മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച നിലയിൽ കണ്ടെത്തിയ വാഹനത്തിന്റെ ഉടമ മനുഷ്ക് ഹിരണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. പോലീസുകാരൻ ഉൾപ്പടെ രണ്ടു പേരെയാണ് മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്ക്വാഡ്(എടിഎസ്) പിടികൂടിയത്.
അറസ്റ്റിലായ പോലീസുകാരൻ വിനായക് ഷിൺഡെ നിലവിൽ സസ്പെൻഷനിലാണ്. നരേഷ് ഗോറെയാണ് അറസ്റ്റിലായ രണ്ടാമൻ. ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാൾക്ക് അന്വേഷണം പുരോഗമിക്കുകയാണ്.
കൊലപാതക കേസ് കേന്ദ്രസർക്കാർ എൻഐഎക്ക് കൈമാറിയതിനു പിന്നാലെയാണ് അറസ്റ്റ്. അന്വേഷണം എൻഐഎക്ക് കൈമാറിയതായി മഹാരാഷ്ട്ര സർക്കാർ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്ന് എടിഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. അറസ്റ്റിലായവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
കാസർഗോഡ്: മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർഥിയെ കാണാനില്ലെന്ന് പരാതി. സ്ഥാനാർഥി കെ.സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു.
നാമനിർദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച രാത്രി മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് പരാതി.
അതേസമയം സുന്ദരയും കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു.
>
തൃശൂര്‍ കുട്ടനല്ലൂരില്‍ വനിതാ ഡോക്ടറെ അച്ഛൻ്റെ കൺമുന്നിൽ കുത്തിക്കൊന്ന കേസിൽ കൊലയാളിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. അറസ്റ്റിലായി എഴുപത്തിയഞ്ചാം ദിവസം കൊലയാളിക്ക് ഹൈക്കോടതി നൽകിയ ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്.
2020 സെപ്തംബർ 28നായിരുന്നു കൊലപാതകം. മൂവാറ്റുപുഴ സ്വദേശി സോന ജോസാണ് കൊല്ലപ്പെട്ടത്. പ്രതിയായ മഹേഷ് നേരത്തെ സോനയുടെ സുഹൃത്തായിരുന്നു. തൃശൂർ കുട്ടനെല്ലൂരിൽ ഡെൻറൽ ക്ലിനിക് തുടങ്ങിയപ്പോൾ ഇൻ്റീരിയർ ഡിസൈനിങ് നടത്തിയത് മഹേഷായിരുന്നു. ഇരുവരും തമ്മിലുണ്ടായ പണമിടപാടിൽ തർക്കം നിലനിന്നിരുന്നു. ഇതു സംബന്ധിച്ച് സോന ഒല്ലൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇത് ഒത്തുതീർപ്പാക്കാൻ മഹേഷും സുഹൃത്തുക്കളും ക്ലിനിക്കിൽ വന്നു. സോന യോടൊപ്പം അച്ഛനും സുഹൃത്തും ഉണ്ടായിരുന്നു. ചർച്ച നടക്കുന്നതിനിടെ മഹേഷ് കത്തിയെടുത്ത് സോനയെ കുത്തി.
ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിച്ചു. തൊണ്ണൂറു ദിവസം തികയും മുമ്പേ കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. അപ്പോഴേയ്ക്കും പ്രതിയ്ക്ക് ഹൈക്കോടതി ജാമ്യം നൽകി. ഇതിനെതിരെ സോനയുടെ കുടുംബവും സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. അങ്ങനെയാണ് ജാമ്യം റദ്ദാക്കിയത്. ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്‍റേതാണ് നടപടി. പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നടപടി തുടങ്ങി. കേസിൽ വിചാരണ തൃശൂർ സെഷൻസ് കോടതിയിൽ തുടങ്ങും. കോഴിക്കോട് ബാറിലെ പ്രമുഖ ക്രിമിനൽ കേസ് അഭിഭാഷകൻ ടി.ഷാജിത്ത് ആണ് കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ.
യാത്രാവിമാനങ്ങൾ 30 സെക്കൻഡ് വ്യത്യാസത്തിൽ കൂട്ടിയിടിയിൽനിന്നു രക്ഷപ്പെട്ടെങ്കിലും സ്പൈസ്ജെറ്റ് പൈലറ്റുമാർ കുറ്റക്കാരെന്നു റിപ്പോർട്ട്. എയർ ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയാണു കേന്ദ്രത്തിനു റിപ്പോർട്ട് സമർപ്പിച്ചത്. 2020 ഓഗസ്റ്റ് 28നു വൈകിട്ടു നാലേകാലോടെ കൊച്ചി വിമാനത്താവളത്തിനു മുകളിലായിരുന്നു സംഭവം. 2 വിമാനങ്ങളും കൊച്ചിയിൽ ഇറങ്ങാനുള്ള ശ്രമത്തിലായിരുന്നു.
ബെംഗളൂരുവിൽനിന്നുള്ള സ്പൈസ്ജെറ്റ്, ദോഹയിൽനിന്നുള്ള ഖത്തർ എയർവെയ്സ് വിമാനങ്ങളാണു സംഭവത്തിൽ ഉൾപ്പെട്ടത്. വിമാനത്താവളത്തിനു 4000 അടി മുകളിലായിരുന്നു വിമാനങ്ങൾ. രണ്ടിലുമായി ഇരുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നു. സ്പൈസ്ജെറ്റ് പൈലറ്റുമാർ കൊച്ചിയിലെ വ്യോമഗതാഗത നിയന്ത്രകന്റെ നിർദേശങ്ങൾ അനുസരിച്ചില്ല, ലാൻഡ് ചെയ്യാൻ വിമാനത്താവളത്തെ സമീപിക്കുമ്പോൾ പറന്നു നിൽക്കേണ്ടിയിരുന്ന ഉയരം മുൻ കൂട്ടി സെറ്റു ചെയ്യാൻ മറന്നു എന്നിങ്ങനെയുള്ള കണ്ടെത്തലുകൾ റിപ്പോർട്ടിലുണ്ട്.
സ്പൈസ്ജെറ്റിന്റെ ബൊംബാർഡിയർ, ദോഹ-കൊച്ചി എയർബസ് എ-320 വിമാനങ്ങൾ ദുരന്തത്തിന്റെ വക്കിലെത്തിയത് ‘ഗുരുതരമായ സംഭവം’ എന്ന ഗണത്തിൽപ്പെടുത്തിയാണ് അന്വേഷിച്ചത്. അപകടം ഒഴിവാകുമ്പോൾ 2 വിമാനങ്ങളും തമ്മിലുണ്ടായിരുന്ന ഉയരവ്യത്യാസം 498 അടി, ദൂരവ്യത്യാസം 2.39 നോട്ടിക്കൽ മൈൽ അഥവാ 4.43 കിലോമീറ്റർ. കൂട്ടിയിടി സാധ്യതയ്ക്കു ബാക്കിയുണ്ടായിരുന്ന സമയം 30 സെക്കൻഡിൽ താഴെ.
മുന്നറിയിപ്പനുസരിച്ച് സ്‌പൈസ് ജെറ്റ് 3512 അടിയിലേക്കു താഴ്ത്തി അപകടം ഒഴിവാക്കുകയായിരുന്നു. പൈലറ്റുമാർക്ക് രണ്ടാമത്തേതും അവസാനത്തേതുമായ റസല്യൂഷൻ അഡൈ്വസറി (ഉടൻ മുകളിലേക്കു കയറുകയോ താഴേക്കിറങ്ങുകയോ ചെയ്യണമെന്ന നിർദേശം) കൊടുക്കുമ്പോൾ സ്‌പൈസ്‌ജെറ്റ് 4000 അടി ഉയരത്തിലും ഖത്തർ എയർവെയ്‌സ് 4498 അടി മുകളിലും ആയിരുന്നു.കരിപ്പൂരിൽ വിമാനം തകർന്ന് കൃത്യം മൂന്നാഴ്ചയ്ക്കു ശേഷമായിരുന്നു കൊച്ചിയിലെ സംഭവം.
ആറ്റുനോറ്റു കാത്തിരുന്ന കുഞ്ഞിനു ജന്മം നൽകാനാവാതെ റിൻസമ്മ യാത്രയായി; ഒപ്പം ആ കുരുന്നും. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിലെ സ്റ്റാഫ് നഴ്‌സായ കളത്തൂർ കളപ്പുരയ്ക്കൽ (വെള്ളാരംകാലായിൽ) റിൻസമ്മ ജോൺ (റിൻസി– 40) ആണ് ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ നായ റോഡിനു കുറുകെ ചാടിയതിനെത്തുടർന്ന് സ്കൂട്ടർ മതിലിൽ ഇടിച്ചു മറിഞ്ഞു മരിച്ചത്. 7 മാസം ഗർഭിണിയായ റിൻസമ്മ റോഡിൽ വയറടിച്ചു വീഴുകയായിരുന്നു.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും റിൻസമ്മയെയും ഗർഭസ്ഥശിശുവിനെയും രക്ഷിക്കാനായില്ല.സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് ബിജുവിനും (45) പരുക്കേറ്റു. 8 വർഷം മുൻപ് വിവാഹിതരായ ഇവർക്കു കുട്ടികളില്ലായിരുന്നു. ഇന്നലെ രാവിലെ ജോലിക്കായി ആശുപത്രിയിലേക്കു പോകുമ്പോൾ 6.45നു പാലാ-പൂഞ്ഞാർ ഹൈവേയിൽ ചേർപ്പുങ്കലിലാണ് അപകടം. കുര്യത്ത് ചിക്കൻ സെന്റർ നടത്തുകയാണ് ബിജു. നമ്പ്യാകുളം പടിഞ്ഞാറേമലയിൽ കുടുംബാംഗമാണ് റിൻസമ്മ. റിൻസമ്മയുടെയും ഗർഭസ്ഥശിശുവിന്റെയും സംസ്കാരം ഇന്ന് 3നു കളത്തൂർ സെന്റ് മേരീസ് പള്ളിയിൽ.
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സഭ കൊല്ലം രൂപത പുറത്തിറക്കിയ ഇടയ ലേഖനം രാഷ്ട്രീയ ലക്ഷ്യത്തോടെയെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. മത്സ്യനയത്തെ സഭ അടിസ്ഥാന രഹിതമായി വ്യാഖ്യാനിക്കുകയാണ്. ഇടയലേഖനം പുറത്തിറക്കിയത് ആര്‍ക്കുവേണ്ടിയാണെന്ന് സഭ വ്യക്തമാക്കണമെന്നും ഇടയലേഖനം തിരുത്തമമെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.
മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകള്‍ക്ക് വില്‍ക്കാനുമുള്ള ശ്രമം നടക്കുന്നു എന്നാണ് ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ പലതും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്നും കടലിലെ ധാതുക്കള്‍ ഇല്ലാതാക്കാനുള്ള നീക്കം നടത്തുകയാണെന്നും കൊല്ലം രൂപത പുറത്തിറക്കിയ ഇടയലേഖനത്തില്‍ ആക്ഷേപമുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിര്‍മ്മാണ പദ്ധതി ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിഷേധിച്ചു. ടൂറിസത്തിന്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകര്‍ത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സര്‍ക്കാര്‍ കൈക്കൊണ്ടാലും എതിര്‍ക്കപ്പെടേണ്ടതാണ്. മത്സ്യത്തൊഴിലാളികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനില്‍പ്പന്റെ പ്രശ്നമാണെന്നും ഇടയ ലേഖനത്തില്‍ പറയുന്നു.
കേന്ദ്രം ബ്ലൂ എക്കോണമി എന്ന പേരില്‍ കടലില്‍ ധാതുവിഭവങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നല്‍കിയതിനേയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. വന വാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉള്ളതുപോലെ അവകാശങ്ങള്‍ മത്സ്യത്തൊഴിലാളികള്‍ക്കും ലഭ്യമാക്കണമെന്നാണ് രൂപത മുന്നോട്ടുവെക്കുന്ന ആവശ്യം. കടലിന്റെ മക്കള്‍ കേരളത്തിന്റെ സൈന്യമാണെന്നു പറയുമ്പോഴും ഈ സൈന്യത്തിനെ മുക്കിക്കൊല്ലുന്ന നയങ്ങള്‍ക്കും നിയമങ്ങള്‍ക്കും ഭരണവര്‍ഗം കൂട്ടുനില്‍ക്കുകയാണെന്നുമുള്ള ശക്തമായ വിമര്‍ശനമാണ് ലത്തീന്‍ സഭ ഉന്നയിക്കുന്നത്.
സഭയുടെ നിലപാടിനു പിന്നിലെ ഉദ്ദേശം വ്യക്തമാക്കണമെന്നാണ് മന്ത്രി വാദം. കോണ്‍ഗ്രസുകാര്‍ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ ഔദ്യോഗിക രേഖപോലെ വന്നിരിക്കുകയാണ്. ഇത് വിഷയത്തിലുള്ള ധാരണക്കുറവ് കാരണമോ രാഷ്ട്രീയമായ താല്‍പ്പര്യം കാരണമോ ആവാം. കൊല്ലം ജില്ലയിലെ ചരിത്രത്തില്‍ ഇന്നേവരെ ഒരു ബിഷപ്പുമാരും അന്ധമായ രാഷ്ട്രീയ ഇടപെടല്‍ നടത്തിയിട്ടില്ല. ഫിഷറീസ് ആക്ടിനെ അടിസ്ഥാന രഹിതമായാണ് വ്യാഖ്യാനിക്കുന്നത്. സഭ ഈ നിലപാട് പുനഃപരിശോധിക്കും എന്നാണ് വിശ്വാസമെന്നും മന്ത്രി വ്യക്തമാക്കി. ഗവണ്‍മെന്റിന്റെ നയങ്ങളെ വിമര്‍ശിക്കന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്. എന്നാല്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് നടിച്ച് അതിന്റെ പേരില്‍ പ്രചാരവേല നടത്തുന്നത് ധാര്‍മികമായി ശരിയാണോ എന്ന് അതിറക്കിവര്‍ തന്നെ പരിശോധിക്കണമെന്നും മേഴിസിക്കുട്ടിയമ്മ കൂട്ടിച്ചേര്‍ത്തു.
ജോജി തോമസ്
കഴിഞ്ഞദിവസം ബ്രിട്ടനിലെ പ്രമുഖ മാധ്യമങ്ങളിലെ പ്രധാന വാർത്തകളിലൊന്ന് ഇന്ത്യ ബ്രിട്ടനിലേയ്ക്കുള്ള കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ വരുത്തിയ നിയന്ത്രണങ്ങളും ,അത് ബ്രിട്ടീഷ് ആരോഗ്യരംഗത്ത് വരുത്തുന്ന പ്രത്യാഘാതങ്ങളുമായിരുന്നു . ഇന്ത്യയിൽ ഉയർന്ന് കൊണ്ടിരിക്കുന്ന കോവിഡ് വ്യാപന നിരക്കും, സ്വന്തം പൗരൻമാർക്ക് വാക്സിൻ നൽകേണ്ടതിന്റെ ആവശ്യകതയുമാണ് ഇന്ത്യ ഗവണ്മെൻറ് കോവിഡ് വാക്സിന്റെ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ പറഞ്ഞ കാരണങ്ങൾ. എന്നാൽ ഈ ന്യായീകരണങ്ങൾ പലതും വിശ്വാസയോഗ്യമല്ലെന്നും കർഷക സമരത്തോട് ബ്രിട്ടന്റെ ഭാഗത്തുനിന്നുണ്ടായ അനുഭാവപൂർവ്വമായ നിലപാടുകളാണ് കോവിഡ് വാക്സിൻ കയറ്റുമതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മോദി ഗവൺമെന്റിനെ പ്രേരിപ്പിച്ചതെന്നുമാണ് പിന്നാമ്പുറ സംസാരം. ഇന്ത്യ കോവിഡ് വാക്സിൻ മറ്റ് രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്യുന്നത് അന്താരാഷ്ട്ര ധാരണകളുടെയും കരാറുകളുടെയും അടിസ്ഥാനത്തിലാവും. ഇത്തരത്തിലുള്ള കരാറുകളും ധാരണകളും രൂപപ്പെടുന്നതിനും മുൻപുതന്നെ ഏതൊരു രാജ്യവും സ്വന്തം രാജ്യത്തെ പൗരൻമാരുടെ ആവശ്യങ്ങൾ പരിഗണിക്കുകയും അതിനായുള്ള വിഭവങ്ങളും ഉത്പാദന ശേഷിയും മാറ്റി വയ്ക്കുകയും ചെയ്യും. കാരണം നമ്മളൊരു അതിഥിയെ വീട്ടിലേയ്ക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിക്കുമ്പോൾ കൂടുതൽ ഭക്ഷണം പാചകം ചെയ്യാൻ ശ്രമിക്കും . അല്ലാതെ വീട്ടിലുള്ളവരെ പട്ടിണിക്കിട്ട് അവർക്ക് കഴിക്കാനുള്ളത് ക്ഷണിക്കപ്പെട്ട് വരുന്ന അതിഥികൾക്ക് നൽകാറില്ല.
നരേന്ദ്രമോദി ഗവൺമെൻറ് മറ്റു രാജ്യങ്ങളുടെ അഭിപ്രായങ്ങളോട് ഇത്തരത്തിൽ കടുത്ത പ്രതികരണം നടത്തുന്നത് ആദ്യ സംഭവമല്ല. പൗരത്വഭേദഗതി നിയമത്തിലും ,കാശ്മീർ വിഷയത്തിലും അഭിപ്രായപ്രകടനങ്ങൾ നടത്തിയ മലേഷ്യയെ അവിടെ നിന്നുള്ള പാമോയിൽ ഇറക്കുമതി നിയന്ത്രിച്ചാണ് തിരിച്ചടി നൽകിയത്. ഇന്ത്യയിലെ വൈകാരിക പ്രശ്നമായ കാശ്മീർ വിഷയത്തിൽ നൽകിയ തിരിച്ചടി ന്യായീകരിക്കാമെങ്കിലും, പെട്രോളിയം ഉൽപന്നങ്ങൾ ഉൾപ്പെടെയുള്ള ആവശ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ട് നേപ്പാളിൻ മേൽ നടത്തിയ കുതിരകയറ്റം ഗുണത്തെക്കാൾ കൂടുതൽ ദോഷമാണ് ഉണ്ടാക്കിയത്. നേപ്പാൾ കൂടുതലായി ചൈനീസ് ആശ്രയത്തിലായി എന്നതാണ് ആത്യന്തിക ഫലം.
ബ്രിട്ടനിലെ ന്യൂനപക്ഷ സമൂഹത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് ഇന്ത്യക്കാരാണ്. വാക്സിൻ രാഷ്ട്രീയം ചൂടുപിടിക്കുകയും ബ്രിട്ടന്റെ കോവിഡിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾ പാളുകയും ചെയ്താൽ അതൊരു വൈകാരിക പ്രശ്നമായി വളരാൻ സാധ്യതയുണ്ട്. പ്രവാസി ഇന്ത്യക്കാർക്ക് തൊഴിലിടങ്ങളിൽ ഉൾപ്പെടെ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയാവില്ല. പുതിയ തൊഴിലിന് അപേക്ഷിക്കുമ്പോൾ തുടങ്ങി , നേഴ്സിംഗ് മേഖലയിൽ ഇന്ത്യയിൽനിന്ന് നടക്കുന്ന വ്യാപകമായ റിക്രൂട്ട്മെന്റിൽ പോലും വിവേചനം അനുഭവിക്കേണ്ടി വന്നേക്കാം. ശക്തമായ നിയമങ്ങളുടെ പിൻബലം ഉണ്ടെങ്കിലും, ബ്രിട്ടീഷ് സമൂഹത്തിൽ ഇന്നും വർഗ്ഗപരമായ വിവേചനമുണ്ടെന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. എങ്കിലും ഇന്ത്യക്കാരുടെ ബൗദ്‌ധിക നിലവാരത്തിനും, കഠിനാധ്വാനത്തിനും തൊഴിലിടങ്ങളിലുൾപ്പെടെ ഒരു ആദരവ് ലഭിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ തിരിച്ചടിയാകുന്നതാണ് മോദിയുടെ പുതിയ രാഷ്ട്രീയം .
ഇന്ത്യക്കാർ പ്രവാസികളായി ഏതൊക്കെ രാജ്യത്ത് പോയിരുന്നോ, ആ രാജ്യങ്ങളെയൊക്കെ പോറ്റമ്മയുടെ സ്ഥാനത്തേ കണ്ടിരുന്നുള്ളൂ. അവരുടെ ഇഷ്ടക്കൂടുതൽ കൂടുതലും മാതൃ രാജ്യത്തോടു തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സമ്പാദ്യങ്ങളും നിക്ഷേപങ്ങളും കൂടുതൽ നടത്തിയതും മാതൃരാജ്യത്താണ്. പ്രവാസികളുടെ വിയർപ്പിലൂടെ ഒഴുകിയെത്തിയ വിദേശനാണ്യം ഇന്ത്യയുടെ വികസനത്തെ കുറച്ചൊന്നുമല്ല സ്വാധീനിച്ചത്. ഇത്തരത്തിൽ ഏറ്റവുമധികം വിദേശനാണ്യം നേടിയിരിക്കുന്ന രാജ്യവും ഇന്ത്യയാണ്. 2017 – 2018 സാമ്പത്തിക വർഷത്തിൽ ഇന്ത്യക്കാരുടെ സംഭാവന 4 ലക്ഷം കോടി രൂപയിലേറെയാണ്. എന്നാൽ പ്രവാസികൾ ഇന്ത്യയിൽ എന്നും രണ്ടാംകിട പൗരന്മാരാണ്. ഇരട്ടപൗരത്വമോ, വോട്ടവകാശമോ ഒന്നും പരിഗണനയിൽ പോലുമില്ല.
കോവിഡിനെതിരെയുള്ള മരുന്നായി ഒരുകാലത്ത് കരുതിയിരുന്ന ഹൈഡ്രോക്സി ക്ലോറിക്കൂവിന്റെ അമേരിക്കയിലേയ്ക്കുള്ള കയറ്റുമതി ഒരുകാലത്ത് ഇന്ത്യ നിരോധിച്ചെങ്കിലും ട്രംമ്പൊന്ന് കണ്ണുരുട്ടിയപ്പോൾ അതൊന്നും നടപ്പാക്കിയില്ല. അന്ന് അമേരിക്കയുമായി പ്രത്യേകിച്ച് മരുന്ന് നൽകാമെന്ന് ധാരണ പോലും ഇല്ലാതിരുന്നു. അതുകൊണ്ടുതന്നെ വ്യക്തമായ ധാരണകളുടെ അടിസ്ഥാനത്തിൽ ഇന്ത്യയിൽ നിന്ന് ബ്രിട്ടനിലേയ്ക്ക് കയറ്റുമതി ചെയ്യാൻ പദ്ധതിയിട്ട കോവിഡ് വാക്സിൻ രാഷ്ട്രീയ ഭിന്നതകളുടെ പേരിൽ തടസ്സപ്പെടുകയാണെങ്കിൽ ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്ട്ര രംഗത്ത് മോശമാകാനേ ഉപകരിക്കൂ.

ലേഖകൻ മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന രാഷ്ട്രീയ സാമൂഹിക നിരീക്ഷകനുമാണ്.
മലപ്പുറം ∙ കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.പി.സുലൈമാൻ ഹാജിയുടെ നാമനിർദേശ പത്രിക മാറ്റിവച്ചത് സത്യവാങ്മൂലത്തിൽ സ്വത്ത്, ജീവിത പങ്കാളിയുടെ സ്വത്ത് തുടങ്ങിയവയിൽ വിവരങ്ങൾ മറച്ചുവച്ചെന്ന് ആരോപണത്തെത്തുടർന്ന്. സത്യവാങ്മൂലത്തിൽ ജീവിത പങ്കാളിയുടെ പേരിനും സ്വത്തിനും നേരെ ‘ബാധകമല്ല’ എന്നാണ് രേഖപ്പെടുത്തിയതെന്ന് യുഡിഎഫ് പ്രവർത്തകർ ആരോപിച്ചു. ഇന്ന് രാവിലെ നടന്ന സൂക്ഷ്മപരിശോധനയിലാണ് യുഡിഎഫ് പ്രവർത്തകർ പരാതി ഉന്നയിച്ചത്. വാഗ്വാദങ്ങൾക്കു ശേഷം പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവച്ചതായി റിട്ടേണിങ് ഓഫിസർ അറിയിക്കുകയായിരുന്നു.
സുലൈമാൻ ഹാജിക്ക് നിലവിലെ ഭാര്യക്കു പുറമെ പാക്കിസ്ഥാൻ സ്വദേശിനിയായ ഭാര്യയുണ്ടെന്നും അവരുടെയും വിവരങ്ങൾ നാമനിർദേശ പത്രികയിൽ ഇല്ലെന്നും പ്രവർത്തകർ പരാതി ഉന്നയിച്ചു. പാക്കിസ്ഥാൻ സ്വദേശിനിയോടൊപ്പമുള്ളതെന്ന് അവകാശപ്പെടുന്ന വിവാഹ ഫോട്ടോയും മറ്റു ചില രേഖകളും ഇവർ കാണിച്ചു. ഇതിനു പുറമെ അദ്ദേഹം കേരളത്തിൽ റജിസ്റ്റർ ചെയ്ത ഒരു കമ്പനിയുടെ വിവരങ്ങളും സ്വത്തിനൊപ്പമില്ലെന്നുമാണ് അവരുടെ വാദം.
എന്നാൽ ഇതെല്ലാം അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്ന് എൽഡിഎഫ് പ്രവർത്തകർ പ്രതികരിച്ചു. തുടർന്ന് പത്രിക പരിഗണിക്കുന്നത് തിങ്കളാഴ്ച രാവിലത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു.
ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ഇന്ത്യയിൽ നിന്നുള്ള വാക്സീൻ കയറ്റുമതിയിൽ വിലക്ക് ഏർപ്പെടുത്തിയതോടെ യുകെയിലെ വാക്സിനേഷൻ പദ്ധതി കൂടുതൽ ആശങ്കയിലേയ്ക്ക്. ഹൗസ് ഓഫ് കോമൺസിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ, പ്രധാനമന്ത്രി ആംഗ്ലോ-ഇന്ത്യൻ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമായുള്ള സൗഹൃദം ശക്തിപ്പെടുത്തുന്നതിനായി അടുത്ത മാസം ഞാൻ ഇന്ത്യ സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം എംപിമാരോട് പറഞ്ഞു. വാക്സിൻ കയറ്റുമതിയിൽ നിലനിൽക്കുന്ന ആശയകുഴപ്പം പരിഹരിക്കാനായി ഇന്ത്യയുമായി രഹസ്യ ചർച്ചകൾ തുടങ്ങിയതായാണ് റിപ്പോർട്ട്. ഇന്ത്യയിൽ നിർമിച്ച അസ്ട്രാസെനക്കാ വാക്സീന്റെ അഞ്ചു മില്യൺ ഡോസുകളുടെ കയറ്റുമതി വൈകുന്നത് അടുത്ത മാസത്തെ വാക്സിനേഷന്റെ വേഗത കുറയ്ക്കും. വാക്സിനേഷൻ കയറ്റുമതി തടയാനുള്ള മോദി സർക്കാരിന്റെ തീരുമാനം ബോറിസ് ജോൺസന് കൂടുതൽ തലവേദന സൃഷ്ടിക്കും.

രാജ്യത്തെ കാർഷിക പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകരോടുള്ള പെരുമാറ്റത്തിനെതിരെ ലേബർ, ലിബറൽ ഡെമോക്രാറ്റ്, സ്കോട്ടിഷ് നാഷണൽ പാർട്ടി എംപിമാർ ഇന്ത്യൻ സർക്കാരിനെ വിമർശിച്ചതിനെത്തുടർന്ന് മോദി ഇതിനകം ബ്രിട്ടനുമായി നല്ല ബന്ധത്തിലായിരുന്നില്ല. ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടുമായി യുകെ മാർച്ച് രണ്ടിന് കരാർ പ്രഖ്യാപിച്ചെങ്കിലും വിതരണം സുഗമമായി നടക്കുന്നില്ലെന്ന് ചീഫ് എക്സിക്യൂട്ടീവ് അദാർ പൂനവല്ല മുന്നറിയിപ്പ് നൽകിയിരുന്നു. യുകെയ്ക്ക് ബാക്കി ഡോസ് എപ്പോൾ നൽകണമെന്നത് ഇന്ത്യയുടെ തീരുമാനത്തെ ആശ്രയിച്ചാണെന്ന് പൂനവല്ല വ്യക്തമാക്കി. ഇന്ത്യയുടെ ആവശ്യങ്ങൾ ഉയരുമ്പോൾ മറ്റു രാജ്യങ്ങൾ വാക്സിനായി കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു.

നരേന്ദ്ര മോദി പ്രധാനവാർത്തകളിലും സാമൂഹ്യ മാധ്യമങ്ങളിലും നിറഞ്ഞു നിന്നിരുന്നു. പ്രതിഷേധവുമായി ബന്ധപ്പെട്ട ഇന്റർനെറ്റ് സൈറ്റുകൾ അടച്ചുപൂട്ടുക, പ്രതിഷേധക്കാരെയും അനുഭാവികളെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്യുക, ജനക്കൂട്ടത്തെ പിരിച്ചുവിടാൻ കണ്ണീർ വാതകവും ജലപീരങ്കികളും ഉപയോഗിക്കുക എന്നിവയാണ് സർക്കാർ കൈകൊണ്ട മാർഗങ്ങൾ. പ്രതിഷേധിക്കുന്ന നിരവധി കർഷകർ സിഖ്, മുസ്ലീം ന്യൂനപക്ഷങ്ങളിൽ നിന്നുള്ളവരാണെന്ന വസ്തുത മോദിയുടെ രാഷ്ട്രീയ അജണ്ടയുടെ കാപട്യത്തെ തുറന്നിടുന്നു. പ്രതിഷേധക്കാർക്കും അവരുടെ അനുയായികൾക്കുമെതിരായ കനത്ത തന്ത്രങ്ങൾ മോദിയുടെ ഭരണരീതിയുടെ മുഖമുദ്രയാണ്. 110,000 കാണികൾക്ക് ഒരേസമയം പ്രവേശിക്കാൻ കഴിയുന്ന അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയം നരേന്ദ്ര മോദിയുടെ പേരിലാണ്. ഇവിടെ വച്ചാണ് ഇന്ത്യ – ഇംഗ്ലണ്ട് ക്രിക്കറ്റ് മത്സരവും നടക്കുന്നത്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ജനാധിപത്യ രാജ്യത്തിൽ വിദേശ രാജ്യങ്ങളെ അവഹേളിക്കുന്ന രീതിയിലുള്ള പ്രധാനമന്ത്രിയുടെ നടപടികൾ തീർത്തും അപകടകരമാണ്.
തവനൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിലിന്‍റെ സ്ഥാവര – ജംഗമ ആസ്തിയായുള്ളത് 52,58,834 രൂപ. കൈവശമുള്ളത് വെറും 5500 രൂപ. ഫെഡറൽ ബാങ്ക് ആലത്തൂർ ശാഖയിൽ 8447 രൂപയും സൗത്ത് ഇന്ത്യൻ ബാങ്കിൽ 16,132 രൂപയും എച്ച്.ഡി.എഫ്.സി ബാങ്കിൽ 3255 രൂപയും എടപ്പാൾ എം.ഡി.സി ബാങ്കിൽ 1000 രൂപയുമുണ്ട്. ഭാര്യയുടെ കൈവശം 1000 രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവുമുണ്ട്. രണ്ട് ആശ്രിതരുടെ ബാങ്ക് അക്കൗണ്ടിലായി 67,412 രൂപയാണുള്ളത്.
കൈവശമുള്ള ഇന്നോവ കാറിന് 20 ലക്ഷം രൂപ വിലയുണ്ട്. ഇതടക്കം ജംഗമ ആസ്തിയായിട്ടുള്ളത് 20,28,834 രൂപയാണ്.
2,95,000 രൂപ കമ്പാേള വിലവരുന്ന ഭൂമിയുണ്ട്. 2053 സ്ക്വയർ ഫീറ്റ് വരുന്ന വീടിന്‍റെ കമ്പാേള വില 31.5 ലക്ഷം രൂപയാണ്. ഇത് കൂടാതെ 80,000 രൂപയുടെ വസ്തുവും കൈവശമുണ്ട്. സ്ഥാവര ആസ്തിയായി മൊത്തം 32,30,000 രൂപ വരും.
വാഹന വായ്പയായി 9,22,671 രൂപ അടക്കാനുണ്ട്. കൂടാതെ ഭവന നിർമാണ ബാധ്യതയായി ഏഴ് ലക്ഷം രൂപയുമുണ്ട്.
പത്താം ക്ലാസ് തോൽവിയാണ് വിദ്യാഭ്യാസ യോഗ്യത. ആലത്തൂർ പൊലീസ് സ്റ്റേഷൻ, ചേരാനല്ലൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി രണ്ട് ക്രമിനൽ കേസുമുണ്ട്.
വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടോടെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെത്തി വരണാധികാരി അമൽ നാഥിന് മുമ്പാകെയാണ് ഫിറോസ് കുന്നംപറമ്പിൽ പത്രിക സമർപ്പിച്ചത്. യു.ഡി.എഫ് നേതാക്കളായ സി.പി. ബാവഹാജി, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.