India

തൃശൂർ∙ ഇരിങ്ങാലക്കുട കാട്ടൂര്‍ക്കടവില്‍ വീട്ടമ്മയെ വെട്ടിക്കൊന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യപ്രതി ഒളിവിലാണ്. ഇരിങ്ങാലക്കുട കാട്ടൂര്‍ സ്വദേശി ലക്ഷ്മിയാണ് ഞായർ രാത്രി കൊല്ലപ്പെട്ടത്. നാലംഗ സംഘമായിരുന്നു കൊല നടത്തിയത്. കരാഞ്ചിറ സ്വദേശി നിഖിലും ഒളരി സ്വദേശി ശരത്തുമാണ് പിടിയിലായത്. ഗുണ്ടാനേതാവ് ദര്‍ശനായിരുന്നു സംഘത്തലവന്‍.

കഴിഞ്ഞ ദിവസങ്ങളിൽ കോളനിയിലുണ്ടായ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് കൊലപാതകത്തിൽ കലാശിച്ചത്. ഗുണ്ടാസംഘം ലക്ഷ്മിയെ വീട്ടില്‍ക്കയറിയാണ് വെട്ടിക്കൊന്നത്. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷിന്‍റെ എതിരാളികളാണ് കൊലയാളി സംഘം. രാത്രി ഒന്‍പതരയോടെ വീട്ടില്‍ എത്തിയ ഗുണ്ടാസംഘം ലക്ഷ്മിയ്ക്കു നേരെ പടക്കമെറിഞ്ഞു. പിന്നെയായിരുന്നു ആക്രമണം. ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നില്ല. മുഖ്യപ്രതി ദര്‍ശനെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ശക്തമാക്കി. കൊല്ലപ്പെട്ട ലക്ഷ്മിയുടെ ഭര്‍ത്താവ് ഹരീഷും വിവിധ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

ലതികാ സുഭാഷ് ഏറ്റുമാനൂരിൽ സ്വാതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും. കോട്ടയത്ത് അനുയായികളുമായി ചേർന്ന യോ​ഗത്തിലാണ് തീരുമാനം. നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് തല മുണ്ഡനം ചെയ്ത് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം രാജിവെച്ച ലതികാ സുഭാഷ് ഇന്ന് എ.ഐ.സി.സി അംഗത്വവും കെ.പി.സി.സി അംഗത്വവും രാജിവെച്ചിരുന്നു.

കൈപ്പത്തി ചിഹ്നത്തിൽ വോട്ട് ചെയ്യാൻ ഏറ്റുമാനൂരിലെ ജനങ്ങൾ ആ​ഗ്രഹിക്കുന്നുണ്ട്. കേരള കോൺ​ഗ്രസിന്റെ കൈവശമുള്ള ഏറ്റുമാനൂര്‍, കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നായിരുന്നു ഏവരും പ്രതീക്ഷിച്ചത്. എന്നാല്‍ അതുണ്ടായില്ല. താൻ വിശ്വിച്ച നേതാക്കളൊന്നും തന്റെ വേദന മനസ്സിലാക്കിയില്ല. സ്ത്രീകൾക്ക് അം​ഗീകാരം ലഭിക്കാൻ വേണ്ടിയാണ് പാർട്ടിയിൽ നിന്ന് രാജി വെച്ചതെന്നും ലതികാ സുഭാഷ് പറഞ്ഞു.

അതേസമയം മത്സരിക്കാൻ ഒരാൾ തീരുമാനിച്ചാൽ അത് തടയാനാവില്ല എന്നും അത് വ്യക്തി സ്വാതന്ത്ര്യമാണെന്നും ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

2015 ഓഗസ്റ്റ് ഏഴിന് രാത്രി ഏഴുമണിയോടെയാണ് ബംഗ്ലാദേശ് വിമാനകമ്പനിയായ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ യാത്രാ വിമാനം റായ്പൂരിലെ സ്വാമി വിവേകാനന്ദ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. ധാക്കയില്‍ നിന്നും മസ്‌ക്കറ്റിലേക്കുള്ള യാത്രക്കിടെ എൻജിന്‍ തകരാറിലായതിനെ തുടര്‍ന്നായിരുന്നു വിമാനം റായ്പൂരില്‍ ഇറക്കിയത്. അഞ്ചര വര്‍ഷത്തിലേറെ കഴിഞ്ഞിട്ടും ഇപ്പോഴും റായ്പൂര്‍ വിമാനത്താവളത്തിലെ പാര്‍ക്കിങ് സ്ഥലങ്ങളിലൊന്നില്‍ ഈ വിമാനം കിടക്കുകയാണ്. നിരവധി തവണ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ(എഎഐ) ഈ വിമാനം മാറ്റാന്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

വര്‍ഷങ്ങള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവില്‍ ജനുവരിയില്‍ യുണൈറ്റഡ് എയര്‍ലൈന്‍സിനെതിരെ നിയമപരമായ നടപടിയെടുക്കാന്‍ എഎഐ തീരുമാനിക്കുകയും ചെയ്തു. വിമാനം വിറ്റഴിച്ച് സാമ്പത്തിക ബാധ്യത അവസാനിപ്പിക്കുകയെന്നത് അടക്കമുള്ള പോംവഴികള്‍ ഇതിലുണ്ട്. പാര്‍ക്കിങ് ഇനത്തില്‍ മാത്രം ഏതാണ്ട് 1.25 കോടി രൂപയാണ് യുണൈറ്റഡ് എയര്‍ലൈന്‍സ് റായ്പൂര്‍ വിമാനത്താവള അധികൃതര്‍ക്ക് നല്‍കാനുള്ളത്.

‘ജനുവരി 18ന് നല്‍കിയ ലീഗല്‍ നോട്ടീസിനോട് യുണൈറ്റഡ് എയര്‍ലൈന്‍സ് പ്രതികരിച്ചിട്ടുണ്ട്. വിമാനം വില്‍ക്കുന്നതിനായി ഒമ്പത് മാസത്തെ സാവകാശമാണ് അവര്‍ ചോദിച്ചിരിക്കുന്നത്. പലതവണ വാക്കുപാലിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അവരുടെ ഈ വാഗ്ദാനം സ്വീകരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ദിവസങ്ങള്‍ക്കകം ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കും’ എന്നാണ് റായ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ രാകേഷ് സഹായ് പ്രതികരിച്ചത്.
അടിയന്തരമായി റായ്പൂരില്‍ ഇറക്കേണ്ടി വന്നതിന് ശേഷം മൂന്ന് ആഴ്ച കഴിഞ്ഞ് ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സംഘം വിമാനം പരിശോധിച്ചിരുന്നു.

വൈകാതെ മറ്റൊരു സംഘം കൂടിയെത്തി കേടായ എൻജിന്‍ മാറ്റുകയും ചെയ്തു. എന്നാല്‍ ബംഗ്ലാദേശ് വ്യോമയാന മന്ത്രാലയം വിമാനത്തിന് പറക്കാനുള്ള അനുമതി നല്‍കാത്തതാണ് തിരിച്ചടിയായത്.

173 യാത്രക്കാരുമായാണ് ധാക്കയില്‍ നിന്നു യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം യാത്ര തിരിക്കുന്നത്. വാരാണസി റായ്പൂര്‍ വ്യോമഭാഗത്ത് വച്ചാണ് വിമാനത്തിന്റെ എൻജിന് തകരാറ് സംഭവിച്ചതായി അറിഞ്ഞത്. എത്രയും വേഗത്തില്‍ നിലത്തിറക്കിയില്ലെങ്കില്‍ പൊട്ടിത്തെറിക്കുമെന്ന നില വന്നതോടെയാണ് റായ്പൂരില്‍ വിമാനം അടിയന്തരമായി ഇറക്കാന്‍ തീരുമാനിക്കുന്നത്.

ഒരേസമയം എട്ടു വിമാനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ മാത്രം സൗകര്യമുള്ള ചെറുവിമാനത്തവാളമാണ് റായ്പൂര്‍. അതുകൊണ്ടുതന്നെ ഇവിടെ വര്‍ഷങ്ങളോളം ഒരു വിമാനം സ്ഥിരമായി നിര്‍ത്തിയിട്ടതുമൂലം വിമാനത്താവള അധികൃതര്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ഇപ്പോഴിതാ എഎഐ വിമാനം വിറ്റൊഴിവാക്കി ബാധ്യത തീര്‍ക്കുന്നത് അടക്കമുള്ള മാര്‍ഗങ്ങള്‍ക്കായി നിയമവഴി സ്വീകരിച്ചതോടെയാണ് യുണൈറ്റഡ് എയര്‍ലൈൻസ് പ്രതികരിച്ചിരിക്കുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2016ല്‍ യുണൈറ്റഡ് എയര്‍വേസ് പ്രവര്‍ത്തനം നിര്‍ത്തിയിരുന്നു. ഇതും റായ്പൂരിലെ വിമാനത്തിന്റെ കാര്യത്തിൽ മെല്ലെപ്പോക്കിന് കാരണമായിട്ടുണ്ട്. ധാക്കയിലെ ഹസ്രത്ത് ഷാജലാല്‍ രാജ്യാന്തര വിമാനത്താവളത്തിലെ ചരക്കു മേഖലയില്‍ യുണൈറ്റഡ് എയര്‍വേസിന്റെ എട്ട് വിമാനങ്ങളാണ് നിര്‍ത്തിയിട്ടിരിക്കുന്നത്. ധാക്ക വിമാനത്താവളത്തിലെ ചരക്കു നീക്കത്തെ പോലും ഇത് ബാധിക്കുന്നുണ്ട്.

നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി മൂന്ന് നിലയുള്ള ഹോട്ടല്‍ ചെരിഞ്ഞു. കല്‍പ്പറ്റയില്‍ വെള്ളാരംകുന്നിലെ ദേശീയ പാതയിലാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍, തകര്‍ന്ന കെട്ടിടം ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ നാലുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ലോറി മുന്നിലുണ്ടായിരുന്ന ട്രാവലറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു.

മൂന്ന് നിലയുള്ള ഹോട്ടല്‍ ആറ് മണിയോടെയാണ് ചെരിഞ്ഞു തുടങ്ങിയത്. ദേശീയ പാതയിലേക്ക് വീഴാന്‍ സാധ്യതയുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഗതാഗതം നിരോധിക്കുകയും ചെയ്തു. പകരം കുന്നമ്പറ്റയിലൂടെയും ഗവണ്‍മെന്റ് കോളേജ് വഴിയും വാഹനങ്ങള്‍ തിരിച്ചുവിടുകയാണ്. ജില്ലാ കളക്ടര്‍ അദീല അബ്ദുള്ള ഉള്‍പ്പടെയുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള ലോറി ഡ്രൈവര്‍ അപകടനില തരണം ചെയ്തു.

താജ് മഹലിന്റെ പേര് മാറ്റുമെന്ന് ബിജെപി എംഎല്‍എ. ബൈരിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ സുരേന്ദ്ര സിംഗാണ് താജ് മഹലിന്റെ പേരുമാറ്റുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. രാം മഹല്‍ അല്ലെങ്കില്‍ ശിവ് മഹല്‍ എന്നാക്കുമെന്നാണ് ബിജെപി എംഎല്‍എ പറഞ്ഞിരിക്കുന്നത്. ദൈവം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഉടനെ അറിയും താജ് മഹലാണോ അതോ രാം മഹലോ എന്ന്. പണ്ട് കാലത്ത് ഇവിടമൊരു ശിവക്ഷേത്രമായിരുന്നുവെന്നും വീണ്ടും ഇവിടം ക്ഷേത്രമാക്കുമെന്നും എംഎല്‍എ പറഞ്ഞു.

മുസ്ലീംങ്ങള്‍ക്ക് എതിരെ വര്‍ഗീയ പരാമര്‍ശവും എംഎല്‍എ നടത്തി. മുസ്ലിം അക്രമികള്‍ സാധിക്കുന്ന എല്ലാ രീതിയിലും ഇന്ത്യന്‍ സംസ്‌കാരം നശിപ്പിച്ചുവെന്നും എംഎല്‍എ പറഞ്ഞു.
എന്നാല്‍ സുവര്‍ണ കാലത്തിലേക്ക് ഉത്തര്‍പ്രദേശ് എത്തിയിരിക്കുകയാണ്. താജ് മഹലിലെ രാമക്ഷേത്രമാക്കും, പേരുമാറ്റും. യോഗി ആദിത്യനാഥ് മൂലമാകും ഈ മാറ്റമെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു എംഎല്‍എയുടെ വിവാദ പ്രസ്താവന.

ഇത് ആദ്യമായി അല്ല സുരേന്ദ്ര സിംഗ് വിവാദ പരാമര്‍ശങ്ങള്‍ നടത്തുന്നത്. ഹത്‌റാസില്‍ ദളിത് പെണ്‍കുട്ടി പീഢനത്തിന് ഇരയായി മരിച്ചതിന് പിന്നാലെ സുരേന്ദ്ര സിംഗ് നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു. നിയമം കൊണ്ടും ആയുധം കൊണ്ടും സര്‍ക്കാരിന് ബലാത്സംഗം തടയാനാവില്ലെന്നും സംസ്‌കാര ശീലരായി പെണ്‍കുട്ടികളെ വളര്‍ത്തിയാല്‍ ബലാത്സംഗം കുറയ്ക്കാമെന്നായിരുന്നു ഇയാളുടെ പരാമര്‍ശം.

കൂടാതെ കൊല്‍ക്കത്തയിലെ വിക്ടോറിയ പാലസിനെ ജാനകി പാലസ് ആക്കണമെന്നും സുരേന്ദ്ര സിംഗ് നേരത്തെ ആവശ്യപ്പെട്ടിരുന്നു.

കഴക്കൂട്ടത്തേക്ക് കോൺഗ്രസ് വിട്ടുവരുന്ന പ്രമുഖനെയാണ് പരിഗണിക്കുന്നതെന്ന സംസ്ഥാന നേതൃത്വത്തിന്റെ പിടിവാശിക്ക് മുന്നിൽ പതറാതെ വീണ്ടും ശോഭ സുരേന്ദ്രൻ രംഗത്ത്. കഴക്കൂട്ടത്ത് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കാൻ സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ശോഭ സുരേന്ദ്രൻ. താൻ വിശ്വാസികൾക്കുവേണ്ടിയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ശോഭ സുരേന്ദ്രൻ പ്രഖ്യാപിച്ചു.

കഴിഞ്ഞ അഞ്ചുവർഷക്കാലം വിശ്വാസികൾക്ക് ദ്രോഹം ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളിയ്‌ക്കെതിരായി മത്സരിക്കണമെന്നതാണ് വിശ്വാസികളുടെ പ്രതിനിധിയെന്ന നിലയിൽ തന്റെ നിലപാട്. മത്സരിക്കില്ലെന്ന് മുൻപ് പറഞ്ഞതെന്തുകൊണ്ട് എന്നതല്ല, ഇപ്പോൾ എന്തുകൊണ്ട് മത്സരിക്കുന്നു എന്നതാണ് ഇവിടുത്തെ ചോദ്യമെന്ന് ശോഭ പ്രതികരിച്ചു. വ്യക്തിപരമായ അസൗകര്യമുള്ളതിനാൽ ഇത്തവണ മത്സരത്തിനിറങ്ങുന്നില്ലെന്നായിരുന്നു ശോഭ ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നത്.

‘കടകംപള്ളി സുരേന്ദ്രൻ മത്സരിക്കുന്നു എന്നത് തന്നെയാണ് മത്സരിക്കാൻ ഇറങ്ങുന്നതിന്റെ സാംഗത്യം. തെരഞ്ഞെടുപ്പായതിനാൽ ഓരോ മിനിറ്റും സജീവമായി പ്രവർത്തിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതാണോ, അതോ മത്സരിക്കാതെ പ്രചരണപരിപാടികളിൽ സജീവമാകുകയാണോ ഉചിതം എന്നുള്ളതെല്ലാം ബിജെപി ദേശീയ നേതൃത്വമാണ് തീരുമാനിക്കുന്നത്. അവർ പലവട്ടം ചർച്ചചെയ്ത് തീരുമാനമെടുത്തതായാണ് മനസിലാക്കുന്നത്. ഇനി അതിൽ ഇടയ്ക്ക് ഇടപെടേണ്ട ആവശ്യമില്ല. ഞാൻ സ്ഥാനാർഥിയായേക്കുമെന്ന വാർത്ത പക്ഷേ ഞാൻ അറിയുന്നത് ടെലിവിഷനിലൂടെയാണ്. കെ സുരേന്ദ്രനോട് ഫോണിൽ പോലും സംസാരിച്ചിട്ടില്ല’. ശോഭ പറയുന്നു.

സ്ഥിരമായി പുറകെ നടന്ന് ശല്യം ചെയ്തിരുന്ന യുവാവിനെ സഹികെട്ട് വടിയെടുത്ത് പൊതിരെ തല്ലി പെൺകുട്ടി. പെൺകുട്ടിയുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. ഉത്തർപ്രദേശിലെ മീററ്റിലേതാണ് ദൃശ്യങ്ങൾ. നിരവധി പേരാണ് പെൺകുട്ടിക്ക് പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്.

വീഡിയോയിൽ വടി കൊണ്ട് യുവാവിനെ പൊതിരെ തല്ലുന്ന പെൺകുട്ടിയെയാണ് കാണാനാവുക. എന്ത് ധൈര്യമുണ്ട് നിനക്ക് ഞങ്ങളെ ഇത്തരത്തിൽ ഉപദ്രവിക്കാൻ എന്നും പെൺകുട്ടി അയാളോട് ചോദിക്കുന്നുണ്ട്. അടികൊണ്ട വേദനയിൽ യുവാവ് പെൺകുട്ടിയോട് മാപ്പ് പറയുന്നതും കാണാം.

വീഡിയോ പ്രചരിച്ചതോടെ യുവാവിനെ കണ്ടെത്തി പെൺകുട്ടികളുടെ പരാതി പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തെന്ന് മീററ്റ് സിറ്റി എസ്പി വ്യക്തമാക്കി. മീററ്റിലെ സർദാർ എന്ന സ്ഥലത്ത് വെച്ച് സ്‌കൂളിലേക്ക് പോകുന്ന പെൺകുട്ടിയേയും സുഹൃത്തിനെയും യുവാവ് പിന്തുടർന്ന് ശല്യം ചെയ്യുന്നത് പതിവായിരുന്നു.

സുഹൃത്തിനൊപ്പം ബൈക്കിലെത്തിയാണ് യുവാവ് പെൺകുട്ടിയെ ശല്യം ചെയ്തിരുന്നത്. ഇരുവരോടും ഫോൺ നമ്പർ ചോദിക്കുന്നതും ഇയാളുടെ പതിവാണ്. ഇത് സ്ഥിരമായതിനെ തുടർന്നാണ് പെൺകുട്ടി യുവാവിനെ വടി ഉപയോഗിച്ച് തല്ലിയത്.

ചങ്ങനാശേരി ∙ റിട്ടയേഡ് കോളജ് അധ്യാപികയായ വീട്ടമ്മയെ കബളിപ്പിച്ച് 33 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ എറണാകുളം സ്വദേശി പിടിയിൽ. പാമ്പാടി ആശാരിപ്പറമ്പിൽ പൊന്നൻ സിറ്റിയിൽ വാടകയ്ക്കു താമസിക്കുന്ന നോർബിൻ നോബിയെ(40) ആലപ്പുഴയിൽ നിന്നാണു ചങ്ങനാശേരി പൊലീസ് പിടികൂടിയത്.

പ്രാർഥനാ ചടങ്ങുകൾക്കി‍ടെ പരിചയപ്പെട്ട കുരിശുംമൂട് സ്വദേശിനിയാണു തട്ടിപ്പിന് ഇരയായത്. വീട്ടിലെ പ്രശ്നങ്ങൾ പ്രാർഥനയിലൂടെ മാറ്റിത്തരാം എന്നു വിശ്വസിപ്പിച്ചാണു നോർബിൻ പണം തട്ടിയെടുത്തതെന്നു പൊലീസ് പറഞ്ഞു.

പ്രാർഥനയ്ക്കു വരുന്നതിന് 13000 രൂപയും പത്തിലധികം ആളുകൾ പ്രാർഥനയ്ക്കെത്താൻ 30,000 രൂപയുമാണ് പ്രതി വീട്ടമ്മയുടെ കയ്യി‍ൽ നിന്നു വാങ്ങിയിരുന്നത്. വായ്പയായും ഇയാ‍ൾ ഭീമമായ തുക വാങ്ങി.

2 വർഷമായിട്ടും പ്രശ്നങ്ങൾക്കു പരിഹാരം ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും അവധി പറഞ്ഞ് ഒഴിഞ്ഞു.

ഇതോടെയാണു പൊലീസിനെ സമീപിച്ചത്. നടപടി വൈകിയതോടെ കോടതിയെ സമീപിച്ചു. കോടതി ഇടപെടലിന്റെ അടിസ്ഥാനത്തിൽ പൊലീസ് നോർബിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു കളർകോടുള്ള ലോഡ്ജിൽ നിന്ന് ഇയാളെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാം, എഎസ്ഐമാരായ രമേശ് ബാബു, ഷിജു കെ.സൈമൺ, ആന്റണി മൈക്കിൾ, സിപിഒമാരായ ബിജു, തോമസ് സ്റ്റാൻലി എന്നിവരാണ് അന്വേഷണം നടത്തിയത്.

ആറിടങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി കോണ്‍ഗ്രസില്‍ പരിഹാരശ്രമങ്ങള്‍ തുടരുന്നു‌. വട്ടിയൂര്‍ക്കാവില്‍ പി.സി.വിഷ്ണുനാഥാണു പരിഗണനയില്‍. കല്‍പറ്റയില്‍ ടി.സിദ്ദീഖിനു സാധ്യത തെളിഞ്ഞു. അവസാന നിമിഷമാണ് കല്‍പറ്റയിലെ പ്രഖ്യാപനം മാറ്റിവച്ചത്. ആറു സീറ്റുകളിൽ അനിശ്ചിതത്വം നിലനിർത്തിയാണ് 86 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്.

നിലമ്പൂർ, കൽപറ്റ, തവനൂർ, വട്ടിയൂർക്കാവ്, കുണ്ടറ, പട്ടാമ്പി എന്നീ 6 മണ്ഡലങ്ങളിലാണു തീരുമാനം മാറ്റിവച്ചത്‌. ഈ സീറ്റുകളിൽ തിങ്കളാഴ്ച തീരുമാനമാകുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. തവനൂരില്‍ റിയാസ് മുക്കോളി, പട്ടാമ്പി– ആര്യാടന്‍ ഷൗക്കത്ത്, നിലമ്പൂര്‍– വി.വി.പ്രകാശ്, കുണ്ടറ– പി.എ.ബാലന്‍ എന്നിവരാണ് പരിഗണനയിൽ.

നേമത്ത് കെ.മുരളീധൻ എംപി മത്സരിക്കും. ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹരിപ്പാടും ജനവിധി തേടും. കൊല്ലത്ത് ബിന്ദു കൃഷ്ണയ്ക്ക് സീറ്റ്‌ നൽകി. പിണറായി സർക്കാരിന്റെ കുറവുകൾ അക്കമിട്ട് നിരത്തിയാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ്‌ നിരയെ മുല്ലപ്പള്ളി പ്രഖ്യാപിച്ചത്.

20 സിറ്റിങ് എംഎൽഎമാർ വീണ്ടും മത്സരിക്കുമ്പോൾ കെ.സി.ജോസഫിനു സീറ്റില്ല. തർക്കം നിലനിന്നിരുന്ന തൃപ്പൂണിത്തുറയിൽ ഉമ്മൻ ചാണ്ടിയുടെ സമ്മർദഫലമായി കെ.ബാബു വീണ്ടും രംഗത്തിറങ്ങും. പെരിയ ഇരട്ടക്കൊലപാതകം ചർച്ചയായ ഉദുമയില്‍ പെരിയ ബാലകൃഷ്ണനെയാണ് പോരാട്ടത്തിന് നിയോഗിച്ചിട്ടുള്ളത്.

കോണ്‍ഗ്രസില്‍ അവശേഷിക്കുന്ന ആറ് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. വട്ടിയൂര്‍ക്കാവില്‍ പി.സി. വിഷ്ണുനാഥും തവനൂരില്‍ റിയാസ് മുക്കോളിയും പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തും സ്ഥാനാര്‍ഥികളായേക്കും. ടി.സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ ഇറക്കാനാണ് ആലോചന.

പ്രതിഷേധങ്ങള്‍ തുടരുകയും നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് നാല് ദിവസം മാത്രം അവശേഷിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇനിയും വൈകരുതെന്നാണ് കോണ്‍ഗ്രസിലെ തീരുമാനം. അതുകൊണ്ട് ഇന്നലെ രാത്രി തന്നെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടിക്കാഴ്ച നടത്തി. പരാതികളുന്നയിച്ചിരുന്ന മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരുമായും സംസാരിച്ചു. ഡല്‍ഹിയിലുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമായി ഫോണിലും സംസാരിച്ചതോടെയാണ് ഏകദേശ ധാരണയിലെത്തിയത്.

കുണ്ടറയില്‍ മല്‍സരിക്കുമെന്ന് കരുതിയ പി.സി. വിഷ്ണുനാഥ് വട്ടിയൂര്‍ക്കാവില്‍ ഇറങ്ങും. ഇവിടെ ആദ്യം നിശ്ചയിച്ചിരുന്ന കെ.പി. അനില്‍കുമാറിനെതിരെ പ്രതിഷേധം ഉയര്‍ന്നതും തീരുമാനം മാറ്റാന്‍ കാരണമായി. പൊതുപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന് സീറ്റില്ല. പകരം തവനൂരില്‍ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി മല്‍സരിക്കും. നിലമ്പൂരില്‍ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശിനെ നിര്‍ത്തുമ്പോള്‍ പട്ടാമ്പിയില്‍ ആര്യാടന്‍ ഷൗക്കത്തിനെയാണ് പരിഗണിക്കുന്നത്. എതിര്‍പ്പുകളുണ്ടങ്കിലും ടി.സിദ്ദിഖിനെ കല്‍പ്പറ്റയില്‍ തന്നെ നിര്‍ത്താനാണ് ആലോചന. ഇന്ന് വയനാട്ടിലെത്തുന്ന രമേശ് ചെന്നിത്തല പ്രതിഷേധക്കാരോട് സംസാരിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കും.

Copyright © . All rights reserved