രണ്ടാം കോവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യ മൂന്നാം തരംഗത്തെയും
അഭിമുഖീകരിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ.ഇപ്പോള്‍ കോവിഡ് നിയന്ത്രണത്തിനായി പരീക്ഷിക്കുന്ന വാരാന്ത്യ ലോക്ക്ഡൗണ്‍, രാത്രികാല കര്‍ഫ്യൂ എന്നിവ വലിയ ഫലം ചെയ്യില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
രോഗപ്രതിരോധ സംവിധാനങ്ങളാണ് രാജ്യത്ത് വികസിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക, കോവിഡ് കേസുകളുടെ എണ്ണം അടിയന്തിരമായി കുറക്കുക, വാക്‌സിനുകളുടെ വിതരണം വേഗത്തിലാക്കുക എന്നിവയിലൂടെ മാത്രമേ രാജ്യത്തിന് മൂന്നാം കോവിഡ് തരംഗത്തെ അതിജീവിയ്ക്കാന്‍ ആകൂവെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡിന്റെ വ്യാപന ശൃംഖല തകര്‍ക്കണം. ആളുകളുടെ സമ്പര്‍ക്കം കുറക്കുകയാണെങ്കില്‍ കോവിഡ് കേസുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നും റണ്‍ദീപ് ഗുലേറിയ വ്യക്തമാക്കി.
ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുക വഴി ബ്രിട്ടന് കോവിഡിന്റെ രണ്ടാം വ്യാപനം എളുപ്പത്തില്‍ തടയാന്‍ കഴിഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഇത്തരം തീരുമാനങ്ങള്‍ ജനജീവിതത്തെയും ഉപജീവനത്തെയും പ്രതികൂലമായി ബാധിക്കുന്ന കാര്യമായതിനാല്‍ രാജ്യത്ത് പൂര്‍ണമായും പ്രാദേശികമായും ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് ഭരണകര്‍ത്താക്കളാണ് തീരുമാനമെടുക്കേണ്ടത്. ഇത്തരം തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ദൈനംദിന കൂലിപ്പണിക്കാരായ ആളുകളെയും പരിഗണിക്കണമെന്നും ഗുലേറിയ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് കൊവിഡ് കേസുകള്‍ ഇനിയും വര്‍ദ്ധിക്കുകയാണെങ്കില്‍ ഇന്ത്യ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തെ അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍ കൂടുതല്‍ പേരിലേക്ക് വാക്‌സിനേഷന്‍ എത്തുന്നതോടെ മൂന്നാം തരംഗത്തെ അതിജീവിക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഹരിപ്പാട് ചേപ്പാടിലെ റിട്ട.അധ്യാപികയായ എഴുപത്തൊന്നുകാരി കൃത്രിമ ഗർഭധാരണത്തിലൂടെ ജന്മം നൽകിയ കുഞ്ഞിന് പാൽ തൊണ്ടയിൽ കുരുങ്ങി ദാരുണമരണം. 45 ദിവസത്തെ സ്‌നേഹവാത്സല്യങ്ങൾ മാത്രം ഏറ്റുവാങ്ങിയാണ് പെൺകുഞ്ഞ് യാത്രയായത്. രാമപുരം എഴുകുളങ്ങര വീട്ടിൽ റിട്ട. അധ്യാപിക സുധർമയുടേയും ഭർത്താവ് സുരേന്ദ്രന്റേയും പെൺകുഞ്ഞാണ് മരിച്ചത്.
മാർച്ച് 18ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് കുഞ്ഞ് ജനിച്ചത് ജന്മം നൽകിയ പെൺകുഞ്ഞാണു മരിച്ചത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാൽ 40 ദിവസം ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പട്ടതോടെ കഴിഞ്ഞ 28നു രാമപുരത്തെ വീട്ടിൽ കൊണ്ടുവന്നു.
തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വൈകിട്ട് പാൽ തൊണ്ടയിൽ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. നില വഷളായ കുഞ്ഞ് രാത്രി മരിച്ചു.
ആരോഗ്യം കുറവായ കുഞ്ഞിനെ സുധർമയും ഭർത്താവ് റിട്ട. പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസർ സുരേന്ദ്രനും കുഞ്ഞിനെ അതീവ ശ്രദ്ധയോടെ പരിചരിച്ചു വരികയായിരുന്നു. ഈയിടെ കുഞ്ഞിന്റെ തൂക്കം 1100 ൽ നിന്നും 1400ലേക്ക് ഉയർന്നതിന്റെ സന്തോഷത്തിലായിരുന്നു ഇവർ. ഇതിനിടെയാണ് എല്ലാ സന്തോഷങ്ങളേയും തല്ലിക്കെടുത്തി കുഞ്ഞ് മരണത്തിനു കീഴടങ്ങിയത്.
ഒന്നര വർഷം മുൻപ് 35 വയസ്സുള്ള ഇവരുടെ മകൻ സുജിത് സൗദിയിൽ മരിച്ചതോടെയാണ് ഒരു കുഞ്ഞു കൂടി ജീവിതത്തിൽ വേണമെന്നു സുധർമയും സുരേന്ദ്രനും ആഗ്രഹിച്ചത്.
മാര്‍ത്തോമ്മാ വലിയമെത്രാപ്പൊലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം കാലംചെയ്തു. 104 വയസ്സായിരുന്നു. കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 1.15-നായിരുന്നു അന്ത്യം. രണ്ടാഴ്ച മുന്‍പ് ആന്റിജന്‍ പരിശോധനയില്‍ കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്ന് മെത്രാപ്പൊലീത്തായെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു. പിറ്റേന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ കോവിഡ് നെഗറ്റീവായെങ്കിലും മൂത്രത്തിലെ അണുബാധയും മറ്റ് അസ്വസ്ഥതകളുമുള്ളതിനാല്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ, വിശ്രമജീവിതം നയിക്കുന്ന കുമ്പനാട്ടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. രാത്രിയോടെ സ്ഥിതി മോശമാകുകയായിരുന്നു.
എട്ടുവര്‍ഷത്തോളം സഭാധ്യക്ഷനായിരുന്നു. 2018-ല്‍ രാഷ്ട്രം പദ്മഭൂഷണ്‍ നല്കി ആദരിച്ചു. നര്‍മത്തില്‍ ചാലിച്ച പ്രഭാഷണങ്ങളിലൂടെയാണ് വലിയമെത്രാപ്പൊലീത്താ കേഴ്വിക്കാരുടെ പ്രിയപ്പെട്ട വലിയ തിരുമേനിയായത്.
മാരാമണ്‍ കണ്‍വെന്‍ഷനിലും അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദുമതപരിഷത്തിലും പ്രഭാഷണം നടത്തിയിട്ടുള്ള ഏക ആധ്യാത്മികപ്രഭാഷകന്‍കൂടിയായിരുന്നു അദ്ദേഹം.
മാര്‍ത്തോമ്മാ സഭയിലെ പ്രമുഖ വൈദികനും വികാരിജനറാളുമായിരുന്ന ഇരവിപേരൂര്‍ കലമണ്ണില്‍ കെ.ഇ.ഉമ്മന്റെയും കളക്കാട് നടക്കേവീട്ടില്‍ ശോശാമ്മയുടെയും രണ്ടാമത്തെ മകനായി 1918 ഏപ്രില്‍ 27-ന് ജനിച്ചു. ഫിലിപ്പ് ഉമ്മന്‍ എന്നായിരുന്നുപേര്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളിലായുള്ള സ്‌കൂള്‍വിദ്യാഭ്യാസത്തിനുശേഷം ആലുവ യു.സി. കോളേജിലായിരുന്നു ബിരുദപഠനം. െബംഗളൂരൂ, കാന്റര്‍ബെറി എന്നിവിടങ്ങളില്‍നിന്നായി വേദശാസ്ത്രവും പഠിച്ചു. 1940 സെപ്റ്റംബര്‍ ജൂണ്‍ മൂന്നിന് ഇരവിപേരൂര്‍ പള്ളിയില്‍ വികാരിയായാണ് ദൈവശുശ്രൂഷയുടെ ഔദ്യോഗികതുടക്കം.
1999 ഒക്ടോബര്‍ 23-ന് മെത്രാപ്പൊലീത്തായായി. 2007 ഓഗസ്റ്റ് 28-ന് സ്ഥാനത്യാഗത്തിനുശേഷം മാരാമണ്ണിലെ ജൂബിലി മന്ദിരത്തില്‍ കഴിഞ്ഞിരുന്ന ക്രിസോസ്റ്റത്തെ പിന്നീട് ശാരീരിക അവശതകളെത്തുടര്‍ന്ന് വിശ്രമജീവിതത്തിനായി കുമ്പനാട്ടെ സ്വകാര്യ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ മരണത്തില്‍ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായതതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്
മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തില്‍ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.
വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നല്‍കുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂര്‍വ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയര്‍ത്തിയെടുത്തു. 100 വര്‍ഷത്തിലധികം ജീവിക്കാന്‍ കഴിയുക എന്നത് അത്യപൂര്‍വമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവര്‍ക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നര്‍മമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലര്‍ത്തി എല്ലായ്‌പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായത്.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ത്യയുമായി ഒരു ബില്യൻ പൗണ്ട് വിലമതിക്കുന്ന പുതിയ വ്യാപാര നിക്ഷേപ പദ്ധതികൾ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചു. ഇതുവഴി ഇന്ത്യയിൽ നിന്നും 533 മില്യൺ പൗണ്ടിൻെറ പുതിയ നിക്ഷേപം യുകെയിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിലൂടെ 6000 തൊഴിലവസരങ്ങൾ രാജ്യത്ത് സൃഷ്ടിക്കപ്പെടും ഭാവിയിൽ ഇന്ത്യയും യുകെയും തമ്മിൽ ഒരു സ്വതന്ത്ര വ്യാപാര കരാറിന് വഴിയൊരുക്കാൻ പുതിയ വ്യാപാര നിക്ഷേപ ഇടപാടുകൾ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയിൽ കോവിഡ് -19 രൂക്ഷമായ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസൻെറ ഇന്ത്യൻ സന്ദർശനം ആദ്യം വെട്ടിച്ചുരുക്കുകയും പിന്നീട് മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. എങ്കിലും ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഓൺലൈൻ മീറ്റിങ്ങിലൂടെ കാര്യങ്ങൾ ചർച്ച ചെയ്യുമെന്ന് ബോറിസ് ജോൺസൺ അറിയിച്ചിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയുമായി നടത്താനിരുന്ന വെർച്യുൽ മീറ്റിങ്ങിന് മുന്നോടിയായി പ്രഖ്യാപിച്ച കരാറിൽ സെറം ഇൻസ്റ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ 240 മില്യൺ പൗണ്ടിൻെറ നിക്ഷേപം ഉൾപ്പെടുന്നത് കോവിഡ് വാക്സിൻെറ ക്ലിനിക്കൽ പരീക്ഷണങ്ങൾ, ഗവേഷണങ്ങൾ, വാക്സിൻ നിർമ്മാണം എന്നീ കാര്യങ്ങളെ വളരെ സഹായിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. കോഡജെനിക്സുമായി സംയുക്തമായി ഒരു ഡോസ് നാസൽ വാക്സിൻ വികസിപ്പിക്കുന്നതിനുള്ള പ്രാരംഭ പരീക്ഷണം സെറം യുകെയിൽ ആരംഭിച്ചുകഴിഞ്ഞിരുന്നു.

പുതിയ നിക്ഷേപ പദ്ധതിയുടെ ഭാഗമായി സാങ്കേതിക മേഖലയിലും ആരോഗ്യമേഖലയിലും ഒട്ടേറെ സംരംഭങ്ങൾ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ്, എംഫാസിസ് തുടങ്ങിയ സ്ഥാപനങ്ങളിൽ ആയിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും എന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡും ലോക്ക്ഡൗൺ മൂലം സമ്പദ്‌വ്യവസ്ഥയ്ക്ക് ഏൽപ്പിച്ച പ്രഹരത്തെ മറികടക്കാനും ബ്രിട്ടീഷ് , ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനും പുതിയതായി സൃഷ്ടിക്കപ്പെട്ട 6000 ത്തിലധികം തൊഴിലവസരങ്ങൾ പ്രയോജനപ്പെടുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. യുകെയും ഇന്ത്യയും തമ്മിൽ പ്രതിവർഷമുള്ള 23 ബില്യൻ പൗണ്ട് വ്യാപാരം 2030 ഓടെ ഇരട്ടിയാക്കാനാണ് യുകെ സർക്കാർ ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ നിന്ന് തിരികെ വരുന്ന പൗരൻമാർക്ക് വിലക്കുമായി ഓസ്ട്രേലിയ. 14 ദിവസമെങ്കിലും ഇന്ത്യയിൽ ചിലവഴിച്ചവർ തൽക്കാലം ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കേണ്ട എന്നാണ് സർക്കാർ തീരുമാനം. വിലക്ക് ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ 66000ഡോളർ പിഴയോ ശിക്ഷയായി ലഭിക്കും.
കോവിഡ് രണ്ടാംതരംഗം ഇന്ത്യൽ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ ഈ നീക്കം. പ്രവേശന വിലക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഓസ്ട്രേലിയ നേരത്തേ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 9000 ത്തോളം ഓസ്ട്രേലിയൻ പൗരൻമാർ ഇന്ത്യയിലുണ്ടെന്നാണ് കണക്ക്. ഇവരിൽ 600 പേർക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഐപിഎല്ലിന്റെ ഭാഗമായും ഓസീസ് താരങ്ങൾ രാജ്യത്തുണ്ട്.
ടുമ്പന്‍ ചോലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംഎം മണിയോട് പരാജയപ്പെട്ടതിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ എം ആഗസ്തി തല മൊട്ടയടിച്ചു. തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരം വോട്ടിന് താന്‍ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. വേട്ടെണ്ണല്‍ ദിവസം പരാജയം ഉറപ്പിച്ചപ്പോള്‍ തന്നെ അടുത്ത ദിവസം താന്‍ മൊട്ടയടിക്കുമെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
എന്നാലിപ്പോള്‍ മൊട്ടയടിച്ച തന്റെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.വേളാങ്കണ്ണി പള്ളിയിൽ എത്തിയാണ് ആഗസ്തി തല മുണ്ഡനം ചെയ്തത്. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന് അടിക്കുറിപ്പും ചിത്രത്തോടൊപ്പം ഉണ്ട്. മൊട്ടയടിക്കരുതെന്ന് എംഎം മണി അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു.
തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയുടെ സത്യപ്രതിജ്ഞ പതിനെട്ടാം തീയതി ചൊവാഴ്‌ച നടക്കും. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ച് രാജ്ഭവനിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. സി പി എമ്മിലെ കേരളത്തിലെ പി ബി മെമ്പർമാർ തമ്മിലുളള യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്.
2016 മേയ് 25നാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. സത്യപ്രതിജ്ഞയ്‌ക്ക് മുമ്പായി മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാക്കാനാണ് സി പി എമ്മിലെ ധാരണ. 17ന് രാവിലെ എൽ ഡി എഫ് യോഗം ചേർന്ന് ഏതൊക്കെ പാർട്ടികൾക്ക് എത്ര മന്ത്രിസ്ഥാനം എന്ന കാര്യത്തിൽ തീരുമാനമെടുക്കും. പതിനെട്ടിന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരിക്കും സി പി എം മന്ത്രിമാരുടെ കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയെന്നാണ് വിവരം.
പതിനെട്ടാം തീയതി വൈകിട്ടോടെ സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് തീരുമാനം. സാങ്കേതികമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ മാത്രം സത്യപ്രതിജ്ഞ അടുത്ത ദിവസത്തേക്ക് നീണ്ടേക്കും. മന്ത്രിമാരുടെ ബന്ധുക്കൾ പരിപാടിയിൽ പങ്കെടുക്കുന്നതിലും ചർച്ചകൾ തുടരുകയാണ്. പരമാവധി ആളെ ചുരുക്കി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തണമെന്നാണ് തീരുമാനം
തിരു.: സംസ്ഥാനത്ത് ഇന്ന് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കൂടി എത്തും. 75,000 ഡോസ് കൊവാക്സിനും കേരളത്തിൽ എത്തിയിട്ടുണ്ട്. അതേസമയം, പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷന്‍ സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്നൊരു നിര്‍ദ്ദേശവും കിട്ടിയിട്ടുമില്ല.
കൊവാക്സിനും കൊവിഷീല്‍ഡും ഉള്‍പ്പെടെ ആകെ 2 ലക്ഷം ഡോസ് വാക്സിനാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. പല ജില്ലകളിലും നല്‍കിയിട്ടുള്ളത് വളരെ കുറച്ച് ഡോസ് വാക്സിന്‍ മാത്രമാണ്. ഇന്ന് കൂടുതല്‍ കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ആകെ ഉള്ള വാക്സിനില്‍ നല്ലൊരു പങ്കും തീരും. ഈ സാഹചര്യത്തിലാണ് നാല് ലക്ഷം ഡോസ് കൊവിഷീല്‍ഡ് വാക്സിന്‍ കേരളത്തിലെത്തുന്നത
കോഴിക്കോട്: വടകരയിലെ ആർഎംപിയുടെ എംഎൽഎ സ്ഥാനം പിണറായി വിജയനെ അലോസരപ്പെടുത്തുമെന്ന് കെ.കെ. രമ. ജീവിച്ചിരിക്കുന്ന ടിപിയെ സഭയിൽ പിണറായിക്ക് കാണാമെന്നും കൊലപാതക രാഷ്ട്രീയത്തിനെതിരെ നിയമസഭയിൽ ശബ്ദമുയർത്തുമെന്നും രമ വ്യക്തമാക്കി.
വടകര വിധിയെഴുത്ത് അക്രമ രാഷ്ട്രീയത്തിനെതിരെയുള്ളതാണ്. മനുഷ്യന് ജീവിക്കാനുള്ള അവകാശമാണ് വേണ്ടത്. ടിപിയ്ക്ക് സമർപ്പിക്കാനുള്ള വിജയമാണിത്. ഒരാശയത്തെയാണ് സിപിഎം ഇല്ലാതാക്കാൻ നോക്കിയത്. എതിരഭിപ്രായം പറയുന്നവരെ കൊന്നുതള്ളുന്നവർക്കെതിരെ പോരാടും. ആർഎംപിയുടെ രാഷ്ട്രീയത്തിന് കൂടുതൽ പ്രസക്തിയുണ്ടെന്നും രമ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലേക്ക് നേതാക്കളുടെ ഒഴുക്കായിരുന്നു. മന്ത്രിമാരും എം.പിമാരും എംഎല്‍എമാരുമടക്കം ഇതിലുണ്ടായിരുന്നു. ഇനി നേതാക്കളെ ‘എടുക്കുന്നില്ലെ’ന്ന് ഒരു ഘട്ടത്തില്‍ ബി.ജെ.പിക്ക് പറയേണ്ടിയും വന്നു. തൃണമൂല്‍ വിട്ടു വന്ന നേതാക്കളായിരുന്നു പലയിടത്തും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ഇവരില്‍ ബഹുഭൂരിപക്ഷവും തോറ്റു.
നന്ദിഗ്രാമില്‍ മമത ബാനര്‍ജിക്കെതിരെ ജയിച്ച സുവേന്ദു അധികാരി, കൂച്ച്ബിഹാറില്‍ മിഹിര്‍ ഗോസ്വാമി, ബിഷ്ണുപുറില്‍ തന്മയ് ഘോഷ്, റണഘട്ട് നോര്‍ത്ത് വെസ്റ്റില്‍ പാര്‍ത്ഥ സാരതി ചാറ്റര്‍ജി തുടങ്ങിയവര്‍ മാത്രമാണ് ജയിച്ചു കയറിയ മുന്‍ തൃണമൂല്‍ നേതാക്കള്‍.
നന്ദിഗ്രാമില്‍ 2016-ല്‍ 81,230 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തൃണമൂല്‍ ടിക്കറ്റില്‍ സുവേന്ദു അധികാരി ജയിച്ചത്. എന്നാലിത്തവണ ഭൂരിപക്ഷം 1956 ആയി.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മമത മന്ത്രിസഭയില്‍ ജലസേചന വകുപ്പു മന്ത്രിയായിരുന്ന രാജീവ് ബാനര്‍ജി തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. ഹൗറയിലെ ദൊംജുറില്‍ മത്സരിച്ച രാജീവ് ബാനര്‍ജി തൃണമൂലിലെ കല്യാണ്‍ ഘോഷിനോട് 42,512 വോട്ടിന് പരാജയപ്പെട്ടു. കഴിഞ്ഞ തവണ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ചിരുന്നപ്പോള്‍ രാജീവ് ബാനര്‍ജിക്ക് ഒരു ലക്ഷത്തിന് മുകളില്‍ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.
വൈശാലി ദാല്‍മിയ മുതല്‍ മുന്‍ ഹൗറ മേയര്‍ റതിന്‍ ചക്രവര്‍ത്തി വരെ തോറ്റ മുന്‍ തൃണമൂല്‍ നേതാക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ് തൃണമൂല്‍ വിട്ട് പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാക്കളെ കുറ്റപ്പെടുത്തി രംഗത്തെത്തി. തൃണമൂലില്‍നിന്ന് ബി.ജെ.പിയിലേക്ക് എത്തിയവരെ ജനം അംഗീകരിച്ചില്ലെന്ന് തോന്നുന്നുവെന്ന് ദിലീപ് ഘോഷ് പറഞ്ഞു.