കേരള രാഷ്‌ട്രീയത്തിലെ ധീരയായ വനിത എന്ന് പേരെടുത്ത ഗൗരിയമ്മ കേരളത്തിലെ കമ്മ്യൂണിസ്‌റ്റ് പ്രസ്‌ഥാനങ്ങളുടെ ഏറ്റവും മുതിർന്ന സഹയാത്രിക കൂടിയായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേർത്തല അന്ധകാരനഴി എന്ന ഗ്രാമത്തിൽ 1919 ജൂലായ് 14നാണ് ഗൗരിയമ്മ ജനിച്ചത്. കളത്തിപ്പറമ്പിൽ കെഎ രാമൻ, പർവ്വതിയമ്മ എന്നിവരാണ് മാതാപിതാക്കൾ.

തിരൂർ, ചേർത്തല എന്നിവിടങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസത്തിന് ശേഷം അവർ എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിഎ ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്‌ഥമാക്കി. ഇക്കാലത്ത് വിദ്യാർഥി രാഷ്‌ട്രീയത്തിൽ സജീവമായ ഗൗരിയമ്മ നിരവധി സമരങ്ങളിൽ പങ്കെടുത്തിരുന്നു.

പിന്നീട് 1953ലും 1954ലും നടന്ന തിരുവിതാംകൂർ, തിരു-കൊച്ചി നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ അവർ വിജയിച്ചു. ഐക്യകേരളത്തിന്റെ രൂപീകരണത്തിന് ശേഷം 1957ൽ ലോകത്തിലാദ്യമായി തിരഞ്ഞെടുപ്പിലൂടെ അധികാരമേറ്റ കമ്മ്യൂണിസ്‌റ്റ് മന്ത്രിസഭയിൽ ഗൗരിയമ്മയും അംഗമായി. ഇക്കാലയളവിലാണ് ഇതേ മന്ത്രിസഭയിൽ അംഗമായിരുന്ന മുതിർന്ന നേതാവ് ടിവി തോമസിനെ ഗൗരിയമ്മ ജീവിത പങ്കാളിയായി സ്വീകരിച്ചത്.

എന്നാൽ 1964ൽ കമ്മ്യൂണിസ്‌റ്റ് പാർട്ടി പിളർന്ന് രണ്ടായപ്പോൾ ഗൗരിയമ്മ സിപിഎമ്മിനൊപ്പവും, ടിവി തോമസ് സിപിഐക്കൊപ്പവും നിന്നു. രാഷ്‌ട്രീയത്തിലും, വ്യക്‌തിജീവിതത്തിലും ശക്‌തമായ നിലപാടുകൾ സ്വീകരിച്ച കെആർ ഗൗരിയമ്മ 1964 മുതൽ 1994 വരെ സിപിഎമ്മിനൊപ്പം ചേർന്ന് നിന്നു, ഇക്കാലയളവിൽ കേരളത്തിലെ ഏറ്റവും ശക്‌തയായ വനിതാ നേതാവ് മാത്രമായിരുന്നില്ല ഗൗരിയമ്മ, പാർട്ടിയുടെ അവസാനവാക്ക് കൂടിയായിരുന്നു.

1980കളിലും 90കളിലും കേരളത്തിലെ ആദ്യ വനിതാ മുഖ്യമന്ത്രിയായി കെആർ ഗൗരിയമ്മയുടെ പേര് പല്ലപ്പോഴും ഉയർന്ന് കേട്ടിരുന്നു. പല തവണ അത് പാർട്ടി നേതൃത്വം പരസ്യമാക്കുകയും ചെയ്‌തു. എന്നാൽ പുറത്തറിയപ്പെടാത്ത വിഭാഗീയത ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഗൗരിയമ്മയെ മുഖ്യമന്ത്രി സ്‌ഥാനത്ത്‌ നിന്നകറ്റിയതെന്ന് പിൽക്കാലത്ത് പല തുറന്ന് പറച്ചിലുകളുമുണ്ടായി. എങ്കിലും ഒരു പരിധിവരെ കേരള രാഷ്‌ട്രീയത്തിൽ നിലനിന്നിരുന്ന ആൺമേൽക്കോയ്‌മയാണ് ഗൗരിയമ്മക്കും തടസമായി നിന്നതെന്ന് അക്കാലത്തെ പരസ്യമായ രഹസ്യമായിരുന്നു.

തൊണ്ണൂറുകളുടെ മധ്യത്തോടെ (1994) പാർട്ടി വിട്ട ഗൗരിയമ്മ സ്വതന്ത്രമായ രാഷ്‌ട്രീയ കക്ഷി രൂപീകരിച്ച് ഒരിക്കൽ കൂടി തന്റെ നിലപാട് വ്യക്‌തമാക്കി. ജനാധിപത്യ സംരക്ഷണ സമിതി (ജെഎസ്എസ്) എന്ന പാർട്ടിയുടെ പിറവി അവിടെയായിരുന്നു. തുടക്കം മുതൽ ഐക്യജനാധിപത്യ മുന്നണിയുമായി ഒത്തുചേർന്നാണ് ഗൗരിയമ്മയും പാർട്ടിയും പ്രവർത്തിച്ചിരുന്നത്.

2001ലെ ഐക്യ ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ കൃഷിമന്ത്രിയായി ഗൗരിയമ്മ വീണ്ടും നിർണായക ശക്‌തിയായി മാറി. ഈ തിരഞ്ഞെടുപ്പിൽ അഞ്ചു സീറ്റുകളിൽ മൽസരിച്ച ജെഎസ്എസ് നാലെണ്ണത്തിലും വിജയിച്ചിരുന്നു. എന്നാൽ പിൽക്കാലത്ത് (2016) അവർ വീണ്ടും ഇടതുമുന്നണിയിലേക്ക് തന്നെ എത്തിയെന്നതാണ് വിരോധാഭാസം. കഴിഞ്ഞ അഞ്ച് വർഷമായി ഇടതുമുന്നണിയിൽ പ്രത്യേക ക്ഷണിതാവായിരുന്നു അവർ.

  ഭക്ഷണത്തിന് രുചിയില്ല, തർക്കം; കോട്ടയം കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനിൽ കൂട്ടത്തല്ല്

കേരള രാഷ്‌ട്രീയത്തിലെ തകർക്കപ്പെടാത്ത ഒരുകൂട്ടം റെക്കോഡുകളും ഗൗരിയമ്മയുടെ പേരിലുണ്ട്, നിയമസഭയിലേക്ക് ഏറ്റവുമധികം തവണ തിരഞ്ഞെടുക്കപ്പെട്ട വ്യക്‌തി, ഏറ്റവും പ്രായം കൂടിയ നിയമസഭാംഗം(85 വയസ്), ഏറ്റവും കൂടുതൽ കാലം നിയമസഭാംഗം, ഏറ്റവും പ്രായം കൂടിയ മന്ത്രി, കേരളത്തിൽ ആദ്യമായി രാഷ്‌ട്രീയപാർട്ടി രൂപീകരിച്ച വനിത തുടങ്ങിയവയാണ് അത്.

1957ലെ കേരളാ സ്‌റ്റേറ്റ് ഓഫ് എവിക്ഷൻ പ്രൊസീഡിംഗ്‌സ് ആക്‌ട് (കുടിയൊഴിപ്പിക്കൽ നടപടിക്രമ നിയമം), ട്രാവൻകൂർ കൊച്ചിൻ ലാന്റ് ടാക്‌സ് (തിരു-കൊച്ചി ഭൂനികുതി നിയമം), കേരളാ ലാൻഡ് കൺസർവൻസി ആക്‌ട് (ഭൂസംരക്ഷണനിയമം) തുടങ്ങി തന്റെ ഭരണകാലത്ത് ഗൗരിയമ്മ നടപ്പിൽ വരുത്തിയ നിയമങ്ങൾ ഇന്നും ചർച്ച ചെയ്യപെടുന്നവയാണ്.

ഏകദേശം എട്ട് പതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്ത് ജ്വലിച്ചു നിന്നിരുന്ന നക്ഷത്രമായിരുന്നു കെആർ ഗൗരിയമ്മ, വിട്ടുവീഴ്‌ചയില്ലാത്ത നിലപാടുകൾ കൊണ്ടും പ്രവർത്തന രീതി കൊണ്ടും ഏത് കാലത്തും ചർച്ച ചെയ്യപ്പെടേണ്ട വ്യക്‌തിത്വം കൂടിയായിരുന്നു അവരുടേത്. കെആർ ഗൗരിയമ്മക്ക് മലയാളംയുകെ ന്യൂസിന്റെ ആദരാഞ്‌ജലികൾ.

എ.കെ.ആന്റണിയുടെ അനുശോചനത്തില്‍ നിന്ന്…

ചേര്‍ത്തല സ്‌ക്കൂളില്‍ പഠിക്കുന്ന കാലം മുതല്‍ എനിക്ക് നേരിട്ട് പരിചയമുള്ള നേതാവാണ്, ഗൗരിയമ്മ ചേര്‍ത്തലക്കാരിയാണ്. ഞങ്ങള്‍ ഒരു നാട്ടുകാരുമാണ്. കേരള രാഷ്ട്രീയത്തിലെ ഇതിഹാസിക നായികയായിട്ടാണ് ഗൗരിയമ്മയെ കണക്കാക്കുന്നത്. വിപ്ലവപരമായ ചരിത്രം സൃഷ്ടിച്ച രാഷ്ട്രീയ നേതാക്കള്‍ ചുരുക്കമാണ്. വിദ്യാര്‍ത്ഥി കാലം മുതല്‍ രാഷ്ട്രീയ രംഗത്തേക്ക് വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. നിരവധി ത്യാഗങ്ങളും കഷ്ടപ്പാടും ജയില്‍ശിക്ഷയും അനുഭവിക്കേണ്ടി വന്നു.

കെ.ആര്‍ ഗൗരിയമ്മയാണ് കേരളത്തിലെ കുടിയാന്മാര്‍ക്കും പാട്ടക്കാര്‍ക്കും മോചനം നല്‍കിയത്. ഗൗരിയമ്മ അവതരിപ്പിച്ച ബില്ലില്‍ കൂടിയാണ് ദരിദ്രരായ കുടിയാന്മാര്‍ക്ക് ഭൂമി ലഭിച്ചത്. ഇന്ത്യയില്‍ ആദ്യമായി സമഗ്രമായ കാര്‍ഷിക പരിഷ്‌കരണ നിയമം അവതരിപ്പിച്ചതും പാസാക്കിയതും നടപ്പിലാക്കിയതും ഗൗരിയമ്മാണ്. അത് ഇന്ത്യയിലുടനീളം കൊടുങ്കാറ്റായി. കാര്‍ഷിക പരിഷ്‌കരണത്തിന്റെ ഒന്നാമത്തെ അവകാശി കെആര്‍ ഗൗരിയമ്മയാണ്.

വ്യക്തിപരമായ സൗഹൃദത്തിന് രാഷ്ട്രീയമോ മതമോ രാഷ്ട്രീയമോ ഇല്ല. ഗൗരിയമ്മ ഒരു നിലപാട് എടുത്താല്‍ അത് പാവപ്പെട്ടവരുടേയും അധ്വാനിക്കുന്നവരുടേയും കേരളത്തിലെ സ്ത്രീ സമൂഹത്തിന്റെ കൂടെയായിരുന്നു. എന്റെ മന്ത്രിസഭയില്‍ ഗൗരിയമ്മ മന്ത്രിയായത് ഒരു ബഹുമതിയായിട്ടാണ് കാണുന്നത്. ഗൗരിയമ്മയുടെ ജീവിതത്തിലെ ഏറ്റവും വലിയ ദുഃഖം പ്രണയിച്ച് കല്യാണം കഴിച്ച ടിവി തോമസുമായിട്ടുള്ള ബന്ധത്തിലെ വിള്ളലായിരുന്നു. അത് അവസാന കാലം വരെ ഗൗരിയമ്മ പറയുമായിരുന്നു. അവസാനകാലം വരെ ഇഷ്ടവും

സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നത് ടിവി തോമസിനോടായിരുന്നു. കേരം തിങ്ങും കേരള നാട്ടില്‍ കെആര്‍ ഗൗരിയമ്മ ഭരിക്കട്ടെയെന്ന് പറഞ്ഞ പാര്‍ട്ടി അവരെ മുഖ്യമന്ത്രിയാക്കാത്തതും കെആര്‍ ഗൗരിയമ്മയെ ദുഃഖിപ്പിച്ചു