ക് ഏർപ്പെടുത്തുകയും ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തിരിക്കുകയാണ്.
രാജ്യതലസ്ഥാനത്തടക്കം മെഡിക്കൽ ഓക്‌സിജന്റെയും ജീവൻരക്ഷാ മരുന്നായ റെംഡെസിവിറിന്റെയും ലഭ്യതകുറവുകാരണം ആയിരങ്ങളാണ് മരിച്ചുവീണത്. കിടക്കകൾ ഒഴിവില്ലാത്തതിനെ തുടർന്ന് രോഗികൾ തെരുവിൽ കിടന്നും മരിക്കേണ്ട അവസ്ഥയാണ്.
ഒരു ചെറിയ പകർച്ചപ്പനിയായി കോവിഡ് മഹാമാരിയെ വിലയിരുത്തിയ പ്രസിഡന്റ് ജെയ്ർ ബൊലസനാരോയാണ് ബ്രസീലിനെ കൊലയ്ക്ക് കൊടുത്തത്. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങളെ തള്ളിയ അദ്ദേഹം ആരാധനാലയങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയ നടപടി സ്വന്തം അധികാരം ഉപയോഗിച്ച് എടുത്ത് കളഞ്ഞു. സാമൂഹിക അകലം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നിർദേശങ്ങൾ അദ്ദേഹം നിരുത്സാഹപ്പെടുത്തി. മാസ്‌ക് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടൽ പതിവാക്കിയ അദ്ദേഹത്തിന് ഒടുവിൽ കോവിഡ് ബാധിച്ചതും ശ്രദ്ധേയമായിരുന്നു.
ബെലാറസിന്റെ ഭരണാധികാരിയായ അലക്‌സാണ്ടർ ലുക്‌ഷെൻകോയും കോവിഡിനെ തളക്കുന്നതിൽ പരാജയപ്പെട്ടവരുടെ പട്ടികയിലുണ്ട്. മൂന്നാം സ്ഥാനത്താണ് ഇദ്ദേഹം. ലോകത്തെ മിക്കരാജ്യങ്ങളും കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ കോവിഡിനെ പേടിച്ച് ലോക്ഡൗൺ വേണ്ടെന്ന് റഷ്യക്കും പോളണ്ടിനും ഇടയിൽ സ്ഥിതി ചെയ്യുന്ന ബെലാറസ് പ്രഖ്യാപിച്ചു. പ്രസിഡന്റായ ലുക്‌ഷെൻകോ കോവിഡിന് മരുന്നായി നിർദേശിച്ചത് വോഡ്കയും ഹോക്കിയുമെല്ലാമാണ്.
കോവിഡ് പ്രതിരോധം പാളിയ രാജ്യങ്ങളിൽ അതിസമ്പന്ന രാജ്യം യുഎസുമുണ്ട്. മുൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപാണ് അമേരിക്കയെ കോവിഡ് ഹബ്ബാക്കി മാറ്റിയ ഭരണാധികാരി. ഇപ്പോൾ അധികാരത്തിൽ ഇല്ലെങ്കിലും ട്രംപിന്റെ നയങ്ങൾ രാജ്യത്തെ തകർത്തെന്നാണ് വിലയിരത്തൽ അതുകൊണ്ടുതന്നെ മോഷം ഭരണാധികാരികളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ട്രംപ് ഇടംപിടിച്ചിരിക്കുകയാണ്. മഹാമാരിയെ വിലകുറച്ച് കണ്ടതും മാസ്‌ക് ഉപയോഗത്തിനും ചികിത്സ രീതികൾക്കുമെതിരെ സംസാരിച്ചതും പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു.
മെക്‌സിക്കൻ പ്രസിഡന്റ് ആൻന്ദ്രെ മാനുവൽ ലോപസ് ഒബ്രഡോറാണ് മഹാമാരിയെ നേരിടുന്നതിൽ അമ്പേ പരാജയപ്പെട്ട മറ്റൊരു ഭരണാധികാരി. 9.2 ശതമാനം കോവിഡ് രോഗികളും മരിക്കുന്ന മെക്‌സിക്കോയിലെ സ്ഥിതി അതീവഗുരുതരമാണ്. ലോകത്തെ ഏറ്റവും ഉയർന്ന മരണ നിരക്ക് ഇവിടെയാണ്. 6,17,000 മരണങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. പ്രസിഡന്റ് ആൻന്ദ്രെ മാനുവൽ മഹമാരിയെ സംബന്ധിച്ച് പുറപ്പെടുവിച്ച മുന്നറിയിപ്പുകൾ പാടെ തള്ളിക്കളയുന്ന നിലപാടാണ് തുടക്കം മുതൽ സ്വീകരിച്ചത്. തുടക്കത്തിൽ തന്നെ രാജ്യവ്യാപകമായി ലോക്ക്ഡൗൺ നടപ്പാക്കാനുള്ള ആഹ്വാനങ്ങളെ അദ്ദേഹം എതിർത്തു. അതിനുമുമ്പ് രാജ്യവ്യാപകമായി അദ്ദേഹം റാലികൾ നടത്തി. മാസ്‌കും സാമൂഹിക അകലവുമൊന്നും അദ്ദേഹം പ്രോത്സാഹിപ്പിച്ചതിമുല്ല. ഫലമോ ലക്ഷക്കണക്കിനാളുകൾ മരിച്ചുവീഴുന്ന ഭൂമിയായി മെക്‌സിക്കൻ മണ്ണി മാറി.
We’ve got experts on 5 countries looking at how 5 leaders screwed up their countries’ pandemic response.
Story: https://t.co/QxUiuPVL91
Who did the worst? Twitter only allows 4 options in a poll, so to vote for Belarus’s Lukashenko or someone else, leave a comment below
— The Conversation U.S. (@ConversationUS) May 18, 2021
ആർ. ബാലകൃഷ്ണ പിള്ളയുടെ വിൽപത്ര വിവാദത്തിൽ ഗണേഷ്കുമാറിന് പിന്തുണയുമായി ശരണ്യ മനോജ്. ബാലകൃഷ്ണപിള്ള സ്വന്തം നിലയിലാണ് വിൽപത്രം തയാറാക്കിയതെന്നും പെൺമക്കൾക്കാണ് അദ്ദേഹം കൂടുതൽ സ്വത്ത് നൽകിയതെന്നും ബന്ധു കൂടിയായ ശരണ്യ മനോജ് പറഞ്ഞു.
നിലവിലെ വിവാദങ്ങൾ ഗണേഷിന്റെ രാഷ്ട്രീയ ഭാവി തകർക്കാനാണ്. ഗണേഷ് കുമാറുമായുള്ള വിയോജിപ്പുകൾ നിലനിർത്തി കൊണ്ടാണ് വിൽപത്ര വിഷയത്തിൽ ഗണേഷിന് പിന്തുണക്കുന്നതെന്നും ശരണ്യ മനോജ് പറഞ്ഞു.
പിതാവ് ബാലകൃഷ്ണ പിള്ളയുടെ വില്‍പത്രവുമായി ബന്ധപ്പെട്ട് ഗണേഷിന്റെ സഹോദരി ഉഷ മോഹന്‍ദാസ് ആണ് പരാതി ഉന്നയിച്ചത്. വില്പത്രത്തില് ക്രമക്കേട് നടന്നെന്നാണ് ആരോപണം. വിവാദങ്ങളെ തുടര്‍ന്നാണ് ഗണേഷ് കുമാറിനെ ആദ്യ ടേം മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റിയതെന്നാണ് സൂചന.
പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് നാളെ തുടക്കമാകും. നാളെ എംഎൽഎമാരുടെ സത്യപ്രതിജ്ഞയാണ്. ചരിത്രവിജയവുമായി തുടർ ഭരണത്തിലെത്തിയ സർക്കാറിനെ പിണറായി വിജയൻ നയിക്കുമ്പോൾ പ്രതിപക്ഷത്ത് പുതിയ നായകനായി ഇനി വി. ഡി. സതീശൻ എത്തും.
ഒട്ടേറെ പുതുമകളുമായാണ് പതിനഞ്ചാം സഭാ സമ്മേളനം തുടങ്ങുന്നത്. തുടർച്ചയായി അധികാരമേൽക്കുന്ന ആദ്യ മുഖ്യമന്ത്രിയെന്ന ചരിത്രനേട്ടവുമായി പിണറായി. മിന്നും ജയത്തിന്‍റെ ആത്മവിശ്വാസത്തിൽ ഭരണപക്ഷം. തെരഞ്ഞെടുപ്പിൽ തോറ്റ യുഡിഎഫിനെ നയിക്കാനും പിണറായിയോട് എതിരിടാനും പുതിയ പ്രതിപക്ഷനേതാവായി വി. ഡി. സതീശൻ എത്തുന്നു.
സ്പ്രിംഗ്ലർ, സ്വർണ്ണക്കടത്ത് മുതൽ ഇഎംസിസി വരെ സഭയിൽ അഞ്ച് വർഷം മുഴങ്ങിയ ആരോപണ പരമ്പരകളെല്ലാം ജനം തള്ളി എന്ന് പറഞ്ഞാകും പ്രതിപക്ഷത്തെ ഭരണപക്ഷം നേരിടുക. മറുവശത്ത് പ്രതിപക്ഷ നേതാവെന്ന നിലയിൽ ആദ്യ വിലയിരുത്തലിന് വേദിയാകുന്നത്, എന്നും മിന്നും പ്രകടനം കാഴ്ച വെച്ച സഭാതലമെന്നത് സതീശന്റെ അനുകൂല ഘടകം.
പക്ഷെ, വമ്പൻ തെരഞ്ഞെടുപ്പ് തോൽവിക്കും പ്രതിപക്ഷനേതാവിന്റെ തെരഞ്ഞെടുപ്പ് നീണ്ടതിനും ചെന്നിത്തലയെ മറികടന്നതിനുമൊക്കെ ഭരണപക്ഷനിരയിൽ നിന്നുയരുന്ന വിമർശനങ്ങളെ നേരിടൽ വെല്ലുവിളിയാകും. സതീശനെന്ന പുതിയനേതാവിന് പിന്നിലേക്ക് ഉമ്മൻചാണ്ടിയും ചെന്നിത്തലയും മാറുന്ന കോൺഗ്രസ്സിലെ തലമുറമാറ്റത്തിനും സഭ സാക്ഷിയാകും.
പിണറായി മുഖ്യമന്ത്രിയായ നിയമസഭയിൽ പ്രതിപക്ഷനിരയിലേക്ക് കെ. കെ. രമയെത്തുന്നതും മറ്റൊരു കൗതുകം. സംപൂജ്യരായ ബിജെപിക്ക് ഇത്തവണ പുറത്തു നിന്നും കളി കാണേണ്ട സ്ഥിതിയാണ്. നാളെ തന്നെ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കും. 28ന് നയപ്രഖ്യാപനപ്രസംഗവും ജൂൺ 4 ന് ബജറ്റവതരണവും നടക്കും. 14 വരെ സഭാ സമ്മേളനം തുടരും.
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുളളിൽ ഇന്ത്യയിൽ 2,40,842 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 58.83% കേസുകളും തമിഴ്നാട്, കർണാടക, കേരള, മഹാരാഷ്ട്ര ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുളളതാണ്. 14.89% കേസുകൾ തമിഴ്നാട്ടിൽ നിന്നും മാത്രമുളളതാണ്.
ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട തമിഴ്നാട്ടിൽ 35,873 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കർണാടക-31,183, കേരള-28,514, മഹാരാഷ്ട്ര-26,133, ആന്ധ്രപ്രദേശ്-19,981 എന്നിങ്ങനെയാണ് മറ്റു നാലു സംസ്ഥാനങ്ങളിലെ കണക്കുകൾ.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ രാജ്യത്ത് 3741 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇവിടെ 682 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. അതേസമയം കർണാടകയിൽ 451 മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ) കണക്കുകൾ പ്രകാരം മേയ് 22 ന് 21,23,782 കൊവിഡ് ടെസ്റ്റുകളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഇതുവരെ ഇന്ത്യയിൽ 32,86,07,937 സാമ്പിളുകളാണ് കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുളളത്.