വലിച്ചെറിഞ്ഞ മാസ്‌കുകള്‍ ഉപയോഗിച്ച് മെത്ത നിര്‍മ്മാണം നടത്തി വന്ന മെത്തനിര്‍മ്മാണ ഫാക്ടറി അടച്ചു പൂട്ടിച്ചു. മഹാരാഷ്ട്രയിലാണ് സംഭവം. ജല്‍ഗാവിലെ ഒരു ഫാക്ടറിയില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് ഫാക്ടറിയില്‍ ക്രമക്കേട് കണ്ടെത്തുകയും തുടര്‍ന്ന് ഫാക്ടറി അടച്ചു പൂട്ടിച്ചത്.

പഞ്ഞിയോ അത്തരത്തിലുള്ള മറ്റ് അസംസ്‌കൃതവസ്തുക്കളോ ഉപയോഗിക്കുന്നതിന് പകരം ഉപേക്ഷിച്ച മാസ്‌കുകള്‍ ഉപയോഗിച്ചായിരുന്നു ഇവിടെ കിടക്ക നിര്‍മാണം നടത്തുന്നതായി അന്വേഷണത്തില്‍ നിന്ന് വ്യക്തമാകുകയായിരുന്നു. വിവിധയിടങ്ങളില്‍ നിന്ന് മാസ്‌കുകള്‍ ശേഖരിച്ച് ഫാക്ടറിയിലെത്തിക്കുന്ന റാക്കറ്റിനെ കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് തെരച്ചില്‍ നടത്തിയത്.

ഫാക്ടറിക്കുള്ളില്‍ നിന്നും പരിസരത്ത് നിന്നും മാസ്‌കുകളുടെ വന്‍ശേഖരവും പോലീസ് കണ്ടെത്തി. സംഭവത്തില്‍, ഫാക്ടറി ഉടമയായ അംജദ് അഹമ്മദ് മന്‍സൂരിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു. ഫാക്ടറിയില്‍ കണ്ടെത്തിയ മാസ്‌ക് ശേഖരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പോലീസ് നശിപ്പിച്ചു.