എൻഡിഎ സഖ്യത്തെ കാഴ്ചക്കാരാക്കി തമിഴ്‌നാട്ടിൽ ഭരണം പിടിച്ച എംകെ സ്റ്റാലിനും ഡിഎംകെയും കേന്ദ്രത്തെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടികൾ എടുത്ത് ശ്രദ്ധയാകർഷിക്കുകയാണ്. സൊഹ്‌റാബുദ്ദീൻ ഷെയ്ക്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐപിഎസിനെ തമിഴ്‌നാടിന്റെ പുതിയ ഡിജിപിയായി നിയമിച്ചാണ് സ്റ്റാലിൻ സർക്കാർ ചർച്ചകൾക്ക് വഴിതുറന്നിട്ടിരിക്കുന്നത്. വിജിലൻസ്-ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം.

2010ലെ സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസുമായി ബന്ധപ്പെട്ട് അമിത് ഷായെ അറസ്റ്റ് ചെയ്താണ് കന്ദസ്വാമി ഐപിഎസ് വാർത്താതാരമായത്. അന്ന് അദ്ദേഹം സിബിഐ ഐജിയായി പ്രവർത്തിച്ചുവരികയായിരുന്നു. പിന്നീട് അമിത് ഷാ കുറ്റവിമുക്തനായെങ്കിലും അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്യാൻ മടിക്കാത്ത കന്ദസ്വാമിയുടെ ധീരത വലിയ ചർച്ചയായിരുന്നു. എസ്എൻസി ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് കന്ദസ്വാമി പിണറായി വിജയനെതിരെയും അന്വേഷണം നടത്തിയിരുന്നു.

അനീതിക്ക് എതിരെ മുഖം നോക്കാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥൻ എന്ന് പേരുകേട്ട കന്ദസ്വാമിയെ വിജിലൻസ് തലപ്പത്ത് നിയമിച്ച മുഖ്യമന്ത്രി സ്റ്റാലിന് നിരവധി പേർ സമൂഹമാധ്യമങ്ങളിലൂടെ പ്രശംസിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് തന്നെ തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലേറിയാൽ എഐഎഡിഎംകെ നേതാക്കളുടെ ഉൾപ്പെടെ അഴിമതി പുറത്തുകൊണ്ടുവരുമെന്നും ശക്തമായ നടപടിയെടുക്കുമെന്നും സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടപ്പിലാക്കുന്നതിന്റെ ആദ്യ സൂചനയാണ് കന്ദസ്വാമിയുടെ നിമയനം എന്നാണ് റിപ്പോർട്ടുകൾ.

സ്റ്റാലിനെ പ്രശംസിക്കുന്ന കോൺഗ്രസ് നേതാവ് ടി സിദ്ധിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

സൊഹ്‌റാബുദ്ദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്ത പി കന്ദസ്വാമി ഐ പി എസ് പുതിയ തമിഴ്‌നാട് ഡിജിപി. വിജിലൻസ്ആന്റി കറപ്ഷൻ തലപ്പത്താണു നിയമനം. ബിജെപി ഇല്ലാതാക്കാൻ ശ്രമിച്ച ധീരനായ പോലീസ് ഓഫീസറെ നിയമിച്ച തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനു അഭിവാദ്യങ്ങൾ. ഫാഷിസ്റ്റ് ഭരണകൂടത്തിനു നേരെയുള്ള ചെറുത്ത് നിൽപ്പിന്റെ ഭാഗമാണു ഇത്തരം തീരുമാനങ്ങൾ. കോൺഗ്രസ് ഉൾപ്പെടുന്ന തമിഴ്‌നാട് സർക്കാറിന്റെ ആഭ്യന്തരം പിന്നിൽ നിന്ന് ആർക്കും നിയന്ത്രിക്കാനാവില്ലെന്നതിന്റെ സൂചന കൂടിയാണിത്.