എല്ലാവരുടെയും കണ്ണുകൾ പറന്നിറങ്ങിയത് ആ ഹെലികോപ്റ്ററിലേക്കായിരുന്നു. ദൂരക്കാഴ്ചയിൽ ഒറ്റനോട്ടത്തിൽ ഒരു ‘ടോയ്’ ഹെലികോപ്റ്ററിനു സമാനം. പനങ്ങാട് കുഫോസ് ക്യാംപസിൽ ഇറങ്ങുന്നതിനു മുന്നോടിയായിട്ടായിരുന്നു ഹെലികോപ്റ്റർ തകരാറിലായത്. ഹെലികോപ്റ്റർ ഇറക്കുന്നതിനുള്ള സ്ഥലം തേടിയ പൈലറ്റ് ഒടുവിൽ ഇടം കണ്ടെത്തിയത് റോഡിനോടു ചേർന്നുള്ള ചതുപ്പിൽ. ജനവാസ മേഖലയിൽ കെട്ടിടങ്ങൾക്കിടയിലായിരുന്നു ആ ഇറക്കം. ചതുപ്പുനിലത്തിനു ചുറ്റും മതിൽ കെട്ടിയിരുന്നു, സമീപത്തുകൂടെ ഹൈവേയും കടന്നു പോകുന്നു. എങ്ങനെയാണ് ചെറിയൊരു ചതുപ്പു പ്രദേശത്ത് കൃത്യമായി ഹെലികോപ്റ്റർ ഇടിച്ചിറക്കാനായത്.

എൻജിൻ നിലച്ചു. അഡീഷനൽ എൻജിൻ പ്രവർത്തിപ്പിക്കാൻ നോക്കി. അതു വിജയിക്കാതെ വന്നതോടെ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.’’ ഹെലികോപ്റ്റർ പറത്തിയ കോ– പൈലറ്റ് കെ.ബി. ശിവകുമാർ പൊൻകുന്നം ചിറക്കടവിലെ സഹോദരനെ അപകടം ഒഴിവായ വിശേഷം അറിയിച്ചത് ഇങ്ങനെയാണ്. എയർഫോഴ്‌സിൽ നിന്നു വിങ് കമാൻഡറായി വിരമിച്ച ശിവകുമാറാണ് ഇറ്റലിയിൽ നിന്ന് ഇതേ ഹെലികോപ്റ്റർ യൂസഫലിക്കായി എത്തിച്ചതും.

ശിവകുമാറും കുമരകം സ്വദേശി അശോക് കുമാറും ആയിരുന്നു യൂസഫലിയുടെ ഹെലികോപ്റ്റർ ഇന്നലെ പറത്തിയത്. അപകടം കഴിഞ്ഞയുടൻ ശിവകുമാർ വീട്ടിലേക്കു വിളിച്ചതായും ‘ഭയപ്പെടേണ്ട’ എന്ന് അറിയിച്ചതായും സഹോദരൻ ശശികുമാർ പറഞ്ഞു. എയർഫോഴ്സിൽനിന്നു വിരമിച്ചതിനു ശേഷം ഡൽഹിയിൽ സ്വകാര്യ ഫ്ലൈറ്റ് കമ്പനിയിൽ ശിവകുമാർ ജോലി ചെയ്തിരുന്നു. വിവിഐപിമാരുടെ ഹെലികോപ്റ്റർ പറത്തലായിരുന്നു പ്രധാന ദൗത്യം. നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ് എന്നിവരുടെ പൈലറ്റായി സേവനം ചെയ്തിട്ടുണ്ട്.

എന്താണ് ആ ഹെലികോപ്റ്ററിന്റെ പ്രത്യേകതകൾ?

സ്വിറ്റ്സർലൻഡിലെ മലയിടുക്കുകളിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കാനും അടിയന്തര ചികിത്സാസഹായം എത്തിക്കാനുമുള്ള ആംബുലൻസ്: ‘ലൈറ്റ് യൂട്ടിലിറ്റി ഹെലികോപ്റ്റർ’ (എൽയുഎച്ച്) വിഭാഗത്തിൽ ഇരട്ട എൻജിനുമായി ഭാരംകുറഞ്ഞ, വിവിധോദ്ദേശ്യ ഹെലികോപ്റ്ററായ ‘എ ഡബ്ല്യു 109’ അവതരിപ്പിക്കുമ്പോൾ ഇറ്റാലിയൻ–ബ്രിട്ടിഷ് നിർമാതാക്കളായ അഗസ്റ്റ വെസ്റ്റ്ലൻഡ് ലക്ഷ്യമിട്ടത് ഇത്രമാത്രമായിരുന്നു. എന്നാൽ സ്വിസ് മലനിരകൾ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും പ്രതികൂല കാലാവസ്ഥയിലും നഗരത്തിരക്കിലെ പരിമിതികൾക്കിടയിലുമൊക്കെ മികച്ച പ്രകടനം കാഴ്ചവയ്ക്കാനുള്ള ശേഷിയും കിടയറ്റ സുരക്ഷിതത്വവും തകർപ്പൻ പ്രകടനക്ഷമതയുമൊക്കെ ആയതോടെ എ ഡബ്ല്യു 109 ഹെലികോപ്റ്റർ ഹിറ്റായി.

ആംബുലൻസിനപ്പുറം പൊലീസിനും അടിയന്തര വൈദ്യസഹായ മേഖലയ്ക്കും (ഇഎംഎസ്) വിശിഷ്ട വ്യക്തികൾക്കും കോർപറേറ്റ് രംഗത്തിനും സൈനിക ആവശ്യത്തിനുമൊക്കെ ഈ ഹെലികോപ്റ്റർ പ്രിയപ്പെട്ടതാകാൻ അധികം താമസമുണ്ടായിരുന്നില്ല. ഇറ്റലിയിലെ അഗസ്റ്റ ‘എ 109’ ആയി വികസിപ്പിച്ച ഹെലികോപ്റ്റർ ആദ്യമായി പറന്നുയർന്നത് 1976ലാണ്; കൂടുതൽ വേഗവും ഇരട്ട എൻജിൻ സൃഷ്ടിക്കുന്ന അധിക കരുത്തും യാത്രക്കാരുടെ എണ്ണത്തിലെ വർധനയുമൊക്കെ പിൻബലമാക്കിയാണ് ‘എ 109’ അക്കാലത്തു വിപണി വാണ ‘ബെൽ 206’ ഹെലികോപ്റ്ററുകൾക്ക് വെല്ലുവിളി സൃഷ്ടിച്ചത്.

പിൽക്കാലത്തു ഫിൻമെക്കാനിക്ക എസ്പിഎയുടെ ഹെലികോപ്റ്റർ ഉപസ്ഥാപനമായ അഗസ്റ്റയും ജികെഎൻപിഎൽസിയുടെ ഉപവിഭാഗമായ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റേഴ്സും ലയിച്ച് അസ്റ്റ വെസ്റ്റ്ലാൻഡ് പിറവിയെടുത്തതോടെയാണ് എ 109 എന്ന പേര് എ ഡബ്ല്യു 109 എന്ന പേരിനു വഴിമാറിയത്. ചുരുക്കത്തിൽ നാലു പതിറ്റാണ്ടായി തുടർച്ചയായി ഉൽപാദനത്തിലുള്ള ഹെലികോപ്റ്റർ ശ്രേണിയാണ് ‘എഡബ്ല്യു 109’. ഇതേ ഹെലികോപ്റ്ററിന്റെ ഒറ്റ എൻജിൻ വകഭേദം എഡബ്ല്യു 119 ആയി വിപണിയിലുണ്ട്.

സേനയുടെ പ്രിയ ഹെലികോപ്റ്റർ

അഗസ്റ്റ വെസ്റ്റ്‌ലൻഡ് ഹെലികോപ്റ്റർ എഡബ്ല്യു 109ഇ.

രണ്ടര പതിറ്റാണ്ടിലേറെ മുൻപ് 1995ലായിരുന്നു എ ഡബ്ല്യു 109 ഹെലികോപ്റ്ററിന്റെ കന്നി പറക്കൽ; രണ്ടു വർഷത്തിനു ശേഷം 1997ൽ ‘എ ഡബ്ല്യു 109’ ഔദ്യോഗികമായി സൈനിക സേവനത്തിലും പ്രവേശിച്ചു. തുടർന്നുള്ള വർഷങ്ങളിൽ വിവിധ രാജ്യങ്ങളിലെ സൈന്യങ്ങളും സ്വകാര്യ കമ്പനികളും രക്ഷാപ്രവർത്തന/അടിയന്തര സേവന മേഖലകളിൽ പ്രവർത്തിക്കുന്നവരും എയർ ചാർട്ടറുകളുമൊക്കെ ചേർന്ന് അഞ്ഞൂറിലേറെ ‘എ ഡബ്ല്യു 109’ ആണു സ്വന്തമാക്കിയത്.

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്സ് മുതൽ ബംഗ്ലദേശ് നാവികസേനയും കാമറൂൺ വ്യോമസേനയും ഇറ്റാലിയൻ കരസേനയും ടോക്കിയോ മെട്രൊപൊലിറ്റൻ പൊലീസും മലേഷ്യൻ കരസേനയും മെക്സിക്കൻ വ്യോമസേനയും റോയൽ ന്യൂസീലൻഡ് വ്യോമസേനയും നൈജീരിയൻ വ്യോമസേനയും നാവികസേനയും പെറു കരസേനയും ഫിലിപ്പൈൻസ് വ്യോമസേനയും നാവികസേനയും പോളണ്ടിലെ എയർ ആംബുലൻസ് സർവീസും ദക്ഷിണ ആഫ്രിക്കൻ വ്യോമസേനയും സ്വീഡിഷ് സൈന്യവും തുർക്മെനിസ്ഥാൻ വ്യോമസേനയുമൊക്കെ വിവിധ ആവശ്യങ്ങൾക്കായി ‘എ ഡബ്ല്യു 109’ ഹെലികോപ്റ്റർ ഉപയോഗിക്കുന്നുണ്ട്.

അഞ്ചു വർഷം മുൻപ് 2016ൽ അഗസ്റ്റ വെസ്റ്റ്ലൻഡ്, ഫിൻമെക്കാനിക്കയിൽ ലയിച്ചതോടെ എ ഡബ്ല്യു 109 ഹെലികോപ്റ്റർ നിർമാണം ഇറ്റലിയിലെ ലിയനാഡോ എസ്പിഎ ഏറ്റെടുത്തു. മാത്രമല്ല, വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപനയ്ക്കായി വൻതോതിൽ നിർമിക്കപ്പെട്ട ആദ്യ ഇറ്റാലിയൻ ഹെലികോപ്റ്റർ എന്ന പെരുമയും എ ഡബ്ല്യു 109 ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

ലഹരിമരുന്നു വേട്ടയ്ക്കും…

എംഎച്ച്–68 എ, എ ഡബ്ല്യു 109 ഇ, എ ഡബ്ല്യു 109 എസ് വകഭേദങ്ങളിലാണ് എ ഡബ്ല്യു 109 ഹെലികോപ്റ്റർ ലഭ്യമാവുക. ഇതിനു പുറമെ എം എച്ച്–68 എ സ്റ്റിങ്റേ’ എന്ന പേരിൽ ഹെലികോപ്റ്ററിന്റെ സായുധ പതിപ്പുമുണ്ട്; ലഹരിമരുന്നു വേട്ടയ്ക്കായി യുഎസ് കോസ്റ്റ്ഗാർഡ് ഉപയോഗിച്ചിരുന്നത് ഈ വകഭേദമാണ്. എ ഡബ്ല്യു 109 ഇയാണു യാത്രക്കാർക്കായി പരിവർത്തനം ചെയ്യപ്പെടുന്നത്; നാലു മുതൽആറു വരെ യാത്രക്കാർക്കാണു സ്ഥലസൗകര്യം. പോരെങ്കിൽ അടിയന്തര സാഹചര്യത്തിൽ ഈ പതിപ്പിനെ ആംബുലൻസായി മാറ്റുകയുമാവാം; അപ്പോൾ നാലു പാരാമെഡിക്കൽ ജീവനക്കാർക്കും രോഗിയുടെ സ്ട്രെച്ചറിനും ഇടമുണ്ടാവും. അത്യാവശ്യഘട്ടത്തിൽ പ്രധാന കാബിനു പിന്നിലെ ബഗേജ് കംപാർട്ട്മെന്റിൽ രണ്ടാമതൊരു മഞ്ചത്തിനും ഇടമൊരുക്കാം.

ശേഷിയേറിയ എൻജിൻ, കംപ്യൂട്ടർ അധിഷ്ഠിത ഇഗ്നിഷൻ–എൻജിൻ നിയന്ത്രണ സംവിധാനമായ ഫുൾ അതോറിറ്റി ഡിജിറ്റൽ എൻജിൻ കൺട്രോൾ (എഫ്എ ഡിഇസി), കോംപസിറ്റ് റോട്ടർ ഹെഡും ബ്ലേഡും, ആധുനിക എവിയോണിക്സ്–കോക്പിറ്റ് ഇന്റഗ്രേഷൻ തുടങ്ങിയവയൊക്കെ ഒത്തുചേരുന്നതോടെ വേഗത്തിലും സഞ്ചാര ദൂരത്തിലും കാര്യപ്രാപ്തിയിലുമൊക്കെ മികച്ച പ്രകടനമാണ് എ ഡബ്ല്യു 109 വാഗ്ദാനം ചെയ്യുന്നത്. ഭാരംകുറഞ്ഞ അലൂമിനിയം അലോയ് ആണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന്റെ എയർഫ്രെയിം നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്; അപകടഘട്ടത്തിൽ സുരക്ഷ ഉറപ്പാക്കാൻ തേനീച്ചക്കൂട് മാതൃകയിലുള്ള ഹണികോംബ് ഘടനയും പിന്തുടർന്നിട്ടുണ്ട്.

യാത്രക്കാരുടെ പ്രവേശനവും പുറത്തിറങ്ങലും എളുപ്പത്തിലാക്കാൻ പാർശ്വങ്ങളിൽ സ്‌ലൈഡിങ് ഡോറുകളാണു ഘടിപ്പിച്ചിരിക്കുന്നത്. വൈമാനികർക്കായി പ്രത്യേക വാതിലുകളുമുണ്ട്. ശക്തമായ കാറ്റിലും മികച്ച നിയന്ത്രണം സാധ്യമാക്കാൻ വലിപ്പമേറിയ ടെയിൽ ബൂമുമുണ്ട്. കടുപ്പമേറിയ പ്രതലങ്ങളിൽ ചെന്നിറങ്ങുമ്പോഴുള്ള ആഘാതം ചെറുക്കുംവിധമാണ് എയർ–ഓയിൽ ഷോക് അബ്സോർബർ സഹിതം ത്രിചക്ര ശൈലിയിലുള്ള ലാൻഡിങ് ഗിയർ.

ഓയിൽ ചോർച്ചയിലും സുരക്ഷ

എഫ്എഡിഇസി സഹിതം രണ്ട് പ്രാറ്റ് ആൻഡ് വിറ്റ്നി പിഡബ്ല്യു–206 സി അഥവാ ടർബോമെക്ക ഏരിയസ് ടുകെവൺ എൻജിൻ സാധ്യതകളാണ് എഡബ്ല്യു 109 ഹെലികോപ്റ്ററിലുള്ളത്. ഓരോ എൻജിനും സ്വതന്ത്രമായി ഫ്യുവൽ, ഓയിൽ സംവിധാനങ്ങളും നിയന്ത്രണ സംവിധാനവുമുണ്ട്. ഉയർന്ന താപനിലയിലും ഉയരങ്ങളിലും മികച്ച പ്രകടനം ഉറപ്പാക്കുംവിധമാണ് ഹെലികോപ്റ്ററിലെ ട്രാൻസ്മിഷൻ. ഓയിൽ ചോർച്ച നേരിട്ടാൽ പോലും ഹെലികോപ്റ്റർ സുരക്ഷിതമായി നിലത്തിറക്കാൻ വൈമാനികർക്ക് അവസരമൊരുക്കാനായി എൻജിൻ അര മണിക്കൂർ കൂടി സാധാരണ നിലയിൽ പ്രവർത്തനം തുടരുമെന്നും നിർമാതാക്കൾ വാഗ്ദാനം നൽകുന്നു.

കൂടാതെ രണ്ടു സ്വതന്ത്ര ഫ്ളൈറ്റ് കൺട്രോൾ ഹൈഡ്രോളിക് സംവിധാനവും എ ഡബ്ല്യു 109 ഹെലികോപ്റ്ററിലുണ്ട്, ഒന്നു തകരാറിലായാൽ മറ്റേത് ഉപയോഗിച്ച് മെയിൻ ആക്ച്യുവേറ്റേഴ്സ് പ്രവർത്തിപ്പിക്കാനാവും. റോട്ടർ ബ്രേക്ക്, വീൽ ബ്രേക്ക്, നേസ് വീൽ സെന്ററിങ് ഡിവൈസ് തുടങ്ങിയവയെ നിയന്ത്രിക്കുന്ന യൂട്ടിലിറ്റി ഹൈഡ്രോളിക് സിസ്റ്റത്തിലും രണ്ട് അക്യുമുലേറ്ററുകളുണ്ട്: സാധാരണ നിലയിലുള്ളതും അടിയന്തിര ഘട്ടത്തിൽ ഉപയോഗിക്കാനുള്ളത്.

പരമാവധി നാലു മണിക്കൂർ 51 മിനിറ്റ് വരെ സമയമാണ് എ ഡബ്ല്യു 109 ഹെലികോപ്റ്ററിന് ഒറ്റയടിക്കു പറക്കാനാവുക. പരമാവധി വേഗം മണിക്കൂറിൽ 311 കിലോമീറ്ററാണ്. ക്രൂസ് സ്പീഡ് 285 കിലോമീറ്ററും ക്ലൈംബ് റേറ്റ് സെക്കൻഡിൽ 9.8 മീറ്ററുമാണ്. ഈ നിലവാരത്തിൽ എത്തിച്ചേരാവുന്ന പരമാവധി ഉയരം (സർവീസ് സീലിങ്) ആവട്ടെ 5974 മീറ്ററുമാണ്.

സുരക്ഷയിൽ ഉന്നത നിലവാരം പുലർത്തുമ്പോഴും എ ഡബ്ല്യു 109 ഹെലികോപ്റ്ററുകൾ ഉൾപ്പെട്ട അപകടങ്ങൾ അപൂർവമായി സംഭവിച്ചിട്ടുണ്ട്. 2013 ജനുവരി 16ന് യുകെയിലെ വോക്സോളിൽ റോട്ടർമോഷൻ വാടകയ്ക്കെടുത്ത എ ഡബ്ല്യു 109 ഹെലികോപ്റ്റർ സെന്റ് ജോർജ് വാർഫ് ടവറുമായി ബന്ധിപ്പിച്ച ക്രെയിനിൽ ഇടിച്ചു തകർന്നിരുന്നു. അപകടത്തിൽ പൈലറ്റും മറ്റൊരാളും കൊല്ലപ്പെട്ടതിനു പുറമെ ഹെലികോപ്റ്റർ പൂർണമായും തകരുകയും ക്രെയിനിനു സാരമായ തകരാർ സംഭവിക്കുകയും ചെയ്തു.

മെക്സിക്കോയിലെ പുബേല വിമാനത്താവളത്തിൽ നിന്ന് 2018ലെ ക്രിസ്മസ് തലേന്നു മെക്സിക്കോ സിറ്റി ലക്ഷ്യമാക്കി പറന്നുയർന്ന എ ഡബ്ല്യു 109 ഹെലികോപ്റ്റർ തകർന്നു ഗവർണറും മുൻ ഗവർണറും മരിച്ചിരുന്നു. ന്യൂയോർക്ക് നഗരത്തിലെ സെവൻത് അവന്യൂവിലെ എഎക്സ്എ ഇക്വിറ്റബിൾ സെന്ററിനു മുകളിൽ 2019 ജൂൺ 10ന് എ ഡബ്ല്യു 109 ഇ തകർന്നു വീണു വൈമാനികൻ മരിച്ചു; വലിയ അഗ്നിബാധയുമുണ്ടായി.

എഡബ്ല്യു 109 ഒറ്റ നോട്ടത്തിൽ

വൈമാനികർ– ഒന്ന്/രണ്ട്

യാത്രക്കാർ– ആറോ ഏഴോ

നീളം – 11.448 മീറ്റർ

ഉയരം– 3.50 മീറ്റർ

ഹെലികോപ്റ്ററിന്റെ ഭാരം– 1590 കിലോഗ്രാം

ടേക് ഓഫ് ഘട്ടത്തിലെ പരമാവധി ഭാരം– 2850 കിലോഗ്രാം

എൻജിൻ (2)–418 കിലോവാട്ട് (560 എച്ച് പി) വീതം കരുത്ത് സൃഷ്ടിക്കുന്ന, കനേഡിയൻ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പി ഡബ്ല്യു 206 സി ടർബോഷാഫ്റ്റ്

പ്രധാന റോട്ടറിന്റെ വ്യാസം– 11 മീറ്റർ

വില– 63 ലക്ഷം ഡോളർ (ഏകദേശം 47.08 കോടി രൂപ)

പ്രകടനക്ഷമത

പരമാവധി വേഗം– മണിക്കൂറിൽ 311 കിലോമീറ്റർ

സാധാരണ യാത്രാ(ക്രൂസ്) വേഗം– മണിക്കൂറിൽ 275 കിലോമീറ്റർ

അനുവദനീയമായ പരമാവധി വേഗ പരിധി– മണിക്കൂറിൽ 311 കിലോമീറ്റർ

പരമാവധി സഞ്ചാര പരിധി– 932 കിലോമീറ്റർ

ക്ലൈംബ് റേറ്റ്– സെക്കൻഡിൽ 9.8 മീറ്റർ